×
login
ലോകത്തെ സകലമാന കമ്യൂണിസ്റ്റ് നേതാക്കളും ചില ബുദ്ധിജീവികളും പറഞ്ഞത്- ശ്രീനിവാസന്‍

പിന്നെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം. അതിനെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്നതുകൊണ്ട് ഓരോ വര്‍ഷവും ലക്ഷക്കണക്കിനു പേര്‍ മരിക്കുന്നു എന്ന് അവിടത്തെ തന്നെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യമില്ല. സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന ആശയത്തിനുമേല്‍ കെട്ടിപ്പടുത്ത രാജ്യത്ത് ഇങ്ങനെ സംഭവിക്കുന്നത് ഉചിതമാണോയെന്ന് എനിക്കറിയില്ല.

ശ്രീനിവാസന്‍

ലോകത്തെ സകലമാന കമ്യൂണിസ്റ്റ് നേതാക്കളും ചില ബുദ്ധിജീവികളും പറഞ്ഞത് പലതവണ കേട്ട് ചെറുപ്പത്തിലെ എന്റെ നെഞ്ചില്‍ പതിഞ്ഞുപോയ സ്വപ്‌നമായിരുന്നു 'മധുര മനോഹര മനോജ്ഞ ചൈന.' ഇവിടെ എന്ത് മോശം സംഭവമുണ്ടായാലും ചൈനയിലിങ്ങനെയൊന്നുമല്ല. അവിടെ തേനും പാലും ഒഴുകുകയാണെന്ന് പറഞ്ഞുനടന്നിരുന്ന ഒരുപാട് ക്യൂബ മുകുന്ദന്മാര്‍ എന്റെ നാട്ടിലുണ്ടായിരുന്നു. അന്നേ മനസ്സിലുറപ്പിച്ചതാണ് ചൈനയില്‍ പോകണം, ആ നാട് കാണണം.

പിന്നീട് അതിനുള്ള പാങ്ങായപ്പോള്‍ അവിടെ പോയി, ഒരു തവണയല്ല, രണ്ടുതവണ. അതുകൊണ്ടൊരു ഗുണമുണ്ടായി. ഇപ്പോഴത്തെ ക്യൂബ മുകുന്ദന്മാര്‍ മധുര മനോഹര മനോജ്ഞ ചൈനയെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ ചിരിക്കും. ചിരിച്ച് ചിരിച്ച് കണ്ണില്‍നിന്ന് വെള്ളം വരും. കാരണം രണ്ടുതവണയും ഞാന്‍ കണ്ടത് മനോജ്ഞ ചൈനയല്ല; മറിച്ച്, മഹാകവി വയലാര്‍ പറഞ്ഞതുപോലെ കുടില കുതന്ത്ര ഭയങ്കര ചൈനയാണ്.


സത്യം പറഞ്ഞാല്‍ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുവിശ്വസിക്കുന്ന ആളുകള്‍ ചൈനയിലിന്ന് തുലോം കുറവാണ് എന്നാണ് രണ്ട് സന്ദര്‍ശനങ്ങളില്‍നിന്നും എനിക്ക് മനസ്സിലായത്. ലോകത്ത് ഏറ്റവും അധികം ജനങ്ങള്‍ വസിക്കുന്ന രാജ്യത്തെ ചെറിയൊരു വിഭാഗത്തിനെ പാര്‍ട്ടി അംഗത്വമുള്ളൂ. പാര്‍ട്ടിയെന്നത് ജനങ്ങള്‍ക്ക് അപ്രാപ്യമായ ഒരു സങ്കല്‍പമാണെന്നാണ് അവരുമായി ഇടപഴകിയപ്പോള്‍ തോന്നിയത്. എന്റെ ധാരണ ചൈനയിലുള്ളവരെല്ലാം കമ്യൂണിസ്റ്റുകാരനാണെന്നായിരുന്നു. അതുകൊണ്ട് അവിടെ കണ്ട പലരോടും ഞാന്‍ ചോദിച്ചു. ''ആര്‍ യു എ കമ്യൂണിസ്റ്റ്'' എന്റെ ഗൈഡ് ഹീറോ ഉള്‍പ്പെടെ പലരും പറഞ്ഞത് ''നോ ഐ ആം എ ബുദ്ധിസ്റ്റ്'' എന്നായിരുന്നു. കമ്യൂണിസത്തില്‍ വിശ്വസിക്കാത്ത ആളുകള്‍ ചൈനയില്‍ ധാരാളമുണ്ട്.

