×
login
സേവന മുഖത്ത് സമാനതകളില്ലാതെ

സേവനം നല്‍കുമ്പോള്‍ അവിടെ ജാതി, മത, രാഷ്ട്രീയ ഭേദചിന്തകള്‍ അരുത്. ദുരന്തമുഖത്ത് വേര്‍തിരിവുകളെല്ലാം അപ്രസക്തം. അവിടെ ആരേയും കാത്തുനില്‍ക്കരുത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ഉണര്‍ന്നെണീയ്ക്കാന്‍ വൈകി. പക്ഷേ, സംഘചിന്തയിലും സേവനനിരതയിലും മനസ്സര്‍പ്പിച്ച സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ക്ക് ഒന്നും വിലങ്ങുതടിയായില്ല. അങ്ങനെയുള്ള ദിനങ്ങളായിരുന്നു പ്രളയദുരിതങ്ങളുടെ സങ്കടം ഉള്ളിലേറ്റിയ നാടിനൊപ്പം സേവാഭാരതി ചെലവഴിച്ചത്.

ഒക്ടോബര്‍ 16, ശനി. കൂട്ടിക്കല്‍, കൊക്കയാര്‍ നിവാസികള്‍ക്ക് പ്രകൃതി സമ്മാനിച്ചത് കറുത്ത ശനി. രാവിലെ മുതല്‍ തിമര്‍ത്തു പെയ്ത മഴ. ആരും പ്രതീക്ഷിക്കാതെ കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളെ പിഴുതെറിഞ്ഞ് ഉരുള്‍പൊട്ടല്‍. സര്‍വ്വതും വെള്ളത്തില്‍ മുങ്ങി. കണ്‍മുന്നില്‍ വീടുകള്‍ ഒലിച്ചുപോകുന്നു. തൊട്ടടുത്തു നിന്നവര്‍ മലവെള്ള പാച്ചിലില്‍ കാണാതാകുന്നു. നടുക്കുന്ന രംഗം കണ്ട് വിറങ്ങലിച്ചു മലയോരം. എന്തു ചെയ്യണമെന്നറിയാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍. അവിടേക്ക് ഓടിയെത്തിയ സേവാഭാരതി പ്രവര്‍ത്തകര്‍ അറച്ചുനില്‍ക്കാതെ ദുരന്തമുഖത്ത് കര്‍മ്മനിരതരായി.

 

ഒഴുക്കില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍

ദുരന്തമുഖത്തേക്ക് ഓടിയെത്തിയ സേവാഭാരതി പ്രവര്‍ത്തകര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ പങ്കുചേര്‍ന്നു. പല സംഘങ്ങളായി തിരിഞ്ഞ് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിച്ചു. വീടും കിടപ്പാടവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ നേരില്‍ക്കണ്ട് സഹായമെത്തിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കി. 20 ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതരുടെ ആവലാതികള്‍ കേട്ട് അവര്‍ക്കാവശ്യമായ ഭക്ഷണവും വസ്ത്രവും മറ്റും ശനിയാഴ്ച വൈകിട്ട് തന്നെ എത്തിച്ച് സഹായ പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ഞായറാഴ്ച രാവിലെ സേവാഭാരതി കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ദുരന്തമുഖത്തെത്തി. മുന്നോട്ടുള്ള രക്ഷാപ്രവര്‍ത്തനത്തിന് ഏകോപന പരിപാടികള്‍ തയ്യാറാക്കി. തുടര്‍ന്നുള്ള ദിവസങ്ങളിലെ സേവന പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയതോടെ കൂടുതല്‍ പ്രവര്‍ത്തകര്‍ ദുരന്തസ്ഥലത്ത് എത്തി. അതോടെ സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചടുലമായി.

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 600 സേവാഭാരതി പ്രവര്‍ത്തകരാണ് ആദ്യ ഘട്ടത്തില്‍ കൂട്ടിക്കലില്‍ എത്തിയത്. കൂട്ടിക്കല്‍ കോന്നിയമഠം സാലി തോമസിന്റെ വീട് കേന്ദ്രീകരിച്ചാണ് സേവാഭാരതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സേവനത്തിനാവശ്യമായ ഉപകരണങ്ങളും ആംബുലന്‍സ് സൗകര്യങ്ങളും പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഭക്ഷണം കഴിക്കാനും വിതരണം ചെയ്യാനുമെല്ലാം ഈ വീടിന്റെ പരിസരം ഉപയോഗിച്ചു. 3010 പ്രവര്‍ത്തകരുടെ സേവനമാണ് വിവിധ ഘട്ടങ്ങളിലായി ദുരന്തഭൂമിയില്‍ സേവാഭാരതി നല്‍കിയത്.

