login
ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍

''മേം ശ്രീഹര്‍ഷന്‍ ഹും. കേരള്‍ സേ ആ രഹാ ഹെ.'' പ്രതികരണമില്ല. സ്വാമിജി മുഖം കുനിച്ച് ഒരു നോട്ടുബുക്കില്‍ എന്തോ എഴുതിക്കൊണ്ടേയിരിക്കയാണ്. ഞാന്‍ കൂപ്പുകൈയില്‍ത്തന്നെ. ഹിന്ദി പറഞ്ഞിട്ടും കാര്യമില്ലല്ലോ. ഇനി ഒറിയ പ്രയോഗിക്കേണ്ടി വരുമോ!!

ലേഖകന്‍ ശ്രീശങ്കരാചാര്യ ഗോവര്‍ദ്ധന മഠത്തിലെ കുട്ടികള്‍ക്കൊപ്പം

''ഐ ആം ശ്രീഹര്‍ഷന്‍. ഫ്രം കേരള.''

ഒരു പ്രതികരണവുമില്ല. കൂപ്പുകൈയുമായി നില്‍പ്പാണു ഞാന്‍. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം വീണ്ടും പറഞ്ഞു:

''മേം ശ്രീഹര്‍ഷന്‍ ഹും. കേരള്‍ സേ ആ രഹാ ഹെ.'' പ്രതികരണമില്ല. സ്വാമിജി മുഖം കുനിച്ച് ഒരു നോട്ടുബുക്കില്‍ എന്തോ എഴുതിക്കൊണ്ടേയിരിക്കയാണ്.  

ഞാന്‍ കൂപ്പുകൈയില്‍ത്തന്നെ. ഹിന്ദി പറഞ്ഞിട്ടും കാര്യമില്ലല്ലോ. ഇനി ഒറിയ പ്രയോഗിക്കേണ്ടി വരുമോ!!

പിന്നെയും രണ്ടുമൂന്നു നിമിഷങ്ങള്‍. സ്വാമിജി പുസ്തകം മടക്കി. കണ്ണട ഊരുവച്ചു. കാവിഷാള്‍ എടുത്ത് കഴുത്തിനുചുറ്റുമിട്ട് പുതച്ചു. മുഖമുയര്‍ത്തി. എന്റെ നേരെ നോക്കി പുഞ്ചിരിച്ചു.

''ഇരിക്കു.'' കസേരയിലേക്ക് ചൂണ്ടി. ശുദ്ധമലയാളം.  

ഞാന്‍ 'ഇരുന്നുപോയി.' സ്വാമിജി എഴുന്നേറ്റ് തിരിഞ്ഞ് നടന്നു. പിറകിലെ മുറിയിലേക്ക്.

മുറിയിലോ പരിസരത്തോ മറ്റാരുമില്ല. മൂകം. ശൂന്യം. ഏകനും അപരിചിതനും ദൂരസഞ്ചാരിയുമായ ഞാന്‍ ഒറ്റയ്ക്ക്.

പുരാതനമായ കെട്ടിടത്തിന്റെ ഒരു കുടുസ്സുമുറി. ശതാബ്ദങ്ങള്‍ പഴക്കമുള്ള വിശ്വവിഖ്യാതമായ ഒരു മഹദ്മഠത്തിന്റെ ഓഫീസ് മുറി.

'ശ്രീശങ്കരാചാര്യ ഗോവര്‍ധന മഠം - പുരി പീഠം'. ആദിശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു മഠങ്ങളിലൊന്ന്. വടക്ക് ബദരി. തെക്ക് ശൃംഗേരി. കിഴക്ക് പുരി. പടിഞ്ഞാറ് ദ്വാരക. നാല് ജ്യോതിര്‍മഠങ്ങള്‍. എ.ഡി എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ചവ.  

ഏകഭാരതത്തിന്റെ സാംസ്‌കാരികസ്തംഭങ്ങള്‍. ശ്രീശങ്കരന്റെ പാദസ്പര്‍ശങ്ങള്‍ പതിഞ്ഞുകിടക്കുന്ന പുണ്യഭൂമി. ആ ശ്വാസവും  ഗന്ധവും സാന്നിധ്യവും ശബ്ദവീചികളും തങ്ങിനിന്ന അന്തരീക്ഷം.

