login
കല്ലുകൊണ്ടെഴുതിയ ആദിത്യഹൃദയം

വെയിലിന്റെ പീതകാന്തിയില്‍ കുളിച്ചുനില്‍ക്കുന്ന ശിലാശില്‍പ്പസാമ്രാജ്യം ഇതാ തൊട്ടുമുന്നില്‍. എന്നോ പുണ്യം വറ്റിപ്പോയ ചന്ദ്രഭാഗാനദിക്കരയില്‍. ഇരുപത്തിനാല് ചക്രങ്ങളില്‍. ഏഴുകുതിരകള്‍ വലിക്കുന്ന രഥത്തില്‍. മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും ശരീരത്തില്‍ വഹിച്ച്. നൂറ്റാണ്ടുകളുടെ രാസപരിണാമങ്ങള്‍ ഏറ്റുവാങ്ങി. ചരിത്രങ്ങള്‍ക്കു സാക്ഷിയായി. സ്ഥൂലരൂപിയായ ഒരു മഹാകാവ്യം.

എം ശ്രീഹര്‍ഷന്‍  

 

എന്തിനാവാം ഈ യാത്രയിലുടനീളം മഴ എന്നെ അനുഗമിക്കുന്നത്! നീണ്ട വയലോരത്ത് നിരനിരയായി വെണ്‍ചാമരം വീശുന്ന ആറ്റുവഞ്ചിപ്പൂക്കളുടെ കാഴ്ചയെ മായ്ച്ചുകൊണ്ട് ബസ്സിന്റെ ചില്ലുജാലകത്തില്‍ വീണുതെറിക്കുന്ന മഴത്തുള്ളികളോടാണ് ചോദ്യം. ഒരാഴ്ചയ്ക്കുമുന്‍പ് വീട്ടില്‍നിന്നിറങ്ങുമ്പോഴും നിനയാതെ മഴ പെയ്തിരുന്നു.

ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുക. ഉത്തരം എവിടെനിന്നെങ്കിലും വരും.

വയലുകളും ചെറുഗ്രാമവും പിന്നിട്ട് ചന്ദ്രഭാഗാ നദിയെച്ചുറ്റി കൊണാറക്കില്‍ വന്നിറങ്ങുമ്പോഴേക്കും മഴ ശമിച്ചിരുന്നു. ലവണസാന്ദ്രമായ തണുത്ത കാറ്റുമാത്രം.

ടൂറിസ്റ്റുകളും ഗൈഡുകളും തട്ടുകച്ചവടക്കാരും നിറഞ്ഞുപുളഞ്ഞ കൊച്ചുതെരുവ്. മഴ നനഞ്ഞ കാട്ടുമയിലിനെപ്പോലെ. ചെളിചവുട്ടാതെ കവച്ചുവച്ചും ചാടിയും മുന്നോട്ടു നീങ്ങവേ വീണ്ടും മഴ.

ഒരു കടത്തിണ്ണയിലേക്ക് ചാടിക്കയറി. മുഷിഞ്ഞ വസ്ത്രം ധരിച്ച പ്രാകൃതരൂപികളായ അഞ്ചാറ് മനുഷ്യര്‍ അവിടെ കൂനിക്കൂടിയിരുപ്പുണ്ട്.

''ഹോ, വല്ലാത്ത മഴ'' പറഞ്ഞത് ഉച്ചത്തിലായിപ്പോയി.

''സാരമില്ല. ഇപ്പോള്‍ തോരും.'' പിന്നില്‍നിന്നൊരു മലയാളമൊഴി.

''ഈശ്വരാ ഞാനിപ്പോഴും പുരിമഠത്തില്‍ത്തന്നെയാണോ!'' അമ്പരന്ന് തിരിഞ്ഞുനോക്കി. പി

ന്നിലിരിക്കുന്നവര്‍ക്കിടയില്‍നിന്ന് ഒരാള്‍ എന്നെ നോക്കി ചിരിക്കുന്നു. മുഷിഞ്ഞുകീറിയ ഒരു നീണ്ട സ്റ്റോണ്‍വാഷ് കുപ്പായം. നിറം മങ്ങിയ വണ്ണമുള്ള ജീന്‍സ്. തോളിലൊരു കാന്‍വാസ്‌സഞ്ചി.

''ആരാണ്?'' ചെറിയ അങ്കലാപ്പോടെ അടുത്തേക്ക് ചെന്നു.

''ഞാന്‍ രാജന്‍.''

''ഇവിടെ?''

''അലഞ്ഞുതിരിഞ്ഞെത്തിയതാണ്.''

