×
login
ഉത്തമ ഭൂലക്ഷണങ്ങള്‍

വാസ്തുവിദ്യ - 14

വാസ്തുശാസ്ത്രപ്രകാരമുള്ള നിര്‍മ്മിതികള്‍ കേവലം സുഖവാസസ്ഥാനങ്ങള്‍ മാത്രമല്ല മറിച്ച് കാലത്തെയും പ്രകൃതിക്ഷോഭങ്ങളെയും അതിജീവിക്കുന്നവയുമാണെന്ന് പ്രാചീന നിര്‍മ്മിതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്ന അനുഭവങ്ങളില്‍ നിന്ന് വ്യക്തമാണല്ലോ. ഇതിനായി ശാസ്ത്രം ഒരുപാട് കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഭൂസ്വീകരണം, ദര്‍ശനം, രൂപകല്പന, അനുപാതം, നിര്‍മ്മാണ വസ്തുക്കളുടെ തെരഞ്ഞെടുപ്പ്, അന്തര്‍ഭാഗക്രമീകരണങ്ങള്‍ തുടങ്ങിയവ. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിര്‍മ്മാണത്തിനായി സ്വീകരിക്കേണ്ട ഭൂമിയാണ്. അതുകൊണ്ടുതന്നെ ഭൂസ്വീകരണത്തിനായി നിരവധി മാനദണ്ഡങ്ങള്‍ കല്പിക്കപ്പെട്ടിട്ടുണ്ട്.

മനുഷ്യാലയചന്ദ്രിക ഗ്രന്ഥത്തിലെ പ്രമാണ പ്രകാരം (1/17) ഉത്തമ ഭൂമി മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സുഖകരമായി തോന്നുന്നതും, മനുഷ്യര്‍ ധാരാളമായി വസിക്കുന്നതും, ദുഗ്ദ്ധഫലപുഷ്പങ്ങളാല്‍ സമൃദ്ധമായ മരങ്ങള്‍ വളരുന്നതും, സമമെങ്കിലും കിഴക്കോട്ടു അല്പം ചെരിഞ്ഞതും, ആര്‍ദ്രമായതും, മിനുമിനുപ്പുള്ളതും , ഉറച്ച ശബ്ദത്തോട് കൂടിയതും, ജലസ്രോതസ്സുകളുടെ സാമീപ്യമുള്ളതും, വിത്തിട്ടാല്‍ പെട്ടെന്ന് മുളക്കുന്നതും, ഉറച്ചതും, ജല സമൃദ്ധിയുള്ളതും, ചൂടും തണുപ്പും മിതമായി അനുഭവപ്പെടുന്നതുമായവയാണ്. ഇത് കൂടാതെ കുശ, അമ്പൊട്ടല്‍, കറുക, ആറ്റുദര്‍ഭ എന്നീ സസ്യങ്ങള്‍ വളരുന്ന ഭൂമിയും ദുര്‍ഗന്ധരഹിതവും വളവില്ലാത്തതുമായ ഭൂമികളും ശുഭങ്ങളെന്ന് വരാഹമിഹിരാചാര്യനും അഭിപ്രായമുണ്ട്.

ദീര്‍ഘചതുരാകൃതിയുള്ളതും, ഉന്നതമായ ശബ്ദത്തോടുകൂടിയതും പുന്ന, പിച്ചകം, താമര, ധാന്യങ്ങള്‍ എന്നിവയുടെ ഗന്ധത്തോടു കൂടിയതും ഒരേ നിറമുള്ളതും ഫലഭൂയിഷ്ഠവും, ആര്‍ദ്രവും, കൂവളം, വേപ്പ്, കരിനൊച്ചി, മരുത്, തേന്‍മാവ് എന്നീ വൃക്ഷങ്ങളോട് കൂടിയതും, വലത്തോട്ട് ജല പ്രവാഹം ഉള്ളതും, മനസ്സിനെ ആഹ്ലാദിപ്പിക്കുകയും ചെയ്യുന്ന ഭൂമി ഉത്തമമെന്നുള്ള മയമത പ്രമാണവും പ്രസിദ്ധം തന്നെ.


വിദിക്കുകള്‍ ഉപേക്ഷിക്കുകയും പ്രധാന ചതുര്‍ദിക്കുകള്‍ സ്വീകരിക്കപ്പെടുകയും വേണം. ചതുരാകൃതിയില്‍ ഉള്ളവ സ്വീകരിക്കുകയോ അല്ലാത്തവ സാധ്യമായ ചതുരാകൃതിയിലേക്ക് പുനക്രമീകരിക്കുകയോ വേണം. ഇത്തരത്തില്‍ പൂര്‍ണലക്ഷണങ്ങളോട് കൂടിയ ഭൂമി ഉത്തമവും മിശ്രിതമായത് മധ്യമവും വിപരീതമായത് അധമവും വര്‍ജ്യവുമാണ്.

