×
login
ഓര്‍മകളിലെ രാധാകൃഷ്ണന്‍

രണ്ടാഴ്ച മുമ്പ് നമ്മെ വിട്ടുപോയ എ.ജി. രാധാകൃഷ്ണനുമായി പരിചയപ്പെടാന്‍ അതോടെയാണവസരമുണ്ടായത്. ഗോപാലന്‍ മേസ്തിരിയുടെ മക്കളില്‍ ഒരാളായിരുന്നു രാധാകൃഷ്ണന്‍. മക്കളെല്ലാം സജീവ പ്രവര്‍ത്തകര്‍. 1968 ല്‍ സമ്മേളനത്തിരക്ക് കഴിഞ്ഞ് നാട്ടിലെത്തി ബസ് ഇറങ്ങിയപ്പോള്‍ ഗോപാലന്‍ മേസ്തിരിയുടെ മുന്നിലാണ് പെട്ടത്. അവരുടെ സത്കാരാദികള്‍ കഴിഞ്ഞു. വൈകുന്നേരത്തെ ശാഖയില്‍ പരിചയപ്പെട്ടവരുടെ കൂട്ടത്തില്‍ രാധാകൃഷ്ണനും അമ്പിക്കുട്ടനും വിജയനുമുണ്ടായിരുന്നു. മേസ്തിരിയുടെ മക്കള്‍!

1967 ഡിസംബര്‍ അവസാന ദിനങ്ങള്‍ കോഴിക്കോട്ട് സാമൂതിരി ഹൈസ്‌കൂളില്‍ ഭാരതീയ ജനസംഘത്തിന്റെ അഖിലഭാരത വാര്‍ഷിക സമ്മേളനം നടക്കുകയാണ്. അന്ന് കോഴിക്കോട് ജില്ലയില്‍ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായിരുന്ന ഈ ലേഖകന് പ്രീ അറേഞ്ച്‌മെന്റ് എന്ന പ്രത്യേക ചുമതലയാണ് ഏല്‍പ്പിക്കപ്പെട്ടിരുന്നത്. അതിനാല്‍ ആഴ്ചകളോളം മറ്റൊരു കാര്യത്തിനും അവസരം ലഭിച്ചിരുന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്ത കോഴിക്കോട് ജില്ലയില്‍നിന്നുള്ള പ്രതിനിധികളാരൊക്കെയെന്ന് നോക്കാന്‍ ശ്രമം നടത്തി. അന്ന് മലപ്പുറം ജില്ലാ രൂപീകൃതമായിട്ടില്ല. കുറ്റിപ്പുറം മുതല്‍ ഗണപതിവട്ടം (ബത്തേരി)വരെയും, വടക്ക് മയ്യഴി വരെയും പരന്നുകിടന്ന ജില്ല. അവരെക്കുറിച്ച് ഏകദേശ ഗ്രാഹ്യം കിട്ടിയപ്പോള്‍ തൊടുപുഴയില്‍ നിന്നാരെങ്കിലുമുണ്ടോ എന്നു അറിയാന്‍ കൗതുകമുണ്ടായി. ആറേഴുപേരുടെ വിവരം അറിഞ്ഞു. ഇടയ്ക്കു കിട്ടിയ ഒരിടവേള ഭക്ഷണസമയമാണ്. അതിനിരിക്കുന്നവരിലൂടെ പോകുമ്പോള്‍ ഏതാനും തൊടുപുഴക്കാരെ കണ്ടുകിട്ടി. പി.എന്‍. ശങ്കരപ്പിള്ള എന്ന ശങ്കരന്‍കുട്ടി, എന്റെയൊപ്പം പഠിച്ച ഉണ്ണിയെന്ന നാരായണപിള്ള, കെ. പുരുഷോത്തമന്‍ നായര്‍ തുടങ്ങിയവര്‍. കൂടാതെ നേരത്തെ പരിചയപ്പെടാത്ത ഗോപാലന്‍ മേസ്തിരി, തൊടുപുഴയില്‍ ആദ്യശാഖ തുടങ്ങാന്‍ സഹായിച്ച ഗോപിച്ചേട്ടന്‍ തുടങ്ങിയവര്‍. അവരാണ് അവിടെ ജനസംഘത്തിന്റെ തുടക്കക്കാര്‍. ഗോപാലന്‍ മേസ്തിരിയും ഗോപിച്ചേട്ടനും ഇലക്ട്രിക് സംബന്ധമായ പണികള്‍ നടത്തുന്നവരായിരുന്നു. മേസ്തിരി തൊടുപുഴയില്‍വന്നു ജോലി ചെയ്യുന്നവരാണ്. കുടുംബസഹിതം താമസം. അമ്പലം കവലയില്‍ ആയിരുന്നു ബിസിനസ്. അവിടെ ധന്വന്തരി വൈദ്യശാലാ ബ്രാഞ്ചിലെ രവിയും സജീവമായി ശാഖയിലുണ്ട്.

