login
തുഞ്ചന്‍ദിനം ഓര്‍മ്മപ്പെടുത്തുന്നത്

സമൂഹത്തില്‍ നടമാടിയ സാംസ്‌കാരികാന്ധതയ്‌ക്കെതിരായ ഒരു വേലിയേറ്റമായിരുന്നു ഭക്തിപ്രസ്ഥാനം. കാലാന്തരത്തില്‍ മനുഷ്യജീവിതത്തില്‍ വന്നുചേര്‍ന്ന ദു:ശീലങ്ങള്‍ക്കെതിരായ മഹാവിപ്ലവമായിരുന്നു അത്. തമിഴില്‍ അവ്വയാറും കാരക്കലമ്മയും കന്നഡയില്‍ ബസവണ്ണയും ഹിന്ദിയിലും ഉറുദുവിലും കബീറും അഹമിയയില്‍ ശങ്കര്‍ദേവും തുടങ്ങിവച്ച സാംസ്‌കാരിക വിപ്ലവത്തിന്റെ അലയൊലിയായിരുന്നു മലയാളത്തിലും സംഭവിച്ചത്

ലയാളത്തോളം ശ്രേഷ്ഠമായ ഭാഷ ഞാനനുഭവിച്ചിട്ടില്ല. കാരണം അതെന്റെ മാതൃഭാഷയാണ്. അമ്മയില്‍ നിന്ന് പകര്‍ന്ന് കിട്ടിയ ഭാഷ. എന്നിലെ നല്ല ശീലങ്ങളുടെയും നല്ല സ്വഭാവത്തിന്റെയും സംസ്‌കാരത്തിന്റെയും നാമ്പ് മുളപ്പിച്ച അമ്മ മലയാളത്തിന്റെ സ്വാധീനത്തോളം വലുതായ മറ്റൊന്നും ജീവിതത്തിലുണ്ടായിട്ടില്ല. ഭാഷയെക്കുറിച്ച് ഏതൊരു മലയാളിക്കും പറയാനുണ്ടാവുക ഇതായിരിക്കും.  അതുകൊണ്ടാണ് മലയാളഭാഷയുടെ പിതാവെന്ന് ആദരിക്കപ്പെടുന്ന തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി മലയാളി ഡിസംബര്‍ മുപ്പതിന് തുഞ്ചന്‍ ദിനമായി ആചരിക്കുന്നത്.

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ സുപ്രധാന രചനകളിലൂടെ മലയാളഭാഷയ്ക്ക് അസ്തിവാരമിടുകയായിരുന്നു തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. മലയാളഭാഷ എഴുത്തച്ഛനുമുമ്പും ഉണ്ടായിരുന്നുവെങ്കിലും ഭാഷയില്‍ ആധുനികതയുടെ തുടക്കം കുറിച്ചു എന്നതാണ് അദ്ദേഹത്തെ ഭാഷാപിതാവായി ആദരിക്കാന്‍ കാരണം. മലയാളത്തില്‍ നാമിന്ന് ലിഖിതഭാഷയിലും സംസാരഭാഷയിലും ഉപയോഗിക്കുന്ന ധാരാളം പദങ്ങളും പ്രയോഗ ശൈലികളും എഴുത്തച്ഛന്റെതാണ്. അന്നേവരെയുണ്ടായിരുന്ന മലയാളത്തിന് ഒരു സാംസ്‌കാരിക പ്രൗഢി നല്കുകയായിരുന്നു എഴുത്തച്ഛന്‍. വാത്മീകി രാമായണത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് അദ്ധ്യാത്മരാമായണം എന്ന് പറയാമെങ്കിലും മനുഷ്യാവസ്ഥകളുടെ വിവിധ തലങ്ങള്‍ എഴുത്തച്ഛന്‍ അതില്‍ ആവിഷ്‌കരിക്കുന്നുണ്ട്.

