×
login
നേര്‍മൊഴി

സത്യാനന്തര കാലത്തിന്റെ തന്ത്രങ്ങള്‍ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ചുവരുന്നത് കെ. സച്ചിദാനന്ദനും കെ.ജി. ശങ്കരപ്പിള്ളയുമാണ്. തൊണ്ണൂറുകള്‍ക്കുശേഷം അവര്‍ മലയാളത്തില്‍ കൊണ്ടുവന്ന വ്യാജസാമൂഹിക യുക്തികളും, അതില്‍നിന്നുണ്ടാക്കിയ വ്യാജസൗന്ദര്യബോധവും പില്‍ക്കാല തലമുറയെ ഏറെ വഴിതെറ്റിച്ചു. പുരോഗമനക്കാരാണ് തങ്ങളെന്ന് പുറമേ കാണിക്കാനായി യാതൊരു ആത്മാര്‍ത്ഥതയും ഉത്തരവാദിത്തവുമില്ലാതെ അവര്‍ വിവിധ വിഷയങ്ങളെ ആവേശപൂര്‍വം വാരിപ്പുണര്‍ന്നു. അവയില്‍ പലതും പരസ്പര വിരുദ്ധവുമായിരുന്നു.

സത്യാനന്തര കാലത്തിന്റെ തന്ത്രങ്ങള്‍ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ചുവരുന്നത് കെ. സച്ചിദാനന്ദനും  കെ.ജി. ശങ്കരപ്പിള്ളയുമാണ്. തൊണ്ണൂറുകള്‍ക്കുശേഷം അവര്‍ മലയാളത്തില്‍ കൊണ്ടുവന്ന വ്യാജസാമൂഹിക യുക്തികളും, അതില്‍നിന്നുണ്ടാക്കിയ വ്യാജസൗന്ദര്യബോധവും പില്‍ക്കാല തലമുറയെ ഏറെ വഴിതെറ്റിച്ചു. പുരോഗമനക്കാരാണ് തങ്ങളെന്ന് പുറമേ കാണിക്കാനായി യാതൊരു ആത്മാര്‍ത്ഥതയും ഉത്തരവാദിത്തവുമില്ലാതെ അവര്‍ വിവിധ വിഷയങ്ങളെ ആവേശപൂര്‍വം വാരിപ്പുണര്‍ന്നു. അവയില്‍ പലതും പരസ്പര വിരുദ്ധവുമായിരുന്നു. ഒന്നിന്റെ മാര്‍ക്കറ്റ് ഇടിയുമ്പോള്‍ മറ്റൊന്ന് എന്ന രീതിയില്‍ അവര്‍ വിഷയങ്ങളെ സ്വീകരിക്കുകയും ഒഴിവാക്കുകയും ചെയ്തു. ദളിത്, പരിസ്ഥിതി, സ്ത്രീവാദ വിഷയങ്ങളെ കൂടാതെ സ്വത്വവാദം, നവമാര്‍ക്‌സിസം, ആന്റി ഫാസിസം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ഒരു ഫാഷനായി മാറി മാറി ഉപയോഗിച്ച് അവര്‍ മലയാളികളെ തെറ്റിദ്ധരിപ്പിച്ചു. ഇതൊക്കെ പുറമെ പറയുമ്പോഴും തങ്ങള്‍ എതിര്‍ത്തിരുന്ന വ്യവസ്ഥിതിയുടെ എല്ലാ ആനുകൂല്യങ്ങളും അവര്‍ പിന്‍പറ്റിയിരുന്നു എന്നതാണ് സത്യാനന്തര കാലത്തെ വലിയ യാഥാര്‍ത്ഥ്യം.  