ഏകാന്തമായ ആ ഇരിപ്പ്. കാലം എന്റെ ശരീരത്തിലേക്ക് തണുത്തുറയുകയാണോ!

സ്വാമിജി തിരികെ വന്ന് എന്നെ വിളിച്ചു:  

''വരു.''  

കാത്തിരുന്ന ഒരു അതിഥിയെയെന്നപോലെ. എഴുന്നേറ്റ് അദ്ദേഹത്തെ അനുഗമിച്ചു. ഇടുങ്ങിയ മറ്റൊരുമുറി കടന്ന് വിശാലമായ ഒരു ഹാളിലെത്തി. വീതി കുറഞ്ഞ ജമുക്കാളങ്ങള്‍ നിരയായി വിരിച്ചിട്ടിരിക്കുന്നു.

''കൈകള്‍ കഴുകാം.''  

ഹാളിനറ്റത്തെ പൈപ്പിനടുത്തേക്ക് നടന്നു. കൈകഴുകി വിരിയില്‍ ഞങ്ങള്‍ ചമ്രം പടിഞ്ഞിരുന്നു. പതിനെട്ടോ ഇരുപതോ വയസ്സു തോന്നിപ്പിക്കുന്ന ഒരു യുവസന്ന്യാസി രണ്ടു പ്ലേറ്റുകള്‍ ഞങ്ങള്‍ക്കു മുന്നില്‍ നിരത്തി. ഇലകള്‍ തുന്നിക്കൂട്ടിയുണ്ടാക്കിയവ.

''ഞാന്‍ ഭക്ഷണം കഴിച്ചാണ് വരുന്നത്''.  

ശങ്കയോടെയും പരിഭ്രമത്തോടെയുമാണ് ഞാന്‍ പറഞ്ഞത്.

''സാരമില്ല. ഞാന്‍ കഴിച്ചിട്ടില്ല. എന്നോടൊപ്പം അല്‍പ്പം കഴിക്കൂ.''

നല്ല പതമുള്ള നാലഞ്ച് ചെറിയ ചപ്പാത്തികള്‍. ഉരുളക്കിഴങ്ങിന്റെ സബ്ജി. കട്ടിത്തൈര്. ഗുലാബ് ജാം. ഓട്ടു മുരടയില്‍ ഏതോ ഔഷധയിലയിട്ട തണുത്ത വെള്ളം.  

ഭക്ഷണവേളയില്‍ സ്വാമിജി മൗനമായിരുന്നു.  

അതിവിസ്തൃതവും ഗംഭീരവുമായ  ഒരു ആശ്രമസമുച്ചയമായിരുന്നു മനസ്സില്‍. ഇവിടേക്ക് കയറി വന്നപ്പോഴേ മുന്‍വിധികള്‍ ഉപേക്ഷിച്ചു. പുരാതനമായ ചെറിയ കെട്ടിടങ്ങള്‍. വളരെ കുറച്ച് അന്തേവാസികള്‍. വിജനമായ മുറികള്‍. ശാന്തമൂകമായ അന്തരീക്ഷം.

പുരിയിലെ ഹോട്ടലില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ചിറങ്ങി. ഓട്ടോ വിളിച്ചപ്പോള്‍ പലരും മടിച്ചു.  

''സടക് ബഹുത് വ്യസ്ത് ഹെ സര്‍''

''സടക് ബഹുത് ഖരാബ് ഹെ.''

എണ്‍പതു രൂപ ഉറപ്പിച്ചാണ് ഒരാള്‍ തയാറായത്.

പുരി ബീച്ചിലെ വിസ്തൃതവഴിയിലൂടെ. ഇടുങ്ങിത്തിങ്ങിയ തിരക്കുള്ള തെരുവുകള്‍. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറിമാറി. ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ചുറ്റിവളഞ്ഞിട്ടുണ്ടാവണം. എത്തിയത് ഒരു പഴകിയ ഗേറ്റിനരികില്‍. ദേവനാഗരി ലിപി

യിലെഴുതിയിരിക്കുന്നു:

'ശ്രീശങ്കരാചാര്യ ഗോവര്‍ധന മഠം - പുരി പീഠം'

ഉള്ളിലേക്ക് കടന്നപ്പോള്‍ പുറത്തെ തിരക്കു മാഞ്ഞുപോയി. പുറംലോകമല്ല അകത്ത്. തലങ്ങും വിലങ്ങുമായി ഇരുനിലയിലുള്ള ഓരോ കെട്ടിടങ്ങള്‍. മുറ്റത്ത് ഒന്നുരണ്ടു വാഹനങ്ങള്‍. അറ്റത്തെ ചെറിയ മരത്തറയില്‍ രണ്ടുമൂന്നുപേര്‍ ഇരിപ്പുണ്ട്. മുന്നിലെ മുറിയില്‍ ഒരാള്‍.

