×
login
വട്ടവടയില്‍ എത്തിയ കാമധേനു

ഡോക്ടര്‍ജി ജന്മശതാബ്ദിക്കാലത്ത് ഒരു വര്‍ഷം വിപുലമായ സമ്പര്‍ക്കം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തയാറാക്കപ്പെട്ട ലിസ്റ്റില്‍ ദേവികുളത്ത് വട്ടവട എന്ന ഗ്രാമമേ ഉണ്ടായിരുന്നുള്ളൂ. തമിഴ്‌നാടതിര്‍ത്തിയിലുള്ള അവിടെ ഒരു യോഗം നടത്തി. അവിടത്തെ പ്രഭാഷണം കേട്ട 'താത്താ' എന്നയാള്‍ കൊടി അവര്‍ക്കു കൊടുക്കണമെന്നാവശ്യപ്പെട്ടു. ആ ഗ്രാമീണരുടെ മനസ്സിനെ കവര്‍ന്നു. അവിടെ രോഗം വന്നവരെ ചികിത്സിക്കാന്‍ തീരെ സൗകര്യമുണ്ടായിരുന്നില്ല. വിഭാഗ് സംഘചാലക് പാലായിലെ ഡോക്ടര്‍ ചിദംബരം ആ വ്യക്തിയെ റോഡ് സൗകര്യമുള്ള സ്ഥലത്തെത്തിക്കാന്‍ മഞ്ചലും മറ്റും തയാറാക്കിച്ചു കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി രോഗം ഭേദമാക്കി തിരികെയെത്തിച്ചു. ഈ സംഭവം നാട്ടുകാരുടെ മനംകവര്‍ന്നുവെന്നു പറഞ്ഞാല്‍ മതി.

മാര്‍ച്ച് 23ന് ദേവികുളം താലൂക്കിലെ വട്ടവടയില്‍ പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സ്വര്‍ഗീയ ഭാസ്‌കര്‍ റാവു മെഡിക്കല്‍ മിഷന്റെ ചികിത്സാലയം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാഗ്യമുണ്ടായി. സംഘത്തിന്റെ ശാഖാതലം തൊട്ട് അഖിലഭാരതീയ തലം വരെയുള്ള ചുമതലകള്‍ നിര്‍വഹിച്ച്  സര്‍വഥാ ആദരണീയനായി  അശീതി കടന്നിട്ടും ഊര്‍ജസ്വലനായ നമ്മെ നയിക്കുന്ന എസ്. സേതുമാധവനായിരുന്നു ഗൃഹപ്രവേശ കര്‍മ്മം നടത്തിയത്. വട്ടവടയിലെ സംഘപ്രവേശം മുതല്‍ അതിന്റെ പ്രവര്‍ത്തനത്തിനു മാര്‍ഗദര്‍ശനം നല്‍കിവന്ന അദ്ദേഹത്തെക്കാള്‍ അതിനു പറ്റിയ ആള്‍ വേറെ ഉണ്ടോ എന്നു സംശയമാണ്. ശ്രീരാമകൃഷ്ണ മഠത്തിലെ ശ്രീമദ് ഭുവനാത്മാനന്ദ സ്വാമിജി അനുഗ്രഹഭാഷണം ചെയ്തു. സംഘപ്രവര്‍ത്തനത്തിന്റെ ബഹുവിധ പ്രസ്ഥാനങ്ങള്‍ ആ വിദൂര ഉപത്യകാഗ്രാമത്തില്‍ ഒരു കാമധേനുവായി ജനങ്ങള്‍ക്കനുഭവപ്പെടുന്നുവെന്നതിനു സംശയമില്ല.

ജന്മഭൂമിയില്‍ പ്രവര്‍ത്തിച്ചുവന്ന കാലത്താണ് എനിക്കു വട്ടവടയില്‍ നടന്നുവന്ന പ്രവര്‍ത്തനങ്ങളെ പ്പറ്റി അറിയാന്‍ കഴിഞ്ഞത്. 1989-90 കാലത്ത് സംഘസ്ഥാപകന്‍ പൂജനീയ ഡോ. ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദിയുടെ ഭാഗമായി വ്യാപകമായ രാഷ്ട്ര ജാഗണോന്മുഖ പരിപാടികള്‍ നടത്തിവന്നു. അക്കാലത്ത് സംഘത്തിന്റെ ഹൈറേഞ്ചിലെ പ്രവര്‍ത്തനച്ചുമതല കോട്ടയം വിഭാഗിന്റെതായിരുന്നു. അതിന് ചരിത്രപരമായ കാരണമുണ്ട്. മുന്‍പ് രാജഭരണത്തില്‍ ദേവികുളം താലൂക്ക് കോട്ടയം ഡിവിഷനിലായിരുന്നു. ദേവികളും പീരുമേട് ഉടുമ്പന്‍ചോല താലൂക്കുകള്‍ ചേര്‍ന്ന് ഹൈറേഞ്ച് വിഭാഗം ഉണ്ടായിരുന്നു. 1966 ല്‍ ഗുരുജി കോട്ടയത്ത് വന്നപ്പോള്‍ കാര്യകര്‍തൃ ബൈഠക്കില്‍ സംഘപ്രവര്‍ത്തനം എവിടെയൊക്കെയെത്തിയെന്ന് ആരായുകയും ഹൈറേഞ്ചില്‍ ഇല്ല എന്ന് ജില്ലാ പ്രചാരകന്‍ മറുപടി നല്‍കുകയുമുണ്ടായി. 'ആര്‍ ദോസ് പ്ലേസസ് ടൂ ഹൈ, നോ ഹ്യൂമന്‍ ഇസ് സ്റ്റേയിങ് ദേര്‍' എന്നന്വേഷിച്ചു. അവിടത്തെ കുടിയേറ്റങ്ങളെയും കയ്യേറ്റങ്ങളെയും പറ്റി ലഘുവിവരണം നല്‍കിയതുകേട്ടശേഷം ''നോ പ്ലേസ് ഷുഡ് ബി അണ്‍ടച്ച്ഡ് ബൈ സംഘ്'' എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്നു കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ഏറ്റുമാനൂരിലെ രാധാകൃഷ്ണന്‍ ഹൈറേഞ്ചില്‍ സംഘത്തിന്റെ ദൗത്യവുമായി പോയി. രാധാകൃഷ്ണന്‍ പിന്നീട് പ്രചാരകനായി. ജനസംഘം, ബിജെപി പ്രവര്‍ത്തനങ്ങളില്‍ ദേശീയതലം വരെ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ റെയില്‍വേയില്‍ ഒരു സമിതിയംഗമാണ്.

സംസ്ഥാനത്തെ ജില്ലകളുടെ പുനര്‍വിഭജനങ്ങള്‍ പല തട്ടുകളായി തുടര്‍ന്ന് 1969 ല്‍ ഇടുക്കി ജില്ല രൂപംകൊണ്ടു. പഴയ കോട്ടയം ജില്ലയിലെ ദേവികുളം, പീരുമേട്, തൊടുപുഴ എന്നീ താലൂക്കുകളാണതില്‍പ്പെട്ടത്. സംഘദൃഷ്ട്യാ അതിലെ ഹൈറേഞ്ചു താലൂക്കുകള്‍ കോട്ടയം വിഭാഗിലും, തൊടുപുഴ എറണാകുളം വിഭാഗിലുമായി.

ഡോക്ടര്‍ജി ജന്മശതാബ്ദിക്കാലത്ത് ഒരു വര്‍ഷം വിപുലമായ സമ്പര്‍ക്കം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തയാറാക്കപ്പെട്ട ലിസ്റ്റില്‍ ദേവികുളത്ത് വട്ടവട എന്ന ഗ്രാമമേ ഉണ്ടായിരുന്നുള്ളൂ. തമിഴ്‌നാടതിര്‍ത്തിയിലുള്ള അവിടെ ഒരു യോഗം നടത്തി. അവിടത്തെ പ്രഭാഷണം കേട്ട 'താത്താ' എന്നയാള്‍ കൊടി അവര്‍ക്കു കൊടുക്കണമെന്നാവശ്യപ്പെട്ടു. ആ ഗ്രാമീണരുടെ മനസ്സിനെ കവര്‍ന്നു. അവിടെ രോഗം വന്നവരെ ചികിത്സിക്കാന്‍ തീരെ സൗകര്യമുണ്ടായിരുന്നില്ല. വിഭാഗ് സംഘചാലക് പാലായിലെ ഡോക്ടര്‍ ചിദംബരം ആ വ്യക്തിയെ റോഡ് സൗകര്യമുള്ള സ്ഥലത്തെത്തിക്കാന്‍ മഞ്ചലും മറ്റും തയാറാക്കിച്ചു  കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി രോഗം ഭേദമാക്കി തിരികെയെത്തിച്ചു. ഈ സംഭവം നാട്ടുകാരുടെ മനംകവര്‍ന്നുവെന്നു പറഞ്ഞാല്‍ മതി. സുധീര്‍ എന്ന ഡോക്ടര്‍ തന്നെ പ്രചാരകനായി അവിടെ നിയുക്തനായതു കൂടുതല്‍ സൗകര്യമായി. വട്ടവടയിലെ ഏറ്റവും ഉറപ്പുള്ള വീടിന്റെ ഉടമയായ പാട്ടിയമ്മ സംഘത്തിന് ആ വീടു തന്നെ വിട്ടുകൊടുത്തു. ഡോക്ടര്‍ക്ക് അതു സേവനത്തിനു സൗകര്യമായി. സേവാവ്രതികളെ പരിശീലിപ്പിച്ചു. വിദൂര സ്ഥലങ്ങളില്‍ താമസിച്ചു സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുന്ന രീതിയും അവിടെ നടപ്പിലായി. ഒരു സംഘം സഹോദരിമാര്‍ അവിടെ പ്രവര്‍ത്തിച്ചുവരുന്നു. ആ ഗ്രാമത്തിലെ ധാരാളം സഹോദരിമാരും പ്രചോദിതരായി മുന്നോട്ടുവന്നു. അങ്ങനെയുള്ളവര്‍ക്കു പരിശീലനത്തിന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ സൗകര്യം ചെയ്തു. ശരിക്കും സേവാഭാരതി പ്രവര്‍ത്തനങ്ങള്‍ക്കു സാകാരരൂപം കൈവന്ന് വിവിധ സ്ഥലങ്ങളില്‍ നടന്നുവന്നതു ഇതുവഴിയാണ്.  

