×
login
ആസ്‌ത്രേലിയക്കാരി സേറാ ഡുമന്‍‍; കുപ്രസിദ്ധ ഇസ്ലാമിക് സ്റ്റേറ്റ്‍ വധു; മൂന്നു ഭര്‍ത്താക്കന്മാരും കൊല്ലപ്പെട്ടു; മടക്കം തടഞ്ഞ് മാതൃരാജ്യം

'കുത്തിയോ, വിഷം കൊടുത്തോ എല്ലാ രീതിയിലും കാഫിറുകളെ കൊല്ലുക. ഹറാമായ റെസ്റ്റാറന്റുകളില്‍ ചെന്ന് വലിയ അളവില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുക' സേറയുടെ ട്വിറ്റര്‍ ഹാന്റിലില്‍ നിന്ന് പ്രചരിപ്പിച്ച ജിഹാദി സന്ദേശങ്ങളില്‍ ഒന്ന് ഇങ്ങനെയായിരുന്നു.

സേറാ ഡുമന്‍, മഹ്മൂദ് അബ്ദുള്‍ലത്തീഫ്

മെല്‍ബണ്‍: ഏഴു വര്‍ഷം തടവിന് ശിക്ഷിയ്ക്കപ്പെട്ട ആസ്‌ത്രേലിയക്കാരി ഇസ്ലാമിക് സ്റ്റേറ്റ് വനിതാ തീവ്രവാദി സേറാ ഡുമന്‍, രണ്ടു മാസത്തിനകം തുര്‍ക്കി ജയിലില്‍ നിന്ന് മോചിതയാക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. യൗവ്വനത്തിന്റെ ആരംഭത്തില്‍ ആസ്‌ത്രേലിയയില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട് ജിഹാദിനായി സിറിയയിലേക്ക് ഒളിച്ചു കടക്കുകയായിരുന്നു സേറ.

2014 ല്‍ 19 വയസ്സുള്ളപ്പോള്‍ മെല്‍ബണിലുള്ള സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് സിറിയയില്‍ എത്തിയ സേറ ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ്. ജിഹാദിയായി മാറിയ ആസ്‌ത്രേലിയക്കാരന്‍ മഹ്മൂദ് അബ്ദുള്‍ലത്തീഫ് ആയിരുന്നു സേറയെ റിക്രൂട്ട് ചെയ്തത്.

പിന്നീട് സേറ മഹ്മൂദിനെ വിവാഹം കഴിയ്ക്കുകയും ഐസിസിന്റെ സോഷ്യല്‍ മീഡിയ പ്രചരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍, ആസ്‌ത്രേലിയക്കാര്‍, അമേരിക്കക്കാര്‍ എന്നിവരെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ട്വിറ്റര്‍ വഴി സേറ നടത്തിയ പ്രചരണം.

തുടര്‍ന്ന് ഐസിസിന്റെ പ്രധാനപ്പെട്ട ഒരു റിക്രൂട്ടര്‍ ആയി അവര്‍ മാറി. ലക്ഷ്വറി കാറുകളുടെ ബോണറ്റില്‍ യന്ത്രത്തോക്കും പിടിച്ച് നില്‍ക്കുന്ന സേറയുടെ ചിത്രങ്ങള്‍ യുവാക്കളുടെ ശ്രദ്ധയാകര്‍ഷിച്ചു. ഭീകരര്‍ മോഷ്ടിച്ചെടുത്തവയായിരുന്നു ആ കാറുകള്‍. മറ്റു പാശ്ചാത്യരോട് ആഡംബര ജീവിതം ഉപേക്ഷിച്ച് ഇസ്ലാമിക ഭരണത്തിലേക്ക് കടന്നു വരാന്‍ പരസ്യങ്ങളിലൂടെ സേറ ആഹ്വാനം ചെയ്തു.

ഒരു അമേരിക്കന്‍ ആക്രമണത്തില്‍ അബ്ദുള്‍ലത്തീഫ് കൊല്ലപ്പെട്ടതോടെ സേറ മറ്റൊരു ഐസിസ് ഭീകരനെ വിവാഹം കഴിച്ചു. ഒരു കുട്ടി ജനിച്ചതിനു പിന്നാലെ അയാളും കൊല്ലപ്പെട്ടു. വീണ്ടും വിവാഹിതയായ സേറയ്ക്ക് രണ്ടാമതൊരു കുട്ടി കൂടി ജനിച്ചെങ്കിലും മൂന്നാമത്തെ ഭര്‍ത്താവും കൊല്ലപ്പെടുകയാണുണ്ടായത്.

