login
കപടശാസ്ത്രത്തിന്റെ കാവല്‍ക്കാര്‍

ഹിറ്റ്‌ലര്‍ ആര്യവാദമുയര്‍ത്തിയതിലും ജൂതരെ കൂട്ടക്കൊല നടത്തിയതിലും സിറിയയില്‍ യസീദികളെ പീഡിപ്പിച്ചു കൊല്ലുന്നതിലും 'ബൊക്കൊ ഹറാം' പാവപ്പെട്ട പെണ്‍കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്നതിലുമൊക്കെ അവര്‍ക്ക് അവരവരുടെ ന്യായങ്ങളുണ്ട്. സത്യത്തില്‍ അത് തലതിരിഞ്ഞ ചിന്തകളോ കൊടുംഭ്രാന്തോ ഒക്കെ ആണെങ്കില്‍ക്കൂടി

സ്‌കോട്ട്‌ലന്റില്‍ നെസ് നദിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ലോക്‌നെസ് തടാകം ലോകപ്രസിദ്ധമാണ്. ഏതാണ്ട് 56 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും നല്ല ആഴവുമുള്ള തടാകം. പുറമെ കണ്ടാല്‍ തികച്ചും ശാന്തം. പക്ഷേ നാട്ടുകാര്‍ക്ക് ലോക്‌നെസ് എന്നു കേട്ടാല്‍ത്തന്നെ ഭയമാണ്. അതിനുള്ളില്‍ ഒരു കൂറ്റന്‍ ജലഭീകരന്‍ ഒളിച്ചിരുപ്പുണ്ടത്രേ. നൂറ്റാണ്ടുകള്‍ പഴകിയ സ്‌കോട്ടിഷ് അമ്മൂമ്മക്കഥകളില്‍ തുടങ്ങി ഇന്നും പച്ചപിടിച്ചു നില്‍ക്കുന്ന ഒരു വിശ്വാസം. നമ്മുടെ അമ്മൂമ്മക്കഥകളില്‍ ജീവിക്കുന്ന വെള്ളത്തിലാശാന്‍ എന്ന കഥാപാത്രത്തെപ്പോലെ.

അങ്ങനെയിരിക്കെ 1934 മേയ് രണ്ടിന് 'ഇന്‍വര്‍നസ് കൊറിയര്‍' എന്ന പത്രത്തില്‍ അലക്‌സ് കാംപ്‌ബെല്‍ എന്ന സായ്പ് ഇങ്ങനെയെഴുതി- ''ഞാനതിനെ കണ്ടു. ലോക്‌നെസിലെ രാക്ഷസനെ. നീണ്ട കഴുത്തും നടുവില്‍ വമ്പന്‍ മുഴയുമുള്ള ആ രാക്ഷസനെ.'' ജനം വല്ലാതെ പേടിച്ചു. തൊട്ടടുത്ത മാസങ്ങളില്‍ വീണ്ടും വന്നു, ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍. ആല്‍ഡി മദാമ്മയും ഭര്‍ത്താവ് ജോണും കാറോടിച്ചുവന്നപ്പോള്‍ ജലരാക്ഷസന്‍ നേരെ മുന്നില്‍ പ്രത്യക്ഷപ്പെട്ടുവത്രേ. അവന്റെ കുതിപ്പില്‍ തടാകത്തിലെ വെള്ളം വെള്ളച്ചാട്ടത്തിലേതുപോലെ ചിതറിത്തെറിച്ചു. ഒരു കാട്ടുമൃഗത്തെയും കടിച്ചെടുത്ത് കുതിച്ചുപായുമ്പോഴാണത്രേ ലണ്ടന്‍കാരന്‍ ജോര്‍ജ് സ്‌പൈസര്‍ ജലരാക്ഷസനെ മുഖാമുഖം കണ്ടത്.

