×
login
മൂകാംബികയിലെ ജീവിത നിയോഗം

കേരളത്തില്‍ തന്ത്രസമുച്ചയ സമ്പ്രദായ പ്രകാരമാണ് പൂജ. മൂകാംബികയില്‍ ആഗമ സമ്പ്രദായമനുസരിച്ചും. ഇത് തമ്മില്‍ കാര്യമായ വ്യത്യാസമില്ല. തന്ത്രസമുച്ചയത്തിന്റെ പൂര്‍വ്വമാണ് ആഗമം. ആഗമം അടിസ്ഥാനപ്പെടുത്തിയാണ് ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് തന്ത്രസമുച്ചയം എഴുതിയത്. നിത്യോത്സവമുള്ള മഹാക്ഷേത്രം എന്നതാണ് മൂകാംബികയുടെ പ്രത്യേകത.

സര്‍വ്വജ്ഞയായി, സാന്ദ്രകരുണയായി വിളങ്ങുന്ന ജഗദംബിക ശ്രീ മൂകാംബിക. ആ അമ്മയുടെ പാദപൂജ ചെയ്യാന്‍ ജഗദീശ്വരിയാല്‍ തന്നെ നിയോഗിക്കപ്പെട്ട അര്‍ച്ചകര്‍- നരസിംഹ അഡിഗയും മകന്‍ സുബ്രഹ്മണ്യ അഡിഗയും. പാരമ്പര്യമായി കിട്ടിയ അനുഗ്രഹത്തെ അതിന്റെ എല്ലാ പവിത്രതയോടും കൂടി നിറവേറ്റുകയാണിവര്‍. ഇവിടെ ദര്‍ശനത്തിനെത്തുന്ന ഭക്തരോടും ലാളിത്യവും വിനയവും കൊണ്ട് അഡികകള്‍ അടുപ്പം സൃഷ്ടിക്കുന്നു. മൂകാംബിക ദേവിക്ക് ഏറെ പ്രിയപ്പെട്ട വിശേഷോത്സവമായ ഈ ശരന്നവരാത്രിക്കാലത്ത് അമ്മയുടെ തൃപ്പാദങ്ങളില്‍ സ്വജീതം സമര്‍പ്പിച്ചിരിക്കുന്ന നരസിംഹ അഡിഗയും സുബ്രഹ്മണ്യ അഡിഗയും സംസാരിക്കുന്നു.  

 

നരസിംഹ അഡിഗ

 

 •  മൂകാംബിക ദേവിക്ക് അര്‍ച്ചന ചെയ്യാനുള്ള നിയോഗം എങ്ങനെയാണ് വന്നുചേര്‍ന്നത്?

പാരമ്പര്യമായിട്ട് കൈവന്ന നിയോഗമാണ്. പൂര്‍വ്വികന്മാരില്‍ നിന്ന് പറഞ്ഞുകേട്ട അറിവനുസരിച്ച് ഏകദേശം 30 തലമുറകളായി അമ്മയെ പൂജിച്ചുവരുന്നു. 17 തലമുറകളായി അഡിഗ കുടുംബം മൂകാംബികയുടെ അര്‍ച്ചകരാണെന്നതിന് രേഖകളുണ്ട്. കെളതി സംസ്ഥാനത്തിന്റെ സാമന്തന്‍ വെങ്കണ്ണ സാമന്തനാണ് മൂകാംബികയുടെ പൂജാദികര്‍മ്മങ്ങള്‍ ഞങ്ങളുടെ കുടുംബത്തിന് കല്‍പ്പിച്ചുനല്‍കിയത്. എന്റെ അച്ഛനില്‍ നിന്നാണ് നിയോഗം എന്നിലേക്ക് വന്നത്. 1984 മുതല്‍ 2017 വരെയായിരുന്നു ഞാന്‍ അമ്മയ്ക്ക് പൂജ ചെയ്തത്. ശേഷം  അവകാശം മകന്‍ സുബ്രഹ്മണ്യ അഡിഗയ്ക്ക് കൈമാറി. കുലപാരമ്പര്യമായതിനാല്‍ നമുക്ക് സാധിക്കുന്ന കാലം വരെ പൂജ തുടരാം. ദീക്ഷ നല്‍കിയാണ് അടുത്തയാളിലേക്ക് അവകാശം കൈമാറുക. രണ്ട് കുടുംബങ്ങള്‍ക്കാണ് പൂജാധികാരം. നാല് മേല്‍ശാന്തിമാരുണ്ട്. പ്രദോഷ പൂജ ഗൗതമ ഗോത്രക്കാരനായ മേല്‍ശാന്തിയാണ് ചെയ്യുന്നത്. രാവിലെയും ഉച്ചയ്ക്കും അത്താഴ പൂജയ്ക്കും അവകാശം അഡിഗ കുടുംബത്തിനാണ്.

