login
ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിച്ഛായ ആഗോളതലത്തില്‍ ഉയര്‍ത്താന്‍ പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിനും നേതൃത്വമികവിനും സാധിച്ചു: എം എ യൂസഫലി

ആത്മനിര്‍ഭര്‍ ഭാരത് പുതുമന്ത്രം: എല്ലാവരും ഒരുമിച്ച് ഒരേ മനസോടെ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണം

മലയാളിയെ സംബന്ധിച്ചിടത്തോളം മുഖവുരകളൊന്നും ആവശ്യമില്ലാത്ത സംരംഭകനാണ് എം എ യൂസഫലി. അറബ് ലോകത്തെ ഭാരതത്തിന്റെ ആഗോള അംബാസഡറെന്ന് ലളിതമായി വിശേഷിപ്പിക്കാം അദ്ദേഹത്തെ. പശ്ചിമേഷ്യയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ഇന്ത്യക്കാരന്‍ ആരെന്ന ചോദ്യത്തിന് യൂസഫലിയെന്ന ഒരുത്തരമേ ഉണ്ടാകൂ.

ലളിതമായി തുടങ്ങി മണലാരണ്യത്തില്‍ ആരെയും അസൂയപ്പെടുത്തുന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത യൂസഫലിയുടെ വിജയകഥ സംരംഭകമോഹികളെയും സംരംഭകരെയും സാധാരണക്കാരെയുമെല്ലാം ഒരു പോലെ ത്രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മഹാമാരിയുടെ ഈ കെട്ടകാലത്ത്, അദ്ദേഹത്തിന് പകരാനുള്ള ഉള്‍ക്കാഴ്ച്ചയ്ക്ക് പ്രസക്തി ഏറെയുണ്ട്.

തൊഴില്‍വെട്ടിച്ചുരുക്കലിന്റെയും ശമ്പളമില്ലായ്മയുടെയും വാര്‍ത്തകള്‍ നിറയുന്ന കാലത്ത് അര ലക്ഷത്തിലധികം പേര്‍ ജോലി ചെയ്യുന്ന ബിസിനസ് ഗ്രൂപ്പിന്റെ അധിപനായ യൂസഫലി ജീവനക്കാരോട് സ്വീകരിച്ച സമീപനം കരുതലിന്റേയും സംരക്ഷണത്തിന്റേതുമായിരുന്നു. അത് ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

ബിസിനസ് വോയ്സ് മാസിക ‌എഡിറ്റര്‍  ദിപിന്‍ ദാമോദരനു നല്‍കിയ എക്സ്‌ക്ലൂസിവ് അഭിമുഖത്തില്‍ കേരളത്തിലെയും ഇന്ത്യയിലെയും നിക്ഷേപസാഹചര്യത്തെകുറിച്ചും കോവിഡ് തീര്‍ത്ത പ്രതിസന്ധിയെ കുറിച്ചും 'ആത്മനിര്‍ഭര്‍ ഭാരതി'നെ കുറിച്ചുമെല്ലാം സംസാരിക്കുന്നു ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എം എ യൂസഫലി. കോവിഡ്കാലത്ത് ഗള്‍ഫില്‍ ഇന്ത്യക്കാര്‍ക്ക് ലഭിച്ച മികച്ച പരിഗണന, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറബ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള പ്രത്യേക ബന്ധത്തിന്റെ ഫലമാണെന്ന് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു അദ്ദേഹം

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

കേരളത്തിലെ നിലവിലെ നിക്ഷേപ സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു?

