×
login
യോഗ‍ാത്മകമായ ഒരോര്‍മ

ലോകം മറ്റൊരു യോഗ ദിനംകൂടി ആഘോഷിക്കുമ്പോള്‍ ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്ന മുഖമാണ് ബി.കെ.എസ്. അയ്യങ്കാര്‍. യോഗ പരിശീലിക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിക്കുകയും, ആഗോളതലത്തില്‍ അത് പ്രചരിപ്പിക്കുകയും ചെയ്തവരില്‍ മുന്‍നിരയിലായിരുന്നു അയ്യങ്കാര്‍. അയ്യങ്കാറിന്റെ ആരോഗ്യ യോഗ എന്ന വിശിഷ്ടഗ്രന്ഥം ഇപ്പോള്‍ മലയാളത്തിലുമെത്തിയിരിക്കുന്നു

ഭാരതീയ സംസ്‌കാരത്തിലെ 'സോഫ്റ്റ് പവര്‍' എന്ന നിലയില്‍ യോഗ ലോകം കീഴടക്കുകയാണ്. 2015 മുതല്‍ ജൂണ്‍ 21 അന്താരാഷ്ട്രാ ദിനമായി ആചരിക്കാന്‍ തുടങ്ങിയതോടെ ഈ 'സൗമ്യമായ അധികാരം' വിവിധ ജനവിഭാഗങ്ങളില്‍ ചെലുത്തുന്ന സ്വാധീനം അപാരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ല്‍ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യുമ്പോഴാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി  നിര്‍ദേശിച്ചതും, ലോക രാഷ്ട്രങ്ങളില്‍ ബഹുഭൂരിപക്ഷവും അതിനെ പിന്തുണച്ചതും. ഏറ്റവും ദൈര്‍ഘ്യമുള്ള ദിനമായതിനാലാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി നിര്‍ദേശിക്കാന്‍ കാരണം. യോഗ ഏറ്റവും കൂടുതല്‍ കാലം ജീവിതചര്യയാക്കിയ ഒരാള്‍ അന്ന് നമുക്കിടയിലുണ്ടായിരുന്നു-ബികെഎസ് അയ്യങ്കാര്‍. കര്‍ണാടകയില്‍ 1918 ല്‍ ജനിച്ച ബെല്ലൂര്‍ കൃഷ്ണമാചാര്‍ സുന്ദരരാജ അയ്യങ്കാര്‍ തൊണ്ണൂറ്റിയെട്ടാമത്തെ വയസ്സില്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ അന്തരിച്ചു. അതിനോടകം യോഗാനുഷ്ഠാനത്തില്‍ ഒരു അത്ഭുത മനുഷ്യനായി തീര്‍ന്നിരുന്നു. ഭാരതീയ തത്വചിന്തയുടെ അഭേദ്യ ഭാഗമായ യോഗയ്ക്ക് പ്രചാരം നല്‍കുന്നതില്‍ ഐതിഹാസികമായ പങ്ക് വഹിച്ചയാളാണ് അയ്യങ്കാര്‍. അയ്യങ്കാറിനെ ഓര്‍ക്കാതെ ഒരു യോഗാദിനാഘോഷവും കടന്നുപോകുന്നില്ല.

ദരിദ്രമായ കുടുംബത്തിലായിരുന്നു അയ്യങ്കാരുടെ ജനനം. രോഗാതുരമായ ബാല്യം അദ്ദേഹത്തിന് നല്‍കിയത് വീര്‍ത്ത വയറും നേരെ നില്‍ക്കാത്ത ശിരസ്സുമായിരുന്നു. തന്റെ വിചിത്രമായ രൂപം ആ ബാലനെ കൂട്ടുകാര്‍ക്കിടയില്‍ പരിഹാസ്യനാക്കി, അത് അവന്റെ പഠനത്തിനു പോലും തടസ്സമായി മാറി.കൗമാരകാലത്തുതന്നെ അവന്‍ ആശ്വാസത്തിനായി യോഗയിലേക്ക് തിരിഞ്ഞു. ശാരീരികമായ ക്ലേശങ്ങളിലൂടെയും നിതാന്ത പരിശ്രമത്തിലൂടെയും ആ ബാലന്‍ 200 യോഗാസനങ്ങള്‍ പഠിച്ചെടുത്തു.യോഗാസനങ്ങളുടെ പ്രദര്‍ശനം അവന് നല്‍കിയ പ്രശസ്തി തന്റെ ശാരീരികമായ വേദനകളെ മറികടക്കാന്‍ സഹായിച്ചു.