 

 •  കേരളത്തിലെ പൂജാ സമ്പ്രദായത്തില്‍ നിന്ന് എങ്ങനെയാണ് മൂകാംബികയിലെ  സമ്പ്രദായം വ്യത്യസ്തമായിരിക്കുന്നത്?

കേരളത്തില്‍ തന്ത്രസമുച്ചയ സമ്പ്രദായ പ്രകാരമാണ് പൂജ. മൂകാംബികയില്‍ ആഗമ സമ്പ്രദായമനുസരിച്ചും. ഇത് തമ്മില്‍ കാര്യമായ വ്യത്യാസമില്ല. തന്ത്രസമുച്ചയത്തിന്റെ പൂര്‍വ്വമാണ് ആഗമം. ആഗമം അടിസ്ഥാനപ്പെടുത്തിയാണ് ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് തന്ത്രസമുച്ചയം എഴുതിയത്. നിത്യോത്സവമുള്ള മഹാക്ഷേത്രം എന്നതാണ് മൂകാംബികയുടെ പ്രത്യേകത. ദിവസേന മൂന്ന് നേരങ്ങളിലുള്ള ശീവേലി ഉത്സവം, വെള്ളിയാഴ്ചകളില്‍ നടക്കുന്ന വാരോത്സവം, 15 ദിവസം കൂടുമ്പോള്‍ പൗര്‍ണമിക്കും അമാവാസിക്കും നടക്കുന്ന പക്ഷോത്സവം, മാസോത്സവം, നവരാത്രി ഉത്സവമായ ഷാണ്‍മാത്സോത്സവം, വാര്‍ഷികോത്സവമായ രഥോത്സവം എന്നിവയാണ് മൂകാംബികയെ മറ്റുക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. എല്ലാ ശാക്തേയ ക്ഷേത്രങ്ങളിലും നവരാത്രി പ്രധാനമാണ്. മൂകാംബികയില്‍ നവരാത്രി മുളയിടലോടെ ആരംഭിക്കും. നവമി ദിനത്തിലാണ് രഥോത്സവം. വിജയ ദശമി ദിവസം വിദ്യാരംഭം, നവാന്നപ്രാശം എന്ന പുത്തരി നൈവേദ്യം ഇപ്രകാരം ഒന്‍പത് നാളും ഉത്സവം. മൂലം നക്ഷത്രം മുതല്‍ ശാരദാ പൂജയും ഉണ്ടാകും.  

 

 •  മൂകാംബികയില്‍ സരസ്വതീ ദേവിക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ടോ?

സരസ്വതീ ദേവിക്ക് പ്രാധാന്യം കൂടുതലുണ്ടെന്നത് തെറ്റിദ്ധാരണയാണ്. മൂന്ന് നേരം മൂന്ന് ഭാവങ്ങളിലാണ് ദേവി എന്നത് ആരോ പറഞ്ഞു പരത്തിയതാണ്. കാളി, ലക്ഷ്മി, സരസ്വതി സ്വരൂപിയായ മൂകാംബിക എന്നിവര്‍ക്കാണ് പൂജ. ഒരേ പോലെയാണ് പൂജ. ഉച്ചയ്ക്ക് അല്‍പം വ്യത്യാസം ഉണ്ടായേക്കാം. ചില സൂക്തങ്ങളിലും വ്യത്യാസം ഉണ്ടാകുമെന്ന് മാത്രം.

