login
അക്കിത്തത്തിലൂടെ

കാവ്യപ്രപഞ്ചത്തിന്റെ അതിരുകളോളം വളര്‍ന്ന മഹാകവി കുമരനല്ലൂരിലെ 'ദേവായന'ത്തില്‍ ഇനിയില്ല. കവിതയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ക്കുവേണ്ടി വാദിച്ച മനുഷ്യസ്‌നേഹി. മൂല്യബോധം കൈവിടാതെ മനോവാക് കര്‍മങ്ങളിലൂടെ ചുറ്റുപാടുകളോട് കുലീനമായി പ്രതികരിച്ചിരുന്ന കലാപകാരിയുണ്ടായിരുന്നു കവിതയിലെ ഋതുഭേദങ്ങളെല്ലാം കടന്നുവന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനില്‍. കാലത്തിന്റെ അനന്തതയില്‍ വിലയം പ്രാപിച്ച അക്കിത്തം എന്ന ക്രാന്തദര്‍ശിയെ അടുത്തറിയാനുതകുന്ന ചില വിചാരരേഖകള്‍. - വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും തപസ്യ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ശ്രീഹര്‍ഷനോട് കടപ്പാട്

വര: ബിജു ചെമ്പലായത്ത്

വീണ്ടും ഞാന്‍ പറയുന്നു: ഒ.വി.വിജയന് രണ്ടു മുഖവും രണ്ടു നാവുമില്ല. നാവിന്റെ പിന്നില്‍ ഒരു ചെറുനാവ് ഉണ്ടുതാനും, അതുകൊണ്ടാണല്ലോ അദ്ദേഹത്തിന്നു സ്പഷ്ടതയോടെ സംസാരിക്കാന്‍ കഴിയുന്നത്. ഈയിടെ 'മാതൃഭൂമി' യില്‍ വന്ന അഭിമുഖ സംഭാഷണത്തിന്റെ അവസാനത്തിലദ്ദേഹം സ്പഷ്ടമായി പറയുന്നു: ''എന്താണ് ജീവിതത്തിന്റെ അര്‍ത്ഥം എന്ന ചിരന്തനമായ ചോദ്യം എപ്പോഴും അനുവദിക്കണം. അതനുവദിക്കാത്ത ജീവിതദര്‍ശനം അപൂര്‍ണമാണ്.

 

ഗുരുസാഗരം ഓരോ വീട്ടിലും വായിക്കപ്പെടട്ടെ

തപസ്യയുടെ പ്രസിദ്ധീകരണമായ വാര്‍ത്തികത്തിന്റെ 1986 ഏപ്രില്‍ ലക്കത്തില്‍ ഒ.വി. വിജയന്റെ ഗുരുസാഗരം എന്ന നോവലിനെക്കുറിച്ച് അക്കിത്തം എഴുതിയ ആസ്വാദന കുറിപ്പ്.

നുഷ്യമനസ്സിനു ഭാരമാകാത്ത പുസ്തകം ഒന്നേയുള്ളൂ ഈ ലോകത്തില്‍, 'ഭാഗവതം.' ഇതാണ് 'ഗുരുസാഗരം' എന്ന അത്യുജ്ജ്വലമായ നോവലിന്റെ അവസാനത്തില്‍ കുഞ്ഞുണ്ണി എന്ന കഥാപാത്രം പറയുന്നത്. വാസ്തവത്തില്‍ നൊബേല്‍ പ്രൈസിനേക്കാള്‍ മുകളിലേയ്ക്കുയര്‍ന്ന ഒരു ആത്മതേജസ്സില്‍നിന്നു മാത്രമേ ഇത്തരം ഒരു കൃതി പുറത്തുവരികയുള്ളൂ. നെറ്റിചുളിപ്പിച്ചേയ്ക്കാവുന്ന, ദുര്‍ല്ലഭം ചില, പ്രയോഗങ്ങള്‍ അവിടവിടെ കാണാമെങ്കിലും, അതൊന്നും കൃതിയുടെ ഹൃദയാവര്‍ജ്ജന ശേഷിക്കു തടസ്സമാകുന്നില്ല. ഈ നോവല്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ 'മാതൃഭൂമി' തന്നെ അതു പുസ്തകരൂപത്തിലും ഉടനെ പുറത്തിറക്കിയാല്‍ നന്നായിരുന്നു. ഇല്ലെങ്കില്‍, മറ്റാരെങ്കിലും അതുടനെ ചെയ്യണം. നമ്മുടെ കാലഘട്ടത്തിലെ അതി ശ്രദ്ധേയനായ മനീഷി എന്നു വിളിക്കപ്പെടേണ്ട ശ്രീ. ഒ.വി. വിജയന്റെ  ഈ കൃതി കേരളത്തിലെ ഓരോ വീട്ടിലും വായിക്കപ്പെടുമാറാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

