×
login
ഇതാ ഒരു ഹരിത കേദാരം

പ്രകൃതി സംരക്ഷണത്തിന്റെ വിശുദ്ധമായ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണ് എറണാകുളം ജില്ലയിലെ തൃക്കാക്കരയ്ക്കടുത്തുള്ള പൊന്നക്കുടത്ത് കാവ്. അന്യംനിന്നു പോവുന്ന സസ്യജാലങ്ങളുടെയും വംശനാശം നേരിടുന്ന ജന്തുവര്‍ഗങ്ങളുടെയും അഭയകേന്ദ്രമായിരിക്കുന്ന ഈ ക്ഷേത്രസങ്കേതം ഔഷധസസ്യങ്ങളുടെ ഒരു കലവറയാണ്. ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി ചില ഹരിത വിചാരങ്ങള്‍

പ്രാണവായുവുമേന്തി തലങ്ങും വിലങ്ങും പാഞ്ഞു നടക്കുന്ന കാറ്റ്. മഴ കഴുകി വെടിപ്പാക്കിയ മരച്ചില്ലകളില്‍ കിളികള്‍ വീണ്ടും കലപില കൂട്ടാന്‍ തുടങ്ങിയിരിക്കുന്നു. ആരെയും ഭയക്കാതെ ചിലയ്ക്കുന്ന അണ്ണാറക്കണ്ണന്മാര്‍. പൂക്കളും ഔഷധ സസ്യങ്ങളും പരത്തുന്ന ഗന്ധങ്ങള്‍ക്ക് പതിവിലുമേറെ തരംഗ ദൈര്‍ഘ്യം. കണ്‍വെട്ടത്തുനിന്ന് മാഞ്ഞുപോയ ചിത്രശലഭങ്ങള്‍ വര്‍ണഭംഗിയോടെ തിരിച്ചെത്തിയിരിക്കുന്നു. ആകാശം മുതല്‍ താഴ്‌വാരം വരെ അന്തരീക്ഷത്തിന് പുതിയൊരു ഭാവപ്പകര്‍ച്ച. എങ്ങും വിശുദ്ധമായ നിശ്ശബ്ദത.

രണ്ട് തലമുറയ്‌ക്കെങ്കിലും അന്യമായിത്തീര്‍ന്ന പ്രകൃതിയുടെ ഇത്തരം കാഴ്ചകളും അനുഭൂതികളും കൊറോണക്കാലം തിരികെ തന്നത് പലര്‍ക്കും അദ്ഭുതമായിരുന്നു. എന്നാല്‍ പരിസ്ഥിതി നശീകരണത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും നടുവില്‍ പ്രകൃതിയുടെ വരദാനമായി പരിപാലിച്ചുപോരുന്ന എട്ടേക്കറിലേറെയുള്ള ഒരു പ്രദേശത്ത് പതിറ്റാണ്ടുകളായി ഇവയൊക്കെ പ്രത്യക്ഷാനുഭവമാകുന്നത് എത്രമേല്‍ ആഹ്ലാദകരമാണ്! എറണാകുളം ജില്ലയില്‍ ഐതിഹ്യപ്പെരുമയാര്‍ന്ന തൃക്കാക്കര മഹാദേവ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം കിഴക്കു മാറിയുള്ള തേവയ്ക്കല്‍ പൊന്നക്കുടം ഭഗവതി ക്ഷേത്രത്തെ വലയം ചെയ്തു കിടക്കുന്ന പൊന്നക്കുടത്ത് കാവാണ് ഈ ഹരിത കേദാരം.

