×
login
അടിയന്തരാവസ്ഥയിലെ മാധ്യമങ്ങള്‍

പത്രപ്രവര്‍ത്തകരെപ്പറ്റി അന്നത്തെ ഭാരതീയ ജനസംഘാധ്യക്ഷന്‍ ലാല്‍ കൃഷ്ണ അദ്വാനി അനുസ്മരിച്ച ഒരു വാചകമുണ്ട് ''കുമ്പിടാന്‍ പറഞ്ഞപ്പോള്‍ കിടന്നിഴഞ്ഞു'' എന്ന്.

ഭാരത മഹാരാജ്യത്തെ ഒന്നാകെ തടങ്കല്‍ പാളയമാക്കിത്തീര്‍ത്ത് കുപ്രസിദ്ധിയാര്‍ജിച്ച അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് 46 ആണ്ടു തികയാന്‍ പോകുകയാണ്. 1975 ലെ ആ സംഭവത്തെക്കുറിച്ചുള്ള ഏതാനും ചിന്തകള്‍ പത്രപ്രവര്‍ത്തകനെന്ന നിലയ്ക്കു വായനക്കാരുമായി പങ്കുവയ്ക്കാന്‍ പോകുകയാണ്. വിശേഷിച്ചും അക്കാലത്തെ പത്രങ്ങളും പത്രപ്രവര്‍ത്തകരും അതിനോട് എങ്ങനെ പ്രതികരിച്ചു എന്ന കാര്യത്തെപ്പറ്റി 'മുഖ്യധാരാ' പത്രപ്രവര്‍ത്തകരെപ്പറ്റി അന്നത്തെ ഭാരതീയ ജനസംഘാധ്യക്ഷന്‍ ലാല്‍ കൃഷ്ണ അദ്വാനി അനുസ്മരിച്ച ഒരു വാചകമുണ്ട് ''കുമ്പിടാന്‍ പറഞ്ഞപ്പോള്‍ കിടന്നിഴഞ്ഞു'' എന്ന്.

അന്ന് ജന്മഭൂമി സായാഹ്ന പത്രമായി കോഴിക്കോട്ട് ആരംഭിച്ച് രണ്ടുമാസം കഴിഞ്ഞതേയുള്ളൂ. പത്രാധിപത്യം അന്നുതന്നെ വയോധികനായിക്കഴിഞ്ഞിരുന്ന  പി.വി.കെ. നെടുങ്ങാടിക്കായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തന്റെ സ്വതസിദ്ധമായ മൂര്‍ച്ചയേറിയ ഭാഷയില്‍ത്തന്നെ ആക്രമിച്ചുകൊണ്ടദ്ദേഹം മുഖപ്രസംഗമെഴുതി. അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന എ.കെ. ആന്റണി അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നവരെ രൂക്ഷമായി താക്കീതു ചെയ്തുകൊണ്ട് അതിനു മറുപടിയെന്നോണം മുഖലേഖനം തന്റെ സ്വന്തം പത്രമായ വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ചു. ഇനി വരാന്‍ പോകുന്നത് പുതിയ ഇന്ത്യയായിരിക്കുമെന്നായിരുന്നു ഭീഷണി. 'കെപിസിസി പ്രസിഡന്റിന്റെ പാറ്റി വെടി' എന്നു അടുത്തദിവസത്തെ ജന്മഭൂമിയില്‍ നെടുങ്ങാടി മറുപടി നല്‍കുകയും ചെയ്തു. കോഴിക്കോട്ടു നിന്നും അടിയന്തരാവസ്ഥയ്ക്കു മുന്‍പ് പ്രസിദ്ധീകരിച്ച അവസാനത്തെ മുഖപ്രസംഗമായിരുന്നു അത്.

ജൂലായ് 2/3 അര്‍ദ്ധരാത്രിയില്‍ അദ്ദേഹത്തെയും ഈ ലേഖകനെയും പത്രത്തില്‍ സഹായത്തിനുണ്ടായിരുന്ന കക്കട്ടില്‍ രാമചന്ദ്രനേയും പോലീസ് ഞങ്ങള്‍ താമസിച്ച അലങ്കാര്‍ ലോഡ്ജില്‍നിന്ന് അറസ്റ്റ് ചെയ്തു കണ്ണും കയ്യും കെട്ടി കൊണ്ടുപോയി. നെടുങ്ങാടിയെ കണ്ണടയെടുക്കാന്‍ അനുവദിച്ചില്ല. കണ്ണടയില്ലെങ്കില്‍ എനിക്കു കാണാന്‍ കഴിയില്ല, അതിനാല്‍ കണ്ണു കെട്ടേണ്ട ആവശ്യമില്ല എന്നു തമാശ പറയാന്‍ ആ വൃദ്ധന് അപ്പോഴും കഴിഞ്ഞു.

