×
login
അമേരിക്കയില്‍ മൂന്ന് ബാങ്കുകള്‍ തകര്‍ന്നു; ഇനിയും ബാങ്കുകള്‍ തകരുമോ എന്ന ജേണലിസ്റ്റിന്‍റെ ചോദ്യത്തിന് ഉത്തരമില്ലാതെ ബൈഡന്‍; യുഎസ് തകര്‍ച്ചയിലേക്കോ?

മൂന്ന് ബാങ്കുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം ഇതാണ്: "പ്രസിഡന്‍റ്, ഈ തകര്‍ച്ച കൂടുതലായി പടരില്ല എന്ന് താങ്കള്‍ക്ക് അമേരിക്കക്കാര്‍ക്ക് ഉറപ്പുകൊടുക്കാന്‍ പറ്റുമോ?". ഒരക്ഷരം ഉരിയാടാതെ, പ്രസിഡന്‍റ് ബൈഡന്‍ വാര്‍ത്താസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോയി.

വാഷിംഗ്ടണ്‍: സിലിക്കണ്‍ വാലി ബാങ്ക് (എസ് വിബി), സിഗ്നേച്ചര്‍ ബാങ്ക് എന്നീ ബാങ്കുകള്‍ നിലംപൊത്തിയതോടെ അമേരിക്കയില്‍ അടുത്തടുത്ത് മൂന്ന് ബാങ്കുകള്‍ തകര്‍ന്നു. സില്‍വര്‍ഗേറ്റ് ക്യാപിറ്റല്‍  എന്ന ബാങ്ക് ഇതിന് തൊട്ടുമുന്‍പ് തകര്‍ന്നിരുന്നു.  ക്രിപ്റ്റോ സൗഹൃദ യുഎസ് ബാങ്ക് എന്നാണ് സില്‍വര്‍ ഗേറ്റ് ക്യാപിറ്റല്‍ അറിയപ്പെടുന്നത്. എന്നാല്‍ സില്‍വര്‍ഗേറ്റ് ക്യാപിറ്റല്‍ തകര്‍ന്നതോടെ അമേരിക്കയില്‍ ക്രിപ്റ്റോ കറന്‍സികളുടെ വില വന്‍തോതില്‍ ഇടിഞ്ഞുതകരുകയാണ്. 2008ലെ സാമ്പത്തികതകര്‍ച്ചയില്‍ അമേരിക്കയ്ക്ക് പ്രതീക്ഷയായി വളര്‍ന്ന ക്രിപ്റ്റോ കറന്‍സിതന്നെ ഇപ്പോള്‍ തുടച്ചുനീക്കപ്പെടുമോ എന്ന ആശങ്കയിലാണ് അവിടുത്തെ ചെറുതും വലുതുമായ നിക്ഷേപകര്‍.  

ബാങ്ക് തകര്‍ച്ചയെക്കുറിച്ച് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്‍റ്  ജോ ബൈഡന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം ഇതാണ്: "പ്രസിഡന്‍റ്, ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നതിനെക്കുറിച്ച് താങ്കള്‍ എന്തറിയാം? ഈ തകര്‍ച്ച കൂടുതലായി പടരില്ല എന്നതിനെക്കുറിച്ച് താങ്കള്‍ക്ക് അമേരിക്കക്കാര്‍ക്ക് ഉറപ്പുകൊടുക്കാന്‍ പറ്റുമോ?". ഒരക്ഷരം ഉരിയാടാതെ, പ്രസിഡന്‍റ് ബൈഡന്‍ വാര്‍ത്താസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോയി." മറ്റ് ബാങ്കുകളും ഇതുപോലെ തകരുമോ?"- ഇറങ്ങിപ്പോകുന്ന ബൈഡനോട് മറ്റൊരു ജേണലിസ്റ്റ് ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു. കൃത്യമായി ഒരു ഉത്തരം ഇല്ലാത്ത ബൈഡന് മൗനവും ഇറങ്ങിപ്പോക്കും തന്നെയായിരുന്നു അഭികാമ്യം.  

ഇതോടെ 2023ല്‍ ആഗോളമാന്ദ്യം ഉണ്ടാകും എന്നത് ഏതാണ്ടുറപ്പായിരിക്കുന്നു. ഒരു വര്‍ഷം നീണ്ടും മുന്നേറുന്ന റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്‍റെ പരിണിത ഫലം ആഗോളമാന്ദ്യവും ചിലപ്പോള്‍ മൂന്നാം ലോകമഹായുദ്ധവും ആയിരിക്കാം.  അമേരിക്കയിലെ എഫ് ടിഎക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചിന്‍റെ തകര്‍ച്ച സംഭവിച്ചത് 2022 നവമ്പര്‍ 11നായിരുന്നു. ഇതാണത്രെ, ഇപ്പോള്‍ സില്‍വര്‍ ഗേറ്റ് എന്ന ധനകാര്യസ്ഥാപനത്തിലെ സാമ്പത്തിക പ്രശ്നത്തിന് കാരണമായത്. അതുതന്നെയാണ് സിലിക്കണ്‍ വാലി ബാങ്കും സിഗ്നേച്ചര്‍ ബാങ്കും തകരാന്‍ കാരണമായത്.  

