×
login
പുതിയപ്രഭാതത്തിന്റെ മണിയടിശബ്ദവുമായി മഹാത്മാ അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര

സാമൂഹിക അസമത്വത്തിനെ വെല്ലുവിളിച്ച് രാജപാതകളില്‍ക്കൂടി പുതിയപ്രഭാതത്തിന്റെ മണിയടിശബ്ദവുമായി മഹാത്മാ അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര. വേറിട്ട സഞ്ചാരം തന്നെയായിരുന്നു അത്. വിശേഷ വസ്ത്രങ്ങളിഞ്ഞ് വില്ലുവണ്ടിയില്‍ആയിരുന്നു പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയില്‍ പാര്‍ശ്വവത്കൃതരായവര്‍ വഴിമാറി നടക്കേണ്ടിയിരുന്നു. ഇതിനെതിരേ അയ്യങ്കാളി കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു വില്ലുവണ്ടി സമരം അദ്ദേഹം ഒരു കാളവണ്ടി വാങ്ങി. പ്രൗഢഗംഭീര വേഷങ്ങളുമണിഞ്ഞ് രാജകീയമായി യാത്ര തുടങ്ങി. പൊതുവീഥിയിലൂടെ സാഹസിക യാത്ര സവര്‍ണ്ണ ജാതിക്കാര്‍ യാത്ര തടഞ്ഞു. അയ്യങ്കാളി കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി വെല്ലുവിളിച്ചു. എതിരിടാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. ആരേയും കൂസാതെ വണ്ടിയില്‍ യാത്ര തുടര്‍ന്നു. ആവേശഭരിതരായ അനുയായികള്‍ അകമ്പടി സേവിച്ചു. സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരേ നടത്തിയ ഒറ്റയാള്‍ പോരാട്ടം. അയിത്തത്തിനും അടിമത്തത്തിനുമെതിരെ ആദ്യത്തെ പ്രത്യക്ഷ പ്രതിരോധം. നവോത്ഥാന സമര ചരിത്രത്തിലെ ധീരോദാത്തമായ ചുവടുവെപ്പ്. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കിടയില്‍ അയ്യന്‍കാളി ആരാധ്യപുരുഷനായി.

  

  പൊതുനിരത്തുകളില്‍ക്കൂടി അധഃസ്ഥിതര്‍ക്കു സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത നാളുകളില്‍ ആ അനാചാരത്തെ ധിക്കരിച്ച ധീരനായിരുന്നു അയ്യന്‍കാളി. തിരുവനന്തപുരത്തെ വെള്ളായണിയിലായിരുന്നു അയ്യന്‍കാളിയുടെ പൂര്‍വികര്‍ താമസിച്ചിരുന്നത്. തിരുവനന്തപുരത്തുനിന്നു പതിനേഴു കിലോമീറ്റര്‍ അകലെയുള്ള വെങ്ങാനൂരിലേക്കു കുടുംബത്തെ പറിച്ചു നട്ടത്, അച്ഛനായിരുന്നു. പനങ്ങാട്ട് ഊറ്റില്ലത്തു പരമേശ്വരന്‍ പിള്ള എന്ന ജന്മിയുടെ അടിയാനായിരുന്നു അയ്യന്‍ പുലയന്‍. പരമേശ്വരന്‍ പിള്ള അധ്വാനിയായ അയ്യന് അഞ്ചേക്കര്‍ പതിച്ചു കൊടുത്തു. അയ്യന്റെ പത്തുമക്കളില്‍ മൂത്തമകനായിരുന്നു കാളി.

കുട്ടിക്കാലം മുതല്‍ ജാതിയുടെ വിവേചനങ്ങള്‍ കാളി തിരിച്ചറിഞ്ഞിരുന്നു. നായര്‍ കുട്ടികളുമൊത്തു പന്തുകളിച്ചാല്‍ അതുവഴി കടന്നുപോയിരുന്ന നാട്ടിലെ തമ്പ്രാക്കന്മാര്‍ കാളിയെ ശാസിച്ചിരുന്നു. അദ്ധ്വാനിയായ കൃഷിക്കാരനായിരുന്നതിനാല്‍ അയ്യന്റെ സ്വയംപര്യാപ്തമായ കുടുംബം പരാശ്രയം കഴിയുന്നത്ര ഒഴിവാക്കി ജീവിച്ചു. വെങ്ങാനൂര്‍ മുടിപ്പുരയില്‍ ഉത്സവകാലത്ത് എല്ലാവര്‍ക്കും പ്രവേശനമുള്ളതിനാല്‍ ആ ദിവസങ്ങളില്‍ കാളി, അച്ഛനോടൊപ്പം പോയിരുന്നു. മുടിപ്പുരയിലെ പൂജ, വാത്തി എന്നറിയപ്പെട്ടിരുന്ന അബ്രാഹ്മണ പുരോഹിതനായിരുന്നു.

