സാമ്പത്തികവും രാഷ്ട്രീയവുമായ അനുഭവമേഖലകളടങ്ങുന്ന രചനകളാണ് ഉണ്ണിക്കൃഷ്ണന് തിരുവാഴിയോടിന്റേത്. അദ്ധ്യാപകനായി ആരംഭിച്ച് കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിക്കുന്നതുവരെയുള്ള ഔദ്യോഗികജീവിതവും ശക്തമായ അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളില്‍. ദല്‍ഹി മയൂര്‍വിഹാറിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന ഉണ്ണിക്കൃഷ്ണന് തിരുവാഴിയോടുമായി സാഹിത്യസൃഷ്ടികളുടെ പശ്ചാത്തലത്തില്‍ നടത്തിയ സംഭാഷണത്തില്‍ നിന്ന്.
ശക്തവും വൈവിധ്യപൂര്‍ണ്ണവുമായ പ്രമേയങ്ങളാണ് ഉണ്ണിക്കൃഷ്ണന് തിരുവാഴിയോടിന്റെ രചനാലോകം. എഴുത്തിന്റെ മുഖ്യധാരയില്‍ നില്‍ക്കുമ്പോഴും സാഹിത്യക്കൂട്ടായ്മകളിലോ പ്രസ്താവനായുദ്ധങ്ങളിലോ ഈ എഴുത്തുകാരനെ കണ്ടുമുട്ടാറില്ല. 2008 ല്‍ പുറത്തിറങ്ങിയ രതിരഥ്യ എന്ന നോവലിലൂടെ ഭാരതീയ ദാര്‍ശനികചിന്തകളുടെ വേറിട്ടൊരു ലോകം അനുഭവിപ്പിച്ച ഉണ്ണിക്കൃഷ്ണന് തിരുവാഴിയോട് തന്റെ രചനാജീവിതത്തിന്റെ മറ്റൊരു പഥം പിന്നിടുകയായിരുന്നു.
എന്റെ എഴുത്തുജീവിതത്തിന്റെ നാള്‍വഴി പരിശോധിക്കുമ്പോള്‍ ചെറുതും വലുതമായ ഇടവേളകള്‍ അസാധാരണമൊന്നുമല്ല. ഫാറൂഖ് ട്രെയിനിങ്ങ് കോളേജില്‍ ബിഎഡിന് പഠിക്കുമ്പോഴാണ് ആദ്യകഥ എഴുതിയത്- 1963 ല്‍. പ്രസിദ്ധീകരിച്ചുതുടങ്ങുന്നത് 1965 ലാണ്. കാമ്പിശ്ശേരി കരുണാകരന്റെ ജനയുഗത്തില്‍. പിന്നീട് മലയാളരാജ്യം, മംഗളോദയം, മലയാളനാട്, മാതൃഭൂമി, കലാകൗമുദി, കഥ തുടങ്ങിയവയില്‍ വന്നുതുടങ്ങി.
തുടക്കത്തില്‍ കഥകളേക്കാള്‍ കമ്പം നാടകത്തോടായിരുന്നു. തിരുവാഴിയോട് ഒരു കലാസമിതി രൂപീകരിച്ചതായിരുന്നു നാടകരചനയ്ക്കുള്ള പ്രചോദനം. 'അരക്കില്ലം' എന്ന പേരില്‍ ആ നാടകം അരങ്ങുതകര്‍ത്തു. വള്ളുവനാട് കലാസമിതി മലമ്പുഴ വച്ച് നടത്തിയ നാടകമത്സരത്തില്‍ രചനയ്ക്കുള്ള ഒന്നാം സമ്മാനവും നേടി. 'തീക്കുടുക്ക' എന്ന പേരില്‍ കറന്റ് ബുക്സ് 1967 ല്‍ ഇത് പ്രസിദ്ധീകരിച്ചു.
