×
login
ഹമേ തുംസേ പ്യാര്‍ കിത്നാ...

മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍... ഹിന്ദി സംഗീതത്തിലെ രണ്ട് വ്യത്യസ്ത ധാരകളായിരുന്നു ഇവ. ഇവര്‍ക്കുശേഷം വന്നവരെല്ലാംതന്നെ ഇവരുടെ ശൈലിയെ അനുകരിച്ചു സ്വന്തം ഇടം തീര്‍ത്തവരാണ്. കെകെയാണ് അതില്‍ തികച്ചും വ്യത്യസ്തന്‍. അദ്ദേഹം റഫിയെയും കിഷോറിനെയും ഒരുതരത്തിലും അനുകരിച്ചില്ല. അവരെ മാത്രമല്ല, ആരെയും. കെകെ തികച്ചും പുതിയ പാട്ടുകാരനായിരുന്നു. ഒരുപക്ഷേ, ബാല്യത്തിലെ ഏതാനും ദിവസങ്ങള്‍ക്കപ്പുറം സംഗീതം പഠിച്ചിട്ടില്ല എന്നത് അദ്ദേഹത്തെ ഈ തനിമ രൂപീകരിക്കാന്‍ സഹായിച്ചിട്ടുണ്ടാവും.

One good thing about music, when it hits you, you feel no pain.    Bob Marley

കാലത്തില്‍ പാട്ടുനിര്‍ത്തി മടങ്ങിയ കൃഷ്ണകുമാര്‍ കുന്നോത്ത് അഥവാ കെകെ എന്ന ബോളിവുഡ് ഗായകനെക്കുറിച്ചുള്ള ഈ ഫീച്ചറിന് 'കുദ്രാത്'  എന്ന ചിത്രത്തില്‍ മജ്രൂഹ് സുല്‍ത്താന്‍പുരി രചിച്ച് ആര്‍.ഡി. ബര്‍മന്‍ ഈണമിട്ടു കിഷോര്‍ കുമാര്‍ പാടിയ ഗാനത്തിന്റെ ആദ്യവരി തലക്കെട്ടായി നല്‍കിയത് അനുചിതമായല്ലോ എന്ന് ഒരുവേള അമ്പരക്കുന്നുണ്ടായിരിക്കാം.

ഗാനങ്ങളുടെ റിക്കോര്‍ഡിങ്ങുകളും സിനിമകളുടെ ഷൂട്ടിങ്ങുമൊക്കെ പൂര്‍ത്തിയാവുന്ന ദിനങ്ങളിലും വിശേഷ ദിവസങ്ങളിലും പുലര്‍ച്ചെവരെ നീളുന്ന പാര്‍ട്ടികള്‍ ബോളിവുഡിന്റെ ശീലമാണ്. കലാകാരന്മാര്‍ക്കു പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാനും മെച്ചപ്പെട്ട അവസരങ്ങള്‍ വെട്ടിപ്പിടിക്കാനുമൊക്കെയുള്ള സുവര്‍ണാവരസമാണ് ഈ പാര്‍ട്ടികള്‍. ആരും നഷ്ടപ്പെടുത്താറില്ല ഇത്തരം അവസരങ്ങള്‍. പക്ഷേ ഒരാള്‍, ഒരാള്‍ മാത്രം ഇതിനൊന്നും നില്‍ക്കാതെ റിക്കോര്‍ഡിങ് കഴിഞ്ഞുടനേ വീട്ടിലേക്ക് ഓടും. അവിടെച്ചെന്ന് അന്നു നടന്ന സംഭവങ്ങളൊക്കെ എണ്ണിപ്പെറുക്കി ഭാര്യയോടു പറയും. അന്നു പാടിയതും പഠിച്ചതുമൊക്കെ പാടിക്കേള്‍പ്പിക്കും. ചിലപ്പോള്‍ കെകെയുടെ ഡയറി പറച്ചിലില്‍ ശ്രദ്ധവയ്ക്കാന്‍ പറ്റുന്ന നിലയിലായിരിക്കില്ല ജ്യോതി. തന്നോടു വേണ്ട പരിഗണന ഭാര്യ കാട്ടുന്നില്ലെന്നു തോന്നിയാല്‍ മുറിയുടെ ഒരു വശത്തേക്കു മാറിനിന്നു തന്റെ പ്രിയതമയ്ക്ക്് ഏറ്റവും പ്രിയപ്പെട്ട പാട്ടു കെകെ പാടും.

