×
login
അന്നമനട ബാണിയുടെ മരുഭൂവിലെ കാവലാള്‍

തന്റെ കഴിവുകള്‍ക്കൊക്കെ നിദാനമായി ആശാന്‍ കരുതുന്നത് ഗുരുനാഥന്റെ ശിക്ഷണത്തിനൊപ്പം ആലിപ്പറമ്പ് ശിവരാമപ്പൊതുവാളാശാന്‍, പല്ലാവൂര്‍ അപ്പുമാരാരാശാന്‍ മുതലായ മഹാമേരുക്കള്‍ക്ക് കീഴില്‍ പ്രത്യേകപരിശീലനം നേടുവാനുള്ള മഹാഭാഗ്യവും കൂടി കൈവന്നത് മൂലമാണെന്നാണ്. അപ്പുമാരാരാശാന്‍ തന്റെ വീട്ടില്‍ താമസിച്ചവേളയില്‍ ലഭിച്ച വാത്സല്യവും പരിശീലനവും പ്രത്യേക അനുഭൂതി ആണ് ഇന്നുമദ്ദേഹത്തിന്

ശരത് നായര്‍  

വാദ്യകലാരംഗത്തെ അനേകം പുകള്‍പെറ്റ പ്രതിഭകളുടെ തട്ടകമായ തിച്ചൂര്‍ ശ്രീഅയ്യപ്പസ്വാമി ദേശദേവനായുള്ള തിച്ചൂര്‍ ഗ്രാമത്തില്‍, 1961ല്‍, കുറുപ്പത്ത് ബാലകൃഷ്ണ മേനോന്റെയും കളത്തില്‍ ചിന്നമണി അമ്മയുടെയും മൂന്ന് മക്കളില്‍ ഇളയവനായാണ് മേളപ്രേമികള്‍ക്കും പ്രയോക്താക്കള്‍ക്കും പ്രിയപ്പെട്ട തിച്ചൂര്‍ സുരേട്ടനായും, ഗുരുനാഥന്മാര്‍ക്കും അടുപ്പക്കാര്‍ക്കും തിച്ചൂര്‍ സുരയുമൊക്കെയായി മാറിയ തിച്ചൂര്‍ സുരേന്ദ്രമേനോന്‍ എന്ന കറകളഞ്ഞ കലാകാരന്റെ ജനനം.

താളവാദ്യങ്ങളോടുള്ള ഉല്‍ക്കടമായ അഭിനിവേശവും ജന്മവാസനയും തിരിച്ചറിഞ്ഞ ഗുരുവായൂര്‍ ദേവസ്വം അടിയന്തിക്കാരനും  പ്രശസ്ത തകില്‍ വിദ്വാനുമായിരുന്ന മണിപ്ര ശിവന്‍നായരാശാന്‍ കൊച്ചുസുരേന്ദ്രനെ ഏഴാം വയസ്സുമുതല്‍ക്ക് തന്നെ തന്റെ ഒപ്പം ശ്രുതിക്കാരനായി കൊണ്ടുപോകുവാന്‍ തുടങ്ങി.

പതിനാറാമത്തെ വയസ്സില്‍ മേളാചാര്യനായിരുന്ന കുട്ടനെല്ലൂര്‍ രാജന്‍മാരാരാശാന്റെ കീഴില്‍ തന്റെ വാദ്യകലാജീവിതത്തിന് അടിത്തറയിട്ട തിമിലപഠനം തുടങ്ങുകയും, തൊട്ടടുത്തവര്‍ഷം മുതല്‍ തന്റെ എല്ലാ ഉന്നതിക്കും നിദാനമെന്ന് സുരേന്ദ്രനാശാന്‍ വിശ്വസിക്കുന്ന ഗുരുനാഥന്‍ ആയ അന്നമനട പരമേശ്വരമാരാരുടെ (ജൂനിയര്‍)അടുത്ത് എത്തിച്ചേരുകയും, അവിടെനിന്നങ്ങോട്ട് അദ്ദേഹത്തിന്റെ പൂര്‍ണ്ണസമയശിഷ്യനായി മാറുകയുമായിരുന്നു. ആ സുദൃഢബന്ധം പിന്നീട് ജീവിതായോധനത്തിനായി പ്രവാസജീവിതം തിരഞ്ഞെടുക്കുംവരെയുള്ള ഒരു ദശാബ്ദക്കാലത്തിനപ്പുറം തുടരുകയും, അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാളായിത്തീരുകയും ചെയ്തു.

