×
login
ചെണ്ടയില്‍ വിസ്മയമായി മട്ടന്നൂര്‍ ശിവരാമന്‍

പാലക്കാട് മലമക്കാവ് മട്ടുകളില്‍ നിന്ന് സ്വാംശീകരിച്ച നൂതന ശൈലികളുടെ രൂപ വത്കരണത്തിനും ശിവരാമന്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. 1960 ല്‍ മട്ടന്നൂര്‍ കുഞ്ഞികൃഷ്ണ മാരാരുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനായി ജനിച്ച ശിവരാമന്‍ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ 14-ാമത്തെ വയസിലാണ് അരങ്ങേറിയത്. ചെണ്ട പഠനത്തില്‍ ഗണപതിക്കൈ കൊട്ടിച്ചത് ആദ്യ ഗുരുനാഥന്‍ പല്ലാവൂര്‍ മണിയന്‍ മാരാരാണ്. തുടര്‍ന്ന് സദനം വാസുദേവന്‍, ജ്യേഷ്ഠന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ എന്നിവരുടെ കീഴില്‍ തായമ്പക അഭ്യസിച്ചു.

ചെണ്ടയിലെ ശക്തിയും സൗന്ദര്യവും വശ്യതയും ഉപയോഗിച്ച് തായമ്പകയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരില്‍ പ്രമുഖനാണ് മട്ടന്നൂര്‍ ശിവരാമന്‍ മാരാര്‍. മൂന്നര പതിറ്റാണ്ട് മുന്‍പ് മുതല്‍ തൃശൂരില്‍ നിറസാന്നിദ്ധ്യമായ ഇദ്ദേഹം പ്രശസ്തനായ മേളകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ സഹോദരനാണ്. നേരുകോലിന്റെ കരുത്തും സമാനതകളില്ലാത്ത സാധക സമ്പത്തും കൈ സാധകത്തിന്റെ തഴമ്പും വിന്യസിച്ചാണ് ഇദ്ദേഹം തായമ്പകയെ പൂര്‍ണതയിലേക്ക് എത്തിക്കുന്നത്.

പാലക്കാട് മലമക്കാവ് മട്ടുകളില്‍ നിന്ന് സ്വാംശീകരിച്ച നൂതന ശൈലികളുടെ രൂപ വത്കരണത്തിനും ശിവരാമന്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. 1960 ല്‍ മട്ടന്നൂര്‍ കുഞ്ഞികൃഷ്ണ മാരാരുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനായി ജനിച്ച ശിവരാമന്‍ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ 14-ാമത്തെ വയസിലാണ് അരങ്ങേറിയത്. ചെണ്ട പഠനത്തില്‍ ഗണപതിക്കൈ കൊട്ടിച്ചത് ആദ്യ ഗുരുനാഥന്‍ പല്ലാവൂര്‍ മണിയന്‍ മാരാരാണ്. തുടര്‍ന്ന് സദനം വാസുദേവന്‍, ജ്യേഷ്ഠന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ എന്നിവരുടെ കീഴില്‍ തായമ്പക അഭ്യസിച്ചു.

കേരളത്തിലുടനീളവും ഇന്ത്യക്കകത്തും വിദേശത്തും നിരവധി പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഈ കലാകാരന്‍ മലബാറുകാര്‍ക്ക് വഴങ്ങില്ലെന്ന് പൊതുവെ പറയാറുള്ള മേളത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരു മികച്ച തായമ്പക കലാകാരന്‍ എന്നതിനേക്കാള്‍ ശിവരാമനെ ഇന്നറിയുന്നത് പ്രശസ്ത ചെണ്ട അധ്യാപകന്‍ എന്ന നിലയിലാണ്.