കയറിച്ചെന്നു. ഒരു സന്ദര്‍ശകനാണെന്നു പറഞ്ഞു. വശത്തെ ഒരു മുറിയിലേക്ക് അദ്ദേഹം കൈചൂണ്ടി. മഠം മാനേജരായ സന്യാസിയുടെ മുറി.

''ഞാന്‍ കേരളത്തില്‍ വന്ന് താമസിച്ചിട്ടുണ്ട്. എത്രയോ വര്‍ഷം മുമ്പ്.'' ഭക്ഷണം കഴിച്ച് എഴുന്നേല്‍ക്കുമ്പോള്‍ സ്വാമിജി പറഞ്ഞു.  

''സ്വാമിജിയുടെ നാട് എവിടെയാണ്?''

''ഇവിടെ പുരിയില്‍ത്തന്നെ.''

''കേരളത്തില്‍ താമസിച്ചപ്പോഴാവും മലയാളം പഠിച്ചത്''  

ഒരു ശങ്കയോടെ ഞാന്‍ ചോദിച്ചു.

''പന്ത്രണ്ട് ഇന്ത്യന്‍ഭാഷകള്‍ ഞാന്‍ നന്നായി സംസാരിക്കും. മിക്കയിടത്തും ഞാന്‍ രണ്ടും മൂന്നും വര്‍ഷം താമസിച്ചിട്ടുണ്ട്. എവിടെയെത്തിലാലും അവിടത്തെ ഭാഷ നന്നായി പഠിക്കുക. അത് നിര്‍ബന്ധമാണെനിക്ക്''

സ്വന്തം കാര്യം പറയുമ്പോള്‍ സ്വാമിജി വളരെ വാചാലനാവുന്നു. കൂടുതലൊന്നും ചോദിക്കാന്‍ ഞാന്‍ മുതിര്‍ന്നില്ല.

''ഇവിടമൊക്കെ കണ്ട് വേഗം മടങ്ങണമെന്നുണ്ട്. ഒരാളെ കൂടെ വിട്ടുതന്നാല്‍ ഉപകാരം.''  

''വരൂ'' സ്വാമിജി മുന്നില്‍ നടന്നു.

ഒന്നു രണ്ടു മുറികള്‍ കടന്ന് ചെന്നത് ഒരു ഇടനാഴിയിലേക്കാണ്. അടച്ചിട്ടിരിക്കുന്ന ഒരു മുറിക്കു മുമ്പില്‍ സ്വാമിജി നിന്നു.

''ആചാര്യസ്വാമികള്‍ ഇരുന്ന മുറിയാണിത്.''

മുറിക്കു പുറത്തെ ചുമരില്‍ എഴുതി വച്ചിരിക്കുന്നു.

'ശ്രീമദ് ആദിശങ്കരാചാര്യ പീഠ്'

ഠവശ െയലറ ശ െീൃശഴശിമഹ ലെമ േീള അറശ ടമിസമൃമരവമൃ്യമ ശെിരല 2500 ്യലമൃ.െ  

ശ്രീശങ്കരജയന്തിക്കും നവരാത്രി ആഘോഷസമയത്തും മാത്രമേ അതു തുറക്കാറുള്ളൂവത്രേ. തൊട്ടടുത്ത് ആചാര്യര്‍ ആരാധന നടത്തിയിരുന്ന പൂജാമുറികള്‍ തുറന്നു കിടപ്പുണ്ട്. ഒന്ന് ഗോവര്‍ധനനാഥനായ കൃഷ്ണന്‍. മറ്റേത് വിമലാമാതാവ് (ഭൈരവി). ആദിശങ്കരാചാര്യര്‍ സ്ഥാപിച്ച ഒരു അര്‍ധനാരീശ്വരവിഗ്രവും ഉണ്ട്.