വള്ളുവനാടന്‍ ഗ്രാമീണശാലീനതയില്‍ നിന്നും ദല്‍ഹിയിലെത്തിയപ്പോള്‍ ദല്‍ഹിയുടെ ഊഷരതയുമായി പൊരുത്തപ്പെടാന്‍ സമയമെടുത്തു. 1969 ലാണ് 'ഹിപ്പി' എന്ന ആദ്യനോവല്‍ എഴുതിയത്. ഉടഞ്ഞ വിഗ്രഹങ്ങളുടെയും ഒഴിഞ്ഞ ശ്രീകോവിലുകളുടെയും മുമ്പില്‍ അമ്പരന്നുനിന്ന യുവത്വത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ നോവല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ഒരു ധ്വനി ആയിരം പ്രതിധ്വനി' ബംഗ്ലാദേശ് വിമോചനത്തിന്റെ പശ്ചാത്തലത്തില്‍, കല്‍ക്കത്തയില്‍ വച്ചാണ് എഴുതിയത്. വേദാന്തത്തില്‍നിന്ന് വിപ്ലവത്തിലേക്ക് വഴിതെറ്റിവന്ന മനുഷ്യന്റെ ധര്‍മ്മസങ്കടങ്ങളാണ് നോവലിലെ പ്രമേയം. പ്രസിദ്ധീകരിച്ചത് 1974 ല്‍.
എന്‍ബിഎസ് 1977 ല്‍ പ്രസിദ്ധീകരിച്ച 'മരണത്തിന്റെ നിറം' അസ്തിത്വത്തിന്റെ നൊമ്പരവും ദുഃഖത്തിന്റെ കാളിമയും പടര്‍ന്ന കാന്വാസുകളിലൂടെ, മരണത്തിന്റെ കാലൊച്ച കേള്‍പ്പിക്കാന്‍ ശ്രമിക്കുന്ന ചിത്രകാരന്റെ കഥയാണ്.
കാളിദാസന്റെയും ശ്രീപാര്‍വതിയുടെയും വിക്രമാദിത്യന്റെയും മഹാകാലേശ്വരന്റെയും നാടായ മാള്വാപ്രദേശത്ത്, ഭാരതസര്‍ക്കാരിന്റെ ബാങ്ക്നോട്ട് പ്രസ്സിന്റെ അഡ്മിനിസ്ട്രേഷന് മാനേജരായി ഞാനെത്തുന്നത് 1976- 80 കാലത്താണ്. അക്കാലത്ത് രചിച്ച 'പണം' എന്ന നോവല്‍ ശ്രദ്ധ നേടുകയുണ്ടായി. പ്രവാസജീവിതത്തിന്റെ വ്യഗ്രതയും സാമൂഹ്യ-സാമ്പത്തിക മേഖലകളിലെ പണത്തിന്റെ സ്വാധീനവും ആണ് അതില്‍ ചര്‍ച്ചയാവുന്നത്.
1984 ഒക്ടോബര്‍ 31 ന് ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് വധിക്കപ്പെട്ടു. വെടിയേറ്റതുമുതല്‍ യമുനാതീരത്ത് അവരുടെ ചിത എരിയുന്നതുവരെയുള്ള 72 മണിക്കൂറിന്റെ അന്തരാളത്തിലേക്ക് ശിഖചരിത്രമത്രയും ആവാഹിച്ച് എഴുതിയ നോവലാണ് 'ദൃക്സാക്ഷി.' 1992 ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. 2004 ല്‍ മലയാളനോവലിന്റെ 125 -ാം വര്‍ഷത്തില്‍ ഒന്നേകാല്‍ നൂറ്റാണ്ടിനിടെ പുറത്തിറങ്ങിയ ശ്രദ്ധേയമായ 84 നോവലുകളിലൊന്നായി ഇത് തെരഞ്ഞെടുക്കപ്പെട്ടു. ഈ നോവലിന്റെ കന്നഡ പരിഭാഷ 2010 ല്‍ പുറത്തിറങ്ങുകയുണ്ടായി.