രണ്ടാഴ്ച മുമ്പ് നമ്മെ വിട്ടുപോയ എ.ജി. രാധാകൃഷ്ണനുമായി പരിചയപ്പെടാന്‍ അതോടെയാണവസരമുണ്ടായത്. ഗോപാലന്‍ മേസ്തിരിയുടെ മക്കളില്‍ ഒരാളായിരുന്നു രാധാകൃഷ്ണന്‍. മക്കളെല്ലാം സജീവ പ്രവര്‍ത്തകര്‍. 1968 ല്‍ സമ്മേളനത്തിരക്ക് കഴിഞ്ഞ് നാട്ടിലെത്തി ബസ് ഇറങ്ങിയപ്പോള്‍ ഗോപാലന്‍ മേസ്തിരിയുടെ മുന്നിലാണ് പെട്ടത്. അവരുടെ സത്കാരാദികള്‍ കഴിഞ്ഞു. വൈകുന്നേരത്തെ ശാഖയില്‍ പരിചയപ്പെട്ടവരുടെ കൂട്ടത്തില്‍ രാധാകൃഷ്ണനും അമ്പിക്കുട്ടനും വിജയനുമുണ്ടായിരുന്നു. മേസ്തിരിയുടെ മക്കള്‍! അവരുടെ മൂത്ത രണ്ടുപേരുമുണ്ടായിരുന്നു, സുരേന്ദ്രനും പുരുഷോത്തമനും.  

അന്നുതന്നെ ആ കുടുംബത്തെ മുഴുവന്‍ പരിചയപ്പെട്ടു. തൊടുപുഴയിലെ സംഘപ്രവര്‍ത്തനത്തില്‍ ഇത്രത്തോളം ഇഴുകിച്ചേര്‍ന്ന മറ്റു കുടുംബങ്ങള്‍ കുറവാണെന്നു പറയാം.  