അപ്പോഴേക്കും രണ്ടുപേര്‍ സ്വാമിജിയെ കാണാനെത്തി. വെട്ടിയിട്ട വാഴത്തടിപോ

ലെ ഒരാള്‍ സ്വാമിജിയുടെ കാല്‍ക്കല്‍ കമിഴ്ന്നടിച്ചു വീണു. പിറകെ മറ്റേയാളും. നമസ്‌കരിച്ചതാണ്. സ്വാമിജി അവരെ അനുഗ്രഹിച്ചു. എന്നോട് ഇപ്പോള്‍ വരാം എന്ന് ആഗ്യം കാണിച്ച് സ്വാമിജി അവരോടൊപ്പം അകത്തേക്കു പോയി.

ആദിശങ്കരന്റെ മുറിക്കു മുമ്പില്‍ നിശ്ചലനായി നില്‍ക്കുകയാണ് ഞാന്‍. ശങ്കരദര്‍ശനത്തെക്കുറിച്ച് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രഭാഷണം സംഘടിപ്പിച്ച ഒരോര്‍മ്മ. റിക്കാര്‍ഡ് ചെയ്ത പ്രസംഗം മുഴുവന്‍ അന്ന് പകര്‍ത്തിയെഴുതി പ്രസിദ്ധീകരിച്ച അനുഭവം.

'ശംകരന്‍' എന്നാണ് അദ്ദേഹം പറയാറ്. ശമം ചെയ്തവന്‍. ''നൂറ് വേദങ്ങള്‍ വന്നു പറഞ്ഞാലും സ്വന്തം അനുഭവത്തിന് നിരക്കാത്തതിനെ താന്‍ പ്രമാണമായി സ്വീകരിക്കില്ല എന്നായിരുന്നു ശങ്കരന്റെ നിലപാട്.''

കുടുംബജീവിതത്തിന്റെ നേരറിയാന്‍ പരകായപ്രവേശം നടത്തി അനുഭവം കൈക്കൊണ്ട ശങ്കരന്‍. വിഷ്ണുനാരായണന്‍ നമ്പൂതിരി പറഞ്ഞതുപോലെ ''അന്നത്തെ നിലയ്ക്ക് അപ്രാപ്യവും ദുര്‍ഗമവുമായ ദൂരങ്ങളെ'' തരണം ചെയ്ത് സര്‍വജ്ഞപീഠം കയറിയവന്‍.  

കാലടിയില്‍നിന്ന് കാല്‍നടയായി തുടങ്ങിയ സഞ്ചാരം. ഭാരതത്തിലങ്ങോളമിങ്ങോളമുള്ള താര്‍ക്കികരുടെ നിലപാടുകളെ തള്ളിമാറ്റി ജയിച്ച് മുന്നേറി. നൂറായിരം വ്യത്യസ്ത ചിന്താധാരകളില്‍നിന്നും  ജീവിതസമ്പ്രദായങ്ങളില്‍നിന്നും ഊറ്റിയെടുത്ത അദൈ്വതസിദ്ധാന്തത്താല്‍ ഭാരതീയസംസ്‌കാരത്തിന് ഏകസ്വഭാവം നല്‍കിയവന്‍. നിഷ്പക്ഷവും ചൂഷണമുക്തവും ധര്‍മ്മചാരിയുമായ വേദ സാമൂഹ്യക്രമം സ്ഥാപിച്ചവന്‍. ആചാര്യര്‍ തന്റെ ശിഷ്യന്മാരെ പത്ത് വിഭാഗങ്ങളായി തിരിച്ചിരുന്നു. വന, പാര്‍വത, ആരണ്യ, തീര്‍ഥ, ആശ്രമ, ഗിരി, പുരി, ഭാരതി, സാഗര്‍, സരസ്വതി. നിയുക്തമേഖലകളില്‍ കൃത്യമായ അന്വേഷണങ്ങള്‍ നടത്തുക, ധര്‍മ്മമൂല്യങ്ങള്‍ പ്രചരിപ്പിച്ച് സമൂഹത്തെ ഏകീകരിക്കുക. ഇതായിരുന്നു ഇവരുടെ ചുമതല.

