×
login
താലിബാന്‍‍ ഉയര്‍ത്തുന്ന ഭീഷണികളെ ഒന്നിച്ചു നേരിടും; റഷ്യ‍യുള്‍പ്പെടെ എട്ടു രാജ്യങ്ങളുടെ ആഹ്വാനം; ദല്‍ഹിയിലെ യോഗത്തില്‍ പങ്കെടുക്കാന്‍ സമയമില്ലെന്ന് ചൈന

അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ ഇന്ത്യ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ്ങ് വെന്‍ബിന്‍ ചൊവ്വാഴ്ച മന്ത്രാലയത്തിന്റെ പതിവ് പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ചൈന ഈ മാസം ആദ്യം തന്നെ യോഗത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ച പാകിസ്ഥാനൊപ്പം ചേര്‍ന്നു.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഇറാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഉന്നത സുരക്ഷാ മേധാവികളും

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉയരുന്ന ഭീകരവാദം പോലെയുള്ള ഭീഷണികളെ നേരിടാനും സമാധാനം പുനഃസ്ഥാപിക്കാനും കൂട്ടായി പരിശ്രമിക്കണമെന്ന് റഷ്യയും ഇന്ത്യയുമുള്‍‍പ്പെടെയുള്ള എട്ടു രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ആഹ്വാനം ചെയ്തു. താലിബാന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാന്റെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഇന്ത്യ വിളിച്ചു ചേര്‍ത്ത ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ പ്രാദേശിക ഉച്ചകോടിയിലാണ് ആഹ്വാനം. റഷ്യ അടക്കമുള്ള മധ്യേഷ്യന്‍ രാജ്യങ്ങള്‍ പങ്കടുക്കുന്ന ചര്‍ച്ചയില്‍ പാകിസ്ഥാനും ചൈനയും വിട്ടു നില്‍ക്കുന്നു.  

അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ നാമെല്ലാവരും ഉറ്റുനോക്കുകയാണ്. ഇവ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് മാത്രമല്ല, അയല്‍രാജ്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സമ്മേളനത്തിന്റെ അധ്യക്ഷനുമായ അജിത് ഡോവല്‍ പറഞ്ഞു. അഫ്ഗാന്‍ വിഷയത്തില്‍ മേഖലയിലെ രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണത്തോടെയും ധാരണയോടെയും പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഈ ചര്‍ച്ചയ്ക്ക് തീര്‍ച്ചയായും ഫലമുണ്ടാകും. അഫ്ഗാനിലെ ജനങ്ങളെ സഹായിക്കാനും അവരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും തങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം സഹായിക്കും. ഇത് അഫ്ഗാനിലെ ജനങ്ങള്‍ക്കു മാത്രമല്ല തീവ്രവാദ ഭീഷണി നേരിടുന്ന അയല്‍ രാജ്യങ്ങള്‍ക്കും സഹായമാകും. ഈ ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞതില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അജിത് ഡോവല്‍ കൂട്ടിച്ചേര്‍ത്തു.  

അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ ഇന്ത്യ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ്ങ് വെന്‍ബിന്‍ ചൊവ്വാഴ്ച മന്ത്രാലയത്തിന്റെ പതിവ് പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ചൈന ഈ മാസം ആദ്യം തന്നെ യോഗത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ച പാകിസ്ഥാനൊപ്പം ചേര്‍ന്നു.

എല്ലാ വംശീയ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നതിലൂടെ മാത്രമേ ഇതിനു പരിഹാരമുണ്ടാകൂവെന്ന്  തീവ്രവാദത്തിന്റെയും അഭയാര്‍ഥി പ്രതിസന്ധിയുടെയും വെല്ലുവിളികളെ പരാമര്‍ശിച്ചുകൊണ്ട് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സെക്രട്ടറി റിയര്‍ അഡ്മിറല്‍ അലി ഷംഖാനി പറഞ്ഞു.  