നാട്ടുവഴക്കുകള്‍ക്കു മധ്യസ്ഥത പറഞ്ഞും കുറ്റം ചെയ്യുന്നവരെ ശിക്ഷിച്ചും സമപ്രായക്കാരുടെ നേതാവായി മാറാന്‍ കാളിക്കു അധികകാലം വേണ്ടിവന്നില്ല. കാളി അതോടെ കാളിയണ്ണനായി. 1893ല്‍ 28-ാം വയസിലാണ് കാളിപ്പുലയന്‍ സ്വന്തമായി ഒരു വില്ലുവണ്ടി വാങ്ങി വെങ്ങാനൂര്‍കാരെ ഞെട്ടിച്ചത്. ഒറ്റക്കാള വലിക്കുന്ന കാളവണ്ടിയാണ് വില്ലുവണ്ടി. വില്ലുവണ്ടി ഓടിക്കുന്ന ആള്‍ക്ക് ഇരുന്നോ കിടന്നോ കാളയെ നിയന്ത്രിക്കാം. അയിത്തജാതിക്കാര്‍ക്കു പ്രവേശനം ഇല്ലാത്ത പൊതുനിരത്തുകളിലൂടെ വില്ലുവണ്ടിയില്‍ നിര്‍ഭയം സഞ്ചരിച്ചാണ് കാളിപ്പുലയന്‍ യാഥാസ്ഥിതികരെ ഞെട്ടിച്ചത്. ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരെ കാളി നിര്‍ഭയം നേരിട്ടു. ആദ്യമൊക്കെ ഒറ്റയ്ക്ക്, പിന്നെപ്പിന്നെ ആയുധധാരികളായ അംഗരക്ഷകരെയും കൂട്ടി. കാളി അണ്ണനെ പിന്നെ വേണ്ടപ്പെട്ടവര്‍ കാളിമൂത്തവരെന്നു വിളിക്കാന്‍ തുടങ്ങി.

ഇക്കാലത്ത് അയ്യന്‍കാളിയെ ക്രിസ്തുമതത്തിലേക്കു ജ്ഞാനസ്‌നാനം ചെയ്യിക്കാന്‍ ചിലര്‍ ശ്രമിച്ചു. സാല്‍വേഷന്‍ ആര്‍മിയാണ് തെക്കന്‍ തിരുവിതാംകൂറില്‍ അന്ന് സമരോത്സുകതയോടെ മതപരിവര്‍ത്തനത്തിനു പ്രവര്‍ത്തിച്ചിരുന്ന സംഘടനകളിലൊന്ന്. നാഗര്‍കോവിലിലായിരുന്നു അവരുടെ ആസ്ഥാനം. രാജാവിനുപോലും അവരെ ഭയമായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു നാട്ടുകാര്‍ തടസമുണ്ടാക്കിയാല്‍ റസിഡന്‍സിയില്‍നിന്ന് ചോദ്യമുണ്ടാകും. ലൂഥറന്‍ സഭയും ലണ്ടന്‍ മിഷന്‍ സൊസൈറ്റിയും തെക്കന്‍ തിരുവിതാംകൂറില്‍ സജീവമായിരുന്നു.

സാല്‍വേഷന്‍ ആര്‍മിയുടെ സുവിശേഷകന്മാരില്‍ ഒരാളായ തോമസ് വാദ്ധ്യാര്‍ കാളിമൂത്തവരുടെ ബന്ധുവായിരുന്നു. തോമസ് വാദ്ധ്യാര്‍ കാളിമൂത്തവരോടു സാല്‍വേഷന്‍ ആര്‍മിയില്‍ ചേരാന്‍ ക്ഷണിച്ചു. ''ക്രിസ്ത്യാനിയായി താനും കുടുംബവും മാത്രം രക്ഷപ്പെട്ടിട്ട് എന്തുകാര്യം?'' എന്നായിരുന്നു തോമസ് വാദ്ധ്യാരോടു കാളിമൂത്തവര്‍ ചോദിച്ചത്. ശിവരാമകാരന്തിന്റെ പ്രശസ്ത കന്നട നോവലായ ചോമന തുടിയിലെ ചോമന എന്ന കഥാപാത്രവും സമാനമായ ഒരു പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്നു. ചോമനയുടെ സ്വപ്‌നം സ്വന്തമായി ഒരു തുണ്ട് ഭൂമിയായിരുന്നു. ഭൂമി നല്‍കാന്‍ മിഷണറിമാര്‍ തയ്യാറുമാണ്. മാര്‍ഗം കൂടാന്‍ മംഗലാപുരത്തെ മിഷന്‍ ഓഫീസിലേക്കു പോകുന്ന ചോമനയ്ക്കു തോന്നി, ഗ്രാമദേവതയായ പഞ്ചുരുളി തന്നോടു പരിഭവിക്കുന്നെന്ന്. ക്രിസ്തുമതത്തിലേക്കു ചേരിനുള്ള തീരുമാനം ഉപേക്ഷിച്ച് ചോമന കുടികിടപ്പുകുടിയിലേക്കു മടങ്ങി.