രാധാകൃഷ്ണന്‍ പിന്നീട് സംഘപ്രചാരകനായി. അതിനു മുന്‍പും പ്രചാരക മനോഭാവത്തോടെയാണ് പ്രവര്‍ത്തിച്ചത്. അപ്പോഴേക്ക് അടിയന്തരാവസ്ഥ വന്നു. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം പ്രചാരകനായി പ്രവര്‍ത്തിച്ചത് ഒറ്റപ്പാലം താലൂക്കിലായിരുന്നു. അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ത്തന്നെ അറസ്റ്റില്‍പ്പെട്ട് ഡിഐആര്‍ നിയമപ്രകാരം നാലുമാസത്തെ ജയില്‍വാസം കഴിഞ്ഞു പുറത്തുവന്ന ഈ ലേഖകന് ഒളിവില്‍ പ്രവര്‍ത്തിച്ച അനുഭവം നേടിവരുന്നതേയുണ്ടായിരുന്നുള്ളൂ. ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്തെ ഉണ്ണി എന്ന സ്വയംസേവകന്റെ വീട്ടിലാണ് പ്രചാരകന്മാരുടെ ബൈഠക്. ഒറ്റപ്പാലത്തു വണ്ടിയിറങ്ങിയപ്പോള്‍ പെട്ടത് രാധാകൃഷ്ണന്റെ മുന്നില്‍. റെയിലിനു മുകളിലൂടെ നടന്നുവേണ്ടിയിരുന്നു പാലപ്പുറത്തെത്താന്‍. ഭാരതപ്പുഴയുടെ തീരത്തുകൂടിയുള്ള ആ നടത്തം ആസ്വദിച്ചു. ധാരാളം സാധാരണക്കാരുമുണ്ടായിരുന്നു എന്നതിനാല്‍ പ്രയാസമുണ്ടായില്ല. അതവിടെ സാധാരണ പതിവായതുകൊണ്ട് പ്രത്യേകിച്ച് അസ്വാഭാവികതയില്ലായിരുന്നു. അടിയന്തരാവസ്ഥയിലെ പ്രചാരക ജീവിതത്തിന്റെ അനുഭവം പങ്കിട്ടുകൊണ്ട് ഞങ്ങള്‍ നടന്നു. ഭാരതപ്പുഴയിലെ മണല്‍പ്പരപ്പിലൂടെ നേരിയ ചാലായി ഒഴുകുന്ന വെള്ളം. മറുകരയിലെ തിരുവില്വാമല ക്ഷേത്രവും, വലിയൊരു വീടും കാണാമായിരുന്നു. കേരളീയനായ ഏക കോണ്‍ഗ്രസ് പ്രസിഡന്റ് സി. ശങ്കരന്‍നായരുടെ വസതിയാണത്രേ അത്. ഉണ്ണിയുടെ വീട്ടിലെ ബൈഠക് കഴിഞ്ഞ് ഓരോ ആളും സ്വന്തം കര്‍മക്ഷേത്രത്തിലേക്കു പോയി.

അടിയന്തരാവസ്ഥ കഴിഞ്ഞ് ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടശേഷം രൂപപ്പെട്ടുവന്ന രാഷ്ട്രീയത്തിന്റെ നൂലാമാലകള്‍ക്കു പകരം ജന്മഭൂമി പത്രത്തിലായി എന്റെ ലാവണം. രാധാകൃഷ്ണന്‍ തൊടുപുഴയില്‍ സ്വന്തമായി ഒരു വ്യാപാരസ്ഥാപനം ആരംഭിച്ചു. താലൂക്ക് കാര്യവാഹ് എന്ന ചുമതലയും വഹിച്ചു. തൊടുപുഴ താലൂക്കിന്റെ എല്ലാ സ്ഥലങ്ങളിലും സംഘപ്രവര്‍ത്തനം അക്കാലത്ത് എത്തിയിരുന്നു. അതില്‍ ചെറുതല്ലാത്ത പങ്ക് അദ്ദേഹം നിര്‍വഹിച്ചു.

ദേശീയ വിദ്യാഭ്യാസ മേഖലയില്‍ സംഘത്തിന്റെ പ്രവേശം അടിയന്തരാവസ്ഥയ്ക്കു മുമ്പുതന്നെ ആരംഭിച്ചിരുന്നു. കേരളത്തിലും അതിന്റെ തുടക്കം കുറിക്കണമെന്ന സംഘതീരുമാനമനുസരിച്ച്, അന്നത്തെ പ്രാന്തപ്രചാരക് ഭാസ്‌കര്‍റാവുജി എ.വി. ഭാസ്‌കര്‍ജിയെ അതിനു നിയോഗിച്ചു. നേരത്തെതന്നെ പൊന്‍കുന്നത്തും വാഴൂരിലും ഭാസ്‌കര്‍ജി അധ്യാപകനായി സംഘചുമതല വഹിച്ചിരുന്നു. അങ്ങനെ ഭാരതീയ വിദ്യാനികേതനത്തിന്റെ ഹരിശ്രീ കുറിച്ചു. തൊടുപുഴയിലെ സ്വയംസേവകര്‍ സരസ്വതി ശിശുമന്ദിരത്തിന് പ്രാരംഭമിട്ടു. അനവധി വൈതരണികളെയും പ്രതിസന്ധികളെയും മറികടന്ന് സരസ്വതീ വിദ്യാലയം ഇന്ന് തൊടുപുഴ നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്നു.