ഇത്രയൊക്കെ കേട്ടതോടെ വിശ്വാസികളും അവിശ്വാസികളും മാത്രമല്ല അന്ധവിശ്വാസികളും ഇളകിമറിഞ്ഞു. തടാകത്തിന്റെ അയലത്തുപോകാന്‍ പോലും അവര്‍ ഭയന്നു. കടല്‍ സര്‍പ്പം, രാക്ഷസ മത്സ്യം, വ്യാളി തുടങ്ങിയ പേരുകള്‍ അവര്‍ അവന് ചാര്‍ത്തിക്കൊടുത്തു. അതിനിടെയാണ് ഗൈനക്കോളജിസ്റ്റായ റൊബര്‍ട്ട് കെന്നത്ത് ഭീകരന്റെതെന്ന് അവകാശപ്പെട്ട് ഒരു ഫോട്ടോയുമായി രംഗത്തെത്തിയത്. 'ഡെയിലി മെയിലി'ല്‍ വന്ന ഒരു എക്‌സ്‌ക്ലുസീവ് ഫോട്ടോ. അതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും സ്‌കോട്ടലാന്റിലേക്ക് ഒഴുകി. മുങ്ങിക്കപ്പലുകളും സോണാര്‍ യന്ത്രങ്ങളും കൃത്രിമ ഉപഗ്രഹങ്ങളും തടാകത്തെ ഇഴകീറി പരിശോധിച്ചു. പക്ഷേ തടാകത്തില്‍ കണ്ടത് മത്സ്യങ്ങളെ മാത്രം. 1962 മുതല്‍ പത്ത് വര്‍ഷം രാക്ഷസനെ തേടിയ ലോക്‌നെസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും അടച്ചുപൂട്ടി.

കളിപ്പാട്ടങ്ങളും കള്ളഫോട്ടോകളും കൊണ്ട് ലോക്‌നെസ് രാക്ഷസനെ സൃഷ്ടിക്കാന്‍ ശ്രമിച്ചവരും പിന്‍വാങ്ങി. രാക്ഷസന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞത് ചിത്രീകരിക്കാനായി സ്റ്റഫ് ചെയ്ത ഹിപ്പോപ്പൊട്ടാമസിനെ രാത്രിയിലെത്തിച്ചതുപോലും നിരീക്ഷകര്‍ കണ്ടുപിടിച്ചു പൊളിച്ചു. എന്നിട്ടും ഒരു വിഭാഗം ഇന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു-തടാകത്തില്‍ ഒരു വ്യാളി ഒളിച്ചിരിപ്പുണ്ടെന്ന്. നമ്മുടെ കഥയിലെ വെള്ളത്തിലാശാനെപ്പോലെ ഒരാള്‍! വ്യാജ ശാസ്ത്രം അഥവാ കപടശാസ്ത്ര (സ്യൂഡോ സയന്‍സ്) ഒന്നാംതരം മാതൃകയാണ് ലോക്‌നസിലെ ഭീകരന്റെ കഥ. ശാസ്ത്രം തെളിയിച്ച കാര്യം പോലും പേര്‍ത്തും പേര്‍ത്തും നിഷേധിക്കുന്ന കപട ശാസ്ത്രികളുടെ കഥ. അത്തരം കാപട്യംകൊണ്ട് പലപ്പോഴും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സാധിച്ചെടുക്കുന്നവരുടെ കഥ.

ഇവര്‍ ലോക്‌നസ് തടാകത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. പരിണാമ ശാസ്ത്രത്തിലും കാലാവസ്ഥാ മാറ്റത്തിലും വാക്‌സിന്‍ പ്രചരണത്തിലുമെല്ലാം ഇവര്‍ കുത്തിത്തിരുപ്പുണ്ടാക്കുന്നു. കുത്തിത്തിരുപ്പ് ഉണ്ടാക്കുക മാത്രമല്ല അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച് മനുഷ്യ പുരോഗതിയെ ശതകാതം പിന്നോട്ടടിക്കുകയും ചെയ്യുന്നു. അയഥാര്‍ത്ഥവും നിലനില്‍പ്പില്ലാത്തതും, ശാസ്ത്രം തെറ്റെന്ന് തെളിയിച്ചതുമായ പ്രമാണങ്ങളാണ് കപടശാസ്ത്രികളുടെ ആയുധം. ഒരിക്കലും തെളിയിക്കപ്പെടാത്ത സങ്കല്‍പ്പനങ്ങള്‍ (ഹൈപ്പോത്തീസിസ്) മുന്‍നിര്‍ത്തി അസത്യവും അര്‍ദ്ധസത്യവും കൂട്ടിക്കുഴയ്ക്കും ഇക്കൂട്ടര്‍. പലപ്പോഴും അത്തരക്കാര്‍ക്കു പിന്നില്‍ മതപരവും സാമ്പത്തികവും രാഷ്ട്രീയപരവുമായ 'ഹിഡന്‍ അജണ്ട'കളും ഉണ്ടാവും.

