×
login
കഥാപ്രസംഗ കലയിലെ വല്ലഭന്‍

കഴിഞ്ഞ 47 വര്‍ഷമായി ഈ രംഗത്ത് സജീവമായി നിലനില്‍ക്കുന്ന കലാകാരനാണ് ആര്യാട് വല്ലഭദാസ്. 1973ല്‍ ചരിത്രപ്രസിദ്ധമായ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനിയിലാണ് ആദ്യ കഥ അവതരിപ്പിക്കുന്നത്. കഥ 'ഗംഗ'. പ്രതിഫലം നൂറു രൂപ. ഇപ്പോള്‍ ഒന്‍പതിനായിരത്തിലേറെ വേദികള്‍ പിന്നിട്ടിരിക്കുകയാണ് ഈ അതുല്യ കലാകാരന്‍. കലാ കുടുംബത്തിലായിരുന്നു വല്ലഭദാസിന്റെ ജനനം.

ഒരു കാലത്ത് കേരളത്തിലെ ക്ഷേത്രപ്പറമ്പുകളില്‍ നിറഞ്ഞ് നിന്നൊരു കലയാണ് കഥാപ്രസംഗം. സംഗീതവും സാഹിത്യവും അഭിനയവും ഹാസ്യവും എല്ലാം ചേര്‍ന്നൊരു കലാരൂപം. ഒരു നടന് സ്റ്റേജില്‍ അഭിനയിച്ചാല്‍ മതിയാകും. നര്‍ത്തകിയ്ക്ക് പാട്ടിനൊത്ത് നൃത്തം ചെയ്താല്‍ മതിയാകും. ഗായകന് താളഭംഗിയോടൊത്ത് പാടിയാല്‍ മതി. എന്നാല്‍ കാഥികന്‍ ഇതെല്ലാം അറിയണം. നന്നായി പാടണം, അഭിനയിക്കണം, ആരോഹണ അവരോഹണക്രമങ്ങള്‍ പാലിച്ച് ചടുലമായ ഭാഷയില്‍ കഥ പറയാന്‍ കഴിയണം. അതിലുപരി നന്നായി ഹാസ്യം അവതരിപ്പിക്കാന്‍ സാധിക്കണം. അങ്ങനെ കലയുടെ എല്ലാ വശങ്ങളും അറിവുള്ള കലാകരനേ ഈ രംഗത്ത് ശോഭിക്കാന്‍ കഴിയുകയുള്ളൂ.

കഴിഞ്ഞ 47 വര്‍ഷമായി ഈ രംഗത്ത് സജീവമായി നിലനില്‍ക്കുന്ന കലാകാരനാണ് ആര്യാട് വല്ലഭദാസ്. 1973ല്‍ ചരിത്രപ്രസിദ്ധമായ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനിയിലാണ് ആദ്യ കഥ അവതരിപ്പിക്കുന്നത്. കഥ 'ഗംഗ'. പ്രതിഫലം നൂറു രൂപ. ഇപ്പോള്‍ ഒന്‍പതിനായിരത്തിലേറെ വേദികള്‍ പിന്നിട്ടിരിക്കുകയാണ് ഈ അതുല്യ കലാകാരന്‍.  കലാ കുടുംബത്തിലായിരുന്നു വല്ലഭദാസിന്റെ ജനനം. പ്രസിദ്ധ നാദസ്വര വിദ്വാന്‍ കൊച്ചുനാണുഭാഗവതരുടെ കൊച്ചുമകനും, നാടകനടനും റേഡിയോ കലാകാരനുമായിരുന്ന ആര്യാട് ഗോപാലകൃഷ്ണന്റെ അനന്തരവനുമായ വല്ലഭദാസിന് സ്‌കൂള്‍ പഠന കാലയളവില്‍ തന്നെ കലാരംഗത്തോട് താല്‍പ്പര്യം ഉണ്ടായിരുന്നു.

അമ്മാവന്റെ തിരുവനന്തപുരത്തെ വീട്ടില്‍ താമസിച്ച് പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തെ സഹപാഠിയായിരുന്നു മണിയന്‍ പിള്ള രാജു എന്ന് പില്‍ക്കാലത്ത് പ്രശസ്തനായ നടന്‍ രാജു. രാജുവിന്റെ നേതൃത്വത്തില്‍ നടന്ന നാടക കളരിയില്‍ അംഗമായിരുന്നു വല്ലഭദാസ്. നാട്ടിന്‍പുറങ്ങളിലെ ക്ഷേത്രങ്ങളില്‍ സാംബശിവന്റെയും കെടാമംഗലത്തിന്റേയും കഥാപ്രസംഗങ്ങള്‍ നടക്കുമ്പോള്‍ അത് കണ്ട് വല്ലഭദാസ് അനുകരിക്കാനും, അവരുടെ രീതികള്‍ പറിക്കാനും തുടങ്ങി. അച്ചന്റെ കയര്‍ഫാക്ടറി തൊഴിലാളികള്‍ക്ക് മുന്നിലാണ് വല്ലഭദാസ് ആദ്യം കഥ പറഞ്ഞ് തുടങ്ങിയത്. ഇത് സഭാകമ്പം മാറ്റാന്‍ സഹായിച്ചു. കൂടാതെ അവരുടെ പ്രോത്സാഹനം പ്രചോദനവുമായി.


