×
login
സ്മൃതിപഥങ്ങളിലൂടെ...

കേരള ഗാന്ധി എന്നറിയപ്പെട്ടെങ്കിലും ഐക്യ കേരളപ്പിറവിക്കു ശേഷം ഭരണാധികാരികള്‍ തമസ്‌കരിച്ച കേളപ്പജിയെ കണ്ടെത്താന്‍ യുവകേരളം ഒരു ചരിത്ര യാത്ര നടത്തുകയാണ്. കെ. മാധവന്‍ നായരും കെ.പി. കേശവമേനോനും വിഷ്ണു ഭാരതീയനും സുബ്രഹ്മണ്യം തിരുമുമ്പും... അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നൂറുകണക്കിന് ദേശാഭിമാനികളുടെ ബലികുടീരങ്ങളിലേക്ക്, സ്മൃതിപഥങ്ങളിലേക്കുള്ള യാത്രയാണത്. കേരളത്തെ കരുപ്പിടിപ്പിച്ച അവതാരമൂര്‍ത്തികള്‍ വെട്ടിത്തെളിച്ച പാതയിലൂടെ മാത്രമേ നാടിന് മുന്നേറാനാകൂയെന്ന തിരിച്ചറിവാണത്. പതിറ്റാണ്ടുകളായി കേരളത്തിലെ ഭരണാധികാരികള്‍ ബോധപൂര്‍വം തമസ്‌കരിച്ച ധീരദേശാഭിമാനികളുടെ രണസ്മാരകങ്ങളിലേക്കുള്ള തീര്‍ത്ഥാടന യാത്രയാണിത്

കേരളത്തെ വീണ്ടെടുത്ത മഹാരഥന്മാരുടെ വഴികളിലൂടെ വീണ്ടും ഒരു യാത്ര. കോഴിക്കോട് തളിക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച് പയ്യന്നൂര്‍ ഉളിയത്ത് കടവ് എത്തിയതിനുശേഷം ഗാന്ധി പാര്‍ക്കില്‍ സമാപിക്കുന്ന കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതി യാത്ര കേരളത്തിന്റെ മറവിയിലേക്കുള്ള ഓര്‍മ്മകളുടെ തീര്‍ത്ഥയാത്രയാവുകയാണ്. കേരള ഗാന്ധി എന്നറിയപ്പെട്ടെങ്കിലും ഐക്യ കേരളപ്പിറവിക്ക് ശേഷം നാടു ഭരിച്ച ഭരണാധികാരികള്‍ തമസ്‌കരിച്ച കേളപ്പജിയെ കണ്ടെത്താനുള്ള യുവകേരളത്തിന്റെ ചരിത്ര യാത്രയാവുകയാണത്. കെ. മാധവന്‍ നായരും കെ.പി. കേശവമേനോനും വിഷ്ണു ഭാരതീയനും സുബ്രഹ്മണ്യം തിരുമുമ്പും തുടങ്ങി അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നൂറുകണക്കിന് ദേശാഭിമാനികളുടെ ബലികുടീരങ്ങളിലേക്ക്, സ്മൃതിപഥങ്ങളിലേക്കുള്ള യാത്രയാണത്. കേരളത്തെ കരുപ്പിടിപ്പിച്ച മൂല്യങ്ങളുടെ അവതാരമൂര്‍ത്തികളുടെ പാതയില്‍ കൂടി മാത്രമേ നാടിന് മുന്നേറാനാകൂയെന്ന പുതുതലമുറയുടെ തിരിച്ചറിവാണത്. 142 കിലോമീറ്റര്‍ താണ്ടുന്ന പദയാത്ര, പതിറ്റാണ്ടുകളായി കേരളത്തിലെ ഭരണാധികാരികള്‍ ബോധപൂര്‍വം തമസ്‌കരിച്ച ധീരദേശാഭിമാനികളുടെ രണസ്മാരകങ്ങളിലേക്കുള്ള യാത്രയാവുകയാണ്.

