×
login
മൃതദേഹങ്ങളുടെ സഹയാത്രികന്‍

ജീവിക്കാന്‍ വേണ്ടിയാണ് മോര്‍ച്ചറിയിലെ പോസ്റ്റുമോര്‍ട്ടം സഹായിയായത്. അതൊരു ജീവിതനിയോഗമായി പിന്നീട് മാറുകയായിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ മറവുചെയ്യുന്നയാളായി. ജീവിച്ചിരിക്കെ 'ശവം' എന്ന പേരും ലഭിച്ചു. പക്ഷേ അതൊന്നും അപമാനമായി തോന്നിയില്ല. നാല് പതിറ്റാണ്ടിനിടെ എണ്ണമറ്റ മൃതദേഹങ്ങളാണ് ആ കൈകളിലൂടെ കയറിയിറങ്ങിപ്പോയത്. അസാധാരണമായ ഒരു ജീവിതത്തെക്കുറിച്ച്

കര്‍ക്കടകത്തിലെ കറുത്തവാവിന് ഹിന്ദുക്കള്‍ തങ്ങളുടെ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കാനായി ബലിതര്‍പ്പണം നടത്തുമ്പോള്‍, ഊരും പേരുമറിയാത്ത തന്റെ കൈകളിലൂടെ കടന്ന് പോയ ആയിരങ്ങളുടെ മോക്ഷത്തിനായി പിതൃതര്‍പ്പണം നടത്തുന്ന ഒരാള്‍ ഇങ്ങ് ആലപ്പുഴയിലുണ്ട്. ആലപ്പുഴ പാലസ് വാര്‍ഡില്‍ ചുങ്കത്ത് പുത്തന്‍ചിറയില്‍ സുധന്‍ എന്ന അറുപത്തിഅഞ്ചുകാരനാണ് ഒരു വര്‍ഷംപോലും മുടങ്ങാതെ അന്യര്‍ക്കായി പിതൃതര്‍പ്പണം നടത്തുന്നത്. ഈ വര്‍ഷവും സുധന്‍ അതിന് മുടക്കം വരുത്തിയില്ല. കൊവിഡ് മാനദണ്ഡം പാലിച്ചാണ് പിതൃതര്‍പ്പണം നടത്തിയതെന്ന് മാത്രം. മനക്കരുത്തിന്റെ പര്യായമെന്ന് പലരും പ്രശംസിക്കുന്ന ആള്‍, ബലി ഇടുമ്പോള്‍ കുട്ടികളെപ്പോലെ കരയാറുണ്ട്. അതും തനിക്ക് ആരുമല്ലാതിരുന്ന, എവിടെയോ ആര്‍ക്കോ ജനിച്ച് മരിച്ചവര്‍ക്കായി എന്തിനാണ് സുധന്‍ ബലി ഇടുന്നത്? അത് സുധന്‍ തന്നെ പറയട്ടെ.

പുത്തന്‍ചിറയില്‍ കുമാരന്റെയും രാജമ്മയുടെയും മകനായ പി.കെ. സുധനില്‍ നിന്ന് ശവം സുധനിലേക്കുള്ള തന്റെ പരിണാമം നാല്‍പ്പത്തിയഞ്ചു വര്‍ഷം മുമ്പാണ് ആരംഭിച്ചത്. ചുങ്കത്തെ കയര്‍തൊഴിലാളിയായ അച്ഛന്‍ തങ്ങളെ വളര്‍ത്താന്‍ ഏറെ കഷ്ടപ്പെട്ടു. തുച്ഛമായി കിട്ടുന്ന ദിവസവേതനത്തില്‍ ഏഴംഗ കുടുംബം കഴിയാന്‍ നന്നെ ബുദ്ധിമുട്ടിയിരുന്നു. ജീവിതം കുടുതല്‍ ദുരിതപൂര്‍ണമായി. നാല് സഹോദരിമാര്‍ക്കും കൂടിയുള്ള ഏക സഹോദരനായ തനിക്ക് അന്ന് പത്തൊമ്പത് വയസ് മാത്രമാണ് പ്രായം. ഒരു വഴിയും കാണാതായപ്പോള്‍ അച്ഛന്റെ പരിചയക്കാരനായ ഡോക്ടര്‍ കെ.സി. ജേക്കബ്ബിനോട് വീട്ടിലെ വിഷമങ്ങള്‍ പറഞ്ഞു.