 

ഒലിച്ചുപോയ പാതകള്‍

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പല പ്രധാന പാതകളും ഒലിച്ചുപോയിരുന്നു. ഉള്ളവയാകട്ടെ മണ്ണും കല്ലും നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതായി. പ്രധാന പാലങ്ങള്‍ തകര്‍ന്നു വീണു. കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായി. മണിമലയാറിന്റെ കൈവഴിയായ പുല്ലകയാറിന്റെ കരയിലുള്ള കൂട്ടിക്കല്‍ ടൗണിലെ സര്‍ക്കാര്‍ ഓഫീസ്, സ്റ്റേറ്റ് ബാങ്ക് ശാഖ, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എല്ലാം ചെളി നിറഞ്ഞ നിലയിലായിരുന്നു. ഇളങ്കാട് ടോപ്പ്, പ്ലാപ്പള്ളി, കാവാലി, ഏന്തയാര്‍, കൊക്കയാര്‍, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കുറുവാമൂഴി, ചേനപ്പാടി, മണിമല, വെള്ളാവൂര്‍ എന്നിവിടങ്ങളിലെല്ലാം മലവെള്ളം നാശം വിതച്ചു പാഞ്ഞു. 21 പേരുടെ ജീവനെടുത്താണ് മലവെള്ളം താണ്ഡവമാടിയത്.

 

ചെളിയില്‍പൂണ്ട വീടുകള്‍

ആര്‍ത്തിരമ്പിയെത്തിയ മലവെള്ളം ബാക്കി വെച്ച വീടുകളില്‍ സമ്മാനിച്ചത് ചെളിയും മണ്ണും. വെള്ളമിറങ്ങിയ ഞായറാഴ്ച സ്വന്തം വീടുകളില്‍ തിരികെയെത്തിയവര്‍ കണ്ടത് അഞ്ചടിയോളം ഉയരത്തില്‍ മുറികളില്‍ ചെളിയും മണ്ണും. വീട്ടുപകരണങ്ങള്‍ എല്ലാം നശിച്ചു. ബാക്കിയുള്ളത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാത്രം. എല്ലാം മലവെള്ളം കൊണ്ടുപോയി. വര്‍ഷങ്ങള്‍ കൊണ്ട് സമ്പാദിച്ചതെല്ലാം മണ്ണില്‍ മൂടിയ അവസ്ഥ. ഒന്നുമില്ലാതെ തെരുവിലേക്ക്. അപ്രതീക്ഷിത ഞെട്ടലാണ് എല്ലാവരിലും ഉണ്ടാക്കിയത്. മുന്നോട്ട് എന്തെന്നറിയാത്ത നിമിഷം. ഇത്തരം വീടുകളിലേക്ക് ജാതിമത വ്യത്യാസമില്ലാതെ മറ്റ് സന്നദ്ധ സംഘടനകള്‍ക്കൊപ്പം സേവാഭാരതി ഇറങ്ങി. വിറങ്ങലിച്ചു നിന്ന നാട്ടുകാര്‍ക്ക് കൈത്താങ്ങായി. വീടുകള്‍ ശുചിയാക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കമിട്ട് ദുരന്ത ഭൂമിയില്‍ പുതിയ പ്രത്യാശയ്ക്ക് വഴിതുറന്നു.

 

800 വീടുകള്‍, 310 കിണറുകള്‍

പെരുവന്താനം, കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം, പാറത്തോട്, എരുമേലി, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, മണിമല, വെള്ളാവൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ എണ്ണൂറ് വീടുകള്‍ ശുചീകരിച്ചു. കല്ലും മണ്ണും നിറഞ്ഞ ശോച്യാവസ്ഥയിലായ മൂന്നു തോടുകള്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനവും ഇതിനൊപ്പം നടന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട പാതകള്‍ സഞ്ചാരയോഗ്യമാക്കുന്ന പ്രവര്‍ത്തനവും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തുടക്കമിട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 12 പാതകള്‍ സഞ്ചാരയോഗ്യമാക്കിയതോടെ ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ സേവന പ്രവര്‍ത്തനം എത്തിക്കാനായി. 310 കിണറുകള്‍ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കി. 450 വ്യാപാര സ്ഥാപനങ്ങളിലെ ചെളി നീക്കം ചെയ്തു.

 

കരുതലായി പാലം

മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നടിഞ്ഞ കൊക്കയാറിന് കരുതലായി പാലം നിര്‍മിച്ച് സേവാഭാരതി. മലവെള്ളം ഒഴുക്കിക്കളഞ്ഞ പാലത്തിന് പകരം അഞ്ചടി വീതിയില്‍ പന്ത്രണ്ട് മീറ്റര്‍ നീളത്തില്‍ പുതിയ പാലം. ആയിരത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തിയ മഹാശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പാലം തീര്‍ത്തത് കൊക്കയാറിന് നല്‍കിയത് വലിയൊരാശ്വാസം. സമീപ പ്രദേശങ്ങളില്‍ നിന്ന് ചുമന്നുകൊണ്ടുവന്ന മരത്തടികള്‍ ചേര്‍ത്ത് സ്ഥാപിച്ച പാലം നാടിനെ ഒറ്റപ്പെടലിന്റെ വേദനകളില്‍ നിന്ന് മോചിതമാക്കി.