ചിതലരിച്ചും കാടുപിടിച്ചും അവഗണിക്കപ്പെട്ടു കിടക്കുന്ന പുണ്യസങ്കേതങ്ങളിലൂടെയാണത് കടന്നു പോവുന്നത്. ദേശീയതയുടെ പ്രവാഹത്തെ കേരളത്തിന്റെ നാലതിരുകള്‍ക്കുള്ളിലേക്ക് കടത്തില്ലെന്ന് ശപഥം ചെയ്തവര്‍ തമസ്‌കരിച്ച സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകള്‍. വെളിച്ചം കാണാനാവില്ലെന്നുറപ്പോടെ ജയിലറകളിലേക്ക് പോകാന്‍ തയ്യാറായവര്‍, കൂടെപ്പിറപ്പുകളുടെ പട്ടിണി വകവയ്ക്കാതെ പുതിയൊരു പുലരി പിറക്കുമെന്ന ദൃഢവിശ്വാസത്തോടെ നിറതോക്കുകള്‍ക്ക് മുമ്പില്‍ വിരിമാറു കാണിച്ചവര്‍, വാഴ്ത്തപ്പെട്ടവരും വാഴ്ത്തപ്പെടാത്തവരുമായ അത്തരം അനേകങ്ങളുടെ ഓര്‍മ്മകളിലേക്കാണ് കേരള ഗാന്ധിയുടെ ഓര്‍മ്മകളുറങ്ങുന്ന സ്മൃതിയാത്ര നടന്നുകയറുന്നത്.

 

 

 •  കേരള ഗാന്ധി  എന്ന പ്രതീകം

കേരളഗാന്ധി ഒരു പ്രതീകമാണ്. സ്വാതന്ത്ര്യത്തിന്റെ മുന്‍നിരയില്‍ നിന്ന് പോരാടിയെങ്കിലും സ്വതന്ത്ര ശുദ്ധവായുവില്‍ അധികാരമേറ്റവരുടെ പട്ടികയില്‍ ആ ഗാന്ധിയുണ്ടായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തെ പിന്നില്‍നിന്ന് കുത്തിയവരുടെ പട്ടികയില്‍ നിന്നാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ഉണ്ടായത്. ജീവിച്ചിരിക്കുമ്പോഴും മരിച്ചപ്പോഴും കേരളഗാന്ധിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ നാട്ടില്‍ കേരള ഗാന്ധിക്ക് അനുയോജ്യമായ ഒരു സ്മാരകം പോലുമില്ലാതായത് എന്തുകൊണ്ടാണെന്ന് ഏറെ അന്വേഷിച്ച് അലയേണ്ടതില്ല.

കേളപ്പജിക്ക് മാത്രമല്ല കെ.പി. കേശവമേനോനും കെ. മാധവന്‍ നായര്‍ക്കും മറ്റനേകര്‍ക്കും ഇതേ വിധി. സ്മാരകങ്ങള്‍ എന്തിന്, അവരുടെ കര്‍മ്മപഥങ്ങളിലെ ഓര്‍മ്മകള്‍ പോരേയെന്ന് ചോദിക്കുന്നവരുടെ മുന്‍പിലാണ് റോഡുകള്‍ക്കും പാലങ്ങള്‍ക്കും സ്റ്റേഡിയങ്ങള്‍ക്കും കലാലയങ്ങള്‍ക്കും അനര്‍ഹരായ മറ്റു പലരുടെയും പേരുചൊല്ലി വാഴ്ത്തപ്പെട്ടതാക്കിയപ്പോള്‍ കേരളത്തിലെ യഥാര്‍ത്ഥ നായകര്‍ വിസ്മരിക്കപ്പെട്ടത്. കേളപ്പജിയുടെ പാദചലനങ്ങളേല്‍ക്കാത്ത ഒരുതരി മണ്ണുപോലുമില്ലാത്ത കൊയിലാണ്ടി മുചുകുന്നില്‍ സര്‍ക്കാര്‍ കോളജ് ആരംഭിച്ചപ്പോള്‍ അതിനു സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ സ്മാരക കോളേജ് എന്നാണ് ഭരണകൂടം പേരിട്ടത്. അതിന്റെ യുക്തിരാഹിത്യം ചൂണ്ടിക്കാണിച്ചവരെ വര്‍ഗീയവാദികള്‍ എന്ന് മുദ്ര കുത്തി ആയിരുന്നു ഭരണകൂടവും മതേതര കേരളവും നേരിട്ടത്.

