×
login
പി.സി.കെ എന്ന പ്രചാരകന്‍

മൈസൂര്‍ സുല്‍ത്താന്മാരുടെ ആക്രമണത്തിനു മുമ്പത്തെ നാലു നൂറ്റാണ്ടുകാലം ഭാരതത്തിലെ ഗണനീയമായ സമുദ്രശക്തിയായിരുന്നല്ലോ സാമൂതിരിമാര്‍. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് അവര്‍ ജന്മിമാരായി അപചയപ്പെട്ടു. വിദ്യാഭ്യാസത്തില്‍ മികവു പുലര്‍ത്തിയ അവര്‍ക്ക് സമൂഹത്തില്‍ ആദരണീയ സ്ഥാനം ലഭിച്ചുവന്നിരുന്നു.

കോഴിക്കോട്ട് സംഘപ്രവര്‍ത്തനം ആരംഭിക്കാന്‍ ശ്രീ ഗുരുജിയുടെ ആഹ്വാനമനുസരിച്ചെത്തിയ ദത്തോപാന്ത് ഠേംഗഡി അവിടത്തെ ഹിന്ദു സമൂഹത്തിലെ എല്ലാ തലങ്ങളിലുംപെട്ടവരെയും സ്വാധീനിച്ചുവെന്നതു നമുക്കൊക്കെയറിയാം. ചരിത്രത്തിലെ നൂറ്റാണ്ടുകളില്‍ 'ശൈലവാരണിധീശ'ന്മാരും 'കുന്നലക്കോന്മാ'രുമായി പ്രസിദ്ധി നേടിയ സാമൂതിരി രാജകുടുംബങ്ങളിലെ അംഗങ്ങള്‍ മുതല്‍ ഹിന്ദുസമൂഹത്തിലെ ഏറ്റവും അധഃസ്ഥിതരായി കരുതപ്പെട്ടിരുന്ന സമൂഹങ്ങളില്‍പ്പെട്ടവര്‍വരെയുള്ളവര്‍ സംഘത്തില്‍ വരികയും അതിന്റെ എല്ലാത്തട്ടിലുമുള്ള പ്രവര്‍ത്തകരാകുകയും ചെയ്തു. ഇന്നും ആ സ്ഥിതി തുടരുന്നുണ്ട്. 1950-കളുടെ ആരംഭത്തിലാണ് എനിക്ക് സംഘത്തില്‍ എത്താന്‍ ഭാഗ്യമുണ്ടായത്. സംഘപരിശീലന ശിബിരങ്ങള്‍ കഴിഞ്ഞു പ്രചാരകനാകാനും ഭാഗ്യം സിദ്ധിച്ചു. സാമൂതിരി കുടുംബത്തിലെ അംഗങ്ങളായ രണ്ടുപേരോടൊപ്പം അക്കാലത്തു പ്രചാരകനായി പ്രവര്‍ത്തിക്കാനുമവസരം ഉണ്ടായി. ഞാന്‍ ഗുരുവായൂരില്‍ പ്രചാരകനായിരുന്ന 1957-58 കാലത്തു പട്ടാമ്പിയിലുണ്ടായിരുന്ന പി.സി.എം. രാജയെക്കുറിച്ചു ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് സംഘപഥത്തില്‍ പരാമര്‍ശിച്ചിരുന്നു.

1960-കളുടെ തുടക്കത്തില്‍ ആലുവയിലും പെരുമ്പാവൂരിലും മറ്റും പ്രവര്‍ത്തിച്ചുവന്ന പി.സി.കെ. രാജയെക്കുറിച്ചുള്ള ചില ഓര്‍മകള്‍ ഉയര്‍ന്നുവരുന്നു. അക്കാലത്ത് ആലുവയില്‍ കൊച്ചണ്ണന്‍ എന്നെല്ലാവരും സ്നേഹാദരപൂര്‍വം വിളിച്ചുവന്ന എഫ്എസിടി ഉദ്യോഗസ്ഥന്‍ സദാനന്ദന്‍പിള്ളയുടെ ആനന്ദമന്ദിരം എന്ന വീടാണ് കാര്യാലയം പോലെ എല്ലാവരും കരുതിവന്നത്. പ്രചാരകന്മാരുടെ താമസവും അവിടെയായിരുന്നു. പി.സി.കെയും താമസം അവിടെയായിരുന്നു. സായംശാഖ കഴിഞ്ഞ് പെരിയാറ്റിലെ കുളി പതിവായിരുന്നു. ആ ആഹ്ളാദത്തിമിര്‍പ്പില്‍ പങ്കുചേരാനുള്ള അവസരങ്ങള്‍ എനിക്കും ചിലപ്പോള്‍ കിട്ടിയിരുന്നു.