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പ്രകൃതിദത്ത സൗന്ദര്യം ലീഷര്‍ ടൂറിസം മേഖലയില്‍ വിജയകരമായി മാര്‍ക്കറ്റ് ചെയ്യാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്ത് തന്നെ ഇത്തരത്തില്‍ ഒരു മാതൃക സൃഷ്ടിച്ച വളരെ കുറച്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നമ്മുടെ നാടിന്റെ തനതായ പൈതൃകവും സാംസ്‌കാരിക വൈവിധ്യവും ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിച്ചു. ടൂറിസത്തെ കൂടാതെ ഭക്ഷ്യ സംസ്‌കരണം, കൃഷി, ഉല്‍പ്പാദനം, ലോജിസ്റ്റിക്‌സ്, വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍, സാമൂഹ്യ അടിസ്ഥാനസൗകര്യം തുടങ്ങി നിരവധി മറ്റ് മേഖലകളും കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുകയുണ്ടായി. എന്നാല്‍ നിലവിലെ ആഗോള ആരോഗ്യ പ്രതിസന്ധി ലോകത്തെമ്പാടുമുള്ള നിക്ഷേപ പ്രവര്‍ത്തനങ്ങളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. അതേസമയം അധികം വൈകാതെ തന്നെ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നും കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപമെത്തുമെന്നും ഞാന്‍ കരുതുന്നു.

മഹാമാരിയുടെ കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് വ്യാപകമായ തൊഴില്‍ നഷ്ടം. ഇന്ത്യയിലും പുറത്തുമായി ആയിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന ഒരു ബിസിസന് സാമ്രാജ്യത്തിന്റെ അധിപനാണ് താങ്കള്‍. കോവിഡ് കാലത്ത് എങ്ങനെയായിരുന്നു ജീവനക്കാരോടുള്ള മനോഭാവം?

43 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 56,500 ജീവനക്കാരാണ് ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്. ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനമെന്ന നിലയില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇന്ത്യയില്‍ മാത്രം 8,000ത്തിലധികം പേര്‍ക്ക് ഞങ്ങള്‍ തൊഴില്‍ നല്‍കുന്നുണ്ട്. ആഗോളതലത്തില്‍ നോക്കിയാല്‍, എല്ലാ ബിസിനസുകളെയും കോവിഡ് മഹാമാരി ബാധിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനങ്ങള്‍ ലുലുവിലുമുണ്ട്. ഈ പ്രതിസന്ധി സാഹചര്യത്തെ നേരിടുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ബിസിനസുകള്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ ഒരു ജീവനക്കാരന്റെ ശമ്പളത്തില്‍ പോലും കുറവ് വരുത്തിയിട്ടില്ല.

ഒരു രൂപ പോലും ആരുടെയും കുറച്ചിട്ടില്ല. ജീവനക്കാരെയെല്ലാവരെയും എന്റെ സ്വന്തം കുടുംബാംഗങ്ങളെ പോലെ തന്നെയാണ് ഞാന്‍ കരുതുന്നത്. അവരുടെ കഠിനാധ്വാത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പ്രതിബദ്ധതയുടെയും സമര്‍പ്പണത്തിന്റെയും ഫലമായാണ് ലുലു ഗ്രൂപ്പ് ഇത്രയും വളര്‍ച്ച പ്രാപിച്ചതും നിരവധി രാജ്യങ്ങളിലേക്ക് വികസിച്ചതും. കമ്പനിക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന തീരുമാനമായിട്ടുകൂടി ഈ പ്രതിസന്ധി സാഹചര്യത്തില്‍ ജീവനക്കാരോടൊപ്പം തന്നെ നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചതിന് കാരണവും ഇതുതന്നെയാണ്. ഈ കെട്ടകാലത്ത് ജീവനക്കാരുടെ കൂടെ നിന്ന്, അവരെ പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടത്. ഇതാണ് മറ്റ് സംരംഭകരോടും എനിക്ക് പറയാനുള്ളത്. കോവിഡ് കാലം കഴിഞ്ഞും കമ്പനിയോട് പ്രതിബദ്ധത കാണിക്കാന്‍ ഇത് ജീവനക്കാരെ പ്രേരിപ്പിക്കും.

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ലുലു ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികളുടെ വേഗത കുറയാന്‍ സാധ്യതയുണ്ടോ?