ഇക്കാലയളവില്‍ തന്റെ അനന്യസാധാരണമായ ജന്മസിദ്ധിയും യന്ത്രസ്വാധീനവും ഒപ്പം ഗുരുഭക്തിയും ഒത്തുചേര്‍ന്നപ്പോള്‍, അന്നമനട പരമേശ്വരമാരാര്‍(സീനിയര്‍), പല്ലാവൂര്‍ അപ്പുമാരാര്‍, കുഴൂര്‍ ചന്ദ്രന്‍മാരാര്‍, ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍, ആലിപ്പറമ്പ് കൃഷ്ണപ്പൊതുവാള്‍ തുടങ്ങി അന്നുണ്ടായിരുന്ന ഒട്ടുമിക്ക ഗംഭീരവിക്രമന്‍മാരായിരുന്ന മേളാചാര്യന്മാരുടെയും മഹാരഥന്മാരുടെയും ഒപ്പം മദ്ധ്യകേരളത്തിലങ്ങോളമിങ്ങോളമുള്ള എണ്ണംപറഞ്ഞ പൂരങ്ങള്‍ക്കും വേലകള്‍ക്കും തിമിലയില്‍ നിറസാന്നിദ്ധ്യമായി പങ്കെടുക്കുന്നതിനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നു.

ജീവിതോപാധിക്കായി പ്രവാസം തുടങ്ങുംകാലം, താന്‍ പിന്നിലുപേക്ഷിച്ചു പോന്ന പൂരപ്പറമ്പുകളും വേലതാലപ്പൊലിക്കാവുകളും ആളാനച്ചൂരും വര്‍ണ്ണങ്ങളും മേളപ്പെരുക്കങ്ങളും ധിമൃതയും ഇരികിടയും ഇടച്ചിലും എല്ലാം അനുനിമിഷം ഇരട്ടിമറിച്ചുവന്നു മനസ്സില്‍ നീറ്റല്‍ ഉളവാക്കിയപ്പോഴും, ഒരു താളപ്പഴുതിട കണ്ണൊന്നടച്ച്, ഉള്‍പ്പുളകത്തോടെ കഴിഞ്ഞ നാളുകളെ ഉള്ളിലാവാഹിച്ച് പുതിയ ചുമതലകളെ സധൈര്യം ഏറ്റെടുത്തു മുന്നേറുവാന്‍ തനിക്ക് സാധിച്ചതും ഇന്ന് ഒമാനിലെ മലയാളി ആസ്വാദകര്‍ ഏവരും ആശാന്‍ എന്ന് തന്നെ അഭിസംബോധന ചെയ്യുന്നതും എല്ലാം അന്നത്തെ ആ എണ്ണം പറഞ്ഞ അരങ്ങുകളും ഗുരുനാഥന്മാര്‍ നല്‍കിയ ഊര്‍ജ്ജവുമാണെന്ന് സുരേന്ദ്രനാശാന്‍ ഉറച്ചു വിശ്വസിക്കുന്നു.

