×
login
രാമായണം വായിക്കൂ; ജീവിതം രമണീയമാക്കൂ

സ്വയം വേദനകള്‍ സഹിക്കാന്‍ തയ്യാറായിക്കൊണ്ടു മറ്റുള്ളവര്‍ക്കു ആശ്വാസവും സന്തോഷവും പ്രതീക്ഷയും നല്‍കുകയാണ് ആനന്ദരാമന്‍. കൈകേയി, കൗസല്യ, സീത, ലക്ഷ്മണന്‍ എന്നിവരെ ആത്മഹത്യയില്‍നിന്നു പിന്തിരിപ്പിച്ച രാമന്‍, ആത്മാരാമന്‍. അതെ. സത്യധര്‍മങ്ങളുടേയും സഹനത്തിന്റേയും ത്യാഗത്തിന്റേയും വഴിയിലൂടെ ജീവിതം രമണീയമാക്കുവാനാണ് രാമായണം നമ്മെ ഉപദേശിക്കുന്നത്.നമ്മുടെ സമൂഹം ഇപ്പോള്‍ വളരെ കലുഷമാണ്. ജീവിത സാഹചര്യങ്ങള്‍ സങ്കീര്‍ണങ്ങളാണ്. കൊച്ചുകുട്ടികള്‍ പോലും ചെറിയ കാര്യങ്ങളെച്ചൊല്ലി ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ നിറയുന്നു

പി.ഐ. ശങ്കരനാരായണന്‍

 

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ!

ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ!

ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ!

ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ!

ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ!

ശ്രീരാമ! മമ ഹൃദി രമതാം രാമ! രാമ!

ശ്രീരാഘവാത്മാരാമ! ശ്രീരാമ! രമാപതേ!

ശ്രീരാമ! രമണീയ വിഗ്രഹ! നമോസ്തുതേ!

രാമനാമ ലഹരിയില്‍ രാമായണ കഥ തുടങ്ങുകയാണ് മഹാനായ തുഞ്ചത്തെഴുത്തച്ഛന്‍. ഭക്തിസാന്ദ്രമായ ആ എട്ടുവരികള്‍ ശ്രദ്ധിച്ചുവോ? ഇരുപത്തിയേഴു രാമമന്ത്രങ്ങള്‍! ഇരുപത്തിയേഴു നക്ഷത്രങ്ങളെ കോര്‍ത്ത മണ രത്‌നാഹാരം പോ

ലെ!

ആദ്യവരിയില്‍ മനസ്സിനു കുളുര്‍മയും ആനന്ദവും തരുന്ന പൂര്‍ണചന്ദ്രനെപ്പോലുള്ള രാമന്‍. രണ്ടാമത്തെ വരിയില്‍ ഭദ്രം തരുന്ന രാമന്‍. മൂന്നാം വരിയില്‍ ഭൂമി പുത്രിയായ സീതയ്ക്കു അഭിരാമനായ രാമന്‍. നാലാം വരിയില്‍ ലോകത്തിനു മുഴുവന്‍ അഭിരാമനായ രാമന്‍. അഞ്ചാം വരിയില്‍ രാക്ഷസീയതയുടെ പ്രതീകമായ രാവണനെ വധിച്ച രാമന്‍. അങ്ങനെയുള്ള ഹേ, രാമാ!  ശ്രീരാമാ! അങ്ങു എന്റെ ഹൃദയത്തില്‍ വസിച്ചാലും, എന്റെ ഹൃദയത്തെ രമിപ്പിച്ചാലും! അല്ലയോ രഘുവംശോത്തമനായ രാമാ, രമാപതിയായ രാമാ, രമണീയ വിഗ്രഹനായ രാമാ അങ്ങയ്ക്കു എന്റെ നമസ്‌കാരം എന്നാണ് ഭക്തിപരവശനായി എഴുത്തച്ഛന്‍ കുറിച്ചിരിക്കുന്നത്.

അപ്പോഴാണ് ശ്രീരാമനാമം പാടിക്കൊണ്ടു പൈങ്കിളിപ്പെണ്ണെത്തുന്നത്. അവളോടു എഴുത്തച്ഛന്‍ അപേക്ഷിക്കയാണ്: ''ഹേ, ശാരികേ! നീ പറഞ്ഞാലും ശ്രീരാമകഥകള്‍'' എന്ന്. പിന്നെ താമസമുണ്ടായില്ല. വാരിധി തന്നില്‍ തിരമാലകളെന്നപോലെ ഭാരതീദേവി പദാവലികളായി നാരായത്തുമ്പിലെത്തി. അങ്ങനെ നമുക്കു രമണീയമായ ശ്രീരാമായണം ലഭിച്ചു.