 

എന്തുകൊണ്ടീ കൃതിയെപ്പറ്റി ഇത്ര നിസ്സന്ദേഹമായ ഭാഷയില്‍ പ്രശംസിക്കുന്നു എന്നാണ് ചോദ്യമെങ്കില്‍, മരമോന്തകളുടെ പിന്നില്‍ ഒളിച്ചിരിക്കുന്ന മനുഷ്യാത്മാക്കളെയാണ് ഏറിയകൂറും ഇന്നു നാം സാഹിത്യത്തില്‍ കണ്ടുമുട്ടാറുള്ളത് ഒ.വി. വിജയന് രണ്ടു മുഖമില്ല; രണ്ടു നാവില്ല. 'ഉണ്മ' എന്ന ഒരു കൊച്ചു മാസികക്കാര്‍ക്ക് വിജയന്‍ എഴുതിയക്കൊടുത്ത സന്ദേശം നോക്കൂ: ''യുക്തിയില്‍, സാഹിത്യത്തില്‍, ഉപരിപ്ലവത്തില്‍ ഭാഷയ്ക്കു വലിയ ഗ്ലാനി സംഭവിച്ചിരിക്കുകയാണ്. അക്ഷരവൈരികള്‍ നമ്മെ ഭരിക്കുന്നു. നിസ്സഹായതയില്‍ നാം നോക്കിനില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഈ കാലഘട്ടത്തോട് പ്രതികരിക്കുന്ന സാഹിത്യകാരന്റെ വിപ്ലവ സ്വഭാവം. ആദ്ധ്യാത്മികതയായിരിക്കണം.''

വീണ്ടും ഞാന്‍ പറയുന്നു: ഒ.വി.വിജയന് രണ്ടു മുഖവും രണ്ടു നാവുമില്ല. നാവിന്റെ പിന്നില്‍ ഒരു ചെറുനാവ് ഉണ്ടുതാനും, അതുകൊണ്ടാണല്ലോ അദ്ദേഹത്തിന്നു സ്പഷ്ടതയോടെ സംസാരിക്കാന്‍ കഴിയുന്നത്. ഈയിടെ 'മാതൃഭൂമി'യില്‍ വന്ന അഭിമുഖ സംഭാഷണത്തിന്റെ അവസാനത്തിലദ്ദേഹം സ്പഷ്ടമായി പറയുന്നു: ''എന്താണ് ജീവിതത്തിന്റെ അര്‍ത്ഥം എന്ന ചിരന്തനമായ ചോദ്യം എപ്പോഴും അനുവദിക്കണം. അതനുവദിക്കാത്ത ജീവിതദര്‍ശനം അപൂര്‍ണമാണ്.''

ഈ ചോദ്യം ഓരോ വ്യക്തിയും സ്വയം ചോദിക്കണമെന്നാണ് 'ഭാഗവത'വും പറയുന്നത്. ''എപ്രകാരമുള്ള ഭാവവും രൂപവും ഗുണവും കര്‍മവും ഉള്ളവനാണ് ഞാന്‍? ആ യഥാര്‍ത്ഥ സ്ഥിതി എന്റെ അനുഗ്രഹംകൊണ്ട് നിനക്ക് മനസ്സിലാവാനിടവരട്ടെ.''

(യാവാനഹം യഥാഭാവോ

യദ്രൂപ ഗുണകര്‍മകഃ

തഥൈവ തത്വവിജ്ഞാനം

അസ്തുതേ മദനുഗ്രഹാല്‍.)

''മനുഷ്യാ, നിന്നില്‍ത്തന്നെയാണ് നിന്റെ വെളിച്ചം'' എന്നു പറഞ്ഞ ജെ. കൃഷ്ണമൂര്‍ത്തിയെ ഇവിടെവച്ചു നാം ഓര്‍ത്തുപോകുന്നു.