1952ല്‍ അയ്യങ്കാര്‍ വിഖ്യാത വയലിനിസ്റ്റായ യഹൂദി മെനുഹിനിന്റെ യോഗാദ്ധ്യാപനായി. മെനുഹിന്‍, അയ്യങ്കാറെ പാശ്ചാത്യലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുകയും, അദ്ദേഹത്തിന്റെ ലൈറ്റ് ഓണ്‍ യോഗ(1965) എന്ന പുസ്തകത്തിന്  ആമുഖ കുറിപ്പെഴുതുകയും ചെയ്തു. ഈ മൗലികവും ആധികാരികവുമായ പുസ്തകത്തില്‍ അയ്യങ്കാര്‍ യോഗാസനങ്ങള്‍ ചെയ്യുന്ന 600 റോളം ചിത്രങ്ങള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ടായിരുന്നു. ഈ പുസ്തകം യൂറോപ്പിലും അമേരിക്കയിലും വലിയ ചര്‍ച്ചയാകുകയും, ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

അയ്യങ്കാര്‍ ഹഠയോഗമാണ് പഠിപ്പിച്ചിരുന്നത്. നിരവധി ആസനങ്ങളും പ്രാണായാമവും ധ്യാനവും ഉള്‍ച്ചേര്‍ത്ത് മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുകയും, ആത്മാവിനെ പോഷിപ്പിക്കുകയും ചെയ്യുന്ന പാഠങ്ങള്‍ക്കായിരുന്നു അതില്‍ പ്രാമുഖ്യം നല്‍കിയിരുന്നത്. ഈ രീതിയിലുള്ള ക്ലാസുകള്‍ പൂനെയിലും ലോകത്ത് പലയിടത്തും അദ്ദേഹം ആരംഭിച്ചു. പഠിതാക്കളുടെ ആത്മീയവും ശാരീരകവുമായ വികാസത്തിന് ഉതകുമാറ് അവര്‍ക്കോരോരുത്തര്‍ക്കും ഇണങ്ങുന്ന രീതിയില്‍ ക്ലാസുകള്‍ ക്രമീകരിക്കുകയും, വളരെ ആഴത്തില്‍ പഠിതാക്കളുമായി നിരന്തരം സംവദിക്കുകയും ചെയ്യുമായിരുന്നു. യോഗാസനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മനസ്സിനെ ശാന്തമാക്കുവാനും ധ്യാനാത്മകമാക്കുവാനും പ്രാണായാമങ്ങള്‍ ചെയ്യുവാനും പഠിതാക്കളെ പ്രാപ്തരാക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. യോഗാസനങ്ങളുടെ കാഠിന്യം ലഘൂകരിക്കാന്‍, പ്രത്യേകിച്ച് വിദേശികളായ പഠിതാക്കള്‍ക്ക് വേണ്ടി, വിവിധ തരം താങ്ങുകള്‍-കസേരകള്‍, പുതപ്പ്, ഇഷ്ടികകള്‍, ദണ്ഡുകള്‍ തുടങ്ങിയവ-ഉപയോഗിക്കുന്ന രീതി അയ്യങ്കാര്‍ ആവിഷ്‌ക്കരിച്ചു.

1975ല്‍ പൂനെയില്‍ അയ്യാങ്കാര്‍ ഭാര്യയുടെ സ്മരണാര്‍ത്ഥം രമണി അയ്യങ്കാര്‍ മെമ്മോറിയല്‍ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. മകളായ ഗീതയും മകന്‍ പ്രശാന്തും ഈ ഉദ്യമത്തില്‍ അദ്ദേഹത്തിന്റെ സഹായികളായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭമായപ്പോഴേക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനം  200 ശാഖകളും ആയിരക്കണക്കിന് അദ്ധ്യാപകരും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുമായി ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു ബൃഹത് സ്ഥാപനമായി വളര്‍ന്നു. 1991ല്‍ പദ്മശ്രീയും 2002 പദ്മഭൂഷണും 2014ല്‍ പത്മവിഭൂഷണും നല്‍കി ഭാരതസര്‍ക്കാര്‍ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുമ്പോള്‍ ബി.കെ.എസ്. അയ്യങ്കാര്‍ എഴുതിയ ആരോഗ്യയോഗ എന്ന പുസ്തകം മലയാളത്തിലുമെത്തിയിരിക്കുകയാണ്.

