×
login
5,000 ഖമേനി വിരുദ്ധരെ തൂക്കിലേറ്റിയ ഇബ്രാഹിം റെയ്സി ഇറാന്‍ പ്രസിഡന്‍റായേക്കും; ഇസ്രയേല്‍ വിരോധി യായ റെയ്‌സി ആയത്തുള്ള ഖമേനിയുടെ വിശ്വസ്തന്‍

ഇറാന്‍റെ പുതിയ പ്രസിഡന്‍റായി കടുത്ത ഇസ്രായേല്‍ വിരോധിയായ ഇബ്രാഹിം റെയ്‌സി എത്താന്‍ സാധ്യതയേറി. ഇറാന്‍റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനിയുടെ വിശ്വസ്തനാണ് ഇബ്രാഹിം റെയ്‌സി.

ടെഹ്‌റാന്‍: ഇറാന്‍റെ പുതിയ പ്രസിഡന്‍റായി കടുത്ത ഇസ്രായേല്‍ വിരോധിയായ ഇബ്രാഹിം റെയ്‌സി എത്താന്‍ സാധ്യതയേറി. ഇറാന്‍റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനിയുടെ വിശ്വസ്തനാണ് ഇബ്രാഹിം റെയ്‌സി.

ഇപ്പോഴത്തെ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനിയുടെ പക്ഷക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ ഇബ്രാഹിം റെയ്‌സി വിജയിക്കുമെന്ന് ഏതാണ്ടുറപ്പായി. 2019ല്‍ ആയത്തുള്ള ഖമനയി ആണ് ഇബ്രാഹിം റെയ്‌സിയെ ജൂഡീഷ്യറി മേധാവിയായി നിയമിച്ചത്. 1979ല്‍ അമേരിക്കയുടെ പിന്തുണയുള്ള രാജഭരണത്തെ തകര്‍ത്തെറിഞ്ഞ് അധികാരത്തിലെത്തിയ അന്ന് മുതല്‍ ആയത്തുള്ള ഖമേനിയാണ് ഇറാന്‍റെ പരമാചാര്യന്‍. മാസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാന്‍ ഖമേനിക്ക് കൂട്ട് നിന്നതിന് ഇബ്രാഹിം റെയ്‌സിക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് തടവുകാരെയാണ് അന്ന് തൂക്കിലേറ്റിയത്.  ഇറാനിലെ 32 നഗരങ്ങളിലെ ഖമേനിയുടെ വിരുദ്ധ ഗ്രൂപ്പായ പീപ്പിള്‍സ് മുജാഹിദ്ദീനിലെ 5,000 പേരെ തൂക്കിലേറ്റിക്കൊന്നും എന്നാണ് ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ കണക്ക്. ഒരു വ്യക്തിക്കെതിരെ അമേരിക്കയെപ്പോലെ ഒരു വന്‍ശക്തി ഉപരോധം ഏര്‍പ്പെടുത്തുന്നത് അസാധാരണമാണ്. 2009ല്‍ ആയത്തുള്ള ഖമനയിക്കെതിരെ ഉണ്ടായ പ്രതിഷേധം അടിച്ചമര്‍ത്തിയതിന് പിന്നിലും ഇബ്രാഹിം റെയ്‌സിയുടെ കരങ്ങളുണ്ട്. ഇറാന്‍റെ സൈന്യമായ ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്‍റെയും ശക്തമായ പിന്തുണ റയ്‌സിക്കുണ്ട്.അമേരിക്കയില്‍ നിന്നും നേരിട്ട തിരിച്ചടികള്‍ക്ക് മറുപടി നല്‍കാന്‍ കഴിവുള്ള ഒരു നേതാവിനെയാണ് ജനങ്ങളും ഇഷ്ടപ്പെടുന്നത്.  

