login
നേതാജി‍യെ ചരിത്രത്തില്‍ അടയാളപ്പെടുത്തുമ്പോള്‍; ഇന്ന് നേതാജി ജയന്തി

നേതാജിയുടെ തിരോധാനത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ നരേന്ദ്രമോദി ആരംഭിച്ച രേഖകളുടെ പരസ്യപ്പെടുത്തല്‍ പ്രക്രിയ തുടരണം. പരസ്യപ്പെടുത്തുന്ന രേഖകളുടെ പരിധിയില്‍ നാളിതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് രേഖകള്‍ കൂടി ഇനി ഉള്‍പ്പെടുത്തണം. പ്രതിരോധമന്ത്രാലയം ഈ ദിവസംവരെയും രഹസ്യമായിസൂക്ഷിക്കുന്ന, ചരിത്രകാരന്‍ പ്രതുല്‍ ചന്ദ്രഗുപ്ത എഴുതിയ ഐഎന്‍എ ചരിത്രത്തിന്റെ കയ്യെഴുത്തു പ്രതി പ്രസിദ്ധീകരിക്കണം.

ഹാത്മാഗാന്ധിയും നേതാജി സുഭാഷ്ചന്ദ്രബോസും. ആശയങ്ങളിലും പ്രവൃത്തികളിലും എതിര്‍ ധ്രുവങ്ങളില്‍ നിന്നവരെങ്കിലുംഅവര്‍ പരസ്പരം നല്‍കിയ വിശേഷണങ്ങള്‍ ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠനേടി. ഗാന്ധിജിയെ 'രാഷ്ട്രപിതാവ്' എന്ന് ‌നേതാജി അഭിസംബോധന ചെയ്തപ്പോള്‍ നേതാജിയെ ഗാന്ധിജി വിശേഷിപ്പിച്ചത് 'ദേശസ്‌നേഹികളിലെ രാജകുമാരന്‍' എന്നായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ലക്ഷ്യം ഒന്നെന്ന ബോധ്യം ഇരുവരിലും രൂഢമൂലമായിരുന്നു.

ഗാന്ധിജിക്ക് തുല്യനായി നിലയുറപ്പിച്ച ഒരേയൊരു ദേശീയനേതാവ് നേതാജി മാത്രമായിരുന്നു. തന്റെ പ്രശസ്തിയുടെയും സ്വാധീനത്തിന്റെയും പാരമ്യത്തില്‍ പോലും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളില്‍ ഗാന്ധിജിയേക്കാള്‍ സ്വീകാര്യന്‍ നേതാജി ആയിരുന്നു എന്നതിന്റെ തളിവാണ് 1939 ലെ കോണ്‍ഗ്രസ് ദേശീയഅധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്റെ ചരിത്രവിജയം. ഗാന്ധിജി ചരിത്രത്തിന് അന്യനല്ല. അദ്ദേഹത്തിന്റെ പൊതുജീവിതം അനേകം വ്യാഖ്യാനങ്ങള്‍ക്കും പുനര്‍വായനകള്‍ക്കും പഠനങ്ങള്‍ക്കും ഹേതുവായിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിനു തുല്യനായിരുന്ന നേതാജിയുടേതോ? നേതാജിയെ ചരിത്രം ശരിയായ രീതിയില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നത് ചിന്തനീയം. നേതാജി കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന കാലം ഇന്ത്യന്‍ ചരിത്രകാരന്മാര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസില്‍ നിന്നും വിട്ടശേഷം അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നത് വിദേശ ചരിത്രകാരന്മാരില്‍ നിന്നാണ്.

തന്റെ ആശയങ്ങള്‍ക്ക് ഗാന്ധിജിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പിന്തുണ ലഭിക്കില്ലെങ്കിലും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് യുക്തമായത് സായുധസമരമാണെന്ന കാര്യത്തില്‍ നേതാജിക്ക് തെല്ലും സംശയമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് വിട്ടുപോകുന്നതുവരെ അദ്ദേഹം സുഭാഷ് മാത്രമായിരുന്നു. സായുധ സമരമുഖത്തേക്ക് എത്തിയശേഷമാണ് അദ്ദേഹം അനുയായികളുടെ നേതാജി ആയി മാറുന്നത്. പിന്നീട് ചുരുങ്ങിയ കാലത്തിനുള്ളില്‍ അദ്ദേഹം ചെയ്തകാര്യങ്ങള്‍ ഏതൊരു രാജ്യസ്‌നേഹിക്കും അത്ഭുതവും ആവേശവും ഉണര്‍ത്തുന്നവയാണ്. ഓരോദിനവും അത്യന്തം ഉദ്വേഗം നിറഞ്ഞ ജീവിതം. പിന്നീട് നേതാജിക്ക് എന്തുസംഭവിച്ചു എന്നകാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു.