യോഗ, പ്രാപഞ്ചികമൂല്യ വ്യവസ്ഥയെയും തത്ത്വശാസ്ത്രത്തെയും ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ്ണശാസ്ത്രമാണെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. പരിപൂര്‍ണ്ണമായ മാനസിക, ശാരീരിക ആരോഗ്യമാണ് യോഗ പകര്‍ന്നുനല്‍കുന്നത്. മനശ്ശക്തി, ശാന്തി, ഏകാഗ്രത, കര്‍മ്മകുശലത, വ്യക്തിചാരിത്ര്യം എന്നിവ യോഗയിലൂടെ കൈവരുന്നു. സാധകനെ കരുത്തിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കും നയിക്കുന്ന അദ്ഭുതവിജ്ഞാനമാണ് യോഗ.

നാല്‍പ്പത്തഞ്ചിലധികം ആസനങ്ങളുടെ സൂക്ഷ്മമായ രീതിവിധാനങ്ങളും ആധികാരികമായ പ്രായോഗികനിര്‍ദ്ദേശങ്ങളും ഈ പുസ്തകത്തില്‍ വിശദമാക്കിയിട്ടുണ്ട്. ഉദ്ദേശിക്കുന്ന ഫലം ലഭിക്കാന്‍ ആസനങ്ങളില്‍ വരുത്തേണ്ട പരിഷ്‌ക്കാരങ്ങളെക്കൂടി പരിചയപ്പെടുത്തുന്ന അപൂര്‍വ്വകൃതിയാണിത്. നിങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യാവസ്ഥ ഉറപ്പുതരാന്‍  തീര്‍ച്ചയായും ഈ പുസ്തകത്തിന് സാധിക്കും. ഫലസിദ്ധിയുടെ പുസ്തകമാണ് ആരോഗ്യയോഗ.

ആരോഗ്യവും സ്വാസ്ഥ്യവും ആഗ്രഹിക്കുന്ന എല്ലാവര്‍ക്കുമുള്ളതാണ് യോഗ. ആത്മാവിനെയും പരമാത്മാവിനെയും പറ്റി ഒന്നുമറിയാത്തവര്‍ക്കും, തത്ത്വചിന്തകള്‍ മനസ്സിലാക്കാനുള്ള ക്ഷമയും ബുദ്ധിയുമില്ലാത്തവര്‍ക്കും, യുക്തിവാദികള്‍ക്കും ഭൗതികതയില്‍ മുങ്ങിക്കഴിയുന്നവര്‍ക്കുമെല്ലാം യോഗാഭ്യാസം ആരംഭിക്കാം. ജാതി, മത, ലിംഗ വര്‍ഗ്ഗഭേദമെന്യെ എല്ലാവരേയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു കര്‍മ്മപദ്ധതിയാണത്. പൂര്‍ണ്ണ സമര്‍പ്പണത്തോടെ അവിടേക്ക് ചെല്ലുന്നവര്‍ക്ക് അതിന്റെ സദ്ഫലങ്ങള്‍ കൊയ്യുകയും ചെയ്യാം. കൈമുതലായി വേണ്ടത് തുറന്ന മനസ്സും പഠിക്കാനുള്ള താല്‍പ്പര്യവുമാണ്.

 

ബി.കെ.എസ്.  അയ്യങ്കാര്‍ രചിച്ച ആരോഗ്യയോഗ എന്ന പുസ്തകത്തില്‍ നിന്ന് ആരോഗ്യത്തോടെയിരിക്കുകയെന്നാല്‍...