പ്രകൃതി സംരക്ഷണത്തിന്റെ നൈസര്‍ഗിക മാതൃകയാണ് നൂറ്റാണ്ടുകളുടെ പഴമയുമായി നിലനില്‍ക്കുന്ന ഈ ആരണ്യകം. നട്ടുച്ചയ്ക്കും ഇരുട്ടിന്റെ പ്രതീതി ജനിപ്പിക്കുന്ന ചെറുവനം. ചിരപുരാതനമായ പൊന്നക്കുടം ഭഗവതി ക്ഷേത്ര സങ്കേതമാണിത്. ഇടതൂര്‍ന്ന് വളരുന്ന വെള്ളപ്പൈന്‍ മരങ്ങള്‍ കാവിന് ചാരുത പകരുന്നു. വലിയ പുല്ലാനി വള്ളികളും കരക്കണ്ടലും മടുക്കയും വെട്ടിയും ചേരും ഇവിടെയുണ്ട്. അത്യപൂര്‍വമായി പൂക്കുന്ന ഓടം കായ്ഫലങ്ങളുമായി നില്‍ക്കുന്നത് ഹൃദ്യമായ കാഴ്ചയാണ്.  

മുഖ്യ ക്ഷേത്രത്തിന് കിഴക്കു വശത്തായി സ്ഥിതിചെയ്യുന്ന കിഴക്കേക്കാവും വനനിബിഡമാണ്. ചൂരലും  ഞാവലും പൈന്‍ മരങ്ങളും ഇവിടെ തഴച്ചു വളര്‍ന്നിരിക്കുന്നു. പൂത്തും പഴുത്തും നില്‍ക്കുന്ന ചൂരല്‍ വള്ളികള്‍ പ്രകൃതി സ്‌നേഹികള്‍ക്ക് അസുലഭ കാഴ്ചയൊരുക്കുന്നു. ഇലകളുടെ അറ്റത്തുള്ള വള്ളി മറ്റ് വൃക്ഷങ്ങളുടെ മുകളിലേക്ക് കയറിപ്പോകുന്ന പുല്‍വര്‍ഗത്തില്‍പ്പെട്ട പനമ്പു വള്ളി ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. 'ഫഌജേറിയ' എന്നാണ് ഇതിന്റെ ശാസ്ത്ര നാമം. ഒരിക്കലും വറ്റാത്ത നീരുറവയാണ് കിഴക്കേ കാവിലേത്. പന്നല്‍വര്‍ഗത്തില്‍പ്പെട്ട ചെടികളും കൂണ്‍വര്‍ഗത്തില്‍പ്പെട്ടവയും ഈ തണ്ണീര്‍ത്തടത്തിലുണ്ട്.

പൊന്നക്കുടം ഭഗവതി ക്ഷേത്രം

ഔഷധ സസ്യങ്ങളുടെയും രാശി വൃക്ഷങ്ങളുടെയും നീണ്ട നിരതന്നെ ഇവിടെയുണ്ട്. ശിംശിപ, മരോട്ടി, കടുക്ക, താന്നി, പുനര്‍ജീവ, കരിനൊച്ചി, ചെമ്പകം, രുദ്രാക്ഷം, അകില്‍, അങ്കോലം, ഇലവങ്കം, കരിങ്ങോട്ട, കുടകപ്പാല, കുമ്പിള്‍, പാതിരി, പലകപ്പയ്യാനി, നീര്‍മാതളം, ചന്ദനം, ഗുല്‍ഗുലു, കര്‍പ്പൂരം, മഹാഗണി, വള്ളിമന്ദാരം, ആര്യവേപ്പ്, കൃഷ്ണനാല്‍, പുന്ന, കരിമരം എന്നിങ്ങനെ പലര്‍ക്കും കേട്ടുകേള്‍വി മാത്രമായ സസ്യങ്ങള്‍ പൊ