 • വിമാനാപകടം

1945 ഓഗസ്റ്റ് 18ന് തായ്‌വാനില്‍ ഉണ്ടായ വിമാനാപകടത്തില്‍ മരണപ്പെട്ടു എന്നതാണ് നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള മൂന്നുസാധ്യതകളില്‍ ഏറ്റവും പ്രബലം. എന്നാല്‍ വിമാനാപകടത്തിനോ ജപ്പാനിലെ ടോക്യോയിലെ ശവസംസ്‌കാരത്തിനോ തെളിവുകളില്ല. നേരെമറിച്ച് വിമാനാപകടം നടന്നില്ലെന്നതിനും സംസ്‌കരിക്കപ്പെട്ടത് മറ്റൊരാളുടെ ശരീരമാണെന്നതിനും തെളിവുകള്‍ ഉണ്ടുതാനും. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നിയമിതമായ ജസ്റ്റിസ് മനോജ്കുമാര്‍ മുഖര്‍ജി കമ്മീഷന്‍ വിമാനാപകട സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയുകയും ചെയ്തു.

 • സോവിയറ്റ് റഷ്യയിലെ മരണം

റഷ്യക്കാരുടെ പിടിയിലായ നേതാജി പിന്നീട് ആ രാജ്യത്തുവച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട ശേഷം ജോസഫ്സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം കൊല്ലപ്പെട്ടെന്നതാണ് രണ്ടാമത്തെ സാധ്യത. നേതാജി റഷ്യയിലേക്ക് കടന്നിരിക്കാം എന്ന മുഖര്‍ജി കമ്മീഷന്റെ ഊഹത്തിനപ്പുറം ഈ കഥയ്ക്കും യാതൊരു തെളിവുകളുമില്ല. അല്ലെങ്കില്‍ തന്നെ സ്റ്റാലിന്‍ നേതാജിയെ വധിക്കാനുള്ള സാധ്യത വിരളമാണ്. 1941ല്‍ ജര്‍മ്മനി റഷ്യയെ ആക്രമിച്ചതിനെ അപലപിച്ചതടക്കം പല വിഷയങ്ങളിലും നേതാജി സോവിയറ്റ് ‌റഷ്യയ്ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.

 • സംന്യാസജീവിതം

1950കളില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ നേതാജി ഉത്തര്‍ പ്രദേശിലെ വിവിധസ്ഥലങ്ങളില്‍ അധികമാരും അറിയാത്ത ഒരു സംന്യാസിയായി (ഭഗ്‌വാന്‍ജി അഥവാ ഗുംനാമിബാബ) ജീവിച്ച് 1985ല്‍ ഫൈസാബാദില്‍ മരണപ്പെട്ടു വെന്നതാണ് മൂന്നാമത്തെ സാധ്യത. മുഖര്‍ജികമ്മീഷന്‍ തന്റെ റിപ്പോര്‍ട്ടില്‍ എഴുതിയത്, 'സുവ്യക്തമായ ഒരു തെളിവി'ന്റെ അഭാവത്തില്‍ ഗുംനാമിബാബ നേതാജിതന്നെയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ തനിക്കു കഴിഞ്ഞില്ല എന്നാണ്. എന്നാല്‍ പില്‍ക്കാലത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഒരുഅഭിമുഖത്തില്‍ ബാബ നേതാജിയായിരുന്നെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും അത് തെളിയിക്കുന്നതിന് ചിലര്‍ തടസ്സം സൃഷ്ടിച്ചെന്നും മുഖര്‍ജിപറഞ്ഞു. ബാബ നേതാജി തന്നെ ആയിരുന്നെന്ന് ഉത്തര്‍പ്രദേശ് പൊലീസ്‌ മേധാവിയായിരുന്ന ഡോ. വിക്രംസിങ്ങും പില്‍ക്കാലത്ത്പറഞ്ഞു.