മൂകാംബിക എന്നാല്‍ കാളി, ലക്ഷ്മി, സരസ്വതി സ്വരൂപിണിയായ ആദിശക്തിയാണ്. സ്വയംഭൂവാണ്.  ഭാരതത്തില്‍ പലേമാതിരിയുള്ള സ്വയംഭൂ ഉണ്ട്. ദ്വാദശ ജ്യോതിര്‍ ലിംഗങ്ങള്‍, പഞ്ചഭൂത ലിംഗങ്ങള്‍, ഗോകര്‍ണത്ത് പോയാല്‍ ആത്മലിംഗവുണ്ട്. മൂകാംബികയിലുള്ളത് മിഥുന ലിംഗമാണ്. ശിവശക്തി ഒന്നായി ഉത്ഭവിച്ചിട്ടുള്ളതാണത്. ആദിശങ്കരന്‍ ഈ മിഥുന ലിംഗ ദര്‍ശനത്തിന് വേണ്ടിയാണ് മൂകാംബികയിലെത്തിയത്. ഇവിടെ അദ്ദേഹം ദര്‍ശനം നടത്തി, തപസ്സു ചെയ്തു. മൂകാംബികയില്‍ ഇപ്പോള്‍ കാണുന്നത് ശങ്കരന്‍ പ്രതിഷ്ഠ നടത്തിയ വിഗ്രഹമാണ്. ആദിശങ്കരന് ദേവി ദര്‍ശനം നല്‍കിയപ്പോഴുള്ള സ്വരൂപത്തിലാണ് സ്വയംഭൂവിന് പിന്നിലുള്ള പ്രതിഷ്ഠ. ത്രിമൂര്‍ത്തി ദേവതാഭാവങ്ങള്‍ സമന്വയിക്കുന്നതുകൊണ്ടാണ് വിദ്യാരംഭത്തിന് സവിശേഷ പ്രാധാന്യം സിദ്ധിച്ചത്. അഷ്ടാദശ ശക്തിപീഠങ്ങളില്‍ മുഖ്യമായിട്ടുള്ള ശക്തിപീഠമാണ് മൂകാംബിക. 108 ശക്തിപീഠങ്ങളില്‍ 18 എണ്ണമാണ് പ്രധാനം. അതിലൊന്ന് മൂകാംബികയാണ്.

 

 • കേരളീയര്‍ക്ക് ആത്മബന്ധമുള്ള ക്ഷേത്രമാണല്ലോ മൂകാംബിക?

പണ്ട് ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെയുള്ള ദേശം കേരളമായിരുന്നു. അതിനാല്‍ കേരളം വേറെ, കര്‍ണാടക വേറെ എന്ന് പറയാന്‍ പറ്റില്ല. കേരളം വിട്ടിട്ട് ഒരു ക്ഷേത്രം എന്ന് പറയാന്‍ ആവില്ല. ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ പരശുരാമ സൃഷ്ടിയായിരുന്നു. കേരളത്തില്‍ തന്നെയായിരുന്നു മൂകാംബികയും. ഇപ്പോള്‍ കര്‍ണാടകയുടെ ഭാഗമായി മാറി എന്നേയുള്ളൂ.  

 

 • ശങ്കരാചാര്യരും മൂകാംബികയും കുടജാദ്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്?

ശങ്കരാചാര്യര്‍ സ്വയംഭൂ ദര്‍ശനത്തിന് വേണ്ടിയാണ് മൂകാംബികയിലെത്തിയത്. അദ്ദേഹത്തിന് മുന്നില്‍ ദേവി പ്രത്യക്ഷപ്പെട്ടതെങ്ങനെയോ അപ്രകാരം ആ രൂപം ശ്രീചക്രയന്ത്രത്തിലെഴുതി പ്രതിഷ്ഠിച്ചു.  