''ഹമേ തുംസേ പ്യാര്‍ കിത്നാ

യഹം നഹി ജാന് തേ

മഗര്‍ ജീ നഹി സക്തേ

തുമാരേ ബിനാ...''

അവിടെ ജ്യോതി അലിയും. വീടൊരു  

വസന്തമാകും.

 • ഗായകന് മുഖമെന്തിന്?

ഒരുപാടു വ്യത്യസ്തനായിരുന്നു കെകെ. അതുകൊണ്ടുതന്നെയാണ് നാലായിരത്തോളം ജിംഗിളുകളും 11 ഭാഷയിലായി എഴുന്നൂറോളം ഗാനങ്ങളും അവയില്‍ മിക്കവയും ഹിറ്റ് ആയിരുന്നിട്ടും ടെലിവിഷന്‍ ഇന്റര്‍വ്യൂകളിലോ അവാര്‍ഡ് നൈറ്റുകളിലോ പരസ്യങ്ങളിലോ പൊതുവിടങ്ങളിലോ ഒന്നും കെകെയെ കാര്യമായി ആരും കാണാതിരുന്നത്. ''ഗായകന്റെ സ്വരമാണ് തിരിച്ചറിയേണ്ടത് മുഖമല്ല''  ഇതായിരുന്നു കെകെ മുന്നോട്ടു വച്ച വിശ്വാസവാക്യം.

ദേശീയ അവാര്‍ഡ് ജേതാവായ സംഗീതസംവിധായകന്‍ സാക്ഷാല്‍ അനു മാലിക് കെകെയെപ്പറ്റി പറയുന്നതു കേള്‍ക്കൂ: ''ഇത്ര എളിമയുള്ള ഒരു ഗായകനെ ഞാന്‍ കണ്ടിട്ടില്ല. സ്റ്റുഡിയോയില്‍ മുന്തിയ ഇരിപ്പിടം വേണമെന്നില്ല. എതു മൂലയിലും ഇരുന്നോളും. ബോളിവുഡിലെ ഒരു പൊളിറ്റിക്സും അറിയേണ്ട. സ്റ്റുഡിയോയില്‍ വരുന്ന വലിയ ആളുകളുമായി പരിചയം ഉണ്ടാക്കണമെന്ന താത്പര്യവുമില്ല. ചോദിക്കുന്നതൊക്കെ അന്നു പാടാന്‍ പോകുന്ന പാട്ടിനെപ്പറ്റി മാത്രമായിരിക്കും. ആവര്‍ത്തിച്ചു ചോദിച്ചും പാടിച്ചും മനസ്സിലാക്കും. തന്റെ ജോലി കഴിയുമ്പോഴേ വീട്ടിലേക്കു വണ്ടി വിടും. ഇങ്ങനൊരു ലാളിത്യവും കുടുംബസ്നേഹവും ഞാന്‍ മറ്റൊരു പാട്ടുകാരനിലും കണ്ടിട്ടില്ല. അതും 500 ഹിറ്റ് ഗാനങ്ങള്‍ ഹിന്ദിയില്‍ പാടിയ ഒരാളില്‍.''  