 • അതിജീവനം

വിമാനാപകട വാര്‍ത്ത വ്യാജമെന്നും നേതാജി ജീവനോടെയുണ്ടാവുമെന്നും അന്നേ വിശ്വസിച്ച പലരും ഉണ്ടായിരുന്നു. ''ഞാന്‍ ഈ വാര്‍ത്തയില്‍ സംശയിക്കുന്നു. ഒളിവില്‍ പോകാന്‍ ബോസ് ഉദ്ദേശിക്കുന്നെങ്കില്‍ പുറത്തേക്ക് വരേണ്ടത് ഇതേ വാര്‍ത്തയാണ്,'' എന്നാണ് വൈസ്രോയി ആര്‍ച്ചിബാള്‍ഡ്വേവല്‍ നേതാജിയുടെ വിമാനാപകട വാര്‍ത്തയോട് പ്രതികരിച്ചത്. വിദേശമാധ്യമ പ്രവര്‍ത്തകരായ ആല്‍ഫ്രഡ്‌വാഗ്, ലിലിആബെഗ് എന്നിവരും ഇതേസാധ്യത ആവര്‍ത്തിച്ചു. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഒരു പത്രസമ്മേളനം തടസ്സപ്പെടുത്തിക്കൊണ്ട് 'ചിക്കാഗോട്രിബ്യൂണ്‍' പത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന വാഗ് പറഞ്ഞത് നേതാജി ജീവനോടെയുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം സെയ്‌ഗോണില്‍ ഉണ്ടായിരുന്നു എന്നുമാണ്.

 • ശാസ്ത്രീയപരിശോധനകള്‍

ഗുംനാമിബാബയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചാരം നേടിയത് ഈ ലേഖകനും സുഹൃത്തുക്കളും ചേര്‍ന്നു സ്ഥാപിച്ച 'മിഷന്‍ നേതാജി'എന്ന ഗവേഷകസംഘം അദ്ദേഹത്തെക്കുറിച്ച് നടത്തിയ പഠനങ്ങളെ തുടര്‍ന്നാണ്. ശാസ്ത്രീയമായ തെളിവുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന ഉത്തമബോധ്യത്തിലാണ് ഞങ്ങള്‍ വിഷയത്തെ സമീപിച്ചത്. ബാബയുടേതായി ലഭ്യമായ ഒരേയൊരു ഭൗതികവസ്തു അദ്ദേഹത്തിന്റേതെന്ന് വിശ്വസിക്കപ്പെട്ട ഏതാനും പല്ലുകള്‍ മാത്രമായിരുന്നു. അവ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള രണ്ടു ലാബുകളില്‍ ഡിഎന്‍എ പരിശോധനയ്ക്കായി മുഖര്‍ജി കമ്മീഷന്‍ അയച്ചിരുന്നു. നേതാജിയുടെ ബന്ധുക്കളില്‍ നിന്ന് ‌ശേഖരിച്ച രക്തത്തിലെ ഡിഎന്‍എയുമായാണ് അവ താരതമ്യം ചെയ്യപ്പെട്ടത്. ഒന്നുംകണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഹൈദരബാദിലെ സെന്റര്‍ ഫോര്‍ ഡിഎന്‍എഫിംഗര്‍ പ്രിന്റിങ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് (സിഡിഎഫ്ഡി) കമ്മീഷനു റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഡിഎന്‍എ വ്യത്യസ്തമാണെന്ന് കല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫൊറന്‍സിക്‌സയന്‍സ് ലബോറട്ടറിയും (സിഎഫ്എസ്എല്‍) റിപ്പോര്‍ട്ട്‌നല്‍കി. അവര്‍ നിഗമനത്തില്‍ എത്തിച്ചേരാന്‍ ഉപയോഗിച്ച 'ഇലക്ട്രോഫെറോഗ്രാം' പൊടുന്നനെ അപ്രത്യക്ഷമായി! വിവരാവകാശ നിയമപ്രകാരം അതിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു രേഖ ഇല്ലെന്നാണ് ലാബ് മറുപടി നല്‍കിയത്. അപ്പോള്‍ പിന്നെ എങ്ങനെ അവര്‍ നിഗമനത്തില്‍ എത്തിച്ചേര്‍ന്നു?

 • ബാബയും നേതാജിയുടെ കുടുംബവും

1985ല്‍ ബാബയുടെ മരണവാര്‍ത്തയറിഞ്ഞ്‌ ഫൈസാബാദില്‍ എത്തിയവരില്‍ ഒരാള്‍ നേതാജിയുടെ അനന്തിരവള്‍ ലളിതബോസ് ആയിരുന്നു. നേതാജിയുടെ മൂത്തസഹോദരന്‍ സുരേഷ് ചന്ദ്രബോസിന്റെ മകള്‍. മൃതദേഹം കാണാന്‍ കഴിഞ്ഞില്ലെങ്കിലും ബാബയുടെ വസ്തുക്കള്‍ തന്റെ അമ്മാവന്‍ സുഭാഷിന്റേതാണെന്ന് മനസ്സിലാക്കിയ ലളിത അലഹബാദ്‌ ഹൈക്കോടതിയില്‍ കേസ് കൊടുത്തു; ആ വസ്തുക്കളില്‍ അനന്തിരവള്‍ എന്നനിലയില്‍ തനിക്ക് അവകാശമുണ്ടെന്ന്.

1972ല്‍ ഖോസ്ലാ കമ്മീഷനു മുന്‍പാകെ ഹാജരായ സുരേഷ് പറഞ്ഞത് തന്റെ സഹോദരന്‍ സുഭാഷ് ജീവിച്ചിരിക്കുന്നുവെന്നും ഇന്ത്യയില്‍ ഉണ്ടെന്നുമാണ്. നേതാജിയുടെ മറ്റൊരു ജ്യേഷ്ഠന്‍ സതീഷ് ചന്ദ്രബോസിന്റെ മകന്‍ ദ്വിജേന്ദ്രനാഥ് ‌ബോസ് 1966 ല്‍ തിരുവനന്തപുരത്തു വച്ച് മാധ്യമങ്ങളോടു പറഞ്ഞതും നേതാജി ജീവിച്ചിരിക്കുന്നുവെന്നും ഇന്ത്യയുടെ അതിര്‍ത്തിക്ക് സമീപമുള്ള ഒരുപ്രദേശത്ത് ഉണ്ടെന്നുമാണ്.

 • വീണ്ടും അന്വേഷണം, മ്യൂസിയം

ഈ ലേഖകന്‍ കൂടി ഉള്‍പ്പെട്ട ഒരുചെറുസംഘം 2016ല്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിനെ സന്ദര്‍ശിക്കുകയും അന്വേഷണകമ്മീഷന്‍, മ്യൂസിയം എന്നിവയിലെ കാലതാമസത്തെകുറിച്ച് സംസാരിക്കുകയും ചെയ്തു. കാര്യങ്ങള്‍ അനുഭാവപൂര്‍വംകേട്ട യാദവ് ഈ രണ്ട് ആവശ്യങ്ങളും നടപ്പാക്കാന്‍ നിര്‍ദ്ദേശംനല്‍കി.

ബാബ ആരെന്നു കണ്ടുപിടിക്കാന്‍ യാദവിന്റെനിര്‍ദ്ദേശപ്രകാരം ജസ്റ്റിസ് വിഷ്ണുസഹായി കമ്മീഷന്‍ രൂപീകരിക്കപ്പെട്ടെങ്കിലും പ്രധാന സാക്ഷികളെ കാണാനോ ശാസ്ത്രീയ പരിശോധന നടത്താനോ കൂട്ടാക്കാതെ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്തിമ റിപ്പോര്‍ട്ടില്‍ അപഹാസ്യമായ കണ്ടെത്തലുകളാണ് സഹായികമ്മീഷന്‍ എഴുതിയത്. ബാബ നേതാജി ആയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ഒരുആരാധകന്‍ ആയിരുന്നെന്നും കമ്മീഷന്‍ കണ്ടെത്തി. ഇതിനായി അദ്ദേഹം ആശ്രയിച്ചത് 1980 ഒക്ടോബര്‍ 16ന് ബാബയ്ക്ക് ലഭിച്ച ഒരുകത്തിനെയാണ്.