വഹ്നിസന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം എന്ന് പറയുന്നിടത്തെ മനുഷ്യജീവിതത്തിന്റെ വ്യാഖ്യാനത്തോളം ലളിതമായും സ്പഷ്ടമായും ആരും മനുഷ്യനെ വ്യാഖ്യാനിച്ചിട്ടില്ല. ഇതിഹാസ്യകാവ്യത്തിന്റെ കേവലമായൊരു പരിഭാഷയെന്നതിലുമുപരി തത്വചിന്തയുടെയും പ്രായോഗികചിന്തയുടെയും ഭാഷാവിഷ്‌കാരത്തിന്റെ മകുടോദാഹരണമായി എഴുത്തച്ഛന്റെ കൃതി മാറുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ഭക്തിയോടൊപ്പം സമം യുക്തിയും ചേര്‍ത്ത് നിര്‍മ്മിച്ചെടുത്തതാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. ഭാഷ കേവലം ആശയവിനിമയത്തിനും വൈകാരിക വിനിമയത്തിനുമുള്ള ഉപാധിയെന്നതില്‍ നിന്നും ഉന്നതമായ സാംസ്‌കാരിക വിനിമയത്തിന്റെയും ബൗദ്ധികവികാസത്തിന്റെയും സ്രോതസ്സായി വളരണമെന്ന കാഴ്ചപ്പാടോടെ നിര്‍മ്മിച്ചെടുത്തതാണ് അദ്ധ്യാത്മരാമായണവും മഹാഭാരതവും. ഇന്ന് ചര്‍ച്ചചെയ്യപ്പെടുന്ന യൂറോപ്യന്‍ അനുകരണ ആധുനികതയല്ല ഇതിലുള്ളത്. പകരം ഇവിടുത്തെ മണ്ണിലുറവയെടുത്ത ആധുനികതയാണ്.  

എഴുത്തച്ഛന്‍ ജീവിച്ചിരുന്ന കാലഘട്ടം പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകള്‍ക്കിടയിലാണ് എന്നാണ് പറയപ്പെടുന്നത്. ആ കാലഘട്ടത്തില്‍ എഴുത്തച്ഛനെപ്പോലൊരു കവിയുടെ ഉദയത്തിനും അദ്ധ്യാത്മരാമായണം പോലൊരു കൃതിയുടെ രചനയ്ക്കുമുണ്ടായ പശ്ചാത്തലമെന്തായിരുന്നുവെന്നുകൂടെ ഇവിടെ ആലോചിക്കേണ്ടത് അത്യാവശ്യമാണ്. ഏതൊരു മനുഷ്യനെയും രൂപപ്പെടുത്തുന്നത് അവന്റെ കാലഘട്ടം കൂടിയാണല്ലോ. ഭാരതമാകമാനം വ്യാപിച്ചിരുന്ന ബൗദ്ധിക വിപ്ലവത്തിന്റെ അനുരണനങ്ങളാണ് കേരളത്തിലും സംഭവിച്ചതെന്ന് ചരിത്രം പരിശോധിച്ചാല്‍ നിസ്സംശയം പറയാന്‍ സാധിക്കും. സമൂഹത്തില്‍ നടമാടിയ സാംസ്‌കാരികാന്ധതയ്‌ക്കെതിരായ ഒരു വേലിയേറ്റമായിരുന്നു ഭക്തിപ്രസ്ഥാനം. കാലാന്തരത്തില്‍ മനുഷ്യജീവിതത്തില്‍ വന്നുചേര്‍ന്ന ദു:ശ്ശീലങ്ങള്‍ക്കെതിരായ മഹാവിപ്ലവമായിരുന്നു അത്. തമിഴില്‍ അവ്വയാറും കാരക്കലമ്മയും കന്നഡയില്‍ ബസവണ്ണയും ഹിന്ദിയിലും ഉറുദുവിലും കബീറും അഹമിയയില്‍ ശങ്കര്‍ദേവും തുടങ്ങിവച്ച സാംസ്‌കാരിക വിപ്ലവത്തിന്റെ അലയൊലിയായിരുന്നു മലയാളത്തിലും സംഭവിച്ചത് എന്ന് കാണാന്‍ സാധിക്കും.