 • ജിംഗിള്‍ തമ്പുരാന്‍

ചലച്ചിത്ര പിന്നണി ഗായകന്‍ എന്ന നിലയിലാണു കെകെ ആഗോള പ്രശസ്തി നേടിയതെങ്കിലും അദ്ദേഹത്തോളം പരസ്യജിംഗിളുകള്‍ക്കു നാവു ചലിപ്പിച്ചിട്ടുള്ള മറ്റൊരാള്‍ ഉണ്ടാവില്ല. 'കല്ലൂരി ശാലൈ...' എന്ന തന്റെ ആദ്യ ചലച്ചിത്രഗാനം 'കാതല്‍ദേശം' സിനിമയില്‍ എ.ആര്‍.  റഹ്മാനുവേണ്ടി പാടുന്നതിനു മുന്‍പുതന്നെ താന്‍ 3,500 ഓളം പരസ്യജിംഗിളുകള്‍ പാടിക്കഴിഞ്ഞിരുന്നുവെന്ന് 2009ല്‍ എഐഎന്‍എസ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ കെകെ ചൂണ്ടിക്കാട്ടിയിരുന്നു. പെപ്‌സി, നെരോലാക് പെയിന്റ്, ഹീറോ ഹോണ്ട, കോള്‍ഗേറ്റ്, ഡബിള്‍ മിന്റ്... തുടങ്ങി ഇന്ത്യക്കാരുടെ നാവില്‍ ചലച്ചിത്രഗാനങ്ങള്‍ക്കൊപ്പം തത്തിക്കളിക്കുന്ന പല പരസ്യഗാനങ്ങളും പാടിയതു കെകെ ആണെന്ന് അധികമാര്‍ക്കും അറിയില്ല.

ഇന്ത്യന്‍ ജിംഗിള്‍ മ്യൂസിക്കിലെ ചക്രവര്‍ത്തിമാരായ ലൂയി ബാങ്ക്സിന്റെയും ലസ്ലി ലൂയിസിന്റെയും ഫസ്റ്റ് സേര്‍വ് ആയിരുന്നു കെകെ. കൊമേഴ്സ്യല്‍ ഗായകര്‍ക്ക് ഒരു വലിയ വെല്ലുവിളിയും സാധ്യതയുമുണ്ട്. അത് എല്ലാ ഭാഷയിലും പാടണം എന്നതാണ്. അവിടെ കെകെ തിളങ്ങി. പിന്നീട് രാജ്യത്തെ എല്ലാ ഭാഷയിലും പാടാനുള്ള ആത്മവിശ്വാസം കെകെ നേടിയെടുത്തത് ഈ ജിംഗിള്‍ പരിചയസമ്പത്തിന്റെ ബലത്തിലാണ്.

അതുകൊണ്ടാണ് ആദ്യ ആല്‍ബം 'പല്‍' ന്റെ  കോപ്പിയുമായി ലസ്ലി ലൂയിസിന്റെ മുന്നില്‍ കൃതജ്ഞതാപുരസ്സരം ചെന്ന് ''അങ്ങ് എനിക്ക് ഒരു കരിയര്‍ ഉണ്ടാക്കിത്തന്നു'' എന്നു കെകെ പറഞ്ഞത്.  

''സന്തോഷവാനായ മനുഷ്യനായിരുന്നു കെകെ. ആന്തരികമായ ആ ആഹ്ലാദമാണ് ജിംഗിളുകളില്‍ കെകെ പ്രസരിപ്പിച്ചത്. പരസ്യഗാനങ്ങളില്‍ ഏറ്റവും പ്രധാനം ഹാപ്പി മൂഡാണ്. അതുകൊണ്ടുതന്നെ കെകെയുടെ കൈകളില്‍ ജിംഗിളുകള്‍ ഭദ്രമായി ഏല്‍പ്പിക്കാമായിരുന്നു'' ലസ്ലി പറയുന്നു.

 

 • ജ്യോതിയും  എ.ആര്‍.  റഹ്മാനും

ബാല്യകാലസഖിയായ ജ്യോതിയാണു പില്‍ക്കാലം കെകെയുടെ ജീവിതസഖിയായത്. തന്റെ ഭര്‍ത്താവിന്റെ സംഗീതജീവിതത്തിലെ നിത്യപ്രചോദകയായിരുന്നു അവര്‍. ദല്‍ഹി കിരോരി മായി കോളജില്‍നിന്നു കോമേഴ്സില്‍ ഡിഗ്രി എടുത്തശേഷം പാട്ടും ചില്ലറ ജോലിയുമായി കഴിയുന്ന കാലത്താണ് ജ്യോതിയെ വിവാഹം കഴിക്കുന്നത്.

