login
മാര്‍ഗ്ഗദര്‍ശകമായ പാദമുദ്രകള്‍; ടി.പി. വിനോദിനി അമ്മ വിടവാങ്ങിയിട്ട് ഇന്ന് 22 വര്‍ഷം

നിലയ്ക്കല്‍ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കെ, അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ ഗുരുവായൂരില്‍ തടഞ്ഞ് ചോദ്യം ചെയ്തതിലൂടെ പ്രക്ഷോഭം ഒരുവേള ഗുരുവായൂരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. സ്ത്രീകളെ മാത്രം അണിനിരത്തി വിനോദിനിയമ്മ നയിച്ച ആ പ്രതിഷേധവും അവരുന്നയിച്ച ചോദ്യവും ചരിത്രത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ കരുണാകരന് ലജ്ജിച്ച് തല കുനിക്കേണ്ടി വന്നു. ശബരിമല പൂങ്കാവനം കയ്യേറിയവരെ സംരക്ഷിക്കുന്ന അങ്ങേക്കെങ്ങനെ മറ്റൊരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാകും, താങ്കള്‍ക്കതില്‍ മനഃസാക്ഷിക്കുത്തില്ലേ എന്ന ആ ചോദ്യം ഇന്നും ഭക്തമനസ്സുകളില്‍ അലയടിക്കുന്നു.

സ്വര്‍ഗ്ഗീയ ടി.പി. വിനോദിനി അമ്മ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 22 വര്‍ഷം തികയുന്നു. പുന്നയൂര്‍ക്കുളം കേന്ദ്രമായിട്ടാണ് വിനോദിനി അമ്മ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് അത് കേരളം മുഴുവന്‍ പരന്നൊഴുകാന്‍ തുടങ്ങി. കോലിയത്ത് കരുണാകരന്‍ നായര്‍ എന്ന മാതൃകാ സ്വയം സേവകന്‍ സംഘ പ്രവര്‍ത്തനത്തിന്റെ ഭാഗമാവാന്‍ തന്റെ സഹധര്‍മ്മിണിയായ വിനോദിനി അമ്മയ്ക്ക് പ്രേരണയായത് യാദൃച്ഛികതയല്ല, അതൊരു നിയോഗമായിരുന്നു.

സംഘ പ്രവര്‍ത്തനത്തിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് കരുണാകരന്‍ നായരുടെ അടുത്ത ബന്ധുവും ജനസംഘത്തിന്റെ മുന്‍ അധ്യക്ഷനുമായ പട്ടാമ്പി പി. മാധവ മേനോന്റെ നിര്‍ദേശപ്രകാരം രാഷ്ട്രീയ രംഗത്തേക്ക് കടന്നു. അതിന് മുന്‍കൈയെടുത്തതാകട്ടെ കെ. രാമന്‍ പിള്ള സാറും. തുടര്‍ന്ന് ജനസംഘത്തിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായി.

അടിയന്തരാവസ്ഥയുടെ നാളുകളില്‍ സമര മുഖത്ത് നിറഞ്ഞു നിന്ന സ്ത്രീ സാന്നിദ്ധ്യമായിരുന്നു അമ്മ. ആലുവ സീതാലക്ഷ്മി ചേച്ചി ഉള്‍പ്പെടുന്ന ഒരു ബാച്ചിനെ നയിച്ച് അറസ്റ്റ് വരിച്ചു. തുടര്‍ന്ന് 30 ദിവസം ആലുവ സബ് ജയിലില്‍. അടിയന്തരാവസ്ഥയ്ക്കു ശേഷം സംഘ നിരോധനം പിന്‍വലിക്കപ്പെട്ടു. ജനസംഘം ജനതാ പാര്‍ട്ടിയായി. അമ്മ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയംഗമായി.

ഇക്കാലത്താണ് ഭാസ്‌കര്‍ റാവുവിന്റെ നിര്‍ദേശപ്രകാരം മാധവ്ജിയും എ.വി. ഭാസ്‌കര്‍ ജിയും പുന്നയൂര്‍ക്കുളത്തെ കാളത്തിങ്ങല്‍ വീട്ടിലെത്തുന്നത്. അടിയന്തരാവസ്ഥയ്ക്കു ശേഷം മാതൃശക്തിയുടെ പ്രവര്‍ത്തനം ശക്തമാക്കുവാന്‍ രാഷ്ട്രസേവികാ സമിതിയുടെ ചുമതലയേറ്റെടുക്കണമെന്ന സംഘ നിര്‍ദേശവുമായാണ് അവരെത്തിയത്. അങ്ങനെ രാഷ്ട്ര സേവികാ സമിതിയുടെ പ്രാന്ത കാര്യവാഹികയായി. പിന്നീട് പ്രാന്ത സംഘചാലികയും. 1977 ല്‍ മൊറാര്‍ജി ദേശായിയുടെ സര്‍ക്കാരില്‍ അടല്‍ജിയും അദ്വാനിജിയും തിളങ്ങി നില്‍ക്കുന്ന സമയമാണ്. അധികാര രാഷ്ട്രീയത്തിന്റെ ആകര്‍ഷണത്തില്‍ നിന്നകന്ന് അച്ചടക്കത്തിന്റെ സംഘ പന്ഥാവിലേക്ക് തിരിച്ചുനടക്കുകയായിരുന്നു അമ്മ. ഉറച്ച കാല്‍ വെയ്പ്പുകളോടെ.

