×
login
ജഗത്ഗുരുവിലൂടെ ജഗദ്ഗുരുത്വത്തിലേക്ക്

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം ഇപ്പോള്‍ അമൃതവര്‍ഷമായി ആഘോഷിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കും. പുതിയ നേതൃത്വം, പുതിയ തീരുമാനങ്ങള്‍, ഭാവാത്മകമായ പുതിയ മാറ്റങ്ങള്‍, പുതിയ തലമുറപോലും പുതിയ ഭാരതത്തെക്കുറിച്ചു വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. ഭാരത സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയോടെ ജഗത്ഗുരുസ്ഥാനത്തേക്കു നമ്മെ നയിക്കുന്നതില്‍ ജഗദ്ഗുരു ശങ്കരാചാര്യസ്വാമികള്‍ക്കു വലിയ പങ്കുണ്ടാകും

എം. രാജശേഖര പണിക്കര്‍

ഇംഗ്ലണ്ടില്‍ വച്ച് വിനായക ദാമോദര്‍ സവര്‍ക്കറോട് ഒരു സോഷ്യലിസ്റ്റ് യുവാവ് ചോദിച്ചു, ''താങ്കള്‍ക്കെന്തുകൊണ്ട് സോഷ്യലിസം അംഗീകരിച്ചുകൂടാ?'' സവര്‍ക്കര്‍  പറഞ്ഞു, ''അമ്പതുവര്‍ഷം അതിജീവിച്ച നിങ്ങളുടെ ഏതെങ്കിലും തത്വശാസ്ത്രമുണ്ടോ? എങ്കില്‍ അത്   അംഗീകരിക്കാന്‍ ഞാന്‍ തയാറാണ്. എന്റെ നാട്ടില്‍ ആയിരക്കണക്കിനാണ്ടുകള്‍ അതിജീവിച്ച തത്വശാസ്ത്രമുണ്ട്. ഞാന്‍ എന്തിനത് ഉപേക്ഷിക്കണം?''

സമത്വവും സാഹോദര്യവും ഏകലോകവുമൊക്കെ വാഗ്ദാനം ചെയ്ത പ്രത്യയശാസ്ത്രങ്ങളുടെ തകര്‍ച്ച ലോകം കണ്ടു. എന്നാല്‍ തകരാതെ, തോല്‍പ്പിക്കാനാകാതെ സംഘര്‍ഷഭരിതമായ ലോകത്തിന് സാന്ത്വനസ്പര്‍ശമായി ഭാരതീയ തത്വചിന്ത ഇന്നും തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. കാലാതീതമായ ആ തത്വശാസ്ത്രങ്ങള്‍ ബലപ്പെടുത്തുന്നതില്‍ വലിയ പങ്കാണ്  ആദി ശങ്കരാചാര്യര്‍ വഹിച്ചത്.  

ഋണ്വന്തോ വിശ്വമാര്യം, ലോകാ സമസ്താ സുഖിനോ ഭവന്തു, ഭവസുധൈവ കുടുംബകം, സര്‍വേ ഭവന്തു സുഖിന, സര്‍വേ സന്തു നിരാമയ, സര്‍വേ ഭദ്രാണി പശ്യന്തു മാ കശ്ചിത്  ദുഃഖ ഭാഗ് ഭവേത് എന്നൊക്കെയാണ് നമ്മുടെ പ്രപഞ്ചസങ്കല്‍പ്പം. ലോകമംഗളം ആഗ്രഹിച്ചതുകൊണ്ടാണ് നാം ലോക ഗുരുവായത്.  

മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും പേരില്‍ അഫ്ഘാനിസ്ഥാനും സിറിയയും താലിബാനുകളും ഉയരുമ്പോള്‍ ലോകത്തിനു ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാവുന്നത് ആചാര്യസ്വാമികള്‍ മുന്നോട്ടുവച്ച അദ്വൈതമാണ്. സര്‍വം ബ്രഹ്മമെന്നും, ബഹ്മമല്ലാതെ മറ്റൊന്നില്ല എന്നും, 'ഏകം സത് വിപ്രാ ബഹുധാ വദന്തി' എന്നും ഉല്‍ഘോഷിക്കുന്നതിന്റെ അന്തസ്സത്തയും അദ്വൈതം തന്നെ. ലോകമേ തറവാട് എന്ന സമന്വയത്തിന്റെയും സാഹോദര്യത്തിന്റെയും ഭാരതീയ  പ്രപഞ്ചവീക്ഷണം തന്നെയാണ് ആചാര്യസ്വാമികള്‍ 'സ്വദേശോ ഭുവനത്രയം' എന്ന് അന്നപൂര്‍ണേശ്വരി സ്തോത്രത്തിലൂടെ ആവര്‍ത്തിക്കുന്നത്. ഈ സമന്വയത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും  സന്ദേശമല്ലാതെ  മറ്റൊരു തത്വശാസ്ത്രവും ലോകത്തെ രക്ഷിക്കുകയില്ല.

Varanasi: PM Modi pays tribute to - Adi Shankaracharya #Gallery - Social News XYZ

 

തന്റേത് മാത്രമാണ് ശരി എന്നും, മറ്റുളളവരെ ഏതു വിധേനയും തന്റെ മാര്‍ഗത്തിലേക്ക് കൊണ്ടുവരണമെന്നും ചിന്തിക്കുന്ന സെമറ്റിക്ക് മതസങ്കല്‍പത്തിന് ചിന്തിക്കാനാവാത്ത വിശാല ചിന്തയാണ് ഭാരതീയ പൈതൃകത്തിന്റെ അന്തസ്സത്ത ഉള്‍കൊള്ളുന്ന ശ്രീ ശങ്കരന്റെ പാത. അനേകം ദ്വൈതങ്ങളുടെ സംഘര്‍ഷലോകത്തു മൃതസഞ്ജീവനിയാണ്  ജഗദ്ഗുരു ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തം. ബ്രഹ്മമാണ് സത്യമെന്നും മറ്റെന്തും മിഥ്യയെന്നും സ്ഥാപിച്ച ശ്രീ ശങ്കരനില്‍ വൈരുദ്ധ്യങ്ങളെല്ലാം അവസാനിക്കുന്നു. ശങ്കരവഴിയില്‍ സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും സ്ഥാനമില്ല. എല്ലാം ഒരേ സത്തയുടെ വൈവിദ്ധ്യമാര്‍ന്ന രൂപങ്ങള്‍ മാത്രം.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം രാഷ്ട്രം അമൃതവര്‍ഷമായി ആഘോഷിക്കുകയാണല്ലോ. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ നാം  സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കും. ഭാരതം മുഴുവന്‍ അതിനായി ഒരുങ്ങുകയാണ്. പുതിയ നേതൃത്വം, പുതിയ തീരുമാനങ്ങള്‍, ഭാവാത്മകമായ പുതിയ മാറ്റങ്ങള്‍, പുതിയ തലമുറപോലും പുതിയ ഭാരതത്തെക്കുറിച്ചു  വലിയ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. ഭാരത സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയോടെ  ജഗത്ഗുരുസ്ഥാനത്തേക്കു നമ്മെ നയിക്കുന്നതില്‍ ജഗദ്ഗുരു ശങ്കരാചാര്യസ്വാമികള്‍ക്കു വലിയ പങ്കുണ്ടാകും.

ഭാരതത്തിന്റെ ദേശീയ, ആദ്ധ്യാത്മിക, സാംസ്‌കാരിക പൈതൃകത്തിന് ആദിശങ്കരാചാര്യ സ്വാമികളുടെ സംഭാവനകള്‍ അമൂല്യമാണ്. ഭാരതീയ ദര്‍ശനങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ആചാര്യസ്വാമികള്‍ കൃത്യമായ ഭാഷ്യം നല്‍കി. ആത്മീയവും ഭൗതികവും രാഷ്ട്രീയവുമായ രംഗങ്ങളിലെല്ലാം ആചാര്യസ്വാമികളുടെ പ്രഭാവം പ്രകടമാണ്.  