''എന്തു ചെയ്യുന്നു.''

''എന്താണെന്നു ചോദിച്ചാലൊന്നുമില്ല. ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്.'' പതിഞ്ഞ സ്വരം. അവിടവിടെയായി വളര്‍ന്നുനില്‍ക്കുന്ന മുഖരോമങ്ങള്‍ക്കിടയില്‍ ശാന്തമായ കണ്ണുകള്‍. സൂക്ഷിച്ചുനോക്കി. എവിടെയോ കണ്ടുമറന്നതുപോലെ. കുറേനേരം ആ മുഖത്തേക്ക് നോക്കിനിന്നു.

ജി. അരവിന്ദന്റെ 'എസ്തപ്പാന്‍'.  

''രാജന്‍ കാക്കനാടന്‍?!'' സംശയത്തെടെയാണ് ചോദിച്ചത്.

''അതെ.''

ചില യാത്രകള്‍ അങ്ങനെയാണ്. അപ്രതീക്ഷിതമായ ചില അനുഭവങ്ങള്‍ കരുതിവയ്ക്കും.  

ആ കണ്ണുകളിലേക്ക് ഒന്നുകൂടി നോക്കി. വിഖ്യാത ചിത്രകാരന്‍. സഞ്ചാരസാഹിത്യകാരന്‍. അഭിനേതാവ്. നോവലിസ്റ്റ് കാക്കനാടന്റെ സഹോദരന്‍.  

കൊതിച്ചിരുന്ന ഒരു സാമീപ്യം. കുട്ടിക്കാലം മുതലേ എന്നില്‍ രൂഢമൂലമായ ചിത്രകലാഭിമുഖ്യം തരളിതമായി. ഒമ്പതാം ക്ലാസുമുതല്‍ പൊറ്റക്കാടിനെ വായിച്ചു മനോയാത്ര നടത്തിയ എന്നെ സഞ്ചാരപ്രിയനാക്കിയത് ഒരു ഒറ്റവായനയാണ്. രാജന്‍ കാക്കനാടന്റെ 'അമര്‍മാഥ് ഗുഹയിലേക്ക്'. തീവ്രമായ മാനസികാനുഭവമായി യാത്ര മനസ്സില്‍ നിറയുകയായിരുന്നു. ജീവിതത്തിന്റെ നേരും യാത്രയുടെ അനുഭൂതിയും ഒരു പെയിന്റിങ്ങിലെന്നപോലെ അനുവാചകനിലേക്ക് പകരുകയായിരുന്നു. അമര്‍നാഥ് ഗുഹയിലേക്ക്, ഹിമവാന്റെ മുകള്‍ത്തട്ടില്‍. രണ്ടേ രണ്ടു സഞ്ചാരകൃതികള്‍ മാത്രം. യാത്രയെഴുത്തിന്റെ നവനീതങ്ങള്‍.  

മെലിഞ്ഞുനേര്‍ത്ത ആ കൈകളില്‍ പതുക്കെ സ്പര്‍ശിച്ചു. ''ഇവിടെ വന്നിട്ട് രണ്ടുമൂന്നു ദിവസമായി. ഒരു പെയിന്റിങ് ക്യാമ്പുണ്ടായിരുന്നു. കൊല്ലത്തുനിന്ന് ജയപാലപ്പണിക്കര്‍ വന്നിരുന്നു. ഇന്നലെ മടങ്ങി. ഞാനിന്ന് രാത്രി ദല്‍ഹിയിലേക്ക് പോകും.''

തൊട്ടടുത്ത കടയില്‍നിന്ന് അദ്ദേഹം രണ്ടു ചായവാങ്ങി. ഒരു കപ്പ് എനിക്കു നീട്ടി.  

എപ്പോഴെങ്കിലും ഒരു ഇന്റര്‍വ്യൂ ചെയ്യണമെന്ന് ഏറെ കൊതിച്ചതാണ്. ഒരുപാട് ചോദിച്ചറിയാനുണ്ടായിരുന്നു. മൗനം കൊതിക്കുന്ന മുഖഭാവം കണ്ടപ്പോള്‍ സാഹസത്തിനു മുതിര്‍ന്നില്ല. ഹ്രസ്വമായ ചില സംസാരങ്ങള്‍.

''ഇന്ന് വലിയ തിരക്കു കാണുന്നില്ല. പോയി കാണൂ.'' സഞ്ചി തോളിലിട്ട് അദ്ദേഹം ഇറങ്ങി. ക്യാമറയെടുത്ത എന്നെ കൈയാംഗ്യംകൊണ്ട് വിലക്കി.

