×
login
ഭിന്നചതുശ്ശാലാ ഭേദങ്ങള്‍

വാസ്തുവിദ്യ 34

മിശ്ര ഭിന്നശാല

കോണ്‍ഗൃഹങ്ങള്‍ക്ക് പ്രത്യേക ഉത്തരക്രമം ഇല്ലാതെ അങ്കണത്തിന്റ നാലു ദിക്കുകളിലുള്ള ഉത്തരങ്ങളെ ബാഹ്യോത്തര ക്രമത്തില്‍ സന്ധി ചെയ്യുന്നുവെങ്കില്‍ അത് മിശ്ര ഭിന്നശാലയാകുന്നു. കേരളത്തിലെ നാലുകെട്ടുകള്‍ ഏറിയ പങ്കും ഈ വിഭാഗത്തില്‍ പെട്ടവയാണ്. കോണ്‍ഗൃഹങ്ങള്‍ക്ക്  പ്രത്യേക ഉത്തരങ്ങള്‍ ഇല്ല. കോണുകളില്‍ എല്ലാ ഗൃഹങ്ങളുടെയും ഉത്തരങ്ങള്‍ക്ക് അന്യോന്യം ബന്ധം വരികയാല്‍ മിശ്രലക്ഷണവും യോനി, ക്രമം, ഗതി എന്നിവ ഭിന്നമായി വന്നതിനാല്‍ ഭിന്ന ലക്ഷണവും സിദ്ധമാകുന്നു. അതിനാല്‍ ഈ നാമം പ്രസിദ്ധമായി.

 

സമ്മിശ്രഭിന്നശാല

പര്യന്തം (പുറം ഉത്തര ചുറ്റ്), അകത്തും പുറത്തും ഉള്ള പത്രമാനം,  അങ്കണം, പാദുകം  എന്നിവ കേതുയോനി ക്രമത്തില്‍ യുക്തിപൂര്‍വം ഉത്തരവിസ്താരത്തെ ചേര്‍ക്കുകില്‍ അത് സമ്മിശ്ര ഭിന്നശാലയാകുന്നു. ഇതിനായി ആദ്യം ആകെയുള്ള കേതുയോനി പര്യന്തചുറ്റില്‍ നിന്നും അങ്കണ ചുറ്റിനെ കുറക്കണം. ശേഷത്തില്‍ നിന്നും അടുത്തുള്ള ഏകയോനികളുടെ നാലിലൊരംശമായ കോണ്‍ ഗൃഹ വിസ്താരത്തെ എട്ടില്‍ പെരുക്കി കുറക്കണം. അപ്പോള്‍ ശേഷിക്കുന്നതിന്റെ പതിനാറിലൊരംശത്തെ കൊണ്ട് ഉത്തരവിസ്താരത്തെയും കല്പ്പിക്കണം. അകത്തും പുറത്തുമുള്ള ഈ ഉത്തരങ്ങളെ  പര്യന്തം വരെ എത്തിച്ചു നാലു ദിക്കിലും സന്ധി ചെയ്യുകയും വേണം.

 

മിശ്ര ചതുശ്ശാല

സമ്മിശ്ര ഭിന്നശാലയില്‍ നിന്ന് അല്പം മാത്രം വ്യത്യസ്തമാണ് ഇത്. സമ്മിശ്രഭിന്ന ശാലക്ക് പറഞ്ഞത് പോലെ പുറത്തേ പത്രമാനവും പ്രാങ്കണത്തിലേ പത്രമാനവും കോണ്‍ഗൃഹങ്ങളുടെ ഉള്‍ചുറ്റും ധ്വജ യോനിയായിരിക്കണം. എന്നാല്‍  ദിക് ഗൃഹങ്ങള്‍ക്ക് വിധിയാം വണ്ണമുള്ള ദിക് യോനികളും കല്‍പ്പിക്കണം. സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിച്ചിരുന്നവര്‍ക്കും വിശേഷിച്ചു  കേരളത്തിലേ രാജഭവനങ്ങള്‍ക്കും   ഈ രീതിയാണ് കല്പിച്ചിട്ടുള്ളത്.