 

മണ്ണ് നിറഞ്ഞ ക്ഷേത്രം

ശക്തമായ മലവെള്ളപ്പാച്ചിലില്‍ എസ്എന്‍ഡിപി 3545-ാം നമ്പര്‍ വെംബ്ലി ശാഖയുടെ ശ്രീമഹാമായ ദേവീ ക്ഷേത്രത്തിന്റെ പരിസരവും ചുറ്റമ്പലവും മണല്‍ നിറഞ്ഞ നിലയിലായിരുന്നു. ശ്രീകോവിലിന് സമീപത്ത് നാലടിയോളം മണല്‍ നിറഞ്ഞതോടെ ക്ഷേത്രം തുറക്കാനാവാത്ത അവസ്ഥ. പ്രതിസന്ധി ഘട്ടത്തില്‍ ഭക്തരും ക്ഷേത്രഭാരവാഹികളും സേവാഭാരതിയുടെ സഹായം അഭ്യര്‍ത്ഥിച്ചു. നൂറ് പ്രവര്‍ത്തകര്‍ രണ്ട് ദിവസം നടത്തിയ പ്രയത്നത്തിനൊടുവില്‍ ക്ഷേത്രം കഴുകി വൃത്തിയാക്കി. നിലവില്‍ ക്ഷേത്രത്തിന്റെ കിണര്‍ മണല്‍ മൂടിയ അവസ്ഥയിലാണ്. അടുത്ത ദിവസം കിണറും വൃത്തിയാക്കാനാണ് സേവാഭാരതിയുടെ തീരുമാനം.

 

തുടരുന്ന ഭക്ഷണ വിതരണം

ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയ അന്നുമുതല്‍ ആരംഭിച്ച ഭക്ഷണ വിതരണം ഇപ്പോഴും തുടരുന്നു. ആദ്യ ഘട്ടത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കായിരുന്നു ഭക്ഷണം എത്തിച്ചത്. തകര്‍ന്നടിഞ്ഞ കൂട്ടിക്കല്‍ ടൗണില്‍ വ്യാപാര സ്ഥാപനങ്ങളൊന്നും ഇതുവരെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. ഹോട്ടലുകള്‍ തുറക്കാത്തതുമൂലം പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തുന്നവര്‍ക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. ഇതുമനസ്സിലാക്കിയ സേവാഭാരതി പ്രവര്‍ത്തകര്‍ ഇവര്‍ക്കായി 250ഓളം പൊതിച്ചോറുകള്‍ ദിവസേന എത്തിച്ചു നല്‍കുന്നു.

 

ഉത്തരവാദി സര്‍ക്കാര്‍  

ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും പാഠം പഠിക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍. ഓരോ ദുരന്തം കഴിയുമ്പോഴും പ്രകൃതി സംരക്ഷണത്തെ മുന്‍നിര്‍ത്തിയുള്ള നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. പക്ഷേ, അതൊന്നും നടപ്പാകില്ല. മുന്‍കരുതലുകള്‍ കൈക്കൊള്ളുകയോ ചെയ്യാറില്ല.

കൂട്ടിക്കല്‍, ഏന്തയാര്‍, കൊക്കയാര്‍  ഉരുള്‍പൊട്ടലും മലയിടിച്ചിലും മൂലം ഉണ്ടായ ദുരന്തങ്ങള്‍ക്ക് വഴിവച്ചതിന്റെ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്ത് മുതല്‍ തുടങ്ങും. വാഗമണ്‍ മലനിരകളോട് അനുബന്ധമായുള്ള കുന്നുകളാണ് കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തികളില്‍ കിടക്കുന്ന ഇവിടങ്ങളിലേത്. പാരിസ്ഥിതികമായി ദുര്‍ബലമായ ഈ പ്രദേശത്തെ തകിടം മറിക്കാന്‍ സാഹചര്യമൊരുക്കിയത് പഞ്ചായത്തുകളാണ്. തകര്‍ന്നടിഞ്ഞ കൂട്ടിക്കല്‍ ടൗണ്‍ എന്ന് പഴയപടിയിലെത്തുമെന്ന് ആര്‍ക്കുമറിയില്ല.

പരിസ്ഥിതിലോല മേഖലയായ കൂട്ടിക്കല്‍ നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉയര്‍ത്തിക്കാട്ടിയതാണ്. അധികാരികള്‍ ഇതൊന്നും കണ്ടില്ലെന്ന മട്ടില്‍ നടന്നു. ഗൗരവമേറിയ കണ്ടെത്തലുകള്‍ 2015 സപ്തംബറില്‍ അന്നത്തെ സംസ്ഥാന പരിസ്ഥിതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും രേഖാമൂലം കൈമാറി. എന്നാല്‍ നടപടി മാത്രം ഉണ്ടായില്ല.

 

  comment

  LATEST NEWS


  ഒളിമ്പിക്‌സ് ബഹിഷ്‌കരണത്തിന് യുഎസ് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചൈന


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.