തന്റെ ദൗത്യം പരാജയപ്പെട്ടതില്‍ ഇച്ഛാഭംഗം ഉണ്ടായിരുന്നെങ്കിലും തോമസ് വാദ്ധ്യാര്‍ക്ക് കാളിമൂത്തവരോടു നീരസം ഉണ്ടായിരുന്നില്ല. കാളിമൂത്തവര്‍ പറയുന്നതിലും കാര്യമുണ്ടല്ലോ എന്നു തോമസ് വാദ്ധ്യാര്‍ സമാധാനിച്ചു. തോമസ് വാദ്ധ്യാരാണ് കാളിമൂത്തവരോടു സദാനന്ദസ്വാമികളെ കാണാനും സങ്കടങ്ങള്‍ പറയാനും നിര്‍ദ്ദേശിച്ചത്. ക്രിസ്ത്യന്‍ മിഷണറിമാരെപ്പോലെ കിഴക്കേകോട്ടയ്ക്കു മുന്‍പില്‍ നിന്നു വൈകുന്നേരങ്ങളില്‍ അധഃസ്ഥിതര്‍ക്കുവേണ്ടി ഉച്ചത്തില്‍ പ്രസംഗിക്കുന്ന സദാനന്ദ സ്വാമികളെ തോമസ് വാദ്ധ്യാര്‍ക്കു വര്‍ഷങ്ങളായി അറിയാം. 1904ല്‍ കവടിയാറില്‍ വച്ചു സദാനന്ദസ്വാമികള്‍ നടത്തിയ ഒരാഴ്ച നീണ്ടുനിന്ന ഹൈന്ദവ സമ്മേളനത്തില്‍ തോമസ് വാദ്ധ്യാര്‍ സാല്‍വേഷന്‍ ആര്‍മിയുടെ ഒരു ചാരനായി പങ്കെടുത്തിരുന്നു.

ജാതി ചിന്ത ഉപേക്ഷിക്കുക, അയിത്തം പാലിക്കരുത്, ഹീനജാതിക്കാരായി മാറ്റിനിര്‍ത്തുന്നവരെയും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്നെല്ലാമായിരുന്നു കവടിയാര്‍ സമ്മേളനങ്ങളില്‍ സദാനന്ദസ്വാമികള്‍ അവിടെ എത്തിയവരോട് ആവര്‍ത്തിച്ച് ഉദ്‌ബോധിപ്പിച്ചിരുന്നത്. പാലക്കാട്ടെ ചിറ്റൂര്‍ നിന്നു വന്ന കുഞ്ഞന്‍മേനോനാണ് സദാനന്ദസ്വാമികള്‍ എന്നറിഞ്ഞപ്പോള്‍ ചിലര്‍ സന്തോഷിച്ചു. പലരും സംശയിച്ചു. സംശയിച്ചവരുടെ കൂട്ടത്തിലായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും സി.വി. രാമന്‍പിള്ളയും മറ്റും. സദാനന്ദസ്വാമികളെ ഉത്തരംമുട്ടിക്കാന്‍ രാമകൃഷ്ണപിള്ള അദ്ദേഹത്തോടു നൂറു ചോദ്യങ്ങള്‍ ഉന്നയിച്ചു. സിവിയാകട്ടെ ഉഗ്രഹരി പഞ്ചാനന്‍ എന്ന അനശ്വര കഥാപാത്ര സൃഷ്ടിക്കു സ്വാമികളെ ഉപയോഗപ്പെടുത്തി.

സദാനന്ദസ്വാമികള്‍ ഏറെക്കഴിയുംമുന്‍പ് തിരുവനന്തപുരം ഉപേക്ഷിച്ചു.  തമിഴ്‌നാട്ടില്‍ നിന്നുള്ള സമ്പന്ന ഗൃഹസ്ഥ ശിഷ്യരുടെ സഹായത്തോടെ കൊട്ടാരക്കരയില്‍ തന്റെ ആസ്ഥാനം പടുത്തുയര്‍ത്തി.