 

കെ. ആര്‍. നാരായണന് പ്രശംസ

ഭാരതത്തിന്റെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട കെ.ആര്‍. നാരായണനെ ഞാന്‍ അനുമോദിക്കുന്നു. ആദ്യമായി ഒരു മലയാളി രാഷ്ട്രപതിയാവുന്നതുകൊണ്ടു മാത്രമല്ല ഈ അനുമോദനം. ഭാരതീയ സംസ്‌കാരത്തിന്റെ വിനയം പ്രസരിക്കുന്ന ഒരു പശ്ചാത്തലത്തില്‍നിന്നാണ് ശ്രീ. നാരായണന്‍ ജീവിതയാത്ര ആരംഭിച്ചത്. ''ക്ഷമാബലമശക്താനാം ശക്താനാം.

കെ. ആര്‍ നാരായണന്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അനുമോദിച്ചുകൊണ്ട് നടത്തിയ പ്രസ്താവന

 

ഭൂഷണം ക്ഷമാ'' എന്ന ഭാരതീയ വീക്ഷണം എക്കാലത്തും ശ്രീ നാരായണന്റെ കൂടെയുണ്ടായിരുന്നു. കര്‍മം ചെയ്യുന്നേടത്ത് അദ്ദേഹത്തിന്റെ നിശ്ശബ്ദ ശ്രദ്ധ നൂറുശതമാനം പതിഞ്ഞു, എന്നാല്‍ ഫലമെവിടെ എന്നന്വേഷിക്കാന്‍ അദ്ദേഹം ബദ്ധപ്പെട്ടതുമില്ല. വിശാലാശയനായ ഹാരോള്‍ഡ് ലാക്‌സിയെപ്പോലെ ഒരു വിജ്ഞാനനിധിയുടെ മനുഷ്യത്വം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഭാരതത്തിന്റെ സന്ദേശവാഹകനായി ജീവിക്കേണ്ടിവന്നപ്പോള്‍ അദ്ദേഹത്തിനു സഹായകമായി. എല്ലാ രാഷ്ട്രങ്ങളിലുമുള്ള മനുഷ്യജീവിയുടെ ഏകത്വം അദ്ദേഹത്തിനു മനസ്സിലായി. ഇതാദ്യം കണ്ടെത്തിയത് 'ഏകം സദ് വിപ്രാ ബഹുധാ വദന്തി' എന്നു പാടിയ എന്റെ രാജ്യമാണെന്നദ്ദേഹം കണ്ടെത്തി.

ഈ കാഴ്ച രാഷ്ട്രീയമായ സ്വാര്‍ത്ഥബുദ്ധിയില്‍നിന്ന് അകന്നു നില്‍ക്കാനും,  കലുഷമായ സംഘര്‍ഷങ്ങള്‍ക്കതീതമായി വര്‍ത്തിക്കുന്ന ഭൂതാനുകമ്പയുടെ മാധുര്യം അനുഭവിച്ചറിയാനും സംഗതി വരുത്തി. അതായത് മനുഷ്യന്‍ എന്ന ജീവിയുടെ മഹിമ സംസ്‌കാരമാണെന്നു മനസ്സിലാവുകയും, അതു തന്റെ ചര്യകളിലാകെ വ്യാപിപ്പിക്കാന്‍ ഭാഗ്യമുണ്ടാവുകയും ചെയ്തു. ഈ മഹാപുരുഷന്റെ വിജയത്തിലൂടെ തപസ്യ കണ്ടെത്തുന്നത് സ്വതന്ത്രഭാരതത്തിന് അതിന്റെ സുവര്‍ണ ജൂബിലി ഘട്ടത്തിലുണ്ടാവാനിരിക്കുന്ന പുനരുത്ഥാനമാണ്. രാഷ്ട്രപതി ശങ്കരദയാലശര്‍മ്മയുടെ പരിപക്വമായ ശൈലിക്ക് തികച്ചും ഇണങ്ങുന്ന ഒരു വ്യക്തിത്വത്തെയാണ് ഭാഗ്യവശാല്‍ ഭാരതത്തിന്നു ലഭിച്ചത്. എല്ലാ രാഷ്ട്രീയ വൈരുദ്ധ്യാത്മകതകളും മറക്കപ്പെട്ട നിമിഷത്തിലാണ് ഈ തിരഞ്ഞെടുപ്പ് സംഭവിച്ചതെന്ന വസ്തുത ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. മത്സരത്തിനു പകരം ധര്‍മം, ഭാരതീയ ജീവിതത്തിന്റെ, തദ്വാരാ ലോകജീവിതത്തിന്റെ തന്നെ, നിയാമക ശക്തിയാവുന്നു എന്നല്ലേ ഈ സംഭവം സൂചിപ്പിക്കുന്നത്? അതങ്ങനെ ആയിത്തീരട്ടെ എന്ന് തപസ്യ പ്രാര്‍ത്ഥിക്കുന്നു. ശ്രീ. കെ.ആര്‍. നാരായണന്‍  പൂര്‍ണതയുടെ ഗൗരീശങ്കരത്തില്‍ പ്രശോഭിക്കുമാറാകട്ടെ. ഒരു പുതിയ നാരായണീയം ഉദിച്ചുയരട്ടെ.

