login
ലോകം ലയിച്ച മുരളീരവം

ജീവശ്വാസം പോലെ 'മുരളി'യെ നെഞ്ചേറ്റി നടക്കുകയാണ് മുരളി നാരായണന്‍. പുല്ലാങ്കുഴലില്‍ വേസ്റ്റേണ്‍ മ്യുസിക് വായിച്ച് യുകെ സ്വദേശിനി കാതറിന്‍ ബ്രൂക്ക്‌സ് സ്ഥാപിച്ച 27 മണിക്കൂര്‍ 32 മിനിറ്റ് 32 സെക്കന്റിന്റെ ഗിന്നസ് റെക്കോര്‍ഡ് ഈ തൃശൂര്‍, തളിക്കുളം സ്വദേശി പഴങ്കഥയാക്കി. 108 മണിക്കൂര്‍ തുടര്‍ച്ചയായി പുല്ലാങ്കുഴല്‍ വാദനത്തിലൂടെ പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ച് ഭാരതത്തിന് അഭിമാനമായി ലോകത്തിന്റെ നെറുകയിലെത്തി

സ്വന്തം ജീവന്‍ നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മുരളി നാരായണന്‍ ലക്ഷ്യത്തില്‍ നിന്ന് പിന്തിരിഞ്ഞില്ല. ജീവനെപ്പോലെ 'മുരളി'യെ ഹൃദയത്തോട് ചേര്‍ത്തിട്ടുള്ള മുരളിക്ക് മനസില്‍ അപ്പോഴുണ്ടായിരുന്നത് സംഗീതം മാത്രം. ഗുരുക്കന്മാരെ സ്മരിച്ച്, അച്ഛന്റെ വേര്‍പാടിലും കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയ അമ്മയുടെ കൈകളില്‍ നിന്ന് പുല്ലാങ്കുഴല്‍ വാങ്ങി മുരളി ചുണ്ടോടു ചേര്‍ത്തു. മാനവ സൗഹാര്‍ദ്ദത്തിനും ലോകസമാധാനത്തിനുമായുള്ള സംഗീതയാത്ര. മുരളി നാരായണന്റെ വേണുഗാനം പെയ്തിറങ്ങിയതും പിന്നീട് ഗിന്നസിന്റെ താളുകളിലേക്ക്. രാപകല്‍ ഭേദമില്ലാതെ നാലര ദിവസം തുടര്‍ച്ചയായി തൃശൂര്‍ നഗരത്തില്‍ 'മുരളീരവം' സംഗീത പ്രപഞ്ചം തീര്‍ത്തു. 108 മണിക്കൂര്‍ വിരാമമില്ലാതെ മുരളിയുടെ സംഗീത മഹായാനം. ആ മുരളിക കേട്ട് ചരിത്രം വഴിമാറി.  

'സ്‌നേഹ സംഗീതമേ' ഗാനത്തോടെ തുടക്കം

ആയിരത്തിയഞ്ഞൂറോളം ഗാനങ്ങള്‍. 500ലേറെ രാഗങ്ങള്‍. എല്ലാമതവിഭാഗങ്ങളെയും കൂട്ടിയിണക്കിയായിരുന്നു സംഗീതയാത്ര. സമയ സര്‍ഗസംഗമം സംഘടനയുടെ നേതൃത്വത്തില്‍ 'സംഗീത മഹായാനം' എന്ന പേരിലാണ് മുരളി നാരായണന്‍ 108 മണിക്കൂര്‍ പുല്ലാങ്കുഴല്‍ വായന ആരംഭിച്ചത്. 2019 ഡിസംബര്‍ 23 മുതല്‍ 28 വരെ തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ തെക്കേഗോപുര നടയില്‍ ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു കലാപ്രകടനം. സംഗീത മഹായാനത്തിന് തുടക്കംകുറിച്ച് പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ആദ്യ തിരി തെളിച്ചു. വേദിയിലുണ്ടായിരുന്ന അമ്മ തങ്കമണി പുല്ലാങ്കുഴല്‍ കൈമാറിയതോടെ ഗിന്നസ് ലക്ഷ്യത്തിലേക്കുള്ള മുരളിയുടെ സംഗീതയാത്രയ്ക്ക് തുടക്കമായി. ശങ്കരാഭരണം രാഗത്തിലുള്ള 'സ്‌നേഹ സംഗീതമേ' എന്ന ഗാനം വായിച്ചായിരുന്നു ഗിന്നസ് പുല്ലാങ്കുഴല്‍ വാദനത്തിന്റെ തുടക്കം. രാത്രിയും പകലും സാംസ്‌കാരിക നഗരത്തില്‍ ശ്രുതിമധുര സംഗീതം പെയ്തിറങ്ങി. തളിക്കുളം ഗ്രാമത്തോടൊപ്പം സംഗീതം ഇഷ്ടപ്പെടുന്നവരെല്ലാം ആകാംക്ഷയോടെ  കാത്തിരുന്നു.  28ന് രാവിലെ 7.30ന് 108 മണിക്കൂറെന്ന ലക്ഷ്യം പൂര്‍ത്തിയായതോടെ നാടും നഗരവും ആഹ്ലാദത്തിലായി.  