പിന്നീട് പിസിഎം പെരുമ്പാവൂരില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു. അന്നു മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകള്‍കൂടി അദ്ദേഹത്തിന്റെ ചുമതലയിലായിരുന്നു. കണ്ണൂര്‍ ജില്ലയിലായിരുന്ന ഞാന്‍ ചിലപ്പോള്‍ നാട്ടിലെത്തിയപ്പോള്‍ അദ്ദേഹവും വീട്ടില്‍വരുമായിരുന്നു. അക്കാലത്ത് അവിടെ നടന്നുവന്ന പല പുതിയ ശാഖകല്‍ലും ഞങ്ങള്‍ ഒരുമിച്ചു പോകുമായിരുന്നു. സാമൂതിരി കുടുംബത്തിലെ അംഗമെന്ന നിലയ്ക്കും പിസികെയ്ക്ക് വലിയ ആദരവ് ലഭിച്ചിരുന്നു. എന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ ആ ആദരവോടെ അച്ഛന്‍ ആചാരപൂര്‍വമേ പെരുമാറിയിരുന്നുള്ളൂവെന്നദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിനു മുന്നില്‍ ഇരിക്കുമായിരുന്നില്ലത്രേ.

മൈസൂര്‍ സുല്‍ത്താന്മാരുടെ ആക്രമണത്തിനു മുമ്പത്തെ നാലു നൂറ്റാണ്ടുകാലം ഭാരതത്തിലെ ഗണനീയമായ സമുദ്രശക്തിയായിരുന്നല്ലോ സാമൂതിരിമാര്‍. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് അവര്‍ ജന്മിമാരായി അപചയപ്പെട്ടു. വിദ്യാഭ്യാസത്തില്‍ മികവു പുലര്‍ത്തിയ അവര്‍ക്ക് സമൂഹത്തില്‍ ആദരണീയ സ്ഥാനം ലഭിച്ചുവന്നിരുന്നു.

തിരുവിതാംകൂര്‍ ഭരിച്ച വേണാട് രാജവംശത്തിന് കോലത്തുനാടുമായി കുടുംബബന്ധമുണ്ടത്രേ. വേണാടേയ്ക്കു അവിടെനിന്നായിരുന്നു ദത്തുവന്നിരുന്നത്. പിസിഎം പ്രചാരകനായിരിക്കെ തിരുവനന്തപുരത്തു പോയി. അദ്ദേഹത്തിന് കവടിയാര്‍ കൊട്ടാരത്തില്‍ പോയി രാജപ്രമുഖനായിരുന്ന ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിനെ സന്ദര്‍ശിക്കണമെന്നു മോഹമുണ്ടായി. കൊട്ടാരത്തിലേക്കു ഫോണ്‍ വഴി അന്വേഷണം നടത്തി. അതിന്റെ ആചാരപരമായ അന്വേഷണങ്ങള്‍ക്കുശേഷം അനുമതി ലഭിച്ചു. ഒരു കാറില്‍ കൊട്ടാരത്തിന്റെ കവാടത്തിലെത്തിയ അദ്ദേഹത്തെ അവിടെ കാവല്‍ക്കാര്‍ സ്വീകരിച്ച് രാജസന്നിധിയിലെത്തിച്ചു. സാമൂതിരി കുടുംബത്തിലെ മുതിര്‍ന്ന അംഗത്തെയാണ് ശ്രീചിത്തിരതിരുനാള്‍ പ്രതീക്ഷിച്ചതെങ്കിലും മുപ്പതു തികയാത്ത യുവാവാണ് മുമ്പിലെത്തിയതെന്ന കാര്യം അദ്ദേഹത്തില്‍ കൗതുകമുണര്‍ത്തി. മറ്റു രാജകുടുംബങ്ങളും അവരുടെ സംഭാഷണത്തില്‍ പങ്കുചേര്‍ന്നു. സ്വാഭാവികമായും സംഭാഷണം സംഘത്തെക്കുറിച്ചായി. എങ്ങനെയാണ് ആര്‍എസ്എസ്സില്‍ വരാനിടയായതെന്ന് പിസിഎം വിശദീകരിച്ചു. കോഴിക്കോട്ട് സംഘപ്രചാരകനായിരുന്ന ഠേംഗഡിയുടെ പരിചയത്തില്‍ വന്ന കോവിലകത്തെ അംഗങ്ങളില്‍ തന്റെ അമ്മാവന്മാരുമുണ്ടായിരുന്നു. അവരില്‍ ചിലര്‍ സംഘത്തിന്റെ ഭാരവാഹിത്തം തന്നെ ഏറ്റുവെന്നും അറിയിച്ചത് മഹാരാജാവിനു കൗതുകമുണ്ടാക്കിയത്രേ. പിസികെ തന്നെ ഇക്കാര്യം വിവരിച്ചതു കേട്ടപ്പോള്‍ അതൊരു പുതുമയായിത്തോന്നി.

