login
ആന്തൂര്‍ വിപ്ലവം; അന്ന് പോലീസിനെ കൊന്നു ഇന്ന് ജനാധിപത്യത്തെ

നഗരസഭാ തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കേണ്ട സമയമായപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള കുടുംബങ്ങളില്‍ സിപിഎം കയറി ഭീഷണിപ്പെടുത്തി. സിപിഎമ്മിന്റെ തിട്ടൂരം കിട്ടാത്ത ഒരാള്‍ പത്രിക നല്‍കി. പിറ്റേന്ന് വെള്ളിയാഴ്ച വടിവാളുമായി വീട്ടിലെത്തി പിന്‍വലിക്കാനുള്ള പത്രികയില്‍ ഒപ്പിട്ടു വാങ്ങി.

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി 1940 സെപ്തംബര്‍ 15ന് സാമ്രാജ്യത്വവിരുദ്ധ ദിനം ആചരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മൊറാഴയില്‍ കോണ്‍ഗ്രസുകാരുടെ സമ്മേളനം. നിരോധിത മേഖലയില്‍ യോഗം നടത്തിയതിനെ പോലീസ് തടഞ്ഞു. അത് സംഘര്‍ഷത്തിലെത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുട്ടികൃഷ്ണ മേനോന്‍ വധിക്കപ്പെട്ടു. പ്രധാന പ്രതി കെ.പി.ആര്‍ ഗോപാലന്‍. ഇദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചു. മറ്റു പലര്‍ക്കും തടവുശിക്ഷയും. ഗാന്ധിജി ഉള്‍പ്പെടെ പല ഉന്നതരും ഇടപെട്ടു. വധശിക്ഷ റദ്ദാക്കി.  

കമ്മ്യൂണിസ്റ്റുകാര്‍ മൊറാഴ സമരം അവരുടെ ചരിത്രത്തില്‍ ചേര്‍ത്തു. സമരത്തില്‍പ്പെട്ടവരെല്ലാം കമ്മ്യൂണിസ്റ്റുകാരുമായി. കമ്മ്യൂണിസ്റ്റ് എംഎല്‍എ യായി പിന്നീട് കെ.പി.ആര്‍ ഗോപാലന്‍. മരിക്കും മുമ്പ് അദ്ദേഹം മാര്‍ക്‌സിസം ഉപേക്ഷിച്ചു.  

ഇന്ന് ആന്തൂര്‍ നഗരസഭയില്‍പ്പെട്ട ഒരു വാര്‍ഡാണ് മൊറാഴ. സിപിഎംകാരല്ലാത്തവര്‍ അവിടെ സ്ഥാനാര്‍ത്ഥിയാകരുത്. സിപിഎം സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ സ്ഥലമാണിത്. അദ്ദേഹത്തിന്റെ ഭാര്യയാണ് ചെയര്‍പേഴ്‌സണ്‍. അവരുടെ നഗരസഭാ ഭരണത്തിനിടയില്‍ പ്രവാസി വ്യവസായി ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ പണിതു. അതിന് അംഗീകാരം കിട്ടാത്തതിനാല്‍ സാജന്‍ എന്ന വ്യവസായി ആത്മഹത്യ ചെയ്തു.  

നഗരസഭാ തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കേണ്ട സമയമായപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള കുടുംബങ്ങളില്‍ സിപിഎം കയറി ഭീഷണിപ്പെടുത്തി.  സിപിഎമ്മിന്റെ തിട്ടൂരം കിട്ടാത്ത ഒരാള്‍ പത്രിക നല്‍കി. പിറ്റേന്ന് വെള്ളിയാഴ്ച വടിവാളുമായി വീട്ടിലെത്തി. പിന്‍വലിക്കാനുള്ള പത്രികയില്‍ ഒപ്പിട്ടു വാങ്ങി. 25-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിക്കും ഇതേ അനുഭവം. ഒരു കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലാണ് ഭീഷണിയുമായി വീട്ടിലെത്തിയത്. പിന്‍വലിക്കാനുള്ള കടലാസില്‍ ഒപ്പിട്ടുവാങ്ങി. മറ്റാരെയൊക്കെ ഭീഷണിപ്പെടുത്തി വശത്താക്കിയെന്ന് പിന്‍വലിക്കല്‍ ദിവസം കഴിഞ്ഞാല്‍ മനസ്സിലാകും.