 

സദാനന്ദസ്വാമികള്‍ ശ്രീവരാഹത്തു താമസിച്ചിരുന്ന നാളുകളിലാണ് കാളിമൂത്തവര്‍ അദ്ദേഹത്തെ ചെന്നു കണ്ടത്.  തന്റെ സമുദായം അനുഭവിക്കുന്ന അവശതകളെപ്പറ്റി കാളിമൂത്തവര്‍ വികാരവിവശനായി അറിയിച്ചു. നാടുവാഴുന്ന പൊന്നുതമ്പുരാന്റെ പടവും പിടിച്ചു പൊതുനിരത്തുകളിലൂടെ സഞ്ചരിക്കാന്‍ അയിത്ത ജാതിക്കാരെ സംഘടിപ്പിക്കാനാണ് സദാനന്ദസ്വാമികള്‍ ആദ്യം നിര്‍ദ്ദേശിച്ചത്. നാടുവാഴുന്ന പൊന്നുതമ്പുരാന്റെ ചിത്രവുമായി ജാഥ നടത്തുന്ന അധഃസ്ഥിതരെ ആരും തടയുകയില്ലെന്നു സദാനന്ദസ്വാമികള്‍ കണക്കുകൂട്ടി. അതങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു.

ബ്രഹ്മനിഷ്ഠാമഠത്തിന്റെ ഒരു ശാഖ വെങ്ങാനൂരില്‍ തുടങ്ങാന്‍ കാളിമൂത്തവരോടു സ്വാമികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. 1904ല്‍ ബ്രഹ്മനിഷ്ഠാ മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 1907ല്‍ സദാനന്ദ സാധുജന പരിപാലന സംഘം തുടങ്ങിയപ്പോള്‍ അത് ഉദ്ഘാടനം ചെയ്യാന്‍ സദാനന്ദസ്വാമികള്‍ എത്തുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷമാണ്  സദാനന്ദ  സാധുജന പരിപാലന സംഘം, സാധുജന പരിപാലന സംഘമായി ചുരുങ്ങിയത്. സദാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചില്‍ സഭയിലെ പ്രസംഗകര്‍ സാധുജനപരിപാലന സംഘത്തിനു എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. അയ്യന്‍കാളിയുടെ അനുയായികള്‍ മറ്റു പുലയന്‍മാരുടെ ഇടയില്‍ മഠപ്പുലയര്‍ എന്നറിഞ്ഞിരുന്നതിന്റെ പശ്ചാത്തലവും ഇതായിരുന്നു.

പുലയര്‍, കുറവര്‍, പറയര്‍ തുടങ്ങിയ അധഃസ്ഥിതരുടെ അന്നത്തെ സാമൂഹിക പ്രശ്‌നങ്ങള്‍ ശ്രീമൂലം പ്രജാസഭയില്‍ അന്നവതരിപ്പിച്ചിരുന്നത് സുഭാഷിണി പത്രാധിപരായിരുന്ന പി.കെ. ഗോവിന്ദപ്പിള്ള ആയിരുന്നു. പുലയന്‍ ഗോവിന്ദപിള്ള എന്നു പറഞ്ഞാണ് സവര്‍ണരിലെ യാഥാസ്ഥിതികര്‍ അദ്ദേഹത്തെ പരിഹസിച്ചിരുന്നത്.

1911 ഫെബ്രുവരി 18-ാം തീയതി തിരുവിതാംകൂറിലെ പുലയരുടെയും മറ്റു അധഃസ്ഥിതരുടെയും ദയനീയസ്ഥിതിയെപ്പറ്റി പ്രജാസഭയില്‍ ഗോവിന്ദപിള്ള പ്രസംഗിച്ചു. ഇതേത്തുടര്‍ന്നാണ് പുലയര്‍, പറയര്‍, കുറവര്‍ തുടങ്ങിയ സമുദായ പ്രതിനിധികളെ സഭയിലേക്കു നോമിനേറ്റു ചെയ്യണമെന്ന ആവശ്യം സഭയില്‍ ശക്തമായത്. പുലയരുടെ പ്രതിനിധിയായി കാളിമൂത്തവരെ നോമിനേറ്റു ചെയ്തു. തഹസീല്‍ദാര്‍ പ്രാക്കുളം പത്മനാഭപിള്ള ആയിരുന്നു കാളിമൂത്തവരുടെ പേര് നിര്‍ദ്ദേശിച്ചത്. പ്രജാസഭയുടെ റെക്കോഡിലാണ് അയ്യന്റെ മകന്‍ കാളി, അയ്യന്‍കാളിയാകുന്നത്. കാളി അണ്ണനും കാളിമൂത്തവരും അതോടെ അയ്യന്‍കാളി അവര്‍കള്‍ ആയി.