സാധാരണയായി ശരീരവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്ന വാക്കാണ് ആരോഗ്യം.നല്ല പേശിബലവും മസ്സിലുമെല്ലാമുള്ള ഒരു വ്യക്തിയെ ആരോഗ്യമുള്ള ആളായിട്ടാണ് നാം കരുതാറുള്ളത്.എന്നാല്‍ യോഗയില്‍ ആരോഗ്യം എന്ന വാക്കിന് കുറേക്കൂടി വിശാലമായ അര്‍ത്ഥമാണുള്ളത്. പൗരാണിക ഭാരതീയശാസ്ത്രങ്ങള്‍ മനസ്സിനെ സൂക്ഷ്മമായ ഇന്ദ്രിയമായിട്ടാണ് കണക്കാക്കാറുള്ളത്.ശരീരവും മനസ്സും പരസ്പരപൂരകങ്ങളാണ്. ഒന്നിനെ സ്വാധീനിക്കുന്നത് മറ്റേതിലും പ്രതിഫലനങ്ങളുണ്ടാക്കും.അതുകൊണ്ട് നമ്മള്‍ ഇവിടെ ആരോഗ്യം എന്നു പറയുമ്പോള്‍ ശരീരത്തോടൊപ്പം മനസ്സിനെയും പരിഗണിക്കേണ്ടതുണ്ട്. രണ്ടും സമതുലിതാവസ്ഥയിലെത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

ഗുസ്തിക്കാരും ബോക്‌സര്‍മാരും ഫയല്‍വാന്‍ മാരും കായികാഭ്യാസികളുമെല്ലാം അവരുടെ ശരീരത്തെ മാത്രം വികസിപ്പിക്കുകയും, മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ക്ക് കാണാന്‍ സാധിക്കും. അവര്‍ ആരോഗ്യവാന്മാരാണെന്ന് പറയാന്‍ സാധിക്കില്ല. ശാരീരികാരോഗ്യത്തെപ്പോലെ പ്രാധാന്യമുള്ളതാണ് മാനസികാരോഗ്യവും സമചിത്തതയും.

യോഗ ആരോഗ്യത്തെ നിര്‍വ്വചിക്കുന്നത് രോഗമുക്തമായ ശരീരമെന്ന് മാത്രമല്ല, വ്യഥകളില്‍ നിന്ന് മുക്തമായ ശരീരത്തിന്റെയും മനസ്സിന്റെയും സ്വരലയം എന്നുമാണ്.


ആരോഗ്യത്തോടെയിരിക്കുക എന്നാല്‍ ശാരീരികം, മാനസികം, ബൗദ്ധികം, ധാര്‍മ്മികം, ആത്മീയം എന്നീ തലങ്ങളിലെല്ലാം സമതയും ഏകോപനവും സാധ്യമാകുക എന്നതാണ്. പാരമ്പര്യം, സാമൂഹിക പശ്ചാത്തലം, ജോലിസംബന്ധമായ ആവശ്യങ്ങള്‍, ചുറ്റുപാടുമുള്ള പ്രകൃതി എന്നിവയെല്ലാം ഒരുവന്റെ ആരോഗ്യത്തെ സ്വാധീനിക്കുമെങ്കിലും ജീവിതശൈലിയില്‍ വരുത്തുന്ന ഹിതകരവും ശാശ്വതവുമായ മാറ്റങ്ങള്‍ കൊണ്ട് പാകത്തിനുള്ള ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. ഈ മാറ്റങ്ങളിലൊന്ന് ദിനചര്യയുടെ ഭാഗമാക്കേണ്ട യോഗാസനങ്ങളാണ്.

വ്യായാമമെന്നാല്‍ ശാരീരികാവയവങ്ങളുടെ വിവിധ തരത്തിലുള്ള ചലനങ്ങളാണ്, അവ പേശികളിലേയ്ക്കും മറ്റ് പ്രധാന അവയവങ്ങളിലേക്കുമുള്ള രക്തചംക്രമണത്തെ ത്വരിതപ്പെടുത്തി അവയെ ശക്തിപ്പെടുത്തുന്നു. രണ്ട് തരം വ്യായാമങ്ങളുണ്ട്.

1) ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളെയോ പ്രത്യേക പേശികളേയോ ലക്ഷ്യം വച്ചുകൊണ്ടുള്ള വ്യായാമങ്ങള്‍ ഉദാ ഓട്ടം, ടെന്നീസ്, കായികാഭ്യാസം.

2) ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും തുല്യമായ പ്രാധാന്യം നല്‍കികൊണ്ടുള്ള വ്യായാമം

ഈ രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടതാണ് യോഗാസനങ്ങള്‍. ശരീരത്തിലെ എല്ലാ ഭാഗങ്ങളെയും ചലിപ്പിക്കുന്നതാണ് ആസനങ്ങള്‍. എന്നാല്‍ യോഗാസനങ്ങളെ വെറും വ്യായാമമാക്കി ചുരുക്കി കാണുന്നത് വലിയ പരിമിതിയാണ്. ശരീരത്തെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ആസനങ്ങള്‍ മനസ്സിനെയും ദൃഢപ്പെടുത്തുന്നു.

ആസനങ്ങള്‍ അഭ്യസിക്കുന്നത് ഒരു യാന്ത്രികമായ പ്രക്രിയയല്ല. ഓരോ ആസനവും വളരെ ശ്രദ്ധയോടെയും കൃത്യതയോടെയും പരിശീലിക്കേണ്ടതാണ്. നിരന്തരമായ അഭ്യാസം ഓരോ ആസനത്തിനും അനായാസത കൊണ്ടുവരും. ക്രമേണ ഓരോ ആസനത്തിലും ശരീരം വിശ്രമിക്കാന്‍ ആരംഭിക്കും. ഈ അവസ്ഥ കുറേക്കാലംകൊണ്ട് മാത്രമേ കൈവരുകയുള്ളൂ. തുടക്കത്തില്‍ ആസനങ്ങളുടെ പരിശീലനം ഒരു ശാരീരിക അഭ്യാസമായിട്ടു മാത്രമേ കരുതാറുള്ളൂ. എങ്കിലും മറ്റ് വ്യായാമ മുറകളേക്കാള്‍ എത്രയോ ഉയരത്തില്‍ നില്‍ക്കുന്ന ഒന്നാണ് യോഗാഭ്യാസമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവ പേശികളെ ചലിപ്പിക്കുക മാത്രമല്ല, ആന്തരികാവയവങ്ങളെയും എന്‍ഡോക്രൈന്‍ ഗ്രന്ഥികളെയുമെല്ലാം വ്യായാമം ചെയ്യിക്കുന്നു. ഇത് യോഗാസനത്തില്‍ മാത്രം സാധ്യമാകുന്ന ഒന്നാണ്. ശരീരത്തെ ശക്തിപ്പെടുത്തുക മാത്രമല്ല അത് ശാശ്വതമായി നിലനിര്‍ത്തുകയും കൂടി യോഗയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ദിനവുമുള്ള യോഗാഭ്യാസം ആരോഗ്യം നിലനിര്‍ത്തുന്നു, ശരീരത്തെ മയപ്പെടുത്തുന്നു, മനസ്സിനെ ശാന്തമാക്കുന്നു. അത് സാധകന്റെ ജീവിതത്തില്‍ നിഷ്ഠയും സമനിലയും സ്ഥിരതയുമുണ്ടാക്കുന്നു. ഒരു യോഗി തന്റെ ശരീരത്തെ നിരസിക്കുകയോ അതിന്റെ സൗന്ദര്യത്തില്‍ മതിമറക്കുകയോ ചെയ്യുന്നില്ല. ഒരു യോഗിയെ സംബന്ധിച്ചിടത്തോളം അയാളുടെ മനസ്സിനും ബുദ്ധിയ്ക്കുമൊപ്പം പ്രാധാന്യമുള്ളതാണ് അയാളുടെ ശരീരം. കാരണം അത് ആത്മാവിന്റെ വാഹനമാണ്.