സംഗീതത്തില്‍ കരിയര്‍ ഉണ്ടാക്കണമെങ്കില്‍ മുംബൈയിലേക്കു മാറണം എന്ന ജ്യോതിയുടെ നിര്‍ദേശപ്രകാരമാണ് ദല്‍ഹിയില്‍നിന്നു ബോളിവുഡിലേക്കുള്ള ചുവടുമാറ്റം. 1994ല്‍ ദമ്പതികള്‍ ആദ്യകുട്ടിയെ പ്രതീക്ഷിച്ചിരിക്കുന്ന കാലത്തായിരുന്നു കൂടുമാറ്റം. ഈ താമസമാറ്റമാണ് കെകെയിലെ പ്രഫഷണല്‍ സിങ്ങറെ വാര്‍ത്തെടുത്തത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ മറ്റൊരാള്‍ സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍ ആണ്. ജിംഗിളുകളിലെ സ്വരശക്തി തിരിച്ചറിഞ്ഞ റഹ്മാന്‍ ആദ്യം നല്‍കിയത് ഒരു ഫാസ്റ്റ് നമ്പര്‍ ആണെങ്കിലും 'പല്‍' എന്ന ആല്‍ബം കെകെയുടെ ഗാനവ്യക്തിത്വത്തെ വിളംബരം ചെയ്തു. അതിലെ പല്‍..., യാരോ ദോസ്തി... എന്നിവ കെകെയ്ക്കു ബോളിവുഡിലേക്കുള്ള സ്വാഗതഗാനങ്ങളായി. തനിക്ക് എന്തും വഴങ്ങുമെന്നും, തന്നെ എന്തിനും ഉപയോഗിക്കാമെന്നും റഹ്മാന്റെ ഈ മൂന്നു പരീക്ഷണങ്ങളിലൂടെ കെകെ ലോകത്തോടു പറഞ്ഞു.

പിന്നീട് ഹം ദില്‍ ദേ ചുപ്‌കെ സനമിലെ എന്ന ചിത്രത്തിലെ തഡപ്പ് തഡപ്പ്..., ദേവദാസിലെ ഡോലാരെ ഡോലാരെ..., ഓം ശാന്തി ഓമിലെ ആംഖോം മേം തേരി..., ബച്ച്‌നാ ഏ ഹസീനോയിലെ ഖുദാ ജാനേ  കേ..., ഹാപ്പി ന്യൂ ഇയറിലെ ഇന്‍ഡിയ വാലേ..., ഗ്യാങ്സ്റ്ററിലെ തൂഹി മേരി ഷബ് ഹെ..., ഗൂണ്ടേയിലെ തൂനെ മാരി എന്‍ട്രിയാറ്..., വോ ലംഹേയിലെ ക്യാ മുജെ പ്യാര്‍ ഹേ..., ആഷിഖി 2ലെ പിയാ ആയേ നാ...,  ബജ്രംഗി ഭായ്ജാനിലെ തു ജോ മിലാ..., മിന്‍സാര കനവിലെ സ്‌ട്രോബറി കണ്ണേ..., ഗില്ലിയിലെ അപ്പടി പോട്..., കാക്ക കാക്കയിലെ ഉയിരിന്‍ ഉയിരേ... എന്നിങ്ങനെ ഇന്ത്യയുടെ നെഞ്ചില്‍ എത്രയോ ഹിറ്റുകള്‍ നിത്യഹരിതമായി.