തഹസില്‍ പ്രാക്കുളം പത്മനാഭപിള്ള കാളിമൂത്തവരെ കാണാന്‍ വെങ്ങാനൂര്‍ പോയത് സ്വന്തം വില്ലുവണ്ടിയില്‍ ആയിരുന്നു. ആ വില്ലുവണ്ടിയില്‍ ഇരുത്തി കാളിമൂത്തവരെ തിരുവനന്തപുരത്തുകൊണ്ടുവന്നു ദിവാനെ - പി. രാജഗോപാലാചാരിയെ - പരിചയപ്പെടുത്തുന്നതും പത്മനാഭപിള്ളയുടെ ചുമതല ആയിരുന്നു.

പുലയനും നമ്പുതിരിയും തിരുവിതാംകൂറിലെ പ്രജാസഭയില്‍ ഒന്നിച്ചിരിക്കുന്നതിനെപ്പറ്റി തെല്ല് അത്ഭുതത്തോടെയാണ് കെ.പി. പത്മനാഭമേനോന്‍ 1913ല്‍ കൊച്ചിരാജ്യ ചരിത്രത്തില്‍ കാലത്തിന്റെ മാറ്റങ്ങള്‍ സൂചിപ്പിക്കാനായി എഴുതിയത്.  

ഈഴവക്കുട്ടികള്‍ക്കു പ്രവേശനം അനുവദിച്ച എല്ലാ സ്‌കൂളുകളിലും പുലയക്കുട്ടികളെയും പ്രവേശിപ്പിക്കണമെന്നും അയ്യന്‍കാളി നല്‍കിയ നിവേദനവും തുടര്‍ചര്‍ച്ചകള്‍ക്കു കാരണമായി. പുലയകുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നത് നായര്‍ യാഥാസ്ഥിതികര്‍ തടയുന്നത് ആവര്‍ത്തിച്ചപ്പോള്‍ നായന്മാരുടെ കൃഷിപ്പണിക്കു പുലയര്‍ പോകരുതെന്ന് അയ്യന്‍കാളി ആഹ്വാനം ചെയ്തു. ഒരു പുലയി ഒരുദിവസം കൊണ്ടു ചെയ്തുതീര്‍ക്കുന്ന ജോലി ആറ് നായന്‍മാര്‍ ഒരുദിവസംകൊണ്ട് വളരെ ബുദ്ധിമുട്ടി ചെയ്യേണ്ടതായി വന്നതും അവര്‍ ചെളിയിലും വെള്ളത്തിലും നിന്ന് ജോലി ചെയ്യേണ്ടി വന്നതിനാല്‍ രോഗം പിടിപെട്ടതും അയ്യന്‍കാളി തന്നെ സരസമായി അനുസ്മരിക്കുകയുണ്ടായി.

വെങ്ങാനൂര്‍, നെടുമങ്ങാട്, പള്ളിച്ചല്‍, ബാലരാമപുരം, നെയ്യാറ്റിന്‍കര, ഓലത്താന്നി, മണക്കാട്, കഴക്കൂട്ടം, നെടുമങ്ങാട് എന്നിവിടങ്ങളില്‍ തങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി പുലയര്‍ സംഘടിക്കുകയും പ്രതികരിക്കുകയും ചെയ്തു. സര്‍ക്കാര്‍ രേഖകളില്‍ ഇതെല്ലാം പുലയ ലഹളകളായി അറിയപ്പെട്ടു. കഴക്കൂട്ടത്തും നെടുമങ്ങാടും വച്ച് സംഘടിക്കുന്ന പുലയരെ നേരിടാന്‍ വന്നത് മുസ്ലീങ്ങളായിരുന്നു. നായര്‍ വീടുകളില്‍ നിന്നു കുരുമുളക് സംഭരിച്ച് ചന്തകളില്‍ വില്‍ക്കുന്നത് അന്നു മുസ്ലീങ്ങളായിരുന്നു. സംഘടിക്കുന്ന പുലയര്‍ തങ്ങള്‍ക്കു പ്രതിദ്വന്ദികളാകാതിരിക്കാനോ നായര്‍ ജന്മികളുടെ പ്രേരണയാലോ ആവാം മുസ്ലീങ്ങള്‍ പുലയരെ കഴക്കൂട്ടത്തും നെടുമങ്ങാടും വച്ച് ആക്രമിച്ചത്.

ലഹളകളില്‍ വച്ച് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കിയത് 1914ന്റെ അവസാനം നടന്ന പെരിനാട് (കൊല്ലം) ലഹളയെ തുടര്‍ന്നാണ.് പെരിനാട്ടു ലഹള കൈകാര്യം ചെയ്യുന്നതില്‍ അയ്യന്‍കാളി കാണിച്ച നേതൃപാടവം അധികൃതര്‍ക്കും ബോധ്യമായി. പുലയവരുടെ സമ്മേളനത്തില്‍ ഗോപാലദാസന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് യാഥാസ്ഥിതികപക്ഷത്തിന്റെ ആക്രമണം ഉണ്ടാകുന്നത്. പ്രത്യാക്രമണം അതിരൂക്ഷമായിരുന്നു. മങ്ങാട്, കിളികൊല്ലൂര്‍ മുതലായ സ്ഥലങ്ങളിലേക്കു ആക്രമണങ്ങള്‍ വ്യാപിച്ചു. എരിതീയില്‍ എണ്ണ ഒഴിക്കാന്‍ ക്രിസ്ത്യന്‍ മിഷണറിമാരും എത്തി.