ഞാന്‍ ചൈനയില്‍ പോവുന്നതറിഞ്ഞ് നാട്ടില്‍നിന്നൊരു സുഹൃത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു കൊടി കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. ഞാനവിടെ പല സ്ഥലത്തും തിരഞ്ഞിട്ടും ഒരു കൊടി പോലും എവിടെയും കണ്ടില്ല. എനിക്കു തോന്നുന്നു, കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണല്ലോ ദശകങ്ങളായി ഭരിക്കുന്നത്. അവര്‍ക്ക് വേറെയാരോടും മത്സരിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ കൊടിവച്ചുള്ള പ്രചാരണം വേണ്ടെന്നു വച്ചതാവും എന്നാണ്. രണ്ടാം തവണ ചെന്നപ്പോഴും ഞാനതിനായി ശ്രമം നടത്തി. അന്വേഷിച്ചപ്പോള്‍ അത് കിട്ടാന്‍ പ്രയാസമാണെന്ന് പറഞ്ഞു. പക്ഷേ, ടിയാനന്‍മെന്‍  സ്‌ക്വയറിന് സമീപമുള്ള കടയില്‍ ചൈനയുടെ ഒരു ദേശീയ പതാക കണ്ടു. അതു വാങ്ങി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതാകയ്ക്കു പകരം ചൈനീസ് നാഷണല്‍ ഫ്‌ളാഗ് അയാള്‍ക്ക് കൊടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

പിന്നെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം. അതിനെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. ജോലി  ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്നതുകൊണ്ട് ഓരോ വര്‍ഷവും ലക്ഷക്കണക്കിനു പേര്‍ മരിക്കുന്നു എന്ന് അവിടത്തെ തന്നെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യമില്ല. സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന ആശയത്തിനുമേല്‍ കെട്ടിപ്പടുത്ത രാജ്യത്ത്  ഇങ്ങനെ സംഭവിക്കുന്നത് ഉചിതമാണോയെന്ന് എനിക്കറിയില്ല.

പാര്‍ട്ടിയംഗങ്ങളില്‍ വലിയൊരു വിഭാഗം വന്‍പണക്കാരാണ് എന്ന് പലരും പറഞ്ഞു. ഒരാള്‍ കോടീശ്വരനായിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ പാര്‍ട്ടിയംഗത്വത്തിന് അപേക്ഷിക്കും. ഇല്ലെങ്കില്‍ പാര്‍ട്ടി തന്റെ  സമ്പത്ത് തട്ടിക്കൊണ്ടുപോവുമോയെന്ന ഭയം തന്നെ കാരണം. എന്റെ  സന്ദര്‍ശനത്തിനിടെ ഒരു ഫാക്ടറി സമുച്ചയത്തിനകത്ത് കയറി. അതിനുള്ളില്‍ ഒരുപാട് കെട്ടിടങ്ങളൊക്കെയുണ്ട്. ഒരു കെട്ടിടത്തില്‍ 'കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന' എന്നൊരു ബോര്‍ഡ് കണ്ടു. അന്വേഷിച്ചപ്പോള്‍ മനസ്സിലായി, ഫാക്ടറിയുടെ ഉടമസ്ഥനാണ് അവിടത്തെ പാര്‍ട്ടി സെക്രട്ടറി. തന്റെ തൊഴിലാളികളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള സൗകര്യത്തിന് അയാളുതന്നെ സെക്രട്ടറിയായതാണ്. ഏതെങ്കിലും തൊഴിലാളി എന്തെങ്കിലും കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ പിന്നെ അവനെ തീര്‍ത്തു കളയും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.