×
login
ഹിജാബിന്റെ പേരിലുള്ള നരവേട്ട അവസാനിപ്പിക്കണമെന്ന് യുഎന്‍; ഇറാനിയന്‍ വനിതകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തസ്ലിമ നസ്‌റീന്‍

ടെഹ്‌റാനില്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടുത്ത നഗരമായ മഷഹാദിലേക്കും പടര്‍ന്നു. ആയിരക്കണക്കിന് സ്ത്രീകളാണ് പ്രക്ഷോഭരംഗത്തുള്ളത്

ജനീവ: ഹിജാബിന്റെ പേരിലുള്ള നരവേട്ട അവസാനിപ്പിക്കണമെന്ന് ഇറാന്‍ ഭരണകൂടത്തോട് യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍. ഹിജാബ് ചട്ടം ലംഘിക്കുന്നുവെന്ന പേരില്‍ സ്ത്രീകളെ ലക്ഷ്യമിടുന്നത് അധികാരികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കമ്മിഷന്‍ മഹ്‌സ അമിനിയുടെ മരണത്തില്‍ ഇറാനിയന്‍ ഭരണകൂടത്തെ ശക്തമായി അപലപിച്ചു.

മുടി പൂര്‍ണമായും മറച്ച് ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്ത ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനി കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇറാനിയന്‍ വനിതകള്‍ പൊതുനിരത്തില്‍ ഹിജാബ് കത്തിച്ചും വലിച്ചെറിഞ്ഞും മുടിമുറിച്ചും പ്രക്ഷോഭരംഗത്താണ്. മഹ്‌സ അമിനിയുടെ മരണത്തില്‍ ഇറാനിയന്‍ ഭരണകൂടത്തെ അപലപിച്ച യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ നദ അല്‍ നഷിഫ് സംഭവത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. പ്രക്ഷോഭകര്‍ക്കെതിരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും അപലപനീയമാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.  

പൊതുനിരത്തില്‍ തല മൂടി നടക്കണമെന്ന ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സപ്തംബര്‍ 13ന് മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്തത്. അമിനി ധരിച്ചിരുന്ന തട്ടം കൊണ്ട് മുടി മുഴുവന്‍ മറഞ്ഞില്ലെന്നായിരുന്നു ആക്ഷേപം. അമിനിയുടെ തലയില്‍ പോലീസ് ലാത്തി കൊണ്ട് അടിക്കുകയും വാഹനത്തിന്റെ ബോണറ്റില്‍ തല ഇടിപ്പിക്കുകയും ചെയ്തു. വലിയ ക്രൂരതയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാത്, നദ അല്‍ നഷിഫ് പറഞ്ഞു. അമിനിയുടെ ദാരുണാന്ത്യം മാരകമായ പീഡനവും അതിക്രമവും കൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തില്‍ സത്യം പുറത്തുവരണം. അമിനിയുടെ കുടുംബത്തിന് നീതി ലഭിക്കണം, അതിന് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണ്, അവര്‍ പറഞ്ഞു.

അതിനിടെ ടെഹ്‌റാനില്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടുത്ത നഗരമായ മഷഹാദിലേക്കും പടര്‍ന്നു. ആയിരക്കണക്കിന് സ്ത്രീകളാണ് പ്രക്ഷോഭരംഗത്തുള്ളത്. ഇറാന്‍ ഭരണകൂടത്തിനെതിരെ വ്യാപകമായ പ്രകടനങ്ങളാണ് നടക്കുന്നത്.

ഹിജാബ് വലിച്ചെറിഞ്ഞ് പ്രക്ഷോഭരംഗത്തിറങ്ങിയ ഇറാനിയന്‍ വനിതകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റീന്‍. ലോകമെമ്പാടുമുള്ള മുസ്ലീം വനിതകള്‍ ഇറാനിലെ പ്രക്ഷോഭത്തില്‍ നിന്ന് കരുത്ത് നേടണമെന്ന് അവര്‍ ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  


സ്ത്രീകള്‍ സ്വയം തെരഞ്ഞെടുക്കുന്നതല്ല ഹിജാബ് എന്ന് തസ്ലിമ ചൂണ്ടിക്കാട്ടി. കൂടുതല്‍ അവസരങ്ങളിലും ഭയം കൊണ്ട്, അല്ലെങ്കില്‍ സമ്മര്‍ദ്ദം കൊണ്ട് ധരിക്കാന്‍ നിര്‍ബന്ധിതമായിത്തീരുകയാണ്, പെണ്‍കുട്ടികളെ ബ്രെയിന്‍വാഷ് നടത്തി ഹിജാബിലേക്ക് എത്തിക്കുന്ന സാഹചര്യവുമുണ്ട്,  തസ്ലിമ പറഞ്ഞു.  മഹ്‌സാ അമിനി എന്ന ഇരുപത്തിരണ്ടുകാരി ടെഹ്‌റാനില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഇറാനിലുടനീളം സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.  

ഇറാന്‍ വനിതകളുടെ ധൈര്യം എന്നെ സന്തോഷിപ്പിക്കുന്നു. ഹിജാബുകള്‍ കത്തിക്കുന്നതും വലിച്ചെറിയുന്നതും മുടിമുറിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ ലോകത്തിനാകെ വഴികാട്ടേണ്ടതാണ്. ഹിജാബ് സ്ത്രീകളോടുള്ള അടിച്ചമര്‍ത്തലിന്റെയും അപമാനത്തിന്റെയും നിന്ദയുടെയും ഒറ്റപ്പെടുത്തലിന്റെയും അടയാളമാണ്. ലോകത്താകമാനമുള്ള സ്ത്രീകള്‍ അത് കത്തിച്ചെറിഞ്ഞ് പുറത്തുവരണമെന്നാണ് എന്റെ അഭിപ്രായം. ഹിജാബ് ധരിക്കണമെന്ന് ആഗ്രഹമുള്ളവര്‍ അത് ധരിക്കട്ടെ, പക്ഷേ അത് ആവശ്യമില്ലാത്തവര്‍ക്ക് ധരിക്കാതിരിക്കാനുള്ള അവകാശമുണ്ട്.  

മതമൗലികവാദികള്‍ സ്ത്രീകളില്‍ ബുര്‍ഖയും ഹിജാബും അടിച്ചേല്പിക്കുകയാണ്. ധരിച്ചില്ലെങ്കില്‍ മര്‍ദ്ദനമേല്‍ക്കുമെന്നും അപമാനിക്കപ്പെടുമെന്നും സ്ത്രീകള്‍ ഭയക്കുന്നു. ഹിജാബ് മതപരമായ ആയുധമെന്നതില്‍ നിന്ന് രാഷ്ട്രീയ ആയുധമായി മാറിയ കാലമാണിതെന്നും അതുകൊണ്ടാണ് ഇറാനിയന്‍ വനിതകള്‍ നടത്തുന്ന പോരാട്ടം വിപ്ലവമാകുന്നതെന്നും തസ്ലിമ പറഞ്ഞു.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.