 

വിദ്യാരംഭം

 

ചക്കാലനായരേ, കല്ലിച്ചു  

നില്‍പ്പൂ നിന്‍

തൃക്കാലടികള്‍ തന്‍ സ്പന്ദങ്ങള്‍

കാലചക്രം ചുരമാന്തിയ പൂഴിയില്‍;

കാണുന്ന കണ്ണു തുടിയ്ക്കുന്നു!

കാറ്റൊന്നനങ്ങിയാല്‍  

പാറും മണലിലാ

ക്കാലടിപ്പാടുകള്‍ കണ്ടല്ലി

മൂന്നു നൂറ്റാണ്ടാലുറഞ്ഞ  

മൗനം നിത്യ-

മുഗ്ദ്ധപുഷ്പാര്‍ച്ചയായ്ത്തീരുന്നു

എന്തുകൊണ്ടാണിതെന്നങ്ങയോടല്ലെങ്കി-

ലെന്നൊടുതന്നെ ഞാന്‍  

ചോദിയ്‌ക്കെ,

പൂഴിവിരിപ്പില്‍ പടിഞ്ഞിരുന്നക്ഷര-

പ്പൂട്ടുതുറക്കും വിരല്‍ത്തുമ്പാല്‍

കാണുന്നു മീലിതനേത്രപടലത്തില്‍

കാന്തിമല്‍ഭാസ്‌കരബിംബത്തെ!

കയ്യില്‍പ്പിടിച്ചതെഴുത്താണിതന്നെയോ?

കാരിരുമ്പായ്ത്തീര്‍ന്ന കണ്ണീരോ?

നാലുമാറും കിടന്നാടിയിരുന്നതീ

നാരായത്തുമ്പിന്മേലാണല്ലോ?

 

ആലനഹള്ളിക്ക് അക്കിത്തത്തിന്റെ മറുപടി

1987 ല്‍ എറണാകുളത്ത് നടന്ന തപസ്യ 11-ാം വാര്‍ഷികോത്സവത്തിലെ മുഖ്യാതിഥി കന്നഡ നോവലിസ്റ്റ് ശ്രീകൃഷ്ണ ആലനഹള്ളിയെ വേദിയിലേക്ക് ആനയിക്കുന്നു. വി.എം. കൊറാത്ത്, സി.കൃഷ്ണന്‍നായര്‍, അക്കിത്തം,  സി.കെ.മൂസത്, കെ.പി.ശങ്കരന്‍, കെ.എല്‍.മോഹനവര്‍മ്മ തുടങ്ങിയവര്‍ സമീപം

 

പസ്യയുടെ ഉദ്ഘാടന സമ്മേളനം അവസാനിച്ചമാതിരിയാണല്ലോ.  ഒരു ഉപസംഹാര പ്രസംഗം കൂടിയായാല്‍ തരക്കേടില്ലെന്ന് ചില ആളുകള്‍ അഭിപ്രായപ്പെട്ടു. ഇവിടെ കഴിഞ്ഞ പ്രസംഗങ്ങളുടെ ആകെത്തുകയായി എന്റെ മനസ്സില്‍ ബാക്കി നില്‍ക്കുന്ന ഭാവങ്ങള്‍ എന്തൊക്കെയാണെന്ന് ഇപ്പോള്‍ പെട്ടെന്ന് ഒരു നിമിഷം പേറിയെടുത്ത് സംസാരിക്കുമ്പോള്‍ ഏറ്റവുമധികം സന്തോഷം ശ്രീകൃഷ്ണ ആലനഹള്ളി ഉദ്ഘാടന പ്രസംഗത്തില്‍  ഹൃദയത്തിലുള്ള ഭാവങ്ങളെ യാതൊന്നിനെയും മറച്ചുവയ്ക്കാതെ സംസാരിച്ചു എന്നുള്ളതില്‍ അദ്ദേഹത്തോടുള്ള നന്ദിയാണ്. ഇങ്ങനെ ഹൃദയം തുറന്ന് സംസാരിക്കാവുന്ന ഒരു വേദിയാണ് തപസ്യ ഉണ്ടാക്കാനാഗ്രഹിക്കുന്നത്, ഇതുവരെ ഉണ്ടാക്കിയിട്ടുള്ളത്,  ഇനിയും ഉണ്ടാക്കാന്‍ പോകുന്നത്.  