സാംസ്‌കാരികമായി മൂല്യശോഷണം സംഭവിച്ച സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന മഹാദൗത്യമായിരുന്നു ഇവരൊക്കെ നിര്‍വ്വഹിച്ചത്. ഭാഷയേയും ഭക്തിയേയും അതിനൊരു മാര്‍ഗ്ഗമാക്കി മാറ്റുകയായിരുന്നു. അതിന്റെ ഉപോല്‍പ്പന്നമായി സംഭവിച്ചതാണ് മലയാളഭാഷയുള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളുടെ വളര്‍ച്ചയെന്ന് ഭാഷാശാസ്ത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചുരുക്കത്തില്‍ സാംസ്‌കാരിക മൂല്യശോഷണത്തിനെതിരായുള്ള മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു മലയാളത്തില്‍ രചിക്കപ്പെട്ട അദ്ധ്യാത്മരാമായണം കിളിപ്പാട്ടും മഹാഭാരതം കിളിപ്പാട്ടും. ഇവിടെയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനെ കവിയെന്ന നിലയില്‍ നിന്നുമുപരിയായി സമൂഹരചയിതാവ എന്ന നിലയില്‍ നമുക്ക് കാണാന്‍ സാധിക്കുക. കേരളസമൂഹം ജീവിതത്തിന്റെ എല്ലാ മേഖലകളിലും തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനുമായി കടപ്പെട്ടിരിക്കുന്നത് ഇവിടെയാണ്. നമ്മെ നാമാക്കി മാറ്റിയ മഹാപുരുഷനാണ് തുഞ്ചത്ത് എഴുത്തച്ഛന്‍.

സമീപകാലത്ത് കേരളത്തിലും മലയാളഭാഷയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തിന്റെ സാഹചര്യത്തില്‍ എഴുത്തച്ഛനും അദ്ദേഹത്തിന്റെ ആശയങ്ങളും എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് പരിശോധിക്കണം. ' മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍, മര്‍ത്ത്യന് പെറ്റമ്മ തന്‍ഭാഷതാന്‍' എന്ന് വള്ളത്തോളും 'പലമാതിരി പലഭാഷകള്‍ പലഭൂഷകള്‍ കെട്ടി, പാടിയും ആടിയും പല ചേഷ്ടകള്‍ കാട്ടി, വിഭ്രമവിഷവിത്തു വിതയ്ക്കിലും ഹൃദിമേ, വിസ്മരിക്കില്ല ഞാന്‍ നിന്നെ സുരസുഷമേയെന്ന് ' ചങ്ങമ്പുഴയുമൊക്കെ മലയാളത്തെ വാഴ്ത്തിപ്പാടിയിട്ടുണ്ടെങ്കിലും മാതൃഭാഷയുടെ അടിവേരിനിട്ട് വെട്ടുന്ന നയങ്ങള്‍ നമ്മുടെ രാഷ്ട്രീയ-സാഹിത്യനായകരും അവര്‍ പിന്തുണയ്ക്കുന്ന ഭരണാധിപരും അവര്‍ക്കുവേണ്ടി പണമൊഴുക്കുന്ന മതവാദികളും സ്വീകരിക്കുന്ന കാലഘട്ടത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. മലയാളത്തെ സംരക്ഷിക്കാനെന്ന പുറംമോടിയില്‍ ഭാഷയില്‍ നിന്ന് അതിന്റെ സാംസ്‌കാരിക വ്യക്തിത്വത്തെ ചോര്‍ത്തിക്കളഞ്ഞ് സൗന്ദര്യത്തോടൊപ്പം തനിമയെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അനുസ്യൂതം ബോധപൂര്‍വ്വം നടന്നുവരുന്നുണ്ട്.  