അന്നത്തെ കൊട്ടാരം ആശുപത്രി (പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയായി)യിലെ ആര്‍എംഒ ആയിരുന്നു ഡോക്ടര്‍. മകനോട് തന്നെ ആശുപത്രിയിലെത്തി കാണാന്‍ ഡോ. ജേക്കബ് നിര്‍ദേശിച്ചു. അടുത്ത ദിവസം  ആശുപത്രിയില്‍ എത്തിയ സുധന് ലഭിച്ചത് ആശുപത്രി വഴിയിലെ ചാണകം വാരുന്ന ജോലിയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഉദ്യോഗക്കയറ്റം ലഭിച്ചു, പുല്ല് വെട്ടുകാരനായി. പിന്നീട് കാന വൃത്തിയാക്കലായിരുന്നു. ദിവസക്കൂലി അഞ്ചുരൂപ. 1978 കാലത്ത് അഞ്ചു രൂപ എന്നത് വലിയ സഹായമായിരുന്നു ഞങ്ങള്‍ക്ക.് അച്ഛന്റെ കഷ്ടപ്പാടിന് തെല്ലൊരു ആശ്വാസമായിരുന്നു അഞ്ചുരൂപ.

നാല് സഹോദരിമാരെ പട്ടിണിക്കിടാതെ വളര്‍ത്താനും, കെട്ടിച്ച് വിടാനും  നല്ലതുപോലെ കഷ്ടപ്പെടണമെന്ന് എപ്പോഴും അച്ഛന്‍ പറയുമായിരുന്നു. നല്ലോരു വീടുണ്ടാക്കണം. ഇതെല്ലാം അച്ഛനും ആഗ്രഹിച്ചിരുന്നു, അച്ഛന്റെ ആഗ്രഹം പോലെതന്നെ പട്ടിണിയില്ലാതെ വളര്‍ത്തി. ചെറുതെങ്കിലും ഒരു വീടുണ്ടാക്കി. സഹോദരിമാരെ കല്യാണം കഴിപ്പിച്ച് അയയ്ക്കാന്‍ കഴിഞ്ഞു.

 

ഇന്നും നൊമ്പരമായി അമ്മയും മകളും

തന്റെ മനസ്സിന് ഏറ്റവും കൂടുതല്‍ നോവ് നല്‍കിയതും ഇന്നും മനസില്‍ നീറ്റലായി അവശേഷിക്കുന്ന ആ ദിവസമാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കാന വൃത്തിയാക്കിയ ശേഷം വിശ്രമിക്കുമ്പോഴാണ് വാഹനാപകടത്തില്‍പ്പെട്ട രണ്ടു പേരെ ആശുപത്രിയിലെത്തിച്ചത്. അമ്പലപ്പുഴയ്ക്ക് അടുത്ത് വണ്ടാനത്ത് സ്വകാര്യബസ്സും മിനിവാനും കൂട്ടി ഇടിച്ച് മരിച്ച അമ്മയേയും മകളേയുമാണ് ആശുപത്രിയില്‍ കൊണ്ടുവന്നത.് സംഭവം അറിയാന്‍ താന്‍ ചെന്നപ്പോഴാണ് അത് തന്റെ ഭാര്യയുടെ അടുത്ത കൂട്ടുകാരിയും മകളുമാണെന്ന് തിരിച്ചറിയുന്നത്. കൂട്ടുകാരിയുടെ മകളും എന്റെ മകളും സമപ്രായക്കാര്‍. രണ്ട് ദിവസം മുമ്പ് അമ്മയും മകളും വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് മടങ്ങിയവരാണ്. പതിവിന് വിപീരിതമായി കൂടുതല്‍ സമയം സംസാരിച്ചിരിക്കുകയും ചെയ്തു. അപകട ദിവസം രാവിലെ അമ്മയെയും മകളെയും വഴിയില്‍ കണ്ടു സംസാരിച്ചതാണ്. അവരാണ് ചേതനയറ്റ് കിടക്കുന്നത്. അതുകൊണ്ടുതന്നെ മനസ്സിനെ വിശ്വസിപ്പിക്കാന്‍ കുറെ പാടുപെട്ടു. പെട്ടെന്നുള്ള അപകടമരണം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.

മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ താനും സഹായിച്ചു. മോര്‍ച്ചറിക്കുള്ളില്‍ ജീവിതത്തില്‍ ആദ്യമായി കയറുകയായിരുന്നു. കരഞ്ഞുനിന്ന തന്നോട് ഡ്യൂട്ടിഡോക്ടര്‍ പറഞ്ഞു, ആശുപത്രി ജീവനക്കാര്‍ ഇങ്ങനെ കരയാന്‍ പാടില്ല. താന്‍ എന്നെ പോസ്റ്റ്മോര്‍ട്ടത്തിന് വേണ്ടി ഒന്ന് സഹായിക്ക്. ഡോക്ടര്‍ ആവശ്യപ്പെട്ടപോലെ ചില സഹായങ്ങള്‍ അന്ന് ചെയ്തു. അന്നത്തെ ഗന്ധവും നിശബ്ദതയും മനസ്സില്‍ നിന്ന് ഇന്നും മായാതെ നില്‍ക്കുന്നു. പിന്നീട് നാലര പതിറ്റാണ്ടിനുള്ളില്‍ ആയിരക്കണക്കിന് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഒരിക്കല്‍ പോലും താന്‍ കരഞ്ഞിട്ടില്ല. എങ്കിലും അന്ന് താന്‍ അനുഭവിച്ച ആ ഗന്ധവും നിശബ്ദതയും പിന്നീട് ഇതുവരെ അനുഭവിച്ചിട്ടുമില്ല.

 

ഇരുപത് രൂപയുടെ  പുതിയ തുടക്കം

അടുത്തദിവസം കാന വൃത്തിയാക്കികൊണ്ടിരുന്ന സുധനെത്തേടി ഒരു നഴ്സ് എത്തി. മോര്‍ച്ചറിയിലെ ഡോക്ടര്‍ അന്വേഷിക്കുന്നു, എളുപ്പംചെല്ലാന്‍ പറഞ്ഞു. മോര്‍ച്ചറിയുടെ വാതിക്കല്‍ എത്തിയപ്പോള്‍ അകത്ത് നിന്ന് ഡോക്ടര്‍ ചോദിച്ചു, ഇന്നലെ താനായിരുന്നോ പോസ്റ്റ്മോര്‍ട്ടത്തിന് സഹായിച്ചത്. അതെ എന്ന മറുപടി കേട്ടതും അകത്തോട്ട് വരാന്‍ നിര്‍ദ്ദേശമുണ്ടായി. അകത്ത് ചെന്നപ്പോള്‍ സഹായത്തിന് നില്‍ക്കുന്ന ആള്‍ എത്തിയില്ല, അതുകൊണ്ട് ഇന്നത്തെ സഹായി താനാണെന്നും ഇരുപത് രൂപ തരുമെന്നും ഡോക്ടര്‍ പറഞ്ഞു. വീട്ടിലെ പ്രാരാബ്ധത്താല്‍ വിഷമിച്ചിരുന്ന, അഞ്ചുരൂപ ദിവസക്കൂലിക്കാരനായ തനിക്ക് രണ്ട് മണിക്കൂര്‍ ജോലിചെയ്താല്‍ 20 രൂപാ കിട്ടുമെന്ന് കേട്ടപ്പോള്‍ മറിച്ചൊന്നും പറയാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസത്തെ അനുഭവം വച്ച് വലിയ കുഴപ്പമില്ലാതെ കാര്യങ്ങള്‍ ചെയ്തു.

എന്നാല്‍ ചോരയുടെയും പച്ചമാംസത്തിന്റെയും ഗന്ധവും, വയര്‍ കീറുമ്പോഴുള്ള ദുര്‍ഗന്ധവും കാരണം തുടരെത്തുടരെ തുപ്പാന്‍ പോകുന്നത് കണ്ട ഡോക്ടര്‍ വഴക്ക് പറഞ്ഞു. ഇത് ശരിയാകില്ല, ഞങ്ങളാരും തുപ്പാന്‍ പോകുന്നില്ലല്ലോ. ഇനി ഇത് ആവര്‍ത്തിക്കരുത്. അങ്ങനെ തുപ്പല്‍ ഇറക്കാന്‍ പഠിച്ചു. അതിന് ശേഷം ചീഞ്ഞളിഞ്ഞതും, പുഴു അരിച്ചതുമായ മൃതദേഹങ്ങള്‍ കൈകൊണ്ട് എടുത്തപ്പോഴും ഒരിക്കല്‍ പോലും ഭയമോ അറപ്പോ ഉണ്ടായിട്ടില്ല. പിന്നീട് നാല്‍പ്പത്തിരണ്ട് വര്‍ഷം ശരീരം വെട്ടിക്കീറി തുന്നുകയായിരുന്നു. അന്നും ഇന്നും മാസ്‌കോ കൈയുറയോ ഉപയോഗിച്ചിട്ടില്ല. നാല് പതിറ്റാണ്ടിലെ അനാഥപ്രേതങ്ങളുമായിട്ടുള്ള സഹവാസം.  ശിവന് ഒരു ഓമനപ്പേര് സമ്മാനിച്ചു, 'ശവം'. അതോടെ സുധന്‍ 'ശവം' സുധനായി.