 

 • മാറ്റൊലിയല്ല

മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍... ഹിന്ദി സംഗീതത്തിലെ രണ്ട് വ്യത്യസ്ത ധാരകളായിരുന്നു ഇവ. ഇവര്‍ക്കുശേഷം വന്നവരെല്ലാംതന്നെ ഇവരുടെ ശൈലിയെ അനുകരിച്ചു സ്വന്തം ഇടം തീര്‍ത്തവരാണ്. കെകെയാണ് അതില്‍ തികച്ചും വ്യത്യസ്തന്‍. അദ്ദേഹം റഫിയെയും കിഷോറിനെയും ഒരുതരത്തിലും അനുകരിച്ചില്ല. അവരെ മാത്രമല്ല, ആരെയും. കെകെ തികച്ചും പുതിയ പാട്ടുകാരനായിരുന്നു. ഒരുപക്ഷേ, ബാല്യത്തിലെ ഏതാനും ദിവസങ്ങള്‍ക്കപ്പുറം സംഗീതം പഠിച്ചിട്ടില്ല എന്നത് അദ്ദേഹത്തെ ഈ തനിമ രൂപീകരിക്കാന്‍ സഹായിച്ചിട്ടുണ്ടാവും. ''സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല എന്നത് ഒരു കുറവല്ലെന്ന് എനിക്കു തോന്നിത്തുടങ്ങിയത് കിഷോര്‍ കുമാറും സംഗീതം പഠിച്ചിട്ടില്ല എന്നറിഞ്ഞതു മുതലാണ്. ഏത് പാട്ടും ഒറ്റത്തവണ കേട്ടാല്‍ ഹൃദിസ്ഥമാക്കാനുള്ള കഴിവ് ബാല്യം മുതലേ ദൈവം എനിക്കു നല്‍കിയിരുന്നു.'' കെകെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആ കഴിവിന്റെ കൈപിടിച്ചായിരുന്നു ആ സംഗീതയാത്ര.

സംഗീതസംവിധായകരും രചയിതാക്കളും ബാനറും ഒന്നും കെകെയ്ക്ക് പ്രസക്തമായിരുന്നില്ല. ഒരേ ആത്മാര്‍ഥതയോടെ അദ്ദേഹം ഗാനത്തെ സമീപിച്ചു. ഓരോ നിമിഷവും ആ ആത്മാര്‍ഥത കെകെ നമ്മെ അനുഭവിപ്പിച്ചു. പ്രണയത്തില്‍, വിരഹത്തില്‍, ഏകാന്തതയില്‍, ഉല്ലാസത്തില്‍... ഒക്കെ കാതോരം ചേര്‍ന്നിരുന്നു. 1999 ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനു വീര്യം പകരാന്‍ തീര്‍ത്ത 'ജോഷ് ഓഫ് ഇന്ത്യ'  പാടിയതും മറ്റാരുമല്ല.

 • മലയാളി എങ്കിലും

മലയാളികളുടെ അഭിമാനമെങ്കിലും കെകെ മലയാളിയാണെന്ന് ഇന്നാട്ടുകാര്‍ അറിഞ്ഞിട്ടും ആരാധിച്ചു തുടങ്ങിട്ടും അധികനാള്‍ ആയില്ല. അതുകൊണ്ടുതന്നെ മലയാള ചലച്ചിത്രഗാനരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനവും വൈകി. വെറും മൂന്നു പാട്ടേ അദ്ദേഹത്തിനു തന്റെ പ്രിയഭാഷയില്‍ പാടാന്‍ കഴിഞ്ഞുള്ളൂ. വയലറ്റ് ചിത്രത്തില്‍ ഷമേജ് ശ്രീധറിന്റെ സംഗീതത്തില്‍ ജോഫി തരകന്റെ രചനയില്‍ താരമിഴികളില്‍... എന്ന മെലഡി, പുതിയമുഖം സിനിമയില്‍ ദീപക് ദേവിന്റെ സംഗീതത്തില്‍ കൈതപ്രം രചിച്ച രഹസ്യമായ് രഹസ്യമായ്... എന്ന താരതമ്യേന ഫാസ്റ്റ് നമ്പര്‍,  ഭയ്യാ മൈ ബ്രദര്‍  എന്ന മൊഴിമാറ്റ സിനിമയില്‍ ദേവിശ്രീ പ്രസാദിന്റെ സംഗീതത്തില്‍ സിജു തുറവൂര്‍ രചിച്ച കണ്ണില്‍ സൂര്യനാളം... എന്നിവ.

