×
login
അഭിമാനമാണ് എനിക്കച്ഛന്‍

കവിയും നിരൂപകനും അദ്ധ്യാപകനും സാഹിത്യകാരനും സ്നേഹനിധിയുമായ ഈ അച്ഛന്റെ മകളാകാന്‍ കഴിഞ്ഞതില്‍പരം സന്തോഷം വേറൊന്നുമില്ല. എന്റെ അഭിമാനമായ എന്റെ ഗുരുവും വഴികാട്ടിയും സുഹൃത്തുമായ ഈ സാഹിത്യകാരന്റെ രചനകള്‍ക്ക് അംഗീകാരങ്ങള്‍, അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ ദൈവത്തിനോട് നന്ദി പറയുന്നു. ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. അക്ഷരങ്ങള്‍ നിറം പകര്‍ന്ന ഒരു ആത്മബന്ധത്തിന്റെ കഥ പറയുകയാണ് പദ്മശ്രീ പി. നാരായണക്കുറുപ്പിന്റെ മകള്‍

ഡോ. വൃന്ദ ജയകുമാര്‍

ങ്ങളുടെ അച്ഛന്‍ സാഹിത്യകാരനാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത് വീട്ടിലെത്തിയിരുന്ന അതിഥികളെ കണ്ടിട്ടായിരുന്നു. ദില്ലിയിലെ ഞങ്ങളുടെ ചെറിയവീട്ടില്‍ ആതിഥ്യം സ്വീകരിച്ചെത്തിയവരില്‍ പലരും ആരാധ്യരായ സാഹിത്യ പ്രതിഭകള്‍! തകഴി ശിവശങ്കരപ്പിള്ള, എസ്.കെ. പൊറ്റെക്കാട്, ലളിതാംബിക അന്തര്‍ജനം, കുഞ്ഞുണ്ണി മാഷ്, ഒ.എന്‍.വി. കുറുപ്പ്, എന്‍.വി. കൃഷ്ണവാര്യര്‍, കാവാലം നാരായണ പണിക്കര്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി, പി. വത്സല, അക്കിത്തം, ഒ.വി. വിജയന്‍, ഒളപ്പമണ്ണ, എന്‍.എന്‍.കക്കാട്, വി. മധുസൂദനന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി അങ്ങനെ നിരവധി പ്രശസ്ത സാഹിത്യകാരന്മാരെ ഞാന്‍ പരിചയപ്പെട്ടിരുന്നു. അതൊക്കെ എന്റെ ജീവിതത്തിലെ അനുഗൃഹീത നിമിഷങ്ങള്‍. ഞങ്ങളുടെ 65 പട്ടോടി ഹൗസ്, എന്ന ചെറിയ വീട്ടിലിരുന്ന്് ഒ.എന്‍.വി. കുറുപ്പു സാര്‍ ''ഒന്നാനാം  കുന്നിന്‍മേല്‍ കൂടു കൂട്ടും തത്തമ്മേ നീ എന്റെ തേന്മാവില്‍, ഊഞ്ഞാലാടാന്‍ വാ'' എന്ന സിനിമപ്പാട്ട് എഴുതിയത്. ഞാന്‍ മാഷിന്റെ കൂടെയിരുന്ന് അത്ഭുതത്തോടെ വീക്ഷിച്ചു, ആ പാട്ടെഴുത്തും ഗാനശൈലിയും താളവും കൂടെ ഞാന്‍ പാടുകയും ചെയ്തു. അന്ന് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കാലം. ഇപ്പോള്‍ ഞാന്‍ സര്‍വീസില്‍നിന്ന് വിരമിച്ച അദ്ധ്യാപികയാണ്. രസകരമായ മറ്റൊരനുഭവം, എസ്.കെ. പൊറ്റെക്കാടിന്റെ ആഫ്രിക്കന്‍ യാത്രാ വിവരണം വായിച്ചിട്ട്, ആജാനുബാഹുവായ ആ സാഹസിക യാത്രികനെ കാത്തിരുന്ന ഞങ്ങള്‍ക്കുണ്ടായ നിരാശയാണ്. പഴച്ചാറുണ്ടാക്കി കാത്തിരുന്ന അമ്മയെ നിരാശപ്പെടുത്തിക്കൊണ്ട്, കടന്നുവന്നത് കൃശഗാത്രനായ ഒരാള്‍. ആവശ്യപ്പെട്ടത് ചുക്കുവെള്ളം. അദ്ദേഹത്തിന്റെ മകളുമൊത്ത് ദില്ലി ചുറ്റിക്കറങ്ങാന്‍ പോയതും സന്തോഷമുള്ള ഒരോര്‍മ്മ.