മുരളികയൂതിയത് ലോകസമാധാനത്തിന്

ഗിന്നസ് റെക്കോര്‍ഡ് നേട്ടമെന്നതിനപ്പുറം ലോക സമാധാനം, മാനവ സൗഹാര്‍ദ്ദം തുടങ്ങിയ മഹദ്സന്ദേശങ്ങള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സംഗീത മഹായാനം നടത്തിയതെന്ന് മുരളി നാരായണന്‍. രാത്രിയും പകലും വിശ്രമമില്ലാതെ തുടര്‍ച്ചയായി നാലര ദിനങ്ങള്‍ നീണ്ട പുല്ലാങ്കുഴല്‍ വായന. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള പുല്ലാങ്കുഴല്‍ വായനയ്ക്ക് തൃശൂര്‍ നഗരത്തിന്റെയും സംഗീതപ്രേമികളുടെയും വന്‍ പിന്തുണ ലഭിച്ചു. കര്‍ണാടിക്, ഹിന്ദുസ്ഥാനി സംഗീതവും ഫ്യൂഷനും സിനിമാ ഗാനങ്ങളും നാടന്‍ പാട്ടുകളും കോര്‍ത്തിണക്കിയായിരുന്നു 52കാരനായ  മുരളിയുടെ മാരത്തണ്‍ സംഗീതാര്‍ച്ചന. ഓരോ വിഭാഗം ഗാനങ്ങളും വായിച്ചത് വ്യത്യസ്ത പുല്ലാങ്കുഴലുകള്‍ ഉപയോഗിച്ച്. ഒരു മണിക്കൂറില്‍ 12ഓളം ഗാനങ്ങള്‍ മുരളിയുടെ പുല്ലാങ്കുഴലിലൂടെ പൂരനഗരിയില്‍ ഒഴുകി പരന്നു. തബലയിലും കീബോര്‍ഡിലും മറ്റുമായിട്ടായിരുന്നു പക്കമേളം.  

ഗിന്നസ് റെക്കോര്‍ഡ് രണ്ടാംതവണ

സ്വന്തം നാടായ തളിക്കുളം തീരദേശ ഗ്രാമത്തില്‍ 2016ല്‍ 27 മണിക്കൂര്‍ 10 മിനിറ്റ് 45 സെക്കന്റ് തുടര്‍ച്ചയായി പുല്ലാങ്കുഴല്‍ വായിച്ച് നേരത്തേ മുരളി നാരായണന്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു. യുകെ സ്വദേശിയായ കാതറിന്‍ ബ്രൂക്ക്‌സ്  പാശ്ചാത്യ സംഗീതത്തില്‍ സ്ഥാപിച്ച ലോക റെക്കോര്‍ഡാണ് അന്ന് തകര്‍ത്തത്. 2016 ജനുവരി 9 മുതല്‍ 10 വരെ  തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ഗിന്നസ് റെക്കോര്‍ഡ് പ്രകടനം. ജാതിമതഭേദങ്ങള്‍ക്കതീതമായി തളിക്കുളമെന്ന നാടിനെ സംഗീതത്തിലൂടെ ഒരുമിപ്പിച്ചു. കലയുടെ നേട്ടമായാണ് മുരളി ഇതിനെ കാണുന്നത്. ഗിന്നസ് നേട്ടത്തിനായി നാടു മുഴുവന്‍ മുരളിയോടൊപ്പം ഉറങ്ങാതെ ഇരുന്നു. ഒടുവില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഗിന്നസ് ബുക്കിന്റെ താളുകളില്‍ മുരളി തന്റെ പേര് എഴുതിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് കാതറിന്‍ ബ്രൂക്ക്‌സ് 27 മണിക്കൂര്‍ 32 മിനിറ്റ് പൂര്‍ത്തിയാക്കി  മുരളിയുടെ റെക്കോര്‍ഡ് തിരുത്തി. കാതറിന്‍ ബ്രൂക്ക്‌സിന്റെ ഈ റെക്കോര്‍ഡും മറികടന്നാണ് മുരളിയുടെ 108 മണിക്കൂറിന്റെ പുതിയ ഗിന്നസ് റെക്കോര്‍ഡ് നേട്ടം.  