പതിറ്റാണ്ടുകളായി തുടരുന്ന തന്റെ പ്രവാസജീവിതത്തില്‍, രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പ്, രണ്ടായിരാമാണ്ട് മുതല്‍ താന്‍ വസിക്കുന്ന നഗരമായ മസ്‌ക്കറ്റിലും ഒമാനിലെ മറ്റ് വിവിധനഗരങ്ങളിലുമായി ജുഗല്‍ബന്ദി അവതരിപ്പിച്ചു തുടങ്ങുകയും, 2006 മാര്‍ച്ച് 31ന് താന്‍തന്നെ നാമകരണം നിര്‍വ്വഹിച്ച മസ്‌കറ്റ്പഞ്ചവാദ്യസംഘം എന്ന സംഘടനയുടെ നെടുംതൂണായി ആശാന്‍ തുടരുകയും ചെയ്യുന്നു. അന്ന് മുതല്‍ ഇതുവരെയായി പഞ്ചവാദ്യത്തിലെ എല്ലാ ഉപകരണവാദകരും ഉള്‍പ്പെട്ട അഞ്ച് പൂര്‍ണ്ണസജ്ജരായ പഞ്ചവാദ്യസംഘങ്ങളെ മസ്‌കറ്റില്‍ത്തന്നെ പരിശീലിപ്പിച്ച് അരങ്ങേറ്റം കഴിപ്പിക്കുകയും പരിപാടികള്‍ മുടക്കം കൂടാതെ അവതരിപ്പിച്ചുപോരികയും ചെയ്യുന്നു.

ഇപ്പോള്‍ 2021ല്‍ തന്റെ ആറാമത്തെ സംഘത്തെ അരങ്ങേറ്റത്തിനായി സജ്ജമാക്കുന്ന തിരക്കിലാണ് ആശാന്‍. പഞ്ചവാദ്യത്തിലെ അഞ്ച് വാദ്യങ്ങളും ഒരുപോലെ വഴങ്ങുന്ന പ്രതിഭകള്‍ അപൂര്‍വ്വമാണെന്നിരിക്കെ, അവയഞ്ചിലും നൈപുണ്യമേറുന്ന ആശാന്‍ തന്നെയാണ് തന്റെ മസ്‌കറ്റിലെ കളരിയില്‍ ശിഷ്യരെ മദ്ദളവും തിമിലയും ഇടയ്ക്കയും ഇലത്താളവും അടക്കം എല്ലാവാദ്യങ്ങളും ഇപ്പോഴും പരിശീലിപ്പിക്കുന്നത്. തന്റെ അടുത്ത ബന്ധുവായ അഞ്ചാം ക്ലാസ്സുകാരന്‍ ശ്രാവണ്‍ മുതല്‍ അന്‍പതുകാരന്‍ വരെ ഏറ്റവും പുതിയ സംഘത്തിലെ ശിഷ്യരായുണ്ട് ആശാന്.

ഇടയ്ക്ക് അത്യാവശ്യങ്ങള്‍ക്കായി നാട്ടില്‍ പോകേണ്ടി വന്ന ഹ്രസ്വമായ ഇടവേളകളിലല്ലാതെ നീണ്ട പതിനെട്ടുവര്‍ഷമായി ഒരുദിവസ്സം പോലും മുടക്കം കൂടാതെ ശിഷ്യരെ പരിശീലിപ്പിക്കാന്‍ കഴിയുക എന്ന മഹാഭാഗ്യത്തിനും ആശാന്‍ ഉടമയാണ്.

ഒരു വിദേശരാജ്യത്ത് ഏതാണ്ട് മുന്നൂറില്‍പ്പരം ശിഷ്യന്മാരെ ഇക്കഴിഞ്ഞ പതിനെട്ടോളം വര്‍ഷം കൊണ്ട് വാര്‍ത്തെടുക്കുവാന്‍ കഴിഞ്ഞതിലും ആശാന്‍ കൃതാര്‍ത്ഥനാണ്. നാട്ടില്‍ ഉണ്ടായിരുന്ന ആദ്യകാലങ്ങളില്‍ അകിലാണത്തും ആശാന്‍ കളരി നടത്തിയിരുന്നു.


ജൂലൈ 31, 2021ന് അത്യാഘോഷമാവേണ്ടിയിരുന്ന ഷഷ്ട്യബ്ദപൂര്‍ത്തി മഹോത്സവം ഇപ്പോഴത്തെ പ്രത്യേകസാഹചര്യത്തില്‍വളരെ പരിമിതപ്പെടുത്തേണ്ടിവരുന്നതിന്റെ ഖേദമാണ് ശിഷ്യര്‍ക്കും ആരാധകര്‍ക്കും.

തന്റെ കഴിവുകള്‍ക്കൊക്കെ നിദാനമായി ആശാന്‍ കരുതുന്നത് തന്റെ ഗുരുനാഥന്റെ ശിക്ഷണത്തിനൊപ്പം ആലിപ്പറമ്പ് ശിവരാമപ്പൊതുവാളാശാന്‍, പല്ലാവൂര്‍ അപ്പുമാരാരാശാന്‍ മുതലായ മഹാമേരുക്കള്‍ക്ക് കീഴില്‍ പ്രത്യേകപരിശീലനം നേടുവാനുള്ള മഹാഭാഗ്യവും കൂടി കൈവന്നത് മൂലമാണെന്നാണ്. ഒരു ഹ്രസ്വകാലം അപ്പുമാരാരാശാന്‍ തന്റെ വീട്ടില്‍വന്നു താമസിച്ചവേളയില്‍ അദ്ദേഹത്തില്‍ നിന്ന് ലഭിച്ച വാത്സല്യവും പരിശീലനവും പ്രത്യേക അനുഭൂതി ആണ് ഇന്നുമദ്ദേഹത്തിന്.

ഇടയ്ക്കയിലെ മഹാപ്രതിഭയായ തിച്ചൂര്‍ മോഹനന്‍ സുരേന്ദ്രന്‍ആശാന് സമകാലീനന്‍ മാത്രമല്ല അയല്‍വാസിയും കളിക്കൂട്ടുകാരനും കൂടിയാണ്. തായമ്പകയിലെ ഒന്നാംനിരപ്രതിഭയായ പോരൂര്‍ ഉണ്ണികൃഷ്ണനും ഇലത്താളത്തിലെ എണ്ണം പറഞ്ഞ വിദ്വാന്‍ പാഞ്ഞാള്‍ വേലുക്കുട്ടി തുടങ്ങിയവര്‍ സമകാലീനരും ആത്മമിത്രങ്ങളുമാണ് ഇദ്ദേഹത്തിന്.

കലാദേവിയായ ശ്രീമൂകാംബികയും തറവാട്ട് ക്ഷേത്രമായ മുളയംകാവില്‍ ശ്രീഭഗവതിയും കനിഞ്ഞനുഗ്രഹിച്ചത് മൂലമാണ് തന്റെതൊരു കലാകുടുംബമായതെന്ന് ആശാന്‍ വിനയാന്വിതനാവുന്നു  പത്നിയായ വിജയശ്രീ കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയവ അഭ്യസിച്ചയാളും അരങ്ങില്‍ ഇപ്പോഴും സജീവമായി തുടരുന്ന നര്‍ത്തകിയും ആണ്. മകള്‍ ഉദയശ്രീ ശ്രീനാഥ് ഒമാനിലും നാട്ടിലുമായി അനവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള പ്രശസ്ത യുവനര്‍ത്തകിയും അവതാരകയുമാണ്. മകളുടെ ഭര്‍ത്താവ് കൊച്ചി ഷിപ്പ്‌യാര്‍ഡിലെ ഉദ്യോഗസ്ഥനായ ആലുവ മനയ്ക്കപ്പടി സ്വദേശിയായ കൊട്ടാരപ്പാട്ട് ശ്രീനാഥ് ആവട്ടെ കീ ബോര്‍ഡ് കലാകാരനുമാണ് മകനായ ശ്രീചന്ദ് പഞ്ചവാദ്യത്തിലും തിമിലയിലും അച്ഛന്റെ പാത സശ്രദ്ധം പിന്തുടരുകയും നന്നേ ചെറുപ്പത്തില്‍ തന്നെ വിവിധവാദ്യങ്ങളില്‍ നിപുണനും അനവധി അരങ്ങുകളില്‍ ഇതിനോടകം കീര്‍ത്തിനേടിയ പ്രതിഭയുമാണ്.