എല്ലാം വെറും മുപ്പത്തിരണ്ട് വയസ്സിനകം. ആദിശങ്കരന്റെ സാന്നിധ്യം നിറഞ്ഞുനിന്നിരുന്ന മുറി. തുറന്നിട്ട ജാലകത്തിലൂടെ ഒരു തണുത്തകാറ്റ്. നൂറ്റാണ്ടുകളുടെ സാംസ്‌കാരികപ്രവാഹത്തിന്റെ ശീതളസ്പര്‍ശം. മനസ്സിനെ തരളിതമാക്കി ആ കാറ്റ് വീശിക്കടന്നുപോയി.

സ്വാമിജി വേഗം തിരിച്ചുവന്നു.

''മഠത്തിന്റെ കീഴിലെ ആശുപത്രി പുതുക്കി പണിയുന്നു. ആര്‍ക്കിടെക്റ്റും കോണ്‍ട്രാക്ടറും. ചില രേഖകള്‍ ഒപ്പിട്ടുവാങ്ങാന്‍ വന്നതാണ്.''

വീണ്ടും നടന്നു. സ്വാമിജിക്കു പിന്നാലെ. ശങ്കരാചാര്യരുടെ ചരിത്രം ചുമരില്‍ ഹ്രസ്വമായി എഴുതിവച്ചിട്ടുണ്ട്. ഒരിടത്ത് ഇതുവരെയുള്ള മഠാധിപതികളുടെ ലിസ്റ്റ്. പേരും കാലയളവും. സ്വാമി നിശ്ചലാനന്ദ സരസ്വതിയാണ് ഇപ്പോഴത്തെ മഠാധിപതി. 1992 മുതല്‍. 145-ാമത്തെ ആള്‍.

ആദിശങ്കരന്റെ പ്രഥമശിഷ്യനായ പത്മപാദരായിരുന്നു ആദ്യമഠാധിപതി. ഉത്തര്‍പ്രദേശിലെ പ്രയാഗ് മുതല്‍ കിഴക്കോട്ടും, ആന്ധ്രാപ്രദേശില്‍ രാജമുണ്ട്രി വരെ തെക്കോട്ടുമുള്ള ഇന്ത്യന്‍ പ്രദേശങ്ങളും നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും പുരിമഠത്തിന്റെ ആത്മീയമേഖലയില്‍പ്പെടുന്നുണ്ട്.

സ്വാമി നിശ്ചലാനന്ദ അവിടെയില്ല. ഒരു യാത്രയിലാണദ്ദേഹം. ഹോഷിയാര്‍പുര്‍ (പഞ്ചാബ്), വൃന്ദാവന്‍, അലഹബാദ്, വാരാണസി എന്നിവിടങ്ങളില്‍ മഠത്തിനു കീഴിലുള്ള ആശ്രമങ്ങളുണ്ട്. അവിടങ്ങളിലൂടെ.

വേദപാഠശാല, യോഗപാഠശാല, വ്യായാമശാല, ഗോശാല ഓരോന്നും കണ്ടും അറിഞ്ഞും നടന്നു. ദരിദ്ര കുടുംബങ്ങളിലെ ഒരുപാട് കുഞ്ഞുങ്ങളെ മഠം ഏറ്റെടുത്തു വളര്‍ത്തുന്നുണ്ട്. പഠിപ്പിക്കുന്നുണ്ട്. ഇവിടെ മാത്രമല്ല മറ്റ് ആശ്രമങ്ങളിലും.

മഠത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സമിതികളെക്കുറിച്ചുള്ള ഒരു ലഘുലേഖ സ്വാമിജി എനിക്കു നല്‍കി. ധര്‍മ്മസംഘ്, സനാതനസന്ത് സമിതി, ആദിത്യവാഹിനി, ആനന്ദവാഹിനി, രാംരാജ്യപരിഷത്ത്, രാഷ്‌ട്രോഥാന അഭിയാന്‍.... അങ്ങനെ എട്ടൊമ്പത് സമിതികള്‍.

ഉച്ചതിരിഞ്ഞ നേരമായതിനാല്‍ ഒരിടത്തും ആരുമില്ല. ഉച്ചമയക്കത്തിലായിരിക്കാം. പുസ്തകശാലയിലെത്തി.. ഒരു ബ്രഹ്മചാരി പുസ്തകത്തട്ടില്‍ നിന്ന് കൂറകളെ പായിക്കുകയാണ്.