കാണികളുടെ നിലയ്ക്കാത്ത ഒഴുക്ക്

എല്ലാ വിഭാഗത്തില്‍പ്പെട്ട ഗാനങ്ങളും മുരളി ഒരുപോലെ വായിക്കുന്നതിനാല്‍ രാപകല്‍ വ്യത്യാസമില്ലാതെ ആസ്വാദകരുടെ വന്‍തിരക്കായിരുന്നു വേദിയില്‍. ഈ സംഗീത വിരുന്ന് ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി. 40 പേരെങ്കിലും  റെക്കോഡ് പ്രകടന പരിപാടി കാണാന്‍ തത്സമയമുണ്ടാകണമെന്നാണ് ഗിന്നസ് ചട്ടം. എന്നാല്‍ നൂറുകണക്കിന് ആസ്വാദകരാണ് ദിവസവും വേദിയിലെത്തിയത്. അഭൂതപൂര്‍വ്വമായ തിരക്കിനാല്‍ കാണികള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ വേദിക്കുള്ളിലേക്ക് കടക്കാനായില്ല. നൂറുകണക്കിന് പേര്‍ വേദിക്ക് പുറത്തുനിന്നാണ് പരിപാടി ആസ്വദിച്ചത്. ഡിസംബര്‍ 25ന് ക്രിസ്മസ് ദിന രാത്രിയില്‍ മുരളിയോടൊപ്പം 12-ഓളം കലാകാരന്മാര്‍ വ്യത്യസ്ത സംഗീതോപകരണങ്ങള്‍ വായിച്ച്  ഒരേസമയം വേദി പങ്കിട്ട ജുഗല്‍ബന്ദി പൂരനഗരിക്ക് വിസ്മയ രാവായി മാറി. പുല്ലാങ്കുഴല്‍ വാദനത്തിന് ഐക്യദാര്‍ഢ്യവുമായി സ്‌കൂള്‍ കലോത്സവ വിജയികളടക്കമുള്ളവര്‍ വേദിയില്‍ നൃത്തം അവതരിപ്പിച്ചു.  

സംഗീത മഹായാനം ലക്ഷ്യം നേടുമ്പോള്‍ 1500ലധികം ഗാനങ്ങള്‍ വിവിധ വിഭാഗങ്ങളിലായി മുരളിയുടെ പുല്ലാങ്കുഴലിലൂടെ നാദം ചൊരിഞ്ഞു. 500ഓളം രാഗങ്ങളിലുള്ള ഗാനങ്ങള്‍. തുടക്കത്തില്‍ രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി പുല്ലാങ്കുഴല്‍ വായിച്ച് 10 മിനിറ്റായിരുന്നു ഇടവേളയെടുത്തിരുന്നത്. പിന്നീടിത് നാലു മണിക്കൂറിനു ശേഷം 20 മിനിറ്റാക്കി. ചുണ്ട് പൊട്ടാതിരിക്കാന്‍ മുന്‍കരുതലായി പ്രത്യേക ആയുര്‍വ്വേദ ലേപനം പുരട്ടി. അഞ്ചു ദിവസവും ചോറ് അരച്ച് കഞ്ഞി പോലെയാക്കിയാണ് കഴിച്ചിരുന്നത്. ദാഹിക്കുമ്പോള്‍ തേന്‍ ചേര്‍ത്ത പച്ചവെള്ളവും കരിക്കിന്‍ വെള്ളവും കുടിക്കും. നിന്നും ഇരുന്നും നടന്നുമായിരുന്നു പുല്ലാങ്കുഴല്‍ വാദനം. അതിനാല്‍ വേദനയുണ്ടാകാതിരിക്കാന്‍ കയ്യിലും കാലിലും ശരീരത്തും പ്രത്യേക ലേപനം പുരട്ടിയാണ് വേദിയിലെത്തിയിരുന്നത്. നേരിയ ക്ഷീണം തോന്നിയപ്പോള്‍ ഒആര്‍എസ് ലായനിയും ഇടയ്ക്ക് കുടിച്ചു.  ഔഷധിയില്‍ നിന്നുള്ള ആയൂര്‍വ്വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ആരോഗ്യനില പരിശോധന. മുരളി പുല്ലാങ്കുഴല്‍ വാദനം തുടങ്ങിയതു മുതല്‍ ഇവര്‍ മുഴുവന്‍ സമയവും വേദിക്കരികിലുണ്ടായിരുന്നു. കുളിക്കാനുള്ള സമയമില്ലാത്തതിനാല്‍ ഇടവേളകളില്‍ ഡോക്ടര്‍മാരടങ്ങിയ പ്രത്യേക മെഡിക്കല്‍ സംഘം ഐസ് വെള്ളത്തില്‍ തോര്‍ത്തു മുണ്ട് നനച്ച് ശരീരം തുടയ്ക്കും.  