അവരുടെ ശേഷം വന്നവരിലും ഇതേ കാപട്യം കാണാം. എസ്. ജോസഫിനെ ഉദാഹരണമായെടുക്കാം. ദളിത് കവിയെന്ന് അഭിമാനത്തോടെ വിളിച്ചുപറഞ്ഞുകൊണ്ടാണ് എസ്. ജോസഫ് കവിതയിലേക്ക് വന്നത്. സച്ചിദാനന്ദനായിരുന്നു ജോസഫിനെ കവിതയിലേക്ക് കൈപിടിച്ചു കയറ്റിയത്. ഇതാ താന്‍ വെട്ടിയ വഴിയിലൂടെ കടന്നുവന്ന ഒരു കവി എന്ന് സച്ചിദാനന്ദന്‍ പലതവണ ജോസഫിനെ വിശേഷിപ്പിച്ചു. അതേ ജോസഫ് സ്വന്തമായി മേല്‍വിലാസമുണ്ടായെന്ന് തോന്നിയപ്പോള്‍ പറയുന്നു. താന്‍ ദളിതനുമല്ല, തന്റെകവിത ദളിതു കവിതയുമല്ല എന്ന്. കവിതയെ ദളിത് എന്നോ സവര്‍ണ്ണമെന്നോ വിളിക്കാന്‍ പാടില്ലെന്നും അദ്ദേഹമിപ്പോള്‍ പറയുന്നു. അങ്ങനെ സച്ചിദാനന്ദനെപ്പോലെ ജോസഫും സത്യാനന്തരകാലത്തിന്റെ മുന്നണിയിലെത്തി.  

സച്ചിദാനന്ദന്റെയും കെ.ജി. ശങ്കരപ്പിള്ളയുടെയും കവിതാ ഫാക്ടറിയില്‍ നിന്നും പുറത്തുവന്ന ഉല്‍പ്പന്നങ്ങളാണ് പുതിയ കവിതകളിലേറെയും. ചുരുക്കം ചില കവികള്‍ ഇവരുടെ കമ്പനിയില്‍പ്പെടാതെ പുറത്തുനില്‍ക്കുന്നുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ അവര്‍ക്ക് കവിതയുടെ മുഖ്യധാരയില്‍ ഇടംകൊടുക്കാന്‍ ആരും തയ്യാറായിട്ടില്ല. ഇതാണ് സത്യാനന്തര മലയാള കവിതയുടെ വര്‍ത്തമാനം.

ഫിക്ഷനിലും സത്യാനന്തര കാലത്തിന്റെ മുദ്രകള്‍ കാണാം. നോവലും ചെറുകഥയും പുതിയ കവിതപോലെ എളുപ്പത്തില്‍ നിര്‍മിക്കാവുന്ന സാഹിത്യരൂപമല്ലല്ലോ അതിനാല്‍ കൃത്യമായ ആസൂത്രണത്തിലൂടെയാണ് കഥാകൃത്തുക്കള്‍ തങ്ങളുടെ അജണ്ടകളുമായി മുന്നോട്ടുപോവുന്നത്. അതിനുവേണ്ടി അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ മാറി നിന്ന് നോക്കുന്ന ഒരാള്‍ക്ക് ഫിക്ഷനിലും വന്നുകഴിഞ്ഞ സത്യാനന്തര യുക്തികള്‍ കണ്ടെത്താന്‍ കഴിയും. സുഭാഷ് ചന്ദ്രന്റെ രചനകളും അതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവകാശവാദങ്ങളും മാത്രം മതി ഇത് മനസ്സിലാക്കാന്‍. എന്നാല്‍ കൃത്യമായ പ്രൊഫഷണല്‍ ആസൂത്രണത്തോടെ തന്റെ കലാസൃഷ്ടികള്‍ മഹാ സംഭവമാണെന്ന് അദ്ദേഹം വായനക്കാരെ പലവിധത്തില്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. തനിക്കും തന്റെ രചനകള്‍ക്കും ചുറ്റും മഹത്വത്തിന്റേതായ പ്രഭാവലയം തീര്‍ക്കാന്‍ അദ്ദേഹം സ്വയം ശ്രമിച്ച് പരിഹാസ്യനാവുന്നു. അതേസമയം പ്രതിഭകൊണ്ട് അനുഗൃഹീതരായവരാവട്ടെ തങ്ങളുടെ രാഷ്ട്രീയാടിമത്വം യാതൊരു ലജ്ജയുമില്ലാതെ പരസ്യമായി പ്രകടിപ്പിച്ച് വായനക്കാരുടെ മുന്നില്‍ ആശ്ചര്യചിഹ്നമായി നില്‍ക്കുന്നതും നാം കാണുന്നു.

കലാകൗമുദി

2021 മെയ് 02

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.