login
വടപളനിയും കോടമ്പാക്കവും ഇവിടെത്തന്നെയുണ്ട്

ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിച്ചിരുന്ന ചെന്നൈയ്ക്ക് ഇന്നും അതേ പ്രൗഢി നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. പ്രാദേശിക ഭാഷാ സിനിമകള്‍ 90 ശതമാനവും അതത് നാടുകളിലേക്ക് കൂടുമാറിയെങ്കിലും ഇന്ത്യയിലെ ഏത് പ്രാദേശിക ഭാഷാ ചലച്ചിത്രത്തിന്റെയും ഫൈനല്‍ ടച്ചപ്പ്, അത് ചെന്നൈയില്‍ത്തന്നെയാകും. ലോകസിനിമാലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട് ചെന്നൈയും തമിഴ് സിനിമാലോകവും

ലയാള സിനിമ അറബിക്കടലിന്റെ റാണിയായ കൊച്ചിയിലേക്ക്  പറിച്ചുനടപ്പെട്ടുവെങ്കിലും തായ്‌വേരുകള്‍ ഇപ്പോഴും അങ്ങ് പഴയ മദ്രാസായ ചെന്നൈയിലാണ്. മലയാള സിനിമയില്‍ ഒന്നു തൊടണമെങ്കില്‍ മദ്രാസില്‍ പോകാതെ തരമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. ഇന്നും അതുണ്ട് എന്നത് സിനിമാ ലോകം അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.

വടപളനിയിലെയും കോടമ്പാക്കത്തെയും ഓരോ തെരുവുകളിലുമുണ്ട് സിനിമാക്കാര്‍ക്ക് മാത്രമായുള്ള ടീ ഷോപ്പുകള്‍.  പുലര്‍ച്ചെ നാല് മണിമുതല്‍ ഏഴ് മണിവരെ  തെരുവുകളില സിനിമാ തൊഴിലാളികളാണ് എന്നുതന്നെ പറയാം. സിനിമാ ഷൂട്ടിങ്ങിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഈ തെരുവുകളില്‍ നിന്നാണ് വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്. മെസ്  മുതല്‍  നടന്മാര്‍വരെ എല്ലാം ഇവിടെ എത്തിയിട്ടേ പോകൂ.

ശരാശരി മലയാള സിനിമാ പ്രേക്ഷകനും സിനിമാ പ്രവര്‍ത്തകര്‍ക്കും കോടമ്പാക്കവും വടപളനിയും  സാലിഗ്രാമവും മറക്കാനാവില്ല ഒരിക്കലും. ഇന്നും മലയാള സിനിമയുടെ അവസാന മിനുക്കു പണികള്‍ക്ക് വേണ്ടിയെങ്കിലും ചെന്നൈ എന്ന പഴയ മദ്രാസില്‍ എത്താതെ പറ്റില്ല. അത്രയ്ക്ക് ബന്ധമുണ്ട് മലയാള സിനിമാ ലോകവും ഈ മഹാനഗരവും തമ്മില്‍.

ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിച്ചിരുന്ന ചെന്നൈയ്ക്ക് ഇന്നും അതേ പ്രൗഢി നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. പ്രാദേശിക ഭാഷാ സിനിമകള്‍ 90 ശതമാനവും അതത് നാടുകളിലേക്ക് കൂടുമാറിയെങ്കിലും ഇന്ത്യയിലെ ഏത് പ്രാദേശിക ഭാഷാ ചലച്ചിത്രത്തിന്റെയും ഫൈനല്‍ ടച്ചപ്പ്, അത് ചെന്നൈയില്‍ത്തന്നെയാകും. ലോകസനിമാലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട് ചെന്നൈയും തമിഴ് സിനിമാലോകവും.

ചെന്നൈ നഗരത്തില്‍ നൂറു കണക്കിന് ചെറുതും വലുതുമായ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോകളും സ്റ്റുഡിയോ ഫ്‌ളോറുകളും ഉണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എവിഎം, ഭരണി, അരുണാചലം, വിജയഗാര്‍ഡ, പ്രസാദ്, മുരുകാലയ, വാഹിനി, വിജയ ലാബ്, സത്യ എന്നിവയായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. ഇന്ന് അതില്‍ പകുതിയിലേറെ വന്‍ വ്യവസായ സ്ഥാപനങ്ങളും ആശുപത്രികളും, ഷോപ്പിങ് കോംപ്ലെക്‌സുകളുമൊക്കെയായി മാറിയെങ്കിലും ചുരുക്കം ചിലത് പഴയ പ്രൗഢിയോടെ അവശേഷിക്കുന്നുമുണ്ട്. എവിഎം, പ്രസാദ്  എന്നിവ ഇതില്‍പ്പെടുന്നു. എന്നാല്‍ മലയാളികള്‍ക്ക് സുപരിചിതമായ ഭരണി സ്റ്റുഡിയോ ഒരു ആശുപത്രിയായി മാറിയിരിക്കുകയാണ്.