'ശിവശക്ത്യായുക്തോ യദി ഭവദി ശക്തഃ പ്രഭവിതും' എന്ന് തുടങ്ങുന്ന ഏറെ പ്രസിദ്ധമായ  സൗന്ദര്യ ലഹരി അദ്ദേഹം മൂകാംബികാ സവിധത്തിലിരുന്നാണ് രചിച്ചതും പാടിയതും. മധ്യത്തില്‍ സ്വര്‍ണരേഖയുമായിട്ടുള്ള ഒരു ലിംഗം എവിടേയും ഇല്ല. അതില്‍ത്തന്നെ വാമഭാഗം അധികമായിട്ടുള്ള ലിംഗം ഇതിന് മുന്‍പ് എവിടേയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. സ്വയംഭൂവാദി ലിംഗ നിര്‍ണയത്തില്‍ പറയുന്നത് ഇപ്രകാരമാണ്.  

കുടജാദ്രിയില്‍ ശങ്കരാചാര്യര്‍ തപസ്സ് ചെയ്തിട്ടുണ്ട്. ശങ്കരാചാര്യരുമായി വേറെ ബന്ധമില്ല. അവിടെ ശ്രീചക്രം ഉണ്ടായിരുന്നു. അത് മൈസൂര്‍ രാജാവ് കൊണ്ടുപോയി. സര്‍വജ്ഞയായിട്ടുള്ള ദേവി ഉള്ളതുകൊണ്ടാണ് ആ പേര് വന്നത്.  

 

 • ക്ഷേത്രത്തിലെ പൂജാദികാര്യങ്ങള്‍ എപ്രകാരമാണ്?

പുലര്‍ച്ചെ അഞ്ച് മണിക്ക് നട തുറക്കും. കീഴ്ശാന്തിയുടെ നേതൃത്വത്തില്‍ ലിംഗ ശുദ്ധി വരുത്തും. നിര്‍മാല്യം മാറ്റി ശ്രീകോവില്‍ വൃത്തിയാക്കുന്നതിനാണ് ലിംഗശുദ്ധി എന്ന് പറയുന്നത്. ദന്തദാവന പൂജയാണ് ആദ്യം. ചുക്കും ശര്‍ക്കരയും ചേര്‍ത്ത മിശ്രിതമാണ് ആദ്യം നിവേദിക്കുക. തുടര്‍ന്ന് 7.30 മുതല്‍ 8.30 വരെ പ്രാതക്കാല പൂജ. 8.45 നും 9 നും ഇടയില്‍ ശീവേലി. 11 മണിക്ക് അഭിഷേകം, അര്‍ച്ചന, നിവേദ്യം, സൂക്തങ്ങള്‍, ശ്രീരുദ്രം എന്നിവയോടുകൂടിയ മഹാപൂജ. ദീപാരാധനയും ശീവേലിയും കഴിഞ്ഞ് 1.30 ഓടെ നടയടയ്ക്കും. വൈകിട്ട് മൂന്നിന് വീണ്ടും നട തുറക്കും. ആറ് മണിവരെ ദര്‍ശനം മാത്രം. ആറ് മണിക്ക്  പ്രദോഷ പൂജയും അത്താഴപൂജയും. അതിനുശേഷം ശീവേലി.  അമ്മയ്ക്ക് നേദിച്ച കഷായം തീര്‍ത്ഥമായി ഭക്തര്‍ക്ക് കൊടുക്കും. അത്താഴപൂജയ്ക്ക് ശേഷമാണ് കഷായ നിവേദ്യം. അതു കഴിഞ്ഞാല്‍ പിന്നെ നിവേദ്യമില്ല. അതോടെ നട അടയ്ക്കും. ഔഷധ സ്വരൂപത്തിലാണ് നിവേദ്യം. ആഗമശാസ്ത്രവിധിയാണത്.  മഹാപൂജ, ചണ്ഡികാഹോമം, അഭിഷേകാര്‍ച്ചന ഇതൊക്കെ പ്രധാന വഴിപാടുകളാണ്. മഹാനവമി ദിനം ക്ഷേത്ര വകയാണ് ചണ്ഡികാഹോമം.