ഇത്രയും സ്പഷ്ടമായ രീതിയില്‍ തന്റെ ഹൃദയത്തിന്റെ വേദനകള്‍ ആവിഷ്‌കരിച്ച പ്രസംഗം കഴിഞ്ഞ കൊല്ലം എം.വി. ദേവന്‍ നടത്തിയിരുന്നു. എങ്കിലും ഇത്രയും ശക്തിമത്തായ ഒരു ഭാവാവിഷ്‌കരണം ഈ രംഗത്ത് ഉണ്ടായിട്ടില്ല. അതുണ്ടാക്കിത്തന്നതിന് ആലനഹള്ളിയോട്  വളരെ ഹൃദയംഗമമായി നന്ദി പറയുന്നു. ഈ ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും തപസ്യക്കാര്‍ക്ക് എന്നല്ല, മനുഷ്യരൂപത്തില്‍ ഭൂമിയിലൂടെ നടക്കുന്ന ഒരുത്തനും ഒരിക്കലും അവസാനിപ്പിക്കാന്‍ കഴിയില്ല എന്ന വിശ്വാസക്കാരാണ് തപസ്യക്കാര്‍. അല്ലെങ്കില്‍ ഞാന്‍. ഈ ചെറിയ ഞാന്‍. എങ്കിലും അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോള്‍ അത് ഞാന്‍ തന്നെ സംസാരിക്കുന്നതായിട്ട് പല ഭാഗങ്ങളിലും എനിക്കനുഭവപ്പെട്ടു.  മൗലികമായി അത് ഞാന്‍ തന്നെയാണ് സംസാരിക്കുന്നതെന്ന് എനിക്കു തോന്നി. എന്തുകൊണ്ട്?  

അദ്ദേഹം പറഞ്ഞു, തപസ്യയുടെ ഹിന്ദുമതം വിശ്വധര്‍മിയാണെങ്കില്‍ ഞാന്‍ ഹിന്ദുവാണെന്ന്. അതേസമയം വൈദിക ധര്‍മിയാണ് തപസ്യയുടെ ഹിന്ദുമതമെങ്കില്‍ ഞാന്‍ അതിന്റെ ശത്രുവാണെന്ന്. ആശയമാണദ്ദേഹം പറഞ്ഞത്. ഇതുതന്നെയാണ് എന്റെ ധാരണപ്രകാരം തപസ്യയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ആളുടെയും മനസ്സിലുള്ള ഹിന്ദുധര്‍മമെന്ന് പ്രഖ്യാപിക്കുവാന്‍ ഞാന്‍ ധൈര്യപൂര്‍വം മുന്നോട്ടുവരുന്നു. ഞങ്ങളാരും വൈദിക ധര്‍മിയായ ഹിന്ദുമതത്തിന്റ ആരാധകന്മാരല്ല. മറ്റൊരു പ്രശ്‌നം എനിക്ക് പറയാനുള്ളത് ആലനഹള്ളി വരുന്നത് കര്‍ണാടകത്തില്‍ നിന്നാണ്. കര്‍ണാടകത്തിലെ പ്രശ്‌നങ്ങളും കേരളത്തിലെ പ്രശ്‌നങ്ങളും വളരെ വ്യത്യസ്തമാണ്. ഇവിടെ അദ്ദേഹം പറയുന്ന രീതിയിലുള്ള സനാതനി എന്നു പറയുന്ന ഒരു ഹിന്ദുവില്ല എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.  

ഉദാഹരണത്തിന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947 ലാണ്. ഈ 47 ന് മുന്‍പ്  1937 ല്‍ തന്നെ കേരളത്തിലെ ക്ഷേത്രങ്ങള്‍ ഹരിജനങ്ങള്‍ക്ക് തുറന്നുകൊടുത്ത ഒരു മഹാരാജാവ് കേരളത്തിലുണ്ട്. ഇന്ത്യയില്‍ മറ്റൊരു സ്ഥലത്തും അങ്ങനെയൊരു മഹാരാജാവില്ല എന്ന വസ്തുത അദ്ദേഹം ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹത്തിനറിയില്ല. നമുക്കറിയാം. തിരുവിതാംകൂര്‍ മഹാരാജാവ് തിരുവിതാംകൂറിന്റെ ക്ഷേത്രങ്ങള്‍ അന്നുതന്നെ തുറന്നുകൊടുക്കാന്‍  ധൈര്യപ്പെട്ടത് അദ്ദേഹത്തിന്റെ വിശാലഹൃദയമാണ്.  