സാമ്പത്തികവിഷയങ്ങളുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട രണ്ട് നോവലുകളാണ് 'ചൂതാട്ട'വും 'ലയന'വും-1994 ല്‍. ലോകമനസ്സാക്ഷിയെ ഞെട്ടിച്ച മറ്റൊരു രാഷ്ട്രീയകൊലപാതകമാണ് 'മനസ്സാക്ഷി'യിലെ പ്രമേയം. ശ്രീപെരുംപുതൂരില്‍ രാജീവ് ഗാന്ധിയുടെ ശരീരം ഛിന്നഭിന്നമാകുന്നതുവരെയുള്ള ഒരു ദശകമാണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത്. 'രതിരഥ്യ' 'മലയാളം വാരിക'യില്‍ പ്രസിദ്ധീകരിക്കുന്നത് 2008 ലാണ്. 2012 ലെ മലയാറ്റൂര്‍ അവാര്‍ഡ് നേടിയ ഈ നോവല്‍ ഏറെ ശ്ലാഘിക്കപ്പെട്ട കൃതിയാണ്. 'നഖക്ഷതങ്ങള്‍', നീലമലകളിലെ സുവര്ണ്ണഞൊറികള്' എന്നിങ്ങനെ വേറെയുമുണ്ട് നോവലുകള്‍. നൂറിലേറെ ചെറുകഥകളും. ഒരു ഡസനിലേറെ നോവലെറ്റുകളും അപ്പപ്പോഴായി എഴുതിയിട്ടുണ്ട്.
2002 ല്‍ ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തി എഴുത്തില്‍ ശ്രദ്ധയൂന്നണമെന്നായിരുന്നു ഞാന്‍ സ്വപ്നം കണ്ടിരുന്നത്. പക്ഷേ, കുട്ടികളുടെ പഠനസൗകര്യങ്ങള്‍ കണക്കിലെടുത്ത് ദല്‍ഹിയില്‍തന്നെ തുടരേണ്ടിവന്നു. പൊതുമേഖലാസ്ഥാപനങ്ങളുടെ കണ്‍സള്‍ട്ടന്റായി തുടരാന്‍ ദല്‍ഹിയില്‍ തന്നെ തുടരേണ്ടതും ആവശ്യമായി. ഔദ്യോഗികജീവിതത്തേക്കാള് തിരക്കുള്ള വര്‍ഷങ്ങളായിരുന്നു പിന്നീടുണ്ടായത്. എങ്കിലും 'ഋതുസംക്രമം' എന്നൊരു നോവല്‍ എഴുതിത്തീര്‍ത്തു. അതിന്റെ മിനുക്കുപണികള്‍ ബാക്കിയാണ്. സാഹിത്യത്തില്‍ ഇപ്പോഴും സക്രിയനാണെന്ന് സാരം.
പ്രമേയത്തിലും ആഖ്യാനത്തിലും തദനുസൃതമായ വ്യത്യസ്തകള്‍ ഓരോ കൃതിയിലും പുലര്‍ത്താറുണ്ട്. 'രതിരഥ്യ'യില്‍ അവയ്ക്ക് ഏറെ പരിപാകം വന്നു എന്നുമാത്രം. 'രതിരഥ്യ'ക്ക് വാങ്മുഖം രചിച്ച ആഷാമേനോന് നോവലിന്റെ വിശേഷങ്ങള്‍ വിശദമായി പറയുന്നുണ്ട്. അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:'' പണം, ദൃക്സാക്ഷി എന്നീ നോവലുകളില്‍ നാം അനുഭവിച്ച ഉണ്ണിക്കൃഷ്ണന് തിരുവാഴിയോടിന്റെ ഏറ്റം പരിപാകം വന്ന ഈ രചനയില്‍, പ്രസ്തുത ചരണത്തിലൂടെ പ്രശാന്തിയും പ്രകാശവും നമ്മിലേക്ക് വഴിയുന്നു. അഗ്നേ നയ, സുപഥ- ഹേ, സൂര്യാഗ്നി, എന്നെ സത്പഥത്തിലേക്ക് നയിച്ചാലും എന്ന പ്രാര്‍ത്ഥനയുടെ പൂര്‍ത്തീകരണം അപ്പോള്‍ നമ്മിലും ഉളവാകുന്നു.''
