login
ബ്രഹ്മലീനനായ ധന്യാത്മാവ്

മുഴുവന്‍ ഭാരതത്തിന്റെയും സ്വാതന്ത്ര്യത്തെയും ജനായത്തയേയും മൗലികാവകാശങ്ങളെയും അര്‍ഥവത്താക്കാന്‍ സ്വാമികളുടെ നീതി തേടിയുള്ള തീര്‍ഥയാത്ര ഉപകരിച്ചുവെന്നതാണ് പ്രധാനം. വിദ്യാഭ്യാസരംഗത്തും കര്‍ണാടക സംഗീത മേഖലയിലും നാടന്‍കലകളുടെയും യക്ഷഗാനം പോലുള്ള ക്ലാസിക് കലകളുടെയും വികാസത്തിനും പുനരുദ്ധാരണത്തിനും സ്വാമികള്‍ നല്‍കിയ സംഭാവനകളെ വിസ്മരിക്കാനാവില്ല. ഇപ്പോള്‍ സ്‌കൂള്‍ യുവജന കലോത്‌സവങ്ങളിലെ ഒരു മത്സരയിനമായി യക്ഷഗാനവും നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്.

രാഷ്ട്രത്തിന്റെ ഭാഗധേയം നിയന്ത്രിക്കുന്നതു പലപ്പോഴും സംന്യാസിമാരാണെന്നത് ഭാരതത്തിലെ പാരമ്പര്യമാണ്. അങ്ങനത്തെ അദൈ്വതശങ്കര പരമ്പരയില്‍പ്പെട്ട കാസര്‍കോട്ടെ എടനീര്‍മഠം കേശവാനന്ദഭാരതി സ്വമികള്‍ കഴിഞ്ഞയാഴ്ച സമാധിയായി. കാസര്‍കോടിന്റെയും തെക്കന്‍ കര്‍ണാടകത്തിന്റെയും തനിമയുള്‍ക്കൊണ്ട് 'യക്ഷഗാനവയലാട്ട'മെന്ന കലാരൂപത്തിന് നവജീവന്‍ നല്‍കിയ സ്വാമികള്‍ കര്‍ണാടക സംഗീതജ്ഞന്‍കൂടിയായിരുന്നു. ആശ്രമത്തിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് താലൂക്കില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ഏതാനും വിദ്യാലയങ്ങള്‍ നടത്തിവരുന്നു.

1949-ലെ കേരള ഭൂപരിഷ്‌കരണ നിയമവും, അതിന് സംരക്ഷണം നല്‍കാനായി ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ കൊണ്ടുവന്ന 24-ാമത് ഭരണഘടനാ ഭേദഗതി നിയമവും, 1971 ലെ കേരള ഭൂപരിഷ്‌കരണ ഭേദഗതി നിയമവും കേശവാനന്ദഭാരതി സ്വാമികള്‍  റിട്ട് ഹര്‍ജിയിലൂടെ ചോദ്യംചെയ്യുകയായിരുന്നു. സുപ്രസിദ്ധ നിയമജ്ഞനും കാസര്‍കോട് താലൂക്കുകാരനുമായ ബാരിസ്റ്റര്‍ എം.കെ. നമ്പ്യാരെയാണ് സ്വാമികള്‍ കേസ് നടത്താന്‍ ഏല്‍പ്പിച്ചത്. എം.കെ. നമ്പ്യാരുടെ മകനാണ് ഇന്നത്തെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. ഹര്‍ജി തയ്യാറാക്കിയതും, അതിനുവേണ്ട അഭിഭാഷകരെ ഏല്‍പ്പിച്ചതും നമ്പ്യാര്‍തന്നെയായിരുന്നു. ഒരിക്കല്‍പ്പോലും സ്വാമികള്‍ക്ക് അതിനായി ദല്‍ഹിയില്‍ പോകേണ്ടിവന്നില്ല. നമ്പ്യാര്‍, സ്വാമികള്‍ക്കുവേണ്ടി നാനി പല്‍കിവാലയെയാണ് കേസ് ഏല്‍പ്പിച്ചത്. മഠത്തിന്റെ അതേ അവസ്ഥയില്‍ കഴിഞ്ഞിരുന്ന മറ്റു പലരും കമ്പനികളും കേസില്‍ കക്ഷിചേര്‍ന്ന് ചെലവുകള്‍ നിര്‍വഹിച്ചു.