പിന്നീട് അനാഥ ശവങ്ങള്‍ എടുക്കാനും മറ്റും പോലീസ് വിളിക്കാന്‍ തുടങ്ങി. ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെടുന്നതനുസരിച്ച് അനാഥപ്രേതങ്ങളെ മറവു ചെയ്യുകയും, ആറ്റിലും പുഴയിലും ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍ കരക്കെത്തിച്ച് സംസ്‌കരിക്കാനും തുടങ്ങി. അറപ്പുളവാക്കുന്ന അഴുകിയ മൃതദേഹങ്ങള്‍ കൈ ഉറയോ മുഖാവരണമോ ഇല്ലാതെ മാറോട് ചേര്‍ത്തെടുക്കുകയായിരുന്നു സുധന്‍. പുഴുവരിച്ച മൃതദേഹമെടുത്താലും സോപ്പിട്ട് കൈകാല്‍ കഴുകിയ ശേഷം ഭക്ഷണം കഴിക്കും. വെള്ളത്തില്‍ കിടന്ന് ചീഞ്ഞ മൃതദേഹങ്ങള്‍ എടുത്താല്‍ മാത്രം കുളിക്കും.

ഓരോ മൃതദേഹം എടുക്കുമ്പോഴും അത് താനാണെന്ന് മനസ്സില്‍ ഉറപ്പിച്ചാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് അറപ്പും മടിയും ഒരു മൃതദേഹം എടുക്കുമ്പോഴും തോന്നിയിട്ടില്ല. മൃതദേഹത്തോട് ബഹുമാനം പുലര്‍ത്തി ഈശ്വരീയകാര്യമായി കണ്ടാണ് ശവങ്ങള്‍ കൈകാര്യം ചെയ്യുക. വളരെ സുക്ഷിച്ച് എടുത്തില്ലെങ്കില്‍ പിടിക്കുന്ന ഭാഗം ചിലപ്പോള്‍ കൈയില്‍ ഇരിക്കും. ബന്ധുക്കള്‍ക്ക് പോലും അറപ്പ് ഉളവാക്കുന്ന വിധത്തില്‍ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ ഒരു മടിയും കൂടാതെ വൃത്തിയാക്കി പുതു വസ്ത്രം അണിയിച്ച് പെട്ടിയിലാക്കി സുഗന്ധം പൂശി കൈമാറുകയാണ് ചെയ്യാറ്. അപ്പോള്‍ ബന്ധുക്കളുടെ മുഖത്തെ ആശ്വാസവും, തനിക്ക് ലഭിക്കുന്ന സംതൃപ്തിയും വിവരിക്കാന്‍ കഴിയില്ല.

 

രഹസ്യങ്ങളുടെ  കലവറ തുറക്കാതെ

സുധന്റെ മനസ്സ് രഹസ്യങ്ങളുടെ കലവറയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് മൂന്നോ, നാലോ ആശുപത്രികളില്‍ മാത്രമാണ് പോസ്റ്റ്മോര്‍ട്ടം നടന്നിരുന്നത്. അതില്‍ പ്രധാനം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയായിരുന്നു. അതുകൊണ്ട് തന്നെ പ്രമാദമായ പല പോസ്റ്റ്മോര്‍ട്ടങ്ങള്‍ നടന്നിട്ടുള്ളതും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. അന്ന് സുധന്‍ കാണാത്ത രഹസ്യങ്ങളില്ല. എന്നാല്‍ അത് ഇന്നും മനസ്സിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണംവരെ അത് മനസില്‍ ഉണ്ടാകും, ആര്‍ക്കും കൈമാറാതെ. മോര്‍ച്ചറിക്ക് മുമ്പില്‍ തന്നെ അടുത്തകാലംവരെ ശവം സുധന്‍ എന്ന പേരും ഫോണ്‍ നമ്പറും  എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ആ കെട്ടിടം പൊളിച്ചുമാറ്റി.