എതിര്‍ക്കാന്‍ വരുന്നവരെക്കണ്ടു ഭയപ്പെട്ട് ഓടരുതെന്നും ശത്രുവിനെ പിന്തിരിപ്പിക്കാന്‍ തിരിച്ചടിക്കാനും  അയ്യന്‍കാളി അനുയായികള്‍ക്കു നിര്‍ദ്ദേശം നല്‍കി. നമുക്കു നമ്മള്‍ മാത്രമേ ഉള്ളൂവെന്നും ഒടേ തമ്പുരാന്‍പോലും നമ്മുടെ കൂടെയില്ലെന്നും പറയുന്ന അയ്യന്‍കാളിയുടെ മാനസികനില ഊഹിക്കാവുന്നതേയുള്ളൂ. ലഹള പടരാതിരിക്കാന്‍ ഇതേത്തുടര്‍ന്നു ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ ആരംഭിച്ചു. ദിവാനായ മന്നത്തു കൃഷ്ണന്‍നായര്‍ കൊല്ലത്തു ക്യാമ്പു ചെയ്തു. ചങ്ങനാശേരി പരമേശ്വരന്‍പിള്ളയും രാമന്‍തമ്പിയുമായിരുന്നു മധ്യസ്ഥര്‍. അനുരഞ്ജനയോഗത്തില്‍വച്ച് പുലയ സ്ത്രീകള്‍ കല്ലുമാല ഉപേക്ഷിച്ചു. പില്‍ക്കാലത്തു തിരുവനന്തപുരത്തു സ്ഥാപിതമായ *ഹരിജന്‍ ഹോസ്റ്റലിന്റെ വാര്‍ഡനും സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ബദലായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാവുമായിരുന്നു ചങ്ങനാശേരി പരമേശ്വരന്‍പിള്ള. രാജാകേശവദാസന്റെ പിന്മുറക്കാരനായിരുന്ന ഡോ. രാമന്‍തമ്പി തിരുവനന്തപുരത്തെ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായിരുന്നു.

സാധുജന പരിപാലന സംഘത്തിന്റെ നിയമാവലികള്‍ തയ്യാറാക്കാന്‍ എം. ഗോവിന്ദന്‍ ജഡ്ജി, ശ്രീനാരായണഗുരു, കുമാരനാശാന്‍ എന്നിവരുടെ സഹായം ഉണ്ടായിരുന്നു. തൈക്കാട്ട് അയ്യാവിന്റെ ശിവയോഗ സിദ്ധാന്തങ്ങളും അയ്യന്‍കാളിയെ സാമൂഹ്യ പരിഷ്‌കരണശ്രമങ്ങളില്‍ പിന്തുണച്ചിരുന്നു. വെള്ളിക്കര ചോതി, വിശാഖന്‍ തേവന്‍, മഞ്ചാംകുഴി വേലായുധന്‍, പാമ്പാടി ജോണ്‍ ജോസഫ്, ടി.ടി. കേശവശാസ്ത്രി തുടങ്ങിയ അനുയായികള്‍ അപ്പോഴേക്കും അയ്യന്‍കാളി പ്രസ്ഥാനത്തെ തിരുവിതാംകൂറിന്റെ വിവിധഭാഗങ്ങളിലേക്കു വ്യാപിപ്പിച്ചു. ക്രിസ്തുമതം സ്വീകരിച്ചു കഴിഞ്ഞിരുന്ന പുലയരില്‍ ഒരുവിഭാഗം പാമ്പാടി ജോണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ തങ്ങള്‍ ജാതിനാമമായി ചേരമര്‍ എന്ന പദമാണ് ഉപയോഗിക്കുന്നതെന്നു തീരുമാനിച്ചു.