ഇങ്ങനെ സ്വീകരിക്കുന്നത് വലിയ ഭൂമി എങ്കില്‍ പോലും അതിനെ നാലായി ഖണ്ഡവിഭജനം ചെയ്തു വടക്ക് കിഴക്ക് ഭാഗമോ തെക്ക് പടിഞ്ഞാറ് ഭാഗമോ മാത്രമേ സ്വീകരിക്കാവൂ. ഗൃഹ ദര്‍ശനമനുസരിച്ചു ഭൂമിയുടെ മധ്യ സൂത്രങ്ങള്‍ ഗൃഹമധ്യസൂത്രങ്ങളെ വേധിക്കാത്ത രീതിയില്‍ ഗൃഹമധ്യ സൂത്രങ്ങള്‍ അല്പം പുറകോട്ടിറക്കി മുന്‍ഭാഗം ഭൂമി കൂടുതല്‍ വരത്തക്കവിധം ക്രമീകരിക്കുകയാണ് വേണ്ടത്. ചെറിയ സ്ഥലമാണെങ്കില്‍ ഖണ്ഡ വിഭജനം കൂടാതെ വീഥിവിന്യാസക്രമമനുസരിച്ചു ഒമ്പതായി വിഭജിച്ചു ഏറ്റവും പുറമേയുള്ള ഒരു ഭാഗം വിട്ടു അതിനുള്ളിലായി ഗമനത്തോട് കൂടി ഗൃഹത്തിന് സ്ഥാനം കല്‍പ്പിക്കണം.

കേരളത്തിലെ കാലാവസ്ഥയനുസരിച്ച് കിഴക്ക്/വടക്ക് ദിശാദര്‍ശനമുള്ള നിര്‍മ്മിതികളാണ് ഉത്തമമെന്നിരിക്കെ തെക്കു പടിഞ്ഞാറോട്ട് നീക്കിയാണ് സ്ഥാനം കാണേണ്ടത്. ഇതു കൂടാതെ ഭൂമിയുടെ ഉയര്‍ച്ച താഴ്ചകളെയും പരിഗണിക്കണം. കിഴക്കോ, വടക്കോ, വടക്കു കിഴക്കോ താഴ്ന്നു മറ്റു ദിക്കുകള്‍ ഉയര്‍ന്നിരിക്കുന്ന ഭൂമിയാണ് ഉത്തമം. കിഴക്ക് താണ് പടിഞ്ഞാറുയര്‍ന്ന ഭൂമിക്ക് ഗോവീഥിയെന്നു പേരും, വസിക്കുന്നവര്‍ക്ക് അഭിവൃദ്ധി ഫലപ്രദവുമാകുന്നു. വടക്കു താണ് തെക്കുയര്‍ന്നിരിക്കുന്ന ഗജവീഥി ധനവൃദ്ധിയെന്ന ഫലത്തോട് കൂടിയതാകുന്നു. ഈശകോണുയര്‍ന്നു നിരൃതികോണുയര്‍ന്ന ഭൂമി ധാന്യവീഥി എന്ന നാമത്തോടുകൂടിയതും എല്ലാവിധ അഭിവൃദ്ധിയെ ആയിരം കൊല്ലം പ്രദാനം ചെയ്യുന്നതുമാകുന്നു. മറിച്ചു മറ്റു ചെരിവുകള്‍ അഗ്‌നികോണ്‍ താഴ്ന്ന അഗ്‌നിവീഥി, തെക്കു താഴ്ന്ന യമവീഥി, നിരുതി കോണ്‍ താഴ്ന്ന ഭൂതവീഥി, പടിഞ്ഞാറു താഴ്ന്ന ജലവീഥി, വായുകോണ്‍ താഴ്ന്ന സര്‍പ്പവീഥി, എന്നിവ വര്‍ജ്യങ്ങളും പലവിധ ദോഷങ്ങള്‍ക്ക് കാരണവുമാകുന്നവയുമാണ്. വീട് നിര്‍മിക്കുമ്പോള്‍ വീടിനും പരമാവധി തറ ഉയരം സമമോ അതല്ലെങ്കില്‍ മുന്‍പ് പറഞ്ഞ വീഥി ക്രമമോ പാലിക്കേണ്ടതാകുന്നു.

ലഭ്യമാകുന്ന ഭൂമി പൂര്‍വോക്തലക്ഷണപ്രകാരം പുനര്‍ക്രമീകരിക്കുവാന്‍ സാധ്യമെങ്കില്‍ ആ ഭൂമിയെ സ്വീകരിക്കാം. എന്നാല്‍ ദിശാവിന്യാസവും സമീപലക്ഷണങ്ങളും ദേവാലയ സാമീപ്യവും ഭൂവ്യവസ്ഥയും പ്രകൃതി ക്ഷോഭസാധ്യതകളും വളരെ ശ്രദ്ധിക്കേണ്ട ഘടകങ്ങളാകുന്നു.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.