''കാണാം.'' കൈവീശി നടന്നുമാഞ്ഞു.

മഴ തോര്‍ന്നിരുന്നു. ഇറങ്ങി വലത്തോട്ടു തിരിഞ്ഞു. നേരെ മുന്നില്‍ ശാന്തഗംഭീരമായി തലയുയര്‍ത്തിനില്‍ക്കുന്ന സൂര്യക്ഷേത്രം. ചാരമേഘങ്ങള്‍ മൂടിനില്‍ക്കുന്ന ആകാശത്തിലേക്ക് ഭീമാകാരമായി നിവര്‍ന്നുനിന്നുകൊണ്ട് പ്രപഞ്ചത്തെ അഭിവീക്ഷണം ചെയ്യുന്നു.

കൊച്ചുകൊച്ചു കടകള്‍ക്കിടയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ കാര്‍മേഘശകലങ്ങള്‍ മാഞ്ഞുതുടങ്ങിയിരുന്നു. ഞാന്‍ അങ്ങോട്ടു നടക്കുകണോ. ആ ശിലാലോകം ഇങ്ങോട്ടുവരികയോ.

കോണ, അര്‍ക്ക രണ്ടു പദങ്ങള്‍. കൊണാര്‍ക്. 'കോണ' എന്നാല്‍ ദിക്ക്. കിഴക്കു ദിക്കിലെ അര്‍ക്കന്‍. പുരിയില്‍നിന്ന് മുപ്പത്താറ് കിലോമീറ്റര്‍ ദൂരം.  

കിഴക്കന്‍ കടല്‍ത്തീരത്തുതന്നെ. ഭാരതത്തില്‍ പന്ത്രണ്ട് സൂര്യക്ഷേത്രങ്ങളുണ്ട്. പടിഞ്ഞാറ് ഗുജറാത്തിലെ മൊധേര സൂര്യക്ഷേത്രം. കിഴക്ക് ഒഡിഷയില്‍ കൊണാര്‍ക് സൂര്യക്ഷേത്രം.

വെയിലിന്റെ പീതകാന്തിയില്‍ കുളിച്ചുനില്‍ക്കുന്ന ശിലാശില്‍പ്പസാമ്രാജ്യം ഇതാ തൊട്ടുമുന്നില്‍. എന്നോ പുണ്യം വറ്റിപ്പോയ ചന്ദ്രഭാഗാനദിക്കരയില്‍. ഇരുപത്തിനാല് ചക്രങ്ങളില്‍. ഏഴുകുതിരകള്‍ വലിക്കുന്ന രഥത്തില്‍. മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും ശരീരത്തില്‍ വഹിച്ച്. നൂറ്റാണ്ടുകളുടെ രാസപരിണാമങ്ങള്‍ ഏറ്റുവാങ്ങി. ചരിത്രങ്ങള്‍ക്കു സാക്ഷിയായി. സ്ഥൂലരൂപിയായ ഒരു മഹാകാവ്യം.  

ഭാരതത്തിലെ സപ്താദ്ഭുതങ്ങളില്‍ ഒന്ന്. 'യുനെസ്‌കോ'യുടെ ലോകപൈതൃകപ്പട്ടികയിലുള്‍പ്പെട്ട നാഷനല്‍ മോണിമെന്റ്.

യൂറോപ്യന്‍ നാവികര്‍ 'ബ്ലാക്ക് പഗോഡ' എന്നു വിളിച്ചു. കൊണാറക് സൂര്യക്ഷേത്രവും പുരിയിലെ ജഗന്നാഥക്ഷേത്രവും. കടല്‍സഞ്ചാരത്തില്‍ അവരുടെ തീരസൂചനകള്‍. വെളുത്ത ഗോപുരമുള്ള പുരി 'വൈറ്റ് പഗോഡ'. കറുത്ത ഗോപുരമുള്ള കൊണാറക് 'ബ്ലാക്ക് പഗോഡ.'

പതിമൂന്നാം നൂറ്റാണ്ടില്‍ ഗംഗേയരാജാവായ നരസിംഹദേവന്‍ ഒന്നാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. പന്ത്രണ്ട് വര്‍ഷം കൊണ്ട്. അത്രയുംകാലം രാജ്യത്തെ നികുതിവരുമാനം മുഴുവന്‍ ഉപയോഗിച്ച്.