ശ്രീചക്രവും ശ്രീവിദ്യയും ശ്രീമഹാത്രിപുരസുന്ദരിയുമൊക്കെയായി എന്റെ പരിചയം തുടങ്ങുന്നത് ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ്. ഗുവാഹതിയിലെ സുപ്രസിദ്ധ കാമാഖ്യക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അസം സര്‍ക്കാരിന്റെ അതിഥിയായിരുന്നതുകൊണ്ട് ക്യൂവിന്റെ വാലില്‍ തൂങ്ങാതെ, സതീദേവിയുടെ യോനീമുദ്ര പതിച്ച പരിപാവനപ്രതിഷ്ഠാമണ്ഡപത്തിലേക്ക് നേരിട്ട് ആനയിക്കപ്പെട്ടു. ഏതോ അഭൗമമായ അനുഭൂതിസാന്ദ്രതയില് ഞാന്‍ ലീനനായി. ഭൂതവും വര്‍ത്തമാനവും ഭാവിയുമില്ലാത്ത കാലത്തിന്റെ നിസ്തുലതയില്‍ ഞാന്‍ മയങ്ങി. മറ്റൊരാളായി ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റു. പിന്നീട് ഏതാനും
താന്ത്രികരുമായി പരിചയപ്പെട്ടു. ത്രികോണങ്ങളുടെയും വൃത്തങ്ങളുടെയും പത്മദളങ്ങളുടെയും അപൂര്വവിന്യാസമാണ് ശ്രീചക്രമെന്ന് ഞാനറിഞ്ഞു. അതിന്റെ നടുവില്‍ കാണുന്ന ബിന്ദു. ഉണ്മയുടെ പ്രതീകം. പരമമായ സത്യം.
നീണ്ട യാത്രകള്‍ക്കിടയില്‍ ഏറെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. ശിവാലിക് കുന്നുകളിലരുളുന്ന മനസാദേവി. കാംഗ്രയിലെ ജ്വാലാജി. സതീദേവിയുടെ തിരുനാവ് വീണ സ്ഥലം. ഒമ്പത് ജ്വാലകളാണ് ഇവിടത്തെ ദേവീരൂപം. ഭുവനേശ്വറിലെ ക്ഷേത്രങ്ങളിലും പിന്നെ കാശിയിലും ഏറെ സംന്യാസിമാരുമായി പരിചയപ്പെട്ടു.
'രതിരഥ്യ'യുടെ ബീജാങ്കുരം എവിടെ എപ്പോള്‍ ഉണ്ടായി എന്ന് പറയാന്‍ വയ്യ. ബോധാബോധതലങ്ങളിലെവിടെയോ അത് പൊട്ടിമുളച്ചിരിക്കണം. ജീവിതാനുഭവങ്ങളും അറിവുകളുടെ നുറുങ്ങുകളും കാലത്തിന്റെ അടരുകളില്‍ ജീവവായു നല്കിയിട്ടുണ്ടാവണം. പ്രചോദനവും പ്രേരണയും നിര്‍വചനാതീതമായ സമസ്യകളാണ്.
ആഷാമേനോന്റെ ഉപക്രമത്തില്‍ പറയുന്നത് നോക്കൂ: സാംസ്കാരികമായ ഊര്‍ജ്ജം ലൈംഗികോര്ജ്ജത്തില് നിന്ന് അകറ്റിനിര്‍ത്തേണ്ടതില്ല. രതിയില്‍നിന്ന് സംസ്കൃതി ഉളവാകുന്നെന്ന സരളമായ അര്ത്ഥകല്പന, ഒരുപക്ഷേ, ഇവിടെ അനുയോജ്യമാകയില്ല. ഭാവാന്തരം പൂകിയ രതിയാണ് സംസ്കൃതിയുടെ വികാസത്തിന് ഹേതുവാകുക.
