ന്യൂദല്‍ഹി: ഇന്ത്യയില്‍ തന്നെ പല സംസ്ഥാനങ്ങളില്‍ പടരുന്ന കൊറോണ വൈറസുകള്‍ പലതരത്തലുള്ളതോ? ആണെന്ന് സംശയമുണ്ടെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് സെക്രട്ടറി ജയന്തി രവി.
ഇതര സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഗുജറാത്തില്‍ മരണ നിരക്ക് കൂടുതലാണ്. വൈറസ് വ്യത്യസ്തമായതാണോ കാരണമെന്ന് സംശയമുണ്ടെന്ന് ജയന്തി രവി പറഞ്ഞു. എല്‍ ടൈപ്പ് വൈറസാണ് ഗുജറാത്തില്‍ പടര്‍ന്നതെന്നും ഈ വൈറസുള്ള സ്ഥലങ്ങളിലാണ് മരണം കൂടുതലുണ്ടായിട്ടുള്ളതെന്നും ഗുജറാത്ത് ബയോടെക്നോളജി സെന്റര്‍ ഡയറക്ടര്‍ സിജി ജോഷിയും പറഞ്ഞു.
ചൈനയിലെ വുഹാനില്‍ പടര്‍ന്നത് എല്‍ ടൈപ്പ് വൈറസുകളാണ്. കൂടുതല്‍ വിനാശകാരിയായ എല്‍ ടൈപ്പാണോ ഗുജറാത്തിലെന്ന് കണ്ടെത്താന്‍ പഠനം ആരംഭിച്ചതായും ജോഷി വെളിപ്പെടുത്തി.
വുഹാനിലും ഇറ്റലിയിലും സ്പെയ്നിലും ന്യൂയോര്‍ക്കിലും ഇതേ വൈറസാണ് പടര്‍ന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രോഗബാധ മൂലമുള്ള മരണം ദേശീയ തലത്തില്‍ 3.1 ശതമാനമാണെങ്കില്‍ ഗുജറാത്തില്‍ ഇത് 4.5 ശതമാനമാണ്.
ഗുജറാത്തിലെ കോണ്‍. നേതാവ് കൊറോണ ബാധിച്ച് മരിച്ചു
അഹമ്മദാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഹമ്മദാബാദ് കോര്‍പ്പറേഷനിലെ കൗണ്‍സിലറുമായ ബദറുദ്ദീന്‍ ഷെയ്ഖ് (68) കൊറോണ ബാധിച്ച് മരിച്ചു. ഒരാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഹൃത്തായ കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന് ഖേഡാവാലയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കദനക്കടലായി മഹാരാഷ്ട്ര
ന്യൂദല്‍ഹി: കൊറോണ വ്യാപനം മഹാരാഷ്ട്രയെ കണ്ണീര്‍ക്കടലാക്കി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും രോഗം ആശങ്ക ജനിപ്പിക്കും വിധം പടരുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിലാണ് സ്ഥിതി അതീവ ഗുരുതരം. രാജ്യത്തെ മരണത്തിന്റെ വലിയൊരു ഭാഗവും ഇവിടെയാണ്.
രാജ്യത്ത് 872 പേരാണ് മരിച്ചതെങ്കില്‍ അതില്‍ 342 മരണങ്ങളും മഹാരാഷ്ട്രയിലാണ്. അവിടെത്തന്നെ മുംബൈയിലും പൂനെയിലും നാഗ്പ്പൂരിലുമാണ്. മൊത്തം 8,068 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗമുള്ളത്. മരണശതമാനം 4.24. ദേശീയ ശരാശരിയേക്കാള്‍ വളരെക്കൂടുതല്‍. 1,076 പേര്‍ക്ക് രോഗം ദേഭമായിട്ടുണ്ട്.
എട്ട് വടക്കുകിഴക്കന്‍ സഹോദരിമാരില്‍ അഞ്ചും രോഗമുക്തം
ന്യൂദല്‍ഹി: എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഞ്ചും കൊറോണ മുക്തമായതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. സിക്കിം, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, ത്രിപുര എന്നിവയാണ് രോഗവിമുക്തമായത്.
മേഖലയിലെ ആസാം, മേഘാലയ, മിസോറാം എന്നിവടങ്ങളിലും സ്ഥിതിഗതികള്‍ വളരെ മെച്ചമാണ്. ഇവിടെ പുതിയ കേസുകള്‍ ഒന്നുമില്ല. ഇവിടങ്ങളില്‍ ചികില്‍സയിലുള്ളവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: