login
ചൈനയെ ബലിയാടാക്കാന്‍ അനുവദിക്കില്ല; കൊറോണ പുറത്തുവിട്ട കമ്മ്യൂണിസ്റ്റ് രാജ്യത്തെ സംരക്ഷിച്ച് സിപിഎം; ഇന്ത്യയെയും അമേരിക്കയെയും തള്ളി പ്രകാശ് കാരാട്ട്

ഇന്ത്യയിലും ചൈനാ വിരുദ്ധ പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്ന് കാരാട്ട് പറയുന്നു. പാശ്ചാത്യ മാധ്യമങ്ങളിലെ ചില നിലപാടുകള്‍ ഏറ്റുപിടിച്ച് ചൈനയെ വിമര്‍ശിച്ചുകൊണ്ട് എഡിറ്റോറിയലും പ്രതികരണങ്ങളും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

ന്യൂദല്‍ഹി: കൊറോണ വൈറസ് പുറത്തുവിട്ട ചൈനയെ പിന്തുണച്ചും ഇന്ത്യയെയും അമേരിക്കയെയും തള്ളി സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണസംവിധാനവും ചൈനയ്ക്കെതിരെ  കുപ്രചാരണം നടത്തുന്നത് അനുവദിക്കാനാവില്ലെന്നാണ് കാരാട്ട് പറയുന്നത്.  

കോവിഡ് അമേരിക്കയില്‍ സൃഷ്ടിച്ച നാശനഷ്ടത്തിന് ചൈനയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഹര്‍ജി നല്‍കുന്നത് പരിഗണിക്കുന്നുണ്ടെന്ന് മാര്‍ച്ച് 29നു ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ മിസോറി, ഫ്ളോറിഡ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ കോടതികളില്‍ ചൈനയ്ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ജൈവായുധം നിര്‍മിക്കാന്‍ ചൈന ബോധപൂര്‍വം കൊറോണ വൈറസിനെ വികസിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് അമേരിക്കയിലെ ഒരു അഭിഭാഷകന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഇത് പാശ്ചാത്യ കോര്‍പറേറ്റ് മാധ്യമങ്ങളും വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ നിരീക്ഷകരും ചൈനയെ ബലിയാടാക്കാനുള്ള പ്രചാരണങ്ങളില്‍ ഒന്നിച്ചിരിക്കയാണെന്നാണ് സിപിഎം പറയുന്നത്.  

മഹാമാരിക്കെതിരായ യുദ്ധത്തില്‍ ലോകം ഒറ്റക്കെട്ടായും ഐക്യദാര്‍ഢ്യത്തോടെയും നീങ്ങേണ്ട സമയത്ത് ട്രംപ് ഭരണകൂടം ചൈനക്കെതിരെ തിരിയുകയാണെന്നാണ് കാരാട്ട് സ്ഥാപിച്ച് എടുക്കുന്നത്. കോവിഡാനന്തര കാലത്ത് ചൈന കൂടുതല്‍ കരുത്തോടെ ശക്തിപ്പെടുമെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ പ്രമുഖ കേന്ദ്രങ്ങള്‍ ഭയപ്പെടുന്നു എന്നതാണ് അടിസ്ഥാന വസ്തുതയെന്ന് സിപിഎം പറയുന്നു.  

യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളെടുത്ത് മഹാമാരിയായ കോവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്ത് പൂര്‍ണമായും നിയന്ത്രിക്കാനായി എന്നത് ചൈനയുടെ വലിയ നേട്ടമാണ്. ഇത് തിരിച്ചറിഞ്ഞാണ് കോവിഡിനു ശേഷം ചൈനയെ അമേരിക്ക കൂടുതല്‍ ഭയപ്പെടുന്നത്. ഒരുവിധ രൂപവുമില്ലാതെ മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതോടെ അമേരിക്കയ്ക്ക് സാര്‍വദേശീയ തലത്തില്‍ ഇതുവരെ ഉണ്ടായിരുന്ന പ്രാമുഖ്യം ഇടിഞ്ഞു എന്നതാണ് മറ്റൊരു കാര്യം.

ചൈനയ്ക്കെതിരെയുള്ള ആരോപണം തന്നെ അമേരിക്കന്‍ ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥയുടെ തെളിവാണ്. കൊറോണ വൈറസിനെ ലബോറട്ടറിയില്‍ നിര്‍മിച്ചതാണെന്ന ആരോപണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞര്‍ തള്ളിക്കളഞ്ഞതാണ്. വൈറസ് വ്യാപനത്തിന്റെ സ്വഭാവം മറച്ചുവയ്ക്കുന്നതിനോ ഇതുസംബന്ധിച്ച വിവരങ്ങള്‍ മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നത് തടയുന്നതിനോ ഉള്ള ഒരു ശ്രമവും ചൈനയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലന്നും കാരാട്ട് പറയുന്നു.  

ഇന്ത്യയിലും ചൈനാ വിരുദ്ധ പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്ന് കാരാട്ട് പറയുന്നു.  പാശ്ചാത്യ മാധ്യമങ്ങളിലെ ചില നിലപാടുകള്‍ ഏറ്റുപിടിച്ച് ചൈനയെ വിമര്‍ശിച്ചുകൊണ്ട് എഡിറ്റോറിയലും പ്രതികരണങ്ങളും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ചൈനയെ അപകീര്‍ത്തിപ്പെടുത്തുന്ന ബ്രസീല്‍ പ്രസിഡന്റ് ബോള്‍സാനാരോയോടൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തായ മോഡി ചേര്‍ന്നിട്ടില്ലെങ്കിലും വലതുപക്ഷ ഹിന്ദുത്വശക്തികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചൈനീസ് വിരുദ്ധ കഥകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ സജീവമാണെന്നും കാരാട്ട് ന്യായീകരിക്കുന്നു.  

ചൈനയുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ അവസാനിപ്പിക്കാനാണ് അമേരിക്ക ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. ചൈനയില്‍നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ ജപ്പാന്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പല മന്ത്രിമാരും ചൈനയില്‍ നിക്ഷേപിച്ചിരിക്കുന്ന പല കമ്പനിയും ഇനി ഇന്ത്യയിലേക്ക് വരുമെന്ന് പറയുന്നത് ശരിയല്ലെന്നും കരാട്ട് പറയുന്നു.  

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.