പുസ്തകങ്ങള്‍ എടുത്ത് മറിച്ചു നോക്കി. ഹിന്ദി, ഇംഗ്ലീഷ്, ഒറിയ ഭാഷകളിലുള്ള ശങ്കരാചാര്യ കൃതികള്‍, മഠത്തിന്റെ പ്രസിദ്ധീകരണങ്ങള്‍.

നടന്ന് വീണ്ടും കയറിച്ചെന്നത് ഭക്ഷണം കഴിച്ച ഹാളിലാണ്. വിരികളില്‍ അവിടവിടെയായി ചിലര്‍ മലര്‍ന്നു കിടപ്പുണ്ട്. വിരിയിലേക്ക് ചൂണ്ടി സ്വാമിജി പറഞ്ഞു:

''അല്‍പ്പം വിശ്രമിക്കൂ. ബീച്ചിലേക്കല്ലേ പോകാനുള്ളത്. നാലുമണി കഴിഞ്ഞ് തിരിക്കാം.'' അദ്ദേഹം അടുത്ത മുറിയിലേക്ക് കയറി കതകടച്ചു.

പുരി ബീച്ചിലേക്ക് പോകാനുള്ള കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നില്ലല്ലോ.  

നിവര്‍ത്തിയിട്ട വിരിയില്‍ ചുമരു ചാരിയിരുന്നു. തോളിലെ സഞ്ചി ഒതുക്കിവച്ച് കാലു നീട്ടി. തുറന്നിട്ട ജാലകത്തിലൂടെ തണുത്ത കാറ്റ് ഒഴുകി വരുന്നുണ്ട്. പതുക്കെ കണ്ണടച്ചു. ചെറുതായി മയങ്ങിപ്പോയോ.

ഓടിപ്പായുന്ന കൂറകള്‍... പുസ്തകത്തട്ടിലെ ശങ്കരകൃതികള്‍.... സൗന്ദര്യലഹരി, ഭജഗോവിന്ദം, മനീഷാപഞ്ചകം, ബ്രഹ്മസൂത്രഭാഷ്യങ്ങള്‍, മാണ്ഡൂക്യകാരികകളുടെ വ്യാഖ്യാനങ്ങള്‍, വിഷ്ണുഭുജംഗം, ആത്മബോധ, അപരോക്ഷാനുഭൂതി, ജഗന്നാഥാഷ്ടകം..... ആചാര്യരുടെ മുറി, ഗോവര്‍ധനവിഗ്രഹം, വിമലാമാതാവ്, അര്‍ധനാരീശ്വരപ്രതിമ....

കണ്ടതും കേട്ടതും അറിഞ്ഞതുമെല്ലാം മയക്കത്തിലേക്ക് വന്നണയുകയാണ്.

യോഗദണ്ഡും കമണ്ഡലുവുമായി മുണ്ഡനം ചെയ്ത ശിരസ്സും ശോണവസ്ത്രവുമായി ശിഷ്യരോടൊപ്പം നടന്നുവരുന്ന ആചാര്യരുടെ തേജസ്സുറ്റ മുഖം ഉള്ളത്തില്‍ തെളിയുന്നു.

കാതില്‍ അലയടിക്കുന്നതെന്താണ്? മനീഷാപഞ്ചകത്തിലെ ആദ്യശ്ലോകമല്ലേ...

''ജാഗ്രത് സ്വപ്‌ന സുഷുപ്തിഷു  

സ്ഫുടതരാ  

യാ സംവിദുജ്ജൃംഭതേ

യാ ബ്രഹ്മാദിപിപീലികാന്തതനുഷു

പ്രോതാ  

ജഗത്‌സാക്ഷിണീ

സൈവാഹം ന ച ദൃശ്യവസ്ത്വിതി  

ദൃഢപ്രജ്ഞാപി  

യസ്യാസ്തി ചേത്

ചണ്ഡാലോ?സ്തു സ തു ദ്വിജോ?സ്തു  

    ഗുരുരിത്യേഷാ മനീഷാ മമ.''

ഉണര്‍വിലും ഉറക്കത്തിലും സ്വപ്‌നത്തിലും സദാ വ്യക്തവും പ്രകടവുമായിക്കൊണ്ടിരിക്കുന്നതും, ജഗത്തിനെ മുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മന്‍ മുതല്‍ ഉറുമ്പുവരെയുള്ള ശരീരങ്ങളില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാന്‍. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഡവസ്തുക്കളൊന്നും ഞാനല്ല. ഈ ഉറച്ച ജ്ഞാനം ഒരാള്‍ക്കുണ്ടെങ്കില്‍, അയാള്‍ ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു.