കേരളത്തില്‍ ഇന്ന് 70 മുതല്‍ 80 വരെയുള്ളയാളുകള്‍ക്ക് വിദ്യാഭ്യാസമുണ്ട് എന്നുള്ളതാണ് ഇതിന്റെ പിന്നില്‍ മനസ്സിലാക്കേണ്ടതായ കാര്യം. സാംസ്‌കാരികരംഗത്ത് ഹരിജനമര്‍ദ്ദനം എന്ന ഒരു പ്രശ്‌നം മിക്കവാറുമില്ല എന്നൊരവസ്ഥയിലേക്ക് കേരളം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.  ഈ സംസാരിക്കുന്ന ഞാന്‍ ഗാന്ധിജിയെ വെടിവച്ച ദിവസം പാലിയം സത്യഗ്രഹം റോഡ് തുറന്നുകൊടുക്കുന്നതിനുവേണ്ടി സത്യഗ്രഹമനുഷ്ഠിക്കുന്നവരുടെ സംഘത്തിലുണ്ടായിരുന്നു. പാലിയത്തുവച്ച് പ്രസംഗിച്ചിരുന്നു. പാലിയം റോഡ് ഹരിജനങ്ങള്‍ക്ക് തുറന്നുകൊടുക്കണം എന്നുപറഞ്ഞ് സംസാരിച്ച വി.ടി. ഭട്ടതിരിപ്പാട്, എം.ആര്‍. ഭട്ടതിരിപ്പാട് മുതലായ ആളുകളുടെ കൂടെ ഞാനുണ്ടായിരുന്നു. ഞാനും സംസാരിച്ചിരുന്നു. ചെറിയ വാക്കുകളായിരുന്നു. ശക്തിമത്തായ വാക്കുകളായിരുന്നില്ല. എനിക്ക് ചെറിയ വാക്കേ പറയാന്‍ കഴിയൂ. പക്ഷേ പറഞ്ഞിരുന്നു. ഞങ്ങളിന്നും, കേരളത്തിലെ മിക്ക വിദ്യാസമ്പന്നരായ ആളുകളും, ഇന്നും, പാലിയം റോഡ് തുറന്നു കൊടുത്തിരിക്കുന്നു. അങ്ങനെ ഒരു പ്രശ്‌നവും അവിടെയില്ല. ഉണ്ടെങ്കില്‍ അവിടെപോയി സത്യഗ്രഹം വരിക്കാനും ജീവത്യാഗം ചെയ്യാനും തയ്യാറുള്ളവരാണെന്ന് ധൈര്യപൂര്‍വം നിങ്ങളോട് പറയുന്നു. അങ്ങനെയുള്ളയാളുകളാണ് തപസ്യയിലുള്ളതെന്ന് ഞാന്‍ എന്റെ നിഗൂഢതയിലിരുന്നുകൊണ്ട്  തെറ്റിദ്ധരിക്കുന്നു, അല്ലെങ്കില്‍ നേരായി ധരിച്ചിരിക്കുന്നു. പക്ഷേ തപസ്യയ്ക്ക് ഇമ്മാതിരിയുള്ള സങ്കുചിതത്വമൊന്നുമില്ല, ഉണ്ടാവരുത്  എന്ന ബോധത്തിലാണ് ഇതുമായി സഹകരിക്കുന്നത് എന്നുപറയാന്‍ ധൈര്യപ്പെടുന്നു. പക്ഷേ പ്രശ്‌നമുണ്ട് കര്‍ണാടകയില്‍ ആലനഹള്ളിക്ക്  പ്രശ്‌നമുണ്ട്. ഹരിജന, അല്ലെങ്കില്‍ ദ്രാവിഡ-ആര്യസംഘര്‍ഷത്തിന്റെ പ്രശ്‌നം ബാക്കിയുണ്ട്. കേരളത്തിന് പുറത്ത് പലസ്ഥലങ്ങളിലും ആ പ്രശ്‌നമുണ്ട്. ആ പ്രശ്‌നങ്ങളെ നമ്മള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. അദ്ദേഹത്തിന്റെ കൂടെ നിന്നുകൊണ്ട് ഈ വൈദികധര്‍മിയായ ഹിന്ദുമതത്തെ എതിര്‍ക്കാന്‍ മുന്നോട്ടു വരണം, മുന്നോട്ടുവരും എന്ന് അദ്ദേഹത്തിന് ഞാന്‍ വാഗ്ദാനം നല്‍കുന്നു.  