വയലറ്റിന്റെ സംവിധായകന്‍ ശബരീഷിന്റെ അമ്മ ശ്യാമളാദേവിയും കെകെയുടെ അമ്മ കനകവല്ലിയും സഹോദരങ്ങളുടെ മക്കളാണ്. ഈ ബന്ധത്തിന്റെ പേരിലാണ് തന്റെ ആദ്യസിനിമയില്‍ പാടാനാകുമോ എന്ന് ശബരീഷ് കെകെയോട് ചോദിച്ചത്. കെകെ ഒരുപാട്ടിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന കാലം. റിക്കോര്‍ഡിങ് മുംബൈയില്‍ നടത്താമെങ്കില്‍  പാടാമെന്ന സമ്മതം കേട്ടതോടെ ശബരീഷും സംഗീതസംവിധായകന്‍ ഷമേജ് ശ്രീധറും മുംബൈക്ക് വണ്ടികയറി. മാതൃഭാഷയിലെ ആദ്യഗാനം കെകെ വികാരസാന്ദ്രമായി പാടി.  പോകാനൊരുങ്ങിയ കെകെ ശബരീഷിന്റെ തോളില്‍ കൈയിട്ടുകൊണ്ട് പറഞ്ഞു ''ബന്ധുക്കള്‍ ആണെന്ന് കരുതി പ്രതിഫലം തരാതെ പോകാമെന്ന് കരുതണ്ട'' ശബരീഷ് പരുങ്ങുന്നതുകണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു ''ഞാന്‍ നാട്ടില്‍ വരുമ്പോള്‍ വിളിക്കും. തൃശൂരിലെ പത്തന്‍സ് ഹോട്ടലില്‍നിന്ന് ഒരു മസാലദോശ വാങ്ങിത്തരണം. അതാണ് പ്രതിഫലം!''

കേരളീയരെക്കാളും മലയാളി ആയിരുന്നു കെകെ. മുംബൈയിലെ വീട്ടില്‍പ്പോലും കേരളത്തില്‍നിന്നു വാഴയില വരുത്തി ഭക്ഷണം കഴിക്കുക,  പഴയ മലയാളം പാട്ടുകളും യേശുദാസിന്റെ കൃഷ്ണഭജനകളും കേട്ട് മുംബൈക്കു പുറത്ത് വാഹനമോടിച്ചു പോവുക, പൊറോട്ടയും കേരള ചിക്കന്‍ ഫ്രൈയും മസാലദോശയും ആസ്വദിക്കുക, ബന്ധുക്കളോടെല്ലാം മലയാളത്തില്‍ സംസാരിക്കുക... അതൊക്കെയായിരുന്നു കെകെ.

 • മലയാളം പറയാന്‍ കൊതി

2009ല്‍ പ്രശസ്ത സംഗീതസംവിധായകന്‍ ദീപക് ദേവാണ് കെകെയെ രണ്ടാമതു മലയാളത്തില്‍ എത്തിച്ചത്.  രണ്ടായിരത്തിന്റെ തുടക്കത്തില്‍, മുംബൈയിലെ സഹാറ സ്റ്റുഡിയോ, സ്പെക്ട്രല്‍ ഹാര്‍മണി, സുഭാഷ് ഗായ് സ്റ്റുഡിയോ എന്നിവിടങ്ങളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന നാളുകളിലാണ്  ദീപക് ദേവ് കെകെയുമായി പരിചയത്തിലാവുന്നത്. ഇംഗ്ലീഷില്‍ പരിചയപ്പെട്ട ദീപക്കിനോട് കെകെ പറഞ്ഞു. ''താങ്കള്‍ എന്നോടു മലയാളത്തില്‍ സംസാരിക്കൂ. എനിക്കു മലയാളം പറയാന്‍ കൊതിയാണ്.'' എന്താണു മലയാളത്തില്‍ പാടാത്തതെന്നു ദീപക് ചോദിച്ചു. ''ഗായകന്‍ മാത്രം ആഗ്രഹിച്ചിട്ടു കാര്യമില്ലല്ലോ. അവസരം ചോദിച്ചു പാടാന്‍ വയ്യ. എനിക്ക് പാടാന്‍ കൊതിയുണ്ട്. അവിടത്തെ സംഗീത സംവിധായകര്‍ക്ക് താത്പര്യമുണ്ടോ എന്നു ചോദിക്കൂ. ഞാന്‍ വരാം.'' അതിനുള്ള നിയോഗം തന്നെ കാത്തിരിക്കുന്നുണ്ടെന്നു ദീപക് ദേവ് അന്നു സ്വപ്നം കണ്ടിരുന്നില്ല.

