×
login
കണ്ണന് കാവ്യാമൃതം നിവേദിച്ച നവീന പൂന്താനം

കവിതയിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സിനിമാ ഗാനങ്ങളിലൂടെയും പുതിയൊരു കാവ്യപ്രപഞ്ചം സൃഷ്ടിച്ച എസ്. രമേശന്‍ നായരുടെ സ്മൃതിദിനമാണ് ജൂണ്‍ 18

മണി എടപ്പാള്‍

*എഴുന്നേറ്റു നടക്കുന്നൂ            

ചെമ്പഴന്തിയില്‍ നിന്നൊരാള്‍                      

ചിങ്ങത്തില്‍ച്ചതയത്തിന്‍ നാള്‍                                          

ചിരിചൂടിയ പുണ്യമായ്  

ഇരുപതാം നൂറ്റാണ്ടിലെ അവതാരമായ ശ്രീനാരായണ ഗുരുവിനെക്കുറിച്ച് മഹാകവി എസ്. രമേശന്‍ നായര്‍ രചിച്ച മഹാകാവ്യമായ ഗുരുപൗര്‍ണമി യിലെ ആദ്യത്തെ വരികളാണിവ. എന്നാല്‍ എനിക്കിത് ഇങ്ങനെ എഴുതി നോക്കാനാണിഷ്ടം.  

എഴുന്നേറ്റു നടക്കുന്നൂ കുമാരപുരത്തീന്നൊരാള്‍      

മേടത്തില്‍ച്ചതയത്തിന്‍ നാള്‍                                    

ചിരിചൂടിയ പുണ്യമായ്                          

ഇത് പുതിയ നൂറ്റാണ്ടിലെ കാവ്യാവതാരം എസ്. രമേശന്‍നായരുടെ സ്വത്വം. എന്നും എപ്പോഴും ഏവരോടും സ്‌നേഹപ്പുഞ്ചിരി മാത്രം പകര്‍ന്നു നല്‍കിയ വരിഷ്ഠ കവി. ശ്രീനാരായണ ഗുരുവിനും മഹാകവിയ്ക്കും ഒരേ ജന്‍മനക്ഷത്രമായത് മറ്റൊരു സുകൃതം. അതിന്റെ വൈഭവം കാലങ്ങളോളം നിലനില്‍ക്കും എന്നതില്‍ യാതൊരു സംശയവുമില്ല.  

കവിതയില്‍ മഹാകവി അക്കിത്തത്തിന്റെ ശിഷ്യനായിരുന്നല്ലോ രമേശന്‍നായര്‍. എന്നിട്ടും അക്കിത്തം ഒരിക്കല്‍ ഇങ്ങനെ പറഞ്ഞുപോയി. ''എന്നേക്കാള്‍ എത്രയോ വലിയ കവിയാണ് രമേശന്‍നായര്‍.'' ഇത് അദ്ദേഹം പലയിടത്തും എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുമുണ്ട്.  

പന്ത്രണ്ടാം വയസ്സില്‍ പരിവര്‍ത്തനം എന്ന കവിത മലയാളരാജ്യം ചിത്രവാരികയുടെ ബാലപംക്തിയിലൂടെ പ്രസിദ്ധീകരിച്ച്  ഹരിശ്രീ കുറിച്ച രമേശന്‍നായര്‍, തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലെ സ്ഥിരം എഴുത്തുകാരനായി. വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, അക്കിത്തം, ജി.ശങ്കരക്കുറുപ്പ് തുടങ്ങിയ മഹാകവികള്‍ മുതല്‍ വി.ടി.ഭട്ടതിരിപ്പാട്, ഡോ.എം.ലീലാവതി, പ്രൊഫ.കെ.പി.ശങ്കരന്‍, വെന്നി വാസുപിള്ള, പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി, യൂസഫലി കേച്ചേരി തുടങ്ങിയ പ്രശസ്തരും പുതിയ തലമുറയിലെ ആലംകോട് ലീലാകൃഷ്ണന്‍ വരെ രമേശന്‍ നായരുടെ കൃതികള്‍ക്ക് അവതാരിക എഴുതിയിട്ടുണ്ട്. മഹാകവി എസ്. രമേശന്‍നായരുടെ മഹാകാവ്യമായ ഗുരുപൗര്‍ണമിയുടെ പഠനവും അവതാരികയും എഴുതിയത് ജസ്റ്റിസ്.വി.ആര്‍. കൃഷ്ണയ്യര്‍, പി.പരമേശ്വരന്‍, മഹാകവിഅക്കിത്തം,ഡോ.എം.ലീലാവതി, പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ എന്നിവരടങ്ങിയ പണ്ഡിതവൃന്ദമായിരുന്നു.  