ഒരു കപ്പ് ചായയുമായി വന്ന ബ്രഹ്മചാരിയാണ് വിളിച്ചുണര്‍ത്തിയത്. ചായകുടിച്ചു. സ്വാമിജിയുടെ മുറിയിലേക്ക് കയറി. നിലത്ത് പുല്ലുപായയില്‍ ചമ്രം പടിഞ്ഞിരുന്ന് എന്തോ എഴുതുകയാണദ്ദേഹം. യാത്ര പറഞ്ഞു.  

എന്റെ മേല്‍വിലാസവും ഫോണ്‍നമ്പറും അദ്ദേഹം കുറിച്ചെടുത്തു.

''കേരളത്തിലേക്ക് വരാനുണ്ട്. കാണാം.''

പുറത്തേക്കിറങ്ങി. സ്വാമിജി വതില്‍ക്കല്‍വരെ ഒപ്പം വന്നു.

കുടുമകെട്ടി പാളസ്സാറുടുത്ത എട്ടു പത്തു കുട്ടികള്‍. നാലഞ്ച് പശുക്കളും കിടാങ്ങളും. കുട്ടികള്‍ വടികളുയര്‍ത്തി പശുക്കള്‍ക്കു പിറകെ ഓടുന്നു. പിടികൊടുക്കാതെ പശുക്കള്‍ വട്ടം ചുറ്റുകയുമാണ്. പിറകില്‍നിന്ന് സ്വാമിജിയുടെ ചിരി.

''മഠത്തിന്റെ ഐശ്വര്യമാണീ കുട്ടികളും പശുക്കളും.''

അദ്ദേഹം എന്റെ തോളില്‍ കൈവച്ചു.

''ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍.''

പുരി ബീച്ചില്‍ ആളുകള്‍ വന്നുനിറഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ പ്രസിദ്ധമായ ഒരു ബീച്ച്. ഇവിടുത്തെ ബീച്ച് ഫെസ്റ്റിവല്‍ വലിയൊരു ടൂറിസം ആഘോഷമാണ്.

മുന്നില്‍ ബംഗാള്‍ ഉള്‍ക്കടല്‍. കടലവില്‍പ്പനക്കാര്‍. പഴക്കച്ചവടക്കാര്‍. ഒട്ടകസവാരിക്കാര്‍. കുതിരസവാരിക്കാര്‍. വിനോദവേലക്കാര്‍. ആര്‍ത്തിരമ്പുന്ന തിരകളുടെ ആരവം. പിറകില്‍ കുന്നിന്‍ചെരുവിലെവിടേക്കോ മറയാന്‍ ശ്രമിക്കുന്ന സൂര്യന്‍.

മണല്‍ത്തരികളെ തട്ടിത്തെറുപ്പിച്ചുകൊണ്ട് കുറേ കുട്ടികള്‍. മുഴിഞ്ഞു കീറിയ വസ്ത്രം. മെലിഞ്ഞുണങ്ങിയ ശരീരം. അവര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. മണല്‍വാരിയെറിയുന്നു.

നടുവില്‍ മണല്‍ത്തിട്ടയില്‍ വിശ്രമം കൊള്ളുന്ന രണ്ടുമൂന്നു പശുക്കള്‍.

''ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍.''

വൈദ്യുതദീപപ്രഭയില്‍ പുരി ബീച്ച് വെട്ടിത്തിളങ്ങി. ഇരുട്ടില്‍നിന്നു കരയിലേക്ക് കയറിവരുന്ന വെളുത്ത നുരകള്‍.  

ശിരസ്സില്‍ ഇറ്റുവീണത് അടിച്ചുചിതറിയ കടല്‍ത്തുള്ളികളോ. മഴത്തുള്ളികളോ.

എം. ശ്രീഹര്‍ഷന്‍

comment
  • Tags:

LATEST NEWS


വിജയ യാത്രയുടെ വഴിയേ...


വികസനം മുഖ്യ അജണ്ട


മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്


ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ ലഭ്യമാക്കി ടിവിഎസ്


തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി


ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്


കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.