ഭാരതീയ വിദ്യാനികേതനത്തിന്റെ പാഠ്യപദ്ധതി കേന്ദ്രസര്‍ക്കാരിന്റെതു തന്നെയാണെങ്കിലും വിദ്യാഭ്യാസ മൂല്യങ്ങളുടെ ഭാരതീയ ഉള്ളടക്കവും തനിമയും നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നുവെന്നതാണ് സവിശേഷത. കൊല്ലം ശ്രീനാരായണ കോളജിലെ ഡോ. എന്‍.ഐ. നാരായണനെപ്പോലുള്ള എത്രയോ ആചാര്യ ശ്രേഷ്ഠന്മാരെ ഭാസ്‌കര്‍ജി വിദ്യാനികേതനില്‍ ഉള്‍ക്കൊള്ളിച്ചു. എളമക്കരയിലെ സരസ്വതി വിദ്യാലയത്തിന്റെ തുടക്കത്തില്‍ത്തന്നെ അവിടെ പ്രവര്‍ത്തിച്ചു വന്ന പാര്‍വതിയെ രാധാകൃഷ്ണനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ മാധവജിയും ഭാസ്‌കര്‍ റാവുജിയും ഭാസ്‌കര്‍ജിയും മുന്‍കയ്യെടുത്തിരുന്നു.


വിദ്യാനികേതന്റെ അധ്യാപികാധ്യാപകന്മാര്‍ക്ക് ഭാരതീയ മൂല്യങ്ങളില്‍ പരിചയവും ശിക്ഷണവും നല്‍കാന്‍ ഭാസ്‌കര്‍ജി വിപുലമായ പദ്ധതി തയ്യാറാക്കിയിരുന്നു. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലും തൊടുപുഴ പ്രശിക്ഷണ കേന്ദ്രത്തിലുമാണ് പ്രശിക്ഷണ ശിബിരങ്ങള്‍ നടത്തപ്പെട്ടത്.

ദേശീയ പ്രശ്‌നങ്ങളിലും ചരിത്രകാര്യങ്ങളിലും അധ്യാപകര്‍ക്ക് ഭാരതീയ കാഴ്ചപ്പാടു നല്‍കാനും പ്രശിക്ഷണ കേന്ദ്രങ്ങള്‍ പ്രയോജനപ്പെട്ടു. അധ്യാപന വിദഗ്ദ്ധരെ അക്കാദമിക കാര്യങ്ങളില്‍ ബോധനം നല്‍കാന്‍ കണ്ടെത്തി ഉപയോഗിച്ചിരുന്നു. ഭാസ്‌കര്‍ജിക്ക് ആ വിഭാഗത്തില്‍പ്പെട്ട മുന്‍നിരക്കാരുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഭാസ്‌കര്‍ജി നേടിയ ജ്ഞാനവും കാഴ്ചപ്പാടും അവരെയൊക്കെ അതിശയിപ്പിച്ചു. ഭാസ്‌കര്‍ജി തിരുവനന്തപുരത്ത് പ്രചാരകനായിരുന്നപ്പോള്‍ നടന്ന ഗുരുജിയുടെ പരിപാടിക്കു വേദിയായത് യൂണിവേഴ്‌സിറ്റി കോളജ് ചത്വരമായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. കെ.ഭാസ്‌കരന്‍ നായരടക്കം അദ്ദേഹവുമായി സംവദിക്കാന്‍ എത്തുകയുണ്ടായി. അന്നു യൂണിവേഴ്‌സിറ്റി കോളജ് അക്കാദമികമായി ഭാരതത്തിലെ തന്നെ മുന്‍നിര വിദ്യാലയങ്ങളുടെ നിരയിലായിരുന്നു.  

അക്കാദമികവും സാമൂഹ്യവും ആശയപരവുമായ ധാരാളം പുസ്തകങ്ങള്‍ വിദ്യാനികേതന്റെ മുന്‍നിര പ്രയോക്താക്കള്‍ തയ്യാറാക്കിയിട്ടുണ്ട്. അവ ഏറെയും ഹിന്ദിയിലോ ഇംഗ്ലീഷിലോ ആയിരുന്നു. അവയ്ക്കു മലയാള പരിഭാഷയുണ്ടാക്കാന്‍ രാധാകൃഷ്ണന്‍ ഉത്സാഹിച്ചിരുന്നു. സംഘവുമായി ബന്ധപ്പെട്ട പല പുസ്തകങ്ങളും മലയാളത്തിലാക്കിയതിനാലാവാം അതില്‍ സഹകരിക്കാന്‍ ഭാസ്‌കര്‍ജിയും രാധാകൃഷ്ണനും ഈ ലേഖകനെ ചുമതലപ്പെടുത്തിയിരുന്നു. അങ്ങനെ പല പുസ്തകങ്ങളും വിദ്യാനികേതനു പരിഭാഷപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.  