ഭക്തിഗാനരചനയില്‍ രമേശന്‍നായര്‍ക്ക് പകരം വെയ്ക്കാന്‍ ഇന്ന് മലയാളത്തില്‍ ഒരു കവിയും ഇല്ലെന്നു തന്നെ പറയാം. ഇനി ഉണ്ടാകാനും സാധ്യത കുറവാണ്. രണ്ടായിരത്തി അഞ്ഞൂറിലധികം ആര്‍ദ്രതയും സൗന്ദര്യവും ഒത്തുചേര്‍ന്ന ഭക്തിഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയില്‍ ആയിരത്തി അഞ്ഞൂറിലധികവും കൃഷ്ണഭക്തിഗാനങ്ങളായിരുന്നു. വില്ല്വമംഗലത്തിനും മേല്‍പുത്തൂരിനും പൂന്താനത്തിനും ഓട്ടൂരിനും ശേഷം കൃഷ്ണ ഭഗവാന് ഇത്രയധികം കാവ്യാമൃതം നിവേദിച്ച മറ്റൊരു കവിയില്ല. അതിനാല്‍, നവീനപൂന്താനമെന്ന വിശേഷണം അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരമായി നമുക്ക് നല്‍കാം.    

നാവെന്തിനു തന്നൂ  

ഭഗവാന്‍/

നാരായണ നാമം പാടാന്‍/  

കാതെന്തിനു തന്നൂ ഭഗവാന്‍/

നാരായണഗീതം കേള്‍ക്കാന്‍ /

കണ്ണെന്തിനു തന്നൂ ഭഗവാന്‍ /


നാരായണരൂപം കാണാന്‍ /

കയ്യെന്തിനു തന്നൂ ഭഗവാന്‍/

നാരായണപാദം പണിയാന്‍/

കാലെന്തിനു തന്നൂ ഭഗവാന്‍/

നാരായണ സവിധം ചെല്ലാന്‍/

പൂവെന്തിനുതന്നൂ ഭഗവാന്‍ /  

നാരായണ പൂജകള്‍ ചെയ്വാന്‍ /

നാരായണകൃപയില്ലെങ്കില്‍/ നാടില്ല,  

കാടുകളില്ല/

നാളില്ല, നാളെയുമില്ല/നാരായണ!

ശരണം!ശരണം!    

ഇതിലെ രണ്ടോ നാലോ വരി ഉദ്ധരിച്ച് മഹാകവി അക്കിത്തം ഒരു സാഹിത്യക്യാമ്പില്‍ പങ്കെടുത്ത് ഇങ്ങനെ പറയുകയുണ്ടായി. ''ഈ ഗാനത്തിന്റെ ആദ്യവരികള്‍ ചൊല്ലുമ്പോള്‍ തന്നെ എനിക്ക് കോരിത്തരിപ്പാണ് അനുഭവപ്പെട്ടത്.'' ആ പരിപാടിയുടെ സദസ്സിലുണ്ടായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി ആ കവിതയുടെ ഒരു കോപ്പി ആവശ്യപ്പെടുകയും അക്കിത്തം അത് സംഘടിപ്പിച്ചു കൊടുത്ത കഥയും സത്യമാണ്.    