 

 •  മൂകാംബിക ദേവിയെ പൂജിക്കാനുള്ള നിയോഗത്തെക്കുറിച്ച് എന്തു പറയുന്നു?

അമ്മയുമായി ബന്ധപ്പെട്ട് പൂജ തന്നെയാണ് വലുത്. അതിനും അതീതമായി ഒന്നുമില്ല, അത് പറയാനും സാധിക്കില്ല. പുല,വാലായ്മയൊക്കെ വന്ന് അമ്മയെ ദര്‍ശിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മനപ്രയാസം തോന്നാറുണ്ട്. എല്ലാവരും ഈ സന്നിധിയിലെത്തി അമ്മയെ ദര്‍ശിച്ച് അനുഗ്രഹം തേടണമെന്നാണ് പറയാനുള്ളത്.  

 

സുബ്രഹ്മണ്യ അഡിഗ

 

 • സര്‍വ്വസിദ്ധി പ്രദായിനിയായ മൂകാംബിക ദേവിയുടെ അര്‍ച്ചകന്‍ എന്ന നിലയിലെ ജീവിതം?  


മൂകാംബിക അമ്മയെ പൂജിക്കുന്നതിലും വലിയ അനുഭവം ഈ പ്രപഞ്ചത്തില്‍ മറ്റൊന്നില്ല.  അമ്മയെ സ്പര്‍ശിച്ച് പൂജിക്കാന്‍ സാധിച്ചത് പിതാമഹന്മാര്‍ ചെയ്ത പുണ്യത്തിന്റെ ഫലമാണ്.  അച്ഛന്റെ കൂടെ നിന്നാണ് പൂജാദികാര്യങ്ങള്‍ പഠിച്ചത്. ഇങ്ങനെയൊരു പരമ്പരയില്‍ അല്ലായിരുന്നുവെങ്കില്‍ എന്നൊരു ചിന്ത ഉണ്ടായിട്ടില്ല. ചെറുപ്രായം മുതലേ ഈ ചിട്ടയില്‍ ജീവിച്ചതുകൊണ്ട് മറ്റൊരു ആഗ്രഹവുമുണ്ടായിട്ടില്ല. അമ്പലം, പൂജാദികാര്യങ്ങള്‍ എന്നിവയില്‍ തന്നെയായിരുന്നു മനസ്സ്.

എട്ടാം വയസില്‍ ഉപനയനത്തിന് ശേഷം വീട്ടില്‍ തന്നെ വേദാഭ്യാസം ചെയ്തു. പിന്നീട് ശ്രീശ്രീരവിശങ്കറിന്റെ ബാംഗ്ലൂര്‍ വേദവിജ്ഞാന വിദ്യാപീഠ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍  പത്താംക്ലാസ് വരെ പഠിച്ചു. വേദപാഠവും അവിടെ ഉണ്ടായിരുന്നു. മൈസൂര്‍ മഹാരാജാസ് സംസ്‌കൃത വിശ്വവിദ്യാലയത്തിലെ മഹാരാജ സംസ്‌കൃത പാഠശാലയില്‍ പഠിച്ചു. വേദം, ആഗമം എന്നിവയായിരുന്നു പ്രധാനമായി പഠിച്ചത്. പത്ത് വര്‍ഷമായിരുന്നു പഠനം. അതോടൊപ്പം ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി.  എംഎസ്‌സി യോഗ പഠിച്ചു.  

 

 •  മൂംകാംബിക ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം?

നിത്യോത്സവമുള്ള ക്ഷേത്രമാണ്. എല്ലാ മഹാക്ഷേത്രങ്ങളിലും അതുണ്ടാവണം എന്ന് നിര്‍ബന്ധമില്ല.  