ആസനങ്ങള്‍ക്ക് കൃത്യത കൈവരണമെങ്കില്‍ ക്ഷമയും നിരന്തര അദ്ധ്വാനവും ആവശ്യമാണ്. യോഗാസനങ്ങള്‍ ശരീരത്തെ ദൃഢപ്പെടുത്തുന്നതോടൊപ്പം തന്നെ വേദനകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മുക്തി നല്‍കുന്നു. മിക്കരോഗങ്ങളുടേയും മൂലകാരണം ദുഃഖിപ്പിക്കുന്ന ഓര്‍മ്മകളോ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളോ ആയിരിക്കും. ഒരു ആസനത്തിലായിരിക്കുമ്പോള്‍ സാധകന്റെ മനസ്സ് വര്‍ത്തമനകാലത്തില്‍ മാത്രമായിരിക്കും. മനസ്സ് ഭൂതത്തിലേക്കും ഭാവിയിലേക്കും ഊയലാടുന്നത് നിലയ്ക്കുന്നു. ഇത് വേദനയെയും ഉത്കണ്ഠയെയും ഋണാത്മകമായ ചിന്തകളെയും അകറ്റുന്നതിന് ഉപകരിക്കും. പതഞ്ജലി യോഗയ്ക്ക് നല്‍കുന്ന നിര്‍വ്വചനം 'യോഗഃ ചിത്തവൃത്തി നിരോധഃ' എന്നാണ്. ചിത്തത്തിലെ ചിന്തകളുടെ ചഞ്ചലത ഇല്ലാതാക്കുന്നതാണ് യോഗ.

ആധുനിക കാലത്തെ പ്രതിസന്ധികളെ ആസ്പദമാക്കി പറയുകയാണെങ്കില്‍ യോഗ 'ദുഃഖവൃത്തി നിരോധ' എന്ന് പറഞ്ഞാലും തെറ്റാവില്ല. ദുഃഖത്തെയും ഋണാത്മകമായ വികാരങ്ങളെയും ഇല്ലാതാക്കുന്നതാണ് യോഗ. ശരിയായ രീതിയില്‍ അഭ്യസിച്ചാല്‍ ശരീരത്തിന്റെയും മനസ്സിന്റെയും വിവിധങ്ങളായ രോഗങ്ങളെ ഒരു പാര്‍ശ്വഫലങ്ങളുമില്ലാതെ ഭേദമാക്കാന്‍ യോഗാഭ്യാസങ്ങള്‍ക്ക് സാധിക്കുന്നു. പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രത്തിലെ രണ്ടാം അദ്ധ്യായത്തിലെ 16-ാം സൂത്രത്തില്‍ 'ഹേയം ദുഃഖമാനഗതം' എന്ന് പറയുന്നുണ്ട്. വരാനിരിക്കുന്ന വേദനകളെ, ദുഃഖങ്ങളെ യോഗകൊണ്ട് നമുക്കില്ലാതാക്കാം.ആ ഒരര്‍ത്ഥത്തില്‍ യോഗ ഒരു പ്രതിരോധ മാര്‍ഗ്ഗം കൂടിയാണ്.

ദൈനംദിന ജീവിതത്തിന്റെ പരക്കം പാച്ചിലുകള്‍ക്കിടിയിലുണ്ടാകുന്ന ചെറിയ ശാരീരിക വേദനകള്‍, പേശി വലിവുകള്‍, ക്ഷീണം, എന്നിവയ്ക്ക് ഏറ്റവും നല്ല ഔഷധമാണ് യോഗാസനങ്ങള്‍. യോഗാസനങ്ങള്‍ മനസ്സിനെ ഉണ്കണ്ഠകളില്‍ നിന്നും വിഷാദത്തില്‍ നിന്നും ക്ഷോഭത്തില്‍ നിന്നുമെല്ലാം മോചിപ്പിച്ച് ദിവസം മുഴുവനും പുതിയ ഉണര്‍വ്വുനല്‍കി ശാന്തമാക്കുന്നു.

അഷ്ടാംഗയോഗയുടെ അഞ്ച് അംഗങ്ങളില്‍ ആരോഗ്യത്തെ നിലനിര്‍ത്തുന്നതില്‍ എറ്റവും പ്രാധ്യാന്യമര്‍ഹിക്കുന്നത് ആസനങ്ങളാണ്. ആസനങ്ങള്‍ പരിശീലിക്കുന്നതിലൂടെ ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം ഏറ്റെടുത്ത് അവയെ ആത്മാവിന്റെ വാഹനങ്ങളാക്കി മാറ്റാന്‍ സാധകന് സാധിക്കുന്നു.