ചതു(ര)ശ്ശാല

മുന്‍ പറഞ്ഞ ചതുശ്ശാല സങ്കല്‍പങ്ങളിലെല്ലാം നടുമുറ്റം മുഖായാമത്തോട് കൂടിയാണെങ്കില്‍ ഈ രീതി സമചതുരമായ നടുമുറ്റത്തോട് കൂടിയതാണ്. അതിന്‍പ്രകാരം അങ്കണത്തോടൊപ്പം പര്യന്തവും സമചതുരമായിരിക്കും. ദിക് ഗൃഹങ്ങളുടെയും കോണ്‍ ഗൃഹങ്ങളുടെയും ഉള്ളും പുറവും പ്രധാന ദ്വാരവും  കേതുയോനി അളവിലാകുകയും വേണം. പ്രധാന ദ്വാരം ശാലയുടെ മധ്യത്തില്‍ വേണം കല്‍പ്പിക്കാന്‍.  ചതുരശാലയെന്ന നാമമാണ് ഈ വിധത്തിലും സൂചിപ്പിച്ചു കണ്ടിട്ടുള്ളത്. സാധാരണയായി സാമാന്യര്‍ക്ക് ചെയ്തു വരാത്ത ഒരു  രീതിയാണിത്.  

 

മധ്യ പ്രരൂഢശാല

മുന്‍ പറയപ്പെട്ട എല്ലാ ശാലകളും പൂര്‍ണ ഉത്തരക്രമത്തിലല്ലാതെ മധ്യരേഖയില്‍ ചുറ്റു കല്‍പ്പിക്കപ്പെടുന്നുവെങ്കില്‍ അത്  തന്നിര്‍ദ്ധിഷ്ടമായ  മധ്യപ്രരൂഢശാലയാകുന്നു. ഇതല്ലാതെ മറ്റു വിശേഷങ്ങളില്ല തന്നെ.

ഉത്തര വിന്യസത്താലും ദിക് - കോണ്‍ ഗൃഹ സമന്വയത്തിന്റെയും ചുറ്റളവിന്റെയും പ്രത്യേകതകളാലും  വിശിഷ്ടമായ നിര്‍മാണ രീതിയാണ് നാലുകെട്ടുകള്‍. അത് കൊണ്ട് തന്നെ രൂപകല്പനയില്‍  ക്ലിഷ്ടവും വിശേഷ ശ്രദ്ധയര്‍ഹിക്കുന്നവയുമാണിവ. കേവലം കുഴിയങ്കണത്തോട് കൂടിയ കെട്ടിടങ്ങളല്ല മറിച്ചു പ്രകൃതിയെ ആവാഹിക്കുന്ന തരത്തിലുള്ള വിശേഷപ്പെട്ട നിര്‍മിതികളാണിവ. നാലുകെട്ടുകളുടെ സമന്വയത്താലുള്ള  എട്ടു കെട്ടുകളും പതിനാറു കെട്ടുകളും കേരളീയ ശൈലി വിശേഷങ്ങളാണ്.

പല നിലകളുള്ള കെട്ടിടങ്ങള്‍ക്കും വലിയ ഗൃഹങ്ങള്‍ക്കും  ആധുനിക കാലത്തും ഈ രീതി ഉപയോഗിച്ച് വരുന്നുണ്ട്. 20 കോല്‍ ദീര്‍ഘ വിസ്തരങ്ങളെക്കാള്‍ കൂടിയ ഗൃഹങ്ങള്‍ക്ക് ഉചിതമായ വായു പ്രകാശ വിന്യാസത്തിനായി ഈ ശൈലി സ്വീകരിക്കുകയാണുചിതം.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

  comment
  • Tags:

  LATEST NEWS


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.