അമേരിക്കയുടെ സമ്പദ് വ്യവസ്ഥയില്‍ ഏകദേശം 62000 കോടി ഡോളറിന്‍റെ റിസ്ക് (അപകടം) പതിയിരിക്കുന്നുണ്ടെന്നാണ് ഫെഡറല്‍ ഡെപോസിറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ് (എഫ് ഡി ഐസി) മേധാവി മാര്‍ട്ടിന്‍ ഗ്രുവെന്‍ബെര്‍ഗ് തിങ്കളാഴ്ച താക്കീത് നല്‍കിയിരിക്കുന്നത്.

ഡോളര്‍ പലിശനിരക്ക് കൂട്ടിയത് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി

പണപ്പെരുപ്പം കുറയ്ക്കാന്‍ അമേരിക്കയില്‍ 2023 ഫെബ്രവരിയില്‍ വീണ്ടും  ഡോളര്‍ പലിശ നിരക്ക് അവിടുത്തെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് വര്‍ധിപ്പിച്ചിരുന്നു. ഇതോടെ വായ്പയ്ക്ക് കൂതുല്‍ തുക ചെലവാക്കേണ്ട അവസ്ഥ വന്നു. ചെറുകിട, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ഇത് വലിയ തലവേദനയാണ്. അതോടെ അവര്‍ ഈ ബാങ്കുകളില്‍ നിന്നും അവരുടെ പണം പിന്‍വലിക്കാന്‍ തുടങ്ങി. ഒരുമിച്ച് നിരവധി പേര്‍ പണം പിന്‍വലിക്കുന്നു. വായ്പ എടുക്കാനാകട്ടെ ആരും വരുന്നുമില്ല. ഇതാണ് ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് ഇപ്പോള്‍ കാരണമായത്. ചില വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങളും പണം പിന്‍വലിച്ചതോടെ ബാങ്കുകള്‍ക്ക് നില്‍ക്കക്കള്ളിയിലാതായി.  

ബാങ്കിന് പുതുതായി ഫണ്ട് രൂപീകരിക്കാനും കഴിയുന്നില്ല. സിലിക്കണ്‍ വാലി ബാങ്കിന്‍റെ ഓഹരി വില കഴിഞ്ഞ ആഴ്ച 62 ശതമാനം ഇടിഞ്ഞു. ഒരു വര്‍ഷം കൊണ്ട് 80 ശതമാനം മൂല്യവും കുറഞ്ഞു.  

ക്രിപ്റ്റോ സ്ഥാപനങ്ങള്‍ക്കിടയില്‍ തത്സമയം ഫണ്ട് കൈമാറ്റം എളുപ്പമാക്കാന്‍ ഉപയോഗിക്കുന്ന പേമെന്‍റ് ശൃംഖലയാണ് സില്‍വര്‍ ഗേറ്റ് നല്‍കുന്നത്. എന്നാല്‍ ഇത്തരം പേമെന്‍റുകള്‍ക്ക് ഇപ്പോള്‍ ആരും വരുന്നില്ല. എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് തകര്‍ന്നതാണ് സില്‍വര്‍ ഗേറ്റിന്‍റെ തകര്‍ച്ചയില്‍ എത്തിയത്. ക്രിപ്റ്റോ സൗഹൃദ യുഎസ് ബാങ്കാണ് സില്‍വര്‍ ഗേറ്റ് ക്യാപിറ്റല്‍. എന്നാല്‍ ഇവര്‍ തകര്‍ന്നതോടെ ക്രിപ്റ്റോ കറന്‍സികളുടെ വില വന്‍തോതില്‍ ഇടിയുകയാണ്. ക്രിപ്റ്റോ രംഗത്തിന് താങ്ങും തണലുമായ ഒരു വലിയ ബാങ്കാണ് സില്‍വര്‍ ഗേറ്റ്.  


ഡോളര്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചത് ഇനി അമേരിക്കയിലെ ബാങ്കിംഗ്, ഓഹരി വിപണി, ക്രിപ്റ്റോ കറന്‍സി മേഖല എന്നിവയെ പാടെ തകര്‍ക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്നും വന്‍വിദേശ നിക്ഷേപകര്‍ അവരുടെ നിക്ഷേപം പിന്‍വലിച്ച് മടങ്ങിയാല്‍ അത് ഇന്ത്യയുടെ ഓഹരി വിപണിയ്ക്കും അടിയാകും.  

 

 

 

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.