വാക്‌സിനേഷനെതിരായ ആസൂത്രിത നീക്കം തന്നെ നോക്കുക. മസൂരിക്കും പോളിയോ രോഗത്തിനുമെതിരെ ആഗോളവ്യാപകമായി ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ യുദ്ധങ്ങളിലെ ആയുധം വാക്‌സിനേഷനായിരുന്നു. പോളിയോ വാക്‌സിന്‍ പ്രയോജനരഹിതമെന്നായിരുന്നു ആദ്യ ആരോപണം. അത് കുട്ടിയുടെ പ്രത്യുല്‍പ്പാദന ശേഷി കുറയ്ക്കുമെന്നതായി അടുത്ത വാദം. വാക്‌സിന്‍ ദൈവത്തിനെതിരാണെന്ന് പറഞ്ഞുവയ്ക്കാനും ചില മതസംഘടനകള്‍ മടിച്ചില്ല. പാവപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ കടന്നാക്രമിക്കാനും അപായപ്പെടുത്താനും കപടശാസ്ത്രികള്‍ക്ക് യാതൊരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. ഇപ്പോഴത്തെ ആക്രമണം കൊവിഡ്-19 വാക്‌സിനെതിരായാണ്. മഹാമാരി പടര്‍ന്നുപിടിക്കുന്നത് അവര്‍ക്കൊരു പ്രശ്‌നമല്ല. തങ്ങളുടെ വികല ചിന്തയില്‍ വിരിഞ്ഞ തലതിരിഞ്ഞ ആശയങ്ങള്‍ പരസ്യമായി ഘോഷിക്കാന്‍ മടിയുമില്ല.

ആശുപത്രി ചികിത്സ ദൈവവിരുദ്ധമാണെന്ന് വാദിക്കുകയും, പ്രാര്‍ത്ഥനയാണ് വേണ്ടതെന്ന് പറയുകയും ചെയ്യുന്നവരും ഇക്കൂടെയുണ്ട്. രക്തദാനം പാപമാണെന്ന് അവര്‍ പറയുന്നു. രോഗി മരിക്കും വരെ പ്രാര്‍ത്ഥിച്ച് അവര്‍ പുണ്യം നേടുകയും ചെയ്യുന്നു. കൊവിഡ് രോഗം പകരാതിരിക്കാന്‍ മുഖംമൂടി നിര്‍ബന്ധിതമാക്കിയപ്പോള്‍ അതിനെതിരെ ദൈവത്തിനുവേണ്ടി വാദിക്കുന്ന ഒരാളെ നാം ടെലിവിഷനിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ട്രോളുകളിലും കണ്ടത് അധികകാലം മുന്‍പല്ല. കാലന്‍കുട ചൂടി കാല്‍നട ചെയ്യുന്ന ആ പുണ്യാത്മാവും മറ്റൊരു കപട ശാസ്ത്രിയത്രേ. നിധി കണ്ടെത്താന്‍ ബലി നല്‍കുന്നവര്‍ക്കും, എയ്ഡ്‌സിന് നാട്ടു ചികിത്സ നടത്തുന്നവര്‍ക്കും, കഷണ്ടിക്ക് ഒറ്റമൂലി നല്‍കുന്നവര്‍ക്കും, തകര്‍ന്ന നട്ടെല്ലിന് പുനര്‍ജനി നല്‍കുന്നവര്‍ക്കും ഒക്കെ, അവര്‍ പറയുന്നതുതന്നെ ശാസ്ത്രം. അതിന് ആധുനിക ശാസ്ത്രവുമായി പുലബന്ധമില്ലെങ്കില്‍ക്കൂടി.

