×
login
നാലുകെട്ടുകളുടെ പ്രാദേശിക ഭേദങ്ങള്‍

വാസ്തുവിദ്യ - 49

നാലുകെട്ടുകള്‍ എന്ന നടുമുറ്റം ശൈലിയിലുള്ള വീടുകള്‍ പല ദേശങ്ങളിലും പണ്ടേ നില നിന്നിരുന്നു. വടക്കേ ഇന്ത്യയിലെ ഹവേലികള്‍, മഹാരാഷ്ട്രയിലും വടക്കന്‍ കര്‍ണാടകത്തിലും കാണപ്പെടുന്ന വാഡകള്‍, ബംഗാളിലെ രാജ്ബാരികള്‍, തമിഴ്‌നാട്ടിലെ ചെട്ടിയാര്‍ വീടുകള്‍ തുടങ്ങിയവ ഈ ശൈലിയിലുള്ളവയാണ്. ചൈനയിലെ സിഹേയുവാന്‍, പുരാതന റോമിലെ വില്ല റസ്റ്റിക്ക എന്നീ നിര്‍മാണരീതികളും ഇതില്‍ പെടുത്താവുന്നവയാണ്.  

എന്നാല്‍ കേരളത്തില്‍ ഈ രീതി കാലാവസ്ഥയ്ക്കും സാമൂഹ്യ വ്യവസ്ഥക്കും അടിസ്ഥാനമാക്കി സവിശേഷവും വ്യത്യസ്തവുമായി.  അടിസ്ഥാനപരമായി കേരളത്തിലെ നാലുകെട്ടുകള്‍ നിര്‍മാണ രൂപകല്പനയില്‍ ഏകാത്മഭാവത്തിലുള്ളതും, ശാലാ ഉപയോഗക്രമത്തില്‍ സാധര്‍മ്യമുള്ളതുമാണ്. എങ്കിലും പ്രാദേശികവും സാമൂഹ്യവുമായ ചില മാറ്റങ്ങള്‍ ഉണ്ടെന്നുള്ളത് സുവ്യക്തമാണ്.  

പ്രധാനമായും ദക്ഷിണകേരളത്തിലെ നാലുകെട്ടുകള്‍ ജാതി ശ്രേണിയില്‍ ഉന്നതന്മാരും സമ്പന്നരുമായവരുടെ ഗൃഹങ്ങളായിരുന്നു. തെക്കന്‍ കേരളത്തില്‍ മലയോരപ്രദേശങ്ങളില്‍ അധികം പ്രാചീന നാലുകെട്ടുകള്‍ കണ്ടിട്ടില്ല. കല്ലുകള്‍ക്ക് പകരം മരം ഉപയോഗിച്ചുള്ള ഭിത്തികളും നിര്‍മിതികളും പലസ്ഥലങ്ങളിലും നമുക്ക് കാണാവുന്നതാണ്. മിക്കവാറും ഒറ്റ നില മാത്രമുള്ളവയും വലുപ്പം കുറഞ്ഞവയുമാണ് ദക്ഷിണ കേരളത്തിലെ നാലുകെട്ടുകള്‍. മേല്‍ക്കൂരയുടെ ആകൃതിയിലും വ്യത്യസ്തതയുണ്ട്.


എന്നാല്‍ മധ്യകേരളത്തിലെ നാലുകെട്ടുകള്‍ സാമാന്യേന ഏറ്റവും വലുതും പല നിലകളോട് കൂടിയവയുമാണ്. പടിഞ്ഞാറ്,  തെക്ക് ശാലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഉയര്‍ത്തി പണിതിരിക്കുന്ന നാലുകെട്ടുകള്‍ ആണ് പ്രധാനമായും ഉള്ളത്. ഉറച്ച ഭൂമിയില്‍ നിന്ന് വെട്ടിയെടുക്കുന്ന ചെങ്കല്ലുകളാണ് നിര്‍മ്മാണത്തിന്  ഉപയോഗിച്ചിരിക്കുന്ന പ്രധാന സാമഗ്രി.  രണ്ടോ മൂന്നോ നിലയിലുള്ള നാലുകെട്ടുകളില്‍ രണ്ടിടത്തു നിന്നായി കോണിയും ഉണ്ടാകും. മൂന്നാം വില സാധാരണയായി കിടപ്പുമുറിയായി ഉപയോഗിക്കാറില്ല. അത് ഒരു വലിയ മുറിയെന്ന പോലെ വിശാലമായിരിക്കും.  മദ്ധ്യകേരളത്തില്‍ പ്രത്യേകിച്ച് ഭാരതപ്പുഴയുടെ ഇരുവശങ്ങളിലും കാണപ്പെട്ടിട്ടുള്ള നാലുകെട്ടുകള്‍ ഏതാണ്ട് ഒരേ സ്വഭാവത്തിലുള്ളവയാണ്.