രാമന്‍ എന്നാല്‍ രമിപ്പിക്കുന്നവന്‍ എന്നാണ് അര്‍ത്ഥം. സൂര്യവംശ ഗുരുവായ വസിഷ്ഠ മഹര്‍ഷിയാണ് ആ പേര്‍ നല്‍കിയത്. ''സമസ്ത ലോകങ്ങളുമാത്മാവാമിവങ്കലേ രമിച്ചീടുന്നു നിത്യം...'' എന്നു കണ്ടിട്ടായിരുന്നു നാമകരണം. രമിപ്പിക്കുന്ന ഏതു വസ്തുവും രമണീയമാണ്; സുന്ദരമാണ്. രമിപ്പിക്കുന്ന ഏതു വ്യക്തിയും രമണീയന്‍ ആണ്, അല്ലെങ്കില്‍ രമണന്‍ ആണ്. ശ്രീരാമന്‍ അങ്ങനെയാണ് ആണ്, അല്ലെങ്കില്‍ രമണന്‍ ആണ്. ശ്രീരാമന്‍ അങ്ങനെയാണ് രമണീയ വിഗ്രഹനാകുന്നതും സീതാരമണനാകുന്നതും;  ലോകത്തിനു മുഴുവന്‍ അഭിരാമനാകുന്നതും. ഇപ്പോള്‍ വ്യക്തമായില്ലേ, രമണീയമാണ് രാമായണം.

രമിപ്പിക്കുകയെന്നാല്‍ സന്തോഷിപ്പിക്കലാണല്ലോ.  മറ്റൊരര്‍ത്ഥത്തില്‍ അതു രമ്യപ്പെടുത്തലോ, സങ്കടനിവൃത്തി വരുത്തലോ ആകാം. രാമായണത്തിലുടനീളം രാമന്‍ അങ്ങനെയൊരു ധര്‍മ്മമാണ് നിര്‍വഹിച്ചുകൊണ്ടിരുന്നതെന്നു കാണാന്‍ കഴിയും; പ്രത്യേകിച്ചും അയോദ്ധ്യാകാണ്ഡത്തില്‍. ദുഃഖങ്ങളെല്ലാം സ്വയം ഏറ്റെടുത്തുകൊണ്ടു നിറഞ്ഞ പുഞ്ചിരിയോടെ, ശാന്തതയോടെ രാമന്‍ മറ്റുള്ളവരെ സാന്ത്വനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തുവല്ലോ. തുടര്‍ന്നുള്ള വനവാസകാലത്തും അങ്ങനെയായിരുന്നു. മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാതെ, രമ്യപ്പെടുത്തല്‍ സാധ്യമല്ലാതെ വന്നപ്പോള്‍ മാത്രമേ ആരെയെങ്കിലും വധിക്കുകയുണ്ടായുള്ളൂ.

അയോദ്ധ്യയിലെ രംഗം ഒന്നു ഓര്‍ത്തുനോക്കൂ. യുവരാജാവായി രാമന്‍ വാഴിക്കപ്പെടുന്നതിന്റെ തലേന്നാള്‍. ''അതു പറ്റില്ല; ഭരതനെ വാഴിക്കണം. രാമനെ കാട്ടിലയക്കണം. ഇല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും.'' എന്ന കൈകേയിയുടെ ഭീഷണി കേട്ട് മോഹാലസ്യപ്പെട്ട് വീഴുകയാണല്ലോ ദശരഥ മഹാരാജന്‍.

അവിടെയെത്തുന്ന രാമന്‍ ശാന്തതയോടെ, പു

ഞ്ചിരിയോടെ പറയുന്നു: ''അതിനെന്താണമ്മേ? എനിക്കു ഒരു വിഷമവുമില്ല. അമ്മയുടെ സന്തോഷമാണ് എന്റെ ധര്‍മ്മം. അമ്മയുടെ ഇഷ്ടം നടക്കട്ടെ. ഞാന്‍ നാളെ  തന്നെ കാട്ടിലേയ്ക്കു പോകാം'' എന്നു സമാധാനിപ്പിക്കുകയാണ് രാമന്‍.

