×
login
വാക്‌സിന്‍ വന്നു, വസൂരിയെ കൊന്നു

ഇതാണ് ആദ്യ വാക്‌സിനായ സ്‌മോള്‍ പോക്‌സ് വാക്‌സിന്റെ കഥ. കറവക്കാരിയായ സാറയും വികൃതിക്കുട്ടനായ ജോസഫും നാട്ടുവൈദ്യനായ ജന്നറും ചേര്‍ന്ന് വിജയകരമായി പൂര്‍ത്തിയാക്കിയ വീരഗാഥയുടെ കഥ. ഈ മഹാമാരിയുടെ കാലത്ത് ജന്നറിന്റെ വീരഗാഥ ഒരിക്കല്‍ കൂടെ ഓര്‍മകളില്‍ തെളിയുന്നു.

 

ഏതാണ്ട് കാല്‍നൂറ്റാണ്ട് മുന്‍പുള്ള ലോകം. മരുന്നില്ലാത്ത മഹാരോഗങ്ങള്‍ അരങ്ങു തകര്‍ക്കുന്ന കാലം. വസൂരിയും മലമ്പനിയും പ്ലേഗുമൊക്കെ നാടുനീളെ ആളെക്കൊന്നു വീഴ്ത്തി. അങ്ങനെയൊരു കാലത്താണ് ഇംഗ്ലണ്ടിലെ ബര്‍ക്കിലിയില്‍ നാട്ടു ഡോക്ടറായി എഡ്‌വേഡ് ജന്നര്‍ ജോലി തുടങ്ങുന്നത്. പാടവും പറമ്പും പശുക്കളും കറവക്കാരുമൊക്കെ നിറഞ്ഞ നാട്ടിന്‍പുറമായിരുന്നു അന്ന് ബര്‍ക്കിലി. ജന്നറിന്റെ അച്ഛനാവട്ടെ സ്ഥലം പള്ളിയിലെ വികാരിയും.

വസൂരി അഥവാ 'സ്‌മോള്‍ പോക്‌സ്' അതിന്റെ സമസ്ത ക്രൂരതയോടും കൂടി താണ്ഡവമാടുന്ന കാലമായിരുന്നു അത്. വസൂരിയില്‍നിന്ന് രക്ഷനേടിയവര്‍ക്കാകട്ടെ ക്രൂരമായ അംഗഭംഗമായിരുന്നു ബാക്കി പത്രം. അവരുടെ മുഖം ഭയാനകമായ രൂപം  കൈക്കൊണ്ടു. രോഗത്തില്‍നിന്ന് രക്ഷപ്പെട്ടവരില്‍ മൂന്നിലൊന്നിനും  കാഴ്ച നഷ്ടപ്പെട്ടു. ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നതായിരുന്നു ജെന്നറിന്റെ ആഗ്രഹം.

കാര്യമായ ശാസ്ത്ര ഉപകരണങ്ങള്‍ ഒന്നും ഇല്ലായിരുന്ന അക്കാലത്ത് കൃത്യമായ നിരീക്ഷണമായിരുന്നു ജന്നറിന്റെ കൈമുതല്‍. ഗോവസൂരി അഥവാ 'കൗ പോക്‌സ്' എന്നൊരു രോഗം അന്ന് കന്നുകാലികളില്‍ വളരെ വ്യാപകമായി കാണപ്പെട്ടിരുന്നു. അത് പശുക്കളില്‍ നിന്ന് കറവക്കാരിലേക്ക് പകര്‍ന്നു. അതവരുടെ കയ്യിലും കാലിലും വ്രണങ്ങള്‍ സൃഷ്ടിച്ചു. പിന്നെ ആരെയും കൊല്ലാതെ മെല്ലെ അകന്നുപോവുകയും ചെയ്തു. പക്ഷേ ഒരിക്കല്‍ ഗോവസൂരി അഥവാ 'കൗപോക്‌സ്' വന്നവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും വസൂരി വരുന്നില്ല. ഇതായിരുന്നു ജന്നറിന്റെ ആദ്യ വെളിപാട്.

