login
ചെമ്മരത്തിയിലൂടെ തേടുന്ന തെയ്യപ്പൊരുള്‍

ഭാരതീയ ദര്‍ശനങ്ങളിലൊന്നായ സാംഖ്യത്തിലെ പ്രകൃതി-പുരുഷ സങ്കല്‍പത്തിന്റെ വീക്ഷണകോണിലൂടെയാണ് കതിവന്നൂര്‍ വീരന്‍ തെയ്യത്തെ ഈ ഡോക്യുമെന്ററി പഠനവിധേയമാക്കുന്നത്. വടക്കേന്‍ഭാഗം എന്ന് വിളിക്കുന്ന തെയ്യാരാധനയിലെ ശാക്തേയാനുഷ്ഠാനമാണ് കതിവന്നൂര്‍ വീരന്‍ തെയ്യത്തിലെ ചെമ്മരത്തിത്തറയിലൂടെ ആവിഷ്‌കരിക്കുന്നത്.

മാങ്ങാട്ടുനിന്നു പുറപ്പെട്ട് മലമുടിയിലേക്കു പോയ വെറുമൊരു മനുഷ്യനായ മന്ദപ്പനാണ് പിന്നീട് കതിവന്നൂര്‍ വീരനെന്ന് പുകള്‍പെറ്റ ദൈവക്കരുവായത്. മന്ദപ്പന്റെ ഉന്നതിയിലേക്കുള്ള സുദീര്‍ഘമായ യാത്രയും, ആ യാത്രയിലുടനീളം മന്ദപ്പന്റെ ഉള്ളിലുജ്വലിച്ചു നിന്ന മോഹവും പ്രമേയമാക്കിയ സര്‍ഗസൃഷ്ടികള്‍, പ്രശസ്ത എഴുത്തുകാരനായ എന്‍.പ്രഭാകരന്റെ കൃതിയായ 'ഏഴിനും മീതെ' എന്ന നോവലിനെപ്പോലെ, മലയാളത്തില്‍ ഏറെയുണ്ടായിട്ടുണ്ട്. എങ്കിലും കഥയുടെ മറുപാതിയായ ചെമ്മരത്തിയുടെ മനോവിചാരങ്ങളിലേക്ക് ഇറങ്ങിച്ചെന്നവ വിരളമാണ്. തെയ്യമെന്ന കരുത്തുറ്റ അനുഷ്ഠാന മാധ്യമത്തിലൂടെ സഹൃദയസമക്ഷമെത്തിയ നൂറുകണക്കിന് പുരാവൃത്തങ്ങളിലെ അനവധി കഥാപാത്രങ്ങളില്‍ സൂക്ഷ്മ വിചിന്തനം അര്‍ഹിക്കുന്ന പ്രധാനപ്പെട്ടൊരു കഥാപാത്രം തന്നെയാണ് ചെമ്മരത്തി.

മാധ്യമപ്രവര്‍ത്തകനും ഫോക്‌ലോര്‍ ഗവേഷകനുമായ യു.പി. സന്തോഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ചെമ്മരത്തി ചിതയിലെ വെളിച്ചം' (Chemmarathi Light in the Pyre) എന്ന ഡോക്യുമെന്ററി ഫിലിം കതിവന്നൂര്‍ വീരന്‍ തെയ്യ പുരാവൃത്തത്തില്‍ ചെമ്മരത്തി എന്ന സ്ത്രീ കഥാപാത്രത്തിനുള്ള പ്രാധാന്യത്തെ എടുത്തുകാട്ടുന്നു.  

വടക്കേമലബാറിലെ ജനജീവിതവുമായി ഗാഢബന്ധം പുലര്‍ത്തുന്ന അനുഷ്ഠാനമാണ് തെയ്യം. ശൈവ, ശാക്തേയ, വൈഷ്ണവ മൂര്‍ത്തീസങ്കല്‍പങ്ങള്‍ക്ക് പുറമെ പരേതാരാധന എന്ന നിലയിലും തെയ്യം കെട്ടിയാടപ്പെടുന്നു. പരേതാരാധനയില്‍പ്പെടുന്ന തെയ്യങ്ങള്‍ മിക്കവയും വീരാരാധനയുടെയും ഭാഗമാണ്. അത്തരം തെയ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കതിവന്നൂര്‍വീരന്‍ തെയ്യം. മലനാട്ടില്‍ നിന്ന് കര്‍ണാടകത്തിലെ കുടകിലേക്ക് പോയി അവിടെ വിവാഹിതനായി ജീവിക്കുകയും, കുടകരും മലയാളികളും തമ്മിലുണ്ടായ ഒരു യുദ്ധത്തില്‍ വീരമൃത്യു വരിക്കുകയും ചെയ്ത മന്ദപ്പന്‍ എന്ന യുവാവ് മരണശേഷം തെയ്യമായി ആരാധിക്കപ്പെടുന്നതാണ് ഈ തെയ്യത്തിന്റെ പുരാവൃത്തം.