മനുഷ്യമനസ്സിന്റെ നിഗൂഢതകളും ആത്മീയപരിവേഷവും താന്ത്രികാചരണങ്ങളും എന്റെ കഥകളിലും നോവലെറ്റുകളിലും മുമ്പും അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. 'രതിരഥ്യ'യില്‍ അവയ്ക്ക് പുതിയൊരു ചൈതന്യം ലഭിച്ചുവെന്ന് മാത്രം. സര്‍ഗപ്രക്രിയയ്ക്ക് അതിരുകളില്ല. അത് ചലനാത്മകമാണ്. വ്യതിചലനം അതിന്റെ നൈസര്‍ഗ്ഗികതയാണ്. ദൈവീകമായ ഉത്തേജനം ശക്തിയും ചാരുതയും നല്കുന്നു. അതിനിഗൂഢതകളുടെ സ്രോതസ്സുകളാണ് ജീവിതത്തിന്റെ രഹസ്യാത്മകതയ്ക്ക് മാറ്റണയ്ക്കുന്നത്.
ഞാന്‍ ദല്‍ഹിയിലെത്തുമ്പോള്‍ കാക്കനാടനും ഒ. വി. വിജയനും എം. മുകുന്ദനും ഇവിടെയുണ്ടായിരുന്നു. പിന്നീട് കുറച്ചുകാലത്തേക്ക് സി. രാധാകൃഷ്ണനും സേതുവും ഇവിടെയെത്തി. ഐകെകെഎം, ഏവൂര്‍, അകവൂര്‍, ശ്രീകൃഷ്ണദാസ് തുടങ്ങിയവരും ദല്‍ഹി സാഹിത്യസദസ്സുകളില്‍ പതിവുകാരായിരുന്നു. കേരള ക്ലബ്ബിന് പുറമെ ദല്‍ഹി ലിറ്റററി വര്‍ക്ഷോപ്പ് വളരെ സജീവമായിരുന്നു. മലയാളചെറുകഥയ്ക്കും നോവല്‍സാഹിത്യത്തിനും ദല്‍ഹി എഴുത്തുകാര്‍ നല്കിയ ഉണര്‍വ് ചെറുതല്ല. ആഴ്ചകള്‍ തോറും നടക്കുന്ന സാഹിത്യസദസ്സുകള്‍ നൂതനപ്രവണതകളെ കര്‍ശനമായി വിലയിരുത്തിയിരുന്നു.
സ്വാഭാവികമായും ഓരോ എഴുത്തുകാര്‍ക്കും അവരുടെതായ കാഴ്ചപ്പാടും സമീപനവും ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എന്ന നിലയില്‍ രാഷ്ട്രീയമായ നിലപാടുകള്‍ക്ക് പ്രസക്തിയില്ല. പക്ഷേ സാമൂഹ്യമായ കാഴ്ചപ്പാടില്‍ നിന്ന് രാഷ്ട്രീയസമീപനങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച ഒഴിവാക്കാനാവില്ല. വളരെ വിപുലമായൊരു ഭരണഘടനയുള്ളതുകൊണ്ട് രാഷ്ട്രീയചര്‍ച്ചകള്‍ക്ക് അര്‍ത്ഥവത്തായൊരു സഞ്ചാരപഥം നല്‍കാനായി. അതിന്റെ അതിരുകള്‍ ലംഘിക്കുവാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും ഏഴ് പതിറ്റാണ്ടുകളായി ഇന്ത്യന്‍ ജനാധിപത്യം ഏറ്റവും കടപ്പെട്ടിട്ടുള്ളത് നൂറിലേറെ തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുള്ള ഭരണഘടനയോടാണ്.