മുന്‍പ് പറയപ്പെട്ട നാലുകെട്ടുകളില്‍ നിന്ന് വ്യത്യസ്തമാണ് ഉത്തരകേരളത്തിലെ നാലുകെട്ടുകള്‍. ഒരു പ്രധാന വ്യത്യാസം നടമുറ്റത്തിന്റെ ചുറ്റുമുള്ള നാലിറയത്തിനും  തട്ടുണ്ടെന്നതാണ്.  കിഴക്ക്, വടക്ക് ശാലകള്‍ക്ക് ഒറ്റ നില മാത്രമേ ഉള്ളൂവെങ്കിലും മേല്‍ക്കൂര രണ്ടുനിലയുള്ള മറ്റു ശാലകളുടെ മേല്‍ക്കൂരയുമായി യോജിപ്പിക്കാറുണ്ട്. മുകള്‍നിലയിലേക്കുള്ള കോണിപ്പടവുകള്‍ അളിന്ദങ്ങളില്‍ നിന്ന് പ്രവേശിക്കാനുതകുന്ന വിധം കിഴക്കിനിയുടെ തെക്ക് ഭാഗത്തേക്കും പടിഞ്ഞാറ്റിനിയുടെ വടക്ക് ഭാഗത്തേക്കുമായി നിയതമായി ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിം മത വിഭാഗത്തില്‍ പെട്ടവര്‍ക്കും നാലുകെട്ട് ഗൃഹങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. വയനാട്ടില്‍ ചില ഗോത്ര വിഭാഗങ്ങള്‍ക്കും സ്വന്തം രീതിയില്‍ നിര്‍മ്മിക്കപ്പെട്ട നാലുകെട്ടുകള്‍ ഉണ്ടായിരുന്നു.

ഇതുകൂടാതെ ജാതീയമായ ജീവിത രീതിക്കും സാമൂഹ്യ ഘടനക്കും അനുസരിച്ചുള്ള വ്യത്യാസങ്ങളും നാലുകെട്ടുകളില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ ഒരുവിധത്തില്‍ പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നാലുകെട്ടുകള്‍ നിര്‍മ്മിക്കപ്പെട്ടത് നമ്പൂതിരി സമുദായത്തില്‍ പെട്ടവര്‍ക്ക് വേണ്ടിയായിരുന്നു.  തെക്കിനി, പടിഞ്ഞാറ്റിനി ശാലകള്‍ക്ക് പ്രാധാന്യം കൊടുത്ത്, ഈ ശാലകള്‍ മാത്രം ഉയര്‍ത്തി പണിതവയായിരുന്നു ഇവ. വടക്കിനി പൂജാദി കര്‍മങ്ങള്‍ക്ക്  വേണ്ടിയുള്ളവയും, തട്ടില്ലാത്തതും, ഉയര്‍ത്തി പണിയാത്തവയുമായിരുന്നു.  

നായര്‍ സമുദായത്തില്‍ നില നിന്നിരുന്ന മരുമക്കത്തായ സമ്പ്രദായം ഹേതുവായി കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ കൂടുതല്‍ മുറികള്‍ ആവശ്യമായിരുന്നു. അതിനായാണ് നാലുകെട്ടുകള്‍ ചെയ്തു വന്നിരുന്നത്. പൂജ ഹോമാദികള്‍ സാധാരണയായി ഗൃഹങ്ങളില്‍ പതിവില്ലാത്തതിനാല്‍ വടക്ക് ഭാഗം തട്ടിട്ട് മുറികളായി ഉപയോഗിച്ചിരുന്നു.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

  comment
  • Tags:

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.