അന്നുവരെ രൂപീകൃതമായ ഏറ്റവും വിശാലമായ പതിമൂന്നംഗങ്ങള്‍ അടങ്ങിയ ന്യായപീഠമാണ് കേസ് വിചാരണ ചെയ്തത്. മുഖ്യന്യായാധിപന്‍ വിരമിക്കാറായ എസ്.എം. സിക്രിയായിരുന്നു. ഭൗതികസമ്പത്തുക്കള്‍ പരിത്യജിച്ച് സംന്യാസിയായ ഒരാള്‍ എന്തുകൊണ്ടാണ് സ്വത്തു സംരക്ഷിക്കാന്‍ നീതിന്യായ വ്യവഹാരത്തിന് തുനിഞ്ഞതെന്ന് ഒട്ടേറെപ്പേര്‍  ആരോപണസഹിതം അന്വേഷിച്ചിരുന്നു. ജനങ്ങളുടെ സ്വത്താര്‍ജിക്കുന്നതിനുള്ള മൗലികാവകാശം പരിരക്ഷിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് സ്വാമികള്‍ പറഞ്ഞു. സമ്പത്തു കൈവശം വയ്ക്കുന്ന ഉടമകളാകാനുള്ള മൗലികാവകാശം നിഷേധിക്കപ്പെട്ടപ്പോള്‍ അവരെ സഹായിക്കുകയായിരുന്നു തന്റെ ഉദ്ദേശ്യം. ചീഫ്ജസ്റ്റിസിനെ വിരമിക്കാന്‍ സമ്മതിക്കാതെ കേസിന്റെ വിധി പറയുംവരെ നിലനിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഭാരത നീതിന്യായ ചരിത്രത്തിലെ ഏറ്റവും നീണ്ട സംവാദം ഈ കേസ് വിചാരണയില്‍ നടന്നു. 86 ദിവസമാണ് അനുകൂല-പ്രതികൂല ന്യായവാദങ്ങള്‍ നിരന്നത്. പത്രങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മികച്ച നിയമലേഖകരെ നിയോഗിച്ചു. കേശവാനന്ദഭാരതി കേസ് എന്ന പേരില്‍ പ്രമുഖ പത്രങ്ങള്‍ പ്രത്യേക താല്‍പര്യമെടുത്ത് അത് പ്രസിദ്ധീകരിച്ചു. കേശവാനന്ദഭാരതി കേരളീയ സംന്യാസിയാണെന്നുതന്നെ പലര്‍ക്കും അറിയില്ലായിരുന്നു. ഇന്നും ഏറ്റവും ഉദ്ധരിക്കപ്പെടുകയും ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന ന്യായവാദങ്ങളാണ് അന്നത്തെ വിധിയിലുള്ളത്. അതിനെപ്പറ്റി പഠിക്കാതെ ഒരു നിയമവിദ്യാര്‍ത്ഥിക്കും പഠനം മുന്നോട്ടുപോകാനാവില്ല. സ്വത്ത് സമ്പാദിക്കാനും കൈവശം വയ്ക്കാനുമുള്ള ഭരണഘടന നല്‍കുന്ന അവകാശം മൗലികമാണെന്നും, അത് നിഷേധിക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നുമായിരുന്നു കേസ് വിധിയുടെ ചുരുക്കം. 7/6 എന്ന ഭൂരിപക്ഷ വിധിയായിരുന്നു അത്.

ഭൂരിപക്ഷ വിധി പറഞ്ഞ ജസ്റ്റിസ് എസ്.എം. സിക്രി അതോടെ വിരമിച്ചു. കെ.എസ്. ഹെഗ്ഡെ, എ.കെ. മുഖര്‍ജി, ജെ.എം. ഷേലത്, എ.എന്‍. േഗ്രാവര്‍, പി. ജഗന്‍മോഹന്‍ റെഡ്ഡി, എച്ച്.ആര്‍. ഖന്ന എന്നിവരായിരുന്നു അനുകൂല വിധി പറഞ്ഞവര്‍. വിയോജിച്ചവര്‍ എ.എന്‍. റേ, ഡി.ജി. പലേക്കര്‍, കെ.കെ. മാത്യു, എച്ച്.എം. ബെയ്ഗ്, എസ്.എന്‍. ദ്വിവേദി, വൈ.വി. ചന്ദ്രചൂഡ് എന്നിവരും. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാര്‍ലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ച് എന്തു ചെയ്യാനും മടിയില്ലാത്തവരായിരുന്നു. വിധി അവരെ അരിശം കൊള്ളിച്ചു. കമ്മിറ്റഡ് ജുഡീഷ്യറിയെന്ന സോവിയറ്റ് സമ്പ്രദായം കൊണ്ടുവരാന്‍ ഉഴറിയ അവര്‍ മൂന്ന് സീനിയര്‍ ജഡ്ജിമാരെ മറികടന്ന് (ജസ്റ്റിസ് ജെ.എം. ഷേലത്, ജ: കെ.എസ്. ഹെഗ്ഡെ, ജ: എ.എന്‍. ഗ്രോവര്‍) അവരുടെ മുകളില്‍ ചിലര്‍ക്ക് സ്ഥാനക്കയറ്റം കൊടുത്തു. അങ്ങനെ വലതു കമ്യൂണിസ്റ്റ് ചായ്വുള്ള ജ: ചന്ദ്രചൂഡ്, ജ. മാത്യു എന്നിവര്‍ മേലെ വന്നു.

പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് സ്വത്തവകാശം മൗലികാവകാശമല്ല, നിയമാവകാശമാക്കി ചുരുക്കി ഭരണഘടനയിലെ അലംഘനീയമായി കരുതപ്പെട്ടിരുന്ന സിദ്ധാന്തം ഭേദഗതി ചെയ്തു. ഭരണഘടനയിലെ ഒന്നാം വാചകത്തിലെ സ്വതന്ത്രപരമാധികാര ജനായത്ത റിപ്പബ്ലിക് എന്നതിനെ പരമാധികാര സോഷ്യലിസ്റ്റ് സെക്കുലര്‍, ഡമോക്രാറ്റിക് എന്നാക്കിമാറ്റി. അതു ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിക്കളഞ്ഞു. കേശവാനന്ദഭാരതി സ്വാമികളെ ഭാരതത്തിലെ ജനായത്ത വിശ്വാസികള്‍ നന്ദിയോടെ സ്മരിക്കുന്നു. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചവരുടെ ലിസ്റ്റ് നോക്കിയാല്‍ അനുക്തസിദ്ധമായിത്തന്നെ ആരൊക്കെ മൗലികാവകാശങ്ങളില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുവെന്നു കാണാം.

1971-ല്‍ കേരളത്തില്‍ നിയമസഭയിലേക്കു ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവന്നു. കോഴിക്കോട്ടെ ജനസംഘ സമ്മേളനത്തിനുശേഷം ജനങ്ങള്‍ക്ക് ജനസംഘത്തോട് അഭിനിവേശമുണ്ടായിരുന്നു. മത്സരത്തില്‍ സര്‍വശക്തിയും വിനിയോഗിക്കണമെന്നുറച്ചിരുന്നു. ഹോസ്ദുര്‍ഗ് മണ്ഡലത്തില്‍ കെ.ജി. മാരാരായിരുന്നു സ്ഥാനാര്‍ഥി. വളരെ ഊര്‍ജസ്വലമായ പ്രചാരണസംഘാടനം നടന്നു. ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ മുഴുസമയ പ്രവര്‍ത്തകനായി അവിടെത്തിയിരുന്നു. പ്രചാരണങ്ങള്‍ മുറുകിവന്നപ്പോള്‍ എടനീര്‍മഠം സ്വാമിയാരെ കണ്ട് അനുഗ്രഹം വാങ്ങണമെന്ന അഭിപ്രായം പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായി. ഒരു ദിവസം അതിനായി നിശ്ചയിച്ചു. ഞാനും മാരാരും സ്ഥലത്തെ ഒന്നുരണ്ടു പ്രവര്‍ത്തകരെയുംകൂട്ടി പോയി. മഠത്തില്‍ ടെലിഫോണ്‍ ഉണ്ടായിരുന്നു. (അന്ന് ഫോണ്‍ അപൂര്‍വവും വിളിക്കാന്‍ പ്രയാസവുമായിരുന്നു). തെരഞ്ഞെടുപ്പ് കമ്മറ്റിയാഫീസിലെ അല്ലാത്ത ഒരു ഫോണില്‍നിന്ന് വിളിച്ച് അനുമതി വാങ്ങി കാഴ്ചവയ്ക്കാനുള്ള ഫലങ്ങളുമായി ചെന്നു. അവിടത്തെ ഓഫീസില്‍ അറിയിച്ചു. ഞങ്ങള്‍ അകത്തേക്കാനയിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങള്‍ താല്‍പര്യപൂര്‍വം അന്വേഷിച്ചു. മാരാര്‍ജിയെപ്പറ്റി നേരത്തെ കേട്ടിട്ടുണ്ട്. പരമേശ്വര്‍ജിയേയും കേട്ടറിയാം. കാസര്‍കോട് താലൂക്ക് അന്നും സംഘദൃഷ്ട്യാ കേരളത്തില്‍ ചേര്‍ത്തിട്ടില്ല. അതിനാല്‍ ഈ ഭാഗത്തുനിന്നുള്ളവര്‍ അവിടെ അപൂര്‍വമായേ പോയിട്ടുള്ളൂ. ജനസംഘം ഇനിയും ഏറെ ശക്തമാവേണ്ടതുണ്ട് എന്നു പറഞ്ഞതല്ലാതെ തന്റെ മഠത്തിന്റെ ശക്തി മാരാര്‍ക്കനുകൂലമായി വിനിയോഗിക്കുമെന്നു പറഞ്ഞില്ല. കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വരരുത് എന്നു പറയുകയും ചെയ്തു. അതിന്റെ താല്‍പര്യം മനസ്സിലായി.