ദല്‍ഹിയില്‍ ആദ്യം അറസ്റ്റ് ചെയ്തത് അവിടത്തെ മദര്‍ലാന്‍ഡ്, ഓര്‍ഗനൈസര്‍ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍ കെ.ആര്‍. മല്‍ക്കാനിയെ ആയിരുന്നു. ദല്‍ഹിയിലെ വന്‍ പത്രങ്ങളുടെ ആഫീസുകള്‍ സ്ഥിതിചെയ്തിരുന്ന റോഡിലല്ലായിരുന്നു മദര്‍ലാന്‍ഡ് ആഫീസ് എന്നതിനാല്‍ പിറ്റേന്ന് അടിയന്തരാവസ്ഥാ വാര്‍ത്തയുമായി പുറത്തുവന്നത് ആ പത്രം മാത്രമായിരുന്നു. പത്രങ്ങളുടെ വൈദ്യുതി വിഛേദിക്കപ്പെടാത്ത ഭാഗത്തായിരുന്നു മദര്‍ലാന്‍ഡ്.

ജന്മഭൂമിയും കേസരി വാരികയും ഒരേ കെട്ടിടത്തിലായിരുന്നു. കേസരി ആഫീസും ജന്മഭൂമിയുടെ ആഫീസും സ്ഥിതി ചെയ്തിരുന്ന വെങ്കിടേശ് ബില്‍ഡിങ്ങിന്റെ ആ ഭാഗം മുഴുവന്‍ പോലീസ് റെയ്ഡ് കഴിഞ്ഞപ്പോള്‍ തുള്ളിയൊഴിഞ്ഞ കളംപോലെയായി. അവിടെ രാത്രി ഉറങ്ങിക്കിടന്നവരേയും അറസ്റ്റു ചെയ്തു. കേസരിയുടെ പത്രാധിപ സമിതിയിലെ എം. രാജശേഖരനെയും അറസ്റ്റു ചെയ്തു. അതദ്ദേഹം താമസിച്ചിരുന്ന സംഘകാര്യാലയത്തിന്റെ ഒരു ഭാഗത്തുനിന്നായിരുന്നു. മുഖ്യപത്രാധിപര്‍ എം.എ. കൃഷ്ണന്‍ കിടന്ന മുറി വേറെ കെട്ടിടത്തിലായിരുന്നതിനാല്‍ അദ്ദേഹം കുടുങ്ങിയില്ല. മറ്റൊരു പത്രാധിപര്‍ പി.

കെ. സുകുമാരനും മാനേജര്‍ എം. രാഘവനും മൂന്നാമതൊരിടത്തായതിനാല്‍ അവരും 'രക്ഷ'പെട്ടു.

നെടുങ്ങാടിയെയും രാമചന്ദ്രനെയും കുറ്റം ചുമത്താതെ വിട്ടയച്ചു. ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരന്റെ പൂര്‍വകാല വളര്‍ച്ചയില്‍ ഏറെ പങ്കുവഹിച്ചിരുന്ന അദ്ദേഹത്തെ വിളിച്ചുവരുത്തി ആയുര്‍വേദ ചികിത്സയും നല്‍കിയത്രേ.  

കേരളത്തില്‍ മാതൃഭൂമിയുടെ എറണാകുളം പതിപ്പിലെ പ്രമുഖനായിരുന്ന പി. രാജന്‍ കോണ്‍ഗ്രസ്സുകാരനായിരുന്നെങ്കിലും, ആ പ്രസ്ഥാനത്തില്‍ പരിവര്‍ത്തനമാവശ്യമാണ് എന്നതിനാല്‍, 'കോണ്‍ഗ്രസ്സ് പരിവര്‍ത്തനവാദികള്‍' എന്ന പ്രസ്ഥാനത്തിലെ പ്രധാന പ്രവര്‍ത്തകനായിരുന്നു. അതിന്റെ നേതാവ് എം.എ. ജോണ്‍ അക്കാലത്തു വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. 'എം.എ. ജോണ്‍ നമ്മെ നയിക്കു'മെന്ന മുദ്രാവാക്യവുമായി അവര്‍ കുറേ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.

പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവു കേന്ദ്രം പുറപ്പെടുവിച്ചതോടെ പേന ആയുധമാക്കിയ ശിങ്കങ്ങളുടെ പല്ലുകള്‍ കൊഴിയുകയും, തൂലികത്തുമ്പു മടങ്ങുകയും ചെയ്തു. പത്രപ്രവര്‍ത്തകരുടെ കുലപതിയായി എല്ലാവരും പരിഗണിച്ച എന്‍. വി.കൃഷ്ണവാര്യര്‍ ഇന്ദിരാഗാന്ധിയുടെ  ഇരുപതിന പരിപാടിയെപ്പറ്റി ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു.  

''പലരോടും നിനയാതെ ഒരു കാര്യം തുടങ്ങൊല്ലാ  

പണം മോഹിച്ചൊരുത്തനെ ചതിച്ചീടൊല്ല

അറിവുള്ള ജനം ചൊന്നവചനത്തെ മറക്കൊല്ലാ

അറിവില്ലാത്തവര്‍ പിമ്പേ നടന്നീടൊല്ല''

എന്ന നീതിവാക്യം പോലെ.

കേരളത്തിലെ കവികളില്‍ ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും അടിയന്തര പ്രശസ്തി പാടിക്കളിച്ചു. വൈലോപ്പിള്ളി അര്‍ധരാത്രിയില്‍ മുട്ടി മുട്ടി വിളിക്കുന്നതിനെപ്പറ്റി ആവേശകരമായി എഴുതിയപ്പോള്‍.


എഴുത്തോ നിന്റെ കഴുത്തോ

ഏറെക്കൂറ് ഏതിനോട് എന്നു ചോദിച്ചൊരുവന്‍

എന്മുന്നില്‍ വരും മുമ്പേ

എന്റെ ദൈവമേ

നീ ഉണ്‍മയെങ്കില്‍

എന്നെക്കെട്ടിയെടുത്തേക്ക് നരകത്തിലെങ്കിലങ്ങോട്ട് എന്ന കുറുങ്കവിതയാണ് എം. ഗോവിന്ദന്‍ കുറിച്ചത്.

സെന്‍സറിങ് ഓഫീസറുടെ കത്രികയെ ഭയന്ന് നെഹ്‌റു കുടുംബത്തിന്റെയും ഇന്ദിരാഗാന്ധിയുടെയും മഹത്വവും പ്രശസ്തിയുമല്ലാതെ ഒന്നുമെഴുതാന്‍ പാടില്ലായിരുന്നു. സര്‍ക്കാര്‍ സാഹിത്യത്തമ്പുരാക്കന്മാര്‍ എഴുതുന്ന സംഘവിരുദ്ധ സാഹിത്യങ്ങള്‍ക്കു മാത്രമേ പത്രങ്ങളില്‍ ഇടമുണ്ടായുള്ളൂ. ഈനാംപേച്ചിയുടെ ബഹുവര്‍ണ ചിത്രങ്ങളുമായി ഒരു പേജ് നിറച്ച പത്രവും ഉണ്ടായി. 'ദേശാഭിമാനി'യില്‍ നെല്ലിലെ ചാഴി വീഴ്ചയും, തെങ്ങോലപ്പുഴുവിന്റെ ആക്രമണംമൂലം കേരകര്‍ഷകര്‍ക്കു വരുന്ന ബുദ്ധിമുട്ടുകളും പ്രധാന വാര്‍ത്തയാക്കി.

ദേശാഭിമാനി പത്രാധിപരായിരുന്ന പി. ഗോവിന്ദപ്പിള്ളയാകട്ടെ തന്റെ വിജ്ഞാന ചക്രവാളം വിപുലമാക്കുന്നതിന്റെ ഭാഗമായി ഉത്തരകേരളത്തിലെ നാടോടിക്കലകളെപ്പറ്റി ഗവേഷണം നടത്താനുള്ള ഒരു സ്‌കോളര്‍ഷിപ്പ് സംഘടിപ്പിച്ച് കര്‍ണാടകത്തിലെ ധാര്‍വാഡ് സര്‍വകലാശാലയിലേക്ക് പോയി. അപകടമൊഴിവായശേഷമേ തിരിച്ചെത്തിയുള്ളൂ.