ചേര്‍ത്തല, മുഹമ്മ തുടങ്ങിയ പ്രദേശങ്ങളില്‍ അയിത്തജാതിക്കാരെ മതപരിവര്‍ത്തനം ചെയ്യിക്കുന്ന പരിപാടി തടയാന്‍ വിശാഖന്‍ തേവന്റെ അപേക്ഷപ്രകാരം അയ്യന്‍കാളി എത്തി. 1912 മുതല്‍ 28 വര്‍ഷം അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്നു. എഴുത്തും വായനയും അറിയാത്ത അയ്യന്‍കാളിയെ സഹായിക്കാന്‍ വളരെക്കാലം ഉണ്ടായിരുന്നത് കേശവന്‍ റൈട്ടര്‍ എന്ന സഹായിയായിരുന്നു. അവസാനനാളുകളില്‍ ജാമാതാവായ ടി.ടി. കേശവ ശാസ്ത്രികളുടെ സഹായവും ഉണ്ടായിരുന്നു. *

ആണ്ടില്‍ ഒന്നോ രണ്ടോ തവണമാത്രം യോഗം ചേര്‍ന്നിരുന്ന പ്രജാസഭാ യോഗങ്ങളില്‍ അയ്യന്‍കാളി വെങ്ങാനൂരില്‍ നിന്നു എത്തിയിരുന്നതും വില്ലുവണ്ടിയില്‍ ആയിരുന്നു. ലോങ്ങ് കോട്ടു ധരിച്ചും കസവുകരയുള്ള തലപ്പാവ് കെട്ടിയും കുങ്കുമം തൊട്ടും സുസ്‌മേരവദനനായി പ്രജാസഭയില്‍ എത്തുന്ന ആജാനുബാഹുവായ അയ്യന്‍കാളിയെ അത്ഭുതം കലര്‍ന്ന മതിപ്പോടെയാണ് മന്നത്തു പദ്മനാഭനും അനുസ്മരിക്കുന്നത്. 1936 മുതല്‍ അയ്യന്‍കാളി തിരുവനന്തപുരത്തെ കുന്നുകുഴിയില്‍ താമസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവിതാംകൂറിലെ അധഃസ്ഥിതരില്‍ അയ്യന്‍കാളി പ്രസ്ഥാനം സൃഷ്ടിച്ച ഉണര്‍വിനെപ്പറ്റി 1920കളില്‍ തന്നെ രേഖപ്പെടുത്തിയിരുന്നു. പ്രത്യക്ഷരക്ഷാ ദൈവ സഭ (1914)യും (പി.ആര്‍.ഡി.എസ്) ആത്മബോധോദയ സംഘവും (1918) അയ്യന്‍കാളി പ്രസ്ഥാനത്തോടു കടപ്പെട്ടിരുന്നു. കൊച്ചിയിലും മലബാറിലും അധഃസ്ഥിതരുടെ മോചന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഏഴെട്ടുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. മലബാറില്‍ ഹരിജന്‍ സേവക് സംഘിന്റെ പ്രവര്‍ത്തനങ്ങള്‍ എത്തുന്നത് 1933ലാണ്.*

അയ്യന്‍കാളിയെപ്പറ്റി പ്രസിദ്ധീകരിച്ച ജീവചരിത്രങ്ങളിലെല്ലാം (ചെന്താരശേരി, അഭിമന്യു, എന്‍.കെ.ജോസ്, കുന്നുകുഴി മണി) അയ്യന്‍കാളിക്ക് ആത്മബലം കൊടുത്ത സദാനന്ദസ്വാമികളെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്.*

എന്നാല്‍ ആ അദ്ധ്യായത്തിന്റെ വര്‍ണഭംഗി മായ്ച്ചുകളയാന്‍ എന്‍.കെ.ജോസും ചെന്താരശേരിയും ശ്രദ്ധിക്കുന്നുണ്ട്. അവരുടേതായ പക്ഷപാതങ്ങളില്‍ 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തെത്തുടര്‍ന്ന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോയെങ്കിലും അനന്തര സംഭവങ്ങളില്‍ അദ്ദേഹം അതിയായി സന്തോഷിച്ചിരുന്നില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു. എന്നല്ല, അയ്യന്‍കാളി ഒരു ഹിന്ദുവായിരുന്നില്ലെന്നും പ്രസ്താവിക്കുന്നു. ആചാരബന്ധവും ജാതിഭേദങ്ങളില്‍ അധിഷ്ഠിതവുമായ ഹന്ദുമതത്തിന്റെ ചട്ടക്കൂടില്‍ അയ്യന്‍കാളിക്ക് സ്ഥാനമുണ്ടായിരുന്നില്ല. അതെല്ലാം സംസ്‌കൃത-ബ്രാഹ്മണ പാരമ്പര്യങ്ങളുടെ ഭാഗമായിരുന്നുവല്ലൊ. പൊതുയോഗങ്ങളില്‍ പങ്കെടുക്കുംമുന്‍പ് അയ്യന്‍കാളി ധരിച്ചിരുന്ന കുങ്കുമപ്പൊട്ടിനെപ്പറ്റി എന്നാല്‍ ചെന്താരശേരിയും ജോസും അന്വേഷിക്കാത്തത് അവരുടെ ജീവചരിത്രങ്ങളിലെ പോരായ്മയാണ്. അയ്യങ്കാളി ആദ്യാവസാനം വെങ്ങാനൂരെ നീലകേശിയുടെ ഭക്തനായിരുന്നു. *