പിന്നീട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. സംഘം ഹോസ്ദുര്‍ഗ് താലൂക്ക് കേരളത്തിലേക്കു മാറ്റി. ഈ ഭാഗത്തുനിന്നു കൂടുതല്‍ പ്രവര്‍ത്തകരും നേതാക്കളും അവിടം സന്ദര്‍ശിച്ചുതുടങ്ങി. ക്ഷേത്രസംരക്ഷണ സമിതി പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് താലൂക്കിലേക്കു വ്യാപിച്ചു. മാധവജിയും പി. രാമചന്ദ്രനും മറ്റും ആ ഭാഗത്തെ ആത്മീയ നേതാക്കന്മാരും സംന്യാസിമാരുമായി ബന്ധം പുലര്‍ത്തി. 1982 ലോ 83 ലോ ക്ഷേത്രസംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനം മൂവാറ്റുപുഴയില്‍ നടത്തിയപ്പോള്‍ അത് ഉദ്ഘാടനം ചെയ്യാന്‍ എടനീര്‍ മഠാധിപതി കേശവാനന്ദഭാരതിയെ ക്ഷണിച്ചു. അദ്ദേഹം അതിന് സമ്മതിച്ചു. പി.ആര്‍. രാമവര്‍മരാജ, എം.പി. ഗോപാലകൃഷ്ണന്‍നായര്‍, തുറവൂര്‍ വിശ്വംഭരന്‍, പി.ഇ.ബി. മേനോന്‍ മുതലായ ഒട്ടേറെ മഹദ്വ്യക്തികള്‍ അതിന്റെ വിജയത്തിനായി കഠിനമായി പരിശ്രമിച്ചിരുന്നു. സമ്മേളനത്തിനിടെ സ്വാമികളെ സന്ദര്‍ശിച്ച് മാരാരുമൊത്ത് മഠം സന്ദര്‍ശിച്ച് സംസാരിച്ചതനുസ്മരിച്ചു. മാരാര്‍ അപ്പോഴേക്കും ഉത്തര കേരളത്തിലാകെ എത്രയും പ്രിയപ്പെട്ട രാഷ്ട്രീയ നേതാവായിക്കഴിഞ്ഞിരുന്നു. കെ.ജി. മാരാരുടെ സാന്നിധ്യം കാസര്‍കോട് പ്രദേശം അനുഭവിച്ചുകൊണ്ടിരുന്നുവെന്ന് സ്വാമിജികളുടെ സംസാരത്തില്‍നിന്ന് വ്യക്തമായി.

മുഴുവന്‍ ഭാരതത്തിന്റെയും സ്വാതന്ത്ര്യത്തെയും ജനായത്തയേയും മൗലികാവകാശങ്ങളെയും അര്‍ഥവത്താക്കാന്‍ സ്വാമികളുടെ നീതി തേടിയുള്ള തീര്‍ഥയാത്ര ഉപകരിച്ചുവെന്നതാണ് പ്രധാനം. വിദ്യാഭ്യാസരംഗത്തും കര്‍ണാടക സംഗീത മേഖലയിലും നാടന്‍കലകളുടെയും യക്ഷഗാനം പോലുള്ള ക്ലാസിക് കലകളുടെയും വികാസത്തിനും പുനരുദ്ധാരണത്തിനും സ്വാമികള്‍ നല്‍കിയ സംഭാവനകളെ വിസ്മരിക്കാനാവില്ല. ഇപ്പോള്‍ സ്‌കൂള്‍ യുവജന കലോത്സവങ്ങളിലെ ഒരു മത്സരയിനമായി യക്ഷഗാനവും നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. അത് അഭ്യസിക്കാന്‍ മധ്യകേരളത്തിലുള്ളവരും ക്രമേണ തല്‍പരരായിവരുന്നുവെന്നതും ശ്രദ്ധേയമാകുന്നു. പരബ്രഹ്മലീനനായ ആ മഹാത്മാവിന് ഭക്തപൂര്‍വം പ്രണാമങ്ങള്‍!

 

 

 

comment
  • Tags:

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.