വിദ്യാഭാരതിയുടെ സൈദ്ധാന്തിക പശ്ചാത്തലമൊരുക്കുന്ന പഞ്ചാംഗ വിദ്യാഭ്യാസ പദ്ധതി, ഭാരതീയ വിദ്യാഭ്യാസത്തിന്റെ മനശ്ശാസ്ത്രാടിസ്ഥാനം, യോഗമുദ്രാശാസ്ത്രം എന്നീപുസ്തകങ്ങള്‍ ഏതു വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും പ്രയോജനകരമാണ്. വിദ്യാനികേതന്റെ ഒരു വിദ്യാലയത്തില്‍ പ്രധാനാധ്യാപകനായിരുന്ന ഇടതു ചിന്താഗതിക്കാരന്‍ ലജ്ജാറാംജിയുടെ പ്രഭാഷണങ്ങള്‍ കേട്ടും, പുസ്തകങ്ങള്‍ വായിച്ചും 35 വര്‍ഷത്തെ അധ്യാപന കാലത്ത് ലഭിക്കാത്ത ഉള്‍ക്കാഴ്ചയുണ്ടായി എന്നു പറഞ്ഞു.

പൊതുവിഷയങ്ങളുടെ പുസ്തകങ്ങളും ഗൈനക്കോളജിയടക്കം വിദ്യാനികേതന്‍ പ്രസിദ്ധീകരിച്ചു. (ശ്രേഷ്ഠ സന്താനലബ്ധിയുടെ രഹസ്യം) ഖാല്‍സായുടെ ഇതിഹാസം, ജമ്മുകശ്മീര്‍ വസ്തുതകളുടെ വെളിച്ചത്തില്‍, നവഭാരത ശില്‍പ്പികള്‍ എന്നീ പുസ്തകങ്ങള്‍ ഇന്ന് ജനങ്ങള്‍ക്ക് അജ്ഞാതമായ വസ്തുതകളെ വെളിപ്പെടുത്തുന്നവയാണ്.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദ്യാനികേതന്റെ മുഴുവന്‍ വിദ്യാലയങ്ങളും പങ്കെടുത്ത വാര്‍ഷികം കല്ലേക്കാട് വിദ്യാനികേതനില്‍ നടത്തപ്പെട്ടു. അതില്‍ പങ്കെടുക്കാന്‍ എനിക്കും അവസരം തന്നു.

താന്‍ തന്നെ വളരെ കഷ്ടതകള്‍ സഹിച്ചാണെങ്കിലും മറ്റുള്ളവരുടെ കാര്യങ്ങളില്‍ താല്‍പ്പര്യമെടുക്കുന്ന രീതി ചുരുക്കം പേര്‍ക്കേ ഉണ്ടാവൂ. അക്കൂട്ടത്തില്‍ പെടുന്ന ആളായിരുന്നു രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ആരോഗ്യനില അത്യന്തം വഷളായിരിക്കയാണെന്നറിഞ്ഞപ്പോള്‍ കാണാന്‍ വളരെ അഭിലഷിച്ചു. കൊവിഡ് ആശങ്കയിലായിരുന്നതിനാല്‍ അതിനു കഴിഞ്ഞില്ല. അതൊരു മനസ്താപമായി ബാക്കി കിടക്കുകയാണ്.

  comment

  LATEST NEWS


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


  പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


  ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


  വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍


  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്


  വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളത്തിനും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയത് 100 കോടിയെന്ന് വിവരാവകാശ രേഖ; ഇത് ആം ആദ്മിയുടെ ന്യൂനപക്ഷ പ്രീണനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.