താലിബാന്‍ അധികാരത്തിലെത്തിയതോടെ രാജ്യത്തിനകത്തെ സ്ഥിതി സങ്കീര്‍ണമായി തുടരുകയാണ്. ഫലപ്രദമായ ഒരു സര്‍ക്കാര്‍ സംവിധാനം രൂപീകരിക്കുന്നതിന് അവിടെ നിരവധി തടസ്സങ്ങളുണ്ടെന്ന് ഖസാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി ചെയര്‍മാന്‍ കരിം മാസിമോവ് പറഞ്ഞു. തീവ്രവാദ സംഘടനകള്‍ അവരുടെ പ്രവര്‍ത്തനം ശക്തമാക്കുകയാണ്. മധ്യേഷ്യന്‍ പോരാളികളുടെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ക്ക് ശക്തമായ ആശങ്കയുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളില്‍ താജികിസ്ഥാന്‍ യോഗത്തില്‍ ആശങ്ക അറിയിച്ചു. മയക്കുമരുന്ന് കടത്തും തീവ്രവാദ പ്രവര്‍ത്തനങ്ങളും അഫ്ഗാനില്‍ കൂടുമെന്ന് തജികിസ്ഥാന്‍ പ്രതിനിധി പറഞ്ഞു. സമാന ആശങ്ക കിര്‍ഗിസ്ഥാന്‍ പ്രതിനിധിയും യോഗത്തില്‍ പങ്കുവച്ചു. അതേസമയം താലിബാന്റെ ആക്രമണങ്ങളില്‍ വീര്‍പ്പുമുട്ടുന്ന രാജ്യത്തിനെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ പദ്ധതികളിലും തങ്ങളുടെ പൂര്‍ണ്ണ പങ്കാളിത്തമുണ്ടാകുമെന്ന് താജിക്കിസ്ഥാന്‍ പ്രതിനിധിയായ നസ്രുല്ലോ റഹ്മത്‌ജോണ്‍ മഹ്മൂദ്‌സോദ ഉറപ്പു നല്‍കി.  

അഫ്ഗാനിലും പ്രദേശത്തും സമാധാനം പുനഃസേഥാപിക്കാന്‍ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇതു സാധ്യമാകുവെന്ന് ഉസ്ബക്കിസ്ഥാന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി വിക്ടര്‍ മുഖ്മുദോവ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തിന് പരിഹാരം കണ്ടെത്താനും ഈ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനും ഈ യോഗം അവസരം നല്‍കുന്നുവെന്ന് തുര്‍ഖ്‌മെനിസ്ഥാന്‍ സെക്യൂരിറ്റി കൗണ്‍സില്ജ സെക്രട്ടറി ചരിമിറത്ത് അമനോവും പറഞ്ഞു.

അഫ്ഗാന്‍ പ്രദേശത്ത് നിന്ന് ഉയരുന്ന ഭീഷണികളും വെല്ലുവിളികളും നേരിടാന്‍ പ്രായോഗിക നടപടികള്‍ വേണമെന്ന് റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പത്രുഷേവ് ആവശ്യപ്പെട്ടു.  

യു എസ് സൈന്യം പിന്‍വാങ്ങിയതോടെ കഴിഞ്ഞ ആഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയത് അതിനു ശേഷമുള്ള അഫ്ഗാനിസ്ഥാനിലെയും അതിന്റെ അതിരുകള്‍ക്കപ്പുറമുള്ള അഞ്ച് പ്രധാന ഭീഷണികളായി ഇന്ത്യ കണക്കാക്കുന്നത് ഭീകരവാദം, മയക്കുമരുന്ന് ഉല്‍പാദനവും കടത്തും, യുഎസ് സൈനികര്‍ ഉപേക്ഷിച്ച ആയുധങ്ങളും സൈനിക ഉപകരണങ്ങളും, അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റം, മനുഷ്യ കടത്ത് എന്നിവയാണ്.  

അഫ്ഗാന്‍ സ്ഥിതിഗതികള്‍ സംബന്ധിച്ച് നടക്കുന്ന മൂന്നാമത്തെ യോഗമാണിത്. 2018 സെപ്റ്റംബറിലും 2019 ഡിസംബറിലുമാണ് ആദ്യ രണ്ടു യോഗങ്ങള്‍ നടന്നത്. ഇറാനാണ് കഴിഞ്ഞ ഈ രണ്ടു യോഗങ്ങള്‍ക്കും ആതിഥേയത്വം വഹിച്ചത്. അഫ്ഗാനിസ്ഥാന് സഹായം ലഭ്യമാക്കുന്നതിനുള്ള ഒരു പ്രതീക്ഷാപരമായ നടപടിയായാണ് കാബൂള്‍ ഈ ചര്‍ച്ചയെ കാണുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. താലിബാന്റെ കീഴിലുള്ള സര്‍ക്കാരിനെ ഇതുവരെ ഒരു രാജ്യവും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അന്താരാഷ്ട്ര സഹായം നിലച്ചതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

താലിബാന്റെ കീഴിലുള്ള സര്‍ക്കാരിനെ അംഗീകരിക്കരുതെന്ന് ആഗോള സമൂഹത്തിന് ഇന്ത്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അഫ്ഗാന്‍ മണ്ണ് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ഇതോയ്ബ, ജെയ്‌ഷെഇമുഹമ്മദ് പോലെയുള്ള തീവ്രവാദ സംഘടനകള്‍ ഉപയോഗിക്കില്ലെന്ന പ്രതിജ്ഞ താലിബാന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇന്ത്യ ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.