പ്രഥമദര്‍ശനത്തില്‍ തന്നെ അനുരാഗബദ്ധരായ മന്ദപ്പനും ചെമ്മരത്തിയും അവരുടെ ദാമ്പത്യജീവിതം ആരംഭിച്ച് അധികകാലം കഴിയുന്നതിന് മുന്‍പുതന്നെ നിസ്സാരകാര്യങ്ങള്‍ക്ക് കലഹിക്കാന്‍ തുടങ്ങിയിരുന്നു. ഇങ്ങനെയൊരു കലഹത്തിനിടയിലാണ് മുത്താര്‍മുടിയില്‍ കുടകരുടെ പോര്‍വിളി ഉയരുകയും, മന്ദപ്പന്‍ യുദ്ധക്കളത്തിലേക്ക് കുതിക്കുകയും ചെയ്യുന്നത്. ആ യുദ്ധത്തില്‍ ചതിയില്‍ പെട്ട് മരിക്കുന്ന മന്ദപ്പന്റെ ചിതയില്‍ ചാടി ചെമ്മരത്തിയും മരിക്കുന്നു. ദാമ്പത്യകലഹങ്ങള്‍ക്കപ്പുറം യഥാര്‍ത്ഥ സ്‌നേഹം മനസ്സില്‍ സൂക്ഷിച്ച അവരിരുവരും മരണശേഷം ദൈവക്കരു (divine ransformation) ആയി മാറുന്നു.  

കതിവന്നൂര്‍ വീരന്‍ തെയ്യത്തെ മുന്‍നിര്‍ത്തി തെയ്യം എന്ന അനുഷ്ഠാനത്തിന്റെ പരാതത്വ സങ്കല്‍പം(divine cocept) എന്തെന്ന അന്വേഷണമാണ് ഈ ഹ്രസ്വചിത്രത്തില്‍ നടത്തുന്നത്. കതിവുന്നൂര്‍ വീരന്റെ (മന്ദപ്പന്‍) സഹധര്‍മിണിയായ ചെമ്മരത്തിക്ക് കെട്ടിക്കോലമില്ലെങ്കിലും മന്ദപ്പനൊപ്പം ദൈവക്കരുവായിത്തീര്‍ന്ന അവരുടെ സജീവസാന്നിധ്യം കതിവന്നൂര്‍ വീരന്‍ തെയ്യാട്ട വേദിയിലുണ്ട്. അദൃശ്യയായി തെയ്യാട്ടരംഗത്ത് നിറഞ്ഞാടുന്ന ചെമ്മരത്തിയിലൂടെയാണ് ഈ ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്.

നാടകീയത മുറ്റിയ മനുഷ്യകഥയിലൂടെ ഓരോ മനുഷ്യനിലും കുടികൊള്ളുന്ന ദൈവചൈതന്യത്തെ കുറിച്ചും, അത് കാലത്തിനും സാഹചര്യത്തിനുമനുസരിച്ച് പ്രത്യക്ഷീകരിക്കപ്പെടുന്നതിന്റെയും മഹത്വമാര്‍ജ്ജിക്കുന്നതിനെയും കുറിച്ചുള്ള കഥയാണ് ഓരോ തെയ്യ പുരാവൃത്തത്തിനും പശ്ചാത്തലമാകുന്നത്. ശാക്തേയാരാധനാ സമ്പ്രദായത്തിന്റെ സ്വാധീനം മൂലമാവണം മിക്ക തെയ്യങ്ങളും അമ്മദൈവങ്ങളായത്. പ്രകൃതിയില്‍ നിന്ന് വേര്‍പെട്ട പുരുഷ സങ്കല്‍പ്പത്തെ നമ്മുടെ വിശ്വാസ പ്രമാണങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നതിന്റെ തെളിവാണിത്. മന്ദപ്പന്റെ കഥപോലെ പുരുഷകേന്ദ്രീകൃതമായ പുരാവൃത്തങ്ങളിലും ചെമ്മരത്തിയെപ്പോലുള്ള കരുത്തുറ്റ കഥാപാത്രങ്ങളെ കണ്ടെത്താവുന്നത് ഈ പശ്ചാത്തലത്തിലാണ്. ചെമ്മരത്തിയുടെ മനോവിചാരങ്ങളിലൂടെയാണ് യു.പി. സന്തോഷ് കാമറ ചലിപ്പിക്കുന്നത്. പ്രകൃതി-പുരുഷ സംഗമത്തിലധിഷ്ഠിതമായ പ്രപഞ്ചസങ്കല്‍പത്തെ കുറിച്ചുള്ള ഓര്‍മ്മിപ്പിക്കല്‍ കൂടിയാണ് മിക്ക തെയ്യാവതരണങ്ങളും എന്ന നിഗമനത്തിലെത്തുകയാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ.