'ദൃക്സാക്ഷി'യിലെ രവികുമാര്‍ എന്ന ഉദ്യോഗസ്ഥന് ഇന്ദിരയുടെ മരണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വളരെ അടുത്തുനിന്ന് കാണാന്‍ വിധിയ്ക്കപ്പെട്ട ഒരാളാണ്. പ്രധാനമന്ത്രിയുടെ മരണം ഭരണസംവിധാനത്തിലും ഉദ്യോഗസ്ഥരിലും ഉണ്ടാക്കിയ ഭീതിയും ആശയക്കുഴപ്പവും നേരിട്ടനുഭവിച്ച ആളായിരുന്നു ഞാന്‍. ആ മരണത്തെ തുടര്‍ന്നുണ്ടായ ശിഖവിരുദ്ധകലാപം, രാജീവിന്റെ സ്ഥാനാരോഹണത്തിന്റെ അണിയറക്കഥകള്‍ എല്ലാം ഔദ്യോഗിക ചുമതലകളുടെ ഭാഗമായി ഞാന്‍ നേരില്‍ കണ്ടതും അറിഞ്ഞതുമാണ്. സമകാലിക സന്നിഗ്ധതകളിലേക്ക് ശിഖചരിത്രത്തിന്റെ തിളക്കമാര്‍ന്ന മുഹൂര്‍ത്തങ്ങളെ സന്നിവേശിപ്പിക്കുന്ന പ്രക്രിയ ദുഷ്കരമായിരുന്നു. ഗുരുദ്വാരകളിലൂടെയുള്ള യാത്രയും ശിഖചരിത്രപഠനവുമൊക്കെയായി നാല് വര്‍ഷങ്ങളെടുത്തു ദൃക്സാക്ഷിയുടെ രചനയ്ക്ക്. ആമുഖമായി കെ.കുഞ്ഞിക്കൃഷ്ണന് എഴുതിയ പഠനം പശ്ചാത്തലത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.
'മനഃസാക്ഷി'യില്‍ രാജീവ്വധത്തിലേക്ക് നയിച്ച ആഗോള 'ടെററിസ'മാണ് പ്രമേയം. രാജീവ്ഗാന്ധി പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ്, ഏഷ്യന്‍ ഗെയിംസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്, ഏതാനുംമാസങ്ങള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അദ്ദേഹം വധിക്കപ്പെടുന്ന സമയത്ത് ഞാന്‍ സ്കോട്ലാന്ഡിലായിരുന്നു. വ്യക്തിപരമായി ഞെട്ടിച്ചൊരു സംഭവമായിരുന്നു അത്.
ബിനിസ്സ് ദീപിക പ്രത്യേകം ആവശ്യപ്പെട്ട് എഴുതിയ നോവലുകളാണ് ചൂതാട്ടവും ലയനവും. പൂര്‍ണ്ണമായും ഒറ്റയടിക്ക് എഴുതിയിരുന്നില്ല. ആഴ്ചതോറും ഓരോ അദ്ധ്യായങ്ങള്‍ എന്നമട്ടില്‍ അയയ്ക്കുകയായിരുന്നു. ഔദ്യോഗികയാത്രകള്‍ ധാരാളമുള്ള സമയമായിരുന്നു അത്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ സ്ഥിരം വൈകല്‍ ഒരനുഗ്രഹമായത് അക്കാലത്താണ്. മിക്ക അദ്ധ്യായങ്ങളും എഴുതിയത് എയര്‍പോര്‍ട്ടിലെ വിഐപി ലോഞ്ചിലിരുന്നാണ്. കോര്‍പ്പറേറ്റ് ലോകത്തെ ബിനിസ്സ് മാഗ്നറ്റുകളുടെ അന്തസ്സംഘര്‍ഷങ്ങളുടെ കഥയാണ്, ബിസിനസ്നോവലുകള് എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ നോവലുകള്‍ പറയുന്നത്. 'ചൂതാട്ട'ത്തിലെ വാസുവിനും കോര്‍പ്പറേറ്റ് വനാന്തരങ്ങളിലെ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട 'ലയന'ത്തിലെ സിന്ധുവിനും ജീവിതത്തിലെ ശരിതെറ്റുകളെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ട്. നേട്ടമുണ്ടാക്കുന്നതെന്തും ശരി, നഷ്ടമുണ്ടാക്കുന്നത് തെറ്റ്. ആഗോളവത്ക്കരണത്തിന്റെ പാതയിലേക്ക് തിരിഞ്ഞ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പരിച്ഛേദമാണ് ഈ നോവലുകള്‍.