തലയില്‍ മിസാവാറണ്ടുമായി ഒളിവില്‍ കഴിഞ്ഞ എം.എ. കൃഷ്ണനും,പത്രാധിപര്‍ പി.കെ. സുകുമാരനും കേസരി വാരികയെ എങ്ങനെ പുനരുജ്ജീവിപ്പിക്കണമെന്ന ചിന്തയിലായിരുന്നു. സുകുമാരന്‍ കെ.പി. കേശവമേനോനെപ്പോലുള്ള സ്ഥലത്തെ തലമുതിര്‍ന്നവരെ സമീപിക്കാന്‍ വി.എം. കൊറാത്തിനെയും മറ്റും സഹായത്തിനുകൂട്ടി കേസരിയെപ്പറ്റി സംസാരിച്ചു. കേസരിയെ നിരോധിച്ചിരുന്നില്ല, ഫോണ്‍ വിഛേദിക്കുകയും സ്റ്റാഫില്‍ ചിലര്‍ക്കെതിരെ കേസെടുക്കുകയുമാണ് ചെയ്തത്. ആ ശ്രമം വിജയിക്കുകയും കേശവമേനോന്‍ കളക്ടര്‍ക്കു കത്തു നല്‍കി അദ്ദേഹത്തിന്റെ സമ്മതം വാങ്ങുകയും ചെയ്തു. അങ്ങനെ പൂര്‍ണമായ അനുമതിയോടെ  വാരികപുനരാരംഭിച്ചു. സെന്‍സറിങ് ഓഫീസറുടെ വിശ്വാസം നേടിയതിന്റെ ഫലമായി ഗുരുജി ജയന്തിയില്‍ ലേഖനമെഴുതി പ്രസിദ്ധീകരിക്കാനും  കഴിഞ്ഞു. കേസരിയുടെ രജതജൂബിലി ഗംഭീരമായി ആഘോഷിച്ചപ്പോള്‍ കേശവമേനോന്‍ തന്നെ അതില്‍ ഉത്‌സാഹപൂര്‍വം പങ്കെടുത്തു.

കേസരിയുടെയും എം.എ സാറിന്റെയും ഉത്‌സാഹത്തില്‍ ആരംഭിച്ച ബാലഗോകുലവും സാഹിത്യചര്‍ച്ചകളും, വി.ടി. ഭട്ടതിരിയുടെ അശീതി ആഘോഷവും സൃഷ്ടിച്ച സാംസ്‌കാരിക സാഹിത്യ ഉണര്‍വ് അത്ഭുതാവഹമായി.