'ആചാര്യ തപസ്സാ ആംനായ ജപേന നിയമേനച  

ഉത്സവേന അന്നദാനേന ക്ഷേത്ര അഭിവൃദ്ധ്യസ്തു പഞ്ചഥാ'

ക്ഷേത്രാഭിവൃദ്ധിക്കുള്ള അഞ്ചുകാര്യങ്ങളാണ് തന്ത്രശാസ്ത്ര പ്രകാരമുള്ള ഈ പ്രമാണത്തില്‍ പറയുന്നത്. ആചാര്യന്റെ തപസ്സ്, പതിവ് വേദമന്ത്ര ജപം, പതിവ് പൂജാദി അടിയന്തിരങ്ങള്‍, വാര്‍ഷിക ഉത്സവാചരണങ്ങള്‍, അന്നദാനം. ഈ അഞ്ച് വിഷയങ്ങളുണ്ടെങ്കില്‍ ക്ഷേത്രം അഭിവൃദ്ധിപ്രാപിക്കും എന്നാണ് സങ്കല്‍പ്പം. ഈ അഞ്ച് കാര്യങ്ങള്‍ക്കും മൂകാംബികയില്‍ പ്രാധാന്യമുണ്ട്.  

കാളി, ലക്ഷ്മി, സരസ്വതി, ശിവ, വിഷ്ണു, ബ്രഹ്മാവ് ഇപ്രകാരം ദമ്പതീ യുക്തമായി മുപ്പത്തിമുക്കോടി ദേവതകളും ചേര്‍ന്ന് ശ്രീചക്രത്തിന്റെ ബിന്ദു സ്വരൂപമായി ഉത്ഭവിച്ച മൂകാംബിക എന്ന സങ്കല്‍പ്പത്തിലാണ് ഇവിടെ പൂജ. ശക്തി ഭാഗം അധികമായതിനാല്‍ പ്രാധാന്യം ശക്തിക്കാണ്. ശിവന് രുദ്രാഭിഷേകം, ധാരയൊക്കെയുണ്ട്.  

 

 • മൂകാംബികയിലെ രഥോത്സവത്തിന് പ്രാധാന്യം കൈവരാനുള്ള കാരണം?

രഥസ്ഥയായ ശങ്കരിയെ കണ്ടാല്‍ പിന്നെ മറ്റൊരു ജന്മം ഉണ്ടാവില്ല എന്നാണ് വിശ്വാസം. രഥത്തില്‍ സംപ്രീതയായി ഉപവിഷ്ടയായ ദേവി താഴെ നില്‍ക്കുന്ന ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. ഓരോ ചക്രത്തിലും ഓരോ ദേവന്മാരുണ്ട്. രഥം എന്ന് പറയുന്നത് ദേവതാമൂര്‍ത്തിയെ കൊണ്ടുപോകുന്ന ചൈതന്യവത്തായ ഒന്നാണ്. ദേവന്മാരുടെയെല്ലാം സാന്നിധ്യമുണ്ട്. അതാണ് രഥത്തിന്റെ പ്രാധാന്യം. പ്രത്യേക അളവുണ്ടതിന്. വാസ്തുശാസ്ത്രത്തിനും പ്രാധാന്യമുണ്ട്. ദേവിയെ എഴുന്നള്ളിക്കുന്നതിന് മുന്‍പ് രഥശുദ്ധി വരുത്തേണ്ടതുണ്ട്. അതിനായി ഹോമമുണ്ട്. ബലിയുണ്ട്. അതെല്ലാം ചെയ്തശേഷമാണ് അമ്മയെ എഴുന്നള്ളിക്കുന്നത്.  

 

 •  മൂകാംബികയിലെ ദീപസ്തംഭവും മനുഷ്യ ശരീരവും തമ്മില്‍ ബന്ധമുണ്ടെന്ന് പറയുന്നുണ്ടല്ലോ?