മനുഷ്യശരീരം വളരെ സങ്കീര്‍ണ്ണമായ ഒരു ജൈവവ്യവസ്ഥയാണ്. നാഡീവ്യവസ്ഥ, അസ്ഥിസഞ്ചയം, പേശീഘടന, രക്തചംക്രമണം, അന്തസ്രാവികള്‍, ദഹനവ്യവസ്ഥ അതുപോലെ കരള്‍, പ്ലീഹ, കുടലുകള്‍, കിഡ്നി, ഗര്‍ഭപാത്രം, ശ്വാസകോശം, മസ്തിഷ്‌ക്കം എന്നീ അവയവങ്ങളെല്ലാം ഒത്തുചേര്‍ന്ന് നടത്തുന്ന ഒരു ബൃഹദ് പ്രക്രിയായണത്. ഈ ബാഹ്യമായ അവയവങ്ങള്‍ക്ക് പുറമെ ശരീരത്തില്‍ മനസ്സ്, ബോധം എന്നിങ്ങനെ സൂക്ഷ്‌മേന്ദ്രിയങ്ങളുമുണ്ട്. ഈ അവയവങ്ങള്‍ മനുഷ്യന്റെ ജനനംതൊട്ട് മരണംവരെ നിതാന്തമായി ജോലിയിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്.

രണ്ട് കൈകളും കാലുകളും ഒരു തലയും ഉടലുമുള്ള മനുഷ്യശരീരത്തില്‍ 300 സന്ധിബന്ധങ്ങളും 700 പേശികളുമുണ്ട്. ഒരു ശരീരത്തിലെ നാഡീവ്യൂഹങ്ങള്‍ നേര്‍രേഖയില്‍ ബന്ധിപ്പിച്ചെടുത്താല്‍ അവയുടെ നീളം മുബൈയില്‍ നിന്ന് ലണ്ടന്‍വരെയുണ്ടാകും.അതുപോലെ ചെയ്‌തെടുത്താല്‍ രക്തക്കുഴലുകളുടെ നീളം 94500 കിലോമീറ്ററായിരിക്കും.നമ്മുടെ ശ്വാസകോശം ഒരു പരന്ന പ്രതലത്തില്‍ വിരിച്ചിട്ടാല്‍ അതിന് ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പമുണ്ടാകും.നമ്മുടെ ഹൃദയം ഒരു മിനിട്ടില്‍ 70 തവണ മിടിച്ചുകൊണ്ട് അഞ്ച് ലിറ്ററോളം രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കുമെത്തിക്കുന്നു. അതിഗംഭീരമായ ഈ യന്ത്രത്തെ നിയന്ത്രിക്കുകയും ചിട്ടപ്പെടുത്തിയെടുക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനുപയോഗിക്കുന്ന രീതിവിധാനങ്ങള്‍ വളരെ കണിശതയുള്ളതും സമഗ്രവുമായിരിക്കണം. ഇതിന് ഏറ്റവും അനുയോജ്യമായത് യോഗാസനങ്ങളാണ്.

ശരീരത്തെ പരിപൂര്‍ണ്ണമായി സ്വാധീനിക്കുന്ന അനേകം ആസനങ്ങളുണ്ട്. ഗോരഘ്‌നാഥ് എന്ന മഹര്‍ഷി പറയുന്നത് ഈ ഭൂമിയില്‍ എത്ര ജീവിവര്‍ഗ്ഗങ്ങളുണ്ടോ അത്രയും ആസനങ്ങളുണ്ട് എന്നാണ്. അദ്ദേഹത്തിന്റെ കണക്കില്‍ അത് 8400000 ആണ്. ഈ കണക്ക് പ്രതീകാത്മമായിട്ടേ നമുക്കെടുക്കാന്‍ സാധിക്കൂ. അതിനര്‍ത്ഥം ആസനങ്ങള്‍ രൂപപ്പെടുത്തുന്നതിനായി ലോകത്തുള്ള സകല ജീവിവര്‍ഗ്ഗത്തെക്കുറിച്ചും അവയുടെ ചലനങ്ങളെക്കുറിച്ചും ഋഷിമാര്‍ ആഴത്തില്‍ പഠിച്ചിട്ടുണ്ട് എന്നുതന്നെയാണ്. ശാരീരിക ചലനത്തിലെയോ അംഗചനലത്തിലെയോ ഒരു ചെറിയ വ്യതിയാനം പോലും വളരെ നാടകീയമായ ഫലങ്ങള്‍ക്ക് കാരണമാകും. ഒരു ആസനത്തിന്റെ തന്നെ ചലനങ്ങളില്‍ വ്യത്യസ്തത വരുത്തിയാല്‍ അതിന്റെ ഫലം ക്ലാസിക്കല്‍ രീതിയില്‍ ആ ആസനം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫലത്തില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കും.