പൈതൃകശീലം ചിലപ്പോഴെങ്കിലും ഒഴിഞ്ഞുമാറാന്‍ കൂട്ടാക്കാതെ ഞങ്ങളെ പിന്തുടര്‍ന്നിരുന്നു. മലയാള പദ്യ പാരായണം, പ്രസംഗ മത്സരം, ഉപന്യാസ രചന എന്നീ മത്സരങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സ്നേഹനിധിയായ രമാദേവി ടീച്ചര്‍ (കേരള സ്‌കൂള്‍ ദില്ലി) അനുവദിച്ചിരുന്നില്ല. കവിയുടെ മക്കള്‍ മലയാള ഭാഷയെ മറക്കുകയോ? ടീച്ചര്‍ ചോദിക്കുമ്പോള്‍ ഞങ്ങള്‍ മത്സരങ്ങളില്‍ പങ്കുചേരും, പലതിനും സമ്മാനം നേടുകയും ചെയ്തു. അന്ന് സ്‌കൂളില്‍ എന്നോടൊപ്പം സമ്മാനം നേടിയ കൂട്ടുകാരില്‍ ജമുന കുറുപ്പ്, ദില്ലിയില്‍ ഡോക്ടര്‍ ആണ്. ബിജു നായര്‍ അമേരിക്കയില്‍, ഹൈല മൊബൈല്‍ സിഇഒ ആണ്.

പിന്നീട് എനിക്ക് വഴങ്ങാതിരുന്ന സയന്‍സ്, കണക്ക് വിഷയങ്ങള്‍ ഉപേക്ഷിച്ച് ഇംഗ്ലീഷ് സാഹിത്യം പഠനവിഷയമാക്കിയത് എന്റെ താത്പര്യവും അച്ഛന്റെയും എന്‍.വി. കൃഷ്ണവാര്യര്‍ സാറിന്റെയും പ്രേരണയും കൊണ്ടുമായിരുന്നു. ദില്ലി യൂണിവേഴ്സിറ്റിയില്‍ മാസ് കമ്യൂണിക്കേഷന്‍ കോഴ്സ് പഠിച്ചിട്ട് പത്രപ്രവര്‍ത്തക ആകാമെന്ന് വിചാരിച്ചപ്പോള്‍ കൃഷ്ണവാര്യര്‍ സാറാണ് പെണ്‍കുട്ടികള്‍ക്ക് പത്രപ്രവര്‍ത്തനത്തേക്കാള്‍ നല്ലത് അദ്ധ്യാപനം ആണെന്ന് എന്നെ ബോധ്യപ്പെടുത്തിയത്, നാല്‍പത്തിരണ്ട് വര്‍ഷം മുന്‍പ്. അങ്ങനെ ഞാന്‍ ദില്ലി യൂണിവേഴ്സിറ്റിയില്‍ ബിഎ ഇംഗ്ലീഷ് ഓണേഴ്സിന് ചേര്‍ന്നു. അച്ഛനും എന്നെ അദ്ധ്യാപിക ആയി കാണുന്നതായിരുന്നു ഇഷ്ടം. അച്ഛന്റെ വേലായുധ സ്വാമി, അത് സാധിച്ചു തന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കണക്കിന് മാര്‍ക്ക് കുറയുമ്പോള്‍ ഒരിക്കല്‍ പോലും അച്ഛന്‍ ഞങ്ങളെ മൂന്നു മക്കളെയും വഴക്കു പറഞ്ഞിട്ടില്ല. അമ്മ വഴക്കു പറഞ്ഞ് ബഹളം വയ്ക്കുമ്പോള്‍ തനിക്കും ഇത്രയൊക്കെയേ കിട്ടിയിട്ടുള്ളൂ എന്ന് സമാധാനിപ്പിക്കുമായിരുന്നു. അച്ഛന്‍ പില്‍ക്കാലത്ത് എന്റെ മക്കളോട് എനിക്ക് നിങ്ങളെക്കാളും കുറവായിരുന്നു മാര്‍ക്ക് എന്ന് പറഞ്ഞ് സാന്ത്വനിപ്പിച്ചിട്ടുണ്ട്. എന്റെ ഇളയ സഹോദരന്‍ വിജു നാരായണന് ആണ് എഴുതാനുള്ള അച്ഛന്റെ കഴിവ് കിട്ടിയിട്ടുള്ളത്. ആക്ഷേപ ഹാസ്യവും കവിതയും നാടകവും നിരൂപണവും നോവലും ഒക്കെ വിജുവിന് വഴങ്ങും. വിജു ഇപ്പോള്‍ പാര്‍ലമെന്റില്‍ ജോയിന്റ് ഡയറക്ടര്‍ ആണ്. ഏറ്റവും ഇളയ സഹോദരന്‍ വിവേക് നാരായണന്‍, മാനേജിങ് എഡിറ്റര്‍ (സൗത്ത്) നെറ്റ് വര്‍ക്ക് 18 ആണ്.