ശ്രേഷ്ഠപദങ്ങള്‍ക്ക് പകരം തെറിപ്പദങ്ങളാണ് കൂടുതല്‍ സംവേദനക്ഷമമെന്നും അതാണ് സാഹിത്യത്തിന് അഭികാമ്യമെന്നും നമ്മുടെ സാഹിത്യ അക്കാദമിയുടെ സെക്രട്ടറിപോലും ഉദാഹരണസഹിതം ഉച്ചഭാഷിണിയില്‍ വിശദീകരിക്കുന്നത് നമുക്ക് കാണേണ്ടിവരുന്നു. കലാശാലകളില്‍ നിന്ന് തെറിപ്പുസ്തകങ്ങള്‍ വലിയ ആഘോഷാരവങ്ങളോടെ പുരോഗമനമേലങ്കിയിട്ടുകൊണ്ട് പ്രസിദ്ധീകരിക്കപ്പെടുന്നു. കുഞ്ഞുമനസ്സുകളില്‍ത്തന്നെ വിഷവിത്തു മുളപ്പിച്ചെടുക്കുന്നു. സ്ത്രീവിരുദ്ധതയും അശ്ലീലവും മുഖമുദ്രയാക്കിയ തെറിപ്പദങ്ങള്‍ കൊണ്ട് നിറച്ച നോവലുകള്‍ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ ആഘോഷമാക്കുന്നു. പ്രതിഷേധശബ്ദങ്ങളെ ഫാസിസമെന്നാരോപിച്ച് അടിച്ചമര്‍ത്തുന്നു. സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ട് പ്രസിദ്ധീകരിക്കപ്പെടുന്ന തെറിപ്പുസ്തകങ്ങള്‍ക്ക് പലപേരുകളില്‍ പുരസ്‌കാരങ്ങള്‍ സൃഷ്ടിച്ച് ആഘോഷിച്ച് സ്വീകാര്യത നേടിയെടുക്കുന്നു.  

ഈ പ്രവണത ഭാഷയോടുള്ള വെല്ലുവിളിയാണ്. ലഹരിവസ്തുക്കളുടെ വിപണനത്തിലൂടെ നമ്മുടെ നാടിനെ കീഴടക്കാമെന്ന ആഗോള മുതലാളിത്തചിന്തയുടെ പുരോഗമനവേഷമിട്ട പിണിയാളുകളാണ് ഇതിന് നേതൃത്വം നല്കുന്നത്. മാധ്യമങ്ങളെ അവര്‍ വിലക്കെടുത്തുകഴിഞ്ഞു. ഈ മാധ്യമങ്ങളിലിടം കിട്ടുന്നതിനായി പാവം എഴുത്തുകാര്‍ മൂല്യശോഷണത്തിന്റെ ദുര്‍ഗന്ധവാഹകരായി മാറുന്നു. ഫലമോ സാഹിത്യം മലീമസമാകുന്നു. ഭാഷ മലിനമാകുന്നു. ഇവിടെയാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രാധാന്യം നമ്മള്‍ മനസ്സിലാക്കേണ്ടത്. സാംസ്‌കാരിക ഉന്നതിയുടെ പുനഃസ്ഥാപനത്തിനായി കാലഘട്ടത്തിനനുസരിച്ചും പുതിയ ലോകക്രമത്തിനനുസരിച്ചും മനുഷ്യന്റെ ബൗദ്ധികവും മൂല്യാധിഷ്ഠിതവുമായ വികാസത്തിനനുഗുണമാകുന്ന വിധത്തില്‍ മലയാളഭാഷയ്ക്ക് മലയാളികളെ മുന്നോട്ടു നയിക്കാന്‍ സാധിക്കണമെങ്കില്‍ എഴുത്തച്ഛന്‍ കാണിച്ച വഴിയിലൂടെ നമ്മള്‍ വീണ്ടും ചരിക്കേണ്ടിയിരിക്കുന്നു.

  comment
  • Tags:

  LATEST NEWS


  'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്‍


  'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.