കേന്ദ്രസര്‍ക്കാരിന്റെ വനിതാ ശിശുക്ഷേമ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചിരുന്ന പ്രോജക്ട് ഇംപ്ലിമെന്റിങ്ങ് കമ്മിറ്റിയുടെ ബ്ലോക്ക് ചെയര്‍മാന്‍ എന്ന നിലയില്‍ സ്ത്രീ ശാക്തീകരണത്തിന്റെ കരുത്തായി ഭരണതലത്തില്‍ ഏറെ ശോഭിക്കാനായി. 1971 ല്‍ പൊന്നാനി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 1979 ല്‍ പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു. വിനോദിനി അമ്മയെ പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തിലേക്ക് പറഞ്ഞയച്ച ആ വാര്‍ഡില്‍ തുടര്‍ച്ചയായി ഏഴാം തവണയും ബി.ജെ.പി. വിജയിച്ചുകൊണ്ടേയിരിക്കുന്നു എന്നത് പില്‍ക്കാല പ്രവര്‍ത്തകര്‍ അമ്മയുടെ പാതയില്‍ തന്നെയെന്ന് ഉറപ്പാക്കുന്നു. പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തിലെ മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന നിലയിലേക്ക് ബിജെപി എത്തിയതിന്റെ പ്രേരണ സ്രോതസും അമ്മ തന്നെ.

സമര പോരാട്ടങ്ങള്‍ എന്നും അമ്മയെ പ്രചോദിപ്പിച്ചിട്ടേയുള്ളൂ. കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്ന അങ്ങാടിപ്പുറം തളി ക്ഷേത്ര സമരം, മലപ്പുറം ജില്ല വിരുദ്ധ സമരം, നിലയ്ക്കല്‍ സമരം തുടങ്ങി ഒട്ടനവധി പോര്‍മുഖത്ത് അവരുണ്ടായിരുന്നു. അമ്മയായും സഹോദരിയായും എല്ലാറ്റിനുമുപരിയായി മികച്ച സംഘാടകയായും. നിലയ്ക്കല്‍ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം, അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ അദ്ദേഹത്തെ തടഞ്ഞ് ചോദ്യം ചെയ്തതിലൂടെ പ്രക്ഷോഭം ഒരുവേള ഗുരുവായൂരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. സ്ത്രീകളെ മാത്രം അണിനിരത്തി അമ്മ നയിച്ച പ്രതിഷേധവും അവരുന്നയിച്ച ചോദ്യവും ചരിത്രത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ കരുണാകരന് ലജ്ജിച്ച് തല കുനിക്കേണ്ടി വന്നു. ശബരിമല പൂങ്കാവനം കയ്യേറിയവരെ സംരക്ഷിക്കുന്ന അങ്ങേക്കെങ്ങിനെ മറ്റൊരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാകും, താങ്കള്‍ക്കതില്‍ മന:സാക്ഷിക്കുത്തില്ലേയെന്ന ചോദ്യം ഇന്നും ഭക്തമനസ്സുകളില്‍ അലയടിച്ചു കൊണ്ടിരിക്കുന്നു.

ദേശീയ പ്രസ്ഥാനങ്ങളുടെ ജനകീയ മുഖമായിരുന്നു അമ്മ. 1998 മെയ് 23ന് തന്റെ 71 ാമത്തെ വയസ്സില്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നതു വരെ കര്‍മോത്സുകയായി നമുക്കൊപ്പമുണ്ടായിരുന്നു. മാടമ്പി വാഴ്ചയുടെ കാലഘട്ടത്തില്‍ സാധാരണക്കാരന്റെ ആശ്രയവും ആവേശവുമായിരുന്നു ടി.പി. വിനോദിനി അമ്മ.  

അമ്മയുടെ സ്മൃതിദിനത്തില്‍ ഒരു പിടി ഓര്‍മ്മപ്പൂക്കളര്‍പ്പിക്കട്ടെ. കവി പാടിയതു പോലെ അമ്മയുടെ പാദമുദ്രകള്‍ നമുക്ക് മാര്‍ഗ്ഗദര്‍ശകം തന്നെ. യുഗങ്ങളുറ്റുനോക്കുമപ്പവിത്ര പാദമുദ്രകള്‍ നമുക്കു മാര്‍ഗ്ഗദര്‍ശകം, നമുക്കു സ്ഫൂര്‍ത്തിദായകം.

അനീഷ് മാസ്റ്റര്‍, ഗുരുവായൂര്‍

comment

LATEST NEWS


മനം നിറഞ്ഞ്, വിത്തെറിഞ്ഞ് ജോസഫ്; വിതച്ചത് കന്നിക്കൊയ്ത്തിനുള്ള വിത്തുകൾ


പാര്‍ലമെന്റ് കാര്യം പഠിക്കാന്‍ പാര്‍ലമെന്റ് ഇല്ലാത്ത യുഎഇയില്‍; മന്ത്രി ബാലന്റെ നേതൃത്വത്തിലെ യാത്ര സംശയത്തില്‍; ചുക്കാന്‍ പിടിച്ചത് സ്വപ്ന


നിയന്ത്രണങ്ങള്‍ ലംഘിച്ച് മദ്യപാനം; സമൂഹവ്യാപനത്തിന് വഴിയൊരുക്കി കളളുഷാപ്പുകള്‍


മരിച്ചയാളുടെ പേരിലുള്ള പെന്‍ഷന്‍ തുക സിപിഎം നേതാവ് തട്ടിയെടുത്തു; വ്യാജ രേഖ നല്‍കി തട്ടിയെടുത്തത് 56,000 രൂപ


സ്വപ്‌നയെ കേരളം വിടാന്‍ സഹായിച്ചത് പോലീസ് അസോസിയേഷന്‍ നേതാവ്; സിപിഎം ജനപ്രതിനിധിയുടെ ഭര്‍ത്താവ്


ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ 'പ്രഭു'ത്വം


സ്വര്‍ണ വലയിലെ സ്രാവുകള്‍


മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെ താവളം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.