വേദാധിഷ്ഠിതമല്ലാത്തതൊന്നും ആചാര്യന് സ്വീകാര്യമായിരുന്നില്ല. വേദവിരുദ്ധമായ സര്‍വത്തേയും വാദമുഖങ്ങള്‍ കൊണ്ട് പരാജയപ്പെടുത്തി. ബ്രഹ്മമല്ലാതെ മറ്റൊന്നില്ല എന്ന അദ്വൈത മന്ത്രം അരക്കിട്ടുറപ്പിക്കുന്നതില്‍ ആചാര്യന്‍ വിജയിച്ചു. വിശ്വശാന്തിക്കുള്ള ഭാരതത്തിന്റെ പരമമന്ത്രമാണ് ആചാര്യന്‍ ലോകത്തിനെ ഓര്‍മപ്പെടുത്തിയത്. ആധുനിക കാലഘട്ടത്തില്‍ ലോകത്തിന് ശാന്തിയിലേക്കുള്ള വഴി എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന പരമചൈതന്യം ഒന്നുതന്നെയാണെന്ന അദ്വൈതമന്ത്രമാണ്. 'പലമത സാരവുമേക'മെന്നു ശ്രീനാരായണ ഗുരുദേവന്‍ അരുളിച്ചെയ്തതും ഈ അദ്വൈതമന്ത്രം തന്നെയാണ്.

വേദാധിഷ്ഠിതമായ സനാതനധര്‍മ പ്രതിഷ്ഠാപനത്തിനായി ഭാരതത്തിന്റെ നാലു ദിശകളിലായി ശ്രീ ശങ്കരന്‍ നാലു മഠങ്ങള്‍ സ്ഥാപിച്ചു. ഒഡിഷ സംസ്ഥാനത്തിലെ പുരിയില്‍ പൂര്‍വാമ്നായ ഗോവര്‍ദ്ധനപീഠം, ഗുജറാത്തിലെ ജാമ്നഗറില്‍ പശ്ചിമാമ്നായ ദ്വാരകാ ശാരദാ പീഠം, ഉത്തരഖണ്ഡിലെ ബദരിയില്‍ ഉത്തരാമ്നായ ജ്യോതിര്‍ പീഠം, കര്‍ണാടകയിലെ ശ്രംഗേരിയില്‍ ദക്ഷിണാമ്നായ ശാരദാ പീഠം. നാല് ശിഷ്യന്മാരെ ഓരോ മഠത്തിന്റെയും ചുമതലയേല്‍പ്പിക്കുകയും ചെയ്തു. പുരിയില്‍ പത്മപാദാചാര്യ, ദ്വാരകയില്‍ സ്വാമി സുരേശ്വരാചാര്യ (മണ്ഡനമിശ്രന്‍), ബദരിയില്‍ തോടകാചാര്യ, ശ്രംഗേരിയില്‍ ഹസ്താമലകാചാര്യ.  

പ്രപഞ്ച വിജ്ഞാനത്തിലെ കലവറകളായ നാല് വേദങ്ങള്‍ ധാരമുറിയാതെ തലമുറകളിലേക്ക് പകര്‍ന്നു നല്‍കാന്‍ ഓരോ പീഠത്തിനും ഓരോ വേദവും നിര്‍ദേശിച്ചു: പുരിയില്‍ ഋഗ്വേദം, ശ്രംഗേരിയില്‍ യജുര്‍വേദം, ദ്വാരകയില്‍ സാമവേദം, ബദരിയില്‍ അഥര്‍വവേദം.

ദേശീയ നവോത്ഥാനത്തിനു ആചാര്യര്‍ നല്‍കിയ കായകല്‍പചികിത്സയുടെ ഫലസിദ്ധിയില്‍ അത്രമേല്‍ ഉറപ്പുള്ളതുകൊണ്ടാണ് ശ്രീശങ്കരപൈതൃകം സംരക്ഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബദ്ധശ്രദ്ധനായത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ദേശീയതയ്ക്കും ദേശീയ നേതാക്കള്‍ക്കും അവരുടെ ജീവിത ദൗത്യങ്ങള്‍ക്കും കിട്ടുന്ന അംഗീകാരം അഭൂതപൂര്‍വമാണ്. ആദി ശങ്കരാചാര്യര്‍ക്ക് അതില്‍ പ്രഥമസ്ഥാനമുണ്ട്.