ഭാഷയും ശൈലിയും പഠിപ്പിലൂടെയോ പരിശീലനത്തിലൂടെയോ നേടിയെടുത്തതല്ല. ദൈവീകമായ അനുഗ്രഹമാണെന്നുവേണം കരുതാന്‍. എസ്എസ്എല്‍സി വരെയാണ് മലയാളം പഠിച്ചത്. കോളേജില്‍ ഫിസിക്സായിരുന്നു മെയിന്‍. രണ്ടാം ഭാഷ ഹിന്ദി. അക്കാലത്ത് വിക്ടോറിയാ കോളേജില്‍ എസ്. ഗുപ്തന്നായരും എം. ലീലാവതിയുമൊക്കെ അദ്ധ്യാപകരായിരുന്നു. അവരുടെ പ്രശസ്തമായ ക്ലാസുകളില്‍ പലപ്പോഴും നുഴഞ്ഞുകയറിയിട്ടുണ്ട്, മലയാളത്തിന്റെ മധുരം നുകരാന്‍. കുട്ടിക്കാലത്ത് അല്‍പ്പം സംസ്കൃതം പഠിച്ചിട്ടുണ്ട്. ശിരോമണി മാഷായിരുന്നു അദ്ധ്യാപകന്. ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം, രഘുവംശം. പിന്നെ തുടര്‍ന്നില്ല. ധാരാളം വായിക്കാറുണ്ട്. സാഹിത്യം മാത്രമല്ല, വേദോപനിഷത്തുകളും പുരാണങ്ങളും മന്ത്രതന്ത്രങ്ങളും രാഷ്ട്രീയവും അര്‍ത്ഥശാസ്ത്രവും ചരിത്രവും ഒക്കെ എനിക്കിഷ്ടപ്പെട്ട വിഷയങ്ങളാണ്.
ജീവിതം മൂന്ന് പൊളിരുകളായി, ഇഴചേര്‍ന്നു- ഔദ്യോഗികം, കുടുംബം, സാഹിത്യം- ആ ഓര്‍ഡറിലായിരുന്നു പ്രാധാന്യം നല്കിയതും സമയം അനുവദിച്ചതും. തിരിച്ചായിരുന്നു വേണ്ടിയിരുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
കാല്‍പ്പനികതയുടെ പ്രകാശവീചികള്‍ സംഭവങ്ങള്‍ക്ക് നിറം പിടിപ്പിക്കുമ്പോഴാണ് നല്ല നോവലുകളുണ്ടാവുന്നത്. വൈകാരികതയുടെ മസൃണതയാണ് സാഹിത്യത്തിന് നിറവും മണവും രുചിയും നല്‍കുന്നത്. സംഭവങ്ങളെ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളുണ്ടല്ലോ. സ്ഥലകാലാതീതമായ ആവിഷ്കാരങ്ങള്‍ക്ക് വൈകാരികതയുടെ ഊഷ്മളതയും അനിവാര്യമാണ്. വൈയക്തിക മനോമണ്ഡലങ്ങളില്‍ സംഭവങ്ങള്‍ ഉളവാക്കുന്ന ചലനങ്ങള്‍ വ്യത്യസ്തങ്ങളാണ്. പലപ്പോഴും പരസ്പരവിരുദ്ധങ്ങളും. അവയെ സൂക്ഷ്മമായും സമഗ്രമായും വൈകാരികവ്യത്യസ്തകളില് വിശകലനം ചെയ്യേണ്ടതുണ്ട്. എഴുത്തുകാരന്റെ അനുഭവപശ്ചാത്തലങ്ങളും അറിവുകളും ദര്ശനപരിമിതികളും വികാരവിചാരചര്യകളും അഭൗമമാനങ്ങള് നല്‍കുമ്പോഴാണ് അവയ്ക്ക് സാഹിത്യമൂല്യം കൈവരുന്നത്.