തെയ്യാരാധനയുടെ അടിസ്ഥാനം ശാക്തേയാനുഷ്ഠനത്തിലധിഷ്ഠിതമായ മാതൃദേവതാരാധനയാണ്. ഭൂമിയെയും പ്രകൃതിയെയും അമ്മയായി സങ്കല്‍പിക്കുന്ന സാംസ്‌കാരികബോധം ഭാരതത്തിലുള്‍പ്പെടെ ലോകത്തെ പല സമൂഹങ്ങളിലുമുണ്ട്. ശക്തി എന്ന് വിളിക്കപ്പെടുന്ന സ്ത്രീത്വം തന്നെയാണ് ഇവിടെ പ്രകൃതി. സ്ത്രീയെയും പ്രകൃതിയെയും തുല്യപ്പെടുത്തുന്ന നിരവധി ഉദാഹരണങ്ങള്‍ ആത്മീയദര്‍ശനങ്ങളില്‍ മാത്രമല്ല, ആധുനിക ശാസ്ത്രചിന്തകളിലും കാണാവുന്നതാണ്.  

ഭാരതീയ ദര്‍ശനങ്ങളിലൊന്നായ സാംഖ്യത്തിലെ പ്രകൃതി-പുരുഷ സങ്കല്‍പത്തിന്റെ വീക്ഷണകോണിലൂടെയാണ് കതിവന്നൂര്‍ വീരന്‍ തെയ്യത്തെ ഈ ഡോക്യുമെന്ററി പഠനവിധേയമാക്കുന്നത്.  വടക്കേന്‍ഭാഗം എന്ന് വിളിക്കുന്ന തെയ്യാരാധനയിലെ ശാക്തേയാനുഷ്ഠാനമാണ് കതിവന്നൂര്‍ വീരന്‍ തെയ്യത്തിലെ ചെമ്മരത്തിത്തറയിലൂടെ ആവിഷ്‌കരിക്കുന്നത്. അങ്ങനെ ചെമ്മരത്തിയെ ശക്തിയായി, പ്രകൃതിയായി ആരാധിക്കുന്നു.

തെയ്യത്തെ കുറിച്ചുള്ള പഠനത്തിന് സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് റിസോഴ്‌സസിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് നേടിയ യു.പി. സന്തോഷ് തന്റെ പഠനത്തിന്റെ ഭാഗമായാണ് ഈ ഡോക്യുമെന്ററി ചെയ്തത്. മീഡിയ രഘുവംശത്തിന്റെ ബാനറില്‍ പി.ആര്‍. രാജേന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് കെ. സുബിത്താണ്. ബോധി പ്രസൂണ്‍ എഡിറ്റിംഗും ഗ്രാഫിക്‌സും നി

ര്‍വ്വഹിച്ചു. കോലധാരി: സതീഷ് പറവൂര്‍, തോറ്റം: നാരായണന്‍ പെരുവണ്ണാന്‍, വിവരണം: വിനീത & കെ.ഒ. ശശിധരന്‍, ശബ്ദലേഖനം: ജയ്ദ് എല്‍, ഗതാഗതം: ബിനോയ്.

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കല്‍ക്കത്തയില്‍ 2019 മാര്‍ച്ചില്‍ സംഘടിപ്പിച്ച രണ്ടാമത് സൗത്ത് ഏഷ്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലെ പനോരമ വിഭാഗത്തിലേക്കും അഹമ്മദാബാദില്‍ 2020 ഫെബ്രുവരിയില്‍ നടന്ന ചിത്രഭാരതി നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും 'ചെമ്മരത്തി' തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വടക്കന്‍ മലബാറിന്റെ പുരാവൃത്തങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കതിവന്നൂര്‍ വീരന്റെ പത്‌നി ചെമ്മരത്തിയെക്കുറിച്ചുള്ള ഈ ഹ്രസ്വചിത്രം സൗത്ത ഏഷ്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലെ പനോരമ വിഭാഗത്തിലേക്കും, ചിത്രഭാരതി നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പ്രശാന്ത് ബാബു കൈതപ്രം

 

comment
  • Tags:

LATEST NEWS


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു


അവസാനമായി ഒരു സെല്‍ഫിയുംപ്രാര്‍ത്ഥിക്കണമെന്ന സന്ദേശവും; ഷറഫുദ്ദീന്‍ അറിഞ്ഞില്ല അത് തന്റെ അവസാന യാത്രയാണെന്ന്


റെഡ് അലര്‍ട്ട് നല്‍കാതെ പമ്പ ഡാം തുറന്നു; ആറു ഷട്ടറുകള്‍ രണ്ടടി ഉയര്‍ത്തി; അഞ്ചു മണിക്കൂറിനുള്ളില്‍ വെള്ളം റാന്നിയില്‍; നാളെ രാവിലെ തിരുവല്ലയില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.