കേദാര്‍നാഥില്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം സന്ദര്‍ശിച്ചശേഷം ശ്രീശങ്കരന്റെ സമാധിസ്ഥാനത്ത് ശ്രീശങ്കരശില്‍പം മോദി ഉല്‍ഘാടനം ചെയ്യുകയുണ്ടായി. ആത്മീയതയും തത്വചിന്തയും വഴി ലക്ഷാവധി ആളുകളെ പ്രചോദിതരാക്കി ശ്രീശങ്കരന്‍ ഉറങ്ങിക്കിടന്ന ഒരു സംസ്‌കൃതിക്ക് ജീവന്‍ നല്‍കിയതായി മോദി പറഞ്ഞു. ശങ്കരന്‍ ശിവശങ്കരന്‍ തന്നെയെന്നു പറഞ്ഞ മോദി, ലോകകല്യാണത്തിനായി പ്രവര്‍ത്തിക്കുന്നവനാണ് ശിവന്‍ എന്നും പറഞ്ഞു. മയക്കത്തില്‍ നിന്നുണര്‍ന്ന് അസൂയയുടെയും കോപത്തിന്റെയും വിദ്വേഷത്തിന്റെയും ആര്‍ത്തിയുടെയും നിഷേധാത്മക വികാരങ്ങള്‍ക്കപ്പുറം ഔന്നത്യത്തിലേക്കുയരാനുള്ള സന്ദേശം ശ്രീശങ്കരന്‍ നല്‍കി.  

ഉത്തരാഘണ്ഡിലുള്ള കേദാര്‍നാഥിലെ തത്വജ്ഞാനിയുടെ സമാധിസ്ഥാനത്താണ് 12 അടി ഉയരമുള്ള ആദ്യ ശങ്കരാചാര്യ ശില്‍പം മോദി ഉദ്ഘാടനം നിര്‍വഹിച്ചത്. 2013 ലെ ഉത്തരാഘണ്ഡ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന സമാധി നവീകരണം നടത്തിയ ചരിത്രനിമിഷം 12 ജ്യോതിര്‍ലിംഗ സ്ഥാനങ്ങളിലും നാലു മഠങ്ങളിലും ശങ്കര ജന്മസ്ഥാനമായ കാലടിയിലും രാജ്യത്തെ മറ്റനേകം ക്ഷേത്രങ്ങളിലും സംപ്രേഷണം ചെയ്യുകയുണ്ടായി.

നമ്മുടെ സംസ്‌കാരം കാത്തുസൂക്ഷിക്കുന്നതില്‍ ആദി ശങ്കരാചാര്യരുടെ ബ്രഹത് സംഭാവനകള്‍ വിവരിക്കാന്‍ വാക്കുകളില്ലെന്നു മോദി പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തില്‍ ആദി ശങ്കരന്റെ സിദ്ധാന്തങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. സാധാരണക്കാരന്റെ ക്ഷേമത്തിനുവേണ്ടി സമര്‍പിച്ച ആ ജീവിതം അസാധാരണമായിരുന്നു.  

ആദിശങ്കരന്റെ ജന്മഭൂമിയായ കാലടി ദേശീയ സ്മാരകമായി ഉയര്‍ത്തുമെന്ന് ഡിസംബര്‍ 30 ന്  കാലടി സന്ദര്‍ശിച്ച ദേശീയ സ്മാരക അഥോറിറ്റി ചെയര്‍മാന്‍ തരുണ്‍ വിജയ് പറയുകയുണ്ടായി.  നമ്മുടെ സാംസ്‌കാരികോന്നമനത്തിന് വിലപ്പെട്ട സംഭാവന നല്‍കിയ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയെ വിസ്മരിച്ചപ്പോഴും ഛത്രപതി ശിവാജി വകവരുത്തിയ അഫ്സല്‍ ഖാന്റെ 62 ഭാര്യമാരുടെ ശവകുടീരങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്ത് ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളാക്കിയതില്‍ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു. ചരിത്രകാരന്മാരുടെ പക്ഷപാതിത്വവും കൊളോണിയല്‍ മാനസികാവസ്ഥയുമാണ് ഇതിന് കാരണം.

പൂര്‍ണാ നദിയും മുതലക്കടവും  ആദിശങ്കരന്റെ മാതാവ് ആര്യാംബയുടെ സംസ്‌കാരചടങ്ങുകള്‍ നടന്ന സ്ഥലത്തെ കല്‍തൂണുമെല്ലാം മഹാനായ ആ ദാര്‍ശനികന് അനുയോജ്യമായ ദേശീയ സ്മാരകമായിരിക്കും. എഎംഎഎസ്ആര്‍ വകുപ്പനുസരിച്ച് ഈ സ്ഥലം പവിത്ര സ്ഥാനമായ ദേശീയ സ്മാരകമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി.

ആദി ശങ്കരാചാര്യര്‍ ദിഗ്വിജയയാത്രയില്‍ സ്ഥാപിച്ച ശ്രീശങ്കരപീഠവും ഉയിര്‍ത്തെഴുനേല്‍ക്കുകയാണ്. പാക് അധീന കശ്മീരിന് സമീപം 500 മീറ്റര്‍ മാത്രം അകലെ ജമ്മു കശ്മീരിലെ ടിറ്റ്വാള്‍ ഗ്രാമത്തിലാണ് വിഭജനകാലത്ത് തകര്‍ക്കപ്പെട്ട ഈ പുരാതന ശാരദാ പീഠം നിര്‍മിക്കുന്നത്. ശ്രംഗേരി ശങ്കരാചാര്യ മഠത്തിന്റെ സഹകരണത്തോടെയാണ് ശാരദാദേവിയുടെ പഞ്ചലോഹപ്രതിഷ്ഠയുള്ള പുതിയ ക്ഷേത്രമുയരുന്നത്. 2021ലാണ് ഗ്രാമവാസികള്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഈ ഭൂമി കൈമാറിയത്.

അമേരിക്കയില്‍ 108 അടി ഉയരമുള്ള ആദിശങ്കരാചാര്യ ശില്‍പം സ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി കുറ്റാലം പീഠാധിപതി സിദ്ധേശ്വരാനന്ദ ഭാരതി സ്വാമികള്‍  പറയുന്നു. അതിനായി 500 ഏക്കര്‍ ഭൂമി വാങ്ങിക്കഴിഞ്ഞു.

അയോധ്യയില്‍ ശ്രീരാമ ക്ഷേത്രത്തിനടുത്ത് ശങ്കര അദ്വൈത കേന്ദ്രത്തിന് സ്ഥലം അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രാരംഭ നടപടികള്‍ക്കായി ശങ്കര പരമ്പരയിലെ ആയിരത്തോളം സന്യാസിമാര്‍ അയോധ്യയില്‍ ഒന്നിച്ചു കൂടി. ശ്രീശങ്കരാചാര്യ വാങ്മയസേവാ പരിഷത് എന്ന സംഘടന രൂപീകരിച്ചു സംയുക്തമായി പ്രവര്‍ത്തിക്കാന്‍ അവര്‍ തീരുമാനമെടുത്തിരിക്കുകയാണ്.  

ദേശീയൈക്യത്തിന്റെയും, ആത്മീയ-സാംസ്‌കാരിക നവോത്ഥാനത്തിന്റെയും പതാകാവാഹകനായിരുന്ന ശങ്കാരാചാര്യരുടെ  മഹത്വം കേരളം വേണ്ടരീതിയില്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ടാണല്ലോ സമീപകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉല്‍ഘാടനം ചെയ്ത പുനര്‍നവീകരിച്ച കാശി വിശ്വനാഥ സമുച്ചയത്തില്‍പോലും ശങ്കരാചാര്യ സ്വാമികളുടെ ശില്‍പത്തിന് സ്ഥാനം ലഭിച്ചപ്പോള്‍ കേരളത്തില്‍ ശങ്കര സംസ്‌കൃത സര്‍വകലാശാലക്ക് മുന്നില്‍ ശ്രീശങ്കര ശില്‍പം സ്ഥാപിക്കുന്നതിന് എതിര്‍പ്പ് നേരിടേണ്ടി വന്നത്.