കൊറോണ ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ മാസ്‌കോ പിപിഇ കിറ്റോ  ഉപയോഗിച്ചിട്ടില്ല. ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും നല്‍കിയ പ്രതിരോധ സംവിധാനങ്ങള്‍ ഒന്നുംതന്നെ സുധന്‍ ഉപയോഗിച്ചിട്ടില്ല. വീട്ടുകാരും നാട്ടുകാരും പേടിച്ച് അകന്ന് നിന്നപ്പോഴും ഒരു പ്രതിരോധ സംവിധാനവും ഇല്ലാതെ, ഭയമില്ലാതെ സുധന്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു. തന്നെത്തന്നെയാണല്ലോ താന്‍ സംസ്‌കരിച്ചുകൊണ്ടിരുന്നത്. പിന്നെ ഞാന്‍ എന്തിന് ഭയക്കണം. ഇതായിരുന്നു അന്നും ഇന്നും കാഴ്ചപ്പാട്. ''അതിന് ഇതുവരെ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇവിടെ വരെ ദൈവം എന്നെ കാത്തു. അയ്യപ്പനും താഴത്തുപറമ്പില്‍ ദേവിയും എന്റെ കൂടെ ഉണ്ട് എന്നാണ് എന്റെ വിശ്വാസം.''

മനസ്സില്‍ വേദന ഉണ്ടാക്കിയ ശവസംസ്‌കാരവും കൊവിഡ് കാലത്തുണ്ടായി. ഒരു ദിവസം പന്ത്രണ്ട് മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്‌കരിക്കേണ്ടി വന്നു. ശക്തമായ മഴ, പൊതു ശ്മശാനമായ വലിയ ചുടുകാട്ടില്‍ ജെസിബി ഉപയോഗിച്ച് പതിനെട്ട് അടി താഴ്ചയില്‍ കുഴി എടുത്തിട്ടുണ്ട്. അതിലേക്ക് ഇറങ്ങി മൃതശരീരങ്ങള്‍ ഇറക്കികിടത്താന്‍ കഴിഞ്ഞില്ല. കുഴിയുടെ മുക്കാല്‍ഭാഗം വെള്ളം. ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. പിന്നെ മനസില്ലാമനസോടെ മാപ്പ് നല്‍കണമേ എന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിച്ച് ഒരോന്നായി കുഴിയിലോട്ടിട്ടു. ഈ സംഭവം ഇന്നും ദുഃഖമായി അവശേഷിക്കുന്നു. നൂറ്കണക്കിന് അനാഥപ്രേതങ്ങളെ സംസ്‌ക്കരിച്ചപ്പോഴും പ്രാര്‍ത്ഥനയോടെയും ബഹുമാനത്തോടെയും മാത്രമാണ് നടത്തിയിട്ടുള്ളത്. പക്ഷേ ഇതില്‍ മാത്രം അതൊന്നും പാലിക്കപ്പെടാന്‍ തനിക്ക് കഴിഞ്ഞില്ലല്ലോ എന്ന ദുഖം ഇന്നും അവശേഷിക്കുന്നു.

 

ഒരു ശവം തേടി ഏഴ്  പോലീസ്‌സ്റ്റേഷനുകളില്‍

സുനാമിക്കാലത്ത് ഓരോ ദിവസവും സംസ്‌കരിക്കേണ്ടി വന്നത് അഞ്ചും ആറും മൃതദേഹങ്ങളാണ്. ഒരുദിവസം പത്ത് മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്‌കരിക്കേണ്ടി വന്നു. ജോലിക്കിടെ ആരോ വാങ്ങി തന്ന ഒരു സോഡയായിരുന്നു അന്നത്തെ പ്രതിഫലം. ഉദ്യോഗസ്ഥരാരും പണം തന്നില്ല. തന്റെ കൈയില്‍ നിന്ന് ബില്‍ ഒപ്പിട്ട് വാങ്ങിക്കൊണ്ട് പോയെങ്കിലും പണം ലഭിച്ചില്ല, താന്‍ ചോദിക്കാനും പോയില്ല. പ്രകൃതി ദുരന്തത്തില്‍ തന്റെ ഒരു ചെറിയ സഹായം.