നാല് മണിക്കൂര്‍ 20 മിനിറ്റ് ഇടവേള

റെക്കോര്‍ഡ് യാത്രയില്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ അഞ്ച് മിനിറ്റ് ഇടവേളയെടുക്കാമെന്നതാണ് ഗിന്നസ് ചട്ടം. മൂന്നു മണിക്കൂറും രണ്ടു മണിക്കൂറും തുടര്‍ച്ചയായി പുല്ലാങ്കുഴല്‍ വായിച്ചശേഷം ഒരുമിച്ച് 10, 15 മിനിറ്റ് ഇടവേളയെടുത്താണ് മുരളി നാരായണന്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക് നീങ്ങിയത്. അവസാന ദിനങ്ങളില്‍ ഒരുമണിക്കൂര്‍ വാദനവും അഞ്ചു മിനിറ്റ് ഇടവേളയുമായി സമയം ക്രമീകരിച്ചു. ആദ്യദിവസങ്ങളില്‍ രണ്ടും നാലും മണിക്കൂറിനു ശേഷമായിരുന്നു ഇടവേളയെങ്കില്‍ അവസാനദിത്തില്‍ ആറു മണിക്കൂര്‍ തുടര്‍ച്ചയായി പുല്ലാങ്കുഴല്‍ വായിച്ച് 30 മിനിറ്റ് ഇടവേളയെടുത്തു. പരിശീലന സമയത്ത് നാലു ദിവസം ഉറങ്ങാതെ പുല്ലാങ്കുഴല്‍ വാദനം നടത്തിയിട്ടുള്ളതിനാല്‍ മുരളിക്ക് ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നു. മുരളിയുടെ പുല്ലാങ്കുഴല്‍ വാദനം ആറ് ക്യാമറകളിലായാണ് 108 മണിക്കൂര്‍ ഷൂട്ട് ചെയ്തത്. രണ്ടു ഡിജിറ്റല്‍ ക്ലോക്കുകളിലേക്ക് പ്രത്യേകമായി ക്യാമറ ഫോക്കസ് ചെയ്തിരുന്നു.  സംഗീത മഹായാനം റെക്കോര്‍ഡ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റു ചെയ്യാതെ ലണ്ടനിലെ ഗിന്നസ് അധികൃതര്‍ക്ക് സാക്ഷ്യപത്രം സഹിതം അയച്ചു കൊടുക്കും. ഇവര്‍ വീഡിയോ പരിശോധിച്ചതിനു ശേഷം ഗിന്നസ് പ്രഖ്യാപനം നടത്തും. ഇതിന് സമയമെടുക്കുമെന്ന് മുരളി പറഞ്ഞു. മുരളി നേരത്തേ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചിട്ടുള്ളതിനാല്‍ തൃശൂരിലെ പ്രകടനത്തിന് സാക്ഷ്യം വഹിക്കാന്‍ ഗിന്നസ് അധികൃതര്‍ എത്തിയിരുന്നില്ല.  

ഗിന്നസ് യാത്രയ്ക്കായി ഉറക്കമൊഴിച്ച്

സംഗീത മഹായാന വാദനത്തിന് തയ്യാറെടുക്കുമ്പോള്‍ മുരളി നാരായണന്‍ ആദ്യം ശീലിച്ചത് ഉറക്കത്തെ അകറ്റി നിര്‍ത്താനായിരുന്നു. യോഗയിലൂടെയും ധ്യാനത്തിലൂടെയും ഉറക്കത്തെ ആറ് ദിവസം വരെ അകറ്റി നിര്‍ത്താന്‍ ശീലിച്ചു. രണ്ട് വര്‍ഷമായി പുതിയ റെക്കോര്‍ഡിനുള്ള തീവ്ര പരിശീലനത്തിലായിരുന്നു മുരളി. യാതൊരുവിധ ശാരീരിക വിഷമതകളുമില്ലാതെയാണ് മുരളി നാലര ദിവസവും വേദിയിലെത്തിയത്. മുരളിയുടെ അപൂര്‍വ നേട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ നിറകണ്ണുകളും മനംനിറഞ്ഞ പ്രാര്‍ത്ഥനകളുമായി അമ്മ തങ്കമണി, ഭാര്യ ശെല്‍വം, മക്കളായ ഭവപ്രിയ, ദേവപ്രിയ, ശിവപ്രിയ എന്നിവരും വേദിയില്‍ ഉണ്ടായിരുന്നു. മകന്‍ 108 മണിക്കൂര്‍ തുടര്‍ച്ചയായി പുല്ലാങ്കുഴലൂതി പുതിയ ചരിത്രം കുറിച്ചപ്പോള്‍ മുരളി നിന്നിരുന്ന വേദിയില്‍  അമ്മ തങ്കമണി മുട്ടുകുത്തി പ്രണാമം അര്‍പ്പിച്ചത് ഹൃദയസ്പര്‍ശിയായ രംഗമായി.  