വെള്ളിയാഴ്ച രാവിലെ ആയത്തുള്ള ഖമേനി ആദ്യ വോട്ട് രേഖപ്പെടുത്തി. മുഴുവന്‍ പൗരന്മാരോടും വോട്ട് ചെയ്യാന്‍ ഖമേനി ആഹ്വാനം ചെയ്തു. യുഎസ് ഉപരോധവും കോവിഡ് മഹാമാരിയും കാരണം പൊതുവെ ജനങ്ങളില്‍ തണുത്തപ്രതികരണമാണ്.  

വെള്ളിയാഴ്ച അര്‍ധരാത്രിവരെ വോട്ടിംഗ് നടക്കും. പിന്നീട് രണ്ട് മണിക്കൂറില്‍ വിജയിയെ പ്രഖ്യാപിക്കും. മിതവാദിയായ മുന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി കൂടിയായ അബ്ദുള്‍നസീര്‍ ഹിമ്മത്തിയാണ് ഇബ്രാഹിം റെയ്‌സിയുടെ മുഖ്യ ഏതിരാളി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആകെ ഏഴ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് അനുമതി കിട്ടിയത്. ഇതില്‍ രണ്ട് പേര്‍ ബുധനാഴ്ച  പിന്‍മാറിയതിനാലും മറ്റുള്ളവര്‍ അത്രയ്ക്കൊന്നും പ്രശസ്തരല്ലാത്തതിനാലും ഇബ്രാഹിം റെയ്‌സിയുടെ വിജയം സുനിശ്ചിതമായതായി വിദഗ്ധര്‍ വിലയിരുത്തുന്നു.  

യുഎസിന്‍റെ ഉപരോധം ഒഴിവാക്കാന്‍ 2015ലെ യുഎസുമായി ഉണ്ടാക്കിയ ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കണമെന്ന് അഭിപ്രായക്കാരനാണ് ഇബ്രാഹിം റെയ്‌സി. അന്ന് റൂഹാനിയാണ് അമേരിക്കയുമായി ഈ കരാര്‍ ഉണ്ടാക്കിയത്. ആണവായുധങ്ങള്‍ ഉണ്ടാക്കാനുള്ള പദ്ധതി മന്ദഗതിയിലാക്കിയാല്‍ ഉപരോധത്തില്‍ നിന്നും ഇറാനെ ഒഴിവാക്കാം എന്നതായിരുന്നു ഈ കരാര്‍. എന്നാല്‍ പിന്നീട് ട്രംപ് ഈ കരാര്‍ ഏകപക്ഷീയമായി റദ്ദാക്കുകയായിരുന്നു. എങ്ങിനെയെങ്കിലും ഉപരോധം മൂലം തകര്‍ന്ന ഇറാനെ പ്രതിസന്ധികളില്‍ നിന്നും കരകയറ്റാന്‍ ഈ കരാര്‍ പുനസ്ഥാപിച്ചേ മതിയാവൂ എന്ന് റെയ്സിക്കറിയാം.  ബൈഡനും ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. കരാറിലെ മറ്റു രാജ്യങ്ങളായ ചൈന, ബ്രിട്ടന്‍, റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാഷ്ട്രത്തലവന്മാരുമായും വിയന്നയില്‍ ബൈഡന്‍ ഇറാനുമായുള്ള ആണവക്കരാര്‍ പുനസ്ഥാപിക്കുന്നതിന് അനുകൂലമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ ഇതിനെ ഇസ്രയേല്‍ മാത്രമാണ് ഈ ആണവക്കരാറിനെ ശക്തിയുക്തം എതിര്‍ക്കുന്നത്. ഇറാനാണ് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം മുഖ്യശത്രു. കാരണം ഇസ്ലാം തീവ്രവാദത്തിന്‍റെ വേരുകള്‍ ഇറാനിലാണെന്നും അതിനെ ഊട്ടിവളര്‍ത്തുന്നതും ഇറാനാണെന്ന് ഇസ്രയേല്‍ വിശ്വസിക്കുന്നു. എന്നാല്‍ കടുത്ത ഇസ്രയേല്‍ വിരോധിയായ ഇബ്രാഹിം റെയ്സി ഏത് വിധേനെയും യുഎസുമായി ഈ കരാര്‍ വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.  

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.