ബാഫഖി തങ്ങള്‍ക്ക് സ്മാരകമാക്കാന്‍ എത്രയോ സ്ഥാപനങ്ങളിരിക്കെ കേളപ്പജിയുടെ ജന്മസ്ഥലത്തെ കലാലയത്തിന് അനുയോജ്യം കേരള ഗാന്ധിയുടെ പേരാണെന്ന സാമാന്യ യുക്തിയാണ് തമസ്‌കരിക്കപ്പെട്ടത്. സമ്മര്‍ദ്ദ രാഷ്ട്രീയത്തിന് ഗാന്ധിയന്‍ രാഷ്ട്രീയ മൂല്യങ്ങള്‍ അടിപ്പെട്ട നാണംകെട്ട കേരള രാഷ്ട്രീയത്തിന്റെ ചരിത്രമാണത്. അരിക്കച്ചവടത്തിലെ രസതന്ത്രത്തില്‍ മതരാഷ്ട്രീയം വില്‍പ്പനയ്ക്കുവച്ചവരുടെ മുന്‍പില്‍ കേളപ്പജി വെറുക്കപ്പെട്ടവനും വര്‍ഗീയവാദിയുമായി.  ഐതിഹാസികമായ ഗുരുവായൂര്‍ സത്യഗ്രഹത്തിന് സ്മാരകം പണിയണമെന്ന് ആഗ്രഹിച്ചവര്‍ പണിതത് സമരനായകന്റെ സ്മരണയ്ക്കായിരുന്നില്ല, മറിച്ച് സഹായിയെ സമര നേതാവാക്കി മാറ്റുന്നതിനുള്ള തന്ത്രത്തിനാണ്.  

2016 ഫെബ്രുവരി 12 ലെ ബജറ്റ് പ്രസംഗത്തില്‍ കേരള ഗാന്ധിക്ക് സ്മാരകം പണിയാന്‍ 15 ലക്ഷം രൂപ നീക്കിവയ്ക്കും എന്ന് പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിക്ക് ശേഷം തുക നീക്കിവയ്ക്കല്‍ ബജറ്റ്പ്രസംഗങ്ങള്‍ ഏറെയുണ്ടായെങ്കിലും സ്മാരകം മാത്രമുണ്ടായില്ല. കേരള ഗാന്ധിയുടെ ജന്മസ്ഥലം പോലും തെറ്റായി അച്ചടിച്ച ബജറ്റ് പ്രസംഗം പോലെ പ്രഖ്യാപനങ്ങള്‍ അക്ഷരത്തെറ്റുകളായി ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

 