''വെസ്റ്റേണ്‍ നന്നായി പാടുന്നവര്‍ നമുക്കിടയിലുണ്ട്. മെലഡി ഗായകരും. എന്നാല്‍, ഇതു രണ്ടും ഒരേ മട്ടില്‍ ഫ്രെഷ് ആയി പാടുന്നു എന്നതാണ് കെകെയുടെ ഏറ്റവും വലിയ പ്രത്യേകത. വ്യക്തിയെന്ന നിലയില്‍, ആ എളിമയും സാധാരണത്വവും അനന്യമാണ്. തിരക്കുള്ള പാട്ടുകാരനായി ഓടിനടക്കുന്ന കാലത്താണ് മലയാളത്തില്‍ പാടാന്‍ ആഗ്രഹമുണ്ട് എന്ന് അദ്ദേഹം എന്നോടു മനസ്സു തുറക്കുന്നത്'' ദീപക് പറയുന്നു. മലയാളം നന്നായി സംസാരിക്കാന്‍ അറിയാമെങ്കിലും അതിലെ സാഹിത്യപദങ്ങള്‍ തനിക്കു വഴങ്ങുമോ എന്ന ആശങ്കയുള്ളതായി ആദ്യആലാപനത്തിനു മുന്‍പ്  ഒരു ഇംഗ്ളിഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ കെകെ ആശങ്കപ്പെട്ടിരുന്നു.

 

 • നഷ്ടമായത് പാന്‍ ഇന്ത്യ എന്ന സാധ്യത

ഇന്ത്യന്‍ ജനകീയ സംഗീതത്തില്‍ തെക്കും വടക്കും രണ്ട് നക്ഷത്രങ്ങള്‍ പിറന്നു  - യേശുദാസും മുഹമ്മദ് റഫിയും. രാജ്യം കണ്ട ഏറ്റവും മികച്ച ഗായകര്‍. പക്ഷേ, ഇരുവര്‍ക്കും ഇന്ത്യയുടെയാകെ ശബ്ദമാകാന്‍ കഴിഞ്ഞില്ല. യേശുദാസ് ഹിന്ദിയില്‍ ചില പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നെങ്കിലും ഉച്ചാരണം ശരിയാവാതെ നിര്‍ത്തി. റഫിയാകട്ടെ തെക്കോട്ടെത്താനുള്ള ശ്രമങ്ങളൊന്നും നടത്തിയില്ല. അങ്ങനെയൊരു ഗായികയെയും നമുക്കു ലഭിച്ചില്ല. ആശാ ഭോസ്ലേയും ലതാ മങ്കേഷ്‌കറും ചില പരീക്ഷണങ്ങളില്‍ മാത്രമായി തങ്ങളുടെ ദക്ഷിണായനങ്ങള്‍ പരിമിതപ്പെടുത്തി. എസ്. ജാനകിക്കും പി.  സുശീലയ്ക്കും ഹിന്ദിയിലും ചിറകുവിരിക്കാനായില്ല. ചെറിയ തോതിലെങ്കിലും ഇരുദേശത്തേക്കും പ്രതിഭ വ്യാപരിപ്പിച്ചത് എസ്.പി. ബാലസുബ്രഹ്മണ്യം, ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍ എന്നിവര്‍ മാത്രമാണ്. പില്‍ക്കാലത്ത് ശ്രേയ ഘോഷാലും. എല്ലാവരുടെയും മുഖ്യതടസ്സം ഭാഷകളുടെ ഉച്ചാരണസംസ്‌കാരത്തിലെ വലിയ വ്യതിയാനങ്ങള്‍ ആയിരുന്നു.

