×
login
ട്വിറ്റര്‍ ‍ഇനി ഇന്ത്യന്‍ കൈകളില്‍; സിഇഒ സ്ഥാനത്തേക്ക് പരാഗ് അഗര്‍വാള്‍; ആദ്യ ദിവസം തന്നെ വിവാദങ്ങളും

പുതിയ വെല്ലുവിളികളുടെ കാലത്ത് ട്വിറ്ററിനെ നയിക്കാന്‍ പരാഗ് അനുയോജ്യനാണെന്നും പരാഗില്‍ വിശ്വാസമുണ്ടെന്നും ജാക്ക് ഡോര്‍സി തന്റെ വിടവാങ്ങല്‍ കത്തില്‍ പറഞ്ഞു.

ന്യൂദല്‍ഹി: പ്രമുഖ സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്ററിന് പുതിയ സിഇഒ. ഐഐടി മുംബൈയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ പരാഗ് അഗര്‍വാളാണ് ജാക്ക് ഡോര്‍സെയ്ക്കു പകരം സ്ഥാനമേല്‍ക്കുന്നത്. ഇന്നലെ വൈകിട്ടാണ് ജാക്ക് സ്ഥാനമൊഴിഞ്ഞത്. ഡയറക്ടര്‍ ബോര്‍ഡില്‍ എല്ലാ അംഗങ്ങളും അഗര്‍വാളിന്റെ നിയമനത്തെ പിന്തുണച്ചു.  

ഐഐടി മുംബൈയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ പരാഗ് സറ്റാന്‍ഫോര്‍ഡില്‍ നിന്ന് പിഎച്ച്ഡി നേടി. 2011 മുതല്‍ പരാഗ് അഗ്രവാള്‍ ട്വിറ്ററില്‍ പരസ്യവിഭാഗം എഞ്ചിനീയറായി ജോലി നോക്കിയിരുന്നു. 2017 മുതല്‍ ചീഫ് ടെക്‌നോളജി ഓഫിസറാണ്. ട്വിറ്ററില്‍ ചേരുന്നതിനു മുമ്പ് അദ്ദേഹം എടി ആന്റ് ടിയിലും മൈക്രോ സോഫ്റ്റിലും യാഹൂവിലും ജോലി ചെയ്തു. ഈ മേഖലയില്‍ സുന്ദര്‍ പിച്ചെക്കും സത്യ നഡെല്ലയ്ക്കും ശേഷം ഉന്നത സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.

ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി കമ്പനിയില്‍ നിന്ന് രാജിവച്ച വിവരം ട്വിറ്ററിലൂടെ തന്നെ അദ്ദേഹം അറിയിച്ചു.2022ല്‍ അംഗത്വ കാലാവധി അവസാനിക്കുന്നത് വരെ ജാക്ക് ബോര്‍ഡില്‍ തുടരുമെന്നാണ് അറിയിപ്പുണ്ട്. നാല്‍പ്പത്തിയഞ്ചുകാരനായ ജാക്ക് ഡോര്‍സി സ്ഥാനമൊഴിയണമെന്ന് ട്വിറ്റര്‍ ബോര്‍ഡിലെ പ്രധാന നിക്ഷേപക ഒന്നായ എലിയട്ട് മാനേജ്‌മെന്റ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു.

പുതിയ വെല്ലുവിളികളുടെ കാലത്ത് ട്വിറ്ററിനെ നയിക്കാന്‍ പരാഗ് അനുയോജ്യനാണെന്നും പരാഗില്‍ വിശ്വാസമുണ്ടെന്നും ജാക്ക് ഡോര്‍സി തന്റെ വിടവാങ്ങല്‍ കത്തില്‍ പറഞ്ഞു. ജാക്കിന്റെ ട്വീറ്റിന് പിന്നാലെ നന്ദിയറിയിച്ച് കൊണ്ട് പരാഗും ട്വീറ്റ് ചെയ്തു. ട്വിറ്ററിനെ നിലവിലെ നിലയിലെത്തിച്ചതിന് ജാക്കിനോട് നന്ദി പറഞ്ഞ പരാഗ് അഗ്രവാല്‍ പുതിയ കാലത്തേക്ക് ഒന്നിച്ച് സഞ്ചരിക്കാമെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചത്.


പരാഗ് ട്വിറ്റര്‍ തലവനാകുന്നതോടെ ലോകത്തെ പ്രധാനപ്പെട്ട അഞ്ച് ടെക് സ്ഥാപനങ്ങളുടേയും തലപ്പത്ത് ഇന്ത്യന്‍ വംശജരെന്ന അപൂര്‍വ്വതയുമുണ്ട്. ഗൂഗിള്‍ ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദല്ല, അഡോബിന്റെ ശന്തനു നാരായന്‍, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ എന്നിവര്‍ക്കൊപ്പം ഇനി പരാഗും ഉണ്ട്.

പുതിയ സിഇഒ ആയി സ്ഥാനം ഏറ്റ ആദ്യ ദിവസം തന്നെ വിവാദങ്ങളും പരാഗിന് നേരിടേണ്ടി വന്നു. ട്വിറ്ററില്‍ ജോലി ചെയ്യുന്നതിന് മുന്‍പ് 2010 ഒക്ടോബര്‍ 26 ഇട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. 'അവര്‍ മുസ്ലീങ്ങളെയും തീവ്രവാദികളെയും വേര്‍തിരിക്കാന്‍ പോകുന്നില്ലെങ്കില്‍, ഞാന്‍ എന്തിന് വെള്ളക്കാരെയും വംശീയവാദികളെയും വേര്‍തിരിക്കണം? എന്നതാണ് പോസ്റ്റ്. എന്നാല്‍ ഡെയ്‌ലി ഷോയില്‍ ഈ വരികളെ കുറിച്ച് എന്തെങ്കിലും പറഞ്ഞ ഹാസ്യനടന്‍ ആസിഫ് മാന്‍ഡ്‌വിയെ ഉദ്ധരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അഗര്‍വാള്‍ വ്യക്തമാക്കിയിരുന്നു.

ഇങ്ങനത്തെ പോസ്റ്റുകളെ ട്വിറ്റര്‍ സെന്‍സര്‍ ചെയ്യണെന്നും സ്ഥിരമായി ട്വിറ്ററിനെ കുറ്റപ്പെടുത്തി ട്രോളുകള്‍ വരാറുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ട്വിറ്ററിനെ കൂടുതല്‍ ബുദ്ധിമുട്ടിക്കുമോ എന്ന് ആശ്ചര്യപ്പെടുന്നു. ഇതിന് മുന്‍പ് വംശീയമായ പോസ്റ്റ് പ്രചരിപ്പിച്ചതിന്  മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്റര്‍ പുറത്താക്കിയിരുന്നു. അതിനു പിന്നാലെ നിരവധി വലതുപക്ഷ അനുയായികള്‍ ട്വിറ്ററിനെതിരേ രംഗത്തെത്തിയിരുന്നു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.