വേലായുധ സ്വാമിയും ഹരിപ്പാടും

അച്ഛന്റെ സാഹിത്യ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍, നല്ലൊരു പങ്ക് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കഥകളിക്കുണ്ടെന്ന് ഞങ്ങള്‍ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അച്ഛന്റെ ഒരു പേരപ്പന്‍, ഗോവിന്ദപിള്ള, അച്ഛനെ തോളിലിരുത്തി ബഹുദൂരം സഞ്ചരിച്ച് മറ്റ് അമ്പലങ്ങളില്‍ കൊണ്ടുപോയി കഥകളി കാണിച്ചുകൊടുക്കുമായിരുന്നു. ക്ഷമയോടെ കഥയും പറഞ്ഞുകൊടുക്കുമായിരുന്നു. പിന്നീട് വലിയ കുട്ടി ആയപ്പോഴും ആ താത്പര്യം ഉള്ളിലുണ്ടായിരുന്നതുകൊണ്ട്, ഹരിപ്പാട്ട് അമ്പലത്തിലെ കഥകളി ഒന്നും വിടാതെ കാണുമായിരുന്നു. ഇപ്പോള്‍ 88-ാം വയസ്സിലും, മേടമാസത്തിലെ ഉത്സവത്തിന് ഹരിപ്പാട്ട് പോയി, അഞ്ചാം ഉത്സവം തൊട്ട്, ആട്ടം കാണാന്‍ ഉത്സാഹക്കുറവില്ല. എന്നെയും സന്തോഷത്തോടെ നിര്‍ബന്ധിച്ച് കഥകളി കാണാന്‍ കൂട്ടിക്കൊണ്ടു പോകുമെങ്കിലും, കൂടുതല്‍ സമയം ഞാന്‍ അച്ഛന്റെ തോളില്‍ ചാരി ഉറങ്ങാറാണ് പതിവ്. അച്ഛന്‍ ഓരോ മുദ്രയും കഥയും പറഞ്ഞുതന്നുകൊണ്ടേയിരിക്കും.  അച്ഛന്റെ പല കവിതകളുടെയും പദാവലികളും പ്രമേയങ്ങളും കഥകളിയില്‍നിന്നുള്ളവയാണ്. ഹംസധ്വനി, നളചരിതം വിജയ് ചൗക്കില്‍, കൈകസി, ഹാന്‍സ് ക്രിസ്റ്റ്യന്‍ ഓസ്ട്രോ, ചെങ്ങന്നൂരാശാന്‍ എന്നീ കവിതകള്‍ കളിവിളക്കിന്റെ പ്രകാശദീപ്തിയില്‍ രചിച്ചവയാണ്.

നീലച്ച തിരശ്ശീല

ചീന്തി നിന്‍ തിരനോട്ടം

കാലത്തിന്‍ പൊരുളിനെ

വിശ്വസത്യമായ് മാറ്റീ

(ചെങ്ങന്നൂരാശാന്‍)

അച്ഛന്റെ കവിതകളെ രണ്ടുതരത്തിലായി വേര്‍തിരിക്കാനാകുമെന്ന് തോന്നുന്നു. ഒന്ന് പാരമ്പര്യത്തിന്റെ ആത്മീയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്‌കൃത പദാവലികളുള്ള കവിതകള്‍, മറുഭാഗത്ത് ആക്ഷേപ ഹാസ്യത്തിന്റെ പരിഹാസമുനയുള്ള രചനകള്‍.