വിഖ്യാതശില്‍പ്പകലാചാര്യനായ വിദ്വാന്‍ ബിസു മഹാറാണയുടെ നേതൃത്വത്തില്‍ ആയിരത്തി ഇരുന്നൂറ് കലാകാരന്മാരുടെ സര്‍ഗസാക്ഷ്യം.

എല്ലാ പണികളും കഴിഞ്ഞു. ശ്രീകോവില്‍ഗോപുരമുകളില്‍ ആ ദിവ്യശില സ്ഥാപിക്കണം. ആമലകീശില. ഏതുസമയത്തും സൂര്യരശ്മി ഉള്ളില്‍ സൂര്യവിഗ്രഹത്തില്‍ പതിക്കുന്ന കാന്തക്കല്ല്. കിരീടമകുടത്തില്‍. അറുപത്തിരണ്ട് സെന്റീമീറ്റര്‍ വ്യാസമുള്ള നെല്ലിക്കയുടെ ആകൃതിയില്‍.

പഠിച്ച സകലവിദ്യകളും പ്രയോഗിച്ചു. ബിസു മഹാറാണ വിയര്‍ക്കുകയാണ്. പറ്റുന്നില്ല. അതാ കയറിവരുന്നു. ഈറന്‍വസ്ത്രമണിഞ്ഞ ഒരു ബാലന്‍. ചന്ദ്രഭാഗാനദി സമുദ്രത്തില്‍ പതിക്കുന്ന സംഗമസ്ഥാനത്തു സ്‌നാനം ചെയ്ത് പരിശുദ്ധനായി.

ഇത്രകാലവും പിതാവിനെ അന്വേഷിച്ചുകൊണ്ടിരുന്ന ധര്‍മ്മപദന്‍. ബിസു മഹാറാണയുടെ പുത്രന്‍.

ഗോപുരമുകളിലേക്ക് ഓടിക്കയറി പിതാവിനെ വണങ്ങി. അനുമതിയോടെ ശില ഉറപ്പിച്ചു.  

ബിസുമഹാറാണ പുത്രനെ ആലിംഗനം ചെയ്ത് കരഞ്ഞു.  

ധര്‍മ്മപദന്റെ കണ്ണുകളില്‍ സൂര്യതേജസ്സ്. പിതാവിന്റെ യശസ്സിനു കോട്ടം വരരുത്. ആ കുട്ടി ചന്ദ്രഭാഗനദിയില്‍ ചാടി ജീവന്‍ വെടിഞ്ഞത്രേ.

അന്നു വറ്റിപ്പോയി ചന്ദ്രഭാഗയുടെ പുണ്യം.

ആ മഹാത്യാഗം ഒരു ദുശ്ശകുനമായാണ് നരസിംഹവര്‍മ്മന്‍ തിരിച്ചറിഞ്ഞത്. 'ഈ ക്ഷേത്രത്തില്‍ ആരാധനയില്ല.' അസന്ദിഗ്ധമായ രാജശാസനം. ഈ നിമിഷം വരെ ഒരിക്കലും അവിടെ ആരാധന നടന്നിട്ടില്ല. അത് ചരിത്രസത്യം.

പരിണിതികള്‍ അതിജീവിച്ച് യുഗാന്തരങ്ങളായി കാത്തിരിക്കയാണ് ഈ സൗരയൂഥം. അനന്തപഥങ്ങള്‍ താണ്ടി കലയുടെ പ്രകാശധോരണിയില്‍ അഭിരമിക്കാന്‍ വരുന്ന ഓരോ യാത്രികനും  

വേണ്ടി.

കറുത്ത കോട്ടണിഞ്ഞ ഗൈഡുകള്‍ കാക്കകളെപ്പോലെ ചുറ്റിപ്പറക്കുന്നു.

വെയില്‍ തെളിഞ്ഞിരിക്കുന്നു. കടല്‍ക്കാറ്റ് ചെറുതായി വീശിയെത്തുന്നുണ്ട്.

നാട്യമണ്ഡപം, ഭോഗമണ്ഡപം,  

ജഗന്മോഹനമണ്ഡപം, ഗര്‍ഭഗൃഹം. നാലു ഭാഗങ്ങളായിട്ടാണ് ക്ഷേത്രം.