കുണ്ഡലിനീ ശക്തിയുടെ പ്രതീകമാണത്. കൂര്‍മ പീഠത്തിലാണ് ദീപസ്തംഭം സ്ഥിതി ചെയ്യുന്നത്. അതിന് മുകളില്‍ അഷ്ട ഗജങ്ങളും നാഗങ്ങളും. ഇതിന് മുകളില്‍ വലിയൊരു ആനയ്ക്കുമേല്‍ മൂലാധാരത്തിന്റെ അധിപനായിച്ചുള്ള ഗണപതിയുണ്ട്. അതിന് മുകളിലായിട്ടാണ് സഹസ്രാര പത്മത്തിന്റെ പ്രതീകമായിട്ടുള്ള ദീപം.  മനസ്സ് അന്തര്‍മാര്‍ഗത്തിലൂടെ ചരിച്ച് മോക്ഷം നേടുന്നതിനുള്ള  സാഹചര്യം എല്ലാ ക്ഷേത്രങ്ങളിലും ആചാര്യന്മാര്‍ ഒരുക്കിയിട്ടുണ്ട്. അത്തരത്തിലൊരു പ്രതീകമാണ് ദീപസ്തംഭം. ഇത് കാണുന്ന മാത്രയില്‍ സഹസ്രാര പത്മം മനസ്സില്‍ തെളിയണം. മോക്ഷ മാര്‍ഗ്ഗത്തിലെ വിഘ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് ഗണപതിയെ മൂലാധാരത്തിന്റെ അധിപനാക്കിയിരിക്കുന്നത്. ദീപസ്തംഭത്തിന്റെ ഏറ്റവും മുകളില്‍ സഹസ്രാര പത്മത്തെ അനുസ്മരിപ്പിക്കുന്ന താമരയും കാണാം. നാദ ദീപം തെളിയിക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്.  

 

 • നവരാത്രി പ്രാധാന്യത്തെക്കുറിച്ച്?

നവരാത്രിയില്‍ നവ ഭാവങ്ങളില്‍ ദേവിയെ പൂജിക്കും. നാല് നേരവും പൂജയും ശീവേലിയും ഉണ്ടാകും. മഹാനവമിക്കാണ് രഥോത്സവം. വിജയദശമിക്ക് വിദ്യാരംഭം. പുത്തരി കൊണ്ടുവരുന്ന സമ്പ്രദായവും അന്നേ ദിവസം ഉണ്ട്. അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ദിനമാണ്  ശരന്നവരാത്രി.  ശരത് കാലത്തില്‍ അമ്മയെ ഭജിച്ചാല്‍ വലിയ ഫലം ലഭിക്കും എന്നാണ് വിശ്വാസം.  

 

 •  കേരളവുമായിട്ടുള്ള ബന്ധം?

കൊട്ടിയൂരില്‍ എല്ലാ വര്‍ഷവും പോകാറുണ്ട്. പ്രകൃതി, പൂജ ചെയ്യുന്ന അനുഭവമാണവിടെ. ദക്ഷയാഗം നടന്നപ്പോള്‍ സതീ ദേവി അത്മാഗ്നിയില്‍ ദഹിച്ച ഇടമാണ്  കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. ശിവന്‍ പുരുഷനും പ്രകൃതി സതിയുമാണ്. പ്രകൃതി പ്രകൃതിയില്‍ ലയിച്ച സ്ഥലം. കൊട്ടിയൂരില്‍ ശിവനും പ്രകൃതിക്കും തുല്യ മഹത്വമാണുള്ളത്. അതുകൊണ്ടാവാം ഇവിടെ ക്ഷേത്രങ്ങള്‍ പോലും ഇല്ലാതെ പ്രകൃതി അങ്ങനെ തന്നെ നിലനില്‍ക്കുന്നത്. ചെറുപ്പം മുതലേ ഗുരുവായൂരപ്പ സന്നിധിയിലെത്താറുണ്ട്. ശബരിമലയിലും ദര്‍ശനം നടത്താറുണ്ട്.  

 

 •  പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാനുള്ള സാഹചര്യം എന്തായിരുന്നു?