 കഴിഞ്ഞ തവണ 14 വാര്‍ഡില്‍ ഒരു പത്രികമാത്രമായിരുന്നു എതിരായി ഉണ്ടായിരുന്നത്. 28 വാര്‍ഡാണ് നഗരസഭയില്‍ ആകെയുള്ളത്. 80 വര്‍ഷം മുമ്പ് പോലീസ് ഉദ്യോഗസ്ഥനെ കൊന്നവര്‍ ഇന്ന് ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു എന്നു ചുരുക്കം. ആന്തൂറില്‍ നിന്നും ഏറെ അകലെയല്ലാത്ത മലപ്പട്ടം പഞ്ചായത്തില്‍ 13 വര്‍ഡുണ്ട്. പഞ്ചായത്തില്‍ നേരത്തെ ഒരിടത്തും എതിരാളികളില്ല. എല്ലായിടത്തും ഇടതുപക്ഷം, അതായത് സിപിഎം. അന്നും പറഞ്ഞു സഖാക്കള്‍ ''ന്താദ് ല്ലേ'' എന്ന്. അന്ന് പത്രിക കൊടുക്കാന്‍ ആളുണ്ടായിരുന്നു. പക്ഷെ പിന്‍വലിക്കേണ്ടതിന്റെ തലേദിവസം പത്രികനല്‍കിയ എതിര്‍സ്ഥാനാര്‍ത്ഥികളുടെ വീട്ടില്‍ സിപിഎമ്മുകാരെത്തി അത് പിന്‍വലിച്ചില്ലെങ്കില്‍ ജീവിതത്തില്‍നിന്നുതന്നെ പിന്‍വാങ്ങേണ്ടിവരും. ജോലി ഉണ്ടാകില്ല. കുടുംബത്തില്‍ ചെന്ന് ഇങ്ങനെ പറഞ്ഞാല്‍ ജീവനില്‍ കൊതിയുള്ള കോണ്‍ഗ്രസ്സുകാര്‍ക്ക് പിടിച്ചുനില്‍ക്കാനാകുമോ? പിന്നെ തുരുതുരാ പിന്‍വലിക്കല്‍. പ്രതിപക്ഷമില്ലാത്ത പഞ്ചായത്ത് ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ ഭരണം നടത്തിയവരെല്ലാം പുറത്ത്. ഒരാള്‍ക്ക് മാത്രമാണ് വീണ്ടും മത്സരിക്കാന്‍ അവസരം കിട്ടിയത്. എങ്ങനെ മത്സരിപ്പിക്കും. എട്ടുകോടിയുടെ മണലാണത്രെ വിഴുങ്ങിയത്. 'കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി' പ്രതിപക്ഷം എന്നൊന്നുണ്ടെങ്കില്‍ രേഖയില്ലെങ്കിലും മണല്‍ത്തരി വീണേനെ.  

ആന്തൂരിലും എല്ലായിടത്തും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.'ഗോവിന്ദന്‍ മാസ്റ്റര്‍ നല്ലോനാണ്. അവന്‍ അപകടകാരിയല്ല' എന്ന് പണ്ട് ഇ.കെ.നായനാര്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്, നല്ലവനായ ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയ്ക്ക് ചെയര്‍പേഴ്‌സണാകാന്‍ ഇങ്ങനെയൊരു ഒപ്പിച്ചെടുത്ത ജനാധിപത്യം വേണമായിരുന്നോ? മത്സരത്തിന് അവസരമൊരുക്കി ജയിക്കുന്നത് തന്നെയായിരുന്നില്ലെ നല്ലത്. 30 വര്‍ഷം മുന്‍പ് തളിപ്പറമ്പ് നഗരസഭയോടു കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ് ആന്തൂര്‍ പഞ്ചായത്ത്. ഇപ്പോള്‍ യുഡിഎഫുകാരുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി വിഭജിക്കപ്പെട്ടതിന്റെ ഭാഗമായി വീണ്ടും പഴയ ആന്തൂര്‍ പഞ്ചായത്ത് നഗരസഭയായി. തളിപ്പറമ്പ് നഗരസഭയിലെ നാല്‍പ്പത്തിനാല് വാര്‍ഡുകളില്‍നിന്ന് ഇരുപത് വാര്‍ഡുകളാണ് ആന്തൂര്‍ നഗരസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം ഇതിന്റെ കൂടെ മറ്റ് എട്ട് വാര്‍ഡുകള്‍ കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് മൊത്തം 28 വാര്‍ഡുകള്‍ അടങ്ങിയതാണ് ആന്തൂര്‍ നഗരസഭ. ആന്തൂര്‍, മൊറാഴ വില്ലേജുകളാണ് നഗരസഭയിലുള്ളത്. 28 വാര്‍ഡുകളില്‍ പതിനാല് ജനറല്‍ വാര്‍ഡുകളും ഒരു പട്ടികജാതി സംവരണ വാര്‍ഡും പതിമൂന്ന് വനിതാ വാര്‍ഡുകളുമുണ്ട്.  

വടക്കന്‍ കേരളത്തിലെ  പ്രധാനപ്പെട്ട ഗ്രാമങ്ങളില്‍ ഒന്നായ ആന്തൂര്‍ പുരാതനകാലം മുതലേ പ്രശസ്തിയാര്‍ജിച്ചിരുന്നു. കുശവ സമുദായവുമായി ബന്ധപ്പെട്ടാണ് ആന്തൂര്‍ എന്ന പേര് വന്നത് എന്ന് കരുതപ്പെടുന്നു. സ്വാതന്ത്ര്യസമരകാലത്തിന് മുമ്പ്തന്നെ വിദ്യാഭ്യാസ മേഖലയില്‍ തനതുമുദ്ര പതിപ്പിച്ച ആന്തൂര്‍ എഎല്‍പി സ്‌കൂള്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ മലവെള്ളപ്പാച്ചിലിലും കാലിടറാതെ തലയുയര്‍ത്തി നില്‍ക്കുന്നു. ഒരു പുരോഗതിയുമില്ലാതെ ഒരു കാലത്ത് കോല്‍ക്കളിക്ക് പേരുകേട്ട ആന്തൂര്‍ കാവില്‍ ഇന്നും വിവിധയിനം തെയ്യങ്ങള്‍ കെട്ടിയാടി ഭക്തരെ വിശ്വാസത്തിലുറപ്പിച്ച് നിര്‍ത്തുന്നു. തെയ്യവും തിറയും മുടങ്ങാതെ നടക്കുന്ന ഈ കമ്മ്യൂണിസ്റ്റ് കോട്ടയില്‍ ഏറ്റവും വലിയ അന്ധവിശ്വാസമായി നിലകൊള്ളുന്നത് കമ്മ്യൂണിസമാണ്. തെയ്യങ്ങള്‍ക്ക് ആയുധമുണ്ട്, കമ്മ്യൂണിസ്റ്റുകാര്‍ക്കും.

comment

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.