സംഗീതസപര്യക്ക് തുടക്കം പതിനേഴാം വയസില്‍

രാജ്യത്തെ പ്രമുഖ സംഗീത പ്രതിഭകള്‍ക്കൊപ്പം കച്ചേരികള്‍ക്കും ചലച്ചിത്രഗാനങ്ങള്‍ക്കും വിവിധ ഫ്യൂഷനുകള്‍ക്കും മുരളി നാരായണന്‍ ഓടക്കുഴല്‍ വായിച്ചിട്ടുണ്ട്. മണ്‍കോലങ്ങള്‍ എന്ന സിനിമയില്‍ ആലപിച്ച ഗാനങ്ങള്‍ 2002-ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മഞ്ജു വാര്യര്‍ക്കൊപ്പം സിംഗപ്പൂരിലും നര്‍ത്തകിമാരായ സ്വപ്‌ന സുന്ദരി, കലാമണ്ഡലം ക്ഷേമാവതി, ഡോ.കനക് റെലെ, ഡോ.ഭാരതി ശിവജി, ഡോ.വസുന്ദരൈ ദൈ്വരെ സ്വാമി, ഡോ.വൈജയന്തി കാശി തുടങ്ങിയ കലാപ്രതിഭകള്‍ക്കൊപ്പം ജര്‍മനി, കാനഡ, ഫിന്‍ലന്‍ഡ്, എസ്തോണിയ, യുഎഇ എന്നിവിടങ്ങളിലെ നൃത്ത പരിപാടികളിലും പുല്ലാങ്കുഴല്‍ വായിച്ചു.

'റെയ്ക്കി'യില്‍ മാസ്റ്റര്‍ ബിരുദധാരിയാണ് മുരളി നാരായണന്‍. ഏഷ്യന്‍ റെക്കോര്‍ഡ്, യൂണിവേഴ്‌സല്‍ വേള്‍ഡ് റെക്കോര്‍ഡ് എന്നിവയ്ക്കുപുറമേ രവീന്ദ്രന്‍ സ്മാരക സംഗീതരത്‌ന പുരസ്‌കാരവും, ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി കര്‍മരത്‌ന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കലാസാംസ്‌കാരിക സാമൂഹികരംഗങ്ങളിലെ നിസ്വാര്‍ത്ഥ സേവനത്തെ മാനിച്ച് ബി.ആര്‍.അംബേദ്കര്‍ കലാശ്രീ ദേശീയ പുരസ്‌കാരത്തിനും നൃത്താഭിനയ സംഗീത കലാശ്രേഷ്ഠ പുരസ്‌കാരത്തിനും അര്‍ഹനായി.

സര്‍വചരാചരങ്ങളുടെയും വിജയം

''ഇതെന്റെ വിജയമല്ല. സംഗീതത്തിന്റെ വിജയമാണ്. ഭൂമിയിലെ സര്‍വചരാചരങ്ങളുടെയും വിജയമാണ്. എനിക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കി 108 മണിക്കൂറും സംഘര്‍ഷങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും പിടിയില്‍പ്പെട്ട സംഘാടകരുടെ വിജയമാണ്.'' 108 മണിക്കൂര്‍ പുല്ലാങ്കുഴല്‍ വാദനം നടത്തിയതിനു ശേഷം ഇതായിരുന്നു മുരളീ നാരായണന്റെ വാക്കുകള്‍. നിറഞ്ഞ കയ്യടിയോടെ സദസ് ഏറ്റുവാങ്ങി. ഗിന്നസ് റെക്കോര്‍ഡ് നേടിയതോടെ ജനക്കൂട്ടം ആര്‍ത്തിരമ്പി. വേണുഗാനം പെയ്‌തൊഴിഞ്ഞ വേദിയില്‍ കയ്യടിയുടെ മുഴക്കം. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മുരളിയെ പൊന്നാട അണിയിച്ചു. ഗിന്നസ് പ്രഖ്യാപനവും നടത്തി. സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചായിരുന്നു ജനക്കൂട്ടം. വിവിധ മേഖലകളിലെ പ്രമുഖരടക്കമുള്ള നിരവധി പേര്‍ അനുമോദിക്കാനും അനുഗ്രഹിക്കാനുമായി വേദിയിലെത്തി.  

