login
ആലയം അന്യമാകുന്നുവോ?

കവിത

കൂട് നഷ്ടമായെങ്കിലും കൂട്ട് പിരിയൊല്ലെ

കുഞ്ഞിളംകോഴി കുളക്കോഴി

എന്നുമെന്‍ ഉമ്മറവാതില്‍ക്കല്‍ ത്രിസന്ധ്യയില്‍

നിന്‍ നാമജപം കേള്‍ക്കേ ഞാന്‍ ധന്യനായി...

 

പക്ഷേ,

മാമരം മറിഞ്ഞപ്പോള്‍

ഇലകളിന്‍ മര്‍മരം കേള്‍ക്കാതെയായപ്പോള്‍

വെണ്‍കൊക്കുമില്ലിക്കുളവും വറ്റിത്തണല്‍ നീങ്ങി...

മയിലും മൈനയും മാടത്തയും തേന്‍-

കുരുവിയും കുയിലും മരംകൊത്തിയുമെങ്ങുപോയ്?

കാണാപ്പരപ്പിലെ മാനത്ത് ചേക്കേറി

 

അങ്ങനെ,

വിഷാദബന്ധിതന്‍ ചിന്തിച്ചിടുന്നു എന്‍

വിലാപം കേള്‍ക്കുക ജീവജാലങ്ങളെ...

അമ്മ മരങ്ങളോ ധരിത്രിയില്‍ വീണു ദ്രവിക്കുന്നു

തിന്മമരങ്ങളോ തഴയ്ക്കുന്നു ചുറ്റിലും

മറ്റ് മാര്‍ഗമില്ലാതെയായ് ദേവീ പ്രകൃതിക്ക്

'സര്‍വ്വംസഹ'യായ് തുടരുവാനെന്നെന്നും

തുടങ്ങീ തിരിച്ചടി നടുങ്ങി ദിഗന്തങ്ങള്‍

പകച്ചു പതുങ്ങീ മനുഷ്യനും ശാസ്ത്രവും!

 

ചോദ്യം,

നിനച്ചുവോ നീയും സപ്തഖണ്ഡങ്ങളും

ഈ അജ്ഞാതശത്രുതന്‍ മിന്നൊളി പ്രകടനം!

ചിത്രം വിചിത്രം ജന്തുജാലങ്ങള്‍ക്കും  

പക്ഷിവൃന്ദങ്ങള്‍ക്കും

ഈ ഭൂമി ആനന്ദാലയസങ്കേതമെന്നുമെന്നും!

ഇതുപോലൊടുങ്ങുമോ സൂക്ഷ്മാണുമൂലമായ്

ആരവമില്ലാതെ ഭൂമിമഹാരഥം

മാനവരില്ലാതെ ഭ്രമണം തുടരുമോ?

പാരിതില്‍ ജീവനം നരന്നാവതില്ലാതെ

പച്ച പുതച്ച പൂപ്പന്തുപോല്‍ സൗരവീഥിയില്‍

മറ്റുമക്കളുമമ്മയും മാത്രമായുള്ളൊരു

കൊച്ചുകുടുംബമായ് പുത്രനില്ലാതെ-

മുടിയനായ പുത്രന്‍ മാത്രമില്ലാതെ!

''സ്വയംകൃതമീവിധി'' എന്നുരയ്ക്കാനൊരു

ചെറുശബ്ദംപോലുമില്ലാതെ ശാന്തമായ്

യന്ത്രവും വാഹനവ്യൂഹവും യന്ത്രമനുഷ്യരും

എന്തിനുണ്ടാക്കി നീ നിരന്തരം രാപ്പകല്‍?

പെറ്റമ്മ സ്‌നേഹിച്ചതും സ്തന്യം പകര്‍ന്നതും

മറ്റുമക്കളെ നോവിച്ചതും നിന്‍ ദുരയാല്‍ തകര്‍ത്തതും

സമ്പത്തുകൂട്ടിക്കൊമ്പത്തു കേറി

പണംപെരുപ്പിച്ചതും പിണങ്ങളെത്തീര്‍ത്തതും...

 

വാടകയില്ലാതെ വാസസ്ഥലം തന്നു  

വായുവും വെള്ളവും പങ്കുവെച്ചു പക്ഷേ,

ക്ഷോണിയില്‍ ഭോഗങ്ങളാവോളമുണ്ടിട്ടാ-

നന്ദി സ്മരണ നിന്‍ ഹൃത്തില്‍ നിന്നൂരിയോ?

 

അവസ്ഥ,

എല്ലാറ്റിനേയും വെട്ടിപ്പിടിച്ചിട്ട്

തട്ടിപ്പറിച്ചതോ പൊട്ടിത്തെറിച്ചുംപോയ്

കാമാര്‍ത്തി ഭോഗാര്‍ത്തി മാത്രമല്ലീ ജീവിതം

കാഴ്ചകള്‍ കണ്ട് മടങ്ങേണ്ടവര്‍ നാം വേഗം!

 

പ്രതീക്ഷ,

നിന്‍ ഭൗതിക മോഹങ്ങളൊടുങ്ങുകില്ലൊരിക്കലും

സാരൂപ്യം തന്നെ സാഫല്യമോര്‍ക്കണം

സ്വാര്‍ത്ഥതമാറ്റി പുരുഷാര്‍ത്ഥം തേടണം

വൈകിയാണെങ്കിലും കൊടുക്കാം പുനര്‍നവ

ഭൂമിയമ്മ ക്ഷമിക്കും തളിര്‍ക്കും പ്രഭാതങ്ങള്‍ വീണ്ടും

ഉജ്ജ്വലമായ് തുടരുമാ സൂര്യപ്രദക്ഷിണം.

ഉണ്ണികൃഷ്ണന്‍ മാടവന

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.