ക്രാന്തദര്‍ശിയായ തന്റെ ഗുരുനാഥന്‍ അന്നമനട പരമേശ്വരമാരാര്‍ പറഞ്ഞൊരു കാര്യം ഇന്നുമുണ്ട് ആശാന്റെ ഓര്‍മ്മയില്‍. നാട്ടിലെ വാദ്യലോകത്ത് ജ്വലിച്ചുയര്‍ന്നുവന്നുകൊണ്ടിരുന്ന വേളയില്‍, വിധിയന്ത്രത്തിരിപ്പുമൂലം വിദേശത്തേയ്ക്ക് ചേക്കേറേണ്ടി വരുന്നതിനാല്‍ തന്റെ പ്രിയശിഷ്യനായ സുരേന്ദ്രന് നഷ്ടമാകുവാന്‍ തുടങ്ങുന്ന പൂരവേലപ്രമാണസ്ഥലികളെക്കുറിച്ചും അരങ്ങാദരങ്ങളെയും ആസ്വാദക സ്വീകാര്യതകളെക്കുറിച്ചുമായിരുന്നു, സര്‍വ്വോപരി പഞ്ചവാദ്യത്തിമിലയില്‍ താന്‍ ഉയിരേകി അരങ്ങേകി ആസ്വാദകരുടെയും പ്രയോക്താക്കളുടെയും സവിശേഷശ്രദ്ധയാകര്‍ഷിച്ച അന്നമനടബാണിയുടെ അടുത്ത തലമുറയിലെ ദീപശിഖാവാഹകരില്‍ ഒന്നാംനിരക്കാരിലൊരു പ്രതിഭയെയാണ്  നീണ്ടൊരുകാലത്തേയ്ക്ക് നാട്ടരങ്ങുകള്‍ക്ക് നഷ്ടമാകുന്നത് എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചായിരുന്നു അദ്ദേഹം ആകുലപ്പെട്ടിരുന്നത്.

വിദേശത്തെത്തിയത് അപ്രതീക്ഷിതമായാണെങ്കിലും നിറഞ്ഞമനസ്സോടെ, ആരോടും പരിഭവമില്ലാതെ, എത്തിപ്പെട്ട നാട്ടില്‍ ആദ്യം അജിത്ഖിജി എന്ന സ്വകാര്യസ്ഥാപനത്തില്‍ പ്രൊജക്റ്റ് മാനേജര്‍ ആയി സുദീര്‍ഘമായകാലം സേവനമനുഷ്ഠിക്കുകയും പിന്നീട് സ്വന്തമായി ബിസിനസ് നടത്തുകയും ഒക്കെ ചെയ്യുമ്പോഴും താന്‍ അഭ്യസിച്ച കലയെ ഉപാസിക്കുവാനും കൊണ്ടുനടക്കുവാനും അനുകൂലസാഹചര്യം ഒരുക്കിത്തന്ന മേലധികാരികളോടും രാജ്യത്തെ ഭരണാധികാരികളോടും ഹൃദയം നിറഞ്ഞ നന്ദിയോതുന്നു ആശാന്‍. അതുമൂലം മാത്രം ഈ വിദേശരാജ്യത്തെ ഓരോ മലയാളിക്കും മറ്റ് ഭാരതീയര്‍ക്കും ആശാന്‍ ആയിത്തീരുവാനും തന്നെത്തേടിയെത്തിയ, ഇന്നും എത്തുന്ന അനവധി പുരസ്‌കാരങ്ങള്‍ക്കും ഒക്കെ മുന്‍പില്‍ വിനയാന്വിതനായി, ബഹുമതികളും ആദരങ്ങളുമെല്ലാം തിച്ചൂര്‍ത്തേവര്‍ക്കും ഗുരുനാഥന്‍മാര്‍ക്കും സമര്‍പ്പിക്കുന്നു ഈ മേളാചാര്യന്‍.  