കലാപാരമ്പര്യമുള്ള കുടുംബം

സംഗീതപാരമ്പര്യമുള്ള കുടുംബത്തിലാണ് മുരളിയുടെ ജനനം. നാദസ്വര വിദ്വാനും ചിത്രകാരനും ശില്‍പ്പിയുമായിരുന്ന തൊഴുത്തുംപറമ്പില്‍ നാരായണന്റെയും തങ്കമണിയുടെയും മകനാണ് മുരളീ നാരായണന്‍. സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അച്ഛനില്‍ നിന്ന് അഭ്യസിച്ചു. 'മണപ്പുറത്തിന്റെ പൊന്ന്' എന്നറിയപ്പെട്ട ഏങ്ങണ്ടിയൂര്‍ കൃഷ്ണന്‍കുട്ടി ആശാന്‍, വാസുദേവ പണിക്കര്‍ എന്നിവരില്‍ നിന്ന് ഗുരുകുല സമ്പ്രദായത്തില്‍ സംഗീതത്തില്‍ ശിക്ഷണം നേടി.  കോരാട്ടില്‍ ശാന്ത, കലാമണ്ഡലം വാസുദേവപണിക്കര്‍, കലാമണ്ഡലം രാജീവ്കുമാര്‍, എന്‍.കെ.മധുസൂദനന്‍ എന്നിവരും ഗുരുക്കന്മാര്‍. ഹാര്‍മോണിസ്റ്റായ മോഹന്‍കുമാര്‍ സഹോദരി രഞ്ജിനിയെ വിവാഹം ചെയ്തതാണ് മുരളി നാരായണന്റെ കലാജീവിതത്തിന്റെ വഴിത്തിരിവ്. മോഹന്‍കുമാറിന്റെ സഹോദരങ്ങള്‍ രാജീവ്കുമാര്‍, സജീവ്കുമാര്‍, അജിത് എന്നിവരെല്ലാം സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. കലാമണ്ഡലം ക്ഷേമാവതിയുടെ പക്കമേളക്കാരായിരുന്നു ഇവരെല്ലാം. പതിനേഴാം വയസില്‍ ഇവരുടെ കൂടെ മുരളിയും ചേര്‍ന്നു. രാജീവ്കുമാറിനോടൊപ്പം വായ്പാട്ടിലായിരുന്നു തുടക്കം. പിന്നീടാണ് പുല്ലാങ്കുഴലിലേക്ക് മാറിയത്. പുല്ലാങ്കുഴല്‍ വാദനത്തിന് ബേസ് കിട്ടണമെങ്കില്‍ ശാസ്ത്രീയ സംഗീതത്തില്‍ പ്രാവീണ്യം വേണം. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, പാശ്ചാത്യം, നാടോടി സംഗീതം എന്നീ ശാഖകളെ തനത് താളവാദ്യ ഉപകരണങ്ങളുടെ അകമ്പടിയോടെ സമന്വയിപ്പിച്ച് ഒരേസമയം ഓടക്കുഴലിലൂടെ അവതരിപ്പിച്ച ആദ്യ കലാകാരനാണ് മുരളി നാരായണന്‍.  

കഷ്ടപ്പാട് നിറഞ്ഞ ബാല്യകാലം

കലാകുടുംബമായിരുന്നുവെങ്കിലും ഇതുവരെയും മുരളി നാരായണന്‍ ഗുരുവിന്റെ കീഴില്‍ പുല്ലാങ്കുഴല്‍ അഭ്യസിച്ചിട്ടില്ല. പിതാവ് നാരായണന്‍  മുരളിയുടെ പത്താം വയസില്‍ മരിച്ചു. ഇതോടെ നിര്‍ധനകുടുംബത്തില്‍ കഷ്ടപ്പാടും ദാരിദ്ര്യവും തുടങ്ങി. മുപ്പത്തിയഞ്ചാം വയസില്‍ അമ്മ തങ്കമണി വിധവയായി. മുരളിയേയും സഹോദരി രഞ്ജിനിയേയും വളര്‍ത്താന്‍ തങ്കമണി  ഏറെ കഷ്ടപ്പെട്ടു. വീട്ടുപണി ചെയ്താണ് മക്കള്‍ക്കുള്ള ഭക്ഷണത്തിനുള്ള വക കണ്ടെത്തിയത്. ഇതോടെ മുരളിയുടെ അമ്മാവന്‍ രാമകൃഷ്ണന്‍ മൂവരെയും തളിക്കുളത്തേക്ക് കൊണ്ടുവന്നു. സര്‍ക്കാരില്‍നിന്ന് അനുവദിച്ച മൂന്നു സെന്റ് സ്ഥലത്ത് സര്‍ക്കാര്‍ നല്‍കിയ ചെറിയ വീട്ടില്‍ താമസവും തുടങ്ങി. മക്കളില്ലാത്ത രാമകൃഷ്ണന്‍ മുരളിയെ ദത്തെടുത്തു. അമ്മാവന്റെ വളര്‍ത്തുമകനായി. ആറാം വയസില്‍ ഏങ്ങണ്ടിയൂര്‍ കൃഷ്ണന്‍കുട്ടി ആശാന്റെ അടുക്കല്‍ സംഗീതം അഭ്യസിക്കാന്‍ അമ്മാവന്‍ കൊണ്ടാക്കി. പിന്നീട് നന്ദകുമാര്‍ ആശാന്റെ കീഴില്‍. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് പത്താം ക്ലാസില്‍ മുരളി പഠനം നിര്‍ത്തി.  