 •  ഓര്‍മകളുറങ്ങുന്ന തറവാട്

കേളപ്പജിയുടെ സംഭവബഹുലമായ ജീവിതംകൊണ്ട് പ്രസിദ്ധമായ മൂടാടിയിലെ ഒതയോത്ത്, അദ്ദേഹം ജനിച്ച മുചുകുന്നിലെ പുത്തന്‍പുരയില്‍ വീട്, അദ്ദേഹത്തിന്റെ തറവാടായ പയ്യോളി അങ്ങാടിക്കടുത്ത കൊയപ്പള്ളി തറവാട് എന്നിവയില്‍ കേളപ്പജിയുടെ ഓര്‍മ്മകള്‍ ഇപ്പോഴും ത്രസിച്ചു നില്‍ക്കുന്നുണ്ട്. ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും കേളപ്പജിയെ മറന്നെങ്കിലും ഈ വീട്ടകങ്ങളിലെ തെളിച്ചം ഇന്നും കേളപ്പജി തന്നെ. തറവാട്ട് സ്വത്തില്‍നിന്ന് ഒരേക്കര്‍ 35 സെന്റ് സ്ഥലം ഭാഗം വയ്ക്കാതെ കേളപ്പജിയുടെ സ്മരണയ്ക്കായി മാറ്റിവച്ചുകൊണ്ടാണ് കൊയപ്പള്ളിതറവാട് പരിപാലന ട്രസ്റ്റ് കേളപ്പജിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതെങ്കില്‍ പുത്തന്‍പുരയില്‍ ഒമ്പതര സെന്റ് സ്ഥലം കേളപ്പജി സ്മാരകത്തിനായി പഞ്ചായത്തിന് വിട്ടുനല്‍കിയിരിക്കുന്നു. നാടിന്റെ നാനാഭാഗത്തുനിന്നും കേളപ്പജിയുടെ വീട് തേടിയെത്തുന്നവര്‍ക്ക് ചെറുമക്കളായ നന്ദകുമാര്‍ മൂടാടിയും നളിനിയും ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു. ഒതയോത്ത് വീട്ടില്‍ എല്ലാവര്‍ഷവും നാട്ടുകാര്‍ ഒത്തുചേര്‍ന്ന് അനുസ്മരണ സമ്മേളനം നടത്തുന്നു. കേളപ്പജി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രമുഖരാണ് ഇതിനായി ആശ്രമസമാനമായ പ്രശാന്തത നിറയുന്ന ഒതയോത്ത് വീട്ടിലെത്തുന്നത്. കേളപ്പജിയുടെ ഓര്‍മ്മകളെ ചേര്‍ത്ത് നിര്‍ത്തുകയാണ് ഈ വീട്ടുകാരും നാട്ടുകാരും. എന്നാല്‍ അവിടെയൊന്നും സര്‍ക്കാരും സാംസ്‌കാരിക വകുപ്പും സാന്നിധ്യംകൊണ്ട് പോലും തങ്ങളുടെ കടമ നിര്‍വഹിക്കുന്നില്ല.


കൊയപ്പള്ളി തറവാട് നാലുകെട്ടിന്റെ പഴമ നശിക്കാതെ പുതുക്കിപ്പണിത് ഭംഗിയായി പരിപാലിക്കുന്നു. കേളപ്പജിയുടെ ജീവസ്സുറ്റ പ്രതിമ ഇവിടെ സ്ഥാപിച്ചത് കഴിഞ്ഞ വര്‍ഷമാണ്. 2015 ജൂണിലാണ് ഒമ്പതര സെന്റ് സ്ഥലം പുത്തന്‍പുരയില്‍ പറമ്പില്‍ കേളപ്പജി സ്മാരകത്തിനായി വീട്ടുകാര്‍ മൂടാടി ഗ്രാമപഞ്ചായത്തിന് കൈമാറിയത്. എന്നാല്‍ ഗ്രാമ പഞ്ചായത്തോ സര്‍ക്കാരോ പിന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലം അധികാരികളുടെ മനസ്സ് പോലെ ഇന്നും കാടുപിടിച്ചു കിടക്കുകയാണ്. കേളപ്പജിയുടെ ഓര്‍മ്മകള്‍ മാത്രമല്ല, കേളപ്പന്‍ സ്വപ്രയത്‌നത്താല്‍ പണിതുയര്‍ത്തിയ സ്ഥാപനങ്ങളും കടുത്ത അവഗണനയിലാണ്. ഹരിജനോദ്ധാരണത്തിനും അടിസ്ഥാന ജനസമൂഹത്തിന്റെ വിദ്യാഭ്യാസത്തിനും അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിക്കും സ്വാശ്രയ സമൂഹസൃഷ്ടിക്കായും പണിതുയര്‍ത്തിയ സ്ഥാപനങ്ങളും ഖാദി വ്യവസായ കേന്ദ്രങ്ങളും സര്‍ക്കാരിന്റെ പുതിയ വികസന നയത്തിന് മുന്നില്‍ കിതച്ചു നില്‍ക്കുന്നു.  