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍, എനിക്കുവേണ്ടി 58 വര്‍ഷം മുന്‍പ് എഴുതിയ ബാലസാഹിത്യ കൃതിയാണ് 'കടലാസു കപ്പല്‍' എന്ന് ഞാന്‍ അവകാശപ്പെട്ട് സന്തോഷിക്കട്ടെ. ഈ കൃതിയില്‍ ഒരു കവിത അമ്പിളിമാമന്റെ കുപ്പായത്തെപ്പറ്റിയാണ്. ''അമ്പിളി മാമന്റെ അമ്മാവി തുന്നിയ കുപ്പായം, അമ്പിളി മൂപ്പരതന്തസ്സിലിട്ടോണ്ട് തുള്ളി നടന്നല്ലോ...,'' പിന്നെ മാമന്റെ മേലു മെലിഞ്ഞതും കുപ്പായം പളന്തിക്കിടന്നാടിയതും വെട്ടി ചെറുതാക്കിയമ്മാവി, കൊച്ചാരു കുപ്പായം തുന്നിയപ്പോഴേക്കും, മാമന്റെ മേലു തടിച്ചതും, അങ്ങനെ ഉടുപ്പിടാന്‍ പറ്റാത്ത സ്ഥിതിയിലായ മാമന്റെ ദുഃഖം ആണ് 'അമ്പിളി മാമന്റെ കുപ്പായം' എന്ന കവിത. ക്വാ, ക്വാ എന്ന താറാവു കവിതയും, അയ്യപ്പച്ചങ്കരന്റെ കവിതയും കുമ്പള പൂവ്, ഇല്ലിക്കാട്, ഓന്ത്, തുള്ളല്‍, കല്യാണം ഇതെല്ലാം വളരെ ലളിതമായി കൊച്ചുകുട്ടികള്‍ക്ക് മനസ്സിലാകുന്ന, പാടി നടക്കാവുന്ന കവിതകള്‍, അവയുടെ ചിത്രങ്ങള്‍ അതീവരസകരമാണ്. ഓന്തിന്റെയും കുമ്പളപ്പൂവിന്റെയും അയ്യപ്പച്ചങ്കരന്റെയും പടത്തോടുകൂടിയ കവിത, വിഭിന്ന ദര്‍ശനങ്ങള്‍, നമ്മുടെ മനസ്സില്‍ മായാതെ തങ്ങിനില്‍ക്കുവാന്‍ സഹായിക്കുന്നു. ആദ്യമായി എഴുതിയ ഈ ബാലസാഹിത്യ കൃതി ശ്രദ്ധിക്കപ്പെട്ടു, പുരസ്‌കാരം കിട്ടി, കാരൂര്‍ നീലകണ്ഠപിള്ള സാറിന്റെ പ്രോത്സാഹനവും പ്രശംസയും കിട്ടിയപ്പോള്‍ കവിക്ക് ആത്മധൈര്യം കിട്ടി.  