ഇത്രയുമെഴുതിയപ്പോള്‍ മറ്റൊരു സംഭവം ഓര്‍മയില്‍വന്നു. 1953-54 കാലമാണ്. തിരുവനന്തപുരത്ത് ദത്താജി ഡിഡോള്‍ക്കര്‍ പ്രചാരകന്‍. പിന്നീടദ്ദേഹം  പ്രാന്തപ്രചാരകനും, ഒടുവില്‍ വിദ്യാര്‍ഥി പരിഷത്തിന്റെ ദേശീയാധ്യക്ഷനുമായി. 1968 ല്‍ തിരുവനന്തപുരത്ത് പരിഷത്തിന്റെ ദേശീയ സമ്മേളനം നടത്തിയത് അദ്ദേഹത്തിന്റെ അധ്യക്ഷതയിലായിരുന്നു. 53-54 കാലത്ത് കേരള സംസ്ഥാനം രൂപംകൊണ്ടിട്ടില്ല. ഇന്നത്തെ ഗവര്‍ണറുടെ സ്ഥാനത്ത് അന്ന് രാജപ്രമുഖനായിരുന്നു ഭരണത്തലവന്‍. പഴയ രാജകീയ ചിട്ടവട്ടങ്ങള്‍ അല്‍പാല്‍പമായി അവശേഷിക്കുന്നുണ്ടായിരുന്നു. പാലസ് ഗാര്‍ഡ് എന്ന അശ്വസേന നഗരവീഥികളിലെ പതിവുകാഴ്ചയായിരുന്നു.


തിരുവനന്തപുരത്ത് അക്കാലത്തു കാര്യാലയമില്ലായിരുന്നു, എഞ്ചിനീയറിങ് വിദ്യാര്‍ഥി ദിവാകര്‍ കമ്മത്ത് താമസിച്ചിരുന്ന നരസിംഹവിലാസമെന്ന കെട്ടിടത്തിലെ അദ്ദേഹത്തിന്റെ മുറിയിലാണ് പ്രചാരകന്‍ ദത്താജിയും കഴിഞ്ഞത്. അദ്ദേഹത്തിന് തിരുവനന്തപുരത്തിനു പുറമേ നാഗര്‍കോവില്‍, കുഴിത്തുറ മുതലായ ശാഖകളും ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. ഒരു ദിവസം പാലസ് ഗാര്‍ഡ്സിലെ ഒരു അശ്വഭടന്‍ നരസിംഹവിലാസത്തിനു മുന്നില്‍ വന്ന് ദിവാകര്‍ കമ്മത്തിന്റെ മുറിയിലെത്തി. അദ്ദേഹത്തിന് ഒരു കറുത്ത കമ്പിളിതൊപ്പി വേണം. രാജപ്രമുഖന്റെ തൊപ്പിക്ക് എന്തോ കേടുപറ്റി. ആര്‍എസ്എസിന്റെ തൊപ്പിപോലത്തെതായിരുന്നുവത്രെ അദ്ദേഹം ധരിച്ചുവന്ന തൊപ്പിയും. സംഘത്തിലുള്ളവര്‍ക്കു സ്വന്തമായുള്ളതിനപ്പുറം, കൊടുക്കത്തക്ക തരത്തില്‍ തൊപ്പിയില്ല എന്നു പറഞ്ഞു ദത്താജി ഭടന്മാരെ അയച്ചു.