എന്നാല്‍ തന്നെ പറ്റിച്ച പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഇരുപത്തി അഞ്ചു വര്‍ഷം മുമ്പുള്ള സംഭവം ഓര്‍ത്തെടുക്കുകയായിരുന്നു സുധന്‍. എറണാകുളം സിറ്റി പോലീസിന്റെ ആവശ്യപ്രകാരം രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു, പിന്നെ പോസ്റ്റ്മോര്‍ട്ടം. കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച് ശ്മശാനത്തില്‍ അടയ്ക്കേണ്ട പണവും തന്റെ കൈയില്‍ നിന്ന് അടച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ പോലീസുകാര്‍ ഒന്നും തരാതെ സ്ഥലം വിട്ടു. തന്റെ നാല്‍പ്പത്തിരണ്ടു വര്‍ഷത്തെ ആദ്യത്തെയും അവസാനത്തെയും അനുഭവമായിരുന്നു അത്. ആദ്യകാലത്ത് ഒരു അനാഥപ്രേതം മറവ് ചെയ്താല്‍ പോലീസ് 20 രൂപയായിരുന്നു പ്രതിഫലം തന്നിരുന്നത്. ഇപ്പോള്‍ അത് ഏഴായിരം രൂപയായി. താന്‍ അവസാനം വാങ്ങിയത് ഏഴായിരം രൂപയായിരുന്നു.

ഒരു ശവം തേടി ഏഴ് ദിവസങ്ങളിലായി ഏഴ് പോലീസ് സ്റ്റേഷനുകളില്‍ കയറി ഇറങ്ങിയ അനുഭവം മറക്കാന്‍ കഴിയില്ല. ആറ്റില്‍ ശവം ഒഴുകി നടക്കുന്നത് കണ്ട് രാവിലെ തന്നെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍വിളി എത്തി. അവിടെ ചെന്നപ്പോള്‍ ശവം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തി വിട്ട് ഒഴുകിപ്പോയിരുന്നു. അടുത്ത ദിവസം വീണ്ടും മറ്റൊരു സ്റ്റേഷനില്‍ നിന്ന് വിളിവന്നു. അവിടെയും പോയി. പക്ഷേ, കിട്ടിയില്ല. (തങ്ങളുടെ അതിര്‍ത്തി കടത്തിവിടാന്‍ പോലീസ്‌കാര്‍ തന്നെ ശവം ഒഴുക്കി വിടുന്നതാണെന്നും പറയപ്പെടുന്നു) അങ്ങനെ ഏഴ് സ്റ്റേഷനില്‍ കയറി ഇറങ്ങിയ ശേഷം അമ്പലപ്പുഴ പൂക്കൈതയാറ്റില്‍ ഇല്ലിമുളയില്‍ കുടുങ്ങിയ നിലയില്‍ ശവം കണ്ടെത്തി. എടുക്കാന്‍ പിടിച്ചപ്പോള്‍ അസ്ഥി മാത്രം. എല്ലാം അഴുകിപ്പോയിരുന്നു. ചങ്ങനാശ്ശേരി സ്വദേശിയായ ഇയാള്‍ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ശമ്പളം വാങ്ങി ഓഫീസില്‍ നിന്ന് ഇറങ്ങിയതാണ് മുപ്പത്തിരണ്ടുകാരനായ യുവാവ്.

 

മുറിവ് നോക്കി  ആയുധമേതെന്ന് പറയും

സംഘര്‍ഷത്തില്‍ മരിക്കുന്നവരുടെ ശരീരത്തെ മുറിവ് നോക്കി ഏത് ആയുധംകൊണ്ടുള്ള മുറിവാണെന്ന് സുധന്‍ കൃത്യമായി പറയും. ഒരോ അവയവത്തിലും മുറിവുണ്ടായത് നോക്കിയും മുറിവിന്റെ വലുപ്പവും കണ്ടാല്‍ ആയുധമേതെന്ന് പറയും. ഇതുവരെ താന്‍ പറഞ്ഞത് തെറ്റിയിട്ടില്ലെന്ന് സുധന്‍ അവകാശപ്പെടുന്നു. നാല്‍പത്തി രണ്ടു വര്‍ഷത്തെ അനുഭവസമ്പത്ത്.