'ബുള്‍ബുള്‍'എന്നപേരില്‍ ഒരുപെണ്‍കുട്ടി ബാബയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നത് ഇങ്ങനെയാണ്: ''അങ്ങ് എപ്പോള്‍ എന്റെ സ്ഥലത്ത് വരും? നേതാജിയുടെ ജന്മദിനത്തില്‍ അങ്ങേയ്ക്ക്‌സന്ദര്‍ശിക്കാന്‍ സാധിച്ചാല്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമാകും.'' ഇതില്‍ നിന്നും ബാബനേതാജി ആയിരുന്നില്ലെന്ന അനുമാനത്തില്‍ സഹായികമ്മീഷന്‍ എത്തിച്ചേര്‍ന്നു.

എന്നാല്‍ ആരാണ് 'ബുള്‍ബുള്‍'എന്നോ, എന്താണ് കത്തിന്റെ പശ്ചാത്തലമെന്നോ അന്വേഷിക്കാന്‍ സഹായി കമ്മീഷന്‍ ശ്രമിച്ചില്ല. റിപ്പോര്‍ട്ട് പുറത്തുവന്നശേഷം തന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ബാബ നേതാജിയല്ലെന്ന നിഗമനത്തില്‍ സഹായികമ്മീഷന്‍ എത്തിച്ചേര്‍ന്നതെന്ന് മനസ്സിലാക്കിയ സാക്ഷാല്‍ 'ബുള്‍ബുള്‍' രംഗത്തെത്തി കമ്മീഷനെ തള്ളിപ്പറഞ്ഞു. കല്‍ക്കത്തക്കാരിയായ സുഹിത ഭട്ടാചാര്യയാണ് 'ബുള്‍ബുള്‍'. തന്റെ അച്ഛനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന സന്തോഷ് ഭട്ടാചാര്യയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ബാബയ്ക്ക് കത്തയച്ചതെന്ന് അവര്‍പറഞ്ഞു. നേതാജിയുടെ അനുയായി ആയിരുന്ന സന്തോഷ്, നേതാജിയുടെ ജന്മദിനമായ ജനുവരി 23നും മറ്റ് പലഅവസരങ്ങളിലും ബാബയെ രഹസ്യമായി സന്ദര്‍ശിച്ചിരുന്ന അഞ്ചു പേരില്‍ ഒരാളായിരുന്നു. അഞ്ചുപേര്‍ക്കും ബാബ നേതാജി തന്നെയെന്ന ഉത്തമബോധ്യം ഉണ്ടായിരുന്നു. അഞ്ചില്‍ ജീവിച്ചിരുന്ന മൂന്നുപേരും മുന്‍പ് മുഖര്‍ജികമ്മീഷനു മുന്‍പാകെ ഹാജരായി ബാബ നേതാജി തന്നെ ആയിരുന്നെന്ന് മൊഴിയും നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒപ്പിട്ട സര്‍ക്കാരിന്റെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് സഹായി കമ്മീഷന്റെ കണ്ടെത്തലുകള്‍ തള്ളിക്കളഞ്ഞു. ബാബ ആരെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കമ്മീഷനു സാധിച്ചില്ലെന്ന് ആദിത്യനാഥ് ഹിന്ദിയില്‍ തയ്യാറാക്കിയ തന്റെ റിപ്പോര്‍ട്ടില്‍ എഴുതി.

 • ഇനിയെന്ത്?