എംടിയും ഒ. വി. വിജയനും ടി. എന്‍. ശേഷനും ഇ. ശ്രീധരനുമൊക്കെ പഠിച്ച വിക്ടോറിയാ കോളേജില്‍ നിന്നാണ് ഞാന്‍ ബിരുദമെടുത്തത്. ഇരുപത്തിനാല് വയസ്സുവരെ പഠനവും അദ്ധ്യാപനജോലിയും ഒക്കെയായി വള്ളുവനാടിന്റെ ഗ്രാമ്യപരിസരങ്ങളുടെ പരിമളം നകര്‍ന്ന് നാട്ടില്‍തന്നെ ഉണ്ടായിരുന്നു. ഭാഷയും ശൈലിയും സ്വായത്തമായത് അക്കാലത്താണ്. അമ്പത്തിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ചരിത്രമുറങ്ങുന്ന ദല്‍ഹിയുടെ അപരിചിതത്വത്തിലേക്ക് പറിച്ചുനട്ടത്. വള്ളുവനാടന്‍ സംസ്കൃതിയും ഭാഷയുടെ നൈര്‍മല്യവും കൈവിടാതെ സൂക്ഷിക്കുന്നു. നാടുമായുള്ള ബന്ധം തുടരുന്നു. കൊല്ലത്തില്‍ ഒന്നോ രണ്ടോ ചിലപ്പോള്‍ അഞ്ചോ ആറോ തവണ നാട്ടില്‍ വരാറുണ്ട്.
കാക്കനാടന്, എം. മുകുന്ദന്, സേതു എന്നിവരൊക്കെയായി ബന്ധം പുലര്‍ത്തിയിരുന്നു. ഔപചാരികമായ കൂട്ടായ്മകളിലൊന്നും അംഗമല്ല. ഔദ്യോഗികകാര്യങ്ങളും ഇതിന് കാരണമായി പറയാം.
റിട്ടയര്‍ ചെയ്ത് കൊറോണാ മഹാമാരിയുടെ തുടക്കം വരെ തിരക്കിന് കുറവില്ലായിരുന്നു. പലപ്പോഴായി എഴുതിയിരുന്ന 'ഋതുസംക്രമം' നോവല്‍ ഏതാണ്ട് മുഴുമിപ്പിച്ചു. അതിന്റെ മിനുക്കുപണിയിലാണിപ്പോള്‍.
സുനീഷ് കെ.
'ഈ യുദ്ധം നമ്മള് ജയിക്കും; ഒരുമനസോടെ അണിചേരാം'; കൊറോണ വാക്സിന് വിതരണത്തിന് ആശംസയുമായി മഞ്ജു വാര്യര്‍
ഇനി മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട; ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി
വാക്സിനെതിരെ സംശയം പ്രകടിപ്പിച്ച് മനീഷ് തിവാരി; ഇല്ലാക്കഥകളും ആശങ്ക പരത്താനുമാണ് കോണ്‍ഗ്രസ്സിന് താത്പ്പര്യം, രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി
കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്സിന് 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി
വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു
കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍
ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍
ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യുഎൻ റിപ്പോർട്ട്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സൗമ്യന്‍ ശാന്തന് അനന്വയന്
ആയില്യം തിരുനാളും വാക്സിനേഷനും
മാര്‍ക്സ് സ്വര്‍ഗത്തില്‍
പ്രഭാവതി പാടുമ്പോള്‍
കൊവിഡ് കാലത്തും വരയുടെ ശ്രീപ്രസാദം
ജഗന്നാഥന്റെ 'വര'പ്രസാദം