തവനൂരില്‍ നിളയുടെ തീരത്ത് കാടുപിടിച്ചു കിടന്ന കേളപ്പജിയുടെ അന്ത്യവിശ്രമസ്ഥലം കണ്ടുപിടിച്ചത് നിളാ വിചാരവേദിയുടെ പ്രവര്‍ത്തകരായിരുന്നു. അനാഥമായി കിടന്ന ആ സ്ഥലം കേരള രാജ്ഘട്ട് എന്ന് പുനര്‍നാമകരണം ചെയ്തത് ഈയടുത്തായിരുന്നു. ഏക്കര്‍കണക്കിന് സ്ഥലം അക്വയര്‍ ചെയ്ത്ത്ത് വാരിയംകുന്നന്മാര്‍ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ തിടുക്കപ്പെടുന്ന ഭരണാധികാരികളുടെ കണ്ണില്‍ കേളപ്പന്‍ ഇന്നുമൊരു കരടായി അവശേഷിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസത്തിനും കേരളത്തിന്റെ കാര്‍ഷിക മുന്നേറ്റത്തിനുമായി കേളപ്പജി മുന്‍കൈയെടുത്ത സ്ഥാപിച്ച തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മതി അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് എന്ന വാദം ഉന്നയിക്കാം. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ മറന്നുപോയിരിക്കുന്നു എന്നതാണല്ലോ അതിന്റെ അമരത്തു നിന്ന് അദ്ദേഹം രാജിവയ്ക്കാന്‍ ഇടയായ സാഹചര്യം. തിരുനാവായയെയും തവനൂരിനെയും ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തിന്നിടയില്‍ തകര്‍ന്നു പോകുന്നതാകരുത് കേളപ്പജിയുടെ അന്ത്യവിശ്രമസ്ഥലം. അത് പാലത്തിനും കാലത്തിനും മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നതാകണമെന്ന് ചിന്തിക്കുന്ന ഭരണാധികാരികള്‍ എന്നാണ് കേരളത്തില്‍ ഉണ്ടാവുക.

 

 •  കേശവമേനോനെ  ആര്‍ക്കുവേണം!

കേളപ്പജിയെ മാത്രമല്ല കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരെയെല്ലാം അവഗണിക്കുകയായിരുന്നു സര്‍ക്കാരുകള്‍. കെ. പി. കേശവമേനോന്റെ അഭിലാഷമായിരുന്നു കോഴിക്കോട് കോന്നാട് പ്രശാന്തസുന്ദരമായ തീരത്ത് തനിക്ക് അന്ത്യവിശ്രമം വേണമെന്നുള്ളത്. ആഗ്രഹം പൂര്‍ത്തിയായെങ്കിലും ആരുമറിയാതെ അവഗണിക്കപ്പെട്ടു കിടക്കുന്നു കേശവമേനോന്‍ സ്മൃതികുടീരം.  

കേരളത്തിന്റെ പത്രാധിപര്‍, സ്വാതന്ത്ര്യസമരത്തിന്റെ അമരക്കാരിലൊരാള്‍, സത്യാഗ്രഹ സമര സേനാനി, കെ.പി. കേശവമേനോന് വിശേഷണങ്ങള്‍ ഏറെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം സാമൂഹ്യദ്രോഹികളുടെ മദ്യപാന വേദിയായി മാറിയിരിക്കുന്നു. എഴുത്തിലൂടെയും ജീവിതത്തിലൂടെയും നാം മുന്നോട്ട് എന്ന് പഠിപ്പിച്ച മഹാത്മാവിന്റെ ഓര്‍മകളില്‍ മദ്യരസം നിറയ്ക്കുകയാണ് വര്‍ത്തമാന കേരളം.  

പാവപ്പെട്ടവന്റെ ഭക്ഷണമായ കപ്പപോലും മദ്യം വാറ്റിയെടുക്കാനായി ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്ന, ഐ.ടി ഹബ്ബുകളെ ലിക്കര്‍ ഹബ്ബുകളാക്കി മാറ്റുന്ന സര്‍ക്കാരിന്റെ കാലത്ത് കേശവമേനോന്‍ പഴഞ്ചനും പിന്തിരിപ്പനുമാണ്! നാടുവാഴിത്ത രാജപരമ്പരയില്‍ ജനിച്ച് സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ യാതനാഭരിതമായ  ജീവിതം തിരഞ്ഞെടുത്ത് അരനൂറ്റാണ്ടു കാലത്തോളം മാതൃഭൂമി പത്രത്തിന്റെ സാരഥിയായി പ്രവര്‍ത്തിച്ച് ജനതയുടെ ജീവിത ചിന്തകള്‍ ശുഭാപ്തിവിശ്വാസം നിറച്ച കെ. പി. കേശവമേനോനെ ആര്‍ക്കുവേണം!