പിസിഎം ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ജയഭാരത് പുസ്തകശാലയുടെ ചുമതലകള്‍ കൈകാര്യം ചെയ്തുവന്നു. കല്ലായിറോഡിലെ കേസരി കാര്യാലയത്തിനടുത്ത് പ്രസ്സിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കടുത്ത് ഒരു മുറിയില്‍ ജയഭാരത് പ്രസിദ്ധീകരണങ്ങള്‍ക്കു പുറമെ ഗീതാ പ്രസ് പുസ്തകങ്ങളും സംഘസാഹിത്യങ്ങളും ഭക്തിസാഹിത്യങ്ങളും അവിടെ ലഭ്യമായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം അദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

ശ്രീചിത്രതിരുനാളിനെ മുഖം കാണിക്കാന്‍ എനിക്കും അവസരമുണ്ടായി. തിരുവനന്തപുരത്ത് 1990 ല്‍ ഒരു മഹിളാസമ്മേളനം നടത്തപ്പെട്ടിരുന്നു. മുഖ്യാതിഥിയായി രാജമാതാ വിജയരാജേസിന്ധ്യയാണിതിന്  എത്തിയത്. സമ്മേളനം കഴിഞ്ഞ് അടുത്ത ദിവസം ശബരിമല ദര്‍ശനത്തിന് അവര്‍ക്ക് ആഗ്രഹമുണ്ടായി. കൊട്ടാരത്തില്‍നിന്ന് രാജമാതാവിനെ കാണാനുള്ള താല്‍പര്യമറിയിച്ചതനുസരിച്ച് അതിനുള്ള വ്യവസ്ഥ ചെയ്തു. രാമന്‍പിള്ളയുമൊരുമിച്ച് രാജമാതാ കൊട്ടാരത്തിലെത്തി. മഹാരാജാവും ഇളയരാജാവും കാര്‍ത്തികതിരുനാളും അവരെ സ്വീകരിച്ചു. ഒരു മണിക്കൂറോളം വിവിധ വിഷയങ്ങള്‍ സംസാരിച്ചു. അടിയന്തരാവസ്ഥക്കാലത്തെ അറസ്റ്റും മിസാതടവും മറ്റു കഷ്ടപ്പെടുത്തലുകളുമൊക്കെ അവരുടെ, വിശേഷിച്ചും കാര്‍ത്തികതിരുനാളിന്റെ അന്വേഷണവിധേയമായി. തന്റെ അന്തസ്സിനും ഗാംഭീര്യത്തിനും അല്‍പംപോലും ലഘുത്വം വരാത്ത വിധത്തില്‍ രാജമാതാവ് കാര്യങ്ങള്‍ വിവരിച്ചുകൊടുത്തു.

അവരെയുംകൊണ്ടുള്ള ശബരിമല യാത്ര അവിസ്മരണീയമായിരുന്നു. തുലാം 30 ന് പമ്പയിലെത്തി. രാത്രിയില്‍ ഭയങ്കരമായ പേമാരി കോരിച്ചൊരിഞ്ഞു. പമ്പാ അതിഥിമന്ദിരത്തിലെ വൈദ്യുതിബന്ധം തകരാറിലായി. കൂരിരുട്ടത്ത് ദേവസ്വം ബോര്‍ഡ് കാര്‍ ഏര്‍പ്പെടുത്തിയ വെളിച്ചം തീരെ അപര്യാപ്തമായിരുന്നു. രാജമാതാവിന്റെ സ്വന്തം പരിചാരികമാരും പാചകക്കാരും ആഹാരം തയ്യാറാക്കാന്‍ വളരെ ക്ലേശിച്ചു.

സന്നിധാനത്തേക്കു ഡോലിയിലാണ് അവരും ഉദ്യോഗസ്ഥരും പോയത്. പുരോഹിതരും തന്ത്രിയുമൊക്കെ ആചാരപരമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. ആറന്മുളയിലും ദര്‍ശനം നടത്താന്‍ രാജാമാതായ്ക്ക് അവസരമുണ്ടായി. പത്തനംതിട്ടയിലെ ബിജെപി യോഗത്തില്‍ അവര്‍ സംസാരിക്കുകയും ചെയ്തു.

സുദീര്‍ഘമായ സംഘസപര്യയിലെ മറക്കാന്‍ കൗഴിയാത്ത ഏതാനും സംഭവങ്ങള്‍ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു ഇവിടെ.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.