എന്നാല്‍, ജന്മംകൊണ്ട് മലയാളിയായ കെകെയ്ക്ക് ആ പരിമിതി ഇല്ലായിരുന്നു. (തൃശൂര്‍ സ്വദേശി സി.എസ്. നായരുടെയും കുന്നത്തു കനകവല്ലിയുടെയും മകനായി 1968 ആഗസ്ത് 23നു ജനനം ദല്‍ഹിയില്‍) അദ്ദേഹം ഹിന്ദിയില്‍ പാടിയപ്പോള്‍ അന്നാട്ടുകാരനായും വൈകി മലയാളത്തില്‍ എത്തിയപ്പോള്‍ മലയാളിയായും സ്വീകരിക്കപ്പെട്ടു. തുടക്കം തമിഴിലായിരുന്നെന്നും ഓര്‍ക്കണം. ഒരുപക്ഷേ, ഈ രാജ്യത്തിന്റെയാകെ സ്വരമാധുരിയുടെ പര്യായമാകാനുള്ള സാധ്യതയാണ് ആ 53-ാം വയസ്സിലെത്തിയ മരണം കവര്‍ന്നത്.

കഴിഞ്ഞ മെയ് 31ന് കൊല്‍ക്കത്ത നസറുള്‍ മഞ്ചിലെ വിവേകാനന്ദ കോളജില്‍ ആയിരങ്ങളെ കോരിത്തരിപ്പിച്ച ലൈവ് ഷോയ്ക്കു ശേഷം ഹോട്ടലിലേക്ക് മടങ്ങിയ  കെകെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു. കാല്‍ നൂറ്റാണ്ടിലധികം ഇന്ത്യന്‍ സിനിമാ സംഗീത രംഗത്ത് തിളങ്ങി നിന്ന പ്രിയപ്പെട്ട ഗായകന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് ആരാധകരും സുഹൃത്തുക്കളും.  

 

 • അവസാന ഗാനം നെഞ്ചോടു ചേര്‍ത്ത്  

കെകെ അവസാനമായി ആലപിച്ച ഗാനം പുറത്തിറങ്ങി. ശ്രീജിത് മുഖര്‍ജി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഷെര്‍ദില്‍: ദ് പിലിബിത്ത് സാഗ' എന്ന ചിത്രത്തിനുവേണ്ടി ഗുല്‍സാര്‍ എഴുതിയ 'ധൂപ് പാനി ബനേ ദേ' എന്ന പാട്ടിന് ശന്തനു മൊയിത്ര ആണ് ഈണമൊരുക്കിയത്.

പാട്ട് ഇതിനകം സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. കെകെയുടെ അവസാനഗാനം നെഞ്ചോടു ചേര്‍ക്കുകയാണ് ആരാധകര്‍. നിറകണ്ണുകളോടെയല്ലാതെ പാട്ട് കേട്ടിരിക്കാനാകില്ലെന്നാണ് പ്രതികരണങ്ങള്‍. ഈ ഗാനത്തിന്റെ റെക്കോര്‍ഡിങ്ങിനു ശേഷം കെകെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഇപ്പോള്‍ നൊമ്പരത്തോടെയാണ് ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നത്.

 

പ്രിയ കെകെ,

ഹമേ തുംസേ പ്യാര്‍ കിത്നാ

യഹം നഹിം ജാന്തേ...

അതേ, ഞങ്ങള്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു ഞങ്ങള്‍ക്കുപോലും അറിയില്ല.

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.