വട്ടവടയില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള ആസ്പത്രിയെന്നതു ഒരു സ്വപ്‌നമായിരുന്നു. ഭാസ്‌കര്‍റാവുജി വനവാസി കല്യാണാശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്തു അവിടം സന്ദര്‍ശിച്ചിട്ടുണ്ട്. വനവാസി പ്രവര്‍ത്തനങ്ങള്‍ 1967 ല്‍ തന്നെ വയനാട്ടില്‍ ആരംഭിച്ചിരുന്നു. അവിടെ മുട്ടില്‍ എന്ന സ്ഥലത്തു ഉദാരമതിയായ രാധാഗോപി മേനോന്‍ ദാനം നല്‍കിയ സ്‌കൂള്‍ കെട്ടിടത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ വകയായി നടത്തിവന്ന ചികിത്സാലയമാണ് വിവേകാനന്ദ മെഡിക്കള്‍ മിഷന്റെ ആദ്യ സംരംഭം. മുന്‍പ് മലബാര്‍ പ്രചാരകനായിരുന്ന ശങ്കര്‍ ശാസ്ത്രി അക്കാലത്ത് വിശ്വഹിന്ദു പരിഷത്ത് സംഘാടകനായിരുന്നു. പരിഷത്ത് നടത്തിവന്ന ആതുരശുശ്രൂഷാലയങ്ങളിലേക്ക് ആവശ്യമായ ഔഷധങ്ങള്‍ സമാഹരിക്കാന്‍ ശാസ്ത്രിജി ആവിഷ്‌കരിച്ച രീതി രസകരമാണ്. പരിഷത് പ്രവര്‍ത്തകര്‍ ഡോക്ടര്‍മാരെ സമീപിച്ച് അവര്‍ക്കു ലഭിക്കുന്ന സാമ്പിള്‍ മരുന്നുകള്‍ സംഭാവനയായി വാങ്ങി നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ എത്തിക്കുകയും, അത് പരിഷത്ത് ഏറ്റെടുത്ത് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് നല്‍കുകയുമായിരുന്നു. അത് ഫലപ്രദമായി സംഘകാര്യം ചെയ്തുവന്ന നന്മണ്ടയിലെ ശ്രീധരന്‍ കിടാവിനെയും ചിറ്റൂര്‍ ശങ്കരനെയും പോലുള്ളവര്‍ ഈ പ്രവര്‍ത്തനത്തില്‍ മാത്രമല്ല സംഘത്തിന്റെ സര്‍വതോമുഖമായ സന്ദേശമെത്തിക്കുന്നതിലും സവ്യസാചിത്വമുള്ളവരായിരുന്നു. ശങ്കരന്‍ ഇന്നു നമ്മോടൊപ്പമില്ല. ശ്രീധരന്‍ കിടാവാകട്ടെ സ്വഭവനത്തില്‍ വിശ്രമജീവിതത്തിലാണ്. ശങ്കര്‍ ശാസ്ത്രിജി നാഗപൂരിലും പൂനെയിലും വിവേകാനന്ദ ആസ്പത്രികള്‍ നിര്‍മിക്കാന്‍ പ്രചോദനം നല്‍കി.

