×
login
വിശ്വംഭരസ്മരണയില്‍ ഒരു പയ്യന്നൂര്‍ പ്രസംഗം

ജ്ഞാനവിജ്ഞാനങ്ങളുടെ പ്രപഞ്ചദര്‍ശനം ഉള്‍ക്കൊണ്ട പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ മാഷിന്റെ സ്മൃതി ദിനമാണ് ഒക്‌ടോബര്‍ 20. തപസ്യ പ്രവര്‍ത്തനങ്ങളില്‍ മാഷുമായി അടുത്തിടപഴകിയതിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ലേഖകന്‍. രണ്ടു ഭാഗങ്ങളുള്ള അനുസ്മരണത്തിന്റെ ആദ്യഭാഗം ഈ ലക്കത്തില്‍

എം. ശ്രീഹര്‍ഷന്‍

 

 

''ശ്രീഹര്‍ഷന്‍മാഷ് എനിക്കൊരു കത്തെഴുതി. സാധാരണ അദ്ദേഹം കത്തെഴുതാറ് 'വാര്‍ത്തികം' മാസികയിലേക്ക് ലേഖനം അയക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു. ഇന്നേവരെ ഞാനൊരു ലേഖനം അയച്ചുകൊടുത്തിട്ടില്ല എന്നതാണ് സത്യം. എന്നാലിത് വ്യത്യസ്തമായ ഒരു കത്തായിരുന്നു. ഒരു പ്രസംഗം ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട്. 'രാഷ്ട്രസങ്കല്‍പ്പം ഇതിഹാസങ്ങളില്‍' എന്ന വിഷയത്തെക്കുറിച്ച്. പ്രസംഗത്തോട് തീരെ താല്പര്യമില്ലാത്തവനാണ് ഞാന്‍. ഇപ്പറഞ്ഞ വിഷയത്തോടും വലിയ താല്പര്യം തോന്നിയില്ല. അതിനാല്‍ ഞാനതിന് മറുപടിയൊന്നും അയച്ചില്ല. ഏതായാലും ഈ പഠനശിബിരത്തിന്റെ നോട്ടീസ് വന്നപ്പോള്‍ എന്റെ പേരില്ല. വളരെ സന്തോഷമായി. എന്നാല്‍ ഇതില്‍ പങ്കെടുക്കാന്‍ വന്നത് തപസ്യയോടുള്ള സ്‌നേഹം കൊണ്ടാണ്. അത് എന്റേതുകൂടി ആയതുകൊണ്ടാണ്. നമ്മുടെ രാജ്യത്തോടുള്ള ഭക്തികൊണ്ടാണ്. നമ്മുടെ സംസ്‌കാരത്തോടുള്ള ആരാധനകൊണ്ടാണ്. എന്റെ കടമയായതുകൊണ്ടാണ്.''  

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍മാഷ് ഒരു പ്രസംഗം തുടങ്ങുകയാണ്. 1998 ല്‍ പയ്യന്നൂരില്‍. തപസ്യ കലാ-സാഹിത്യവേദിയുടെ സംസ്ഥാന പഠനശിബിരത്തിന്റെ സമാപനപ്രസംഗം. മഹാകവി അക്കിത്തം, വി.എം. കൊറാത്ത്, പി. നാരായണക്കുറുപ്പ്, പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍, പ്രൊഫ. കെ.പി. ശശിധരന്‍, ടി.ആര്‍. സോമശേഖരന്‍ എന്നിവര്‍ സദസ്സിന്റെ മുന്‍നിരയിലുണ്ട്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നെത്തിയ തപസ്യപ്രവര്‍ത്തകരും പയ്യന്നൂരിലെ സഹൃദയരും തിങ്ങിനിറഞ്ഞ സദസ്സ്. വേദിയില്‍ അധ്യക്ഷനായി കുട്ടമത്ത് ശ്രീധരന്‍ മാസ്റ്റര്‍ മാത്രം.

സുഹൃത്തുക്കളോട് തമാശപറഞ്ഞ് ചിരിച്ചുകൊണ്ടുള്ള മട്ടില്‍ത്തുടങ്ങിയ പ്രസംഗം. പ്രസംഗങ്ങള്‍ക്ക് പോകാനുള്ള തന്റെ മടി. വിളിക്കുമ്പോള്‍ അതില്‍നിന്ന് 'ഊരി രക്ഷപ്പെടാനുള്ള' തന്റെ വെമ്പല്‍. അതൊക്കെ തന്റേതായ ശൈലിയില്‍ തുറന്നു പറയുകയായിരുന്നു മാഷ്. ഒപ്പം തപസ്യയോടുള്ള തന്റെ ആത്മബന്ധവും പ്രതിപത്തിയും.  