നേതാജിയുടെ തിരോധാനത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ 2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച രേഖകളുടെ പരസ്യപ്പെടുത്തല്‍ പ്രക്രിയ തുടരണം. ഈ ലേഖകന്‍ ഉള്‍പ്പെട്ട സംഘത്തെ നേരില്‍കണ്ട പ്രധാനമന്ത്രി പറഞ്ഞത് നേതാജിയുടെ തിരോധാനം ഒരുസമസ്യയായി അവസാനിച്ചുകൂടാ എന്നാണ്. പരസ്യപ്പെടുത്തുന്ന രേഖകളുടെ പരിധിയില്‍ നാളിതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് രേഖകള്‍ കൂടി ഇനി ഉള്‍പ്പെടുത്തണം. പ്രതിരോധമന്ത്രാലയം ഈ ദിവസം വരെയും രഹസ്യമായി സൂക്ഷിക്കുന്ന, ചരിത്രകാരന്‍ പ്രതുല്‍ ചന്ദ്രഗുപ്ത എഴുതിയ ഐഎന്‍എ ചരിത്രത്തിന്റെ കയ്യെഴുത്തു പ്രതി പുസ്തകമായി പ്രസിദ്ധീകരിക്കണം. നേതാജി വിഷയത്തില്‍ വിദേശരാജ്യങ്ങളോട് മുന്‍പ് ഇന്ത്യ ബന്ധപ്പെട്ടിരുന്നു. ആവശ്യമെങ്കില്‍ അവരുമായുള്ള ആശയവിനിമയം തുടരണം. രാജ്യത്തിന്റെ ഔദ്യോഗിക ചരിത്രം തിരുത്തിയെഴുതുകയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പാഠപുസ്തകങ്ങളില്‍ നേതാജിയെ കുറിച്ചുള്ള വിവരങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും വേണം.

നേതാജിയും അദ്ദേഹത്തിന്റെ പതിനായിരക്കണക്കിന് പോരാളികളും യുദ്ധരംഗത്ത് രക്തമൊഴുക്കി നേടിത്തന്ന സ്വാതന്ത്ര്യം ആദ്യം അനുഭവിച്ചത് നമ്മുടെ മുത്തച്ഛന്മാരും മുത്തശ്ശിമാരുമാണ്. അവര്‍ക്കുവേണ്ടി, നമുക്ക് നേതാജിയോട് മാപ്പുപറഞ്ഞേ മതിയാകൂ. ചരിത്രകാരന്‍ മൈക്കല്‍ എഡ്വേര്‍ഡസ് പറഞ്ഞതുപോലെ, ''ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി വ്യത്യസ്തവും പരാക്രമം നിറഞ്ഞതുമായ വഴി തിരഞ്ഞെടുത്ത ഒരാള്‍ മാത്രമേയുള്ളൂ. ഒരര്‍ത്ഥത്തില്‍, മറ്റാരെക്കാളുമധികം ഇന്ത്യ കടപ്പെട്ടിരിക്കുന്നതും അദ്ദേഹത്തോടാണ്.'' അതിനാല്‍ത്തന്നെ നേതാജിയെ ചരിത്രത്തില്‍ അര്‍ഹമായ രീതിയില്‍ അടയാളപ്പെടുത്തേണ്ടത് കേവലമൊരു ജോലിയല്ല; നമ്മുടെ ധര്‍മ്മമാണ്. ഈ ദിവസം അതിനൊരു തുടക്കമാവട്ടെ.

ശ്രീജിത് പണിക്കര്‍

(രാഷ്ട്രീയ നിരീക്ഷകനും ഗവേഷകനുമാണ് ‌ലേഖകന്‍. ഡല്‍ഹി ആസ്ഥാനമായ 'മിഷന്‍ നേതാജി' ഗവേഷക സംഘത്തിന്റെ സ്ഥാപകാംഗമാണ്.)

  comment

  LATEST NEWS


  കേരളത്തിന്റെ പ്രബുദ്ധത പാരമ്പര്യം ഉപനിഷത്തില്‍ നിന്ന്: കാ ഭാ സുരേന്ദ്രന്‍


  വാരഫലം (മാര്‍ച്ച് 7 മുതല്‍ 13 വരെ)


  കേരളത്തിലേക്ക് 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി; കൊറോണ പ്രതിരോധത്തിന് വേഗംകൂട്ടി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും


  സ്ത്രീകള്‍ക്കായി യെസ് ബാങ്കിന്റെ 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം


  ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്‍തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം


  നീതി വൈകിപ്പിക്കലും നീതി നിഷേധം


  അയോധ്യയില്‍ കര്‍ണാടക സര്‍ക്കാര്‍ 'യാത്രി നിവാസ്' നിര്‍മിക്കും; ബജറ്റില്‍ പത്തുകോടി പ്രഖ്യാപിച്ച് യദ്യൂരപ്പ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി


  ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക ഉപമുഖ്യമന്ത്രി; കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് അശ്വഥ് നാരായണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.