ഇത്ര ലളിതമായി ബാലസാഹിത്യ കൃതി എഴുതുന്ന അതേ കവി തന്നെ ആത്മീയ ദര്‍ശനം ഉള്‍ക്കൊള്ളുന്ന, ഗഹനമായ ആശയങ്ങള്‍ കുട്ടികള്‍ക്കു കൂടി രസകരമാകത്തക്കവണ്ണം രചിച്ചിരിക്കുന്നു. ആശയം ഗംഭീരമാണെങ്കിലും പ്രതിപാദ്യം ലളിതവും ഹൃദ്യവും ആക്കാന്‍ കവിക്ക് കഴിയുന്നു. തീവ്രവാദികള്‍ വധിച്ച വിദേശ ടൂറിസ്റ്റ് 'ഹാന്‍സ് ക്രിസ്ത്യന്‍ ആസ്ത്രോ' എന്ന സഞ്ചാരിയെ ഈ മലയാള കവി കാണുന്നത് ഗംഗാനദിയായി ഒഴുകുന്ന, അഗ്‌നിയുടെ ശക്തി വഹിക്കുന്ന, ഭാരതീയ പുണ്യമായിട്ടാണ്. അവിടെ മുഴങ്ങുന്ന ഞാണൊലിയായിട്ടാണ് ഹാന്‍സ് ക്രിസ്ത്യന്‍ ആസ്ത്രോ എന്ന വ്യക്തിനാമത്തെ നമ്മുടെ കവി മനസ്സില്‍ ആവാഹിക്കുന്നത്. കേരള നാട്ടില്‍ വന്ന് ഇവിടുത്തെ ആട്ട വിളക്കിന്റെ വെട്ടത്ത്, പ്രാണന്റെ പച്ചയെ പച്ചവേഷമാക്കിയ ഒരു നോര്‍വേക്കാരന്‍ യമുനാ നദിയില്‍ സൃഷ്ടിച്ച പുതിയ ഓളം, അഷ്ടപദിപ്പാട്ടിന്റെ വരികളില്‍ (ത്വമസി മമ ജീവനം, ത്വമസി മമ ഭൂഷണം, ത്വമസി മമ ഭവജലധിരണം) മുഴങ്ങി കേള്‍ക്കാന്‍, കവിക്കു കഴിയുന്നു എന്നത് ശ്രദ്ധ അര്‍ഹിക്കുന്ന ഒരു സൗന്ദര്യ ശാസ്ത്ര പഠനമാണ്.

കത്തുകളിലൂടെ ഈ കവിയുടെ വിപുലമായ സൗഹൃദ ബന്ധങ്ങള്‍ വെളിവാകുന്നു. അച്ഛന്‍ സൂക്ഷിച്ചുവച്ച ചില കത്തുകളിലെ വാക്കുകള്‍ ഇന്നും ഞങ്ങള്‍ക്ക് അഭിമാനം നല്‍കുന്ന ഓര്‍മകളാണ്.


''ഫലിതം ഇഷ്ടപ്പെട്ടു,

എങ്കിലും സുഹൃത്തെ എന്നു വിളിക്കുവാന്‍ ആണെനിക്കിഷ്ടം''

എന്ന് മഹാകവി ജി. ശങ്കരകുറുപ്പ്, കത്തിലെഴുതിയത് വായിച്ച്, ഞങ്ങള്‍ മഹാകവി പറയുന്ന ഫലിതം എന്താണെന്ന് തിരക്കിയിട്ടുണ്ട്.

'ജി'യുടെ സുഹൃത്തേ, എന്ന സംബോധന ഞാന്‍ അര്‍ഹിക്കുന്നില്ല എന്നു പറഞ്ഞ അച്ഛന്‍ അതിനൊപ്പം ചെറിയൊരു കുസൃതി എഴുതാനും മറന്നില്ല. ''അങ്ങേയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ എന്നെയും 'കുറുപ്പേ'' എന്ന് വിളിക്കാം. വിനയവും ഹാസ്യവും കോര്‍ക്കാന്‍ കഴിയുന്ന രസങ്ങളാണെന്നു തോന്നുന്നില്ല, എങ്കിലും  മഹാകവി എഴുതി ''ഫലിതം ഇഷ്ടപ്പെട്ടു.'' കൂട്ടത്തില്‍ പറയട്ടെ, ജിയുടെ കവിതയെപ്പറ്റി, അച്ഛന്‍ എഴുതിയ പഠനത്തിന് ഒട്ടേറെ അഭിനന്ദനങ്ങള്‍, അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ജിയെപ്പറ്റിയുള്ള വിശദമായ പഠനം ആദ്യം എഴുതിയതും അച്ഛനായിരുന്നു എന്നത് മറന്നുകൂടാ.