പിന്നെ എനിക്ക് പറയാനുള്ളത്, ഇന്ത്യയില്‍ 1757 ലാണെന്നു തോന്നുന്നു, സായിപ്പ് വരുന്നതിന്  മുന്‍പ് കാലത്തെ സംബന്ധിച്ച് ഒരു ധാരണ ഇവിടെയുണ്ടായിരുന്നു. എ.ഡി അല്ലെങ്കില്‍ ബി.സി എന്നുപറയുന്ന ക്രൈസ്തവമായ, ക്രിസ്തു ജനിച്ചതിനു മുന്‍പും പിന്‍പുമുള്ള  ഒരു കാലത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നില്ല ഇന്ത്യയില്‍ കാലഘട്ടങ്ങള്‍ പരിഗണിച്ചിരുന്നത്. അതെങ്ങനെയായിരുന്നുവെന്ന് അദ്ദേഹവും ചിന്തിക്കേണ്ടതാണെന്ന് ഞാന്‍ മെല്ലെ സൂചിപ്പിക്കുകയാണ്. എന്തുകൊണ്ടെന്നു പറഞ്ഞാല്‍, എന്റെ ധാരണ പ്രകാരം ബ്രിട്ടീഷ്  ഭരണം ഇന്ത്യയില്‍ വന്നതിന്റെ ഫലമായി അവര്‍, നമുക്കെല്ലാവര്‍ക്കുമറിയാവുന്ന 'ഡിവൈഡ് ആന്‍ഡ് റൂള്‍' എന്ന സമ്പ്രദായം ഇവിടുത്തെ സാംസ്‌കാരിക മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും വ്യാപിപ്പിച്ചിട്ടുണ്ട്. അങ്ങനെയുണ്ടായ ചരിത്രത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇവിടെ പറഞ്ഞ ദ്രാവിഡ-ആര്യ വഴക്കുകള്‍. അതിനെപ്പറ്റിയുള്ള ധാരണകള്‍ നിലനില്‍ക്കുന്നത്. ലോകത്തെ മറ്റേതൊരു രാജ്യത്തേക്കാളും അടിസ്ഥാനപരമായ സംസ്‌കാരം ഈ രാജ്യത്തുണ്ടായിരുന്നു. ഈ സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയാണ് നാം നിലനില്‍ക്കുന്നത് എന്നതില്‍ സന്തോഷിക്കുകയാണു വേണ്ടത്. കാരണം മറ്റ് പുറംരാജ്യത്തുനിന്നു വന്ന ഒരു സംസ്‌കാരത്തിനും അന്യമതങ്ങളെ, അന്യസങ്കുചിത ചിന്താഗതികളെ സ്വന്തം ചിന്താഗതിയുടെ ഭാഗമാക്കി മാറ്റാന്‍ സാധ്യമല്ല. ഹിന്ദുമതത്തിന് അത് സാധിച്ചിട്ടുണ്ട്. ആ സാധ്യത ഇനിയും നിലനിര്‍ത്താന്‍ കഴിയണം എന്ന് നാം ആഗ്രഹിക്കുന്നുണ്ട്, ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.  