മുരളിയെന്ന പേര് അന്വര്‍ത്ഥമാക്കി ചെറുപ്പം മുതലേ ശ്രീകൃഷ്ണ ഭഗവാനോട് ഈ കലാകാരന് കടുത്ത ആരാധനയാണ്. കാലം പിന്നീട് മുരളിയുടെ ചുണ്ടോട് 'മുരളിക' ചേര്‍ത്തു വെക്കുകയും ചെയ്തു. ആന്ധ്രയിലെ ആത്മീയ പഠന കേന്ദ്രത്തിലെ കല്‍കി ഭഗവാനെ മാസത്തില്‍ ഒരു തവണ മുരളി നാരായണന്‍ സന്ദര്‍ശിക്കും. ഇവിടെനിന്ന് പൂജിച്ച് കൊണ്ടുവന്ന പാദുകമാണ് വീട്ടില്‍ ആരാധിക്കുന്നു. പീഠത്തില്‍ സ്ഥാപിച്ച ദൈവപാദങ്ങള്‍ക്കു സമീപം വിളക്കുവച്ച്  ദിവസവും പ്രാര്‍ത്ഥിക്കും. 15 വര്‍ഷമായി കല്‍ക്കി ഭഗവാന്റെ ഭക്തനാണ് മുരളി.  

വിവാദ തീരുമാനത്തില്‍  ഇടപെടല്

നൃത്ത ഇനങ്ങളില്‍ പക്കമേളത്തിനൊപ്പം പുല്ലാങ്കുഴല്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവ സംഘാടക സമിതി നിര്‍ദ്ദേശിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയെ കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പിടിവാശി ഉപേക്ഷിച്ചതെന്ന് മുരളി നാരായണന്‍. ശാസ്ത്രീയ നൃത്ത ഇനങ്ങളില്‍ പുല്ലാങ്കുഴല്‍ നാദത്തിന് മുഖ്യ സ്ഥാനമുണ്ട്. കൃഷ്ണകഥയെ പരാമര്‍ശിച്ചുള്ള പാട്ടിലും നൃത്തത്തിലും പുല്ലാങ്കുഴല്‍ ഒഴിവാക്കുന്നത് ചിന്തിക്കാന്‍പോലും പറ്റാത്ത കാര്യമാണ്. പുല്ലാങ്കുഴല്‍ വാദനവുമായി മുരളി നാരായണന്‍ സഞ്ചരിക്കാത്ത നാടുകള്‍ വിരളമാണ്. രാജ്യത്തെ പ്രശസ്ത നര്‍ത്തകര്‍ക്ക് വേണ്ടിയാണ് മുരളി വേദിയില്‍ എത്തിയിട്ടുള്ളത്. പതിനേഴാം വയസില്‍ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടെ നൃത്തത്തിനായി പുല്ലാങ്കുഴല്‍ വായിച്ചാണ് മുരളി അരങ്ങേറ്റം കുറിക്കുന്നത്. ക്ഷേമാവതി ടീച്ചറുടെയും മറ്റു ഗുരുക്കന്മാരുടെയും അനുഗ്രഹാശിസുകളാണ് എല്ലാ നേട്ടത്തിനു കാരണമെന്ന് മുരളി നാരായണന്‍ പറയുന്നു. മുപ്പത്തഞ്ചാം വര്‍ഷത്തിലും ക്ഷേമാവതി ഉള്‍പ്പെടെയുമുള്ള നര്‍ത്തകര്‍ക്ക് മുരളി പുല്ലാങ്കുഴലൂതുന്നുണ്ട്. ഇത്തരം കലകളില്‍ വരുംതലമുറയില്‍ പ്രാവീണ്യം നേടിയവര്‍ കുറവാകാനാണ് സാധ്യതെയെന്ന് മുരളി അഭിപ്രായപ്പെടുന്നു.