എന്നാല്‍ പ്രസംഗം തുടങ്ങി അല്പ്പം കഴിയുമ്പോഴേക്ക് നാം കാണുന്നത് വിശ്വംഭരന്‍ മാഷുടെ വിശ്വരൂപമാണ്. ജ്ഞാനവിജ്ഞാനങ്ങളുടെ പ്രപഞ്ചദര്‍ശനം. വാക്കുകളുടെ തേജസ്സും അപാരമായ ഊര്‍ജസംക്രമണവും. പുരുഷാകാരം പൂണ്ട് മുന്നില്‍ വന്നുനില്‍ക്കുന്ന സരസ്വതി. പാണ്ഡിത്യത്തിന്റെ ഗിരിശൃംഗങ്ങളില്‍നിന്ന് ഉറവയെടുത്ത് തനതുചിന്തയുടെ ജീവധാതുക്കളെ ഉള്‍ച്ചേര്‍ത്തുകൊണ്ട് വിമര്‍ശനത്തിന്റെ പാറക്കെട്ടുകളിലിടിച്ച് പൊട്ടിച്ചിതറിയും ആശയശുദ്ധിയുടെ സമതലങ്ങളിലൂടെ ശാന്തമായൊഴുകിയും സംസ്‌കാരികപാരമ്പര്യത്തിന്റെ മണ്ണിലൂടെ തിടംതല്ലിത്തിമര്‍ത്തും ഊക്കോടെ വന്നു ലയിക്കുന്ന വാക്കുകളുടെ മഹാനദീപ്രവാഹമായിരുന്നു അത്.  

ഇതിഹാസങ്ങള്‍ എന്നാലെന്താണെന്നും ഭാരതീയേതിഹാസങ്ങള്‍ പാശ്ചാത്യേതിഹാസങ്ങളില്‍നിന്ന് എങ്ങനെ ഉയര്‍ന്നുനില്‍ക്കുന്നുവെന്നും ആശയത്തെളിമയോടെ യുക്തിഭദ്രമായി വ്യക്തമാക്കുകയായിരുന്നു ആ വാഗ്‌ധോരണിയിലൂടെ അദ്ദേഹം. നമ്മുടെ രാഷ്ട്രസങ്കല്‍പ്പം എന്താണെന്നും ഇതിഹാസങ്ങളിലൂടെ അത് ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയത് എങ്ങനെയെന്നും അതിസൂക്ഷ്മമായി സമര്‍ഥിക്കുകയായിരുന്നു മാഷ്. ഭാരതീയസാഹിത്യത്തിലും തത്ത്വചിന്തയിലും ഉള്ളതുപോലെ പാശ്ചാത്യദര്‍ശനങ്ങളിലും സാഹിത്യത്തിലുമുള്ള അദ്ദേഹത്തിന്റെ അഗാധമായ പണ്ഡിത്യം ആ പ്രസംഗത്തില്‍ നിറഞ്ഞുനിന്നു. ലോകവിജ്ഞാനത്തില്‍, തത്ത്വചിന്തയില്‍, ദാര്‍ശനികതലങ്ങളില്‍ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ പുതിയ സിദ്ധാന്തങ്ങളെയും എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാദങ്ങള്‍.

ഇടക്കിടെ തമാശകള്‍ പറഞ്ഞും പരിഹാസത്തിന്റെ കൂരമ്പുകളയച്ചും വിമര്‍ശനത്തിന്റെ വാളുയര്‍ത്തിയും വാദമുഖങ്ങളുടെ കൃത്യതയിലൂന്നിയും അസന്ദിഗ്ധമായ ആശയപ്രഖ്യാപനങ്ങള്‍ നടത്തിയും സരസഗംഭീരമായി മാഷ് പ്രസംഗിച്ചുകൊണ്ടേയിരിക്കയാണ്.  

ഒറ്റനില്‍പ്പില്‍ മൂന്നു മണിക്കൂറോളം നീണ്ടുനിന്ന അതിഗംഭീരമായ പ്രസംഗം. ഉച്ചത്തിലുള്ള ഘനഗംഭീരശബ്ദം. അണമുറിയാത്ത വാക്ക്പ്രവാഹം. വിറകൊള്ളുന്ന പ്രസംഗപീഠം. വാക്കുകള്‍ പ്രതിധ്വനിക്കുന്ന സഭാഗൃഹം. അത്രയും സമയം അനക്കമറ്റ് നിര്‍നിമേഷരായി കേട്ടിരിക്കുന്ന സദസ്സ്. പ്രസംഗം കഴിഞ്ഞ് സ്വതസിദ്ധമായ ചെറുപുഞ്ചിരിയോടെ മാഷ് കസേരയില്‍ ഇരുന്നെങ്കിലും സദസ്സ് അപ്പോഴും ഏതോ മാന്ത്രികവലയത്തില്‍ അകപ്പെട്ടതുപോലെ നിശ്ചലമായിരുന്നു.