ലോകം മുഴുവന്‍ നേരിടുന്ന അനേകം പ്രശ്നങ്ങളുടെ പരിഹാരം ആദിശങ്കരനിലേക്ക് മടങ്ങുകയാണ്.  ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഭാരതത്തിലെങ്ങുമുള്ള അനേകായിരങ്ങളുടെ തീര്‍ഥാടന കേന്ദ്രമാകുന്നത്  അവതാരപുരുഷന്റെ ജന്മസ്ഥലമെന്ന നിലയിലാണ്.  ഈ ജന്മസ്ഥാനം ഏതു കാലത്തും ഭാരതത്തിനു മുഴുവന്‍ പ്രചോദനമാകണം. ഈ ഉദ്ദേശ്യ ലക്ഷ്യത്തോടെ ശ്രീശങ്കരാചാര്യരുടെ ജീവിതവും സന്ദേശവും ജനകീയമാക്കുന്നതിനും, ജീവിതാനുഷ്ഠാനത്തിന്റെ ഭാഗഭാക്കാക്കുന്നതിനുമായി 2005 മുതല്‍ ആദിശങ്കര ജന്മദേശ വികസന സമിതി  പ്രവര്‍ത്തിച്ചുവരുന്നു. സമിതിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ജനകീയ പങ്കാളിത്തത്തോടെ ശങ്കരജയന്തി വിപുലമായി ആഘോഷിക്കാറുണ്ട്.

ജ്ഞാനസദസ്, സംന്യാസി സമ്മേളനം, സെമിനാര്‍, സിംപോസിയം, കുടുംബയോഗം, മത്സരങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, ഭജനകള്‍, മഹാപരിക്രമം, പൂര്‍ണാനദി പൂജ, മഹാസ്നാനം തുടങ്ങി വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍. ശങ്കരസ്മരണ സൃഷ്ടിക്കുവാന്‍ കുട്ടികള്‍ ശങ്കരവേഷമണിഞ്ഞ് ശോഭായാത്രയുടെ ഭാഗമാകും.

മാര്‍ഗദര്‍ശകമണ്ഡലിലെ സംന്യാസിശ്രേഷ്ഠര്‍ മാര്‍ഗദര്‍ശനം നല്‍കും. ശ്രീശങ്കര കീര്‍ത്തിസ്തംഭത്തിന്റെ പരിസരത്തുനിന്നാരംഭിക്കുന്ന യാത്ര ഇതിഹാസപ്രസിദ്ധമായ മുതലക്കടവില്‍ അവസാനിക്കും. ആചാര്യന്റെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന മുതലക്കടവില്‍ വച്ച് പൂര്‍ണാനദി പൂജ നിര്‍വഹിക്കും.  തുടര്‍ന്ന് മഹാസ്നാനം നടക്കും. ശങ്കരാനുഗ്രഹമായി പ്രസാദം സ്വീകരിച്ച് ശങ്കരഭക്തര്‍ പിരിയുന്നു.

ശ്രീശങ്കര ഭഗവദ്പാദരുടെ ജന്മദിനം വൈശാഖ ശുക്ല പഞ്ചമി ദിനമായ 1197 മേടം 23 (2022 മെയ് 6) ന് സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക സംഘടനകളുടെ കൂട്ടായ്മയില്‍ വിവിധ പരിപാടികളോടെ വിപുലമായി നടത്തുന്നതാണ്. ഈ വര്‍ഷം ശ്രീശങ്കരജയന്തി 2022 മെയ് ആറിനാണ്.

ഏപ്രില്‍ ഒന്ന് മുതല്‍ ആഘോഷ പരിപാടികള്‍ ആരംഭിച്ചിരിക്കുന്നു. ശ്രീശങ്കര സന്ദേശ പ്രചരണാര്‍ത്ഥം ജയന്തിയോടനുബന്ധിച്ച് സത്സംഗങ്ങള്‍, പ്രഭാഷണങ്ങള്‍, കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍ എന്നിവ നടക്കും. ഒരാഴ്ചമുമ്പ് വിളംബര ഘോഷയാത്രയായ ഗ്രാമപരിക്രമ നടക്കും. ജയന്തിദിനത്തില്‍ പതിവുപോലെ സംന്യാസി സംഗമം, മഹാപരിക്രമ, പൂര്‍ണാനദിപൂജ, മുതലക്കടവ് സ്നാനം എന്നിവയോടെ പരിപാടികള്‍ സമാപിക്കും. ഓരോ ശ്രീശങ്കര ജന്മദിനവും ശ്രീശങ്കരമഹത്വം മനസ്സിലാക്കാനുള്ള  അവസരങ്ങളാക്കിയാല്‍ ഭാരതത്തിനും ലോകത്തിന് മുഴുവനും ശ്രേയസ്സുണ്ടാകും.

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.