×
login
സിദ്ദി ജൗഹറിന്റെ വരവ്

ചരിത്രം നിര്‍മിച്ച ഛത്രപതി 14

മോഹന കണ്ണന്‍

ഈ നിത്യഭയത്തില്‍നിന്നും മോചനം ലഭിക്കാന്‍ എന്താണ് മാര്‍ഗമെന്ന് ആദില്‍ശാഹ നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കെ, ഒരു വില്ലാളിവീരനെ ഓര്‍ത്തു. സിദ്ദി ജൗഹര്‍ എന്നായിരുന്നു ആ ശൂരന്റെ പേര്. ജൗഹര്‍ എന്നാല്‍ രത്‌നം എന്നാണര്‍ത്ഥം. ശൂരന്മാരില്‍ രത്‌നമായിരുന്നു സിദ്ദി. കാര്യക്ഷമതയിലും പരാക്രമത്തിലും യുദ്ധ കൗശലത്തിലും വിശേഷ നൈപുണ്യം ഉണ്ടായിരുന്നു സിദ്ദിക്ക് എന്നാല്‍ എന്തോ കാരണംകൊണ്ട് ബീജാപ്പൂര്‍ സുല്‍ത്താനില്‍നിന്നും അകന്നു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ സുല്‍ത്താന്‍ സ്വയം സിദ്ദിയെ വിളിച്ച് 'സലാബതഖാന്‍' എന്ന ബിരുദം നല്‍കി ബഹുമാനിച്ചു. അതുകൊണ്ട് ജൗഹര്‍ സംതൃപ്തനായി. 

സന്തുഷ്ടനായ സിദ്ദി ജൗഹര്‍ക്ക് സുല്‍ത്താന്‍ വീരതാമ്പൂലം നല്‍കി. ഇദ്ദേഹത്തിന്റെ കൂടെ പ്രസിദ്ധരായ മുസ്ലിം സര്‍ദാര്‍മാരേയും മറാഠാ സര്‍ദാര്‍മാരേയും അയച്ചു. ഇരുപതിനായിരം കാലാള്‍പട, പതിനയ്യായിരം കുതിരപ്പട, ആയിരക്കണക്കിന് ആനകളും ഒട്ടകങ്ങളും ജൗഹറിന്റെ വിശാലസേനയില്‍ ഉണ്ടായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ശിവാജിരാജേയുടെ എല്ലാ ശത്രുക്കളോടും സഹായമഭ്യര്‍ത്ഥിച്ചു. ബീജാപ്പൂര്‍ നഗരം മുഴുവന്‍ സൈന്യ സന്നാഹവും യുദ്ധോത്സാഹവും നിറഞ്ഞുനിന്നു. ഇതുകൊണ്ടും തൃപ്തനാകാത്ത സുല്‍ത്താന്‍ ദില്ലിയില്‍ ഔറംഗസേബിനോടും സഹായം അഭ്യര്‍ത്ഥിച്ച് പത്രമയച്ചു. ഇത്തവണ ഏതു പ്രകാരത്തിലും ശിവാജിയെന്ന കണ്ടകത്തെ സമൂലം പറിച്ചെറിയണം. അതിനായി സര്‍വ്വശക്തിയും സംഭരിച്ചുകൊണ്ടിരിക്കയാണ് സുല്‍ത്താന്‍. ശിവരാജേയുടെ മര്‍ദ്ദനത്തില്‍നിന്നും മുക്തി നേടാന്‍ മാര്‍ഗം അന്വേഷിച്ചുകൊണ്ടിരുന്ന ഔറംഗസേബും വലിയൊരു സൈന്യത്തെ അയയ്ക്കാന്‍ നിശ്ചയിച്ചു. ഈ ഭയങ്കരമായ ആപത്ത് 1660 ന്റെ ആരംഭത്തില്‍ തന്നെയായിരുന്നു വന്നുഭവിച്ചത്.