വയനാട്ടിലെ വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ പ്രവര്‍ത്തനം വനവാസി വികാസത്തിന്റെ മേഖലകളെ ബഹുമുഖമാക്കി. അവിടത്തെ ഡോ. സഖ്‌ദേവ് സംഘ പ്രചാരകന്റെ മനസ്സോടെയാണ് വയനാട്ടില്‍ സേവനത്തിനെത്തിയത്. വയനാട്ടിലെ വനവാസികള്‍ക്കിടയില്‍ കാണപ്പെട്ട പ്രത്യേകതരം (അരിവാള്‍)ആകൃതിയിലുള്ള രക്തത്തിലെ അരുണാണുക്കളെ സംബന്ധിച്ച പഠനങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും, തുടര്‍ ഗവേഷണങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്ലൊരു സംഖ്യ അനുവദിക്കുകയും ചെയ്തു.


വനവാസി ഊരുകളിലേക്ക് ആസ്പത്രി തന്നെ ചെല്ലുന്ന രീതിയും അവര്‍ പ്രായോഗികമാക്കി വന്നു. സംസ്ഥാന സര്‍ക്കാരുകളുടെ രാഷ്ട്രീയ മനോഭാവം എത്ര വിപരീതമാണെങ്കിലും വിവേകാനന്ദ മെഡിക്കല്‍ മിഷനുനേരെ കണ്ണടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

വനവാസികളുടെ വിദ്യാഭ്യാസത്തിനു പുറമെ  പരമ്പരാഗത തൊഴിലുകളെയും കൗശലങ്ങളെയും വികസിപ്പിക്കുന്നതിനും മെഡിക്കല്‍ മിഷന്‍ മുന്നില്‍ത്തന്നെ.

മെഡിക്കല്‍ മിഷന്റെ മറ്റൊരു കേന്ദ്രം അട്ടപ്പാടിയിലാണ് പ്രവര്‍ത്തിക്കുന്നത്. സഖ്‌ദേവിനെപ്പോലെ പ്രചാരക മനോഭാവത്തോടെ കഴിഞ്ഞ 20 ലേറെ വര്‍ഷങ്ങളായി ഡോ. നാരായണന്‍ അവിടെ സേവനമനുഷ്ഠിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നു യോഗ്യത നേടിയ അദ്ദേഹം അട്ടപ്പാടിയിലെ ആസ്പത്രിയെ തികച്ചും മാതൃകാപരമായി വളര്‍ത്തിക്കൊണ്ടുവന്നു. ചികിത്സയിലെന്നപോലെ ആസ്പത്രി നടത്തിപ്പിലും, അതാവശ്യമുള്ളവര്‍ക്കതെത്തിക്കുന്നതിലും അദ്ദേഹത്തിന്റെ കൗശലം ശ്രദ്ധേയമാണ്. വട്ടവട ആസ്പത്രിയുടെ സംവിധാനത്തിലും നടത്തിപ്പിലും മുഴുകിയിരിക്കുന്നതിനിടെ ഏതാനും മിനിട്ടുകള്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ ലഭിച്ചത് പ്രയോജനകരമായി.

തൊടുപുഴയില്‍നിന്ന് വട്ടവടയ്ക്കുള്ള യാത്ര വളരെ രസകരമായിരുന്നു. വിഭാഗ് സേവാ പ്രമുഖ് ശ്രീഹരി, തപസ്യ അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ്, ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എസ്.അജിയും പുത്രന്‍ രാംമാധവ് എന്നിവര്‍ക്ക് പുറമേ സാരഥിയായ തൊടുപുഴയിലെ പഴയ സ്വയംസേവകന്‍ കുട്ടനുമുണ്ടായിരുന്നു. നേരിയമംഗലം പാലം കടന്ന് മൂന്നാര്‍ വറെ സുഖമായിരുന്നു യാത്ര. പക്ഷേ മഴക്കാലത്തു കാണാന്‍ കഴിഞ്ഞ ആയിരക്കണക്കായ നീര്‍ച്ചാലുകളും വമ്പന്‍ വെള്ളച്ചാട്ടങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. മൂന്നാര്‍ പിന്നീട് മാട്ടുപ്പെട്ടിയ്ക്കടുത്ത് കാറിന് തകരാര്‍ സംഭവിച്ച് റോഡിലായി. ആനക്കാടായിരുന്നു അത്. രാവിലെ ഒന്‍പതു മണി മുതല്‍ പത്തര വരെ അവിടെ കാനനഭംഗി കണ്ടു. ആന വരുമോ എന്ന ശങ്കയോടെയും നിന്നു. ഒരു ടാക്‌സി സംഘടിപ്പിച്ച് യാത്ര പുനരാരംഭിച്ചു. വട്ടവടയിലെത്തി പരിപാടി സ്ഥലത്തെത്തിയപ്പോള്‍ മഴ, ശക്തമായ മഴ. സേതുമാധവന്റെ പ്രഭാഷണം നടക്കുകയാണ്. അവിടത്തെ പഞ്ചായത്ത് പ്രസിഡന്റ് തന്നെയായിരുന്നു അധ്യക്ഷ. വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ മുപ്പതിലേറെവര്‍ഷക്കാലത്തെ അവിടത്തെ സംഘപ്രവര്‍ത്തനത്തിന്റെ സാക്ഷാത്കാരമാണെന്നു തന്നെയാണ് പ്രാസംഗികര്‍ പറഞ്ഞത്. നാലുപേരാണ് പഞ്ചായത്തംഗങ്ങളായി ബിജെപിക്കാരുള്ളത്.

കാലാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ ആരെയും പരിഭ്രമിപ്പിച്ചില്ല. അവരുടെ നാട്ടില്‍ അത് പതിവാണ്. സംഘത്തിനാകട്ടെ കാലാവസ്ഥ ഒന്നിനും ബാധകമല്ലതാനും.  

വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആസ്പത്രി സേവാഭാരതിയുടെയും, ആരോഗ്യ ഭാരതിയുടെയും സംഘത്തിന്റെയും സംയുക്ത സംരംഭമാണല്ലൊ. ആസ്പത്രിയില്‍ രോഗികളെ പരിശോധിക്കാന്‍ പിറ്റേന്നു തന്നെ തുടക്കം കുറിക്കുമെന്നവിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. മഴ നനഞ്ഞ ചിലര്‍ അന്നുതന്നെ മരുന്നു വാങ്ങുന്നതും കണ്ടു. ആ അതിര്‍ത്തിക്കടുത്ത ഗ്രാമത്തിന്റെ ആരോഗ്യസംരക്ഷണത്തിന് മെഡിക്കല്‍ മിഷന്‍ ആരംഭിച്ച യജ്ഞത്തിന്റെ പൂര്‍ണാഹുതിയോടൊപ്പം പ്രകൃതി തന്നെ മഴ പെയ്തനുഗ്രഹിച്ചു; അവഭൃതസ്‌നാനം ചെയ്തനുഗ്രഹീതമാകാന്‍ അവസരം നല്‍കി. ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ ആസ്പത്രി മുറ്റത്ത് തടിച്ചുകൂടി സംതൃപ്തി പൂണ്ടു.

1956 ല്‍ ഞാന്‍ ഒന്നാംവര്‍ഷ ശിക്ഷണത്തിന് ചെന്നൈ വിവേകാനന്ദ കോളജിലാണ് പോയത്. ശിബിരത്തിന്റെ അവസാനവാരത്തില്‍ ശിക്ഷാര്‍ത്ഥികളുടെ ബൗദ്ധിക് ഒരു ദിവസമുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ഒരു സ്വയംസേവകന്‍ ബൗദ്ധിക്കില്‍ സംഘം കാമസുരഭിയെപ്പോലെയാണ് നമുക്കു വേണ്ടതെല്ലാം തരും എന്നു പറഞ്ഞിരുന്നു. പലരും അദ്ദേഹത്തെ അതിന് പുകഴ്ത്തി സംസാരിച്ചു. അന്നതിന്റെ അര്‍ത്ഥം എനിക്കു മനസ്സിലായില്ല. കാലം ചെന്നപ്പോഴാണ് തെളിഞ്ഞുവന്നത്. ഇക്കഴിഞ്ഞ ആണ്ടുകളില്‍ അതു വ്യക്തമായി. 2018 ലെ വെള്ളപ്പൊക്കവും, കൊവിഡ് മഹാമാരിയില്‍ രാജ്യം അനുഭവിച്ച ദുരിതത്തില്‍നിന്നുള്ള മോചനവും, ഉക്രൈയിനില്‍നിന്ന് ഇരുപതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളെ ഒരു പോറല്‍പോലുമേല്‍ക്കാതെ കൊണ്ടുവന്നതും പോലെയുള്ള കൃത്യങ്ങള്‍ സാധ്യമായതിന്റെയുള്ളിലെ 'അന്തര്‍ധാര' ശതാബ്ദിയിലേക്കടുക്കുന്ന സംഘം തന്നെയാണെന്ന് വ്യക്തമാണ്.

വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ അത്തരത്തിലുള്ള കാമധേനുവായി വട്ടവടയുടെയും കോവിലൂരിലെയും ജനങ്ങളെ അനുഗ്രഹിക്കട്ടെ!

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.