കഥാപ്രസംഗ മേഖലയിലേക്ക് താന്‍ പോകുന്നതിനോട് അച്ഛനും സഹോദരനും ഒക്കെ തുടക്കത്തില്‍ എതിരായിരുന്നു. അതിനാല്‍ അവര്‍ അറിയാതെയായിരുന്നു കഥാപ്രസംഗ പരിശീലനമെന്ന് വല്ലഭദാസ് ഓര്‍ക്കുന്നു. പ്രതിഫലം പോലും വാങ്ങാതെ ആര്യാട് രാജപ്പനാശാനാണ് കഥയായ ഗംഗ പഠിപ്പിച്ചത്. ആദ്യ കഥ അവതരിപ്പിക്കാന്‍ പോകുമ്പോള്‍ അച്ഛന്റെ അനുഗ്രഹം ലഭിച്ചതുമില്ല, അമ്മ അനുഗ്രഹിച്ചു. ദുഃഖത്തോടെ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ രാജപ്പനാശാന്റെ വാക്കുകള്‍ പ്രോത്സാഹനവും ഉണര്‍വുമായി.

ആദ്യ കഥ പറച്ചിലില്‍ തന്നെ അഭിനന്ദന പ്രവാഹം. ക്ഷേത്രസംഘാടകരും കാണികളും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു...കാഥികന്‍ കൊല്ലം ബാബു സ്റ്റേജില്‍ കയറി വല്ലഭദാസിനെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചു. പ്രശസ്തനാകുമെന്ന അദ്ദേഹത്തിന്റെ അനുഗ്രഹം യാഥാര്‍ത്ഥ്യമായി. 1976ല്‍ തിരുവനന്തപുരം റേഡിയോ നിലയത്തില്‍ നടന്ന റേഡിയോ ഓഡിഷന്‍ ടെസ്റ്റില്‍ വിജയിച്ചു. ഇതോടെ പേരിന് മുന്നില്‍ എഐആര്‍ എന്നു കൂടി ചേര്‍ക്കാനായി. തുടര്‍ന്നിങ്ങോട്ട് അന്‍പതിലേറെ കഥകള്‍, ഒന്‍പതിനായിരത്തിലേറെ വേദികള്‍.

ഇതിനിടെ നിരവധി നാടകങ്ങളിലും വേഷമിട്ടു. സംവിധായകന്‍ ആശ്രമം ചെല്ലപ്പന്റെ ആലപ്പുഴ ബ്രില്ല്യന്‍ തിയേറ്റേഴ്സില്‍ മൂന്ന് വര്‍ഷക്കാലം വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. പിന്നീട് കളര്‍കോട് ശിവകുമാറിന്റെ രംഗശ്രീ, പ്രശസ്ത സംവിധായകന്‍ വിനയന്റെ സ്വദേശാഭിമാനി തുടങ്ങിയ സമിതികളുടെ നാടകങ്ങളിലും അഭിനയിച്ചു. വിവിധ സംസ്ഥാനങ്ങളിലും, ഗള്‍ഫ് രാജ്യങ്ങളിലും കഥ അവതരിപ്പിക്കാന്‍ കഴിഞ്ഞു. മറക്കാനാകാത്ത നിരവധി അനുഭവങ്ങളാണ് കഥാപ്രസംഗ രംഗത്ത് ഉണ്ടായിട്ടുള്ളതെന്ന് വല്ലഭദാസ് പറയുന്നു. ഒരു ചതയം നാളില്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള കഥ അഞ്ചു വേദികളില്‍ അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അവസാന സ്റ്റേജില്‍ കഥ പറഞ്ഞ് തീര്‍ന്നപ്പോള്‍ നേരം പുലര്‍ന്നു. ഇപ്പോള്‍ കുറേ കാലങ്ങളായി പുരാണ കഥകള്‍ മാത്രമെ അവതരിപ്പിക്കാറുള്ളൂ.

പുരാണേതിഹാസങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നത് ദൗത്യമായി കരുതുന്നു. ഇപ്പോഴും പഴയ ഊര്‍ജസ്വലതയോടെ തന്ന കഥ അവതരിപ്പിക്കാന്‍ കഴിയുന്നത് ഈശ്വരാനുഗ്രഹമായി കരുതുന്നു. കഥാപ്രസംഗ വേദിയിലായിരിക്കണം തന്റെ അന്ത്യമെന്ന പ്രാര്‍ത്ഥനയാണ് വല്ലഭദാസിനുള്ളത്. ഭഗവാന്‍ അനുഗ്രഹിക്കുന്ന കാലത്തോളം കഥയവതരിപ്പിക്കണം. ആദ്യ കാലത്ത് വൈദേശിക പ്രത്യയശാസ്ത്രത്തിന് ഒപ്പമായിരുന്നു അദ്ദേഹം. അതിന്റെ വ്യര്‍ത്ഥത തിരിച്ചറിഞ്ഞ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം സജീവമാണ് വല്ലഭദാസ്. തപസ്യ അടക്കമുള്ള പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കലയുടെയും കലാകാരന്റെയും യഥാര്‍ത്ഥ ദൗത്യം എന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കുകയെന്നും അദ്ദേഹം പറയുന്നു. ഭാര്യ ഉമാദേവിയും മൂന്നു മക്കളും വല്ലഭദാസിന് എല്ലാ പിന്തുണയും നല്‍കുന്നു. മക്കളെല്ലാവരും വിവാഹിതരാണ്.

  comment

  LATEST NEWS


  പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.