നാട്യമണ്ഡപം ഉള്‍ക്കൊള്ളുന്ന മുഖമണ്ഡപത്തിന്റെ പടികള്‍ക്കിരുവശവും ആനയെ കീഴടക്കിയ സിംഹങ്ങളുടെ കൂറ്റന്‍പ്രതിമ. ചുമരില്‍ പല നിരകളിലായി സംഗീത - നൃത്ത ശില്‍പ്പങ്ങള്‍. വാദ്യകാരന്മാരുടെ ശില്‍പ്പങ്ങള്‍ ഒരു നിരയില്‍. വിവിധ പോസിലുള്ള നൃത്തഭാവങ്ങള്‍ മറ്റൊരു നിരയില്‍. ഈ നൃത്തശില്‍പ്പങ്ങളില്‍ നിന്നാണത്രേ 'ഒഡിസ്സി' നൃത്തം വികസിച്ചത്.

മുഖമണ്ഡപത്തിനു മുകളില്‍നിന്ന് അകത്തേക്കിറങ്ങാന്‍ മൂന്നു കവാടങ്ങളാണുള്ളത്. ഏതിലൂടെ നോക്കിയാലും ഭോഗമണ്ഡപത്തിന്റെ പ്രധാനകവാടം നേര്‍രേഖയിലാണ് കാണപ്പെടുക. മുഖമണ്ഡപത്തിന്റെ ഇടതുഭാഗത്ത് ധ്യാനമണ്ഡപം.

മുഖമണ്ഡപം കടന്ന് താഴെ മുറ്റത്തേക്കിറങ്ങി. സന്ദര്‍ശകര്‍. ഗൈഡുകള്‍.

ഒറ്റതിരിഞ്ഞ് വശത്തേക്ക് മാറി. ഒരു വിഹഗവീക്ഷണം.

നാട്യമണ്ഡപമൊഴികെ മറ്റുഭാഗങ്ങളൊന്നിച്ച് രഥത്തിന്റെ മട്ടിലാണ്. എഴു കുതിരകള്‍ വലിക്കുന്ന സൂര്യരഥം. ഇരുവശങ്ങളിലായി ഇരുപത്തിനാല് ചക്രങ്ങള്‍. ജഗന്മോഹനമണ്ഡപത്തിന്റെ തെക്കും വടക്കുമായി ആറുവീതം. ഭോഗമണ്ഡപത്തിന്റെ ഇരുവശങ്ങളിലായി നാലുവീതം. ഭോഗമണ്ഡപത്തിന്റെ പടിക്കിരുവശവും രണ്ടുവീതം.  

ഓരോ ചക്രവും ഓരോ മണിക്കൂര്‍. സൂര്യഘടികാരങ്ങള്‍. എട്ട് ആരക്കാലുകള്‍ വീതം. ചക്രമധ്യത്തില്‍ വിരല്‍വയ്ക്കുമ്പോഴുള്ള നിഴല്‍ വീഴുന്ന ആരക്കാല്‍ നോക്കി സമയം നിര്‍ണയിക്കാം.

ആരക്കാലുകളുടെ മധ്യത്തില്‍ മിനിയേച്ചര്‍ ശില്‍പ്പങ്ങളുണ്ട്. ജീവിതാവസ്ഥകളുടെ പ്രതീകങ്ങളാണവ. ഒരു ചക്രത്തില്‍ സ്ത്രീയുടെ പ്രഭാതം മുതല്‍ രാത്രിവരെയുള്ള കര്‍മ്മങ്ങള്‍. നൃത്തരംഗങ്ങളാണ് മറ്റൊരു ചക്രത്തിലുള്ളത്. വേറൊന്നില്‍ വിവിധ ദേവതകള്‍.

രഥത്തിന്റെ അടിത്തട്ടില്‍ ചക്രങ്ങള്‍ക്കിടയിലുള്ള ഭാഗങ്ങള്‍ നിറയെ പലവിധ ശില്‍പ്പങ്ങള്‍. കണ്ണാടിയില്‍ മുഖം നോക്കുന്ന സുന്ദരി. മദ്ദളം കൊട്ടുന്ന യക്ഷി. ഓടക്കുഴലൂതുന്ന ഗോപിക. ഭൈരവന്‍. വിശ്വാമിത്രനും മേനകയും. നാഗകന്യക...... അങ്ങനെ അങ്ങനെ.

 

 

 

 

 

  comment
  • Tags:

  LATEST NEWS


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  ക്വട്ടേഷന്‍ സംഘം തേടിയത് ജ്യേഷ്ഠനെ; കിട്ടിയത് അഭിമന്യുവിനെ; പരുക്കേറ്റ കാശിനാഥ് ബിജെപി പ്രവര്‍ത്തകന്‍; മുതലെടുപ്പിന് സിപിഎം


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ


  കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി


  സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


  ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി


  യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോണ്‍ ലൈറ്റിങ്ങ്


  കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.