2019 ല്‍ ഐസിസിന്റെ പതനത്തെ തുടര്‍ന്ന് പിടിയിലായവരില്‍ അറുപത്തിയഞ്ച് ആസ്‌ത്രേലിയന്‍ വനിതകളും കുട്ടികളും ഉള്‍പ്പെട്ടിരുന്നു. ഇവരുള്‍പ്പെടെ 70,000 അഭയാര്‍ഥികള്‍ സിറിയയുടെ വടക്ക് കിഴക്കന്‍ അതിര്‍ത്തിയിലുള്ള ദുരിതമയമായ ക്യാമ്പിലാണ് ഇപ്പോള്‍ കഴിയുന്നത്.

തങ്ങളെ ആസ്‌ത്രേലിയയിലേക്ക് മടങ്ങി ചെല്ലാന്‍ അനുവദിയ്ക്കണം എന്ന് സേറയും കുടുംബവും അപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ അവരുടെ ആസ്‌ത്രേലിയന്‍ പൗരത്വം റദ്ദാക്കുകയാണ് ഉണ്ടായത്. കാരണം അവര്‍ക്ക് തുര്‍ക്കി പൗരത്വവും ഉണ്ടായിരുന്നു. പിന്നീട് സേറ മനുഷ്യക്കടത്തു സംഘങ്ങളുടെ സഹായത്തോടെ തുര്‍ക്കിയില്‍ കടക്കുകയുണ്ടായെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയില്‍ പെടുകയായിരുന്നു.

കഴിഞ്ഞ സെപ്തംബറില്‍ ഒരു തുര്‍ക്കി കോടതി ഇരുപത്തിയാറുകാരിയായ സേറയെ തടവിന് വിധിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കു വേണ്ടി പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തതും ഐസിസിന്റെ പരസ്യ സാമഗ്രികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതുമായിരുന്നു കുറ്റങ്ങള്‍. ആറു വര്‍ഷവും പത്തുമാസവും ആയിരുന്നു സേറയ്ക്ക് വിധിച്ച ശിക്ഷ. എന്നാല്‍ രണ്ടു മാസത്തിനു ശേഷം തെക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്റേപ്പിലുള്ള മറ്റൊരു കോടതിയില്‍ അവര്‍ ഹാജരാവുകയും, വിട്ടയക്കപ്പെടുകയുമായിരുന്നു. അഞ്ചും രണ്ടും വയസ്സുള്ള തന്റെ കുട്ടികളെ നോക്കാന്‍ താന്‍ മാത്രമേ ഉള്ളൂ എന്ന സേറയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി അവരെ വിട്ടയച്ചത്.

തന്റെ രണ്ടാം ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് തുര്‍ക്കിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച സേറയെ ചാരപ്രവര്‍ത്തക എന്നു സംശയിച്ച് ഐസിസ് തന്നെ ജയിലില്‍ അടയ്ക്കുകയുണ്ടായെന്ന് സേറ കോടതിയോട് പറഞ്ഞിരുന്നു. തന്റെ രണ്ടാമത്തേയും മൂന്നാമത്തേയും വിവാഹം നിര്‍ബന്ധപൂര്‍വ്വം ഉള്ളതായിരുന്നുവെന്നും അവര്‍ കോടതിയോട് വെളിപ്പെടുത്തി.

സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണത്തിനു പുറമേ താന്‍ ഐസിസ് അധീനത്തിലുള്ള പ്രദേശത്ത് ജീവിയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും, മറ്റൊരു രീതിയിലും ഭീകര പ്രവര്‍ത്തനത്തില്‍ പങ്കാളിയായിട്ടില്ല എന്നും സേറ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

സേറയുടെ ട്വിറ്റര്‍ ഹാന്റിലില്‍ നിന്ന് പ്രചരിപ്പിച്ച സന്ദേശങ്ങളില്‍ ചിലവ.

'കുത്തിയോ, വിഷം കൊടുത്തോ എല്ലാ രീതിയിലും കാഫിറുകളെ കൊല്ലുക. ഹറാമായ റെസ്റ്റാറന്റുകളില്‍ ചെന്ന് വലിയ അളവില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുക'

'നമ്മുടെ ഭര്‍ത്താക്കന്മാര്‍ മുന്നണിയില്‍ മരിച്ചു വീഴുന്നു. എന്നാല്‍ കാഫിറുകളെ കൊല്ലാന്‍ ഭര്‍ത്താക്കന്മാരെ അയയ്ക്കുന്നതില്‍ നിന്ന് അത് പാശ്ചാത്യ സ്ത്രീകളെ തടയുന്നില്ല'

'അല്‍ഹംദുലിലാഹ്. നമ്മള്‍ ആകെക്കൂടി ആഗ്രഹിയ്ക്കുന്നത് നമ്മുടെ ഭര്‍ത്താക്കന്മാരുടെ രക്തം അല്ലാഹുവിന് വേണ്ടി ചൊരിയണമേ എന്നാണ്'

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.