പുതിയ നിക്ഷേപ പദ്ധതികളുടെ കാര്യത്തില്‍ അങ്ങനെ മെല്ലെപ്പോക്ക് നയങ്ങളുണ്ടാകില്ല. ഞങ്ങളുടെ വികസന പദ്ധതികള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. അതേസമയം കോവിഡ് മൂലം സൃഷ്ടിക്കപ്പെട്ട ജീവനക്കാരുടെ ലഭ്യതക്കുറവ് ഉള്‍പ്പടെയുള്ള പല കാരണങ്ങളാല്‍ നിര്‍മാണഘട്ടത്തിലുള്ള ഞങ്ങളുടെ പല പദ്ധതികളുടെയും വേഗത കുറഞ്ഞിട്ടുമുണ്ട്. അത് ഞങ്ങളുടെ പരിധിക്കപ്പുറമുള്ള കാര്യമാണ്. ലോകം മുഴുവനും ഇതുവരെ കാണാത്ത തരത്തിലുള്ള സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. സകലരും, ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഇതിനാല്‍ ബാധിക്കപ്പെട്ടിരിക്കുന്നു.

ലക്ക്‌നൗവിലെയും തിരുവനന്തപുരത്തെയും മാള്‍ പദ്ധതികളുടെ നിര്‍മാണം എവിടെ വരെയെത്തി? ഇതിന്റെ പൂര്‍ത്തീകരണത്തില്‍ എന്തെങ്കിലും കാലതാമസമെടുക്കുമോ?

കോവിഡ് കാലഘട്ടം തുടങ്ങും മുമ്പ് തന്നെ തിരുവനന്തപുരത്തെയും ലക്ക്‌നൗവിലെയും മാള്‍ പദ്ധതികള്‍ പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു പുരോഗമിച്ചുവന്നിരുന്നത്. എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞ പോലെ കോവിഡിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കാരണം പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ചെറിയ കാലതാമസമുണ്ട്. എങ്കിലും പരമാവധി വേഗത്തില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നിലവിലെ പ്രതിസന്ധി കാരണം ഒരു വര്‍ഷത്തെ കാലതാമസം വിവിധ പ്രൊജക്റ്റുകളിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

കേരളത്തിന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തെ കുറിച്ചുള്ള അഭിപ്രായം?

അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇങ്ങോട്ട് നിക്ഷേപം എത്തിക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. അതേസമയം തന്നെ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുമുണ്ട്. കേരളത്തിന്റെ വളര്‍ച്ചയ്ക്കും സമൃദ്ധിക്കും അത് അനിവാര്യമാണ്. രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പരിസ്ഥിതിവാദികളും മാധ്യമങ്ങളും ജനങ്ങളുമെല്ലാം സംസ്ഥാനത്തേക്ക് വരുന്ന ബിസിനസുകളോട് സൗഹൃദ മനോഭാവം തന്നെ പുലര്‍ത്തേണ്ടതുണ്ട്. ഇപ്പോഴത്തെ തലമുറയ്ക്കും ഇനി വരാന്‍ പോകുന്ന തലമുറയ്ക്കുമെല്ലാം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന ചിന്ത എല്ലാവരും മനസില്‍ വയ്ക്കണം.

കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സ്‌കോര്‍ മെച്ചപ്പെടുത്താനുള്ള താങ്കളുടെ നിര്‍ദേശങ്ങള്‍. ഇപ്പോഴത് 28 ആണല്ലോ?

വ്യാവസായിക വളര്‍ച്ച പ്രോല്‍സാഹിപ്പിക്കുന്നതിനും പുതിയ സംരംഭകരെ ആകര്‍ഷിക്കുന്നതിനുമായി കേരളം നിരവധി നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. വ്യവസായ രംഗത്തെ പുതിയ പദ്ധതികള്‍ അതിന്റെ തുടര്‍ച്ചയാണ്. അത് ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തും. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ വ്യത്യസ്ത രാഷ്ട്രീയ കക്ഷികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പരിസ്ഥിതിവാദികളും മാധ്യമങ്ങളും ജനങ്ങളുമെല്ലാം തന്നെ കേരളത്തിന്റെ വികസനം പുതിയ തലത്തിലെത്തിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. അവര്‍ക്കെല്ലാം ഇതില്‍ തുല്യപങ്കാളിത്തമാണുള്ളത്. എല്ലാവരും ഒരുമിച്ച് ഒരേ മനസോടെ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണം. അങ്ങനെയെങ്കില്‍, അടുത്ത തവണ ബിസിനസ് സൗഹൃദ റാങ്കിംഗില്‍ കേരളത്തിന് തീര്‍ച്ചയായും സ്ഥാനം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