നമുക്ക് ഒരു പരീക്ഷണം നടത്തി ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം. നേരെനിന്ന് കൈകള്‍ വശങ്ങളിലേക്ക് ഉയര്‍ത്തുക. കൈവെള്ളകള്‍ നിലത്തിന് അഭിമുഖമായി വരണം. ആ നിലയില്‍ അല്‍പ്പനേരം നിന്നതിനു ശേഷം കൈവെള്ളകള്‍ മുകളിലേയ്ക്ക് തിരിക്കുക. ഇപ്പോള്‍ നിങ്ങളുടെ കൈയുടെ പുറംഭാഗ(തള്ളവിരലിന്റെ ഭാഗം)ത്തൂടെ കൈത്തണ്ടമുതല്‍ തോള്‍വരെയുണ്ടാകുന്ന വളരെ ശക്തമായ സംവേദനം ശ്രദ്ധിക്കുക. കൈയുടെ പുറകുഭാഗം, തോള്‍പ്പലക, ഉടലിന്റെ ഇരുവശങ്ങള്‍ എന്നിവ കൂടുതല്‍ വലിയുന്നതും ഉയരുന്നതും കാണാം. കൈത്തണ്ടയുടെ ഒരു ചെറിയ ചലനംകൊണ്ടാണ് ഇത്രയും സാധ്യമായത്. കൈകള്‍ ഇരുവശത്തേയ്ക്കും ഉയര്‍ത്തി നില്‍ക്കുക എന്ന അതേ നിലയിലാണ് നിങ്ങള്‍ ഇപ്പോഴും നില്‍ക്കുന്നത്. എങ്കിലും അതില്‍ തന്നെ കൈവെള്ളകള്‍ തറയോട് അഭിമുഖമായിരിക്കുന്നതും ആകാശത്തിന് അഭിമുഖമാക്കി നില്‍ക്കുന്നതും തമ്മിലുള്ള ശാരീരികമായ ഫലങ്ങള്‍ വളരെ വ്യത്യസ്തമാണ്. അവ രണ്ടും വളരെ വ്യത്യസ്തമായ ആസനങ്ങളാണ്. ഇങ്ങനെ നോക്കിയാല്‍ മനുഷ്യശീരിരംകൊണ്ട് സാധ്യമാകുന്ന ചലന രീതികള്‍ വളരെ എളുപ്പത്തില്‍ 8400000 എന്ന സംഖ്യയിലെത്താം. ചലനങ്ങളുടെ ഈ വൈവിധ്യം ശരീരത്തിന്റെ ഓരോ കോശങ്ങളെയും പുഷ്ടിപ്പെടുത്തുകയും ഊര്‍ജ്ജംകൊണ്ട് നിറയ്ക്കുകയും ചെയ്യും. ഈ കണക്കുകള്‍ നമ്മുടെ ഋഷിമാരുടെ ജ്ഞാനവും യോഗ എന്ന ശാസ്ത്രത്തിന്റെ ആഴവുമാണ് സൂചിപ്പിക്കുന്നത്. യോഗസാധനയുടെ വഴിയില്‍ സഞ്ചരിക്കുന്നവര്‍ അവരുടെ അന്വേഷണം തിരഞ്ഞെടുക്കപ്പെട്ട ചില ആസനങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തരുത്. അതിന് പകരം അവരുടെ മനസ്സിനെയും ശരീരത്തെയും യോജിപ്പിക്കുന്ന നിരവധി ആസനങ്ങളിലേക്ക് കൂടി പഠനം വ്യാപിപ്പിക്കണം. ആസനങ്ങള്‍ അഭ്യസിക്കാന്‍ ആരംഭിക്കുന്നതോടെ ഒരു സാധകന്‍ തന്റെ ആത്മസാക്ഷാത്കാരത്തിലേയക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.