ഹിറ്റ്‌ലര്‍ ആര്യവാദമുയര്‍ത്തിയതിലും ജൂതരെ കൂട്ടക്കൊല നടത്തിയതിലും സിറിയയില്‍ യസീദികളെ പീഡിപ്പിച്ചു കൊല്ലുന്നതിലും 'ബൊക്കൊ ഹറാം' പാവപ്പെട്ട പെണ്‍കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്നതിലുമൊക്കെ അവര്‍ക്ക് അവരവരുടെ ന്യായങ്ങളുണ്ട്. സത്യത്തില്‍ അത് തലതിരിഞ്ഞ ചിന്തകളോ കൊടുംഭ്രാന്തോ ഒക്കെ ആണെങ്കില്‍ക്കൂടി.

കപടശാസ്ത്ര വാദികള്‍ക്കു പിന്നില്‍ മതം മാത്രമല്ല, സാമ്പത്തിക കാരണങ്ങളുമുണ്ടെന്ന് ആധുനികകാല സംഭവങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നു. ആഗോളതാപനവും കാലാവസ്ഥാ മാറ്റവും ഒരു കെട്ടുകഥയാണെന്ന് വാദിക്കുന്നവരെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. അവരില്‍ മുന്‍പന്‍ സാക്ഷാല്‍ ഡൊണാള്‍ഡ് ട്രമ്പ്. ഫോസില്‍ ഫ്യുവല്‍സ് (പെട്രോളിയം, കല്‍ക്കരി തുടങ്ങിയവ) അഥവാ കാര്‍ബണ്‍ അധിഷ്ഠിത ഇന്ധനങ്ങള്‍ ആണ് ആഗോളതാപനത്തിന് പ്രധാന കാരണമെന്ന് ശാസ്ത്രം. പക്ഷേ അല്ലെന്ന് കപടശാസ്ത്രികള്‍. അവര്‍ക്കു പിന്നില്‍ ഉള്ളവരാവട്ടെ, കാര്‍ബണ്‍ ഇന്ധനത്തിന്റെ ലോകവ്യാപാരികളും. അമേരിക്കപോലുള്ള രാജ്യങ്ങളില്‍ ഏറെ (കു)പ്രസിദ്ധരായ 'ക്രിയേഷന്‍സ്' എന്ന സംഘടനയും കപടശാസ്ത്രികളുടെ ആചാര്യന്മാരാണ്. അവര്‍ പറയുന്നു, 'പരിണാമ വാദം തെറ്റ്.' ഭൂമിയെയും അതിലുള്ള സകല ജീവജാലങ്ങളെയും ദൈവം തമ്പുരാന്‍  ഒരു സുപ്രഭാതത്തില്‍ നേരിട്ടുണ്ടാക്കിയതാണ്. 'ഒറിജിന്‍ ഓഫ് സ്പീഷീസ്' (ജീവവര്‍ഗങ്ങളുടെ ഉത്ഭവം) തയ്യാറാക്കിയ പാവം ചാള്‍സ് ഡാര്‍വിന്‍..! ഇതിനൊക്കെ ചേരുംപടി ചേരുന്ന തിയറികളും ഇക്കൂട്ടര്‍ പടച്ചുണ്ടാക്കിയിട്ടുണ്ട്. ആമസോണ്‍ കാടുകള്‍ കത്തിയെരിഞ്ഞപ്പോള്‍ വീണമീട്ടി ആനന്ദിച്ച ബ്രസീല്‍ പ്രസിഡന്റും ഇക്കൂടെ വരും... ''മരമെന്തിന് മഴ പെയ്യാന്‍'' എന്നു ചോദിച്ച മഹാനായ മലബാര്‍ നേതാവിനെയും നമുക്ക് മറക്കാനാവില്ല.  ''മരമുണ്ടായിട്ടാണോ അറബിക്കടലില്‍ മഴപെയ്യുന്നത്'' എന്ന അദ്ദേഹത്തിന്റെ മഹത്തായ ചോദ്യവും കപടശാസ്ത്രത്തിന്റെ ശംഖനാദമായി മുഴങ്ങുന്നു.

 

  comment
  • Tags:

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.