അടിയന്തരാവസ്ഥയ്‌ക്കെതിരെ നടന്ന സത്യഗ്രഹത്തില്‍ മട്ടാഞ്ചേരിയില്‍ 1975 ഡിസംബര്‍ 15 ന് പങ്കെടുത്ത ബാച്ചിനെ നയിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് കൊച്ചി പതിപ്പിലെ എം. രാജശേഖരപ്പണിക്കരെ പോലീസ് അറസ്റ്റു ചെയ്തു അതിഭീകരമായി മര്‍ദ്ദിച്ച് 15 ദിവസത്തെ റിമാന്‍ഡിനയച്ചു. വലുതും ചെറുതുമായ 22 പ്രസിദ്ധീകരണങ്ങള്‍ അടിയന്തരാവസ്ഥയുടെ ഭീകരതയ്ക്കു വിധേയമായി. തിരുവനന്തപുരത്തെ ഹോംഗാര്‍ഡ് പത്രാധിപര്‍ ബാലന്‍ഗോപി, ചേര്‍ത്തലയിലെ ക്രോസ്‌ബെല്‍ട്ടിലെ ജി.എന്‍. നായര്‍, ആലുവയിലെ സോഷ്യലിസ്റ്റ് നാദത്തിന്റെ എന്‍.ടി. ആന്റണി എന്നിവരെ അറസ്റ്റു ചെയ്തു. എറണാകുളത്തെ സൗരയൂഥത്തെ പോലീസ് ഒഴിപ്പിച്ചു. എറണാകുളത്തെ രാഷ്ട്രവാര്‍ത്ത ഒാഫീസ് അടപ്പിച്ചു. വീക്ഷണം ലേഖകന്‍ ടി.യു. തോമസിനെ കസ്റ്റഡിയിലെടുത്ത് വീടും പറമ്പും വില്‍പ്പിച്ച് സംഖ്യ വീക്ഷണം ഫണ്ടിലടപ്പിച്ചു. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ ദത്താത്രയറാവുവിനെ ഭീകരമായി മര്‍ദ്ദിച്ച് മിസയില്‍പ്പെടുത്തി അടിയന്തരാവസ്ഥക്കാലം മുഴുവന്‍ തടങ്കലിലാക്കി. ഹിന്ദുവിശ്വ വാരികയുടെ പത്രാധിപര്‍ വി.പി. ജനാര്‍ദ്ദനനെയും മാനേജിങ് എഡിറ്റര്‍ ഇരവി രവി നമ്പൂതിരിപ്പാടിനെയും അറസ്റ്റു ചെയ്തു. ജമായത്ത് ഇസ്ലാമിയുടെ പ്രബോധനം വാരിക നിര്‍ത്തിച്ചു. ജനസംഘ പത്രിക പാക്ഷികത്തിന്റെ മാനേജര്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണനെ നിരന്തരം വേട്ടയാടി അച്ഛന്റെ ശേഷക്രിയ ചെയ്യാന്‍ പോലും അനുവദിക്കാതെ ഒളിവില്‍ കഴിയാന്‍ നിര്‍ബന്ധിതനാക്കി. രാധാകൃഷ്ണന്‍ പിന്നീട് യുവമോര്‍ച്ചാ പ്രസിഡണ്ടും, കോട്ടയം ജില്ലാ ബിജെപി പ്രസിഡണ്ടുമായിരുന്നു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ ഇങ്ങനെയൊക്കെയാണ് അവലോകനം ചെയ്യാനാവുക.

പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള  ഉത്തരവു കേന്ദ്രം പുറപ്പെടുവിച്ചതോടെ പേന ആയുധമാക്കിയ ശിങ്കങ്ങളുടെ പല്ലുകള്‍ കൊഴിയുകയും, തൂലികത്തുമ്പു മടങ്ങുകയും ചെയ്തു. പത്രപ്രവര്‍ത്തകരുടെ കുലപതിയായി എല്ലാവരും പരിഗണിച്ച എന്‍. വി.കൃഷ്ണവാര്യര്‍ ഇന്ദിരാഗാന്ധിയുടെ  ഇരുപതിന പരിപാടിയെപ്പറ്റി ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു

 

 

  comment

  LATEST NEWS


  ഗുജറാത്തിൽ നവരാത്രി ഉത്സവത്തിന് ഒരുങ്ങുന്ന സൂറത്തിലെ യുവതികൾ മുതുകിൽ വരയ്ക്കുന്ന ടാറ്റൂവില്‍ മോദിയും ചീറ്റയും...


  അമിത വില; കേരളത്തിന്റെ പരാതി പ്രധാനമന്ത്രി കേട്ടു; നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായക്കും കാപ്പിക്കും വില നിശ്ചയിച്ചു; കൊള്ളയ്ക്ക് കൂച്ചുവിലങ്ങ്


  സുഗമ്യ ഭാരത് അഭിയാന്‍: എട്ടു വര്‍ഷത്തില്‍ 1090 എസ്‌കലേറ്ററുകള്‍, 981ലിഫ്റ്റുകള്‍; രാജ്യത്തെ 497 റെയില്‍വേ സ്‌റ്റേഷനുകള്‍ ദിവ്യാംഗസൗഹൃദമാക്കി റെയില്‍വേ


  പിഎഫ്‌ഐ തീവ്രവാദികളെ നീരാളി പിടിച്ചു; പിന്നാലെ വിമാനത്താവള സ്വര്‍ണ്ണ കടത്ത് നിലച്ചു; ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ പിടിച്ചത് 983.12കോടിയുടെ സ്വര്‍ണ്ണം


  ഏഴ് മിനിറ്റോളം കൃത്രിമശ്വാസം നല്കി നവജാതശിശുവിനെ രക്ഷിച്ച യോഗിയുടെ നാട്ടിലെ സര്‍ക്കാര്‍ ഡോക്ടറായ സുരേഖ ചൗധരിയുടെ വീഡിയോക്ക് കയ്യടി


  ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ആബെയുടെ സംഭാവനകള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി; ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നരേന്ദ്ര മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.