പക്ഷേ അതിന്റെ കാരണമെന്താണെന്ന് എത്ര ആലോചിച്ചിട്ടും ജന്നറിന് മനസ്സിലായില്ല. എങ്കിലും അദ്ദേഹം ചില തീരുമാനങ്ങളെടുത്തു. തന്റെ ക്ലിനിക്കിന് സമീപമുള്ള കറവക്കാരി സാറ നെല്‍മിസിന് കൗപോക്‌സ് പിടിച്ചത് ആയിടയ്ക്കായിരുന്നു. വിവരമറിഞ്ഞ ജന്നര്‍ അന്തംവിട്ട ഒരു കളിക്ക് ഒരുങ്ങിയത്. തന്റെ പാര്‍ശ്വവര്‍ത്തിയായ ജെയിസം ഫിപ്സ് എന്ന 12 കാരനെ അദ്ദേഹം ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി. സാറയുടെ ചുവന്നു പഴുത്ത കൗപോക്‌സ് വ്രണങ്ങളില്‍നിന്ന് ശേഖരിച്ച പഴുപ്പ് ഡോക്ടര്‍ കൊച്ചു ജേക്കബിന്റെ ശരീരത്തില്‍ കയറ്റി. കുട്ടിയുടെ കൈത്തണ്ടയില്‍ ഒരു മുറിവുണ്ടാക്കി അതിലൂടെയാണ് കൗപോക്‌സ് അണുക്കളെ അവന്റെ ശരീരത്തില്‍ പ്രവേശിപ്പിച്ചത്.

1796 മെയ് 14 നായിരുന്നു ആ ചരിത്ര സംഭവം. തുടര്‍ന്ന് ഡോക്ടര്‍ ഏറെ ഉത്കണ്ഠയോടെ രോഗിയെ നിരീക്ഷിച്ചു. ജേക്കബിന് ചെറിയ പനിവന്നു. കൗപോക്‌സ് കുരുക്കള്‍ വന്നു. പിന്നെ അവന്‍ രോഗമുക്തനായി. ഇതായിരുന്നു ജന്നര്‍ കാത്തിരുന്ന അവസരം. ജൂലൈ മാസം അദ്ദേഹം ജേക്കബ് ഫിപ്‌സിനെ വീണ്ടും ക്ലിനിക്കില്‍ കൊണ്ടുവന്നു. അവന്റെ കയ്യില്‍ മുറിവുണ്ടാക്കി. ഇത്തവണ ആ കുഞ്ഞു ശരീരത്തിലേക്ക് ജന്നര്‍ കയറ്റിവിട്ടത് സാക്ഷാല്‍ വസൂരിയുടെ അണുക്കളെ. വസൂരി രോഗം ബാധിച്ച് മരണാസന്നനായ ഒരു രോഗിയുടെ വ്രണങ്ങളില്‍നിന്ന് ശേഖരിച്ച സ്രവം.  ലോകചരിത്രത്തിലെ ആദ്യ വാക്‌സിനേഷന്‍. പഴയ മലയാളത്തില്‍ പറഞ്ഞാല്‍ ഗോവസൂരി പ്രയോഗം. (ഈ വാക്‌സിനേഷന്‍ പ്രയോഗത്തിന് ഈ വര്‍ഷം 225 വര്‍ഷം തികയുന്നു) അദ്ഭുതം. ജേക്കബിനെ വസൂരി ബാധിച്ചില്ല. വസൂരിയുടെ ലക്ഷണങ്ങള്‍ പോലും ആ കുട്ടിയില്‍ ഉണ്ടായില്ല. അവന്റെ ശരീരത്തില്‍ വസൂരി വൈറസ്സുകള്‍ക്കെതിരെ പ്രതിരോധം ഉടലെടുത്തു കഴിഞ്ഞിരുന്നു.