പഞ്ചവാദ്യത്തിന് പുറമെ നടനായും സംഗീതസംവിധായകനായും ഒമാനിലെ നാടകപ്രേമികള്‍ക്കും  സുപരിചിതനാണ് ആശാന്‍. ആശാന്റെ കലാസപര്യയെ   ഇതിനോടകം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒമാന്‍ ചാപ്റ്റര്‍, സൊഹാര്‍ മലയാളി സമാജം, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, തിയറ്റര്‍ ഗ്രൂപ്പ് മസ്‌കറ്റ്,പയ്യന്നൂര്‍ സൗഹൃദവേദി,തൃശ്ശൂര്‍ അയ്യന്തോള്‍ കൂട്ടായ്മ തുടങ്ങിയ സംഘടനകള്‍ ആശാനെ ആദരിച്ചവയില്‍ ചിലത് മാത്രം.

പഞ്ചവാദ്യത്തില്‍ ഇടകാലത്തിലും ത്രിപുടയിലും മേല്‍ക്കാലത്തിലും ഉള്‍പ്പെടെ ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസയ്ക്കും സ്വീകാര്യതയ്ക്കും പാത്രമായ ഔചിത്യപൂര്‍ണ്ണമായ പുതുവഴികള്‍ അവതരിപ്പിച്ച തന്റെ ഗുരുനാഥന്‍ അന്നമനട പരമേശ്വരമാരാരുടെ അതേവഴി തന്നെയാണ് ഇന്നും  മേളകലയില്‍ സുരേന്ദ്രനാശാന്‍ അഭിമാനപൂര്‍വ്വം പിന്തുടരുന്നത്,  അന്നമനട പരമേശ്വരമാരാര്‍ എന്ന മഹാപ്രതിഭ തനിക്ക് തെളിയിച്ചു തന്ന തിമിലവാദനകലയുടെ പൊന്‍നാളം സമര്‍പ്പിതചേതസ്സായ ആശാന്‍ ഷഷ്ട്യബ്ദപൂര്‍ത്തിവേളയിലും തന്റെ ശിഷ്യരിലൂടെയും മകനിലൂടെയും ഏറ്റവും പുതുതലമുറയായ ശ്രാവണ്‍ എന്ന ബാലപ്രതിഭയിലൂടെയും ഗുരുദക്ഷിണയായി കാത്തുപോരുന്നു.

കലാകൈരളിക്ക് മാത്രം സ്വന്തമായ ഈടുവെയ്പ്പിലെ അമൂല്യരത്നങ്ങളില്‍ പ്രോജ്ജ്വലിച്ചു നില്‍ക്കുന്ന, പഞ്ചവാദ്യം എന്ന വിലമതിയാനിധിയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്ന ഓരോ മലയാളിയോടുമൊപ്പം സുരേന്ദ്രനാശാന്‍ എന്ന പ്രതിഭാശാലിയായ വാദ്യോപാസകന്റെ ആയുരാരോഗ്യസൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്, പ്രാരാബ്ദ്ധപര്‍വ്വം മൂലം നാട്ടില്‍നിന്നകന്ന്  പ്രവാസജീവിതത്താളവട്ടങ്ങള്‍ അല്‍പ്പകാലമധികം വിസ്തരിക്കേണ്ടിവന്നെങ്കിലും ആശാന്‍ ഷഷ്ട്യബ്ദപൂര്‍ത്തിയില്‍ എത്തിനില്‍ക്കുന്ന ഈ ധന്യവേളയില്‍, ആ വേറിട്ട ശുദ്ധതോംകാരത്തെ, വാദ്യോപാസകനെ, ജന്മനാട്ടിലെ പുതുതലമുറ സംഘാടകാസ്വാദകമേളപ്രേമികളും ഒപ്പം പ്രയോക്താക്കളും തിരിച്ചറിയുമെന്നും, ഒരുവേള നാട്ടിലെ വേലപൂരങ്ങളിലേയ്ക്ക് മടങ്ങിയെത്തുമ്പോള്‍, പഞ്ചവാദ്യനിരയിലെ അര്‍ഹിക്കുന്ന സ്ഥാനംതന്നെ നല്‍കി വരവേല്‍ക്കുമെന്നും ആശാനോടൊപ്പം നമുക്കും പ്രത്യാശിയ്ക്കാം.

 

 

  comment
  • Tags:

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.