സദാനന്ദ സ്വാമികളുടെ ശിഷ്യത്വം താല്‍ക്കാലികമായിരുന്നൊ അതല്ല, ജീവിതാന്ത്യംവരെ തുടര്‍ന്നിരുന്നുവൊ എന്നുറപ്പിക്കാന്‍ തെളിവുകളില്ല. സാന്ദര്‍ഭികമായതുകൊണ്ട് പറയട്ടെ, സദാനന്ദസ്വാമികള്‍ തമിഴ് ശൈവസിദ്ധന്മാരുടെ പരമ്പരയെയാണ് ഗുരുക്കന്മാരായി അംഗീകരിച്ചിരുന്നത്. പില്‍ക്കാലത്ത് അയ്യാസ്വാമികളുമായുള്ള അടുപ്പവും ജാതിയെ നിരാകരിക്കുന്ന ദ്രാവിഡ ശൈവ സിദ്ധാന്തങ്ങളെപ്പറ്റി അറിയാന്‍ അയ്യന്‍കാളിയെ സഹായിച്ചിട്ടുണ്ടാവും.  

സാധുജന പരിപാലനസംഘത്തിന്റെ ആസ്ഥാനം സന്ദര്‍ശിക്കുവാന്‍ വെങ്ങാനൂരേയ്ക്ക് തിരിച്ച ഗാന്ധിജിയെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ചില അഹിംസാവാദികള്‍ ശ്രമിക്കാതിരുന്നില്ല. പ്രത്യാക്രമണങ്ങള്‍ തെറ്റല്ലെന്ന് വിശ്വസിക്കുന്ന അയ്യന്‍കാളിയെ എങ്ങനെ കോണ്‍ഗ്രസിന് അംഗീകരിക്കുവാന്‍ കഴിയുമെന്ന് വെങ്ങാനൂര്‍കാരനായ ജി. ചന്ദ്രശേഖരപിള്ള (പില്‍ക്കാലത്ത് തിരു-കൊച്ചി മന്ത്രി) ഗാന്ധിജിയോടു ചോദിച്ചു, ബലാല്‍ക്കാരത്തിന് വിധേയമാകുന്ന സ്ത്രീയോട് അഹിംസാ മന്ത്രമല്ല പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാനാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് പറഞ്ഞിട്ടുള്ള ഗാന്ധി തടസവാദങ്ങളെ അവഗണിച്ച് വെങ്ങാനൂരേയ്ക്ക് പോവുകയായിരുന്നു. പുലയരാജാവ് എന്ന ഗാന്ധിയുടെ സംബോധനയെയും തെറ്റിദ്ധരിക്കുന്നവര്‍ അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്നവര്‍ ചരിത്രസംഭവങ്ങള്‍ ഉള്‍ക്കൊണ്ടവരായിരുന്നില്ല.

മാടമ്പിമാര്‍ തങ്ങളുടെ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന വില്ലുവണ്ടിയെ വീണ്ടെടുക്കപ്പെട്ട ആത്മാഭിമാനത്തിന്റെ പ്രതീകമാക്കിയിടത്താണ് അയ്യന്‍കാളിയുടെ നേതൃപാടവത്തെയും ധീരതയെയും പ്രത്യുല്‍പ്പന്നമതിത്വത്തെയും തിരിച്ചറിയേണ്ടത്.  

പിന്‍കുറിപ്പ്

അയ്യന്‍കാളിയെപ്പറ്റി ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്,  എന്റെ മുത്തച്ഛന്‍ പി. ശങ്കരപ്പിള്ള വൈദ്യന്‍ (എസ്. ഗുപ്തന്‍ നായരുടെ പിതാവ്) പറഞ്ഞാണ്. അദ്ദേഹം സദാനന്ദ സ്വാമികള്‍ സ്ഥാപിച്ച ചില്‍സഭയുടെയും പിന്നീട് എന്‍എസ്എസ്സിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു.  

തോമസ് വാദ്ധ്യാരുടെ ചെറുമകന്‍ എസ്. ഇ. ജെയിംസും അയ്യന്‍കാളിയുടെ ചെറുമകനും ടി.ടി. കേശവശാസ്ത്രികളുടെ മകനുമായ ടി.കെ.അനിയനും അവര്‍ കേട്ട കഥകള്‍ പറഞ്ഞുതന്നു. വെങ്ങാനൂര്‍ മുടിപ്പുരയിലെ വാത്തി കുടുംബത്തില്‍നിന്നും സദാനന്ദാശ്രമ മഠാധിപതിയില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

 

 

ഡോ. എം.ജി. ശശിഭൂഷണ്‍

 

 

 

  comment
  • Tags:

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.