ഒരൊറ്റ ചോദ്യം ചോദിച്ചുകൊള്ളട്ടെ. പുറംരാജ്യത്തുനിന്ന് പണംകൊണ്ടുവന്ന്  ഈ രാജ്യത്ത് മതപരിവര്‍ത്തനം ചെയ്യാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടുപോവുകയാണെങ്കില്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ മുഴുവന്‍ മറ്റേതോ സങ്കുചിത മതങ്ങളില്‍ ചെന്നു പെടുകയും, അങ്ങനെ ആ രണ്ടു മതങ്ങളും തമ്മില്‍, മൂന്നു മതങ്ങളും തമ്മില്‍, സംഘര്‍ഷമുണ്ടാകുമ്പോള്‍ തപസ്യ എവിടെ നില്‍ക്കണം. ഇതൊരു പ്രശ്‌നമാണ്. ഇതാണ് പ്രശ്‌നം. ഹിന്ദുവിന് ഏത് മതത്തിലും ചേരാം. ഏത് മതവും എടുക്കാം. അങ്ങനെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും മറ്റേതോ മതത്തിലേക്ക് ഓടിപ്പോകുന്നു. അവരെല്ലാവരും പുറമെ നിന്ന് പണംകൊണ്ടുവന്ന് തന്റെ മതങ്ങളിലേക്ക് ആളുകളെ എടുക്കുന്നു. ഇവിടെ അങ്ങനെ ഹിന്ദുവില്ലാതെയാകുന്നു. നമുക്ക് സമാധാനമാകുമോ എന്നാണ് എന്റെ ചോദ്യം. ഈ രണ്ടുമതങ്ങളും തമ്മില്‍ ഒരു യുദ്ധം ഇവിടെയുണ്ടാവില്ലേ എന്നാണ് എന്റെ ചോദ്യം. അങ്ങനെ യുദ്ധമുണ്ടാകുമെങ്കില്‍ ആ യുദ്ധത്തെ നിരോധിക്കാന്‍ കഴിയുന്ന മതം ഹിന്ദുമതം തന്നെയാണ് എന്നു പറയാന്‍ കഴിയുന്ന ഒരു ചിന്താഗതി ഇവിടെ നിലനില്‍ക്കേണ്ടതല്ലേ എന്നു ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട്. എന്റെ കൂട്ടുകാരും ആ രീതിയില്‍ ചിന്തിക്കാറുണ്ടായിരിക്കും. അങ്ങനെ ഈ  ക്രിസ്ത്യാനികളെയും മുസല്‍മാന്മാരെയും ജൂതന്മാരെയും എല്ലാവരെയും ഹിന്ദുവായി കാണാന്‍ കഴിയുന്നവരാണ് തപസ്യയിലുള്ളത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

 

പി. ഗോവിന്ദപ്പിള്ളയ്ക്ക് പിന്തുണ

ചൈനയിലെ ടിയാനെന്‍മെന്‍ സ്‌ക്വയറിലെ വിദ്യാര്‍ത്ഥി കൂട്ടക്കൊലയെ അപലപിച്ച പി. ഗോവിന്ദപ്പിള്ളയെ സിപിഎം ശാസിച്ചപ്പോള്‍ ഗോവിന്ദപ്പിള്ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അക്കിത്തം തളിപ്പറമ്പില്‍ നടന്ന തപസ്യ പഠനശിബിരത്തില്‍ അവതരിപ്പിച്ച പ്രമേയം

 

ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ വധിക്കപ്പെട്ട അനേകായിരം വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യവാഞ്ഛയെ ആദരിച്ചുകൊണ്ട് ലേഖനമെഴുതുകയും ആ കാരണത്താല്‍ സ്ഥാനഭ്രഷ്ട് അനുഭവിക്കുകയും ചെയ്ത പി. ഗോവിന്ദപിള്ളയുടെ മനസ്സാക്ഷിയെ ഈ യോഗം ആദരപൂര്‍വം അഭിവാദ്യം ചെയ്യുന്നു. പിള്ളയ്ക്ക് നഷ്ടപ്പെട്ടത് കൈയിന്മേലുണ്ടായിരുന്ന ചങ്ങലമാത്രമാണെന്ന സത്യം അദ്ദേഹത്തെ അനുസ്മരിപ്പിക്കുവാനും, വരാന്‍ പോകുന്ന കാലം അദ്ദേഹത്തെ കൂടുതല്‍ മനസ്സിലാക്കുകയേ ഉള്ളൂ എന്നു ചൂണ്ടിക്കാണിക്കുവാനും കൂടി ഈ സന്ദര്‍ഭം ഞങ്ങള്‍ വിനയപൂര്‍വം ഉപയോഗപ്പെടുത്തുന്നു.

comment

LATEST NEWS


അമേരിക്കൻ തിരഞ്ഞെടുപ്പ് - കേരള ഡിബേറ്റ് ഫോറം സംഘടിപ്പിച്ച ഡിബേറ്റ് ആവേശോജ്ജ്വലം


കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന്


സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു


കോവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു


ആശുപത്രി നിര്‍മ്മാണം: പൈലിങ്ങിനിടയില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


ന്യുയോര്‍ക്ക് ട്രാന്‍സിറ്റ് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ്, രോഗം ബാധിച്ചത് ജോലി സ്ഥലത്ത് നിന്നും


കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സപ്തദിന സത്യഗ്രഹം; കോര്‍പ്പറേഷനില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജ്: ബിജെപി


തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ്- എല്‍ഡിഎഫ് അവിശുദ്ധ സഖ്യം തുടങ്ങി; എന്‍ഡിഎയുടേത് ജനപക്ഷ രാഷ്ട്രീയമെന്നും കെ. സുരേന്ദ്രന്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.