ശിവാജി മീരജ്ഗഡ് ആക്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സിദ്ദി ജൗഹര്‍ തന്റെ സൈന്യത്തെ അങ്ങോട്ടേക്ക് നയിച്ചു. ഈ വാര്‍ത്ത അനുക്ഷണം ശിവരാജേക്ക് ലഭിച്ചു. പെട്ടെന്നുതന്നെ മീരജ്ഗഡിന്റെ ഉപരോധം ഉപേക്ഷിച്ച് പല്‍ഹാളദുര്‍ഗത്തിലേക്ക് പോയി. എന്റെ വരവറിഞ്ഞപ്പോള്‍ തന്നെ ശിവാജി കളം വിട്ടോടി എന്ന് സിദ്ദി അഹങ്കരിച്ചു. എല്ലായ്‌പ്പോഴും പരാജയത്തിന്റെ വാര്‍ത്ത മാത്രം കേട്ടിരുന്ന സുല്‍ത്താന്‍ ഈ വാര്‍ത്ത കേട്ട് വളരെ സന്തോഷിച്ചു. വന്ധ്യക്ക് പുത്രന്‍ ജനിച്ചാലുള്ള സന്തോഷത്തിനു സമാനമായിരുന്നു സുല്‍ത്താന്റെ സന്തോഷം. 1660 ലെ വര്‍ഷപ്രതിപദ ദിവസത്തില്‍ ശിവാജി പന്‍ഹാള ദുര്‍ഗത്തില്‍ പ്രവേശിച്ചു. പുതിയ വര്‍ഷത്തിന്റെ, പുത്തന്‍ സാഹസത്തിന്റെ വിജയദുന്ദുഭി ദുര്‍ഗത്തില്‍ മുഴക്കപ്പെട്ടു.

ശിവാജി പന്‍ഹാളദുര്‍ഗത്തില്‍ വരാന്‍ പല കാരണങ്ങളും ഉണ്ടായിരുന്നു. ജൗഹറിന്റെ വിശാലസേനയുമായി സമതലപ്രദേശത്തുവച്ച് ഏറ്റുമുട്ടുന്നത് അസാധ്യമായിരുന്നു. പ്രതാപഗഡും രാജഗഡും അഭേദ്യങ്ങളായ കോട്ടകളാണെങ്കിലും ഇവ രണ്ടും സ്വരാജ്യത്തിന്റെ മര്‍മസ്ഥാനങ്ങളിലാണ് സ്ഥിതിചെയ്തിരുന്നത്. ശത്രു സൈന്യത്തെ വീട്ടിനകത്തേക്ക് വിളിച്ചുവരുത്തുന്നതുപോലിരിക്കും അത്. ശത്രുവിനെ സ്വരാജ്യത്തിന്റെ അതിര്‍ത്തിയില്‍ തന്നെ തടയണം എന്നായിരുന്നു ശിവരാജേയുടെ യുക്തി.

പന്‍ഹാള കോട്ടയും ദുര്‍ഗമസ്ഥാനത്താണിരിക്കുന്നത്. രണ്ടുമാസം കഴിഞ്ഞാല്‍ മഴക്കാലമാരംഭിക്കും. പശ്ചിമഘട്ടത്തിലെ മഴയാകട്ടെ തുള്ളിക്കൊരു കുടംപോലെ ശക്തമാണ്. ആ സമയത്ത് ബീജാപ്പൂര്‍ സൈന്യത്തിന്റെ ആക്രമണം ശിഥിലമാകും. ആ സന്ദര്‍ഭത്തില്‍ പന്‍ഹാളകോട്ടയില്‍നിന്നും മറ്റൊരു കോട്ടയിലേക്ക് പോകാന്‍ സാധിക്കും. പിന്നീട് അവിടെ വന്ന് ആക്രമിക്കാനുള്ള ധൈര്യം ജൗഹറിന് ഉണ്ടാവില്ല എന്നാണ് ശിവാജിയുടെ കണക്കുകൂട്ടല്‍. സിദ്ദി ജൗഹര്‍ പന്‍ഹാള ദുര്‍ഗത്തിലെത്തി കോട്ടയ്ക്കു ചുറ്റും സൈന്യത്തെ വിന്യസിച്ചു. മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടിവന്നാലും ശിവാജിയെ പിടിക്കുക തന്നെ ചെയ്യുമെന്ന് ദൃഢനിശ്ചയം ചെയ്തു. ലക്ഷ്യം സാധിക്കുന്നതുവരെ തിരിച്ചുപോക്കില്ലെന്ന് സൈന്യത്തിന് ആജ്ഞ കൊടുത്തു. കോട്ടയ്ക്കകത്തു കടക്കാന്‍ പ്രയത്‌നിച്ചുകൊണ്ടിരുന്നു. കോട്ടയില്‍ നിന്നു വന്നുകൊണ്ടിരിക്കുന്ന ബാണങ്ങളെയും തീതുപ്പുന്ന പീരങ്കികളെയും നേരിടാന്‍ സിദ്ദിയുടെ സൈന്യത്തിന് സാധിക്കുന്നുണ്ടായിരുന്നില്ല. കോട്ടയ്ക്കകത്തു കടക്കാനുള്ള പ്രയത്‌നത്തില്‍ അനേകം പഠാണി സൈനികര്‍ കൊല്ലപ്പെട്ടു. കോട്ടയ്ക്കു ചുറ്റും ശിവാജി ലക്ഷ്മണരേഖ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ആ രേഖ കടന്ന് ആര്‍ക്കും കോട്ടയ്ക്കകത്ത് പ്രവേശിക്കാന്‍ സാധിക്കുമായിരുന്നില്ല.  