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്റെ ഭാഗമായി, രാഷ്ട്രത്തിന്റെ സൗഖ്യത്തിനായി മൂകാംബികയില്‍ അദ്ദേഹത്തിന്റെ പേരില്‍ ചണ്ഡികാ ഹോമം ചെയ്തിരുന്നു. അദ്ദേഹം മൂകാംബിക ദേവിയുടെ ഭക്തനാണെങ്കിലും നേരിട്ടെത്തി ദര്‍ശനം നടത്തിയിട്ടില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുപോലൊരു സുപ്രധാന തീരുമാനം എടുക്കുന്നതിന് മുന്നോടിയായി മൂകാംബികയുടെ അനുഗ്രഹത്തിന് വേണ്ടിയാണ് അന്ന് യാഗം നടത്തിയത്. പൂജാപ്രസാദം പ്രധാനമന്ത്രിയുടെ വസതിയില്‍ നേരിട്ടെത്തി കൈമാറാന്‍ സാധിച്ചു. അങ്ങനെയാണ് ആ കൂടിക്കാഴ്ച നടന്നത്.  

 

 •  മൂകാംബികയുമായി ബന്ധപ്പെട്ടുള്ള ജീവിതത്തില്‍ പ്രകടമായിട്ടുള്ള മാറ്റങ്ങള്‍?  

സാധാരണ ഒരു വ്യക്തിയെ പോലെയാണ് ജീവിതം. ഉത്തരവാദിത്തം ഉണ്ട്. അമ്മയെ സേവിക്കുക, വീട്ടില്‍ വരുന്ന ഭക്തര്‍ക്ക് സൗകര്യമൊരുക്കുക ഇതൊക്കെ പ്രധാനമാണ്. വിഐപികളുമായി അച്ഛച്ഛന്റെ കാലം മുതലേ ബന്ധമുണ്ട്. പണ്ട് കാലത്ത് ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരും അഡിഗകളുടെ വീട്ടിലാണ് താമസം. 1984 വരെ അതായിരുന്നു പതിവ്. അന്ന് ക്ഷേത്ര ഗസ്റ്റ് ഹൗസ് ഇല്ല. ഓന്നോ രണ്ടോ ലോഡ്ജ് മാത്രം. 1990 വരെ ഭക്ഷണം നല്കുമായിരുന്നു. ക്ഷേത്രത്തില്‍ അന്നദാനവും വിപുലമായിരുന്നില്ല. പണ്ട് രണ്ട് നദി കടന്ന് തോണിയില്‍ വേണം വരാന്‍. ഒരാഴ്ച താമസിച്ചാണ് പലരും മടങ്ങുക. ഇപ്പോള്‍ സൗകര്യം കൂടി.

പ്രകൃതിയോടിണങ്ങിയ ചുറ്റുപാടായിരുന്നു അന്ന്. ഉപാസകരും ദേവിയെ ഭജിക്കുന്നവരുമായിരുന്നു ദര്‍ശനത്തിനെത്തുന്നവരില്‍ അധികവും. തപോ പ്രാധാന്യം കൂടുതലായിരുന്നു. ഗതാഗത സൗകര്യം വര്‍ധിച്ചപ്പോള്‍ ജനം കൂടി. മുമ്പ് സൗപര്‍ണിക സ്ഫടികസമാനമായിരുന്നു. എന്നാലിപ്പോള്‍ മാര്‍ച്ച്, ഏപ്രിലില്‍ വെള്ളം ഇല്ല. ആധുനിക സ്പര്‍ശം കൊണ്ട് പല മാറ്റങ്ങളും വന്നു.  എന്നാല്‍ അമ്പലത്തിന്റെ ചിട്ടകളില്‍ മാറ്റം വന്നിട്ടില്ല. പുറത്തുള്ള അന്തരീക്ഷത്തിലാണ് മാറ്റം.  

 

 • കുടുംബത്തെക്കുറിച്ച്?

ഭാര്യ പൃത്ഥ്വി. മകള്‍ ത്വരിത. അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. മകന്‍ മൂന്ന് വയസ്സുള്ള അഗ്നിദത്തന്‍.

  comment

  LATEST NEWS


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


  കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുക്കുന്ന സുനക് മകളിലും പകര്‍ന്നത് ഭാരതീയ പാരമ്പര്യം


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


  പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


  ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


  വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.