അച്ഛന് ബിഎസ്സി, എംഎ, ബിഎഡ്, പിന്നെ കുറെ ഡിപ്ലോമകള്‍, ബുക്ക് പബ്ലിഷിങ്, എഡിറ്റിങ്, ജേണലിസം ഒക്കെയുണ്ട്. കൂടാതെ ഒരു ക്വാളിഫൈഡ് യോഗ ടീച്ചര്‍ കൂടിയാണ്. ഈ അടുത്തകാലത്ത് വരെ അച്ഛന്‍ സൂര്യനമസ്‌കാരം ചെയ്യുമായിരുന്നു. എന്റെ വല്യച്ഛന്‍ പി.എന്‍. ബാലകൃഷ്ണന്‍ നായരുടെ (റിട്ട. എജീസ് ഓഫീസ്) അച്ഛന്റെയും പ്രേരണകൊണ്ട്, പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, അര്‍ത്ഥമറിയാതെ ഭഗവദ്ഗീതയുടെ അധ്യായങ്ങള്‍ ചൊല്ലി പഠിപ്പിച്ചു. പിന്നീട് അധ്യാപനകാലത്ത് അവയൊക്കെ വളരെ പ്രയോജനപ്പെട്ടു. പ്രാണായാമം, സന്ധ്യാനാമം, ധ്യാനം ഒക്കെ ജീവിതചര്യയില്‍ പ്രാവര്‍ത്തികമാക്കാന്‍ അച്ഛന്‍ പഠിപ്പിച്ചു. ഏഴാം ക്ലാസ് ഞാന്‍ നിര്‍മ്മലഭവന്‍ സ്‌കൂളിലാണ് പഠിച്ചത്. അച്ഛന്‍ ഡെപ്യൂട്ടേഷനില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്ന കാലം. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്ന മാലി (വി. മാധവന്‍നായര്‍) വൈകിട്ട് കഥ പറയും. അത് കേള്‍ക്കാന്‍ അവധിക്കാലത്ത് എന്നും കൊണ്ടുപോകുന്നതും സിംല എന്നു പേരുള്ള ഐസ്‌ക്രീം വാങ്ങിത്തരുന്നതും ഒക്കെ മധുരമുള്ള ബാല്യകാല സ്മരണകള്‍.

ഗുരുകടാക്ഷം പരിപൂര്‍ണ്ണം

പൂര്‍വ്വസൂരികളുടെ അനുഗ്രഹം ആവോളം ലഭിച്ച വ്യക്തിയാണ് അച്ഛന്‍ എന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്. രാജ്യസഭാ അംഗമായി ദല്‍ഹിയില്‍ എത്തിയ മഹാകവി ജി, സഭ പിരിഞ്ഞുകഴിഞ്ഞ്, അടുത്തുള്ള ഗതാഗതവകുപ്പ് മന്ത്രാലയത്തില്‍നിന്ന് കാവ്യസല്ലാപത്തിനെത്തുന്ന യുവകവിയെ കാത്ത് ഒരു മരച്ചുവട്ടില്‍ നിന്നിരുന്നു എന്നു പറഞ്ഞാല്‍ ഇന്നത്തെ സാഹിത്യ അന്തരീക്ഷത്തില്‍ വളര്‍ന്നവര്‍ക്ക് അത് അവിശ്വസനീയമായി തോന്നാം. സാഹിത്യചര്‍ച്ചയ്ക്കായിരുന്നു അവര്‍ സമയം കണ്ടെത്തിയത്.

കാവ്യലോകസ്മരണയില്‍, വൈലോപ്പിള്ളി അച്ഛനെക്കുറിച്ചെഴുതിയ ഭാഗം വായിച്ച് ഞങ്ങള്‍ മക്കള്‍ പരസ്പരം അഭിമാനം പങ്കിട്ടിട്ടുണ്ട്. 'മാമ്പഴം' കട്ടതാണെന്ന വിലാസിനിയുടെ ബാലിശമായ ആരോപണത്തെ, നാരായണക്കുറുപ്പും നരേന്ദ്രപ്രസാദും ലേഖനങ്ങളിലൂടെ എതിര്‍ത്തു എന്ന കാര്യം വൈലോപ്പിള്ളിതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രണ്ട് ഭാഗങ്ങളിലായി എഴുതിയ 'കവിയും കവിതകളും', 'കവിയും കവിതയും കുറെക്കൂടി' എന്നിവ പൂര്‍വ്വസൂരികളുടെ രചനയും വ്യക്തിത്വവും അപഗ്രഥിക്കുന്ന നിരൂപണ ഗ്രന്ഥമാണ്. 1986 ല്‍ രണ്ടാം ഭാഗത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പിന്നീട് 'നിശാഗന്ധി' എന്ന കവിതാസമാഹാരത്തിനാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ഓടക്കുഴല്‍ അവാര്‍ഡ്, ബാലസാഹിത്യ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, അമൃതകീര്‍ത്തി പുരസ്‌കാരം, ജന്മാഷ്ടമി അവാര്‍ഡ്, സഞ്ജയന്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, കേരളപാണിനി പുരസ്‌കാരം, എസ്. ഗുപ്തന്‍നായര്‍ സ്മാരക സമ്മാനം ('വിമര്‍ശവിചാരം' എന്ന ഗ്രന്ഥത്തിന് എം.കെ.കെ. നായര്‍ അവാര്‍ഡ്, ഏക സര്‍ഗ്ഗ അവാര്‍ഡ്, പ്രവാസി മലയാളി അസോസിയേഷന്‍ ദുബായ്) 2016 തുടങ്ങി അനേകം അവാര്‍ഡുകള്‍ അച്ഛനെ തേടി എത്തിയിട്ടുണ്ട്.