ന്നക്കുടത്തുകാവിലെ ഔഷധോദ്യാനം സന്ദര്‍ശിക്കുന്നവര്‍ക്ക് നേരിട്ട് കാണാം. ദന്തപ്പാല-മിഥുനം, പ്ലാശ്-കര്‍ക്കടകം, ഇലന്ത- ചിങ്ങം, മാവ്-കന്നി, ഇലഞ്ഞി-തുലാം, കരിങ്ങാലി-വൃശ്ചികം, അരയാല്‍-ധനു, വെട്ടി-മകരം, വഹ്നി-കുംഭം, പേരാല്‍-മീനം എന്നിങ്ങനെ രാശിവൃക്ഷങ്ങളുമുണ്ട്. കാവിന്റെ ഒരു ഭാഗത്തായി നക്ഷത്ര വനവും നട്ടുപിടിപ്പിച്ചിരിക്കുന്നു. കാവിലെത്തുന്ന അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാര്‍ക്ക് ഇവയെ പരിചരിക്കാം.

കാവില്‍ 600 ലേറെ വിഭാഗങ്ങളില്‍പ്പെട്ട സസ്യങ്ങളുണ്ടെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. എം.കെ. പ്രസാദ് അഭിപ്രായപ്പെട്ടിട്ടുണ്ട്. പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഡോ. എന്‍. ശശിധരനും, തൃക്കാക്കര ഭാരതമാതാ കോളജിലെ സസ്യശാസ്ത്ര വിഭാഗം പ്രൊഫസര്‍ പോളും, തേവര എസ്. എച്ച്. കോളജിലെ ഡോ. ജിബി കുര്യാക്കോസും കാവിലെ സസ്യ വര്‍ഗീകരണം നടത്തുകയും, ഇരുനൂറോളം ഇനത്തില്‍പ്പെട്ട ചെടികളുടെ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. വൃക്ഷങ്ങളുടെ ശാസ്ത്രീയ നാമങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകളും സ്ഥാപിച്ചിരിക്കുന്നു. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡവലപ്മെന്റിലെ ഡോ.ടി.സാബുവിന്റെ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ ജൈവ വൈവിധ്യ സംരക്ഷണത്തിന് പ്രചോദനമാണ്.

തച്ചന്‍ കോഴി മുതല്‍ കുളക്കോഴി വരെയുള്ള പക്ഷികളുടെ സങ്കേതമാണിവിടം. നട്ടുച്ചയ്ക്കും ഇരുട്ടിന്റെ പ്രതീതി ജനിപ്പിക്കുന്ന ചെറുവനത്തില്‍ ചെന്നാല്‍ സദാസമയവും കിളികളുടെ കലപില കേള്‍ക്കാം. കുളക്കോഴികളുടെയും വെള്ളിമൂങ്ങകളുടെയും ആവാസ കേന്ദ്രമാണ് കിഴക്കേ കാവ്. ഇതുവരെ 60 ഇനം പക്ഷികളെ കണ്ടെത്തുകയും ഇതില്‍ 54 എണ്ണം ഫോട്ടോ ബോഡ് ചെയ്തിട്ടുമുണ്ട്. കിളികള്‍ക്കുവേണ്ട ദാഹജലം മണ്‍ചട്ടിയില്‍ സംഭരിച്ചുവച്ചിരിക്കുന്നു. വിവിധതരം ഉരഗങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് പൊന്നക്കുടത്തു കാവ്. പാമ്പ്, കീരി, വെരുക്, മരപ്പട്ടി, അണ്ണാന്‍ തുടങ്ങിയ ജീവികള്‍ ഇവിടെ സ്വച്ഛന്ദമായി വിഹരിക്കുന്നു. വിവിധയിനം ശലഭങ്ങള്‍ പാറിക്കളിക്കുന്ന ശലഭോദ്യാനം കൂടിയാണ് കാവ്. അത്യപൂര്‍വമായ ബുദ്ധമയൂരി ശലഭങ്ങളും ഇവിടെ കാണപ്പെടുന്നു. കാവ് സന്ദര്‍ശിക്കുന്നവര്‍ക്ക് കൗതുകം പകരുന്ന കാഴ്ചകളാണിത്.