സുഖവും സന്തോഷവും അധികാരങ്ങളും നല്‍കുന്ന യുവരാജ പദവി നിഷ്പ്രയാസം ത്യജിക്കാനും, കല്ലും മുള്ളും നിറഞ്ഞ വഴിയില്‍, ദുഷ്ട മൃഗങ്ങളും മഹാരാക്ഷസരും വിഹരിക്കുന്ന വനത്തില്‍ കഴിയാനും രാമന്‍ സന്നദ്ധനാകുന്നത് മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടിയാണ്.

പെറ്റമ്മയായ കൗസല്യയും മകന്റെ വനയാത്രയറിഞ്ഞു സങ്കടപ്പെട്ടു ആത്മഹത്യ ചെയ്യുമെന്നു പറയുകയുണ്ടായി. അപ്പോള്‍ ''അമ്മ അച്ഛന്റെ ഇഷ്ടങ്ങള്‍ പാലിച്ചു തുണയായും ഇരിക്കണം. അതല്ലേ പതിവ്രതാ ധര്‍മ്മം'' എന്നു ഓര്‍മിപ്പിക്കുകയാണ് രാമന്‍ ചെയ്തത്. ''14 വര്‍ഷം വളരെ വേഗത്തില്‍ കടന്നുപോകില്ലേ അമ്മേ? ഞാന്‍ തിരിച്ചു വരും.'' എന്നു പ്രതീക്ഷ നല്‍കിയും ആശ്വസിപ്പിച്ചു.

പിന്നെയും വന്നു, രണ്ടു ആത്മഹത്യാ ഭീഷണികള്‍! ''വനത്തിലേയ്ക്കു എന്നെയും കൊണ്ടുപോയില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും'' എന്നു പറഞ്ഞ ആ രണ്ടു പേര്‍ ധര്‍മപത്‌നിയായ സീതാദേവിയും സന്തത സഹചാരിയായ സഹോദരന്‍ ലക്ഷ്മണനുമാണ്. ''ശരി. നിങ്ങള്‍കൂടി വന്നോളൂ'' എന്ന അനുവാദത്തിലൂടെ അവരുടെ പ്രശ്‌നവും പരിഹരിച്ചു അവരെയും സന്തോഷിപ്പിച്ചു.

കണ്ടില്ലേ? അതിസങ്കീര്‍ണവും, പെട്ടെന്നുണ്ടായതും, യുദ്ധസമാനവുമായ ഒരന്തരീക്ഷത്തെ രാമന്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്തിരിക്കുന്നു; പ്രശാന്തമാക്കിയിരിക്കുന്നു. സ്വയം വേദനകള്‍ സഹിക്കാന്‍ തയ്യാറായിക്കൊണ്ടു മറ്റുള്ളവര്‍ക്കു ആശ്വാസവും സന്തോഷവും പ്രതീക്ഷയും നല്‍കുകയാണ് ആനന്ദരാമന്‍. കൈകേയി, കൗസല്യ, സീത, ലക്ഷ്മണന്‍ എന്നിവരെ ആത്മഹത്യയില്‍നിന്നു പിന്തിരിപ്പിച്ച രാമന്‍, ആത്മാരാമന്‍. അതെ. സത്യധര്‍മങ്ങളുടേയും സഹനത്തിന്റേയും ത്യാഗത്തിന്റേയും വഴിയിലൂടെ ജീവിതം രമണീയമാക്കുവാനാണ് രാമായണം നമ്മെ ഉപദേശിക്കുന്നത്.

നമ്മുടെ സമൂഹം ഇപ്പോള്‍ വളരെ കലുഷമാണ്. ജീവിത സാഹചര്യങ്ങള്‍ സങ്കീര്‍ണങ്ങളാണ്. കൊച്ചുകുട്ടികള്‍ പോലും ചെറിയ കാര്യങ്ങളെച്ചൊല്ലി ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ നിറയുന്നു. അതില്‍നിന്ന് അവരെ തടയാന്‍, ആശ്വസിപ്പിക്കാന്‍ രാമായണ വായനയിലൂടെ, കഥാവിശകലനങ്ങളിലൂടെ സാധിക്കുമെന്നു തീര്‍ച്ചയാണ്. അതിനാല്‍, പറയാനുള്ളത് ഇതാണ്: രാമായണം വായിക്കൂ; ജീവിതം രമണീയമാക്കൂ.

 

 

  comment

  LATEST NEWS


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.