കോട്ടയുടെ അടിഭാഗത്ത് പ്രതിദിനം സിദ്ദിജൗഹറിന്റെ ശക്തി വര്‍ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജൗഹറിന്റെ സഹായത്തിനായി പുതിയ പുതിയ സര്‍ദാര്‍മാര്‍ സൈനികരോടുകൂടി വന്നുചേരുന്നുണ്ടായിരുന്നു. അവരില്‍ അധികവും ഹിന്ദു സര്‍ദാര്‍മാരായിരുന്നു എന്നതാണ് നമ്മുടെ ദേശത്തിന്റെ ദുര്‍ഭാഗ്യം. എന്നിരുന്നലും പന്‍ഹാള കോട്ടയുടെ ഭിത്തി തകര്‍ക്കാന്‍ കഴിവുള്ള പീരങ്കികള്‍ സിദ്ദിയുടെ കയ്യിലുണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണ് കച്ചവടത്തിനായി വന്ന ഇംഗ്ലീഷുകാരുടെ കൈയില്‍ പീരങ്കികളുണ്ട് എന്ന് സിദ്ദി ഓര്‍ക്കുന്നത്. ഉടനെതന്നെ ജൗഹര്‍ പീരങ്കി കൊടുത്തയക്കാന്‍ ഇംഗ്ലീഷുകാര്‍ക്ക് പത്രം കൊടുത്തയച്ചു.

ഇംഗ്ലീഷുകാര്‍ പീരങ്കി കൊടുത്തയച്ചാലുള്ള ഗുണദോഷങ്ങളെപ്പറ്റി ചിന്തിച്ചു. ശിവാജി ഘോരവിപത്തിലകപ്പെട്ടിരിക്കുകയാണ്. അവിടുന്ന് രക്ഷപ്പെടാന്‍ സാധ്യമല്ല. ഈ സ്ഥിതിയില്‍ ശിവാജിയെ ഭയപ്പെടേണ്ടതില്ല. ശിവാജിയുമായുണ്ടാക്കിയ പഴയ സന്ധി ലംഘിക്കാം എന്നവര്‍ നിശ്ചയിച്ചു. അതനുസരിച്ച് രാജാപൂരില്‍നിന്നും ഹെന്റി രേവിംഗ്ടണ്‍ ദീര്‍ഘദൂരം പ്രയോഗിക്കാന്‍ സാധിക്കുന്ന അതിശക്തമായ പീരങ്കികളും അതില്‍ ഉപയോഗിക്കാനുള്ള സ്‌ഫോടകവസ്തുക്കളും എടുത്ത് പന്‍ഹാള കോട്ടയിലേക്ക് പുറപ്പെട്ടു.