മട്ടന്നൂരില്‍ നിന്ന് തൃശൂരിലേക്ക്

1986 ല്‍ കാഞ്ഞാണി മാങ്കോര്‍ മനയില്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മകന്‍ നാരായണനെ അവരുടെ ഇല്ലത്ത് താമസിച്ചാണ് തായമ്പക പരീശീലിപ്പിച്ചത്. 1999 മുതല്‍ തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറ മേളത്തിന് മുന്‍നിരയില്‍ നിന്ന് കൊട്ടാന്‍ തുടങ്ങിയ ശിവരാമന്‍ പാണ്ടിയിലും പഞ്ചാരിയിലും തന്റെ കഴിവുകള്‍ പ്രയോഗിച്ചു. 2010 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ കീഴില്‍ ആരംഭിച്ച എ.എസ്.എന്‍. നമ്പീശന്‍ സ്മാരക വാദ്യകലാപീഠത്തില്‍ ചെണ്ട പരിശീലകനായിരുന്നു മട്ടന്നൂര്‍ ശിവരാമന്‍. ചീരംകുളങ്ങര ധന്വന്തരി ക്ഷേത്രം, ചിറക്കാക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ശിവരാമനില്‍ നിന്ന് ചെണ്ട പരിശീലനം നേടിയ നിരവധി പേരുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജ്യേഷ്യന്‍ ശങ്കരന്‍ കുട്ടിയോടൊപ്പം തായമ്പകയിലും ശിവരാമന്റെ നിറസാന്നിദ്ധ്യമുണ്ട്. ഇവിടുത്തെ വിഷു ഉത്സവത്തിന് 3 നേരം മട്ടന്നൂര്‍ സഹോദരന്മാരുടെ മേളമുണ്ട്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ശിഷ്യന്മാര്‍ ശിവരാമനുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും ഇവരാണെന്ന് ശിവരാമന്‍ പറയുന്നു.


'ധിരികിടതകതരകാം '

തായമ്പകയെ തന്റെ ജീവന് തുല്യം കണ്ട മട്ടന്നൂര്‍ ശിവരാമന്‍ ഭാവി തലമുറക്ക് ഈ കലാരൂപത്തെ പറ്റി കൂടുതല്‍ അറിഞ്ഞിരിക്കാനായി നടത്തിയ കഠിന പ്രയത്‌നത്തിന്റെ ഫലമാണ് തായമ്പക വായ്ത്താരിയെ കുറിച്ച് ഇദ്ദേഹം തയ്യാറാക്കിയ പുസ്തമായ 'ധിരികിടതകതരകാം.' സംഗീത നാടക അക്കാദമിയാണ് പുസ്തം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നമ്മുടെ വാദ്യകലകളെ കുറിച്ച് ഏറെ ഗ്രന്ഥങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും തായമ്പകയുടെ വായ്ത്താരി ഉള്ളടക്കമായി ആധികാരിക അറിവു തരുന്ന ഒരു പുസ്തകം ഇതാദ്യമാണ്.

ശരീരം കൊണ്ട് ചെയ്യുന്ന പ്രവൃത്തിയെ അതിനിണങ്ങുന്ന ശബ്ദ വിന്യാസത്തിലൂടെ നിര്‍ണയിക്കുന്നതാണ് വായ്ത്താരി. ആയോധന കലയിലെയും നാട്യകലയിലെയും വായ്ത്താരിയല്ല വാദ്യകലയിലേത്. കേള്‍ക്കുന്ന ശബ്ദത്തെ അതേ ഭാവത്തില്‍ ഉച്ചാരണത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതാണ് വാദ്യകലയിലെ വായ്ത്താരി. വിദ്യ നിലനിര്‍ത്തുന്നതിനും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനും വാമൊഴി മാത്രം ആശ്രയമായിരുന്ന കാലട്ടത്തിലായിരിക്കണം വായ്ത്താരിയുടെ പിറവി. ചെണ്ടയില്‍ കൈ കൊണ്ടും കോലു കൊണ്ടും കേള്‍പ്പിക്കുന്ന ശബ്ദങ്ങളുടെ വായ്ത്താരി പുസ്തകമായതോടെ വാമൊഴിയായി നിലനിന്നിരുന്ന ഒരു തനതു കലാരൂപം വരമൊഴിയായി സംരക്ഷിക്കപ്പെടുകയായിരുന്നു.

ചെണ്ടകൊട്ട് പോലൊരു കലാരൂപം ഗുരു സാന്നിധ്യമില്ലാതെ അഭ്യസിക്കാനാകില്ലെങ്കിലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പുനരാഖ്യാനത്തിനും പഠനങ്ങള്‍ നടത്താനും ഉതകുന്ന ഒന്നാണ് ഈ ഗ്രന്ഥം. തായമ്പകയുടെ ചരിത്രം, അവതരണ ശൈലി, താളക്രമം, പഠന സമ്പ്രദായം, ആവശ്യമായ വാദ്യോപകരണങ്ങള്‍ ഇവയെ കുറിച്ചെല്ലാം പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഗ്രന്ഥകാരന്റെ മാതാപിതാക്കളെയും, ഗുരുക്കന്മാരെയും പ്രണമിച്ചു കൊണ്ട് ഗണപതിക്കൈയുടെ വായ്ത്താരിയോടെയാണ് പുസ്തകം തുടങ്ങുന്നത്.