അഡ്വ. പി. എസ്. ഗോപിനാഥ് അധ്യക്ഷനായ ശ്രീ പൊന്നക്കുടം ഭഗവതി ട്രസ്റ്റിനാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല. നൂറ്റിയമ്പത് വര്‍ഷം പഴക്കമുള്ള എട്ടുകെട്ടായ പൊന്നക്കുടം തറവാട് കാവിലെ മറ്റൊരു ആകര്‍ഷണമാണ്. സിനിമ-സീരിയല്‍ ലൊക്കേഷന്‍ കൂടിയായ ഇവിടെ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളും ഗവേഷകരും പക്ഷി നിരീക്ഷകരും പ്രകൃതി സ്‌നേഹികളും ധാരാളമായി എത്തുന്നു. പൗരാണിക സംസ്‌കാരത്തിന്റെ ശേഷിപ്പായ ഈ കാവും അതിലെ ആവാസവ്യവസ്ഥയും കാത്തു സൂക്ഷിക്കുന്നതോടൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം പകരുന്ന സെമിനാറുകളും ചര്‍ച്ചാ ക്ലാസുകളും ക്ഷേത്ര ഭരണ സമിതി സംഘടിപ്പിക്കാറുണ്ട്. കേരള വനംവകുപ്പിന്റെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും പിന്തുണ ഇതിനുണ്ട്. ക്ഷേത്രത്തിലെ ഉത്സവത്തിനും പ്രതിഷ്ഠാ ദിനത്തിലും വൃക്ഷത്തൈകളും ചെത്തി, തുളസി, കൂവളം എന്നിവയുടെ തൈകളും വിതരണം ചെയ്യുന്നു.

ക്ഷേത്ര സങ്കേതത്തിലെ പൊന്നക്കുടം തറവാട്‌

പീച്ചി ആസ്ഥാനമായ കേന്ദ്ര വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെയും, തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റിലെ ഉദ്യോഗസ്ഥരുടെയും സേവനം, കാവ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ്. ഭൗമദിനം, ജൈവവൈവിധ്യ ദിനം, പരിസ്ഥിതി ദിനം എന്നിവയോടനുബന്ധിച്ച് കാവില്‍ സെമിനാറുകളും ചര്‍ച്ചാ ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട്. വനം വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ വനവല്‍ക്കരണ വിഭാഗമാണ് സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡോ. എന്‍.സി. ഇന്ദുചൂഡന്‍, ഡോ. സജീവ് കുമാര്‍, ഡോ. എന്‍. ശശിധരന്‍, ഡോ. എസ്. രാജശേഖരന്‍ തുടങ്ങിയവര്‍ സെമിനാറുകളില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. ഇതിനകം നിരവധി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരെയും പ്രകൃതി സ്‌നേഹികളെയും ആദരിച്ചിട്ടുണ്ട്. ശ്രീമന്‍ നാരായണന്‍, വനമിത്ര സുരേഷ്, പുരുഷോത്തമ കമ്മത്ത്, പക്ഷി നിരീക്ഷകന്‍ മുകുന്ദന്‍ കിഴക്കേ മഠം തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. പ്രകൃതിയും ജീവജാലങ്ങളും പരിസ്ഥിതി സന്തുലനം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യന്റെ കമ്പോള മനോഭാവമാണ് അത് നശിപ്പിക്കുന്നതെന്നും, അതുകൊണ്ടാണ് ജീവസ്രോതസ്സായ പുഴയും പ്രകൃതിയുമൊക്കെ കമ്പോളവല്‍ക്കരിക്കപ്പെടുന്നതെന്നും പരിസ്ഥിതി സംരക്ഷണത്തില്‍ കാവുകളുടെ പങ്ക് എന്ന വിഷയത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്ത മന്ത്രി സി. രവീന്ദ്രനാഥ് അഭിപ്രായപ്പെടുകയുണ്ടായി. പ്രകൃതിയുടെ ആത്മസൗരഭം അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവരെ ഈ വനക്ഷേത്ര സങ്കേതം മാടി വിളിക്കുന്നു.