വനമാല, പുഷ്പാഞ്ജലി, മയില്‍പ്പീലി, അമ്പാടി തുടങ്ങിയ എത്രയെത്ര ഭക്തിഗാന ആല്‍ബങ്ങള്‍. എല്ലാം ലക്ഷണമൊത്ത കാവ്യസൗന്ദര്യം തുളുമ്പുന്ന ലളിതമായ വരികള്‍. എഴുതിയ സിനിമാഗാനങ്ങളെല്ലാം തന്നെ ചന്ദനസുഗന്ധം പരത്തുന്നവയായിരുന്നു.  

ഹരികാംബോജി രാഗം പഠിക്കുവാന്‍                                    

ഗുരുവായൂരില്‍ ചെന്നൂ ഞാന്‍                                                  

പലനാളവിടെ കാത്തിരുന്നെങ്കിലും ഗുരുനാഥനെന്നെ കണ്ടില്ല      

എന്നെ ഗുരുവായൂരപ്പന്‍ കണ്ടില്ല                        

ഇത് ഗുരുവായൂരപ്പനെ കാണാനുള്ള ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ഏറ്റവും വലിയ ആഗ്രഹവും അത് സഫലമാകാത്തതിലുള്ള അദ്ദേഹത്തിന്റെ  നിരാശയും നിറഞ്ഞ വരികളാണെന്ന് കവി പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. ഒരിക്കല്‍ പ്രശസ്ത സംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശബ്ദം നഷ്ടപ്പെട്ടപ്പോള്‍ ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി അത് തിരിച്ചു കിട്ടിയ സംഭവമുണ്ടല്ലോ. ആ കഥയെ കവിതയാക്കിയതാണ് ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോള്‍ തന്റെ ശംഖം കൊടുത്തവനേ... എന്ന പ്രസിദ്ധമായ ഭക്തിഗാനം. ലളിതമായ അര്‍ത്ഥങ്ങളും ബിംബങ്ങളും സൗന്ദര്യവല്‍ക്കരിച്ചെഴുതിയ രമേശന്‍നായരുടെ ഓരോ ഗാനങ്ങളും കവിതകളും മലയാളഭാഷ ഉള്ളിടത്തോളം നിലനില്‍ക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.    

അമൂല്യങ്ങളായ ഒരുപാട് കാവ്യരത്‌നങ്ങള്‍ നമ്മെ ഏല്‍പ്പിച്ചിട്ടാണ് അദ്ദേഹം ഭഗവത് സന്നിധിയിലേക്ക് യാത്രയായത്. ഇനി ആ രചനകള്‍ വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതോടൊപ്പം മഹാകവി എസ്. രമേശന്‍നായര്‍ എന്ന നാമം നിരന്തരം പ്രയോഗത്തില്‍ വരുത്തുകയും വേണം എന്നുള്ളതാണ് നമുക്ക് അദ്ദേഹത്തോട് ചെയ്യാനുള്ള ഏറ്റവും വലിയ ആദരവ്. ആയിരത്തോളം ശ്ലോകങ്ങള്‍ എഴുതിക്കഴിഞ്ഞ്, പൂര്‍ത്തീകരിക്കാനാകാത്ത കൃഷ്ണകാവ്യം ഇനി തന്റെ സവിധത്തിലിരുന്ന് രചിച്ചാല്‍ മതിയെന്ന മഹാവിഷ്ണുവിന്റെ നിര്‍ബന്ധമാകാം; ഭഗവാന്റെ ഇഷ്ടതോഴനായ മഹാകവിയെ ഇത്ര നേരത്തെത്തന്നെ വൈകുണ്ഠത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് നമുക്ക് സമാശ്വസിക്കാം. ഇനി അവിടെയിരുന്ന് നവീനപൂന്താനത്തിന്റെ സ്ഥാനമലങ്കരിച്ച് ഋഷിവര്യനായി തീരട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.    

(തപസ്യ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.