അനേകം ശിഷ്യ സമ്പത്തുള്ള ശിവരാമന്റെ അധ്യാപന മികവും, കഠിനമായ പരിശ്രമവും, അപാരമായ ക്ഷമയും ചേര്‍ന്നാണ് ഇങ്ങനെയൊരു ഗ്രന്ഥം സാധ്യമായതെന്ന് ഗുരുനാഥന്‍ കൂടിയായ സദനം വാസുദേവന്‍ അവതാരികയില്‍ പറയുന്നു. പുളിമുട്ടി, സാധകം, അതിന്റെ സമ്പ്രദായം ഇവ വിവരിക്കുമ്പോള്‍ തക്കിട്ട തരികിട മുതലായ പാഠക്കൈകള്‍ നാലു കാലങ്ങളില്‍ എങ്ങനെയാണ് സാധകം ചെയ്യുന്നത് എന്ന് പട്ടികപ്പെടുത്തിയിട്ടുണ്ട്.

ചെണ്ടയുടെ പ്രതലത്തില്‍ കൈയും കോലും വീഴുന്ന രീതി രേഖാ ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിച്ചിരിക്കുന്നു. വ്യതസ്ത ശബ്ദങ്ങളുണ്ടാകാന്‍ കൈയിന്റെ ഏതു ഭാഗമാണ് ചെണ്ടയില്‍ പതിക്കേണ്ടതെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്നുള്ള ആറ് അധ്യായങ്ങളിലായി ചെമ്പട വട്ടം മുതല്‍ ഇരികിട കലാശം കൊട്ടുന്ന വരെയുള്ള അരങ്ങേറ്റ തായമ്പകയുടെ മുഴുവന്‍ വായ്ത്താരിയും കൃത്യമായി പട്ടികപ്പെടുത്തി വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. പുസ്തകത്തിന്റെ അവസാന ഭാഗത്തുള്ള ചിത്രശാല എന്ന ഫോട്ടോ വിഭാഗത്തില്‍ വ്യതസ്ത തായമ്പകകളുടെയും ചെണ്ടക്കളരികളുടെയും ചിത്രങ്ങളുണ്ട്. കുഞ്ഞു പ്രായത്തില്‍ തായമ്പക അരങ്ങേറ്റം നടത്തുന്ന മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെയും, ഇന്ന് ജീവിച്ചിരുപ്പില്ലാത്ത ആലിപ്പറമ്പ് ശിവരാമ പൊതുവാള്‍, പല്ലശ്ശന പത്മനാഭ മാരാര്‍, ചിതലി രാമമാരാര്‍, തൃത്താല കുഞ്ഞികൃഷ്ണ പൊതുവാള്‍, തൃത്താല കേശവ പൊതുവാള്‍ എന്നീ അഞ്ച് പ്രഗത്ഭര്‍ ചേര്‍ന്നവതരിപ്പിച്ച പഞ്ചത്തായമ്പകയുടെയും ചിത്രങ്ങള്‍ ഈ വിഭാഗത്തിലെ അമൂല്യ ശേഖരങ്ങളാണ്.

ചെണ്ട നിര്‍മാണത്തിന്റെ തുടക്കം മുതല്‍ കച്ചകെട്ടി അരങ്ങത്ത് എത്തുന്നത് വരെയുള്ള വിവിധ ഘട്ടങ്ങള്‍ വിശദമാക്കുന്ന ചിത്രങ്ങളും ചെണ്ട വലിയുടെയും ചെണ്ടക്കോല്‍ നിര്‍മ്മാണത്തിന്റെയും ചിത്രങ്ങളുമുണ്ട്. സദനം വാസുദേവന്‍, കാഞ്ഞൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, പെരുവനം കുട്ടന്‍ മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ എന്നിവരുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പുസ്തക നിര്‍മ്മിതിയില്‍ വരുത്തിയ പ്രൗഢമായ മാറ്റങ്ങളെ കുറിച്ച് ശിവരാമന്‍ ഓര്‍മിക്കുന്നുണ്ട്. ചെണ്ടയില്‍ ശിവരാമന്റെ ശിഷ്യ കൂടിയായ ചിത്രകാരി നിരഞ്ജന വര്‍മ്മയാണ് പുസ്തക രൂപ കല്‍പ്പനയും രേഖാ ചിത്രങ്ങളുടെ കവര്‍ ഡിസൈനും നിര്‍വഹിച്ചിരിക്കുന്നത്.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.