വസൂരിയെ പിടിച്ചുകെട്ടാനുള്ള സൂത്രം താന്‍ കണ്ടെത്തിയിരിക്കുന്നു-ഡോക്ടര്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടി. പക്ഷേ വസൂരി കൊണ്ടുവരുന്ന അണുക്കളുടെ സ്വഭാവം അദ്ദേഹത്തിനറിഞ്ഞു കൂടായിരുന്നു. തന്റെ പ്രയോഗം രോഗത്തെ എങ്ങനെ പിടിച്ചുകെട്ടുന്നുവെന്നും അദ്ദേഹത്തിന് മനസ്സിലായില്ല. വൈറസ്സിനെ കണ്ടെത്താന്‍ കഴിവുള്ള സൂക്ഷ്മ ദര്‍ശിനികള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ലല്ലോ. എങ്കിലും തന്റെ കണ്ടുപിടുത്തം വിശദീകരിക്കുന്ന ഒരു പ്രബന്ധം അദ്ദേഹം ലണ്ടനിലെ റോയല്‍ സൊസൈറ്റിക്ക് സമര്‍പ്പിച്ചു. അവരത് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്തു.

തന്റെ പ്രതിരോധ പരിപാടിക്ക് നല്ലൊരു പേര് നല്‍കാനും എഡ്‌വേഡ് ജന്നര്‍ മറന്നില്ല. പശുവിന്റെ ലാറ്റിന്‍ വാക്കാണല്ലോ വക്ക. അതില്‍നിന്നും പശുവിനെ ബാധിക്കുന്ന  കൗവാക്‌സിന് വാക്‌സിന എന്ന പേര് കിട്ടി. വാക്‌സിനകൊണ്ട് നടത്തിയ പ്രയോഗത്തിന് ഡോക്ടര്‍ എഡ്‌വേഡ് ജന്നര്‍ നല്‍കിയ പേരാണ് 'വാക്‌സിനേഷന്‍.'

ജന്നര്‍ തന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു. കൂടുതല്‍ ശാസ്ത്രീയമായി വാക്‌സിനേഷനുകള്‍ നടത്തി. രണ്ടുവര്‍ഷം കഴിഞ്ഞ്, 1798 ല്‍ അദ്ദേഹം വിശദമായൊരു പ്രബന്ധം റോയല്‍ സൊസൈറ്റിക്ക് സമര്‍പ്പിച്ചു. ഇക്കുറി അത് ശ്രദ്ധിക്കപ്പെട്ടു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഒട്ടേറെ ശാസ്ത്രജ്ഞര്‍ ജന്നറിന്റെ കണ്ടെത്തലുകളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയും ചെയ്തു. പക്ഷേ വസൂരിയെ തടയേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമായിരുന്നു. അടിയന്തരാവശ്യം.

1802 ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് എഡ്‌വേഡ് ജന്നറിന് പ്രോത്സാഹനമായി 10000 പൗണ്ട് സമ്മാനിച്ചു. അഞ്ച് വര്‍ഷത്തിനുശേഷം 20000 പൗണ്ട് കൂടി സര്‍ക്കാര്‍ വാക്‌സിനേഷന്റെ പിതാവിനു നല്‍കി. തന്റെ താമസസ്ഥലമായ ചാന്‍ട്രി ഹൗസിന്റെ ഉദ്യാനത്തില്‍ ജന്നര്‍ ഒരു വലിയ മുറി പണിത്, അതിന് വാക്‌സിനയുടെ ക്ഷേത്രം (ടെമ്പിള്‍ ഓഫ് വാക്‌സിന) എന്ന പേരും നല്‍കി. അവിടെ എത്തുന്നവര്‍ക്കെല്ലാം അദ്ദേഹം സൗജന്യമായി വസൂരി വാക്‌സിനേഷന്‍ നല്‍കി. 1823 ജനുവരി 26 ന് ജന്നര്‍ അന്തരിച്ചു. കൃത്യം 30 വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ടില്‍ സ്‌മോള്‍പോക്‌സ് (വസൂരി) വാക്‌സിനേഷന്‍ നിര്‍ബന്ധിതമാക്കി.