വടപളനിയിലെ ഭരണി സ്റ്റുഡിയോ എന്ന് ബോര്‍ഡ് കണ്ട് അകത്ത് കടന്നപ്പോള്‍ കണ്ട കാഴ്ച നിരാശപ്പെടുത്തുന്നതായിരുന്നു. സ്‌ട്രെച്ചറും വീല്‍ചെയറുകളും ഡോക്ട്ര്‍മാരും നേഴ്‌സുമാരുമൊക്കെയായിഅന്തരീക്ഷം  ആകെ മാറിയിരിക്കുന്നു.  പട്ടണ പ്രവേശം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ഐ.വി. ശശിയെ കാണാന്‍ പോകുന്ന പോലെയായിരുന്നു അനുഭവപ്പെട്ടത്. ഷൂട്ടിങ് ആയിരിക്കുമെന്ന് സംശയിച്ച് സെക്യൂരിറ്റിയോടുള്ള അന്വേഷണത്തില്‍... ''സാര്‍, നീങ്കേ നിനക്കന മാതിരി അല്ല. ഷൂട്ടിങ് അല്ല... ഇപ്പോ ഇത് പെരിയ ഹോസ്പിറ്റല്‍ താനേ...'' എന്ന് ചിരിയോടെയുള്ള മറുപടിയാണ് ലഭിച്ചത്. തിരികെ പോകുവാന്‍ ശ്രമിക്കുമ്പോഴാണ് അല്‍പ്പം സിനിമാ കമ്പക്കാരനായ സെക്യൂരിറ്റി ഇടവഴികളിലൂടെ ഹോസ്പ്പിറ്റലിന്റെ പിന്നിലുള്ള ഭരണി സ്റ്റുഡിയോയുടെ ശേഷിപ്പുകളിലേക്ക് ഞങ്ങളെ വഴികാണിച്ച് വിട്ടത്.

അവിടെനിന്ന്  300 മീറ്റര്‍ മാറിയാണ് പ്രസാദ് സ്റ്റുഡിയോ കോംപ്ലക്‌സ്. ഇവിടെ ചെല്ലുമ്പോള്‍ രണ്ട് തമിഴ് ചിത്രങ്ങളുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. വളരെ ആവേശത്തോടെ ലാബിന്റെ മുന്‍വശത്തെത്തിയപ്പോള്‍ മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമയിലെ നായകന്മാരുടേയും നായികമാരുടേയും ചെറിയ ചിത്രങ്ങളോടെയുള്ള കൂറ്റന്‍ ബോര്‍ഡ് കാണാം. കാലഘട്ടത്തിന്റെ കുതിച്ച് ചാട്ടത്തിനൊപ്പം സാങ്കേതിക സംവിധാനങ്ങളൊരുക്കി പ്രസാദ് സ്റ്റുഡിയോ ഇന്നും മുന്‍നിരയില്‍ത്തന്നെയാണ്.

വടപളനിയിലെയും  കോടമ്പാക്കത്തെയും  തെരുവുകളില്‍ കാണുവാന്‍ കഴിയുന്നത് സിനിമാ രംഗത്തെ സംഘടനകളുടെ ഓഫീസുകളും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിക്കുന്ന ഏജന്‍സി ഓഫീസുകളും, സിനിമയുമായി ബന്ധപ്പെട്ടുള്ള മറ്റ് ഏജന്‍സി ഓഫീസുകളുമാണ്.  

ഇടനാഴികളിലെ ബില്‍ഡിങ്ങുകളില്‍ ലോഡ്ജുകളും നിരവധിയാണ്. മലയാളത്തിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖര്‍ ആദ്യകാലത്ത് താമസിച്ചിരുന്ന ലോഡ്ജുകളും ഇവിടെയുണ്ട്.  കോടമ്പാക്കത്തെയും വടപളനിയിലെയും കൊഴിഞ്ഞു വീഴുന്ന ഇലകള്‍ക്കുവരെ പറയാനുള്ളത് സിനിമാ കഥകള്‍ മാത്രമാണ്.

 

സുനീഷ് മണ്ണത്തൂര്‍

9447420845

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.