കോവിഡ് കാലത്ത് സംരംഭകത്വത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ ധൈര്യപ്പെടുന്ന യുവാക്കള്‍ക്ക് നല്‍കാനുള്ള ഉപദേശം?

നമുക്കെല്ലാം അറിയുന്ന പോലെ, ലോകം ഇപ്പോള്‍ കടന്നു പോകുന്നത് വളരെ സങ്കീര്‍ണവും പ്രയാസകരവുമായ കാലഘട്ടത്തിലൂടെയാണ്. അതുകൊïുതന്നെ ഇപ്പോള്‍ നമുക്ക് മുന്നിലുള്ളത് പല തലങ്ങളിലുള്ള വെല്ലുവിളികളാണ്. അങ്ങനെയൊക്കെയാണെങ്കില്‍ തന്നെയും നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ, സമര്‍പ്പണത്തോടെ, ആത്മാര്‍ത്ഥതയോടെ, കൃത്യതയോടെ ചെയ്യുക. കഠിനാധ്വാനത്തോടെ പരിശ്രമിച്ചാല്‍ ഈ വെല്ലുവിളികളെല്ലാം തന്നെ നിങ്ങള്‍ക്ക് മറികടക്കാവുന്നതാണ്. നിങ്ങളുടെ സ്വപ്നങ്ങള്‍ എത്തിപ്പിടിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയാന്‍ ഒന്നിനും സാധ്യമാകില്ല. എന്നാല്‍ എപ്പോഴും യുവസംരംഭകര്‍ മനസില്‍ ഓര്‍ത്തുവയ്‌ക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്, 'വിജയത്തിലേക്ക് കുറുക്കുവഴികളില്ല.'

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് (സ്വാശ്രയ ഭാരതം) ആഹ്വാനത്തെ എങ്ങനെ നോക്കിക്കാണുന്നു?

ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ഭാവനയെ ശാക്തീകരിക്കുന്ന ആശയമായി മാറിക്കഴിഞ്ഞു ആത്മനിര്‍ഭര്‍ ഭാരത് (സ്വാശ്രയ ഭാരതം) എന്ന ആശയം. ഓരോ ഭാരതീയന്റെയും മനസിലെ മന്ത്രമായി അത് മാറി. രാജ്യത്തിന്റെ വളര്‍ച്ച പുതിയ തലത്തിലെത്തിക്കാനും ആഗോള സമ്പദ് വ്യവസ്ഥയുടെ തന്നെ പ്രധാന ഭാഗമായി ഇന്ത്യയെ മാറ്റാനും പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാടിന് സാധിക്കും. കൂടുതല്‍ കാര്യക്ഷമതയും മല്‍സരക്ഷമതയും സ്വയം പര്യാപ്തതയും ലക്ഷ്യമിട്ടുള്ള നയങ്ങള്‍ പിന്തുടരുന്നതിലൂടെ രാജ്യത്തിന്റെ വളര്‍ച്ച പുതിയ തലത്തിലെത്തും. നമ്മുടെ യുവതലമുറയ്ക്കും വരാനിരിക്കുന്ന ഭാവി തലമുറകള്‍ക്കുമെല്ലാം വിജയത്തിനുള്ള വഴി വെട്ടിത്തുറക്കും ആത്മനിര്‍ഭര്‍ ഭാരത്.

ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിച്ഛായ ആഗോളതലത്തില്‍ ഉയര്‍ത്താന്‍ പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിനും നേതൃത്വമികവിനും സാധിച്ചിട്ടുണ്ടെന്നത് പറയാതെ വയ്യ. ഇന്ന് ലോകനേതാക്കളെല്ലാം തന്നെ ഇന്ത്യയെ വളരെ ബഹുമാനത്തോട് കൂടിയാണ് നോക്കിക്കാണുന്നത്. വിവിധ ലോകനേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന മികച്ച ആശയവിനിമയത്തിന്റെയും കാത്തുസൂക്ഷിക്കുന്ന ഊഷ്മളമായ ബന്ധത്തിന്റെയും ഫലമാണത്.

പ്രധാനമന്ത്രിയുടെ ഊര്‍ജസ്വലമായ നേതൃത്വത്തില്‍ കേന്ദ്രം കൈക്കൊണ്ട സാമ്പത്തിക പരിഷ്‌കരണങ്ങളും ഫലം കണ്ടു. രാജ്യത്തേക്കെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്ഡിഐ)ത്തിന്റെ കണക്കുകളില്‍ തന്നെ അത് പ്രതിഫലിക്കുന്നു. അധികം വൈകാതെ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നത് തീര്‍ച്ചയാണ്. ഈ അവസരത്തില്‍ ഒരു കാര്യം പറയാതെയിരിക്കാന്‍ എനിക്ക് സാധിക്കില്ല. നമുക്കെല്ലാം അറിയുന്ന പോലെ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളില്‍ മിക്കവരും ഇന്ത്യക്കാരാണ്. അതില്‍ നല്ലൊരു ശതമാനം പേരും കേരളത്തില്‍ നിന്നുള്ളവരാണ്.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ആദ്യസമയത്ത് തന്നെ പ്രധാനമന്ത്രി എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെ നേതാക്കന്മാരെയും വ്യക്തിപരമായി ഫോണില്‍ ബന്ധപ്പെട്ട് അവിടങ്ങളിലെ ഇന്ത്യക്കാരെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ ഫലം വളരെ വലുതായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കള്‍ അവരുടെ രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യക്കാരെയും ഒരേ മനോഭാവത്തോടു കൂടിതന്നെയാണ് നോക്കിക്കണ്ടത്. അവിടങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കിയ അതേ രീതിയിലുള്ള ആരോഗ്യ പിന്തുണ തന്നെയാണ് ഇന്ത്യക്കാര്‍ക്കും നല്‍കിയത്. അറബ് ലോകത്തെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വ്യക്തിപരമായ ബന്ധം കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്.

 

ദിപിന്‍ ദാമോദരന്‍

ബിസിനസ് വോയ്സ് എഡിറ്റര്‍

https://thebusinessvoice.in/2020/12/21/m-a-yusuff-ali-on-atmanirbhar-bharat-interview/

 

  comment

  LATEST NEWS


  ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എന്‍സിപി നേതാവ് അറസ്റ്റില്‍


  ശാഖാ ഗടനായക് നന്ദുവിന്റെ കൊലപാതകം : അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, പ്രതികളെ സബ് ജയിലിലേക്ക് മാറ്റി


  ശമ്പളമില്ല, സ്പിന്നിംഗ് മില്ലില്‍ ഓഫീസറെ തടഞ്ഞ് തൊഴിലാളികള്‍


  പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടിംഗ് അവബോധം നല്‍കും


  സ്ത്രീസമൂഹം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം: ബിഎംഎസ്


  കൊട്ടാരക്കര ഉന്നമിട്ട് ആര്‍. ചന്ദ്രശേഖരന്‍, പ്രചാരണം ആരംഭിച്ച് സൈബർ ടീം


  അമിത് ഷാ മുസ്ലിങ്ങളോട് എന്തുചെയ്തു?; മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്‍


  വാടിക്കൽ രാമകൃഷ്ണൻ എന്ന് പേര് ഓർമ്മയുണ്ടോ? ചോരപുരണ്ട ആ കൈകൾ അമിത്ഷായ്ക്ക് നേരെ ചൂണ്ടേണ്ട, മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.മുരളീധരൻ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.