മനുഷ്യ ശരീരത്തിനുള്ളിലെ ഓരോ അവയവങ്ങളും എവിടെയാണെന്നും, ഓരോന്നിന്റെയും പ്രവര്‍ത്തനം എന്താണെന്നും കൃത്യമായി അറിയാവുന്ന ആള്‍. പല ഹൗസ് സര്‍ജന്‍മാരും പോസ്റ്റ്മോര്‍ട്ട സമയത്ത് സംശയ നിവാരണത്തിന് ആശ്രയിച്ചിരുന്നതും സുധനെ ആയിരുന്നു. അഗ്‌നിശമന സേനയെ ആധുനികവല്‍ക്കരിച്ചതോടെ സുധന് പണികുറഞ്ഞു. വെള്ളത്തില്‍ ഒഴുകി നടക്കുന്ന ശവങ്ങള്‍ എടുക്കാന്‍ ഇപ്പോള്‍ പഴയപ്പോലെ ആറ്റിലോ തോട്ടിലോ ചാടേണ്ട കാര്യമില്ല.

അന്യരാജ്യങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരുമ്പോള്‍ ചിലര്‍ വിളിച്ചാലായി. ഫോര്‍മാലിന്‍ അടിച്ച മൃതദേഹങ്ങള്‍ മുഖാവരണമില്ലാതെതന്നെ വൃത്തിയാക്കും. താന്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജോലി ചെയ്തത് പഴയ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലായിരുന്നു. ആ മോര്‍ച്ചറിയോട് എന്തെന്നില്ലാത്തോരു ആത്മബന്ധമാണ് തനിക്ക്. വണ്ടാനത്ത് പുതിയ മെഡിക്കല്‍ കോളജ് ആശുപത്രി മാറ്റിയതോടെ മോര്‍ച്ചറിയും വണ്ടാനത്താക്കി. ഇപ്പോഴും ഇടക്കിടെ താന്‍ പഴയമോര്‍ച്ചറിക്ക് മുമ്പില്‍ പോകുമായിരുന്നു. ഇപ്പോള്‍ ആ കെട്ടിടം പോളിച്ചു കളഞ്ഞു. എങ്കിലും വല്ലപ്പോഴും അല്‍പ്പ സമയം അവിടെ ചെലവഴിക്കും. ഭൂതകാലത്തെ ഓര്‍മ്മകള്‍ അയവിറക്കി മടങ്ങുമ്പോള്‍ വല്ലാത്തൊരു ആശ്വസമാണ്. തന്റെ ജീവിതം കരുപിടിപ്പിക്കുന്നതിന് സഹായകരമായ നിരവധി നന്മമനസുകള്‍ ഓര്‍മ്മയിലുണ്ട്. ആരുടെയും പേരുകള്‍ എടുത്തു പറയുന്നില്ല. ചിലപ്പോള്‍ താന്‍ പോലും അറിയാതെ എന്നെ സഹായിച്ചവരും ഉണ്ടാകും.

 

രാമായണപാരായണവുമായി  വിശ്രമജീവിതം

വീടിന് സമീപമുള്ള താഴത്ത് പറമ്പ് ക്ഷേത്രത്തില്‍ രാമായണപാരായണം നടത്തി വിശ്രമജീവിതത്തില്‍ സന്തോഷം കണ്ടെത്തുകയാണ് സുധന്‍. രണ്ടു വര്‍ഷമായി ജോലിക്ക് പോകാതായിട്ട്. ഭാര്യ സുലോചന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്നു. ഏക മകള്‍ സുനിത വിവാഹിതയാണ്. എന്ത് സമ്പാദിച്ചു എന്ന ചോദ്യത്തിന് ''ചെറിയ വീട് പണിതു. മകളെ വിവാഹം കഴിപ്പിച്ചു, പന്ത്രണ്ട് വര്‍ഷം അച്ഛനെ ചികിത്സിക്കാന്‍ കഴിഞ്ഞു, പിന്നെ ആയിരക്കണക്കിന് ആത്മാക്കളുമായി സൗഹൃദം, ഒരു മനുഷ്യജന്മത്തില്‍ ഇത്രയെല്ലാം പോരെ?'' താടി തടവിക്കൊണ്ട് സുധന്‍ ചോദിക്കുന്നു.

 

 

  comment

  LATEST NEWS


  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.