രാഷ്ട്രീയവും കാവ്യസംസ്‌കാരവും

അടിയന്തരാവസ്ഥയുടെ കെടുതികള്‍ ദല്‍ഹിയില്‍ ഇരിക്കെ നേരില്‍ കണ്ടറിയാന്‍ കഴിഞ്ഞതിനാലാകണം അച്ഛന് ആ കാലങ്ങളിലും രാഷ്ട്രീയ കവിതകള്‍ എഴുതാന്‍ കഴിഞ്ഞത്. 'തൊഴുത്ത്' എന്ന കവിത പ്രസിദ്ധീകരിച്ചതിന് ശേഷം, അല്‍പ്പംകൂടി സൂക്ഷിക്കുവാന്‍ സുഹൃത്തുകൂടിയായ ഓംചേരി എന്‍.എന്‍. പിള്ള ഉപദേശിച്ച കാര്യവും കേട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്കു ശേഷമാണ്, അന്ന് പലര്‍ക്കും പ്രതീക്ഷ നല്‍കിയ, ജയപ്രകാശ് നാരായണന്റെ ജീവചരിത്രം രചിച്ചത്. ജെ.പി അന്ന് സമഗ്രമായ ഭാരതീയ വിപ്ലവ പ്രസ്ഥാനത്തിന്റെ വക്താവായിരുന്നു.

കശ്മീര്‍ ഭീകരവാദവും ഖാലിസ്ഥാന്‍ വാദവും 1984-ലെ സിഖ് വംശഹത്യയും നേരിട്ടറിയാന്‍ ഇടയായതാവാം, ദേശീയതയെക്കുറിച്ചും പൈതൃകത്തിലെ ആത്മീയ സത്തയെയുംപറ്റി കൂടുതല്‍ എഴുതാനിടയാക്കിയതെന്ന് തോന്നുന്നു.

 കവിതയും സാമൂഹിക  അസ്തിത്വവും

നാം നമ്മെതന്നെ മറക്കുന്നുവോ എന്നുള്ളതാണ് ഇന്ന് സംസ്‌കാരചിത്തരായ ഏവരും ചോദിച്ചുപോകുന്ന ചോദ്യം. കൂട്ട ആത്മഹത്യകള്‍, പ്രതികാര കൊലപാതകങ്ങള്‍, കടക്കെണികള്‍, രാഷ്ട്രീയ കൊലകള്‍ ഇവ നടക്കുന്ന കാലത്ത് സംസ്‌കാര സ്രോതസ്സുകള്‍തന്നെ മണ്‍മറഞ്ഞു തുടങ്ങിയോ എന്ന് നമ്മള്‍ ചിന്തിച്ചുപോകുന്നു.

സംസ്‌കാരത്തിന്റെ സ്നേഹത്തിന്റെ ഭാഷകൂടിയാണ് കവിത. ആ താക്കോല്‍ കളഞ്ഞുപോകാതെ ഇനിയും സൂക്ഷിക്കേണ്ടതുണ്ട്. ഭഗവദ്ഗീതയുടെ ചൈതന്യം ഇന്നും ആവഹിക്കുന്ന നമ്മുടെ കാവ്യസംസ്‌കാരം വൈദേശിക ഭരണം എന്ന അപകടത്തിലൂടെ കടന്നിട്ടും, ഇന്നും ഭദ്രമായി നമുക്കൊപ്പമുണ്ട് എന്നത് ശുഭസൂചകമായ സത്യംതന്നെ.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.