 

കാവു തീണ്ടല്ലേ മക്കളേ

 

ശ്രീ പൊന്നക്കുടം ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ ഉപാധ്യക്ഷനും പരിസ്ഥിതി പ്രവര്‍ത്തകനും കേന്ദ്ര റബ്ബര്‍ ബോര്‍ഡ് അംഗവുമായ പി.കെ. രാമചന്ദ്രനാണ് പൊന്നക്കുടത്തു കാവിന്റെ പരിപാലനം നിര്‍വഹിക്കുന്നത്. റബ്ബര്‍ ബോര്‍ഡില്‍നിന്ന് ജോയന്റ് റബ്ബര്‍  പ്രൊഡക്ഷന്‍ കമ്മീഷണറായി വിരമിച്ച രാമചന്ദ്രന്റെ വാക്കുകളിലൂടെ...

മ്മുടെ പൗരാണിക സംസ്‌കാരത്തിന്റെ മുഖമുദ്രയായിരുന്നു പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം. മനമുഴുത ഋഷിയുടെയും നിലമുഴുത കര്‍ഷകന്റെയും പ്രാതസ്മരണയില്‍ നിറഞ്ഞുനിന്നിരുന്നതും പ്രകൃതീശ്വരി തന്നെ. മനുഷ്യനും മൃഗങ്ങളും സസ്യജാലങ്ങളും ഒരേ ശക്തിയാല്‍ കോര്‍ത്തിണക്കപ്പെട്ടതാണെന്നുള്ള വിശ്വാസമായിരുന്നു ജീവിത പ്രമാണം. പരസ്പരം ശത്രുത പുലര്‍ത്തുന്ന സര്‍പ്പവും എലിയും മയിലുമൊക്കെ ശിവകുടുംബത്തിലെ അംഗങ്ങളായിരുന്നുവല്ലോ. സര്‍വ്വംസഹയായ പ്രകൃതിയെ മുച്ചൂടും നശിപ്പിക്കാതെ അവനവന്റെ ആവശ്യത്തിനു മാത്രം ഉപയോഗിച്ചിരുന്ന സംസ്‌കാരത്തില്‍നിന്നും നാം വ്യതിചലിച്ചിരിക്കുന്നു.

ഭൂമിയുടെ ശ്വാസകോശങ്ങളാണ് വനങ്ങള്‍. ജീവന്റെ നിലനില്‍പ്പിന് ഭീഷണിയായ ആഗോളതാപനം നിയന്ത്രിക്കുന്നതില്‍ വനങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. പ്രകൃതി സംരക്ഷണത്തിന്റെ ഉത്തമോദാഹരണങ്ങളാണ് വനങ്ങളുടെ ചെറു പ്രതീകങ്ങളായ നമ്മുടെ കാവുകള്‍. വൃക്ഷലതാദികളും ജന്തുജാലങ്ങളും ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുകളും കിണറുകളും കുളങ്ങളും കാവുകളുടെ മാത്രം പ്രത്യേകതയാണ്.

കേരളം, ദൈവത്തിന്റെ സ്വന്തം നാട്. സമൃദ്ധമായ പ്രകൃതി വിഭവങ്ങളാല്‍ അനുഗ്രഹീതം. വിപുലമായ ജലസമ്പത്ത്. എങ്ങും നിറഞ്ഞ പച്ചപ്പും വൈവിധ്യമാര്‍ന്ന ജീവജാലങ്ങളും. പക്ഷേ ഒന്നോര്‍ക്കുക, ഇതൊക്കെ നമുക്ക് എത്ര നാള്‍ സ്വന്തം? യാതൊരു വിവേചനവുമില്ലാതെയുള്ള മനുഷ്യന്റെ ചൂഷണം മൂലം ഈ അമൂല്യ സമ്പത്തിന്റെ എത്ര ഭാഗം വരും തലമുറയ്ക്ക് കൈമാറാനാകും?

ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ശേഷിപ്പുകളായ ചെറുവനങ്ങളിലെ ജൈവവൈവിധ്യങ്ങളുടെ സന്തുലിതാവസ്ഥ ദുരമൂത്ത മനുഷ്യന്‍ അതിക്രമിച്ചു കയറി നശിപ്പിക്കാതിരിക്കാന്‍ സര്‍പ്പക്കാവ്, അയ്യപ്പന്‍കാവ്, കാളികാവ് എന്നിങ്ങനെ ദൈവ സാന്നിദ്ധ്യം കല്‍പ്പിച്ചു നല്‍കി നമ്മുടെ പൂര്‍വസൂരികള്‍. 'കാവുതീണ്ടല്ലേ മക്കളേ' എന്നായിരുന്നുവല്ലോ മുത്തശ്ശിമാരുടെ മുന്നറിയിപ്പ്. ഇന്നത്തെ സ്ഥിതിയോ? മനുഷ്യന്റെ ചുവടുപിഴയ്ക്കുമ്പോള്‍ പ്രകൃതി പിണങ്ങുന്നു. മനുഷ്യന്‍ ഉണ്ടാക്കിയ കാലഗണനപ്പട്ടികയോട് കലഹിച്ച് പ്രകൃതി സ്വന്തം വഴിക്ക് നീങ്ങിത്തുടങ്ങി. വിഷുക്കണിക്ക് മഞ്ഞ ചാര്‍ത്തുന്ന കണിക്കൊന്നകള്‍ കാലം തെറ്റി പൂക്കുന്നു. ഇടവപ്പാതിയില്‍ പെയ്യേണ്ട പെരുമഴ കര്‍ക്കടകത്തിലോ ചിങ്ങത്തിലോ തിമിര്‍ക്കുന്നു. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും ജനവാസം ദുസ്സഹമാക്കുന്നു.

വികസനത്തിന്റെയും പുരോഗതിയുടെയും പേര് പറഞ്ഞ് പ്രകൃതി ധ്വംസനം നടത്തുന്ന ആധുനിക മനുഷ്യന്റെ ദുരാഗ്രഹങ്ങള്‍ക്ക് അറുതി വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കുടിയേറ്റത്തിന്റെയും കൃഷിയുടെയും മറവില്‍ നടക്കുന്നതും നഗ്നമായ വനനശീകരണം തന്നെ.

കാടുകള്‍ നാടുകളായി പരിണമിച്ചപ്പോള്‍ ഇടക്കിടെ അവശേഷിച്ച വനഭൂമിയുടെ പച്ചത്തുരുത്തുകളാണ് കാവുകള്‍. സ്വച്ഛശാന്തമായ അന്തരീക്ഷത്തില്‍ ഈശ്വരാരാധനയ്ക്ക് അനുയോജ്യമായ പശ്ചാത്തലം അവയ്ക്കുണ്ടെന്നും മനസ്സിലാക്കിയ നമ്മുടെ പൂര്‍വ്വികര്‍ കാവുകളോടു ബന്ധിച്ച് ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും പൂ

ജകള്‍ക്കാവശ്യമായ കൂവളം, അശോകം, തെച്ചി, നന്ത്യാര്‍വട്ടം എന്നിവ നട്ട് പരിപാലിക്കുകയും ചെയ്തു. കേരളത്തില്‍ ചെറുതും വലുതുമായി എണ്ണൂറില്‍പ്പരം കാവുകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. സ്വാഭാവിക വനത്തിലെ ജീവജാലങ്ങളുടെ ചെറിയ പതിപ്പ് ഈ കാവുകളിലുമുണ്ട്.

    comment

    LATEST NEWS


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും


    നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ തിരിച്ചെത്തി; തിരികെ എത്തിയത് മൂന്നു ലയാളികള്‍ അടക്കം പതിനാറംഗ സംഘം


    കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം; വിദ്യയ്‌ക്കെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.