ലോകമെങ്ങും ഭീതി പരത്തിയ ഒരു മഹാരോഗത്തിന്റെ മരണമണിയുടെ തുടക്കമായിരുന്നു അത്. തുടര്‍ന്ന് നിരവധി ഗവേഷണങ്ങള്‍. കൗപോക്‌സ് പരത്തുന്ന വരിയോള വൈറസുമായി സ്‌മോള്‍ പോക്‌സ് അഥവാ വസൂരി അണുക്കളുടെ സാദൃശ്യം ഏറെ ഗവേഷണം ചെയ്യപ്പെട്ടു. ജീവനുള്ള രോഗാണുക്കളെ അതേപടി ശരീരത്തിലേക്ക് കയറ്റുന്ന 'ഇനോക്കുലേഷന്‍' ഉപേക്ഷിക്കപ്പെട്ടു. പകരം നിര്‍ജീവമായ അണുക്കള്‍ വാക്‌സിനേഷനുകളില്‍ ഉപയോഗിക്കപ്പെട്ടു. ലോകമെങ്ങും സ്‌മോള്‍ പോക്‌സ് വാക്‌സിന്‍ പ്രചരിക്കപ്പെട്ടു. ലോകാരോഗ്യ സംഘടനയും യുനിസെഫും അതിന് നേതൃത്വം നല്‍കി. ഒടുവില്‍ 1980 മെയ് എട്ടിനു ചേര്‍ന്ന ലോകാരോഗ്യ അസംബ്ലി (വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി) ലോകം വസൂരി മുക്തമായതായി പ്രഖ്യാപിച്ചു.

ഇതാണ് വാക്‌സിനേഷന്റെ കഥ. ആദ്യ വാക്‌സിനായ സ്‌മോള്‍ പോക്‌സ് വാക്‌സിന്റെ കഥ. കറവക്കാരിയായ സാറയും വികൃതിക്കുട്ടനായ ജോസഫും നാട്ടുവൈദ്യനായ ജന്നറും ചേര്‍ന്ന് വിജയകരമായി  പൂര്‍ത്തിയാക്കിയ വീരഗാഥയുടെ കഥ. ഈ മഹാമാരിയുടെ കാലത്ത് ജന്നറിന്റെ വീരഗാഥ ഒരിക്കല്‍ കൂടെ ഓര്‍മകളില്‍ തെളിയുന്നു. കൊവിഡ് വാക്‌സിനുവേണ്ടി പൊരിവെയിലില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നവരും ആരോഗ്യപോര്‍ട്ടലുകളില്‍ പച്ച വെളിച്ചത്തിന് കണ്ണ് മിഴിച്ചു നില്‍ക്കുന്നവരും ഓര്‍ക്കാറുണ്ടോ ഈ മൂവര്‍ സംഘത്തിന്റെ വീരകൃത്യം.

വാല്‍ക്കഷ്ണം: ഇടിയും മിന്നലും എന്നും ഭയത്തിന്റെ പ്രതീകങ്ങളാണ്. അത്യുഗ്രമായ ഇടിമിന്നലില്‍  നൈട്രജന്‍, ഓക്‌സിജന്‍ തന്മാത്രകള്‍ ഹൈഡ്രോക്‌സില്‍, ഹൈഡ്രോ പെറോക്‌സിന്‍ എന്നീ റാഡിക്കലുകളായി മാറുമെന്നും വായുവിനെ ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്നും ഇസഡ്എംഇ സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രീന്‍ഹൗസ് മലിനവാതകങ്ങള്‍ കുറയ്ക്കാനും ഇടിമിന്നലുകള്‍ സഹായിക്കുമെന്നുമാണ് പെന്‍സ്റ്റോക്ക് സര്‍വകലാശാലയിലെ അന്തരീക്ഷ ശാസ്ത്ര പ്രൊഫസര്‍ വില്യം ബ്രൂണെയുടെ നിരീക്ഷണം. ഒക്‌ലാഹോമ-കൊളറാഡോ വഴിയില്‍ മിന്നലിനു മേലെ വിമാനം പറത്തി ലഭിച്ചതാണത്രേ ഈ നിഗമനത്തിനാവശ്യമായ ഡാറ്റ.

 

 

 

 

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.