 

 •  മാധവന്‍ നായരെ  മറന്നതെന്തിന്?

മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനും ആദ്യത്തെ കെപിസിസി പ്രസിഡണ്ടുമായിരുന്നു കെ. മാധവന്‍നായര്‍. മാധവന്‍ നായരെ കുറിച്ച് മഹാത്മജി പറഞ്ഞത് മാത്രം മതി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കാന്‍. അയിത്തത്തെ അകറ്റുന്നതിനുള്ള ധര്‍മ്മസമരത്തില്‍ എന്തു ത്യാഗവും അധികമായി പോകുന്നതല്ല എന്ന് എപ്പോഴും നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നതിന് മാധവന്‍നായരുടെ ഛായാപടത്തോളം പരിശുദ്ധമായതോ മേന്മയേറിയതോ ആയി മറ്റെന്താണുള്ളത് എന്നായിരുന്നു മഹാത്മാഗാന്ധിയുടെ ചോദ്യം. 1934 ജനുവരി 13ന് മാധവന്‍നായരുടെ ചിത്രം കോഴിക്കോട് ടൗണ്‍ഹാളില്‍ അനാച്ഛാദനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തിലായിരുന്നു ഗാന്ധിജിയുടെ ഈ പരാമര്‍ശം. സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പ് ആയതുകൊണ്ട് ടൗണ്‍ ഹാളില്‍ മാധവന്‍ നായരുടെ ചിത്രത്തിന് സ്ഥാനം  ലഭിച്ചുവെന്ന് നമുക്ക് ആശ്വസിക്കാം.

മാപ്പിളക്കലാപത്തിന്റെ ഇരുണ്ട നാളുകളില്‍ മലബാറില്‍ എങ്ങും ശാന്തിയുടെ ദൂതുമായി ഓടിനടന്ന് മാധവന്‍ നായരെ സ്മരിക്കാന്‍ മലപ്പുറത്തും കോഴിക്കോടും ഉചിതമായ സ്മാരകം ഇല്ല. മലപ്പുറത്ത് ജനിച്ച് പ്രവര്‍ത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റിയ കാലം മുതല്‍ അദ്ദേഹം ദേശീയതയുടെ പക്ഷത്തായിരുന്നു.  

തളിക്ഷേത്ര പരിസരത്ത് സ്ഥാപിച്ച തീണ്ടപ്പലക ഐതിഹാസിക സമരത്തിന് 1917 നവംബര്‍ ഒന്നിന് നേതൃത്വം കൊടുത്തത് മഞ്ചേരി രാമയ്യര്‍, കെ. പി. കേശവമേനോന്‍, മിതവാദി സി. കൃഷ്ണന്‍, മാധവന്‍ നായര്‍ എന്നിവരായിരുന്നു. മലബാര്‍ കലാപത്തിന്റെ യഥാര്‍ത്ഥ ചരിത്രം അന്ന് അദ്ദേഹം കുറിച്ച് വെച്ചില്ലായിരുന്നെങ്കില്‍ തല്‍പ്പരകക്ഷികള്‍ ആ ദുരിത ചരിത്രത്തെ എത്രമാത്രം അട്ടിമറിക്കുമായിരുന്നു. എന്നാല്‍ തീണ്ടല്‍ പലക മാറ്റാനുള്ള പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത മാധവന്‍ നായരെ തീണ്ടല്‍ അകലത്തില്‍ നിര്‍ത്തിയിരിക്കുന്നു സ്വതന്ത്ര കേരളത്തിലെ ഭരണാധികാരികള്‍.  

മാതൃഭൂമി പത്രത്തിന്റെ മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് വേണമെങ്കില്‍ തനിക്ക് വേണ്ടി എത്രയോ സ്മാരകങ്ങള്‍ നിര്‍മ്മിച്ചുവയ്ക്കാമായിരുന്നു. എന്നാല്‍ അത്തരം യശഃപ്രാര്‍ത്ഥികളുടെ കൂട്ടത്തിലല്ലല്ലോ ഗാന്ധിയന്‍ മൂല്യങ്ങള്‍ കുടിപാര്‍ക്കുന്നത്.

  comment

  LATEST NEWS


  രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.