ശിവാജി ചിന്താകുലനായിക്കൊണ്ട് കോട്ടയുടെ മുകളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരിക്കയായിരുന്നു. അപ്പോഴതാ അതിഭീകരായ പീരങ്കിയുടെ ശബ്ദം, കോട്ടയുടെ ഏതാനും  ഭാഗം നിലംപതിച്ചു. ശിവാജിക്ക് ആശ്ചര്യവും ഒപ്പം ഭയവും ഉണ്ടായി. ഇത്രയും ശക്തമായ പീരങ്കി ജൗഹറിന്ന് എവിടുന്ന് കിട്ടി. ശിവാജി കോട്ടയുടെ അടിഭാഗത്തേക്ക് നിരീക്ഷണം നടത്തി ഇംഗ്ലീഷുകാര്‍ അവരുടെ കൊടിയും പീരങ്കിയുമായി നിലയുറപ്പിച്ചിരിക്കുന്നു. അടുത്തുതന്നെ സ്‌ഫോടകവസ്തുക്കളുടെ വലിയ ശേഖരം തന്നെയുണ്ട്. ഇംഗ്ലീഷുകാരുടെ വിശ്വാസവഞ്ചനയില്‍ ശിവരാജേയുടെ ക്രോധാഗ്നി ജ്വലിച്ചു. ഇതിന്റെ കണക്ക് പിന്നെ തീര്‍ക്കാം. രാജേ മൗനമായിരുന്നു.

ജൗഹറിന്റെ ആക്രമണം പ്രതിദിനം ശക്തിപ്പെടുക മാത്രമല്ല, ആപത്കരവുമായിരുന്നു. ജൗഹറിന്റെ സുരക്ഷാവലയം ഭേദിച്ച് ഒരു ഉറുമ്പിനുപോലും പുറത്തുപോകാന്‍ സാധിക്കുമായിരുന്നില്ല. ഒരു ദിവസം കോട്ടയില്‍നിന്നും ചിലര്‍ പുറത്തു പോകാന്‍ ശ്രമിച്ചു. അവര്‍ പിടിക്കപ്പെട്ടു, കൊല്ലപ്പെട്ടു. ഇതോടൊപ്പം ജൗഹര്‍ രണ്ടു തീരുമാനമെടുത്തു. പന്‍ഹാള കോട്ടയുടെ ഉപരോധം തുടരുന്നതോടൊപ്പം, സൈന്യത്തിന്റെ ഒരു ഭാഗം സൂര്യറാവു സര്‍വേയുടേയും ജസവന്തറാവ് പാല്‍വണീകരുടെയും നേതൃത്വത്തില്‍ പന്‍ഹാള കോട്ടയുടെ നാല്‍പ്പത് മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന  വിശാലഗഢ് ആക്രമിക്കണം. പന്‍ഹാള കോട്ടയ്ക്ക് അവിടുന്ന് സഹായം ലഭിക്കരുത് എന്നതായിരുന്നു ഇതുകൊണ്ടുദ്ദേശിച്ചിരുന്നത്. മറാഠാ സര്‍ദാര്‍മാരായ സൂര്യറാവു ജസവന്തറാവു എന്നിവര്‍ സസൈന്യം വിശാലഗഡിലേക്ക് പുറപ്പെട്ടു. മറ്റൊന്ന് മഴക്കാലത്ത് കോട്ട പ്രതിരോധിക്കുന്നതില്‍ ശൈഥില്യം ഉണ്ടാവാതിരിക്കാന്‍ മുഴുവന്‍ സൈന്യത്തിനും സുരക്ഷിതമായിരിക്കാന്‍ സൈനിക ഛാവണികള്‍ നിര്‍മിച്ചു.  

ബീജാപ്പൂരില്‍നിന്നും സുല്‍ത്താന്‍ ഇടയ്ക്കിടയ്ക്ക് ജൗഹറിന് പത്രം അയച്ച് ജാഗ്രതയോടെ ഇരിക്കാനും, എപ്പോള്‍ എങ്ങനെയുള്ള തന്ത്രമാണ് ശിവാജി പ്രയോഗിക്കുക എന്നറിയാന്‍ സാധിക്കില്ല എന്നും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ജൗഹര്‍ തന്റെ ഉത്തരവാദിത്വം പൂര്‍ണമായും നിര്‍വഹിക്കുന്നുണ്ടായിരുന്നു. ശരീരം മുഴുവന്‍ കണ്ണാക്കിക്കൊണ്ട് ആക്രമണം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കയായിരുന്നു. ദിവസം കഴിയുംതോറും ശിവരാജേയുടെ പരിതസ്ഥിതിയും ആപത്കരമായിക്കൊണ്ടിരിക്കുകയായിരുന്നു.

 

  comment

  LATEST NEWS


  പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.