നല്ലൊരു വീടെന്ന സ്വപ്‌നം

അമ്മ തങ്കമണി, ഭാര്യ ശെല്‍വം, മക്കളായ ഭവപ്രിയ (ബിഫാം), ദേവപ്രിയ (പത്താം ക്ലാസ്), ശിവപ്രിയ (മൂന്നാം ക്ലാസ്) എന്നിവര്‍ക്കൊപ്പം തളിക്കുളം പുനരധിവാസകോളനിയിലാണ് ഗിന്നസ് റെക്കോര്‍ഡ് ജേതാവിന്റെ താമസം. മൂന്ന് സെന്റ് സ്ഥലത്ത് ചെറിയ വീട് നിറയെ മുരളിക്ക് ലഭിച്ച പുരസ്‌കാരങ്ങളാണ്. സ്ഥലപരിമിതി മൂലം നിരവധി ഷീല്‍ഡുകളും മെമന്റോകളും മറ്റും നിലത്താണ് വച്ചിരിക്കുന്നത്.  മകന്‍ നേടിയ സന്തോഷങ്ങള്‍ക്കിടയിലും അതോര്‍ക്കുമ്പോള്‍ അമ്മ തങ്കമണിയുടെ നെഞ്ചു വിങ്ങുന്നു. നല്ലൊരു വീടെന്നത് ഇവരുടെ ചിരകാല സ്വപ്‌നമാണ്.  മകന് ലഭിച്ച സമ്മാനങ്ങള്‍ വയ്ക്കാന്‍ പറ്റിയ നല്ലൊരു വീട്. സര്‍ക്കാരോ മറ്റു ഉദാരമതികളോ സഹായിച്ചാല്‍ ആഗ്രഹം നടക്കും. മകനോടൊപ്പം അത്തരമൊരു വീട്ടില്‍ ഉറങ്ങാന്‍ കണ്ണടയുന്നതിനു മുന്‍പ് കഴിയണേയെന്നാണ് ഭഗവാനോടുള്ള അമ്മയുടെ പ്രാര്‍ത്ഥന.

comment
  • Tags:

LATEST NEWS


'രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകം; രാമരാജ്യത്തിന്റെ ആദര്‍ശങ്ങള്‍ക്ക് സാക്ഷ്യം'; ആശംസയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്


ടൈംസ് സ്‌ക്വയറിലും 'ജയ് ശ്രീറാം'വിളികള്‍; ഡിസ്പ്ലേ ബോര്‍ഡുകളില്‍ രാമന്റെ 3ഡി ഛായാചിത്രങ്ങള്‍; ഭാരതത്തിന്റെ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് അമേരിക്കയും


പുതിയ ഇന്ത്യയുടെ പുതിയ തുടക്കം; ആര്‍എസ്എസിന്റെ മുപ്പത് വര്‍ഷത്തെ ശ്രമം ഫലം കണ്ടു: മോഹന്‍ ഭാഗവത്


ശ്രീരാമന്‍- സംസ്‌കാരത്തിന്റെ അടിത്തറ; നാനാത്വത്തില്‍ ഏകത്വം എന്ന സത്ത: നരേന്ദ്ര മോദി


കൊറോണ ലോക്ക്ഡൗണ്‍ തളര്‍ത്തിയില്ല; ജൂണിലവസാനിച്ച ക്വാര്‍ട്ടറില്‍ 433 കോടിയുടെ വിറ്റുവരവ്; 50 കോടിയുടെ ലാഭവുമെന്ന് ജ്യാതി ലാബ്സ്


യുഎന്‍എയിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ജാസ്മിന്‍ ഷായും സംഘവും അറസ്റ്റില്‍; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്


കേരളം മുള്‍മുനയില്‍; സമ്പര്‍ക്കവും ഉറവിടവും അറിയാത്ത കേസുകളും വര്‍ധിക്കുന്നു; ഇന്ന് രോഗബാധിതരായത് 1195 പേര്‍; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്


ക്ലബ് കെട്ടിടത്തിന്റെ വാടകയ്ക്കായി പൊതു നിരത്തിലെ ലൈറ്റ് അഴിച്ചു വിറ്റ് സിപിഎം പ്രവര്‍ത്തകര്‍; 50000ന്റെ സോളാര്‍ലൈറ്റ് വിറ്റത് 2000 രൂപയ്ക്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.