വിശ്വംഭരന്‍ മാഷ് ഏറ്റവും കൂടുതല്‍ പ്രസംഗിച്ചത് തപസ്യവേദികളില്‍ മാത്രമാണ്. ഒരുപക്ഷേ അതില്‍ക്കൂടുതല്‍ ക്ലാസ്മുറിയിലായിരിക്കും. സുദീര്‍ഘവും ഗഹനവും സരസവും ഉജ്വലവുമായ പ്രസംഗങ്ങള്‍. യാതൊരു മുന്നൊരുക്കവുമുണ്ടാവില്ല. തികച്ചും അലസമായാണ് വരിക. മുന്‍കൂട്ടി കൊടുക്കുന്ന വിഷയങ്ങള്‍ ഏതെന്ന് ശ്രദ്ധിക്കാറില്ല. പക്ഷേ എല്ലാ പ്രതീക്ഷകളുടെയും മുകളില്‍ തികഞ്ഞ സംതൃപ്തി നല്‍കുന്ന പ്രസംഗം. ആവശ്യമുള്ള വിഷയങ്ങളെല്ലാം അതില്‍ കൃത്യമായി ഉള്‍ച്ചേര്‍ന്നിരിക്കും.  

ഒരു വിഷയത്തില്‍നിന്ന് മറ്റൊന്നിലേക്ക് കയറിപ്പോവുക. അതില്‍നിന്ന് വേറൊന്നിലേക്ക് കയറി ആദ്യത്തേതിലെത്തുക. പ്രസംഗത്തിന്റെ ലഹരിയില്‍ അറിയാതെ സംഭവിക്കുന്നതല്ല അത്. ബോധപൂര്‍വം ചെയ്യുന്നതാണ്. കേള്‍ക്കുന്നവരെ ചിന്തയുടെ വ്യത്യസ്ത തലങ്ങളിലേക്ക് നയിക്കാന്‍. ആശയത്തിന്റെ വ്യത്യസ്ത വിതാനങ്ങള്‍ തിരിച്ചറിയാന്‍. എന്നാല്‍ പറഞ്ഞുവച്ച ഓരോ ആശയവും കൃത്യമായി ക്രോഡീകരിച്ചുകൊണ്ടാവും അവസാനിപ്പിക്കുന്നത്.

വിശ്വംഭരന്‍മാഷുടെ എല്ലാ പ്രസംഗങ്ങളും ചേര്‍ത്തുവച്ചാല്‍ അത് അറിവിന്റെ മഹാനദികള്‍ വന്നുചേരുന്ന വാക്കിന്റെ സാഗരമായിരിക്കും. തത്ത്വചിന്തകളും ദര്‍ശനങ്ങളും സാഹിത്യവും ചരിത്രവും ഭാഷാവിജ്ഞാനവും സാംസ്‌കാരികപൈതൃകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള സുവ്യക്തമായ കാഴ്ചപ്പാടുകളും ദേശീയതയെക്കുറിച്ചുള്ള ഉറച്ച നിലപാടുകളും അതില്‍ തിരമാലകളായി അലയടിച്ചുയര്‍ന്നുകൊണ്ടിരിക്കും. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കലര്‍പ്പില്ലാത്ത ലവണരസം അതില്‍ പൂരിതമായി ലയിച്ചിരിക്കും.

തപസ്യയുടെ മാസികയായ 'വാര്‍ത്തിക' ത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇന്നുവരെ ഒരുവരി അദ്ദേഹം എഴുതിത്തന്നിട്ടില്ല. ഇരുന്ന് എഴുതാനുള്ള മാഷുടെ സ്ഥായിയായ മടിതന്നെയാണ് പ്രധാന കാരണം. പിന്നെ ആ മാസികയുടെ ലഘുരൂപത്തിനനുസരിച്ച് ചുരുക്കി എഴുതാന്‍ മാഷ് തയാറല്ല എന്നതും.  

അതിനാല്‍ ഞാന്‍ മറ്റൊരു വിദ്യ പ്രയോഗിച്ചു. ഓരോ പ്രസംഗവും ഞാന്‍ ശബ്ദലേഖനം ചെയ്‌തെടുക്കും. എഴുതിയെടുത്ത പ്രസംഗങ്ങള്‍ ഉചിതമായി മുറിച്ചെടുത്ത് പല ലേഖനങ്ങളാക്കി മാറ്റും ഞാന്‍. ആദ്യകാലത്ത് അദ്ദേഹത്തിന് അയച്ചുകൊടുത്ത് അഭിപ്രായം ചോദിക്കും. അന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണ്: ''ഒരിക്കല്‍ പറഞ്ഞ കാര്യം അതേപോലെ പിന്നെ ഞാന്‍ ആലോചിക്കാറില്ല. അതിനാല്‍ ഇങ്ങോട്ടു അയക്കുകയൊന്നും വേണ്ട. ഹര്‍ഷന്‍മാഷ് അത് വേണ്ടതുപോലെ പ്രസിദ്ധീകരിച്ചോളൂ, എന്റെ പൂര്‍ണ സമ്മതമുണ്ട്.''

(ബാക്കിഭാഗം അടുത്തലക്കം)

 

  comment
  • Tags:

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.